Tuesday, February 8, 2011

ഒരു കോളേജ് ഇലക്ഷന്റെ ഓർമ്മ

ആകെ കലങ്ങിമറിഞ്ഞ രാഷ്ട്രീയാന്തരീക്ഷമാണല്ലോ ഇപ്പോൾ. ആരോപണപ്രത്യാരോപണങ്ങൾ, വിഴുപ്പലക്കലുകൾ....

എന്താണ് സത്യം? ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത്? എല്ലാം കേട്ട് പകച്ചു നിൽക്കാനേ ആകുന്നുള്ളൂ.

വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കോളേജ് ഇലക്ഷൻ സംഭവം ഓർമ്മ വരുന്നു.

പ്രമുഖരാഷ്ട്രീയ പാർട്ടികളോട് അനുഭാവം പുലർത്തുന്ന അദ്ധ്യാപകവൃന്ദവും വിദ്യാർത്ഥിസമൂഹവും ഉണ്ട് കോളേജിൽ. അതത് സംഘടനകളിൽ അംഗങ്ങളുമാണ് മിക്കവരും. എന്നാലും എന്നെപ്പോലെ അരാഷ്ട്രീയരായ കുറേ വിവരദോഷികളുമുണ്ട് കൂട്ടത്തിൽ.

അരാഷ്ട്രീയത വിവരക്കേടിന്റേയും വിഡ്ഡിത്തത്തിന്റേയും ലക്ഷണമാണെന്ന് ബുദ്ധിജീവികൾ പറയുന്നത് കേൾക്കായ്കയല്ല. പക്ഷേ എന്തുകൊണ്ടോ, തൽക്കാലം പഠിപ്പിക്കുന്ന വിഷയത്തിൽ മാത്രം വിവരം ആർജ്ജിച്ചാൽ മതിയെന്നും കുറേക്കൂടി പ്രായവും പക്വതയും ചെന്നിട്ട് ആകാം രാഷ്ട്രീയപ്രബുദ്ധത നേടൽ എന്നുമൊക്കെയായിരുന്നു അന്നത്തെ എന്റെ ചെറുമനസ്സിന്റെ തീരുമാനം. ഇതേ വിചാരഗതിയുള്ള വേറേയും കുറേ അദ്ധ്യാപകർ ഉണ്ടെന്നുള്ളത് എന്റെ തീരുമാനത്തിന് ബലമേകി.

അപ്പോൾ പറഞ്ഞു വന്നത് കോളേജ് ഇലക്ഷനെ സംബന്ധിച്ച്. വെള്ളിയാഴ്ചകളിലാണ് ഇലക്ഷൻ നടക്കുക. കാരണം വ്യക്തം. പിറ്റേന്ന് അവധിദിനമാണല്ലോ.

അങ്ങനെ ഒരു ഇലക്ഷൻ ദിനം. എല്ലാ അദ്ധ്യാപകർക്കും പോളിങ്ങ് ഡ്യൂട്ടിയോ കൌണ്ടിങ്ങ് ഡ്യൂട്ടിയോ ഉണ്ടാവും. കുറേപ്പേരെ റിസർവ് ആയും പോസ്റ്റ് ചെയ്യും. ആ ഇലക്ഷൻ ദിനത്തിൽ എനിക്ക് പോളിങ്ങ് ഡ്യൂട്ടിയായിരുന്നു. എനിക്ക് ഡ്യൂട്ടിയുണ്ടായിരുന്ന ബൂത്തിലെ പ്രിസൈഡിങ്ങ് ഓഫീസർ എന്റെ ഡിപ്പാർട്ട്മെന്റിലെ തന്നെ ഒരു സീനിയർ ടീച്ചർ ആയിരുന്നു. പിന്നെ പോളിങ്ങ് ഓഫീസറായി മറ്റൊരു സീനിയർ ടീച്ചർ കൂടി എന്നെ കൂടാതെ എന്റെ ഡിപ്പാർട്ട്മെന്റിൽ നിന്ന് ഉണ്ടായിരുന്നു. ഈ രണ്ട് അദ്ധ്യാപികമാരും എന്റെ ഗുരുനാഥകൾ കൂടി ആണ്. ഞങ്ങൾ മൂവരെ കൂടാതെ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് അഞ്ച് അദ്ധ്യാപകർ കൂടി ഉണ്ടായിരുന്നു ആ ബൂത്തിൽ. അങ്ങനെ ഞങ്ങൾ 8 പേർ. രാവിലെ 9 മണിക്കു തന്നെ എല്ലാവരും ബൂത്തിൽ ഹാജരായി. ഞങ്ങളെ കൂടാതെ പോളിങ്ങ് ഏജന്റുമാരായ പെൺ‌കുട്ടികളും ഹാജരായി.

