Sunday, June 21, 2009

ഗാര്‍ഡനറുടെ മകള്‍

ഉള്ളതില്‍ വച്ച്‌ ഏറ്റവും നല്ല ജോഡി ഷര്‍ട്ടും പാന്റും എടുത്ത്‌ ഇസ്തിരിയിട്ടു വച്ചു. ഭാര്യക്കും മകള്‍ക്കും പുത്തന്‍ വസ്ത്രങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. ജീവിതത്തിലെ ഒരു സുപ്രധാന സംഭവം. ഉയര്‍ന്ന മാര്‍ക്കോടെ +2 ജയിച്ച മകളെ ഉന്നതവിദ്യാഭ്യാസത്തിനായി കോളേജില്‍ ചേര്‍ക്കുന്നു. എഞ്ചിനീയറിംഗിനോ, മെഡിസിനോ ഒന്നുമല്ല. ബി.എ.യ്ക്ക്‌. മറ്റു കോഴ്സുകള്‍ക്കൊക്കെ പഠിപ്പിക്കുക എന്നത്‌ തന്നെ സംബന്ധിച്ചിടത്തോളം അചിന്ത്യം. ഒരു സര്‍ക്കാര്‍ കോളേജിലെ വെറുമൊരു ഗാര്‍ഡനറുടെ മകള്‍ക്ക്‌ അതൊന്നും പറഞ്ഞിട്ടില്ല. മകള്‍ക്കും അതു മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നു. പത്താം ക്ലാസ്സിലും ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും കൂടുതല്‍ ഫീസ് കൊടുത്തു പഠിക്കേണ്ടുന്ന സയന്‍സ് ഗ്രൂപ്പ് വേണമെന്നൊന്നും അവള്‍ ശഠിച്ചില്ല. ആര്‍ട്സ് ഗ്രൂപ്പില്‍ ചേര്‍ന്നു. നന്നായി പഠിച്ചു +2വിനും ഉയര്‍ന്ന മാര്‍ക്ക് നേടി.

താന്‍ ജോലി ചെയ്യുന്ന കോളേജില്‍ തന്നെ ബി.എ.ക്ക് അപേക്ഷിച്ചു.

അഡ്‌മിഷന്‍ ദിവസം. ആദ്യപേരുകാരായ വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ പിന്നില്‍ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത്‌ തന്നെ കണ്ടപ്പോള്‍ പ്രിന്‍സിപ്പാളിന്റെ കണ്ണുകളില്‍ അത്ഭുതം.

- ഗോപാലകൃഷ്ണന്റെ മകളാ?

ഇത്തിരി അഭിമാനമൊക്കെ നുരപൊന്തി, അതേന്നു തലയാട്ടിയപ്പോള്‍.

- മോള്‌ മിടുക്കിയാ അല്ലേ? -

പ്രിന്‍സിപ്പാളിന്റെ ആ അഭിനന്ദനത്തില്‍ മതിമറന്ന് ആഹ്ലാദിച്ചു. അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി ചോദിച്ച സംഭാവനത്തുക ഒറ്റ രൂപാ പോലും കുറക്കാതെ കൊടുത്തു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, ഈ ഇനത്തില്‍ ഇത്തിരി ഇളവൊക്കെ ചോദിക്കണമെന്നു കണക്കു കൂട്ടിയിരുന്നതാണ്‌. പക്ഷേ പ്രിന്‍സിപ്പാളിന്റെ മുഖത്ത്‌ വിടര്‍ന്ന ആ ചിരി എങ്ങനെ മായ്ക്കാന്‍ കഴിയും?

അഡ്മിഷന്‍ കഴിഞ്ഞു , ഭാര്യയേയും മകളേയും കൂട്ടി നേരേ ഠൗണിലേക്ക്‌ പോയി. മകള്‍ക്ക്‌ പുതിയ ഡ്രസ്സുകള്‍, പുത്തന്‍ കുട, ബാഗ്‌, ലഞ്ച്‌ ബോക്സ്‌ ഇതെല്ലാം വാങ്ങണം. നാലുക്കൊപ്പം മോടിയായി തന്നെ അവളും നടക്കേണ്ടതല്ലേ? കൂടുതല്‍ പേരൊന്നും ഇല്ലല്ലോ. മരുന്നിനായി ഒരേ ഒരു മകള്‍. ഒറ്റപ്പുത്രി സ്കോളര്‍ഷിപ്പ്‌ വാങ്ങുന്നവള്‍. ഇപ്പോളിത്തിരി കാശ്‌ ചിലവായാലും വേണ്ടില്ല. അവള്‍ക്ക്‌ ഒന്നിനും ഒരു കുറവും വരരുത്‌.

