Friday, March 11, 2011

മുല്ലപ്പൂവിനു പിന്നിൽ പതിയിരുന്ന അപകടം
മാർച്ച് മാസം. വിദ്യാലയങ്ങളിലും വീടുകളിലും വാർഷികപരീക്ഷയുടെ ചൂട്.

ഇവിടത്തെ ഒന്നാംക്ലാസ്സുകാരനും പരീക്ഷ തുടങ്ങി. ഒരു ‘പേപ്പർ’ കഴിഞ്ഞു. അത് ഇംഗ്ലീഷ്.
അടുത്ത പേപ്പർ ഇത്തിരി കട്ടിയാണ്. മാതൃഭാഷയായ മലയാളം.
വായിക്കാനറിയാവുന്ന ചില അക്ഷരങ്ങൾ അവന് ‘വരയ്ക്കാൻ’ അറിയില്ല; വരയ്ക്കാനറിയാവുന്ന മറ്റുചിലത് വായിക്കാനറിയില്ല. വായിക്കാനും വരയ്ക്കാനും അറിയാവുന്ന അക്ഷരങ്ങളുടെ എണ്ണം നന്നേ കുറവ്.

അവന്റെ അമ്മ അടുക്കളപ്പണിക്കിടയിൽ അവനെ നാളത്തെ പരീക്ഷയ്ക്ക് തയ്യാറെടുപ്പിക്കുന്നു. കുറേ ചോദ്യങ്ങൾ എഴുതിയ പേപ്പർ കൊടുത്തിട്ട് അതിന്റെയെല്ലാം ഉത്തരങ്ങൾ എഴുതി വയ്ക്കാൻ അവനോട് ആവശ്യപ്പെട്ടിട്ട് അടുക്കളയിലേക്ക് പോകുന്നു. അവൻ പെൻസിലും പേപ്പറുമൊക്കെയായി എഴുതാനിരിക്കുന്നു. കൂട്ടത്തിൽ കിന്റർജോയ് വാങ്ങിയപ്പോൾ കിട്ടിയ ഒരു ചെറുകളിപ്പാട്ടത്തിന്റെ ഭാഗങ്ങളും കയ്യിൽ കരുതിയിട്ടുണ്ട്. രണ്ടുമൂന്നെണ്ണത്തിന് ഉത്തരം എഴുതിയിട്ട് അവൻ കളിപ്പാട്ടത്തിന്റെ ഭാഗങ്ങൾ യോജിപ്പിക്കാൻ നോക്കുന്നു. അത് ഒരു ചെറു പ്ലെയിനായി രൂപാന്തരം പ്രാപിക്കുന്നു.

“ മോനേ നീയത് എഴുതുന്നുണ്ടോ?” അടുക്കളയിൽ നിന്ന് അവന്റെ അമ്മയുടെചോദ്യം.
അമ്മമനസ്സ് നേരറിയുമെന്നാണല്ലോ.

“ എയ്താണ് അമ്മേ”

അവൻ പെട്ടെന്ന് ആ കളിപ്പാട്ടം മേശപ്പുറത്തു വച്ചിട്ട് വീണ്ടും ഉത്തരങ്ങൾ എഴുതാൻ തുടങ്ങുന്നു. കുറേ എഴുതിക്കഴിഞ്ഞപ്പോൾ അതാ അവന്റെ കൈ തട്ടി ആ പ്ലെയിൻ താഴെ വീഴുന്നു. അത് പലഭാഗങ്ങളായി വിട്ടു മാറുകയും ചെയ്തു. അവൻ എഴുത്തു നിറുത്തി ആ ഭാഗങ്ങൾ പെറുക്കി എടുത്ത് മേശപ്പുറത്തു വയ്ക്കുന്നു. വീണ്ടും ഉത്തരങ്ങൾ എഴുതുന്നു.

അവന്റെ അമ്മ അടുക്കളയിൽ നിന്ന് ഒന്നെത്തിനോക്കുന്നു. മോൻ എഴുതുകതന്നെയാണ്. അമ്മ അടുക്കളയിലേക്ക് പിൻ‌വാങ്ങി.