പോളിങ്ങ് തുടങ്ങി. ഒന്നാം വർഷ പ്രീഡിഗ്രിക്കാരായിരുന്നു ഈ ബൂത്തിലെ സമ്മതിദായകർ. വെറും പതിനാറുകാരികൾ. ജീവിതത്തിൽ ആദ്യമായി സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താൻ കിട്ടുന്ന അവസരം. അവർ കോളേജിലേക്ക് വന്നിട്ട് കഷ്ടിച്ച് മൂന്നോ നാലോ മാസമാകുമ്പോഴായിരിക്കും ഇലക്ഷൻ ആഗതമാകുക. ജീവിതത്തിലെ ആദ്യവോട്ട് രേഖപ്പെടുത്തൽ ആയതുകൊണ്ട് ഈ കൊച്ചുകുട്ടികൾക്ക് പ്രത്യേകമായ ഒരു ആവേശമുണ്ടാകും കോളേജ് ഇലക്ഷനോട്.

കൊച്ചുപെൺ‌കുട്ടികൾ അച്ചടക്കത്തോടെ ക്യൂ നിന്ന് ഹാളിനകത്തേക്ക് വരാൻ തുടങ്ങി. പ്രിസൈഡിങ്ങ് ഓഫീസർ ആയ ടീച്ചർ ബാലറ്റ് പേപ്പറിൽ ഒപ്പിട്ട ശേഷം കയറിവരുന്ന പെൺ‌കുട്ടികളോട് സ്നേഹപൂർവ്വം ഉപദേശിച്ചു,

‘ഒരു പോസ്റ്റിന് ഒരു കാൻഡിഡേറ്റിന്റെ പേരിനു നേരേ മാത്രമേ മാർക്ക് ചെയ്യാവുള്ളൂ കേട്ടോ. ഇല്ലെങ്കിൽ നിങ്ങളുടെ വോട്ട് അസാധുവാകും’

‘ അസാധൂന്ന് പറഞ്ഞാൽ എന്താ ടീച്ചർ? ’ - ഒരു വിദ്യാർത്ഥിനിയുടെ സംശയം.

ടീച്ചർ ചിരിച്ചു. എന്നിട്ട് വിശദീകരിച്ചുകൊടുത്തു.

പത്തുപേർ പത്തുപേർ വീതമുള്ള ഓരോ ബാച്ച് കുട്ടികൾ കയറിവരുമ്പോഴും ടീച്ചർ സ്നേഹപൂർവ്വം തന്റെ ഉപദേശം തുടർന്നു.

ഇതെല്ലാം ഇരുപാർട്ടിക്കാരുടേയും പോളിങ്ങ് ഏജന്റ്സ് ആയി വന്നിരിക്കുന്ന വിദ്യാർത്ഥിനികൾ കേൾക്കുന്നുണ്ട്. ആരും മറുത്തൊന്നും പറയുന്നുമില്ല.

പ്രിസൈഡിങ്ങ് ഓഫീസർ ആയ ഈ ടീച്ചർ വളരെ ശുദ്ധഗതിക്കാരിയായ ഒരാളാണ്. സ്നേഹം ചാലിച്ച ശബ്ദത്തിലാണ് ടീച്ചർ കുട്ടികൾക്ക് ഉപദേശം കൊടുത്തിരുന്നത്.