കോളേജില്‍ മകളുടെ ആദ്യദിനം. ആദ്യത്തെ ഒരു മണിക്കൂര്‍ പ്രിന്‍സിപ്പാള്‍ നവാഗതരെ സ്വാഗതം ചെയ്തു കൊണ്ടു സംസാരിച്ചു. അതു കഴിഞ്ഞ്‌ കുട്ടികള്‍ അതാതു ക്ലാസ്സ്‌ മുറികളിലേക്ക്‌ പോയിരിക്കാനുള്ള നിര്‍ദേശമുണ്ടായി. കലാലയാന്തരീക്ഷത്തിന്റെ പുതുമ നുകര്‍ന്നു കൊണ്ട്‌, സ്വപ്നങ്ങളും അങ്കലാപ്പും ആകാംക്ഷയുമൊക്കെ കലര്‍ന്ന മുഖങ്ങളോടെ കോളേജങ്കണത്തില്‍ വിരിഞ്ഞ ആ നവകുസുമങ്ങളെ കൗതുകത്തോടെ നോക്കിനിന്നു, അതിലൊരാളുടെ പിതാവു കൂടിയായ ഗാര്‍ഡനര്‍ ഗോപാലകൃഷ്ണന്‍.

എത്രയോ കാലമായി താനിവിടെ ജോലി ചെയ്യുന്നു. എന്നിട്ടും ഇന്നു വരേയും ഈ കോളേജങ്കണത്തിലേക്ക്‌ ആദ്യമായി കാലുകുത്തുന്ന നവാഗതരെ താനിതു പോലെ ശ്രദ്ധിച്ചിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി അയാള്‍ക്ക്‌.

പുതിയ കുട്ടികള്‍ എല്ലാവരും ക്ലാസ്സ്‌ മുറികളിലേക്ക്‌ കയറി ക്ലാസ്സുകള്‍ ആരംഭിച്ചു കഴിഞ്ഞപ്പോള്‍, ഗോപാലകൃഷ്ണനും യൂണിഫോമൊക്കെ എടുത്തു ധരിച്ച്‌ തന്റെ ജോലിയില്‍ വ്യാപൃതനായി.

മൂന്നാമത്തെ പീര്യേഡ്‌ കഴിഞ്ഞ്‌ ലഞ്ച്ബ്രേക്കിനുള്ള ബെല്ല് മുഴങ്ങി. ഗോപാലകൃഷ്ണന്‌ ഇരിക്കപ്പൊറുതിയില്ല. തന്റെ മകള്‍ മറ്റു കുട്ടികള്‍ക്കൊപ്പം ക്ലാസ്സിലിരിക്കുന്നത് ഒന്ന്‌ കാണണമെന്ന പിതൃസഹജമായ ഒരാഗ്രഹം. അവളെ ആദ്യമായി നേഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ ഉണ്ടായിരുന്ന അതേ മാനസികാവസ്ഥ.

ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ, അവള്‍ പുത്തന്‍ ചോറു പാത്രം തുറന്ന് മറ്റു കുട്ടികള്‍ക്കൊപ്പം ‍ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയാവും. എന്നാലും അതൊന്നു കാണണം. തന്റെ മകളും ഈ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി എന്ന അഭിമാനബോധം ഗോപാലകൃഷ്ണന് അടക്കാനായില്ല.

ഗോപാലകൃഷ്ണന്‍ പണി നിറുത്തി മകളുടെ ക്ലാസ്സ്‌ മുറിയിലേക്ക്‌ നടന്നു.

കുട്ടികള്‍ പലരും ഊണു കഴിക്കാന്‍ തുടങ്ങുകയാണ്. കൂട്ടത്തില്‍ മകള്‍ ശാലിനിയും.

ക്ലാസ്സ്‌ മുറിയുടെ വാതില്‍ക്കല്‍ ചെന്നുനിന്ന തന്നെ മകള്‍ കണ്ടെന്നാണ്‌ വിചാരിച്ചത്‌. അവള്‍ തന്നെ ഒന്നു നോക്കിയല്ലോ. എന്നിട്ടും അച്ഛന്റെ അടുത്തേക്കൊന്നു വരാതെ അവള്‍ ഊണു കഴിക്കാന്‍ തുടങ്ങുന്നു. തന്നെ കണ്ടില്ലെന്നുണ്ടോ?