മോൻ ഒരിക്കൽ കൂടി എഴുത്തു നിറുത്തുന്നു. ആ പ്ലെയിനിന്റെ ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കാൻ നോക്കുന്നു.
കൃത്യം ഈ സമയത്ത് തന്നെ അമ്മ അടുക്കളയിൽ നിന്ന് ഒരിക്കൽ കൂടി എത്തിനോക്കുന്നു.
“ മോനേ.....” അമ്മ കണ്ണുരുട്ടുന്നു.

“ ദാ ഇപ്പം എയുതാമമ്മേ ”
അവൻ കളിപ്പാട്ടം താഴ്ത്തിവച്ച് വീണ്ടും എഴുതുന്നു.
അവന്റെ എഴുത്തുനിറുത്തലും കളിപ്പാട്ടം യോജിപ്പിക്കലും അമ്മയുടെ എത്തിനോട്ടവും ഭീഷണിയുമൊക്കെ ഒന്നുരണ്ടു വട്ടം കൂടി തുടരുന്നു.
അവസാനം എല്ലാം തീർത്തുകഴിഞ്ഞ് അവൻ അമ്മയെ വിളിക്കുന്നു
“ അമ്മേ എയുതിത്തീന്നൂ‍....”
“ ആ വച്ചേക്ക്. അമ്മ ഇപ്പോ വരാം”

അവൻ ടി.വി.യുടെ റിമോട്ട് കൈക്കലാക്കി ചാനൽ മാറ്റുന്നു. സ്ക്രീനിൽ ഛോട്ടാ ഭീം.

*** *** ***

അമ്മ അടുക്കളപ്പണിയൊക്കെ തീർത്ത് വരുന്നു. അവൻ എഴുതിയ ഉത്തരങ്ങൾ പരിശോധിക്കുന്നു.
മിക്കതും ശരിതന്നെന്നു തോന്നുന്നു. മോൻ മിടുക്കൻ തന്നെ.
അപ്പോഴതാ വരുന്നു ആക്രോശം
“ എടാ ഇവിടെ വാ, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ചുറ്റികയോ? ”
ഛോട്ടാ ഭീമനിൽ നിന്ന് കണ്ണു പറിക്കാതെ തന്നെ മോൻ ഉത്തരം പറയുന്നു “ ങും, സിന്ധു ടീച്ചർ പടിപ്പിച്ചതാണ് ”
“ നിന്റെ ബുക്കിങ്ങെടുത്തോണ്ടു വാടാ ”
മനസ്സില്ലാമനസ്സോടെ ഭീമനെ വിട്ട് അവൻ പോയി നോട്ടു ബുക്ക് എടുത്തുകൊണ്ടു വരുന്നു.
അതിൽ ആ ചോദ്യത്തിന് ചൂണ്ട എന്ന ഉത്തരം കാണിച്ചു കൊടുത്ത് അമ്മ മോന്റെ ചെവിക്കു പിടിക്കുന്നു.
അവൻ ഒരു കുഞ്ഞു ചിരിയോടെ തോൽ‌വി സമ്മതിക്കുന്നു “ അത് ഞാൻ മറന്നു പോയതാ അമ്മേ”

അവസാനത്തെ ചോദ്യത്തിന്റെ ഉത്തരം കണ്ടപ്പോഴല്ലേ അമ്മ ആകെ അന്തം വിട്ടുപോയത് !
ഈ വാക്ക് ഉത്തരമായി വരുന്ന ഏതു ചോദ്യമാണ് താൻ ചോദിച്ചത്?

ചോദ്യങ്ങൾ എഴുതിയ പേപ്പർ എടുത്തു നോക്കി.
അതിലെ അവസാനത്തെ ചോദ്യം ഇതായിരുന്നു : ഒരു പൂവിന്റെ പേര് എഴുതുക.

ഒന്നല്ല, അഞ്ചു പൂക്കളുടെ പേരുകൾ മോന് അറിയാം.

