Tuesday, November 15, 2011
കൃഷ്ണനും രാധയും കണ്ടു...
പ്രവൃത്തിദിനമായതിനാൽ ആവും തീയേറ്ററിൽ വലിയ തിരക്കൊന്നും ഇല്ല. കഴിഞ്ഞയാഴ്ച മുഴുവൻ വൈറൽ ഫീവർ പിടിച്ച് ആശുപത്രിയിൽ കിടന്നതിന്റെ ബാക്കിപത്രമായി ഇന്ന് രാവിലെ റിവ്യൂ ചെക്കപ്പിന് പോകേണ്ടിവന്നിരുന്നു. ചെക്കപ്പ് ഉച്ചയോടെ കഴിഞ്ഞു. അതിനു ശേഷം ഫ്രീ. അപ്പോൾ കൃഷ്ണനേയും രാധയേയും പോയി കാണാമെന്നു തോന്നി.
തീയേറ്ററിൽ എത്തി ടിക്കറ്റ് കൌണ്ടറിനടുത്ത് എന്നെ ഇറക്കിയിട്ട് ഹസ്ബന്റ് വാഹനം പാർക്ക് ചെയ്യാൻ പോയി. പാർക്കിങ്ങ് ടിക്കറ്റ് തരുന്ന അപ്പൂപ്പൻ എന്റെ അടുത്ത് വന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു, ‘ഏതു സിനിമയ്ക്കാ?’
ഡബിൾ തീയേറ്ററാണ്. ഒന്നിൽ കൃഷ്ണനും രാധയും, മറ്റേതിൽ കേട്ടിട്ടില്ലാത്ത ഒരു തമിഴ് സിനിമ.
‘കൃഷ്ണനും രാധയും’
ഞാൻ പറഞ്ഞു. ആ അപ്പൂപ്പന്റെ ചുണ്ടിലെ ചിരി മായുന്നില്ല.
പിന്നെ ടിക്കറ്റ് എടുത്ത് അകത്തു കയറാൻ പോയപ്പോൾ വാതിലിൽ നിൽക്കുന്ന ടിക്കറ്റ് കളക്ടറും ചോദിക്കുന്നു അതേ ചോദ്യം,
‘ഏതു സിനിമയ്ക്കാ?’
‘കൃഷ്ണനും രാധയും’ - ഇതൊരു അനാവശ്യചോദ്യമല്ലേന്ന് മനസ്സിലോർത്തുകൊണ്ടാണ് ഉത്തരം പറഞ്ഞത്.
ടിക്കറ്റ് കളക്ടർ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറ്റി വിട്ടു.
തീയേറ്ററിനകത്ത് അവിടേയുമിവിടേയുമായി കഷ്ടിച്ച് ഒരു പത്തുപേർ കാണും. ഞാൻ മാത്രമായിരുന്നു ഏക സ്ത്രീ ജനം. ഒരഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ മറ്റൊരു കപ്പിൾ കയറി വന്നു. സിനിമ തുടങ്ങിയ ശേഷം ചുരിദാറിട്ട ഒരു പെൺകുട്ടി കൂടി കയറി വരുന്നത് കണ്ടു.
സിനിമ തുടങ്ങിയപ്പോൾ താഴെ നിന്ന് ആർപ്പുവിളി കേട്ടു. പത്തിരുപത് പയ്യന്മാർ കയറിയിട്ടുണ്ടായിരുന്നു. അവരാണ് കൂവിയാർക്കുന്നത്.
ഇനി സിനിമയെ കുറിച്ച് വെറുമൊരു സാധാരണ പ്രേക്ഷകയായ എനിക്ക് തോന്നിയത്:
ലോജിക്കില്ലായ്മ അവിടവിടെ മുഴച്ചു നിൽക്കുന്നുണ്ടെങ്കിലും കഥാതന്തു വലിയ മോശമില്ല എന്നു തന്നെ പറയാം, ഇപ്പോഴത്തെ പല സിനിമകളുടേതുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ. പല സംഭാഷണശകലങ്ങളും നന്നായിട്ടുണ്ട് - എന്നുപറഞ്ഞാൽ എനിക്ക് ഇഷ്ടമായി. ഈ സിനിമയിലെ ഏറ്റവും ഭീമമായ ദോഷം ഇതിലെ മിക്ക അഭിനേതാക്കൾക്കും തന്മയത്വമായി അഭിനയിച്ചു ഫലിപ്പിക്കാൻ അറിയില്ല എന്നതാണ്. ചിലർക്ക് ഡയലോഗ് ഡെലിവറിയും തീരെ വഴങ്ങുന്നില്ല. രാത്രിയിൽ മരുന്ന് വാങ്ങാൻ പോകുന്ന ഭാര്യ കൊല്ലപ്പെടുന്നു എന്നറിയുന്ന ഭാഗം തൊട്ടാണ് തീരെ അരോചകമായി തോന്നിയത്. ആ ഷോക്കിങ് ന്യൂസ് കേട്ടിട്ട് ആരും ഞെട്ടിത്തെറിക്കുന്നില്ല, ആരുടെ മുഖത്തും ഒരു ഭാവഭേദവുമില്ല, ആ ന്യൂസ് വന്നു പറയുന്ന പൊലീസുകാരനും തഥൈവ. പിന്നെയുള്ള ഭാഗങ്ങളൊക്കെ കുറച്ചധികം ബോറായിപ്പോയി. ശ്മശാനവും സിമിത്തേരിയുമൊന്നും കിട്ടാതെ മൃതദേഹം പൊതുസ്ഥലത്ത് ദഹിപ്പിക്കാൻ പോകുന്നു എന്നു പറഞ്ഞ് കാണിക്കുന്ന സ്ഥലത്ത് തൊട്ടു പുറകിലായി കെട്ടിടങ്ങളും ആള് നടന്നുപോകുന്നതുമൊക്കെ കാണാനുണ്ട്. (പഴശ്ശിരാജയിലെ ഒരു സീനിൽ ദൂരെ പാന്റും ഷർട്ടുമിട്ടുകൊണ്ട് നിൽക്കുന്ന ഒരാളെ കാണാൻ പറ്റുന്ന കാര്യം മറക്കുന്നില്ല. പഴശ്ശിരാജ പോലെയുള്ള ചിത്രത്തിൽ ആ പിഴവ് വരാമെങ്കിൽ സന്തോഷ് പണ്ഡിറ്റിന്റെ കന്നിച്ചിത്രത്തിൽ വന്ന ഈ പിഴവ് ഒരു പിഴവേ അല്ല തന്നെ.)
നായികയുടെ മരണം വരെയുള്ള ഭാഗം ഒരുവിധം കണ്ടിരിക്കാം, പലരുടേയും അഭിനയം അരോചകമാണെങ്കിലും.
ഗാനങ്ങൾ പലേടത്തും തിരുകി കയറ്റാൻ വേണ്ടി സന്ദർഭങ്ങളുണ്ടാക്കിയതുപോലെ. ഉദാ: അംഗനവാടിയിലെ ടീച്ചറേ, സ്നേഹം സംഗീതം... ഇവ.
ഗോകുലനാഥനായ്... എന്ന ഗാനത്തിൽ വാടകവീട്ടിലെ രുഗ്മിണിയും ഭാര്യയായ രാധയ്ക്കൊപ്പം കൃഷ്ണനെ സ്നേഹിക്കുന്നതായി ഒരു ഇംപ്രഷൻ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിരിക്കുന്നു. എന്നാൽ കഥയുടെ ബാക്കി ഭാഗത്ത് രുഗ്മിണി കൃഷ്ണനെ സഹോദരനായിട്ടാണ് കാണുന്നതെന്ന് പറയുന്നുമുണ്ട്. കൃഷ്ണനും തിരിച്ച് അങ്ങനെതന്നെയാണ് താനും. പിന്നെന്തിനാ ഗാനരംഗത്തിൽ അങ്ങനെ?
പാട്ടുകൾ മിക്കവയുടേയും സംഗീതം കൊള്ളാം എന്നു തന്നെ പറയാം. ലിറിക്സും വലിയ മോശമില്ല പലതിലും. ചിത്രയും വിധു പ്രതാപും പാടിയ പാട്ടുകൾ വളരെ ഇഷ്ടമായി. പണ്ഡിറ്റിന് പാടാനറിയാം എങ്കിലും അദ്ദേഹത്തിന്റെ ശബ്ദം പാട്ടിന് പറ്റിയതല്ല എന്നു തോന്നുന്നു.
സ്റ്റണ്ട് സീനുകൾ തണുത്തുപോയി. ഡിഷും ഡിഷ്യും ശബ്ദമില്ലാഞ്ഞിട്ടാണോ? വടികൊണ്ട് ദേഹത്ത് മെല്ലെ തൊടുന്നതായി തന്നെ അനുഭവപ്പെടുന്നു.
ചീറ്റിപ്പോയ രംഗങ്ങൾ - നായികയുടെ അച്ഛന്റെ ആത്മഹത്യ, ആദ്യകാമുകിയുടെ പകരംവീട്ടുമെന്ന പ്രതിജ്ഞ (വില്ലത്തി ആ പെൺകുട്ടിയാവുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ വില്ലനുമുണ്ടായിരുന്നതുകൊണ്ട് ചാൻസ് അയാൾക്കായി), ഭർത്താവ് മരിച്ച പെൺകുട്ടി തുണയ്ക്കായി നായകനെ വിളിക്കുന്നത്, അതിന്റെ കൂടെയുള്ള പാട്ടുസീൻ - അങ്ങനെ കുറേ കുറേ.
ഒരുപാട് പോരായ്മകളുണ്ടെങ്കിലും സന്തോഷ് പണ്ഡിറ്റിനെയും കൃഷ്ണനും രാധയും എന്ന സിനിമയേയും അങ്ങനെയങ്ങ് തള്ളിക്കളയാനോ നിന്ദിക്കാനോ തോന്നുന്നില്ല. സന്തോഷ് പണ്ഡിറ്റ് സിനിമാലോകത്ത് പിച്ചവച്ച് നടക്കാൻ തുടങ്ങിയിട്ടല്ലേയുള്ളൂ. എത്രവട്ടം വീണിട്ടാവും ഒന്നു നടക്കാൻ പഠിക്കുക. ഈ സിനിമയിൽ അദ്ദേഹം എല്ലാ മേഖലകളിലും കൈ വച്ചു. ഇനി തനിക്ക് നല്ലവണ്ണം വഴങ്ങുന്ന മേഖലകൾ തിരിച്ചറിഞ്ഞ് അവയിൽ മാത്രം ബുദ്ധിപൂർവ്വം പ്രവർത്തിച്ച് മറ്റുമേഖലകൾ കുറച്ചുകൂടി ടാലന്റ് ഉള്ളവരെ ഏൽപ്പിച്ച് സിനിമ പിടിച്ചാൽ സന്തോഷ് പണ്ഡിറ്റിനെ മലയാളസിനിമാലോകം ആദരിക്കുന്ന ഒരു നാൾ വന്നേയ്ക്കും.
സന്തോഷ് പണ്ഡിറ്റിന് ആശംസകൾ നേരുന്നു.