പോളിങ്ങ് പുരോഗമിച്ചു കൊണ്ടിരുന്നു. ഒന്നരമണിക്കൂറോളം കഴിഞ്ഞു.

രണ്ടാം നിലയിലാണ് ഈ ബൂത്ത്. ഇടയ്ക്ക് താഴെ എന്തോ ബഹളം നടക്കുന്നതു പോലെ കേട്ടു. തകൃതിയായി പോളിങ്ങ് ജോലികളിൽ ഏർപ്പെട്ടിരുന്നതു കൊണ്ട് ഞങ്ങൾക്കത് ശ്രദ്ധിക്കാൻ പറ്റിയില്ല. ഒരഞ്ചുമിനിറ്റു കൂടി കഴിഞ്ഞു. അപ്പോഴുണ്ട് ഇലക്ഷനു നിൽക്കുന്ന ഒരു കാൻഡിഡേറ്റിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം പെൺ‌കുട്ടികൾ ബൂത്തിലേക്ക് ഇരച്ചു കയറി. കാൻഡിഡേറ്റായ ഈ പെൺ‌കുട്ടിയെ കണ്ടാൽ ഒരു അശു - നന്നേ മെലിഞ്ഞ് പൊക്കവും തീരെ കുറവായ ഒരു രൂപം. പക്ഷേ ആ പെൺ‌കുട്ടി അങ്ങോട്ട് വായ തുറന്നപ്പോഴല്ലേ മനസ്സിലായത് - കുരുമുളക് ഇത്തിരിപ്പോന്നതാണെങ്കിലെന്ത്.......

‘ഈ ബൂത്തിലെ പോളിങ്ങ് നിറുത്തിവയ്ക്കണം, റീപോളിങ്ങ് വേണം’ - വന്നവർ കൂട്ടമായി ഒച്ച ഉയർത്തി പറഞ്ഞു.

എന്താണ് പ്രശ്നം?

ഞങ്ങൾ അമ്പരന്നു.

അപ്പോഴതാ ആ സ്ഥാനാർത്ഥിപ്പെൺ‌കുട്ടി ആക്രോശിക്കുന്നു.

‘ഞങ്ങളുടെ പാർട്ടി തോൽക്കാൻ വേണ്ടി മനപ്പൂർവ്വം ഒരു കാൻഡിഡേറ്റിനേ വോട്ടു ചെയ്യാവൂന്ന് ഇവിടെയിരിക്കുന്ന ടീച്ചേർസ് കുട്ടികളെ തെറ്റിദ്ധരിപ്പിച്ചു. ’

ഞങ്ങളെല്ലാം അമ്പരന്നു.

‘പിന്നല്ലാതെ എങ്ങനെ വേണമെന്നാണ് ഈ കുട്ടി ഉദ്ദേശിക്കുന്നത്? ’ പ്രിസൈഡിങ്ങ് ഓഫീസർ ചോദിച്ചു.

ആ പെൺ‌കുട്ടി ടീച്ചറുടെ നേരെ തിരിഞ്ഞു കൈചൂണ്ടി ആക്രോശിച്ചു

‘മന:പൂർവ്വമാണിത്. ഞങ്ങൾക്കറിയാം. യൂണിവേർസിറ്റി യൂണിയൻ കൌൺസിലർ സ്ഥാനത്തേക്ക് രണ്ട് സ്ഥാനാർത്ഥികളെയാണ് തിരഞ്ഞെടുത്ത് അയക്കേണ്ടതെന്ന് ടീച്ചർക്ക് അറിഞ്ഞു കൂടാത്തതാണോ? മന:പൂർവ്വമാണിത്, ഞങ്ങളുടെ പാർട്ടി തോൽക്കാൻ വേണ്ടി ചെയ്ത പണി’

ആ പെൺ‌കുട്ടിയുടെ ദേഷ്യവും ആക്രോശവും കണ്ട് ഞങ്ങൾ സ്തംഭിച്ചിരുന്നു പോയി. എത്ര സീനിയർ ആയ ഒരു ടീച്ചറോടാണ് ആ കുട്ടിയുടെ ഇത്തരത്തിലുള്ള നിന്ദ്യവും നീചവുമായ പെരുമാറ്റം. രണ്ടായിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഒരു ബ്രഹത് സ്ഥാപനത്തിലെ വിദ്യാർത്ഥി നേതാവാകാൻ പോകുന്നയാളാണ്. ഗുരുത്വം എന്നു പറയുന്നതിന്റെ ഒരംശം എങ്കിലും ആ കുട്ടിക്ക് ഉണ്ടായിരുന്നെങ്കിൽ !