ഗോപാലകൃഷ്ണന്‍ ഒരു നിമിഷം കാത്തു. എന്നിട്ട് നീട്ടി വിളിച്ചു.

- എടീ മോളേ ശാലിനീ -

ശാലിനി ആ വിളി കേട്ടതായി തോന്നിയില്ല. അവള്‍ കൂട്ടുകാരിയോട്‌ കിന്നാരം പറഞ്ഞ്‌ ചിരിച്ച്‌ ഭക്ഷണം കഴിക്കല്‍‍ തുടരുന്നു.

ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ കൂടി മകളെ പേരു ചൊല്ലി വിളിച്ചു.

- മോളേ ശാലിനീ -

ങേ ഹേ, ഒരു ഫലവുമില്ല. അച്ഛന്റെ നേരെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ ശാലിനി കളിയും ചിരിയും ഭക്ഷണം കഴിക്കലും ‍ തുടരുന്നു.

ഗോപാലകൃഷ്ണന്‍‍ തിരിച്ചു നടന്നു. ചിലപ്പോള്‍ അവള്‍ തന്നെ കണ്ടു കാണില്ലായിരിക്കും. താന്‍ വിളിച്ചത് കേട്ടിട്ടുമുണ്ടാവില്ല. മറ്റു കുട്ടികളും തന്നെ ശ്രദ്ധിച്ചതായി തോന്നിയില്ല. പുതിയ അന്തരീക്ഷം സമ്മാനിച്ച ആഹ്ലാദതിമിര്‍പ്പുകളില്‍ മുഴുകിയിരിക്കുന്നതിനിടയില്‍ തന്നെപ്പോലൊരാള്‍ ക്ലാസ്സ് മുറിയുടെ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്നത് എങ്ങനെ ശ്രദ്ധയില്‍ പെടാന്‍?

വൈകുന്നേരം മകള്‍ തന്നെ കാത്തു നില്‍ക്കാതെ മൂന്നരക്കു തന്നെ വീട്ടിലേക്കു മടങ്ങിക്കൊള്ളാന്‍ തലേന്നു തന്നെ പറഞ്ഞ്‌ ഉറപ്പിച്ചിട്ടുണ്ടായിരുന്നു.

തന്റെ പ്രവൃത്തി സമയം അഞ്ചു മണിവരെയാണല്ലോ.

*** *** ***

ഗോപാലകൃഷ്ണന്‍ അന്നു പതിവിലും നേരത്തേ വീട്ടിലെത്തി, അവിടേയുമിവിടേയുമൊന്നും തങ്ങാതെ. പുതുകോളേജ്‌വിദ്യാര്‍ത്ഥിനിയായ മകളെ കാണാനുള്ള മനസ്സിന്റെ തത്രപ്പാട്‌ ഒന്നുകൊണ്ടുതന്നെ.

ഉമ്മറത്ത്‌ എത്തിയപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട്‌ നില്‍പ്പില്ല. അവളുടെ അമ്മയേയും കാണുന്നില്ല. അകത്തേക്ക്‌ കയറി. മകളുടെ മുറിയില്‍ നിന്ന് സംഭാഷണം കേള്‍ക്കുന്നുണ്ട്‌.

- ശാലിനീ -

നീട്ടി വിളിച്ചു കൊണ്ട്‌ അങ്ങോട്ടു നടന്നു. അമ്മയും മകളും അകത്തുണ്ട്‌.

ങേ എന്തു പറ്റി? മകളുടെ മുഖം കടന്നല്‍ കുത്തിയ പോലെ വീര്‍ത്തിട്ടുണ്ടല്ലോ?

ആ പിതൃഹൃദയം നൊന്തു.

എന്തു പറ്റി മോളേ?

ഉത്തരമില്ല.

ഗോപാലകൃഷ്ണന്‍ പലതവണ അമ്മയോടും മകളോടുമായി ചോദ്യം ആവര്‍ത്തിച്ചെങ്കിലും ഒരുത്തരവും ആരും നല്‍കിയില്ല.

അമ്മയുടെ മുഖഭാവത്തില്‍ നിന്ന് ഒന്നും വായിച്ചെടുക്കാന്‍ പറ്റുന്നില്ല.

അപ്പോഴാണ്‌ ഗോപാലകൃഷ്ണന്റെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്‌. ആദ്യദിവസമല്ലേ, സീനിയേര്‍സ്‌ റാഗ്‌ ചെയ്തുകാണും. അതിന്റെ ദേഷ്യത്തിലാണ്‌ മകള്‍ മുഖം വീര്‍പ്പിച്ചിരിക്കുന്നത്‌.

