Monday, December 14, 2009

യാത്രയിലെ കൂട്ടുകാരി

മയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെദൂരമുണ്ട് വണ്ടിയോടിച്ചു പോകാന്‍. ഏഴുമണി കഴിയും എന്തായാലും അവിടെ എത്തിപ്പറ്റാന്‍. ഡ്രൈവിങ്ങിന്റെ വിരസത അകറ്റാനായി അയാള്‍ ആ ചെറുകവലയില്‍ വണ്ടിനിറുത്തി. റോഡിന്റെ വലതു വശത്തു കണ്ട ചായക്കടയില്‍ കയറി കടുപ്പത്തില്‍ ഒരു ചായ കുടിച്ചു. അവിടെ ഒരഞ്ചുമിനിറ്റ് ഇരുന്ന് പരിസരം വീക്ഷിച്ചു.

ഒട്ടും പുരോഗമനം എത്താത്ത നാട്ടിന്‍പുറം. ബഞ്ചുകളും ഡസ്കുമിട്ട ഈ ചായക്കടതന്നെ അവിടത്തെ ഏറ്റവും വലിയ സ്ഥാപനം. ഒരു മുറുക്കാന്‍ കട, തയ്യല്‍ക്കട, ഒരു പ്രൊവിഷന്‍ സ്റ്റോര്‍, ചെറിയൊരു ബേക്കറി - ഇത്രയുമൊക്കെ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. ഈ കെട്ടിടങ്ങള്‍ക്ക് പുറകിലായും, റോഡിന്റെ ഇരുപുറത്തുമായും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന വയലേലകളാണ്.

- സാറെങ്ങോട്ടാണാവോ?
ചായക്കടക്കാരന്‍ ലോഹ്യം ചോദിച്ചു.
- വില്വപുരത്തേക്ക് -
- ഓ അങ്ങോട്ടാണെങ്കി എനി ഒരുവാട് വണ്ടിയോടിക്കണല്ലോ -
- ഉവ്വോ?
അയാള്‍ എണീറ്റു. കൂടുതല്‍ വിശ്രമിച്ചാല്‍ പറ്റില്ല.

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മെല്ലെ മുന്നോട്ടെടുക്കുന്നതിനിടയില്‍ ചായക്കടയുടെ വാ‍തില്‍ക്കല്‍ നിന്ന് തന്നെത്തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന ചായക്കടക്കാരനു നേരേ കൈവീശി. മുന്നില്‍ ഒരു ചെറിയ വളവാണ്. വണ്ടി മുന്നോട്ടെടുത്ത് ഗിയര്‍ മാറ്റുന്നതിനിടയിലാണ് കണ്ടത്, റോഡിന്റെ ഇടതുവശത്തായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. അവള്‍ കാറിനു നേരേ കൈ കാണിച്ചു. അയാള്‍ ഒന്നു സംശയിച്ചു എങ്കിലും കാര്‍ നിറുത്തി.

- സര്‍, വില്വപുരത്തേക്കാണോ?
- അതേ -
- ഞാനതിനടുത്തു വരേയാ. എന്നെയൊന്നു ഡ്രോപ്പ് ചെയ്യുമോ?

അയാള്‍ ആകെ ആശയക്കുഴപ്പത്തിലായി. കാറില്‍ കയറ്റണോ? ആരേയും വിശ്വസിച്ചുകൂടാത്ത കാലമാണ്.

അയാളുടെ മനസ്സു വായിച്ചിട്ടെന്ന പോലെ അവള്‍ കെഞ്ചി.
- സര്‍ പ്ലീസ് -

കാഴ്ചയില്‍ പ്രശ്നക്കാരിയാണെന്നൊന്നും തോന്നുന്നില്ല. ഒരു സാധാരണപെണ്‍കുട്ടി. ഇത്തിരി ഉയരക്കൂടുതല്‍ ഉണ്ടെന്നു തോന്നുന്നു. താന്‍ പോകുന്ന വഴിക്ക് ഒന്ന് ഡ്രോപ്പ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. പോരെങ്കില്‍ അവളെ കയറ്റാതെ പോയാല്‍ മനസ്സു തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും - ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാതിരുന്നതിന്.