Thursday, November 3, 2011
ആഴങ്ങൾ
എന്താണത്?
നീ... നീ മനുവിന്റെ മരണം ആഗ്രഹിച്ചിരുന്നോ?
നന്ദാ...
നീ മനസ്സിന്റെ ഉള്ളിൽ നിന്ന് ഉത്തരം പറയൂ...
.............
ശങ്കർ?
നന്ദാ, ഞാനും ഒന്നു ചോദിച്ചോട്ടേ? നീയും അത് ആഗ്രഹിച്ചിരുന്നില്ലേ?
ഇല്ല ശങ്കർ, ഒരിക്കലുമില്ല...
..........
പക്ഷേ, എനിക്കറിയാമായിരുന്നു ശങ്കർ, ഞാനത് ആഗ്രഹിക്കുന്നു എന്ന് നീ അന്ന് വിചാരിച്ചിരുന്നു...
..........
നിന്നെ ഞാൻ കുറ്റപ്പെടുത്തുന്നില്ല ശങ്കർ, കാരണം നിന്റെ വിചാരം, അല്ലെങ്കിൽ വിശ്വാസം നിന്നെ ഞാൻ പ്രേമിക്കുന്നു എന്നായിരുന്നല്ലോ...
നന്ദാ...
...........
എന്റെ വിശ്വാസം തെറ്റായിരുന്നു എന്നാണോ നീ പറഞ്ഞു വരുന്നത് നന്ദാ?
...........
നന്ദാ?
അതേ ശങ്കർ.
നന്ദാ....
...........
നന്ദാ?
ഞാൻ ആദ്യമായി പ്രേമിച്ച പുരുഷൻ മനുവായിരുന്നു. അവസാനമായും.....
നന്ദാ നീയെന്താണീ പറയുന്നത്?
സത്യം മാത്രം ശങ്കർ.
നീയിതൊന്നും ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലല്ലോ?
ഞാനെന്തു പറയണമായിരുന്നു എന്നാണ് നീ ഉദ്ദേശിക്കുന്നത്? സിനിമയിലെ ഡയലോഗ് പോലെ, രോഗശയ്യയിൽ കിടക്കുന്ന മനുവിനെ ചൂണ്ടി, ഇദ്ദേഹമല്ലാതെ മറ്റൊരു പുരുഷനും എന്റെ മനസ്സിലിടമില്ല എന്നൊക്കെ വച്ചു കാച്ചണമായിരുന്നു എന്നോ?
നന്ദാ !!?
മരണം പ്രതീക്ഷിച്ചു കിടക്കുന്ന ഭർത്താവിനെ ശുശ്രൂഷിക്കുന്ന ചെറുപ്പക്കാരിയായ ഭാര്യയോട് ആർക്കും തോന്നാവുന്ന ഒരു സഹാനുഭൂതി... അതാണ് ആദ്യം നിനക്കുണ്ടായിരുന്ന വികാരം. ആ സഹാനുഭൂതി വളർന്ന് മറ്റെന്തൊക്കെയോ ആയി മാറി. ആ മാറ്റം എന്നിലും ഉണ്ടായി എന്ന് നീ സ്വയം വിശ്വസിച്ചു. അത് നിന്റെ ആൺമനസ്സിന്റെ വൈചിത്ര്യം. നിങ്ങൾ പുരുഷന്മാർക്ക് ഒരിക്കലും ഒരു പെൺമനം മനസ്സിലാക്കാനാവില്ല...
നന്ദാ...
മനുവിന്റെ അവസാന നാളുകളിൽ നിന്റെ പെരുമാറ്റരീതികൾ, നിന്റെ ചെറിയ മുന്നേറ്റങ്ങൾ, നിന്റെ കണ്ണുകളിലെ തൃഷ്ണ ഇവയെല്ലാം ഞാൻ ആസ്വദിക്കുന്നു എന്നു നീ കരുതി. രോഗാതുരനായ കൂട്ടുകാരനെ ശുശ്രൂഷിക്കാൻ സദാ സന്നദ്ധനായ സന്മനസ്സിന്റെ ഉടമ...
നന്ദാ ... പ്ലീസ്.... എന്റെ മനസ്സിലെ ആഗ്രഹം നീയന്നു മനസ്സിലാക്കിയെങ്കിൽ, അതിനു നിനക്ക് താല്പര്യമില്ലാതിരുന്നെങ്കിൽ, എന്തേ നീ അന്നെന്നെ തടഞ്ഞില്ല?
മനുവിനെ നിനക്കറിയില്ല ശങ്കർ. നേർത്തൊരു ചലനത്തിൽ നിന്നു പോലും അവൻ എല്ലാം പിടിച്ചെടുക്കും. ഞാനന്ന് നിന്നോട് ഈർഷ്യ കാട്ടിയിരുന്നെങ്കിൽ മനുവിനത് വല്ലാത്ത സങ്കടമായേനെ. അവൻ പോയാലും എനിക്ക് നീയുണ്ടല്ലോ എന്നവൻ സമാധാനിച്ചിരുന്നു...
നന്ദാ !!...
അതേ ശങ്കർ. നിന്റെ മനസ്സ് അവൻ വായിച്ചിരുന്നു. എന്നിട്ടും...
നന്ദാ?
എന്നിട്ടും... എന്റെ മനസ്സവൻ കാണാതെ പോയി...... എന്നെ അവൻ ....
നന്ദാ പ്ലീസ്... പ്ലീസ്..... അരുതേ...
................
നന്ദാ.....
സാരമില്ല ശങ്കർ. എനിക്ക് സങ്കടമൊന്നുമില്ല...
നന്ദാ നീ സമാധാനിക്കൂ...
അതേ, സമാധാനിക്കുക തന്നെയാണ്. പെൺമനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പുരുഷന്മാർക്ക് ഒരിക്കലും ആവില്ല...
.............
സോറി ശങ്കർ...
നന്ദാ... പ്ലീസ്...
............
നന്ദാ, ഇനി ഞാൻ ഒന്നു പറയട്ടേ?
പറയൂ ...
നന്ദാ, ഞാൻ ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാക്കുന്നു... അങ്ങനെയൊരു സിറ്റുവേഷനിൽ ഒരിക്കലും ഞാനങ്ങനെ പെരുമാറരുതായിരുന്നു...
.............
ഞാൻ ക്ഷമ ചോദിക്കുന്നു നന്ദാ...
ഓ, അതു പോട്ടേ ശങ്കർ. ഇനി അതിനെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട...
ഐ ആം റിയലി സോറി...
ശങ്കർ, എല്ലാം കഴിഞ്ഞ കാര്യം. സമയരഥത്തെ റിവേഴ്സ് ഗിയറിലിടാൻ നമുക്കാവില്ലല്ലോ. അതുകൊണ്ട് അതേച്ചൊല്ലി ഇനി വിഷമിക്കേണ്ടതില്ല. ജസ്റ്റ് ലീവ് ദ മാറ്റർ...
നന്ദാ...
...............
നന്ദാ?
യെസ്?
അന്ന്, ആ സന്ദർഭത്തിൽ എനിക്ക് തോന്നിയത് തെറ്റായിരുന്നു. എന്നാൽ ഇന്ന്.....
..............
ഇന്ന് ആ തെറ്റിനെ ഒരു ശരിയാക്കി മാറ്റരുതോ നന്ദാ?
..............
പ്രത്യേകിച്ചും മനു അങ്ങനെ സമാധാനിച്ചിരുന്നു എന്നു കൂടി കണക്കിലെടുക്കുമ്പോൾ?
.............
നന്ദാ?
..............
ഒരു ഉത്തരം തരൂ നന്ദാ...
ഇല്ല ശങ്കർ, ആ തെറ്റ് എനിക്ക് ഒരിക്കലും ഒരു ശരിയായി മാറുകില്ല.....
നന്ദാ...
പറയ്, നിനക്കൊപ്പം കിടക്കുമ്പോൾ അവൻ കാണിച്ച കുസൃതികൾ, വികൃതികൾ ഒക്കെയാവും എന്റെ മനസ്സ് നിറയെ. അത് നിനക്ക് സഹിക്കാനാകുമോ? പറയ് ... ഇല്ല ശങ്കർ, മനു ഒരിക്കലും എന്റെ മനസ്സിൽ നിന്നിറങ്ങിപ്പോകില്ല... അവൻ കൂടെ ഉണ്ടായിരിക്കെ എനിക്ക് നിന്റെ ഭാര്യയാവാൻ കഴിയില്ല....
**************************************
Wednesday, August 31, 2011
അത്തപ്പൂക്കളം
ഇന്ന് ചിങ്ങമാസം പതിനഞ്ചാം തീയതി. അത്തം നാൾ. മുറ്റത്തൊരു പൂക്കളമെഴുതാനായി പൂവു തേടി പൂങ്കുരുന്നുകൾ തൊടികൾ തോറും കയറിയിറങ്ങുന്ന നാളുകളുടെ വരവായി.
തുമ്പപ്പൂവും തുളസിപ്പൂവും തെറ്റിപ്പൂവും കാക്കപ്പൂവും അരിപ്പൂവും പിന്നെ പേരറിയാത്തതും അറിയുന്നതും വലുതും ചെറുതുമായ സർവ്വ പൂക്കളും ചെറിയ വട്ടകകളിലും പാവാടത്തുമ്പിലും ഒക്കെയായി ശേഖരിച്ചു കൊണ്ടു വന്നിരുന്ന ആ കുട്ടിക്കാലദിനങ്ങൾ! എത്ര മനോഹരം! ഓണം എന്നും ആഹ്ലാദങ്ങളുടെ ഒരു ഓർമ്മപ്പൂക്കളം തന്നെയാവും ഏതൊരു മലയാളിയുടെയും മനസ്സിൽ വരച്ചിടുക.
അത്തം തുടങ്ങി പത്താം നാൾ തിരുവോണം. അണിഞ്ഞൊരുങ്ങുന്ന മലനാട്കന്യയെ കാണാനായി തിരുവോണത്തിൻ നാളിൽ എഴുന്നെള്ളുന്ന മാവേലി മന്നനെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളിലൊന്നായി തിരുമുറ്റത്തൊരു പൂക്കളമൊരുക്കണം.
അങ്ങനെ എന്റെ വീട്ടുമുറ്റത്തും ചെറിയൊരു പൂക്കളമൊരുങ്ങി. സിറ്റിയിലെ അഞ്ചു സെന്റിന്റെ ‘ഠ’ വട്ടത്തിലൊതുങ്ങുന്ന വീട്ടിന്റെ ഇത്തിരിമുറ്റത്തെ ഓരത്തു നിൽക്കുന്ന ചെടികളിൽ നിന്നു തന്നെ ഇന്നത്തേക്ക് പൂ ശേഖരിച്ചു. തൊടിയില്ലാത്തതു കൊണ്ട് തുമ്പപ്പൂവും കാക്കപ്പൂവും അരിപ്പൂവും ഒന്നുമില്ല. അഞ്ചാറു പിച്ചിപ്പൂക്കളും നാലുമണിപ്പൂക്കളും തെറ്റിപ്പൂക്കളും പിന്നിത്തിരി ഇലകളും കൊണ്ടൊരു ചെറിയ പൂക്കളം. ഉള്ളതു കൊണ്ട് ഓണം പോലെ എന്നല്ലേ.