ഈ ചോദ്യത്തിന് ഉത്തരമായി അവൻ എഴുതാൻ ഉദ്ദേശിച്ചത് “ മുല്ല” എന്നായിരുന്നു.
അതിൽ ആദ്യത്തെ അക്ഷരം അവൻ ശരിയായി തന്നെ എഴുതിയിട്ടുണ്ട്.
പക്ഷേ.....
രണ്ടാമത്തെ അക്ഷരം ഇരട്ടിപ്പിച്ചിട്ടില്ല !!!!!!

പഠിപ്പിക്കാനിരിക്കുമ്പോൾ മഹാഗൌരവക്കാരിയായി മാറുന്ന അമ്മ എന്തേ ഇങ്ങനെ തലകുത്തിക്കിടന്നു ചിരിക്കാൻ എന്നു മനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും അവനും കുഞ്ഞരിപ്പല്ലുകൾ കാട്ടി അമ്മയെ കെട്ടിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി.

ആ ‘ചുറ്റികപ്രയോഗം’ കേട്ടപ്പോൾ തന്നെ ചിരിച്ച് ശ്വാസം മുട്ടാൻ തുടങ്ങിയ എന്റെ കാര്യം പിന്നെ പറയുകയും വേണ്ടല്ലോ.
*******************************************************

വാൽക്കഷ്ണം :

നമ്മുടെ സംസ്ഥാനത്തിന്റെ പേരെന്ത്?
ഒരാളിന്റെ ഉത്തരം : കോരളം
മറ്റൊരാളിന്റെ ഉത്തരം : കരളം

വെള്ളത്തിൽ കൂടി സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ പേര്?
ഉത്തരം : തുണി

അതിരാവിലെ നമ്മെ കൂകിഉണർത്തുന്ന ഒരു പക്ഷി ?
ഉത്തരം : പവൻ‌ കിഴി

ഇങ്ങനെയൊക്കെ എഴുതിപ്പിടിപ്പിച്ചിട്ടുള്ള ആശാട്ടിമാരാണ് ഈ മോന്റെ അമ്മയും ചിറ്റമാരും.
ഇതൊക്കെ കാണുമ്പോൾ ഒന്നാം ക്ലാസ്സിലെ ടീച്ചർ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. മനസ്സു തുറന്നു ചിരിക്കാനുള്ള വക ധാരാളം കിട്ടുമായിരുന്നു.
'Einstein's theory of relativity is the theory of relatives' എന്നൊക്കെയുള്ള high grade തമാശകൾ കണ്ടിട്ടുണ്ട് ഉത്തരക്കടലാസ്സുകളിൽ. എന്നാലും അതൊക്കെ ഈ നിഷ്കളങ്കതൾക്ക് മുന്നിൽ എത്ര നിഷ്പ്രഭം !

K.C. Geetha.

28 comments:

പട്ടേപ്പാടം റാംജി said...

അക്ഷരങ്ങള്‍ വരക്കാനറിയാത്ത ഇപ്പോഴത്തെ കുട്ടികള്‍ അല്ലെ. വളരെ രസമായി അവതരിപ്പിച്ചിരിക്കുന്നു. ചിരി പൊട്ടുന്നത്‌ അറിയാതെ. എത്ര കോമഡി പരിപാടികള്‍ കണ്ടാലും ഇത്തരം ഒറിജിനാലിറ്റി കിട്ടാറില്ല.
ഇന്ന് സംഭവിക്കുന്ന കാര്യങ്ങള്‍ ഒന്നും ചേര്‍ക്കാതെ പറഞ്ഞപ്പോള്‍ അത് എല്ലാ നിലക്കും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. ഒരു കൊച്ചുമനസ്സിന്റെ വിചാരങ്ങളും ചെയ്തികളും ഒരു കുസൃതി കണ്മുന്നില്‍ കാണിക്കുന്നത് പോലെ അനുഭവപ്പെട്ടു.

വീകെ said...

ഇന്നത്തെ കുഞ്ഞുങ്ങൾക്ക് മലയാളം ഇത്തിരി കട്ടി കൂടിയ വിഷയം തന്നെയാണ്.