എന്താണ് തെറ്റു പറ്റിയതെന്ന് ആ കുട്ടിക്ക് അന്വേഷിക്കാമായിരുന്നു സമാധാനമായി. പ്രിസൈഡിങ്ങ് ഓഫീസറായിരുന്ന ആ ടീച്ചർ ഉൾപ്പെടേ അന്ന് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അദ്ധ്യാപകർക്ക് ആർക്കും തന്നെ ആ പോസ്റ്റിന് രണ്ട് സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത് അയക്കണം എന്നത് അറിയാതെ പോയത് ഒരു പിഴവു തന്നെയായിരിക്കാം. എന്നാലും ടീച്ചറുടെ സ്നേഹപൂർവ്വമായ ഈ ഉപദേശം കേട്ടിരുന്ന ഏജന്റുമാരുണ്ടല്ലോ. എന്തേ അവർ ഒരക്ഷരം മിണ്ടിയില്ല?

പോരെങ്കിൽ ഇലക്ഷനു തലേന്ന് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ പരിപാടിയുണ്ടല്ലോ - മീറ്റ് ദ കാൻഡിഡേറ്റ് - ആ പരിപാടിയിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ മാത്രമല്ല, ഏതൊക്കെ പോസ്റ്റിന് ആർക്കൊക്കെ വോട്ട് ചെയ്യണം എന്ന് ഓരോ പാർട്ടിക്കാരും പറയും. കൂട്ടത്തിൽ എങ്ങനെ വോട്ട് രേഖപ്പെടുത്തണം, എങ്ങനെ ബാലറ്റ് പേപ്പർ മടക്കണം എന്നുമൊക്കെ വിശദീകരിച്ചു കൊടുക്കും.

അപ്പോൾ കാര്യങ്ങൾ വേണ്ടപോലെ വിദ്യാർത്ഥിനികൾക്ക് മനസ്സിലാക്കിച്ചു കൊടുത്തിരുന്നില്ല എന്നർത്ഥം. അതല്ലേ ഏജന്റുമാർക്ക് വരെ അതറിഞ്ഞുകൂടാതെ പോയത്.

‘ എന്നാൽ പിന്നെ നിങ്ങൾ ഏജന്റുമാർ അതു പറയാത്തതെന്തായിരുന്നു?’
ടീച്ചർ അവരിലൊരാളോട് ചോദിച്ചു. അതിന് ആ കുട്ടിക്ക് ഉത്തരമില്ല. മിണ്ടാതിരുന്നു ആ പെൺ‌കുട്ടി.

അതു കണ്ടിട്ടും ആ സ്ഥാനാർത്ഥി പെൺകുട്ടിക്ക് കലിയടങ്ങിയില്ല. വോട്ടർമാരെ വേണ്ടവിധം ബോധവൽക്കരിക്കുന്നതിൽ വന്ന പിഴവാണതെന്ന് സമ്മതിക്കാനും തയ്യാറായില്ല.

ആ കുട്ടി വീണ്ടും കുറേ ആക്രോശിച്ച ശേഷം ബൂത്തിൽ നിന്ന് കൂട്ടുകാരുമായി ഇറങ്ങിപ്പോയി.

‘ഹോ ഇത്തിരിപ്പോന്ന ആ ഞല്ലിപ്പെണ്ണിന്റെ ഒരു വീര്യമേ ! ഈ എളം പ്രായത്തി ഇങ്ങനയെങ്കി ഇതൊക്കെ മൂത്താൽ എന്തായിരിക്കും സിതി എന്റെ ദൈവമേ’ - ഇതൊക്കെ കണ്ടുനിന്ന ബൂത്തിലെ പ്യൂണിന്റെ കമന്റ്.