പൂ നുള്ളുന്നതിനിടയിൽ മോളു് പറഞ്ഞു ‘ അമ്മേ നാളത്തേക്കിനി പൂവു കാണില്ല’
‘സാരമില്ല നാളത്തേക്ക് പൂ വാങ്ങാം’
ഓണക്കാലത്ത് തീ വിലയാണ് പൂവിന്. എന്നാലും കുറച്ചു വാങ്ങാം. വാടാമല്ലിയും ചേമന്തിയും അരളിപ്പൂവും. വിശുദ്ധിയുടെ ഇത്തിരിച്ചെപ്പുകൾ പോലുള്ള വെൺതുമ്പ മലരുകൾ ! അതുകൂടി ഇത്തിരി കിട്ടിയിരുന്നെങ്കിൽ! നഗരത്തിലെ ഓണപ്പൂക്കളങ്ങളിൽ തുമ്പക്കും തെറ്റിക്കും കാക്കപ്പൂവിനും അരിപ്പൂവിനും ഒന്നും സ്ഥാനമില്ല. വേണമെന്നാഗ്രഹിച്ചാലും കിട്ടാനുമില്ല.
പണ്ട് പൂവിളിപ്പാട്ടുകളുമായി തൊടിയിലെത്തി ചെടികൾക്ക് തെല്ലും നോവാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് മെല്ലെ പൂനുള്ളുമ്പോൾ തന്നെ അവയോട് പറഞ്ഞു വയ്ക്കും, നാളേക്ക് ഒരു വട്ടക കൂടുതൽ പൂവു തരണേയെന്ന്. പൂക്കളത്തിന്റെ വിസ്താരം ഓരോ ദിവസവും കൂട്ടണമല്ലോ. അപ്പറഞ്ഞതു കേട്ടതു പോലെ പിറ്റേന്നു തൊടിയിൽ ചെല്ലുമ്പോൾ കൂടുതൽ പൂക്കൾ ചിരിച്ചു നിൽക്കുന്നതു പോലെ. ഗ്രാമങ്ങളിൽ ചെന്നാൽ ഇപ്പോഴും ആ കാഴ്ചകളൊക്കെ കാണാനുണ്ടാവുമായിരിക്കും.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ നേരുന്നു. എല്ലാവർക്കും മുറ്റത്തല്ലെങ്കിൽ മനസ്സിലെങ്കിലും ആഹ്ലാദപ്പൂക്കളങ്ങൾ മെനയുവാനാകട്ടേ.
****************************************************************************
കെ.സി. ഗീത.
Friday, March 11, 2011
മുല്ലപ്പൂവിനു പിന്നിൽ പതിയിരുന്ന അപകടം
മാർച്ച് മാസം. വിദ്യാലയങ്ങളിലും വീടുകളിലും വാർഷികപരീക്ഷയുടെ ചൂട്.
ഇവിടത്തെ ഒന്നാംക്ലാസ്സുകാരനും പരീക്ഷ തുടങ്ങി. ഒരു ‘പേപ്പർ’ കഴിഞ്ഞു. അത് ഇംഗ്ലീഷ്.
അടുത്ത പേപ്പർ ഇത്തിരി കട്ടിയാണ്. മാതൃഭാഷയായ മലയാളം.
വായിക്കാനറിയാവുന്ന ചില അക്ഷരങ്ങൾ അവന് ‘വരയ്ക്കാൻ’ അറിയില്ല; വരയ്ക്കാനറിയാവുന്ന മറ്റുചിലത് വായിക്കാനറിയില്ല. വായിക്കാനും വരയ്ക്കാനും അറിയാവുന്ന അക്ഷരങ്ങളുടെ എണ്ണം നന്നേ കുറവ്.
അവന്റെ അമ്മ അടുക്കളപ്പണിക്കിടയിൽ അവനെ നാളത്തെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നു. കുറേ ചോദ്യങ്ങൾ എഴുതിയ പേപ്പർ കൊടുത്തിട്ട് അതിന്റെയെല്ലാം ഉത്തരങ്ങൾ എഴുതി വയ്ക്കാൻ അവനോട് ആവശ്യപ്പെട്ടിട്ട് അടുക്കളയിലേക്ക് പോകുന്നു. അവൻ പെൻസിലും പേപ്പറുമൊക്കെയായി എഴുതാനിരിക്കുന്നു. കൂട്ടത്തിൽ കിന്റർജോയ് വാങ്ങിയപ്പോൾ കിട്ടിയ ഒരു ചെറുകളിപ്പാട്ടത്തിന്റെ ഭാഗങ്ങളും കയ്യിൽ കരുതിയിട്ടുണ്ട്. രണ്ടുമൂന്നെണ്ണത്തിന് ഉത്തരം എഴുതിയിട്ട് അവൻ കളിപ്പാട്ടത്തിന്റെ ഭാഗങ്ങൾ യോജിപ്പിക്കാൻ നോക്കുന്നു. അത് ഒരു ചെറു പ്ലെയിനായി രൂപാന്തരം പ്രാപിക്കുന്നു.
“ മോനേ നീയത് എഴുതുന്നുണ്ടോ?” അടുക്കളയിൽ നിന്ന് അവന്റെ അമ്മയുടെചോദ്യം.
അമ്മമനസ്സ് നേരറിയുമെന്നാണല്ലോ.
“ എയ്താണ് അമ്മേ”
അവൻ പെട്ടെന്ന് ആ കളിപ്പാട്ടം മേശപ്പുറത്തു വച്ചിട്ട് വീണ്ടും ഉത്തരങ്ങൾ എഴുതാൻ തുടങ്ങുന്നു. കുറേ എഴുതിക്കഴിഞ്ഞപ്പോൾ അതാ അവന്റെ കൈ തട്ടി ആ പ്ലെയിൻ താഴെ വീഴുന്നു. അത് പലഭാഗങ്ങളായി വിട്ടു മാറുകയും ചെയ്തു. അവൻ എഴുത്തു നിറുത്തി ആ ഭാഗങ്ങൾ പെറുക്കി എടുത്ത് മേശപ്പുറത്തു വയ്ക്കുന്നു. വീണ്ടും ഉത്തരങ്ങൾ എഴുതുന്നു.
അവന്റെ അമ്മ അടുക്കളയിൽ നിന്ന് ഒന്നെത്തിനോക്കുന്നു. മോൻ എഴുതുകതന്നെയാണ്. അമ്മ അടുക്കളയിലേക്ക് പിൻവാങ്ങി.
മോൻ ഒരിക്കൽ കൂടി എഴുത്തു നിറുത്തുന്നു. ആ പ്ലെയിനിന്റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാൻ നോക്കുന്നു.
കൃത്യം ഈ സമയത്ത് തന്നെ അമ്മ അടുക്കളയിൽ നിന്ന് ഒരിക്കൽ കൂടി എത്തിനോക്കുന്നു.
“ മോനേ.....” അമ്മ കണ്ണുരുട്ടുന്നു.
“ ദാ ഇപ്പം എയുതാമമ്മേ ”
അവൻ കളിപ്പാട്ടം താഴ്ത്തിവച്ച് വീണ്ടും എഴുതുന്നു.
അവന്റെ എഴുത്തുനിറുത്തലും കളിപ്പാട്ടം യോജിപ്പിക്കലും അമ്മയുടെ എത്തിനോട്ടവും ഭീഷണിയുമൊക്കെ ഒന്നുരണ്ടു വട്ടം കൂടി തുടരുന്നു.
അവസാനം എല്ലാം തീർത്തുകഴിഞ്ഞ് അവൻ അമ്മയെ വിളിക്കുന്നു
“ അമ്മേ എയുതിത്തീന്നൂ....”
“ ആ വച്ചേക്ക്. അമ്മ ഇപ്പോ വരാം”
അവൻ ടി.വി.യുടെ റിമോട്ട് കൈക്കലാക്കി ചാനൽ മാറ്റുന്നു. സ്ക്രീനിൽ ഛോട്ടാ ഭീം.
*** *** ***
അമ്മ അടുക്കളപ്പണിയൊക്കെ തീർത്ത് വരുന്നു. അവൻ എഴുതിയ ഉത്തരങ്ങൾ പരിശോധിക്കുന്നു.
മിക്കതും ശരിതന്നെന്നു തോന്നുന്നു. മോൻ മിടുക്കൻ തന്നെ.
അപ്പോഴതാ വരുന്നു ആക്രോശം
“ എടാ ഇവിടെ വാ, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ചുറ്റികയോ? ”
ഛോട്ടാ ഭീമനിൽ നിന്ന് കണ്ണു പറിക്കാതെ തന്നെ മോൻ ഉത്തരം പറയുന്നു “ ങും, സിന്ധു ടീച്ചർ പടിപ്പിച്ചതാണ് ”
“ നിന്റെ ബുക്കിങ്ങെടുത്തോണ്ടു വാടാ ”
മനസ്സില്ലാമനസ്സോടെ ഭീമനെ വിട്ട് അവൻ പോയി നോട്ടു ബുക്ക് എടുത്തുകൊണ്ടു വരുന്നു.
അതിൽ ആ ചോദ്യത്തിന് ചൂണ്ട എന്ന ഉത്തരം കാണിച്ചു കൊടുത്ത് അമ്മ മോന്റെ ചെവിക്കു പിടിക്കുന്നു.
അവൻ ഒരു കുഞ്ഞു ചിരിയോടെ തോൽവി സമ്മതിക്കുന്നു “ അത് ഞാൻ മറന്നു പോയതാ അമ്മേ”
അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം കണ്ടപ്പോഴല്ലേ അമ്മ ആകെ അന്തം വിട്ടുപോയത് !
ഈ വാക്ക് ഉത്തരമായി വരുന്ന ഏതു ചോദ്യമാണ് താൻ ചോദിച്ചത്?
ചോദ്യങ്ങൾ എഴുതിയ പേപ്പർ എടുത്തു നോക്കി.
അതിലെ അവസാനത്തെ ചോദ്യം ഇതായിരുന്നു : ഒരു പൂവിന്റെ പേര് എഴുതുക.
ഒന്നല്ല, അഞ്ചു പൂക്കളുടെ പേരുകൾ മോന് അറിയാം.
ഈ ചോദ്യത്തിന് ഉത്തരമായി അവൻ എഴുതാൻ ഉദ്ദേശിച്ചത് “ മുല്ല” എന്നായിരുന്നു.
അതിൽ ആദ്യത്തെ അക്ഷരം അവൻ ശരിയായി തന്നെ എഴുതിയിട്ടുണ്ട്.
പക്ഷേ.....
രണ്ടാമത്തെ അക്ഷരം ഇരട്ടിപ്പിച്ചിട്ടില്ല !!!!!!
പഠിപ്പിക്കാനിരിക്കുമ്പോൾ മഹാഗൌരവക്കാരിയായി മാറുന്ന അമ്മ എന്തേ ഇങ്ങനെ തലകുത്തിക്കിടന്നു ചിരിക്കാൻ എന്നു മനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും അവനും കുഞ്ഞരിപ്പല്ലുകൾ കാട്ടി അമ്മയെ കെട്ടിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി.