പണ്ടും അങ്ങനെ തന്നെ ആയിരുന്നു. എത്രയൊക്കെ നന്നായിട്ടെഴുതിയാലും മാർക്ക് തരാൻ നമ്മുടെ മലയാളം മാഷ്മാർക്ക് പിശുക്കായിരുന്നു. എന്നാൽ മറ്റുള്ള വിഷയങ്ങൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യും. അതു കൊണ്ടു തന്നെ മലയാളത്തോട് ഒരു അലർജി പണ്ടേ മുതലുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ മലയാളം തന്നെ നാണക്കേടയിട്ടാണ് തോന്നുന്നത്. എല്ലാവരും ‘മലയാലം’ പറയാനാണല്ലൊ ഇഷ്ടപ്പെടുന്നത്. ഇപ്പോഴത്തെ മലയാലം വായിച്ചാലും കേട്ടാലും ചിരിക്കാതിരിക്കാൻ പറ്റുമോ....

നാന്നായിരിക്കുന്നു ഗീതാജി....
ആശംസകൾ....

Kalavallabhan said...

ചിരി വരും എന്നാലും..
ഇന്ന് അക്ഷരം പഠിപ്പിക്കുന്നതെങ്ങനെയെന്നെ അലോചിച്ചു നോക്കൂ. പണ്ടോ ?
കൂട്ടക്ഷരം എങ്ങനെ ഉണ്ടാവുന്നു, എങ്ങനെ എപ്പോൾ എഴുതണം എന്നൊക്കെ അറിയാതെ അത്രയും എഴുതിയ അവൻ മിടുക്കൻ തന്നെ.

ശ്രീ said...

രസമായി വായിച്ചു.

മലയാളം മീഡിയം ആയിരുന്നിട്ടു കൂടി പണ്ടു ഞാനൊരു ആന മണ്ടത്തരം എഴുതി വച്ചിട്ടുണ്ട്... ഒരു പൊതുവിജ്ഞാന പരീക്ഷയില്‍

Rare Rose said...

ഗീതേച്ചീ.,കുഞ്ഞു ലോകം നന്നായി ചിരിപ്പിച്ചു.എനിക്കെന്റെ കരിമ്പൂച്ച മണ്ടത്തരം ഓര്‍മ്മ വന്നു.:))

ശ്രീനാഥന്‍ said...

കുട്ടികളുടെ പഠനത്തമാശകൾ വളരെ രസകരമായി. ഇനീം എയുതട്ടേ!

lakshmi said...

ചിരിച്ചു .. പാവം കുട്ടി ..അവനെന്തറിയാം .. നന്നായിരിക്കുന്നു ..ആശംസകൾ....

നികു കേച്ചേരി said...

ഇതേ പോലൊരുത്തൻ വീട്ടിലുണ്ട്..ഒന്നാം ക്ലാസന്നെ...ഇപ്പൊ എക്സാം ബ്രെയ്ക്ക് തകർക്കുന്നു.

sreee said...

വല്ല്യകുട്ടികൾ എഴുതിവയ്ക്കുന്ന മണ്ടത്തരങ്ങളുമായി നോക്കിയാൽ ഈ ഒന്നാം ക്ലാസ്സുകാരൻ മിടുക്കൻ തന്നെ.ഒരക്ഷരം പോയതല്ലേയുള്ളു. നിഷ്കളങ്കമായി ചിരിപ്പിച്ചതിനു കുഞ്ഞിനു നന്ദി പറയണം.

SHANAVAS said...

ഇപ്പോഴത്തെ കുട്ടികളില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കരുത് ഗീതാജി.
അവന്‍ ഇത്രയെങ്കിലും ചെയ്തല്ലോ.വലിയ ക്ലാസിലെ ഒരു വിദ്യാര്‍ഥി
എഴുതിയത് കരയിലെ ഏറ്റവും വലിയ ജീവി ആമ എന്നാണു.തെറ്റ്
ചൂണ്ടിക്കാട്ടിയപ്പോള്‍ പറഞ്ഞത് ആണ് രസം.പകുതി ശരിയായയത്
കൊണ്ട് പകുതി മാര്‍ക്ക് കൊടുക്കണമെന്ന്.
നല്ല പോസ്റ്റ്‌.നന്നായി ആസ്വദിച്ചു.ആശംസകള്‍.

