Friday, March 11, 2011

മുല്ലപ്പൂവിനു പിന്നിൽ പതിയിരുന്ന അപകടം
മാർച്ച് മാസം. വിദ്യാലയങ്ങളിലും വീടുകളിലും വാർഷികപരീക്ഷയുടെ ചൂട്.

ഇവിടത്തെ ഒന്നാംക്ലാസ്സുകാരനും പരീക്ഷ തുടങ്ങി. ഒരു ‘പേപ്പർ’ കഴിഞ്ഞു. അത് ഇംഗ്ലീഷ്.
അടുത്ത പേപ്പർ ഇത്തിരി കട്ടിയാണ്. മാതൃഭാഷയായ മലയാളം.
വായിക്കാനറിയാവുന്ന ചില അക്ഷരങ്ങൾ അവന് ‘വരയ്ക്കാൻ’ അറിയില്ല; വരയ്ക്കാനറിയാവുന്ന മറ്റുചിലത് വായിക്കാനറിയില്ല. വായിക്കാനും വരയ്ക്കാനും അറിയാവുന്ന അക്ഷരങ്ങളുടെ എണ്ണം നന്നേ കുറവ്.

അവന്റെ അമ്മ അടുക്കളപ്പണിക്കിടയിൽ അവനെ നാളത്തെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നു. കുറേ ചോദ്യങ്ങൾ എഴുതിയ പേപ്പർ കൊടുത്തിട്ട് അതിന്റെയെല്ലാം ഉത്തരങ്ങൾ എഴുതി വയ്ക്കാൻ അവനോട് ആവശ്യപ്പെട്ടിട്ട് അടുക്കളയിലേക്ക് പോകുന്നു. അവൻ പെൻസിലും പേപ്പറുമൊക്കെയായി എഴുതാനിരിക്കുന്നു. കൂട്ടത്തിൽ കിന്റർജോയ് വാങ്ങിയപ്പോൾ കിട്ടിയ ഒരു ചെറുകളിപ്പാട്ടത്തിന്റെ ഭാഗങ്ങളും കയ്യിൽ കരുതിയിട്ടുണ്ട്. രണ്ടുമൂന്നെണ്ണത്തിന് ഉത്തരം എഴുതിയിട്ട് അവൻ കളിപ്പാട്ടത്തിന്റെ ഭാഗങ്ങൾ യോജിപ്പിക്കാൻ നോക്കുന്നു. അത് ഒരു ചെറു പ്ലെയിനായി രൂപാന്തരം പ്രാപിക്കുന്നു.

“ മോനേ നീയത് എഴുതുന്നുണ്ടോ?” അടുക്കളയിൽ നിന്ന് അവന്റെ അമ്മയുടെചോദ്യം.
അമ്മമനസ്സ് നേരറിയുമെന്നാണല്ലോ.

“ എയ്താണ് അമ്മേ”

അവൻ പെട്ടെന്ന് ആ കളിപ്പാട്ടം മേശപ്പുറത്തു വച്ചിട്ട് വീണ്ടും ഉത്തരങ്ങൾ എഴുതാൻ തുടങ്ങുന്നു. കുറേ എഴുതിക്കഴിഞ്ഞപ്പോൾ അതാ അവന്റെ കൈ തട്ടി ആ പ്ലെയിൻ താഴെ വീഴുന്നു. അത് പലഭാഗങ്ങളായി വിട്ടു മാറുകയും ചെയ്തു. അവൻ എഴുത്തു നിറുത്തി ആ ഭാഗങ്ങൾ പെറുക്കി എടുത്ത് മേശപ്പുറത്തു വയ്ക്കുന്നു. വീണ്ടും ഉത്തരങ്ങൾ എഴുതുന്നു.

അവന്റെ അമ്മ അടുക്കളയിൽ നിന്ന് ഒന്നെത്തിനോക്കുന്നു. മോൻ എഴുതുകതന്നെയാണ്. അമ്മ അടുക്കളയിലേക്ക് പിൻ‌വാങ്ങി.

മോൻ ഒരിക്കൽ കൂടി എഴുത്തു നിറുത്തുന്നു. ആ പ്ലെയിനിന്റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാൻ നോക്കുന്നു.
കൃത്യം ഈ സമയത്ത് തന്നെ അമ്മ അടുക്കളയിൽ നിന്ന് ഒരിക്കൽ കൂടി എത്തിനോക്കുന്നു.
“ മോനേ.....” അമ്മ കണ്ണുരുട്ടുന്നു.

“ ദാ ഇപ്പം എയുതാമമ്മേ ”
അവൻ കളിപ്പാട്ടം താഴ്ത്തിവച്ച് വീണ്ടും എഴുതുന്നു.
അവന്റെ എഴുത്തുനിറുത്തലും കളിപ്പാട്ടം യോജിപ്പിക്കലും അമ്മയുടെ എത്തിനോട്ടവും ഭീഷണിയുമൊക്കെ ഒന്നുരണ്ടു വട്ടം കൂടി തുടരുന്നു.
അവസാനം എല്ലാം തീർത്തുകഴിഞ്ഞ് അവൻ അമ്മയെ വിളിക്കുന്നു
“ അമ്മേ എയുതിത്തീന്നൂ‍....”
“ ആ വച്ചേക്ക്. അമ്മ ഇപ്പോ വരാം”

അവൻ ടി.വി.യുടെ റിമോട്ട് കൈക്കലാക്കി ചാനൽ മാറ്റുന്നു. സ്ക്രീനിൽ ഛോട്ടാ ഭീം.