ഞങ്ങൾ ഞെട്ടി പുറകിലേക്ക് തിരിഞ്ഞുനോക്കി. ഭാഗ്യം, ആ പെൺകുട്ടിയുടെ ഏജന്റുമാർ അവിടെയില്ല.

പ്രശ്നം അതുകൊണ്ടൊന്നും തീർന്നില്ല. പ്രിൻസിപ്പാൾ വന്നു. കാര്യമന്വേഷിച്ചു. ആരും മന:പൂർവ്വം ഒന്നും ചെയ്തിട്ടൊന്നുമില്ലെന്ന് മനസ്സിലാക്കി. ആ സ്ഥാനാർത്ഥിക്കുട്ടിയെ പറഞ്ഞുമനസ്സിലാക്കാൻ നോക്കി. ഒരാളിനു മാത്രം വോട്ട് രേഖപ്പെടുത്തിയതുകൊണ്ട് അയാളുടെ പാർട്ടിക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ, അതേ നഷ്ടം എതിർ പാർട്ടിക്കും സംഭവിച്ചിട്ടുണ്ടാകുമല്ലോ എന്നു പറഞ്ഞാശ്വസിപ്പിച്ചു. ഒന്നും ആ കുട്ടി കൂട്ടാക്കിയില്ല. മന:പൂർവ്വം ചെയ്ത കുറ്റമായിട്ടു തന്നെ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ് പോളിങ്ങ് പുനരാരംഭിച്ചു. പിന്നെ വന്നവരോടും ടീച്ചർ സ്നേഹപൂർവ്വം പറഞ്ഞു
‘കൌൺസിലർ സീറ്റിനു മാത്രം രണ്ടു പേർക്ക് വോട്ട് രേഖപ്പെടുത്തണം. ബാക്കി സീറ്റിനെല്ലാം ഒന്ന് ’

കേട്ടിരുന്ന മറ്റൊരു ടീച്ചർ പറഞ്ഞു
‘എന്തിനാ ടീച്ചർ ഇതൊക്കെ പറഞ്ഞുകൊടുക്കാൻ പോകുന്നത്? അവർ എങ്ങനെയോ ചെയ്തിട്ടു പോട്ടേ. മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ ഈ സ്ഥാനാർത്ഥികൾ പറഞ്ഞു കൊടുക്കേണ്ടതാണ് ഇതൊക്കെ. ടീച്ചർ നല്ലതിനല്ലേ അവരെ ഉപദേശിച്ചത്. അതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നവർക്കു വേണ്ടി ടീച്ചർ ഇനിയും ബദ്ധപ്പെടുന്നതെന്തിന്?’

പ്രിസൈഡിങ്ങ് ഓഫീസർ ടീച്ചർക്കും അതു ശരിയെന്നു തോന്നി. പിന്നെ ടീച്ചർ ആരോടും ഒന്നും പറയാൻ പോയില്ല. ബാലറ്റ് പേപ്പറിൽ ഒപ്പിടുക എന്ന ജോലി മാത്രം ചെയ്ത് മൌനിയായിരുന്നു. ടീച്ചറുടെ മുഖത്ത് നന്നേ വിഷാദം തളം കെട്ടി നിന്നിരുന്നു.