ഗീത said...

അന്ന് ചിരിച്ചൊരു വഴിയായി. അടുത്ത ദിവസം പരീക്ഷക്ക് അതേ ചോദ്യം തന്നെ വന്നു - ഒന്നിനു പകരം രണ്ടു പൂക്കളുടെ പേരെഴുതാൻ. അതിന് അവൻ മുല്ല എന്നും താമര എന്നും ഉത്തരം എഴുതിയത്രേ. അവന്റെ അമ്മ ചോദിച്ചു, ‘നീ ല യുടെ അടിയിൽ ആ വളഞ്ഞ വര ഇട്ടോ?’ ഓ ഇട്ടു എന്ന് അവന്റെ റെഡി ഉത്തരം. ഒരു നിമിഷം കഴിഞ്ഞ് അവനു തന്നെ ഒരു സംശയം എന്നപോലെ നിന്ന് ആലോചിക്കുന്നു. അവന്റെ അമ്മ തലയിൽ കൈ വച്ചു വിളിച്ചു പോയി എന്റീശ്വരാ...

ഒക്കെ കണ്ടിട്ട് ഒരു കൂട്ടുകാരിയുടെ കമന്റ് ഇങ്ങനെ : ആ ചോദ്യങ്ങൾക്ക് ഉത്തരമായില്ലെങ്കിലെന്ത് അക്ഷരത്തെറ്റ് വന്നിട്ടായാലെന്ത് നല്ല അർത്ഥവത്തായ വാക്കുകളല്ലേ പകരം അവരെഴുതി വച്ചത് !

റാംജി, കുഞ്ഞുങ്ങളെപ്പോലെ നമ്മെ ചിരിപ്പിക്കാൻ മറ്റാർക്കു കഴിയും? നന്ദി വായനക്കും ആദ്യകമന്റിനും.

വി.കെ., ആ പറഞ്ഞത് വളരെ ശരി. ഞാനൊക്കെ രണ്ടാം ഭാഷയായി എടുത്തത് ഹിന്ദി ആയിരുന്നു. അത് ഈ ഒറ്റക്കാരണം കൊണ്ടു തന്നെ ആയിരുന്നു.മലയാളമായാൽ ഒരുപാട് വായിക്കണം ഒരുപാട് എഴുതണം പക്ഷേ മാർക്ക് വരുമ്പോൾ കുറവും. സത്യമായും ഇപ്പോൾ സങ്കടമുണ്ട് മലയാളം പഠിക്കാതിരുന്നതിൽ. സന്തോഷം ഇത് വായിച്ചതിൽ.

കലാവല്ലഭൻ, ഇന്ന് എല്ലാം ഫാസ്റ്റ് അല്ലേ? അതായിരിക്കും ഈ കൺഫ്യൂഷൻ കുട്ടികൾക്ക്. പണ്ടൊക്കെ ഇത്തിരി സമയം എടുത്തല്ലേ ഇതൊക്കെ പഠിപ്പിക്കുന്നത്. സന്തോഷം കേട്ടോ.

ശ്രീ, ആ ആനമണ്ടത്തരം വായിച്ചു. പക്ഷേ അതൊരു ആനമണ്ടത്തരമാണെന്ന് ഞാൻ സമ്മതിച്ചു തരില്ലെന്നു മാത്രം. ആ പ്രായത്തിൽ അങ്ങനെ തോന്നുക സ്വാഭാവികം മാത്രം. ആരോ അതിൽ കമന്റ് എഴുതിയ പോലെ ശ്രീക്ക് യോഗമില്ലാതെ പോയി അത്രേയുള്ളൂ :))

റോസ്, കുഞ്ഞുങ്ങളായാൽ ഇത്തിരി മണ്ടത്തരമൊക്കെ കാട്ടണ്ടേ? ആ നിഷ്കളങ്കത്വം ഒരു രസമല്ലേ?

ശ്രീനാഥൻ, കുട്ടികളുമായി ഇടപഴകിയാൽ ഇതുപോലെ ധാരാളം തമാശകൾ ആസ്വദിക്കാം. വന്നതിലും വായിച്ചതിലും സന്തോഷം.