ആ ‘ചുറ്റികപ്രയോഗം’ കേട്ടപ്പോൾ തന്നെ ചിരിച്ച് ശ്വാസം മുട്ടാൻ തുടങ്ങിയ എന്റെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോ.
*******************************************************
വാൽക്കഷ്ണം :
നമ്മുടെ സംസ്ഥാനത്തിന്റെ പേരെന്ത്?
ഒരാളിന്റെ ഉത്തരം : കോരളം
മറ്റൊരാളിന്റെ ഉത്തരം : കരളം
വെള്ളത്തിൽ കൂടി സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ പേര്?
ഉത്തരം : തുണി
അതിരാവിലെ നമ്മെ കൂകിഉണർത്തുന്ന ഒരു പക്ഷി ?
ഉത്തരം : പവൻ കിഴി
ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചിട്ടുള്ള ആശാട്ടിമാരാണ് ഈ മോന്റെ അമ്മയും ചിറ്റമാരും.
ഇതൊക്കെ കാണുമ്പോൾ ഒന്നാം ക്ലാസ്സിലെ ടീച്ചർ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. മനസ്സു തുറന്നു ചിരിക്കാനുള്ള വക ധാരാളം കിട്ടുമായിരുന്നു.
'Einstein's theory of relativity is the theory of relatives' എന്നൊക്കെയുള്ള high grade തമാശകൾ കണ്ടിട്ടുണ്ട് ഉത്തരക്കടലാസ്സുകളിൽ. എന്നാലും അതൊക്കെ ഈ നിഷ്കളങ്കതൾക്ക് മുന്നിൽ എത്ര നിഷ്പ്രഭം !
K.C. Geetha.
Tuesday, February 8, 2011
ഒരു കോളേജ് ഇലക്ഷന്റെ ഓർമ്മ
എന്താണ് സത്യം? ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത്? എല്ലാം കേട്ട് പകച്ചു നിൽക്കാനേ ആകുന്നുള്ളൂ.
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കോളേജ് ഇലക്ഷൻ സംഭവം ഓർമ്മ വരുന്നു.
പ്രമുഖരാഷ്ട്രീയ പാർട്ടികളോട് അനുഭാവം പുലർത്തുന്ന അദ്ധ്യാപകവൃന്ദവും വിദ്യാർത്ഥിസമൂഹവും ഉണ്ട് കോളേജിൽ. അതത് സംഘടനകളിൽ അംഗങ്ങളുമാണ് മിക്കവരും. എന്നാലും എന്നെപ്പോലെ അരാഷ്ട്രീയരായ കുറേ വിവരദോഷികളുമുണ്ട് കൂട്ടത്തിൽ.
അരാഷ്ട്രീയത വിവരക്കേടിന്റേയും വിഡ്ഡിത്തത്തിന്റേയും ലക്ഷണമാണെന്ന് ബുദ്ധിജീവികൾ പറയുന്നത് കേൾക്കായ്കയല്ല. പക്ഷേ എന്തുകൊണ്ടോ, തൽക്കാലം പഠിപ്പിക്കുന്ന വിഷയത്തിൽ മാത്രം വിവരം ആർജ്ജിച്ചാൽ മതിയെന്നും കുറേക്കൂടി പ്രായവും പക്വതയും ചെന്നിട്ട് ആകാം രാഷ്ട്രീയപ്രബുദ്ധത നേടൽ എന്നുമൊക്കെയായിരുന്നു അന്നത്തെ എന്റെ ചെറുമനസ്സിന്റെ തീരുമാനം. ഇതേ വിചാരഗതിയുള്ള വേറേയും കുറേ അദ്ധ്യാപകർ ഉണ്ടെന്നുള്ളത് എന്റെ തീരുമാനത്തിന് ബലമേകി.
അപ്പോൾ പറഞ്ഞു വന്നത് കോളേജ് ഇലക്ഷനെ സംബന്ധിച്ച്. വെള്ളിയാഴ്ചകളിലാണ് ഇലക്ഷൻ നടക്കുക. കാരണം വ്യക്തം. പിറ്റേന്ന് അവധിദിനമാണല്ലോ.
അങ്ങനെ ഒരു ഇലക്ഷൻ ദിനം. എല്ലാ അദ്ധ്യാപകർക്കും പോളിങ്ങ് ഡ്യൂട്ടിയോ കൌണ്ടിങ്ങ് ഡ്യൂട്ടിയോ ഉണ്ടാവും. കുറേപ്പേരെ റിസർവ് ആയും പോസ്റ്റ് ചെയ്യും. ആ ഇലക്ഷൻ ദിനത്തിൽ എനിക്ക് പോളിങ്ങ് ഡ്യൂട്ടിയായിരുന്നു. എനിക്ക് ഡ്യൂട്ടിയുണ്ടായിരുന്ന ബൂത്തിലെ പ്രിസൈഡിങ്ങ് ഓഫീസർ എന്റെ ഡിപ്പാർട്ട്മെന്റിലെ തന്നെ ഒരു സീനിയർ ടീച്ചർ ആയിരുന്നു. പിന്നെ പോളിങ്ങ് ഓഫീസറായി മറ്റൊരു സീനിയർ ടീച്ചർ കൂടി എന്നെ കൂടാതെ എന്റെ ഡിപ്പാർട്ട്മെന്റിൽ നിന്ന് ഉണ്ടായിരുന്നു. ഈ രണ്ട് അദ്ധ്യാപികമാരും എന്റെ ഗുരുനാഥകൾ കൂടി ആണ്. ഞങ്ങൾ മൂവരെ കൂടാതെ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് അഞ്ച് അദ്ധ്യാപകർ കൂടി ഉണ്ടായിരുന്നു ആ ബൂത്തിൽ. അങ്ങനെ ഞങ്ങൾ 8 പേർ. രാവിലെ 9 മണിക്കു തന്നെ എല്ലാവരും ബൂത്തിൽ ഹാജരായി. ഞങ്ങളെ കൂടാതെ പോളിങ്ങ് ഏജന്റുമാരായ പെൺകുട്ടികളും ഹാജരായി.
പോളിങ്ങ് തുടങ്ങി. ഒന്നാം വർഷ പ്രീഡിഗ്രിക്കാരായിരുന്നു ഈ ബൂത്തിലെ സമ്മതിദായകർ. വെറും പതിനാറുകാരികൾ. ജീവിതത്തിൽ ആദ്യമായി സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താൻ കിട്ടുന്ന അവസരം. അവർ കോളേജിലേക്ക് വന്നിട്ട് കഷ്ടിച്ച് മൂന്നോ നാലോ മാസമാകുമ്പോഴായിരിക്കും ഇലക്ഷൻ ആഗതമാകുക. ജീവിതത്തിലെ ആദ്യവോട്ട് രേഖപ്പെടുത്തൽ ആയതുകൊണ്ട് ഈ കൊച്ചുകുട്ടികൾക്ക് പ്രത്യേകമായ ഒരു ആവേശമുണ്ടാകും കോളേജ് ഇലക്ഷനോട്.
കൊച്ചുപെൺകുട്ടികൾ അച്ചടക്കത്തോടെ ക്യൂ നിന്ന് ഹാളിനകത്തേക്ക് വരാൻ തുടങ്ങി. പ്രിസൈഡിങ്ങ് ഓഫീസർ ആയ ടീച്ചർ ബാലറ്റ് പേപ്പറിൽ ഒപ്പിട്ട ശേഷം കയറിവരുന്ന പെൺകുട്ടികളോട് സ്നേഹപൂർവ്വം ഉപദേശിച്ചു,
‘ഒരു പോസ്റ്റിന് ഒരു കാൻഡിഡേറ്റിന്റെ പേരിനു നേരേ മാത്രമേ മാർക്ക് ചെയ്യാവുള്ളൂ കേട്ടോ. ഇല്ലെങ്കിൽ നിങ്ങളുടെ വോട്ട് അസാധുവാകും’
‘ അസാധൂന്ന് പറഞ്ഞാൽ എന്താ ടീച്ചർ? ’ - ഒരു വിദ്യാർത്ഥിനിയുടെ സംശയം.
ടീച്ചർ ചിരിച്ചു. എന്നിട്ട് വിശദീകരിച്ചുകൊടുത്തു.
പത്തുപേർ പത്തുപേർ വീതമുള്ള ഓരോ ബാച്ച് കുട്ടികൾ കയറിവരുമ്പോഴും ടീച്ചർ സ്നേഹപൂർവ്വം തന്റെ ഉപദേശം തുടർന്നു.
ഇതെല്ലാം ഇരുപാർട്ടിക്കാരുടേയും പോളിങ്ങ് ഏജന്റ്സ് ആയി വന്നിരിക്കുന്ന വിദ്യാർത്ഥിനികൾ കേൾക്കുന്നുണ്ട്. ആരും മറുത്തൊന്നും പറയുന്നുമില്ല.
പ്രിസൈഡിങ്ങ് ഓഫീസർ ആയ ഈ ടീച്ചർ വളരെ ശുദ്ധഗതിക്കാരിയായ ഒരാളാണ്. സ്നേഹം ചാലിച്ച ശബ്ദത്തിലാണ് ടീച്ചർ കുട്ടികൾക്ക് ഉപദേശം കൊടുത്തിരുന്നത്.
പോളിങ്ങ് പുരോഗമിച്ചു കൊണ്ടിരുന്നു. ഒന്നരമണിക്കൂറോളം കഴിഞ്ഞു.
രണ്ടാം നിലയിലാണ് ഈ ബൂത്ത്. ഇടയ്ക്ക് താഴെ എന്തോ ബഹളം നടക്കുന്നതു പോലെ കേട്ടു. തകൃതിയായി പോളിങ്ങ് ജോലികളിൽ ഏർപ്പെട്ടിരുന്നതു കൊണ്ട് ഞങ്ങൾക്കത് ശ്രദ്ധിക്കാൻ പറ്റിയില്ല. ഒരഞ്ചുമിനിറ്റു കൂടി കഴിഞ്ഞു. അപ്പോഴുണ്ട് ഇലക്ഷനു നിൽക്കുന്ന ഒരു കാൻഡിഡേറ്റിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം പെൺകുട്ടികൾ ബൂത്തിലേക്ക് ഇരച്ചു കയറി. കാൻഡിഡേറ്റായ ഈ പെൺകുട്ടിയെ കണ്ടാൽ ഒരു അശു - നന്നേ മെലിഞ്ഞ് പൊക്കവും തീരെ കുറവായ ഒരു രൂപം. പക്ഷേ ആ പെൺകുട്ടി അങ്ങോട്ട് വായ തുറന്നപ്പോഴല്ലേ മനസ്സിലായത് - കുരുമുളക് ഇത്തിരിപ്പോന്നതാണെങ്കിലെന്ത്.......
‘ഈ ബൂത്തിലെ പോളിങ്ങ് നിറുത്തിവയ്ക്കണം, റീപോളിങ്ങ് വേണം’ - വന്നവർ കൂട്ടമായി ഒച്ച ഉയർത്തി പറഞ്ഞു.