*** *** ***

അമ്മ അടുക്കളപ്പണിയൊക്കെ തീർത്ത് വരുന്നു. അവൻ എഴുതിയ ഉത്തരങ്ങൾ പരിശോധിക്കുന്നു.
മിക്കതും ശരിതന്നെന്നു തോന്നുന്നു. മോൻ മിടുക്കൻ തന്നെ.
അപ്പോഴതാ വരുന്നു ആക്രോശം
“ എടാ ഇവിടെ വാ, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ചുറ്റികയോ? ”
ഛോട്ടാ ഭീമനിൽ നിന്ന് കണ്ണു പറിക്കാതെ തന്നെ മോൻ ഉത്തരം പറയുന്നു “ ങും, സിന്ധു ടീച്ചർ പടിപ്പിച്ചതാണ് ”
“ നിന്റെ ബുക്കിങ്ങെടുത്തോണ്ടു വാടാ ”
മനസ്സില്ലാമനസ്സോടെ ഭീമനെ വിട്ട് അവൻ പോയി നോട്ടു ബുക്ക് എടുത്തുകൊണ്ടു വരുന്നു.
അതിൽ ആ ചോദ്യത്തിന് ചൂണ്ട എന്ന ഉത്തരം കാണിച്ചു കൊടുത്ത് അമ്മ മോന്റെ ചെവിക്കു പിടിക്കുന്നു.
അവൻ ഒരു കുഞ്ഞു ചിരിയോടെ തോൽ‌വി സമ്മതിക്കുന്നു “ അത് ഞാൻ മറന്നു പോയതാ അമ്മേ”

അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം കണ്ടപ്പോഴല്ലേ അമ്മ ആകെ അന്തം വിട്ടുപോയത് !
ഈ വാക്ക് ഉത്തരമായി വരുന്ന ഏതു ചോദ്യമാണ് താൻ ചോദിച്ചത്?

ചോദ്യങ്ങൾ എഴുതിയ പേപ്പർ എടുത്തു നോക്കി.
അതിലെ അവസാനത്തെ ചോദ്യം ഇതായിരുന്നു : ഒരു പൂവിന്റെ പേര് എഴുതുക.

ഒന്നല്ല, അഞ്ചു പൂക്കളുടെ പേരുകൾ മോന് അറിയാം.

ഈ ചോദ്യത്തിന് ഉത്തരമായി അവൻ എഴുതാൻ ഉദ്ദേശിച്ചത് “ മുല്ല” എന്നായിരുന്നു.
അതിൽ ആദ്യത്തെ അക്ഷരം അവൻ ശരിയായി തന്നെ എഴുതിയിട്ടുണ്ട്.
പക്ഷേ.....
രണ്ടാമത്തെ അക്ഷരം ഇരട്ടിപ്പിച്ചിട്ടില്ല !!!!!!

പഠിപ്പിക്കാനിരിക്കുമ്പോൾ മഹാഗൌരവക്കാരിയായി മാറുന്ന അമ്മ എന്തേ ഇങ്ങനെ തലകുത്തിക്കിടന്നു ചിരിക്കാൻ എന്നു മനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും അവനും കുഞ്ഞരിപ്പല്ലുകൾ കാട്ടി അമ്മയെ കെട്ടിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി.

ആ ‘ചുറ്റികപ്രയോഗം’ കേട്ടപ്പോൾ തന്നെ ചിരിച്ച് ശ്വാസം മുട്ടാൻ തുടങ്ങിയ എന്റെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോ.
*******************************************************

വാൽക്കഷ്ണം :

നമ്മുടെ സംസ്ഥാനത്തിന്റെ പേരെന്ത്?
ഒരാളിന്റെ ഉത്തരം : കോരളം
മറ്റൊരാളിന്റെ ഉത്തരം : കരളം

വെള്ളത്തിൽ കൂടി സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ പേര്?
ഉത്തരം : തുണി

അതിരാവിലെ നമ്മെ കൂകിഉണർത്തുന്ന ഒരു പക്ഷി ?
ഉത്തരം : പവൻ‌ കിഴി

ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചിട്ടുള്ള ആശാട്ടിമാരാണ് ഈ മോന്റെ അമ്മയും ചിറ്റമാരും.
ഇതൊക്കെ കാണുമ്പോൾ ഒന്നാം ക്ലാസ്സിലെ ടീച്ചർ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. മനസ്സു തുറന്നു ചിരിക്കാനുള്ള വക ധാരാളം കിട്ടുമായിരുന്നു.
'Einstein's theory of relativity is the theory of relatives' എന്നൊക്കെയുള്ള high grade തമാശകൾ കണ്ടിട്ടുണ്ട് ഉത്തരക്കടലാസ്സുകളിൽ. എന്നാലും അതൊക്കെ ഈ നിഷ്കളങ്കതൾക്ക് മുന്നിൽ എത്ര നിഷ്പ്രഭം !

K.C. Geetha.