ലക്ഷ്മീ, അതേ അവനെന്തറിയാം ! അമ്മ പൊട്ടിച്ചിരിച്ചപ്പോൾ അവനും കൂട്ടത്തിൽ കൂടി! സന്തോഷം ലക്ഷ്മീ.

നികു, അപ്പോൾ ഇതുപോലെ അവിടേയും അവനുമായി ഗുസ്തിയായിരിക്കും അല്ലേ? ജീവിതത്തിൽ പിന്നോർക്കാൻ പറ്റിയ സുന്ദരമുഹൂർത്തങ്ങളുമായിരിക്കും അവ.

sreee, തീർച്ചയായും അവന് നന്ദി പറയണം. മലയാളം അക്ഷരങ്ങൾ എഴുതുന്നതിന് അവൻ ‘വരയ്ക്കുക’ എന്നാ പറയുക :)

ഷാനവാസ്, അത് ഇതിൽ നിന്നും വലിയ തമാശയായി. :) എന്തായാലും ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റിയ മോൻ അല്ലേ? അവകാശങ്ങൾ പിടിച്ചുപറ്റാൻ ഇപ്പോഴേ അറിയാം :))

Unknown said...

ഒരു ചിരിയുടെ ഒര്‍ജിനാലിറ്റി കിട്ടണമെങ്കില്‍ ഇതുപോലെ നിഷകളങ്കമായ ചെയ്തികള്‍ കാണണം.

amith murali said...

nannayitundeeee
aashmasakkal...

വാഴക്കോടന്‍ ‍// vazhakodan said...

വളരെ രസമായി എഴുതി!
കുട്ടിക്കാലം ഓര്‍ത്തു പോയി ഞാന്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ലൊരു നർമ്മ വല്ലഭയായി ഇത്തവണ അവതരിച്ചതിൽ ഒരു ഹാറ്റ്സ് ഓഫ് കേട്ടൊ ഗീതാജി...

മലയാളത്തിന്റെ അക്ഷര വരകൾ കൊണ്ട് ആ അമ്മയേയും മോനെയും സുന്ദാമായി വരച്ചിട്ടിരിക്കുന്നൂ....

മോനെഴുതിയ... മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും ആ വാക്കിനിമുണ്ടല്ലോ ഒരു സൌന്ദര്യം...അല്ലേ!

the man to walk with said...

എവെരെസ്റ്റ് കീഴടക്കിയത് ആര് എന്ന് ചോദ്യം ..

ആന മുടി എന്ന വീരന്‍ ..അങ്ങിനെ ഒരു ഉത്തരം കണ്ടു ഞെട്ടിയിട്ടുണ്ട് കുറേ കാലം മുന്‍പ് ..

അതെല്ലാം ഓര്‍ത്തു പോയി ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ..
ആശംസകള്‍

ഗീത said...

ഉണ്ണികൃഷ്ണൻ, ആ പറഞ്ഞത് വളരെ ശരി.

അമിത്, സന്തോഷം കേട്ടോ വായിക്കാൻ വന്നതിൽ.

വാഴക്കോടാ, നർമ്മത്തിന്റെ ആശാനായ ആളിൽ നിന്ന് ഇങ്ങനൊരു അഭിപ്രായം കേട്ടതിൽ വളരെ വളരെ സന്തോഷം.

ബിലാത്തീ, ആ പ്രശംസാവചനങ്ങൾക്ക് അർഹതയുണ്ടോ? ഞാൻ നർമ്മ വല്ലഭയായതുകൊണ്ടല്ല എന്റെ കൊച്ചുമോൻ തന്ന അവസരം കൊണ്ടല്ലേ? :) എന്തായാലും മനസ്സു നിറഞ്ഞു.