എന്താണ് പ്രശ്നം?
ഞങ്ങൾ അമ്പരന്നു.
അപ്പോഴതാ ആ സ്ഥാനാർത്ഥിപ്പെൺകുട്ടി ആക്രോശിക്കുന്നു.
‘ഞങ്ങളുടെ പാർട്ടി തോൽക്കാൻ വേണ്ടി മനപ്പൂർവ്വം ഒരു കാൻഡിഡേറ്റിനേ വോട്ടു ചെയ്യാവൂന്ന് ഇവിടെയിരിക്കുന്ന ടീച്ചേർസ് കുട്ടികളെ തെറ്റിദ്ധരിപ്പിച്ചു. ’
ഞങ്ങളെല്ലാം അമ്പരന്നു.
‘പിന്നല്ലാതെ എങ്ങനെ വേണമെന്നാണ് ഈ കുട്ടി ഉദ്ദേശിക്കുന്നത്? ’ പ്രിസൈഡിങ്ങ് ഓഫീസർ ചോദിച്ചു.
ആ പെൺകുട്ടി ടീച്ചറുടെ നേരെ തിരിഞ്ഞു കൈചൂണ്ടി ആക്രോശിച്ചു
‘മന:പൂർവ്വമാണിത്. ഞങ്ങൾക്കറിയാം. യൂണിവേർസിറ്റി യൂണിയൻ കൌൺസിലർ സ്ഥാനത്തേക്ക് രണ്ട് സ്ഥാനാർത്ഥികളെയാണ് തിരഞ്ഞെടുത്ത് അയക്കേണ്ടതെന്ന് ടീച്ചർക്ക് അറിഞ്ഞു കൂടാത്തതാണോ? മന:പൂർവ്വമാണിത്, ഞങ്ങളുടെ പാർട്ടി തോൽക്കാൻ വേണ്ടി ചെയ്ത പണി’
ആ പെൺകുട്ടിയുടെ ദേഷ്യവും ആക്രോശവും കണ്ട് ഞങ്ങൾ സ്തംഭിച്ചിരുന്നു പോയി. എത്ര സീനിയർ ആയ ഒരു ടീച്ചറോടാണ് ആ കുട്ടിയുടെ ഇത്തരത്തിലുള്ള നിന്ദ്യവും നീചവുമായ പെരുമാറ്റം. രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഒരു ബ്രഹത് സ്ഥാപനത്തിലെ വിദ്യാർത്ഥി നേതാവാകാൻ പോകുന്നയാളാണ്. ഗുരുത്വം എന്നു പറയുന്നതിന്റെ ഒരംശം എങ്കിലും ആ കുട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ !
എന്താണ് തെറ്റു പറ്റിയതെന്ന് ആ കുട്ടിക്ക് അന്വേഷിക്കാമായിരുന്നു സമാധാനമായി. പ്രിസൈഡിങ്ങ് ഓഫീസറായിരുന്ന ആ ടീച്ചർ ഉൾപ്പെടേ അന്ന് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അദ്ധ്യാപകർക്ക് ആർക്കും തന്നെ ആ പോസ്റ്റിന് രണ്ട് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത് അയക്കണം എന്നത് അറിയാതെ പോയത് ഒരു പിഴവു തന്നെയായിരിക്കാം. എന്നാലും ടീച്ചറുടെ സ്നേഹപൂർവ്വമായ ഈ ഉപദേശം കേട്ടിരുന്ന ഏജന്റുമാരുണ്ടല്ലോ. എന്തേ അവർ ഒരക്ഷരം മിണ്ടിയില്ല?
പോരെങ്കിൽ ഇലക്ഷനു തലേന്ന് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ പരിപാടിയുണ്ടല്ലോ - മീറ്റ് ദ കാൻഡിഡേറ്റ് - ആ പരിപാടിയിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ മാത്രമല്ല, ഏതൊക്കെ പോസ്റ്റിന് ആർക്കൊക്കെ വോട്ട് ചെയ്യണം എന്ന് ഓരോ പാർട്ടിക്കാരും പറയും. കൂട്ടത്തിൽ എങ്ങനെ വോട്ട് രേഖപ്പെടുത്തണം, എങ്ങനെ ബാലറ്റ് പേപ്പർ മടക്കണം എന്നുമൊക്കെ വിശദീകരിച്ചു കൊടുക്കും.
അപ്പോൾ കാര്യങ്ങൾ വേണ്ടപോലെ വിദ്യാർത്ഥിനികൾക്ക് മനസ്സിലാക്കിച്ചു കൊടുത്തിരുന്നില്ല എന്നർത്ഥം. അതല്ലേ ഏജന്റുമാർക്ക് വരെ അതറിഞ്ഞുകൂടാതെ പോയത്.
‘ എന്നാൽ പിന്നെ നിങ്ങൾ ഏജന്റുമാർ അതു പറയാത്തതെന്തായിരുന്നു?’
ടീച്ചർ അവരിലൊരാളോട് ചോദിച്ചു. അതിന് ആ കുട്ടിക്ക് ഉത്തരമില്ല. മിണ്ടാതിരുന്നു ആ പെൺകുട്ടി.
അതു കണ്ടിട്ടും ആ സ്ഥാനാർത്ഥി പെൺകുട്ടിക്ക് കലിയടങ്ങിയില്ല. വോട്ടർമാരെ വേണ്ടവിധം ബോധവൽക്കരിക്കുന്നതിൽ വന്ന പിഴവാണതെന്ന് സമ്മതിക്കാനും തയ്യാറായില്ല.
ആ കുട്ടി വീണ്ടും കുറേ ആക്രോശിച്ച ശേഷം ബൂത്തിൽ നിന്ന് കൂട്ടുകാരുമായി ഇറങ്ങിപ്പോയി.
‘ഹോ ഇത്തിരിപ്പോന്ന ആ ഞല്ലിപ്പെണ്ണിന്റെ ഒരു വീര്യമേ ! ഈ എളം പ്രായത്തി ഇങ്ങനയെങ്കി ഇതൊക്കെ മൂത്താൽ എന്തായിരിക്കും സിതി എന്റെ ദൈവമേ’ - ഇതൊക്കെ കണ്ടുനിന്ന ബൂത്തിലെ പ്യൂണിന്റെ കമന്റ്.
ഞങ്ങൾ ഞെട്ടി പുറകിലേക്ക് തിരിഞ്ഞുനോക്കി. ഭാഗ്യം, ആ പെൺകുട്ടിയുടെ ഏജന്റുമാർ അവിടെയില്ല.
പ്രശ്നം അതുകൊണ്ടൊന്നും തീർന്നില്ല. പ്രിൻസിപ്പാൾ വന്നു. കാര്യമന്വേഷിച്ചു. ആരും മന:പൂർവ്വം ഒന്നും ചെയ്തിട്ടൊന്നുമില്ലെന്ന് മനസ്സിലാക്കി. ആ സ്ഥാനാർത്ഥിക്കുട്ടിയെ പറഞ്ഞുമനസ്സിലാക്കാൻ നോക്കി. ഒരാളിനു മാത്രം വോട്ട് രേഖപ്പെടുത്തിയതുകൊണ്ട് അയാളുടെ പാർട്ടിക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ, അതേ നഷ്ടം എതിർ പാർട്ടിക്കും സംഭവിച്ചിട്ടുണ്ടാകുമല്ലോ എന്നു പറഞ്ഞാശ്വസിപ്പിച്ചു. ഒന്നും ആ കുട്ടി കൂട്ടാക്കിയില്ല. മന:പൂർവ്വം ചെയ്ത കുറ്റമായിട്ടു തന്നെ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് പോളിങ്ങ് പുനരാരംഭിച്ചു. പിന്നെ വന്നവരോടും ടീച്ചർ സ്നേഹപൂർവ്വം പറഞ്ഞു
‘കൌൺസിലർ സീറ്റിനു മാത്രം രണ്ടു പേർക്ക് വോട്ട് രേഖപ്പെടുത്തണം. ബാക്കി സീറ്റിനെല്ലാം ഒന്ന് ’
കേട്ടിരുന്ന മറ്റൊരു ടീച്ചർ പറഞ്ഞു
‘എന്തിനാ ടീച്ചർ ഇതൊക്കെ പറഞ്ഞുകൊടുക്കാൻ പോകുന്നത്? അവർ എങ്ങനെയോ ചെയ്തിട്ടു പോട്ടേ. മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ ഈ സ്ഥാനാർത്ഥികൾ പറഞ്ഞു കൊടുക്കേണ്ടതാണ് ഇതൊക്കെ. ടീച്ചർ നല്ലതിനല്ലേ അവരെ ഉപദേശിച്ചത്. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നവർക്കു വേണ്ടി ടീച്ചർ ഇനിയും ബദ്ധപ്പെടുന്നതെന്തിന്?’
പ്രിസൈഡിങ്ങ് ഓഫീസർ ടീച്ചർക്കും അതു ശരിയെന്നു തോന്നി. പിന്നെ ടീച്ചർ ആരോടും ഒന്നും പറയാൻ പോയില്ല. ബാലറ്റ് പേപ്പറിൽ ഒപ്പിടുക എന്ന ജോലി മാത്രം ചെയ്ത് മൌനിയായിരുന്നു. ടീച്ചറുടെ മുഖത്ത് നന്നേ വിഷാദം തളം കെട്ടി നിന്നിരുന്നു.
ഒരു മണിയായപ്പോൾ പോളിങ്ങ് അവസാനിച്ചെങ്കിലും, പ്രശ്നം പുറത്തു പുകഞ്ഞുകൊണ്ടിരുന്നു. ഈ പെൺകുട്ടി അടുത്തുള്ള മിക്സെഡ് കോളേജിൽ നിന്ന് ആൺ സുഹൃത്തുക്കളെ വരുത്തി. പിന്നത്തെ പുകിലൊന്നും പറയണ്ട. ഉച്ചക്ക് നടക്കേണ്ടിയിരുന്ന കൌണ്ടിങ്ങ് തടസ്സപ്പെടുത്തി. റിട്ടേണിങ്ങ് ഓഫീസറായ അദ്ധ്യാപകനെ തടഞ്ഞുവയ്ക്കുകയോ ഘെരാവോ ചെയ്യുകയോ എന്തൊക്കെയോ ചെയ്തു. ഞങ്ങൾ പോളിങ്ങ് കഴിഞ്ഞ് ഉച്ചക്ക് വീട്ടിലെത്തിയെങ്കിലും അവിടത്തെ സംഭവങ്ങൾ ഓരോരുത്തർ ഫോണിൽ വിളിച്ചു പറഞ്ഞ് അറിഞ്ഞുകൊണ്ടിരുന്നു.
അവസാനം രാത്രി ഏറെ വൈകിയാണ് ഈ കുട്ടികളെ സമാധാനിപ്പിച്ച് റിസൽറ്റ് പബ്ലിഷ് ചെയ്യാൻ സാധിച്ചത്.