വളരെ അച്ചടക്കമുള്ള ഒരു വനിതാ കോളേജ് ആയതു കൊണ്ട് ഒരു പരിധി വിട്ട റാഗിംഗ് ഒന്നും അവിടെയില്ല എന്ന് ഗോപാലകൃഷ്ണന് അറിയാം.

ഗോപാലകൃഷ്ണന്‍ മകളെ ആശ്വസിപ്പിച്ചു. പിന്നെ ഇതൊന്നും മനസ്സിലേക്കെടുക്കാതെ എല്ലാം ഒരു തമാശയായി മാത്രം കാണണമെന്ന് ഉപദേശിച്ചു. മകളുടെ മൂര്‍ദ്ധാവില്‍ മുകര്‍ന്നു.

എല്ലാം കണ്ടു നിന്ന, അവളുടെ അമ്മയുടെ കണ്ണുകള്‍ എന്തേ ഇത്രയ്ക്ക് നിറഞ്ഞു തുളുമ്പാന്‍? അതിനും വേണ്ടി ഇവിടെ എന്തുണ്ടായി? ചെറിയ തോതിലെ റാഗിംഗ് ഒക്കെ പലരും ഒരു രസമായിട്ടേ എടുക്കൂ. ഗോപാലകൃഷ്ണന്‍ ഭാര്യയേയും പറഞ്ഞു മനസ്സിലാക്കി, ഒന്നും പേടിക്കാനില്ലെന്ന്‌. പോരെങ്കില്‍ താനില്ലേ അവിടെ?

രാത്രി മകള്‍ ഉറങ്ങി എന്നുറപ്പു വരുത്തിയ ശേഷം ഭാര്യ മന്ത്രിക്കുന്ന സ്വരത്തില്‍ അയാളോട്‌ പറഞ്ഞു.

- പറയാന്‍ വിഷമമുണ്ട്‌. എന്നാലും പറയാതിരിക്കാനും വയ്യ. നോക്കൂ നമ്മുടെ മോള്‍ വലിയ വലിയ ആള്‍ക്കാരുടെ മക്കള്‍ക്കൊപ്പമാണ്‌ പഠിക്കുന്നത്‌. ഇന്ന് നിങ്ങള്‍ തോട്ടക്കാരന്റെ മുഷിഞ്ഞ വേഷത്തോടെ അവളുടെ ക്ലാസ്സിലേക്ക്‌ ചെന്നു എന്നു അവള്‍ പറഞ്ഞു. അവള്‍ക്കത്‌ വല്ലാത്ത നാണക്കേടായിപ്പോയീത്രേ -

- നിങ്ങള്‍ക്ക്‌ വിഷമമൊന്നും തോന്നരുത്‌. അവളോട്‌ ഇതിന്റെ പേരില്‍ ദേഷ്യവും തോന്നരുത്‌. കൊച്ചു പെണ്‍കുട്ടിയല്ലേ അവള്‍ -

തന്റെ നെഞ്ചിലൂടെ ഒരു ഐസ്‌ കട്ട ഇറങ്ങിപ്പോകുന്നതായി ഗോപാലകൃഷ്ണന്‌ അനുഭവപ്പെട്ടു.

പിറ്റേന്ന് കോളേജിലേക്ക്‌ പോകാനായി ഇസ്തിരിയിട്ടു വച്ച ഷര്‍ട്ട്‌ എടുത്ത്‌ ധരിച്ചപ്പോള്‍ അതിന്റെ പോക്കറ്റിലേക്ക്‌ ഒട്ടിച്ച ഒരു ബ്രൗണ്‍പേപ്പര്‍ കവര്‍ കൂടി തിരുകാന്‍ ഗോപാലകൃഷ്ണന്‍ മറന്നില്ല.

കോളേജില്‍ എത്തിയാലുടനെ പ്രിന്‍സിപ്പാളിനെ അതേല്‍പ്പിക്കണം. ഒരല്‍പ്പം അകന്നു മാറിയുള്ള മറ്റൊരു സര്‍ക്കാര്‍ കോളേജിലേക്കുള്ള ട്രാന്‍സ്ഫര്‍ അപേക്ഷ.

പ്രിന്‍സിപ്പാള്‍ കാരണം തിരക്കാതിരിക്കില്ല.

പറയാനൊരുത്തരം നാവിന്‍തുമ്പില്‍ കരുതിയിട്ടുണ്ട്‌.

------------------------