ദി മാൻ... പിന്നേയും ചിരിക്കാൻ ഒരു വകയും കൂടി. അതൊക്കെ കണ്ട് ഞെട്ടണ്ട, നല്ല വണ്ണം മനസ്സ് തുറന്നങ്ങ് പൊട്ടിച്ചിരിക്കുക. Centralised Valuationന് പോകുമ്പോൾ ഞാൻ ചിലപ്പോൾ കഷ്ടപ്പെടും ഉത്തരക്കടലാസ്സുകളിലെ തമാശകൾ വായിച്ച് ചിരിയടക്കാൻ വയ്യാതെ. പണ്ട് എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഒരു സംഗതി ഇതാണ് : Ratio എന്ന വാക്കിനു പകരം പല കുട്ടികളും Ration എന്നാവും എഴുതിയിരിക്കുക. അറിയാതെ ഒരു 'n' കൂടി വന്നുപോകുന്നതാവും....

Anya said...

Hi Geetha how are you :-)

Sending your hugs
:-)

Anya said...

Oh..oh.. Geetha
so sad news :(
Chinnu must be so special for you
she was a sweetheart for you
and now ....... tears.
We always asking WHY WHY WHY ...
I have no answer WHY !!!!

I send you many hugs
I wish I could hold your hand now
and give you a real hug !!!!


Take care
and I now sure
Chinnu is forever in your heart.

Anya said...

I must always think on you.
Take care ....
Chinnu loves you very much
I now sure !!

((hugs))

jyo.mds said...

ഈയിടെ നാട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ എന്നും കാണാറുള്ള ഒരു കാഴ്ച ആയിരുന്നു ഇത്.ഒരു ഒന്നാം ക്ലാസ്സ്കാരിയെ അവളുടെ അമ്മ പഠിപ്പിക്കുന്നത്-പുസ്തകങ്ങള്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി.ഈ കുരുന്നുകള്‍ക്ക് കളിക്കാന്‍ സമയമെവിടെ?

OAB/ഒഎബി said...

കുട്ടി എഴുതിയ പൂവിന്റെ പേര് തെറ്റിയാലെന്തുവാ, വായിച്ചവര്‍ക്ക് ചിരിക്കാനായില്ലേ. ഇനിയിത് അടുത്ത് മിമിക്രിയില്‍ വരും
നല്ല തമാശയായി ട്ടോ

Anya said...

Happy Weekend or
Happy Easter to all from
Kareltje =^.^= Betsie >^.^<
Anya :)

:)

http://www.youtube.com/watch?v=nS_qJwxjYQk


_♥♥_♥♥
_♥♥___♥♥
_♥♥___♥♥_________♥♥♥♥
_♥♥___♥♥_______♥♥___♥♥♥♥
_♥♥__♥♥_______♥___♥♥___♥♥
__♥♥__♥______♥__♥♥__♥♥♥__♥♥
___♥♥__♥____♥__♥♥_____♥♥__♥_____
____♥♥_♥♥__♥♥_♥♥________♥♥
____♥♥___♥♥__♥♥
___♥___________♥
__♥_____________♥
_♥____♥_____♥____♥
_♥____/___@_____♥
_♥______/♥__/___♥
___♥_____W_____♥
_____♥♥_____♥♥
_______♥♥♥♥♥

priyag said...

ഈ കുട്ടി പ്പുരാണം ഇഷ്ട്ടായി

ബൈജു (Baiju) said...

കൊച്ചുമോന്റെ വിശേഷങ്ങൾ നന്നായി, ഗീതേച്ചീ....പണ്ടത്തെ ഓർമ്മകളിലേക്കു തിരിച്ചുപോയി..

ബഷീർ said...

കൊള്ളാം :) :)
ഞാനാ ടൈപ്പല്ല

Echmukutty said...

ഈ പോസ്റ്റ് വായിയ്ക്കാൻ താമസിച്ചു പോയി. നന്നായി എയുതീട്ടുണ്ട് കേട്ടൊ.

raadha said...

ഗീതേച്ചി, ഇഷ്ടായീട്ടോ പോസ്റ്റ്‌. ഇത് ഇവിടെ പങ്കു വെച്ചത് കൊണ്ട് ഞങ്ങള്‍ക്കും മനസ്സ് തുറന്നു ചിരിക്കാന്‍ ഒരവസരം കിട്ടി.