എന്താണ് ആ സ്ഥാനാർത്ഥിക്കുട്ടിയേയും കൂട്ടുകാരേയും ഇത്രയും പ്രകോപിപ്പിച്ചതെന്നല്ലേ?
വോട്ട് ചെയ്ത് താഴെ എത്തിയ കുട്ടികളോട് ആർക്കൊക്കെ വോട്ട് ചെയ്തു എന്നീ സ്ഥാനാർത്ഥിക്കുട്ടിയും കൂട്ടുകാരും ചോദിച്ചു. വോട്ട് ആർക്ക് ചെയ്തു എന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന കാര്യം പാവം പ്രീഡിഗ്രിക്കാരികൾക്കറിയില്ലായിരുന്നു. അവർ അതു പറഞ്ഞു. അപ്പോഴാണ് കൌൺസിലർ സ്ഥാനത്തേക്ക് ഒരാൾക്കേ വോട്ടു ചെയ്തുള്ളൂ എന്നറിഞ്ഞത്. അതെന്താ അങ്ങനെ എന്നായി സ്ഥാനാർത്ഥി. അത് അവിടത്തെ ടീച്ചർ പറഞ്ഞു ഒരാൾക്കേ വോട്ടു ചെയ്യാവുള്ളൂ എന്ന് ആ കുട്ടികളും. മതിയല്ലോ.
സ്ഥാനാർത്ഥി പടയുമായി ബൂത്തിൽ കുതിച്ചെത്തി. ബൂത്തിനകത്തു കയറി അവിടെയിരിക്കുന്ന ടീച്ചർമാരിൽ ഒരാളെ കണ്ടപ്പോഴല്ലേ സ്ഥാനാർത്ഥിക്ക് ഹാലിളകിയത് !! കാരണം എതിർ പാർട്ടിയുടെ അദ്ധ്യാപകസംഘടനയിൽ മെംബർ ആയ ഒരാളായിരുന്നു ആ ടീച്ചർ. ആ ടീച്ചർ എന്റെ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള പോളിങ്ങ് ഓഫീസർ ആയിരുന്നു. യഥാർത്ഥത്തിൽ ആ സീനിയർ ടീച്ചർ ഒന്നിലും ഇടപെടാതെ ഒരറ്റത്ത് ഒഴിഞ്ഞിരിക്കയായിരുന്നു. ഇത്തിരി ക്ഷീണക്കാരിയും ആരോഗ്യക്കുറവുമുള്ള ഒരാളായിരുന്നു ആ ടീച്ചർ. ഡ്യൂട്ടി ഇട്ടതു കൊണ്ട് ബൂത്തിൽ ഹാജരാവാതെ പറ്റില്ലല്ലോ. ഞങ്ങൾ ജൂനിയേർസ് - ഞാനും മറ്റു ഡിപ്പാർട്ട്മെന്റുകളിൽ ഉള്ള അഞ്ച് ടീച്ചേർസും - കൂടിയാണ് ജോലികളൊക്കെ ചെയ്തിരുന്നത്.
എതിർ ചേരിയിലെ ഈ ടീച്ചറുടെ കുത്തിത്തിരുപ്പ് മൂലമാണ് ഇങ്ങനെ ഉണ്ടായതെന്ന് അങ്ങ് കണ്ണുമടച്ചു വിശ്വസിക്കുകയും അങ്ങനെ സ്ഥാപിക്കുകയും ചെയ്താൽ പിന്നെ എന്തു ചെയ്യും?
കുട്ടികൾക്ക് സദുപദേശം കൊടുത്ത പ്രിസൈഡിങ് ഓഫീസർ ആയ ടീച്ചർ ഏതെങ്കിലും സംഘടനയിൽ ചേർന്നിരുന്നോ എന്നുള്ള കാര്യം എനിക്കറിയില്ല. അതുപോലെ തന്നെ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നു വന്നവരെ കുറിച്ചും എനിക്ക് ഒന്നും അറിയില്ല - ആര് ഏതു പക്ഷക്കാർ എന്നൊന്നും. പക്ഷേ കുട്ടികൾ എന്തൊക്കെ മനസ്സിലാക്കി വച്ചേക്കുന്നു !
ബൂത്തിൽ എതിർചേരിയിൽ പെട്ട ടീച്ചറുടെ സാന്നിദ്ധ്യമാണ് കാര്യങ്ങൾ ഇത്രയൊക്കെ വഷളാക്കിയതെന്ന് ഞങ്ങൾ പിന്നെയാണ് അറിയുന്നത്. എന്നാൽ ആ സാധു ടീച്ചർ എന്തെങ്കിലും പിഴച്ചിട്ടാണോ?
എന്നിട്ടോ, കഷ്ടകാലത്തിന് അത്തവണ റിട്ടേണിങ്ങ് ഓഫീസറായി പോസ്റ്റ് ചെയ്തിരുന്ന അദ്ധ്യാപകനും ഈ സ്ഥാനാർത്ഥിക്കുട്ടിയുടെ എതിർചേരിയിൽ പെട്ട സംഘടനയിലെ മെംബർ ! പോരേ പൂരം ! ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടവരെ ഇത്തരം പരിഗണനകൾ വച്ച് കണ്ടെത്താനാകുമോ? ഏറ്റവും സീനിയർ ആയ ആൾ റിട്ടേണിങ്ങ് ഓഫീസർ ആകും. പിന്നെയുള്ളവർ പ്രിസൈഡിങ്ങ് ഓഫീസർമാർ, പോളിങ്ങ് ഓഫീസർമാർ ഒക്കെ. എല്ലാവർക്കും എന്തെങ്കിലും ഒരു ഡ്യൂട്ടി ഉണ്ടാകും. അപ്പോൾ ഒരു കൂട്ടരെ മാറ്റിനിറുത്തി ഡ്യൂട്ടി ഇടാൻ പറ്റുമോ?
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നു കേട്ടിട്ടേയുള്ളു. അതന്ന് കണ്ടറിഞ്ഞു. ശുദ്ധഗതിക്കാരിയായ ആ പ്രിസൈഡിങ്ങ് ഓഫീസർ ടീച്ചർ വിദ്യാർത്ഥികൾക്ക് സസ്നേഹം ഉപദേശം കൊടുക്കാൻ പോയതാണ് വിനയായത്. എങ്ങനേയും ആകട്ടേ എന്നു വിചാരിച്ച് മിണ്ടാതിരുന്നെങ്കിൽ ഈ കുഴപ്പമൊന്നും ഉണ്ടാവില്ലായിരുന്നു.
സ്വന്തം പാർട്ടിക്കാർ ചെയ്യുന്നതെന്തും ശരിയെന്നും എതിർപാർട്ടിക്കാർ ചെയ്യുന്ന സർവ്വതും തെറ്റെന്നും കണ്ണുമടച്ച് വിശ്വസിച്ച് അന്ധമായി ചെളി വാരിയെറിയൽ നടത്തുന്നവർ എന്നാണ് നന്നാവുക?
Saturday, August 21, 2010
കാണം വിറ്റും.....
ഗേറ്റില്‍ ആരോ മുട്ടുന്നുണ്ടല്ലോ. യാചകനിരോധിത മേഖലയായതിനാല്‍ യാചകനല്ല. പിന്നെ വല്ല സെയില്‍സ്‌മാനുമായിരിക്കും.
ജനാലകര്‍ട്ടന്‍ വകഞ്ഞുമാറ്റി നോക്കി.
ഗേറ്റിനപ്പുറത്തു നില്‍ക്കുന്ന ആളെ കണ്ടിട്ട് ഒരു സാധാരണ സെയില്‍സ്‌മാന്‍ ആണെന്നു തോന്നുന്നില്ല.
നല്ല ഉയരം ഉള്ളയൊരാള്‍. മുഖത്തിനു നല്ല തേജസും ഉണ്ട്. മുടി ഒരല്‍പ്പം നീട്ടി വളര്‍ത്തിയിരിക്കുന്നു. മീശയാകട്ടേ, നാടകങ്ങളില്‍ രാജാപ്പാര്‍ട്ട് അഭിനയിക്കുന്നവരുടേതു മാതിരി. ആളെ തീരെ പിടികിട്ടുന്നില്ല.
എന്തായാലും ഗേറ്റ് തുറന്നു കൊടുക്കാം.
മുന്‍വാതില്‍ തുറന്നപ്പോഴേക്കും ആ ആള്‍ മനോഹരമായി പുഞ്ചിരി പൊഴിച്ചു.
ഗേറ്റ് തുറന്ന് ആളുടെ മുഴുരൂപം കണ്ടപ്പോള്‍ അല്‍ഭുതം തോന്നാതിരുന്നില്ല. ഒത്ത തടി. ഇത്തിരി കുമ്പയും ഉണ്ട്. കസവു മുണ്ടാണ് ഉടുത്തിരിക്കുന്നത്. ഷര്‍ട്ട് അണിഞ്ഞിട്ടില്ല. പകരം മറ്റൊരു കസവു നേരിയതു കൊണ്ട് മേനി മൂടിയിരിക്കുന്നു. കൈയില്‍ രണ്ട് സഞ്ചികള്‍. രണ്ടും വീര്‍ത്തിരിക്കുന്നു. രണ്ടിലും നിറയെ സാധനങ്ങള്‍ ഉണ്ടെന്നു തോന്നുന്നു.
"അകത്തേക്ക് കടന്നോട്ടേ?"
ശബ്ദം വളരെ വിനയാന്വിതം.
"വരൂ"
ഗേറ്റിനകത്തേക്ക് കയറിയ അതിഥി മുറ്റത്തു തന്നെ നിന്നതേയുള്ളൂ.
"പ്രിയ സോദരീ, നമ്മേ സഹായിക്കണം."
"പറയൂ, എന്താണാവശ്യം?"
വന്നയാള്‍ ഒരു സഞ്ചിയില്‍ നിന്ന് ഒരു പായ്ക്കറ്റ് പുറത്തെടുത്തു.
"ദയവായി ഇത് ഒന്നോ രണ്ടോ എണ്ണം വാങ്ങി നമ്മേ സഹായിക്കണം. ഒരു പൊതിയ്ക്ക് വെറും അഞ്ച് കാശേ ഉള്ളൂ."
" അഞ്ച് കാശോ?"
"എന്നു വച്ചാല്‍ നിങ്ങളുടെ അഞ്ച് ഉറുപ്പിക."
"ഈ പൊതിയില്‍ എന്താണ്?"
"നല്ല മുന്തിയ ഇനം കാണം. കല്ലോ പതിരോ ലേശം പോലുമില്ല."
"കാണമോ? അതിനിവിടെ കുതിരയില്ലല്ലോ?"
പറയുമ്പോള്‍ ചിരിച്ചു പോയി.
"അരുത് സോദരീ. ഇതിനെ വില കുറച്ചു കാണരുത്. പോഷകഗുണത്തില്‍ ചെറുപയറിനൊപ്പം നില്‍ക്കും കാണവും."
"പക്ഷേ ഇക്കാലത്ത് ഒരുവിധപ്പെട്ട മനുഷ്യരാരും തന്നെ കാണം ഉപയോഗിക്കാറില്ല."