ഒരു മണിയായപ്പോൾ പോളിങ്ങ് അവസാനിച്ചെങ്കിലും, പ്രശ്നം പുറത്തു പുകഞ്ഞുകൊണ്ടിരുന്നു. ഈ പെൺകുട്ടി അടുത്തുള്ള മിക്സെഡ് കോളേജിൽ നിന്ന് ആൺ സുഹൃത്തുക്കളെ വരുത്തി. പിന്നത്തെ പുകിലൊന്നും പറയണ്ട. ഉച്ചക്ക് നടക്കേണ്ടിയിരുന്ന കൌണ്ടിങ്ങ് തടസ്സപ്പെടുത്തി. റിട്ടേണിങ്ങ് ഓഫീസറായ അദ്ധ്യാപകനെ തടഞ്ഞുവയ്ക്കുകയോ ഘെരാവോ ചെയ്യുകയോ എന്തൊക്കെയോ ചെയ്തു. ഞങ്ങൾ പോളിങ്ങ് കഴിഞ്ഞ് ഉച്ചക്ക് വീട്ടിലെത്തിയെങ്കിലും അവിടത്തെ സംഭവങ്ങൾ ഓരോരുത്തർ ഫോണിൽ വിളിച്ചു പറഞ്ഞ് അറിഞ്ഞുകൊണ്ടിരുന്നു.
അവസാനം രാത്രി ഏറെ വൈകിയാണ് ഈ കുട്ടികളെ സമാധാനിപ്പിച്ച് റിസൽറ്റ് പബ്ലിഷ് ചെയ്യാൻ സാധിച്ചത്.

എന്താണ് ആ സ്ഥാനാർത്ഥിക്കുട്ടിയേയും കൂട്ടുകാരേയും ഇത്രയും പ്രകോപിപ്പിച്ചതെന്നല്ലേ?

വോട്ട് ചെയ്ത് താഴെ എത്തിയ കുട്ടികളോട് ആർക്കൊക്കെ വോട്ട് ചെയ്തു എന്നീ സ്ഥാനാർത്ഥിക്കുട്ടിയും കൂട്ടുകാരും ചോദിച്ചു. വോട്ട് ആർക്ക് ചെയ്തു എന്ന് വെളിപ്പെടുത്തേണ്ടതില്ലെന്ന കാര്യം പാവം പ്രീഡിഗ്രിക്കാരികൾക്കറിയില്ലായിരുന്നു. അവർ അതു പറഞ്ഞു. അപ്പോഴാണ് കൌൺസിലർ സ്ഥാനത്തേക്ക് ഒരാൾക്കേ വോട്ടു ചെയ്തുള്ളൂ എന്നറിഞ്ഞത്. അതെന്താ അങ്ങനെ എന്നായി സ്ഥാനാർത്ഥി. അത് അവിടത്തെ ടീച്ചർ പറഞ്ഞു ഒരാൾക്കേ വോട്ടു ചെയ്യാവുള്ളൂ എന്ന് ആ കുട്ടികളും. മതിയല്ലോ.

സ്ഥാനാർത്ഥി പടയുമായി ബൂത്തിൽ കുതിച്ചെത്തി. ബൂത്തിനകത്തു കയറി അവിടെയിരിക്കുന്ന ടീച്ചർമാരിൽ ഒരാളെ കണ്ടപ്പോഴല്ലേ സ്ഥാനാർത്ഥിക്ക് ഹാലിളകിയത് !! കാരണം എതിർ പാർട്ടിയുടെ അദ്ധ്യാപകസംഘടനയിൽ മെംബർ ആയ ഒരാളായിരുന്നു ആ ടീച്ചർ. ആ ടീച്ചർ എന്റെ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള പോളിങ്ങ് ഓഫീസർ ആയിരുന്നു. യഥാർത്ഥത്തിൽ ആ സീനിയർ ടീച്ചർ ഒന്നിലും ഇടപെടാതെ ഒരറ്റത്ത് ഒഴിഞ്ഞിരിക്കയായിരുന്നു. ഇത്തിരി ക്ഷീണക്കാരിയും ആരോഗ്യക്കുറവുമുള്ള ഒരാളായിരുന്നു ആ ടീച്ചർ. ഡ്യൂട്ടി ഇട്ടതു കൊണ്ട് ബൂത്തിൽ ഹാജരാവാതെ പറ്റില്ലല്ലോ. ഞങ്ങൾ ജൂനിയേർസ് - ഞാനും മറ്റു ഡിപ്പാർട്ട്മെന്റുകളിൽ ഉള്ള അഞ്ച് ടീച്ചേർസും - കൂടിയാണ് ജോലികളൊക്കെ ചെയ്തിരുന്നത്.