"അങ്ങനെ പറഞ്ഞ് ഒഴിയരുത് സോദരീ. നമ്മേ സഹായിക്കാനായെങ്കിലും ഇതില്‍ നിന്ന് ഒന്നോ രണ്ടോ പൊതി വാങ്ങി പകരം ഉറുപ്പിക തരുക ദയവായി."
ആ തേജസ്സുറ്റ മുഖത്ത് ഒരു ദയനീയത ദൃശ്യമായി. അതുകണ്ടപ്പോള്‍ പ്രയോജനമൊന്നുമില്ലെങ്കിലും ഒന്നോ രണ്ടോ പായ്ക്കറ്റ് കാണം വാങ്ങി അയാള്‍ക്കൊരു പത്തു രൂപ കൊടുത്തേക്കാമെന്നു തോന്നി.
ആളെ കണ്ടാല്‍ പരമയോഗ്യന്‍. എന്നിട്ടും ആര്‍ക്കും വേണ്ടാത്ത ഒരു വസ്തുവായ കാണം വിറ്റു നടക്കുന്നു!
ആകാംക്ഷ ചോദ്യമായി പുറത്തു വന്നു.
"ആട്ടേ എന്തിനാണിപ്പോള്‍ കാണം വിറ്റു നടക്കുന്നത്?"
"ഓണസ്സദ്യയുണ്ണാന്‍."
"ഓണസ്സദ്യയുണ്ണാനോ?"
വീണ്ടും ചിരിച്ചു പോയി.
"അതേ സോദരീ, നമ്മുടെ രാജ്യത്തെ ഓണസ്സദ്യ ഒന്നുണ്ണണമെന്ന് അതികലശലായൊരു മോഹം. പലേ ഗൃഹങ്ങളിലും ചെന്നു നോക്കി. എന്നാല്‍ അവിടങ്ങളിലെ സ്ത്രീജനങ്ങളൊന്നും പാചകത്തില്‍ ഏര്‍പ്പെടുന്നില്ലാ. പകരം ഒരു പെട്ടിയില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ തെളിയുന്നത് നോക്കിയിരുന്നാസ്വദിക്കുന്നു. എന്താ ഒരു ഓണസ്സദ്യ തരാവുമോന്നു ചോദിച്ചപ്പോള്‍ അതിനു ഹോട്ടലില്‍ ചെല്ലണം എന്നാ അവര്‍ പറഞ്ഞത്. അവിടെയെല്ലാം തന്നെ ഓണസ്സദ്യ ഹോട്ടലുകളില്‍ നിന്ന് വരുത്തിക്കുകയാണത്രേ! പകരം ഉറുപ്പിക കൊടുക്കണം പോല്‍! എന്നാല്‍ പിന്നെ ആ തരം ഒരു ഹോട്ടലില്‍ കയറി ഓണസ്സദ്യ ആസ്വദിച്ചു കളയാമെന്നു കരുതി. അങ്ങോട്ടേയ്ക്ക് കയറിച്ചെന്നപാടേ ഹോട്ടലിന്റെ മുന്‍വശത്തിരുന്നയാള്‍ തടഞ്ഞു നിര്‍ത്തി. ഓണസ്സദ്യ ഉണ്ണാനാണ് വന്നതെന്നു പറഞ്ഞപ്പോള്‍ 499 ഉറുപ്പിക തരൂ എന്നായി. അത്രയും ഉറുപ്പിക കൊടുത്താലേ ഓണസ്സദ്യ തരാവൂത്രേ! നമ്മുടെ കൈയിലുണ്ടോ ഉറുപ്പിക? അത്രയും ഉറുപ്പിക നല്‍കാതെ ഓണസ്സദ്യ നല്‍കില്ലാന്ന് ആയാള്‍ക്ക് ഒരേ ശാഠ്യം. പിന്നെന്താ ചെയ്ക?
പുറത്തിറങ്ങി നടന്നപ്പോള്‍ ഇത്തിരി നിരാശയൊക്കെ തോന്നി. അപ്പോഴാണ് നമ്മുടെ രാജ്യക്കാര്‍ പറയുന്നത് കേട്ടിട്ടുള്ള ആ സംഗതി ഓര്‍മ്മ വന്നത്. കാണം വിറ്റും ഓണം ഉണ്ണണം. എന്നാല്‍ പിന്നെ അങ്ങനെയാവാമെന്നു കരുതി. പക്ഷേ, നല്ല കാണം സംഭരിക്കാന്‍ നമുക്ക് നന്നേ പണിപ്പെടേണ്ടി വന്നു കേട്ടോ. നോം തന്നെ ഇതു വൃത്തിയാക്കി പൊതികളിലാക്കിയതാണ്. ഇതില്‍ ഒന്നോ രണ്ടോ പൊതി വാങ്ങി പകരം ഉറുപ്പിക തരൂ പ്രിയ സോദരീ."
"അങ്ങ് നാട് കാണാനെത്തിയ മഹാബലിയല്ലേ?"
"നോം കിരീടം ചൂടാതിരുന്നിട്ടും സോദരിക്ക് നമ്മേ മനസ്സിലായി അല്ലേ?"
"അതേ, മനസ്സിലായി. ഇത്ര നിഷ്കളങ്കരായ മനുഷ്യര്‍ ഇക്കാലത്ത് ഭൂമിയില്‍ ജീവിച്ചിരിപ്പില്ലല്ലോ! അങ്ങയുടെ കാണം മുഴുവനും ഞാന്‍ വാങ്ങാം. ഉറുപ്പികക്ക് പകരം സ്വന്തം കൈയ്യാല്‍ ചമച്ച ഓണസ്സദ്യയൂട്ടാം."
മഹാബലി സസന്തോഷം ഓണസ്സദ്യ ഉണ്ടു.
"ഇനി അടുത്തയാണ്ടിലെ ഓണത്തിന് എഴുന്നെള്ളാം. ഭവതിക്ക് സര്‍വ്വമംഗളങ്ങളും ഭവിക്കട്ടേ!"
******************************************************************************
കെ. സി. ഗീത.
Saturday, July 10, 2010
അമ്മ, മകള്‍
അമ്മ.
നല്ല ആലോചന തന്നെ. പയ്യന് ഉയര്‍ന്ന ഉദ്യോഗം. പ്രതിമാസ ശമ്പളം ഇന്‍ഡ്യന്‍ രൂപയില്‍ ഒന്നരലക്ഷത്തിനടുത്ത് വരുമത്രേ ! പയ്യന്‍ കാണാനും നല്ല സുന്ദരന്‍. ഒത്ത ഉയരവും. സുന്ദരിയായ തന്റെ മോള്‍ക്ക് നന്നേ ഇണങ്ങും.
കുടുംബവും ആഭിജാത്യമുള്ളത് തന്നെ. പയ്യന്റെ മാതാപിതാക്കള്‍ ഉന്നത പദവികളില്‍ ഇരുന്ന് റിട്ടയര്‍ ചെയ്തവര്‍. കൂടെ വന്ന ബന്ധുജനങ്ങളും എന്തുകൊണ്ടും കേമര്‍. നല്ലൊരാലോചന തന്നെ ഇത്. മോള് പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവള്‍ക്കും ഇഷ്ടമായി എന്നു തോന്നുന്നു.
എന്നാലും...
വിവാഹം കഴിഞ്ഞാലുടന്‍ പയ്യന്‍ വധുവിനേയും കൊണ്ട് പറക്കും അന്യനാട്ടിലേക്ക്. ലീവ് ഒക്കെ വളരെ കുറവാണത്രേ.
ഈ വിവാഹം നടന്നാല്‍ മകള്‍ തന്നെ പിരിഞ്ഞ് കണ്ണെത്താദൂരത്തേക്ക് പറന്നകലും. ഏക മകള്‍. എങ്ങനെ അവളെ കാണാതിരിക്കും? ചിന്തിക്കാനേ വയ്യ.
അവളെ ഒരു നോക്ക് ഒന്ന് കാണണം എന്നു തോന്നിയാല്‍? ഒറ്റക്കൊരു വിദേശയാത്രയ്ക്കൊക്കെ തന്നെക്കൊണ്ടാവുമോ? അല്ലെങ്കില്‍ തന്നെ അതത്ര എളുപ്പമാണോ?
കല്യാണം കഴിഞ്ഞ് അവര്‍ പോകുമ്പോള്‍ തന്നേയും കൂടി കൂട്ടാന്‍ പറഞ്ഞാലോ?
ശ്‌ച്ഛേ, അതു വേണ്ട. അഭിമാനം സമ്മതിക്കുമോ?
അങ്ങനെ ചോദിച്ചു കഴിഞ്ഞിട്ട് അവര്‍ക്കതു പറ്റില്ലെന്നു പറഞ്ഞാല്‍ ആകെ മോശമാവും. ഇരുകൂട്ടര്‍ക്കും മന:പ്രയാസമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കും അത്. ഒരു സാധാരണ മലയാളി പുരുഷന്റെ മനോഭാവം തനിക്കറിയാവുന്നതല്ലേ? ഭാര്യവീട്ടുകാരോട് ഒരകല്‍ച്ചയും പുച്ഛവും ഭാവിക്കുക എന്നത്. തന്റെ അച്ഛനമ്മമാര്‍ എത്ര തന്നെ തനിക്കു പ്രിയപ്പെട്ടവരാകുന്നോ, അത്ര തന്നെ ഭാര്യക്കും അവളുടെ മാതാപിതാക്കള്‍ പ്രിയങ്കരരാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കാനാണല്ലോ അവര്‍ക്കിഷ്ടം !
ഇനിയിപ്പം തന്നെ കൂടി കൂട്ടാന്‍ അവര്‍ക്ക് സമ്മതം തന്നെ ആണെങ്കിലോ? എന്നാലും പുതുമോടിയില്‍ മധുവിധു ആഘോഷിക്കുന്ന നവദമ്പതിമാര്‍ക്ക് താനൊരു കട്ടുറുമ്പ് ആവുകില്ലേ? വേണ്ട അങ്ങനെ തന്നെക്കൂടെ കൊണ്ടുപോകുമോ എന്ന് അങ്ങാട്ടു കേറി ഒരിക്കലും ചോദിക്കരുത്.
ശ്ശോ! താനെന്തിനിതൊക്കെ ചിന്തിച്ചു കൂട്ടുന്നു? പെണ്ണുകാണല്‍ നടന്നതേയുള്ളു. വിവാഹനിശ്ചയം ഒന്നും ആയിട്ടില്ല. തന്റെ ബന്ധുക്കളെല്ലാം ഇതുറപ്പിക്കണമെന്ന് നിര്‍ബന്ധിച്ചിട്ടാണ് പോയിരിക്കുന്നത്. എന്നു പറഞ്ഞ്? പെണ്ണിന്റെ അമ്മയ്ക്കല്ലേ ഉറപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം. തനിക്ക് മകളും അവള്‍ക്ക് താനും മാത്രമല്ലേ ഉള്ളൂ? അമ്മയായ തനിക്ക് വേണ്ടെന്നു തോന്നിയാല്‍ വേണ്ട അത്ര തന്നെ!