എതിർ ചേരിയിലെ ഈ ടീച്ചറുടെ കുത്തിത്തിരുപ്പ് മൂലമാണ് ഇങ്ങനെ ഉണ്ടായതെന്ന് അങ്ങ് കണ്ണുമടച്ചു വിശ്വസിക്കുകയും അങ്ങനെ സ്ഥാപിക്കുകയും ചെയ്താൽ പിന്നെ എന്തു ചെയ്യും?

കുട്ടികൾക്ക് സദുപദേശം കൊടുത്ത പ്രിസൈഡിങ് ഓഫീസർ ആയ ടീച്ചർ ഏതെങ്കിലും സംഘടനയിൽ ചേർന്നിരുന്നോ എന്നുള്ള കാര്യം എനിക്കറിയില്ല. അതുപോലെ തന്നെ മറ്റു ഡിപ്പാർട്ട്മെന്റുകളിൽ നിന്നു വന്നവരെ കുറിച്ചും എനിക്ക് ഒന്നും അറിയില്ല - ആര് ഏതു പക്ഷക്കാർ എന്നൊന്നും. പക്ഷേ കുട്ടികൾ എന്തൊക്കെ മനസ്സിലാക്കി വച്ചേക്കുന്നു !

ബൂത്തിൽ എതിർചേരിയിൽ പെട്ട ടീച്ചറുടെ സാന്നിദ്ധ്യമാണ് കാര്യങ്ങൾ ഇത്രയൊക്കെ വഷളാക്കിയതെന്ന് ഞങ്ങൾ പിന്നെയാണ് അറിയുന്നത്. എന്നാൽ ആ സാധു ടീച്ചർ എന്തെങ്കിലും പിഴച്ചിട്ടാണോ?

എന്നിട്ടോ, കഷ്ടകാലത്തിന് അത്തവണ റിട്ടേണിങ്ങ് ഓഫീസറായി പോസ്റ്റ് ചെയ്തിരുന്ന അദ്ധ്യാപകനും ഈ സ്ഥാനാർത്ഥിക്കുട്ടിയുടെ എതിർചേരിയിൽ പെട്ട സംഘടനയിലെ മെംബർ ! പോരേ പൂരം ! ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടവരെ ഇത്തരം പരിഗണനകൾ വച്ച് കണ്ടെത്താനാകുമോ? ഏറ്റവും സീനിയർ ആയ ആൾ റിട്ടേണിങ്ങ് ഓഫീസർ ആകും. പിന്നെയുള്ളവർ പ്രിസൈഡിങ്ങ് ഓഫീസർമാർ, പോളിങ്ങ് ഓഫീസർമാർ ഒക്കെ. എല്ലാവർക്കും എന്തെങ്കിലും ഒരു ഡ്യൂട്ടി ഉണ്ടാകും. അപ്പോൾ ഒരു കൂട്ടരെ മാറ്റിനിറുത്തി ഡ്യൂട്ടി ഇടാൻ പറ്റുമോ?

ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്നു കേട്ടിട്ടേയുള്ളു. അതന്ന് കണ്ടറിഞ്ഞു. ശുദ്ധഗതിക്കാരിയായ ആ പ്രിസൈഡിങ്ങ് ഓഫീസർ ടീച്ചർ വിദ്യാർത്ഥികൾക്ക് സസ്നേഹം ഉപദേശം കൊടുക്കാൻ പോയതാണ് വിനയായത്. എങ്ങനേയും ആകട്ടേ എന്നു വിചാരിച്ച് മിണ്ടാതിരുന്നെങ്കിൽ ഈ കുഴപ്പമൊന്നും ഉണ്ടാവില്ലായിരുന്നു.

സ്വന്തം പാർട്ടിക്കാർ ചെയ്യുന്നതെന്തും ശരിയെന്നും എതിർപാർട്ടിക്കാർ ചെയ്യുന്ന സർവ്വതും തെറ്റെന്നും കണ്ണുമടച്ച് വിശ്വസിച്ച് അന്ധമായി ചെളി വാരിയെറിയൽ നടത്തുന്നവർ എന്നാണ് നന്നാവുക?