ശരിയാണ് ഈ ആലോചന വേണ്ട തന്നെ. മകളെ കണ്ണെത്താദൂരത്തേക്ക് പറഞ്ഞയക്കാനൊന്നും തനിക്ക് കഴിയില്ല. ഈ ചുറ്റുവട്ടത്തൊക്കെ താമസിക്കുന്ന ഒരു നല്ല പയ്യന്‍ വരട്ടേ. അത്തരം ആലോചനകളൊക്കെ ധാരാളം വന്നിരുന്നു. എല്ലാ കേസിലും എന്തെങ്കിലുമൊക്കെ ഒരു ഡിഫക്റ്റ് ഉണ്ടാകും. പയ്യന് നല്ല ഉദ്യോഗമെങ്കില്‍ കാണാന്‍ തീരെ യോഗ്യത കാണില്ല - ഒന്നുകില്‍ ഉയരമില്ല, അല്ലെങ്കില്‍ നിറം കുറവ്, അതുമല്ലെങ്കില്‍ കഷണ്ടി ബാധിച്ചുതുടങ്ങിയിരിക്കുന്നു - ഈ പയ്യന്മാര്‍ക്കൊക്കെ ഹെയര്‍ ഫിക്സിങ്ങിനെ കുറിച്ചൊക്കെ അറിയില്ലെന്നുണ്ടോ? ഇനി പയ്യന്‍ കാണാന്‍ യോഗ്യനെങ്കില്‍, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലോ ജോലിയിലോ ഒക്കെ പിന്നില്‍. ഇന്നാളൊരു ആലോചന വന്നിരുന്നു, വെറും ഒരു കിലോമീറ്റര്‍ മാത്രം അപ്പുറത്ത് താമസിക്കുന്നവര്‍. പയ്യന്‍ പരമ യോഗ്യന്‍. ഉയര്‍ന്ന ഉദ്യോഗവും മെച്ചപ്പെട്ട ശമ്പളവും. പക്ഷേ എന്തു ഫലം? വീട്ടുകാര്‍ തീരെ പോര. പയ്യന്റെ അഛനും അമ്മയും ഇല്ലിറ്റെറേറ്റ്. വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് കള്‍ച്ചര്‍ ഉണ്ടാവുമോ? അങ്ങനെ കള്‍ച്ചര്‍ലെസ്സ് ആയ വീട്ടിലേക്ക് വളരെ സ്മാര്‍ട്ടായ, സുന്ദരിയായ തന്റെ മകളെ എങ്ങനെ പറഞ്ഞു വിടും? പറഞ്ഞുവിട്ടാല്‍ അവളും അവരുടെ ലെവലിലേക്ക് താഴുകയേ ഉള്ളൂ.
ആ ഇനിയും വരും ആലോചനകള്‍. മോള്‍ക്ക് 26 കഴിഞ്ഞെങ്കിലെന്താ കണ്ടാല്‍ ഒരു പതിനെട്ട്, പത്തൊന്‍പത് അതിലപ്പുറം പറയില്ല.
ഇതിപ്പോള്‍ ഇരുപതാമത്തേയോ മറ്റോ ആലോചനയാണെന്ന് തോന്നുന്നു. അവള്‍ക്ക് പറഞ്ഞിട്ടുള്ള ആള്‍ വരുമ്പോള്‍ എല്ലാം ശരിയാകും. ഇന്നു വന്ന പയ്യന്‍ അവള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. അതുകൊണ്ടല്ലേ തനിക്കീ ആലോചന വേണ്ടെന്നു വയ്ക്കാന്‍ തോന്നുന്നത്.
*** *** ***
മകള്‍.
പ്രാഭാതഭക്ഷണ വേള.
അമ്മയും മകളും പ്രാതല്‍ കഴിക്കയാണ്.
" അമ്മയുടെ ഈ ഇഡ്ഡലി എത്ര സോഫ്റ്റാ ! പൂപോലെ !”
" ആ, ആ, അമ്മയുടെ ഇഡ്ഡലിയുടെ സോഫ്റ്റ്‌നെസ്സിനെ കുറിച്ചു പറഞ്ഞോണ്ടിരുന്നോ. തന്നത്താനെ ഒരൊറ്റ വസ്തു പാകം ചെയ്യാന്‍ പഠിക്കണ്ട. മറ്റൊരു വീട്ടില്‍ ചെന്നുകയറുമ്പോഴാ വിവരമറിയാന്‍ പോണേ..."
" അതൊക്കെ ഞാന്‍ അന്നേരം പഠിച്ചെടുത്തോളുമമ്മേ. ഞാന്‍ അമ്മയുടെയല്ലേ മോള്!"
" ആ, ആ..."
" അമ്മയുടെ കുടുംബക്കാരുടെ സര്‍വ്വ മിടുക്കുകളും എനിക്കും കിട്ടിയിട്ടുണ്ട്, ഇല്ലേ അമ്മേ?
അമ്മയുടെ കുടുംബത്തിലെ മിക്കവരും ശാസ്ത്രജ്ഞര്‍. അമ്മയുടെ അച്ഛന്‍, അമ്മാവന്‍, ജ്യേഷ്ഠന്മാര്‍... ഇപ്പോഴിതാ, ശാസ്ത്രജ്ഞനാകാന്‍ അമ്മയ്ക്കൊരു മകനില്ലെങ്കിലെന്ത്? അമ്മയുടെ ഏകമകള്‍, ഈ ഞാന്‍, ശാസ്ത്രജ്ഞയായില്ലേ?"
"അതേ മോളേ. നിന്റെ അച്ഛന്‍ അത്രവലിയ ബുദ്ധിമാനൊന്നുമായിരുന്നില്ലെങ്കിലും നിനക്ക് എന്റെ കുടുംബക്കാരുടെ തല തന്നെയാ കിട്ടിയിരിക്കുന്നത്. ഭാഗ്യം !"
"ആ ശാസ്ത്രജ്ഞന്മാരുടെ പാരമ്പര്യം തുടര്‍ന്നും നിലനിറുത്തണ്ടേ അമ്മേ? "
"വേണം വേണം മോളേ"
" അതിന് ഞാനൊരു ഉപായം കണ്ടുപിടിച്ചിട്ടുണ്ട് അമ്മേ"
" ങേ, എന്തുപായം?"
" ഞാനൊരു ശാസ്ത്രജ്ഞനെ മാത്രമേ കല്യാണം കഴിക്കൂ അമ്മേ"
" അതു നല്ലതു തന്നെ മോളേ"
" നല്ലതാണല്ലോ അല്ലേ അമ്മേ?"
" ആ തീരുമാനം വളരെ നല്ലതു തന്നെ മോളേ"
" എന്നാലമ്മ സന്തോഷിച്ചോളൂ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു !"
"ങ്ങേ ??!!?"
" അതേ അമ്മേ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു."
" നീ ചുമ്മാ തമാശ പറയല്ലേ മോളേ, അതും ഇത്തരം കാര്യങ്ങളില്‍"
"ശ്ശോ ഇതെന്തൊരമ്മ! ഇതു തമാശ പറയാനുള്ള കാര്യമാണോ?"
" മോളേ നീ...?"
" അതേ അമ്മേ. കഴിഞ്ഞ മാസം ഞാനും ഞങ്ങളുടെ ചീഫ് സയന്റിസ്റ്റായ പ്രിയദര്‍ശനും തമ്മിലുള്ള വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ് ഞാന്‍ അമ്മയെ വിട്ടുപോകുമെന്ന് അമ്മ വല്ലാതെ ഭയക്കുന്ന കാര്യം ഞാന്‍ പ്രിയനോട് പറഞ്ഞിട്ടുണ്ട്. വളരെ അണ്ടര്‍സ്റ്റാന്‍ഡിംഗ് ആണദ്ദേഹം.
അമ്മയെ മെല്ലെമാത്രം കാര്യം ഗ്രഹിപ്പിച്ചാല്‍ മതി എന്ന് എന്നും അദ്ദേഹം എന്നെ ഓര്‍മ്മിപ്പിക്കും. അമ്മയെ ഹര്‍ട്ട് ചെയ്യരുതെന്ന കാര്യത്തില്‍ എന്നെക്കാള്‍ കൂടുതല്‍ പ്രിയനായിരുന്നു നിഷ്ക്കര്‍ഷ.”
" അമ്മേ പ്ലേറ്റിലിരിക്കുന്ന ആ ഒരിഡ്ഡലി കൂടി കഴിക്കൂ"
" ഇനി അമ്മക്ക് സന്തോഷം തോന്നുന്ന ഒരു കാര്യം കൂടി പറയട്ടേ? അമ്മേ.. ഒന്നെന്റെ മുഖത്തേക്ക് നോക്കുന്നേ...
"ആ, അങ്ങനേ, നല്ല കുട്ടി. ദേ, നമ്മുടെ എതിര്‍ വശത്തെ പ്ലോട്ട് വാങ്ങി വീടു വയ്ക്കാന്‍ തുടങ്ങിയതാരെന്ന് അമ്മയ്ക്കറിയുമോ? "
“അമ്മ ഇങ്ങനെ കണ്ണു മിഴിക്കണ്ടാ. അത് പ്രിയദര്‍ശനാണ്"
" അമ്മ ഇന്നലേയും കൂടി കണ്ടുകാണുമല്ലോ പ്രിയനെ?
ഇന്നിനി വൈകുന്നേരം വരും സൈറ്റില്‍ എന്നു പറഞ്ഞിട്ടുണ്ട്...
അന്നേരം അമ്മയ്ക്ക് പരിചയപ്പെടാം...
അമ്മേ ഒരിഡ്ഡലി കൂടി കഴിക്കുന്നോ?"
"ങൂഹു..."
" അമ്മേ, അമ്മേ"
" ഇത്രേം ഭയങ്കരിയാണ് നീയെന്ന് തീരെ വിചാരിച്ചിരുന്നില്ല. എന്നെ കെട്ടിപ്പിടിക്കയൊന്നും വേണ്ട. കൈയെടുക്കങ്ങോട്ട്..."
" അം..മ്മേ "
" പോടീ കൊഞ്ചാതെ..."
" ഇനി അമ്മയുടെ ചെവിയില്‍ മാത്രമായി ഒരു രഹസ്യം പറയട്ടേ?"
" എടീ കൊഞ്ചാതെ പോകാനാ പറഞ്ഞേ"
" അം..മ്മ...മ്മേ...."
" അമ്മയുടെ കുടുംബത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍... ദേ, ഒരു കൊച്ചു ശാസ്ത്രജ്ഞന്‍ പിറവിയെടുത്തിട്ടുണ്ടെന്നാ തോന്നണേ..."
" എടീ, നീയാ മുറ്റത്തു നിക്കണ തെച്ചിയില്‍ നിന്ന് ഒരു വലിയ കമ്പ് ഇങ്ങ് ഒടിച്ചെടുത്തോണ്ടു വാ. നല്ലതൊരഞ്ചാറെണ്ണം വച്ചു തരട്ടേ നിനക്ക്... അഹങ്കാരി...”
*******************************
ആരുടെ പക്ഷമാണ് ശരി? വായനക്കാര്‍ പറയൂ.
- ഗീത -
( ഇത് malayaalam.com ല്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാണ്.)