അയാള്‍ റിമോട്ട് അമര്‍ത്തി ഡോര്‍ ലാച്ചുകള്‍ ഉയര്‍ത്തി.
അവള്‍ പിന്‍ സീറ്റില്‍ കയറി ഇടത്തേയറ്റം ചേര്‍ന്ന് ഇരുന്നു.

അവള്‍ കയറുന്നതിനിടയില്‍, അയാള്‍ പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആ ചായക്കടയും മറ്റും റോഡിന്റെ വളവുമൂലം കാഴ്ചയിലില്ല.

അവളുടെ സാന്നിദ്ധ്യം കാറിനുള്ളില്‍ സുഖകരമായൊരു പരിമളം പരത്തി. അതയാള്‍ നന്നേ ആസ്വദിച്ചു. എന്തിന്റെ വാസനയാണിത്? അയാളാലോചിച്ചു നോക്കി. ഏതായാലും മുല്ലപ്പൂവിന്റേയോ പിച്ചിപ്പൂവിന്റേയോ വാസനയല്ല. പിന്നെ?

കാര്‍ സ്പീഡില്‍ ഓടാന്‍ തുടങ്ങി. പുറകിലിരിക്കുന്ന പെണ്‍കുട്ടി യാതൊരു സംഭാഷണത്തിനും മുതിരുന്നില്ല. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി അയാള്‍ ചോദിച്ചു.

- കുട്ടിക്ക് എവിടാ ഇറങ്ങേണ്ടത്?
- വില്വപുരത്തു നിന്ന് രണ്ടുകിലോമീറ്റര്‍ അപ്പുറം -

വീണ്ടും മൌനം. അതുടയ്ക്കാന്‍ പിന്നെ അയാളും ശ്രമിച്ചില്ല.

കുഴപ്പമില്ല. തനിക്കു വില്വപുരത്തു നിന്ന് നാലഞ്ചു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോകണമല്ലോ. വഴിയില്‍ ഈ പെണ്‍കുട്ടിയെ ഇറക്കാം.

കാര്‍ നല്ല സ്പീഡില്‍ ഓടുകയാണ്. വളരെ വിജനമായ പാത. ഒരു മനുഷ്യജീവി പോയിട്ട് ഒരു നാല്‍ക്കാലിയെ പോലും എങ്ങും കാണാനില്ല. റോഡിന്റെ ഇരുവശങ്ങളിലും കൃഷിയൊന്നുമില്ലാതെ ഉണങ്ങിവരണ്ടു കിടക്കുന്ന പാടശേഖരം മാത്രം. അപൂര്‍വ്വമായി മാത്രം റോഡരികില്‍ തണല്‍മരങ്ങള്‍.

സന്ധ്യാംബരത്തിന് വല്ലാത്തൊരു ചോരച്ച നിറമാണിന്ന് എന്ന് അയാള്‍ക്ക് തോന്നി.

പിന്നിലെ പെണ്‍കുട്ടി ഇപ്പോഴും മൌനത്തിന്റെ വല്‍മീകത്തില്‍ തന്നെ. ഇട്യ്ക്ക് അവളവിടെ ഉണ്ടോന്നുപോലും അയാള്‍ സംശയിച്ചു. ഒന്നു തല ചരിച്ചു നോക്കിയാല്‍ റെയര്‍മിററിലൂടെ അവളുടെ വസ്ത്രത്തിന്റെ തുമ്പു കാണാമായിരുന്നു.

ഡ്രൈവിങ്ങിനിടയില്‍ പലതവണ അവളുടെ സാന്നിദ്ധ്യം അയാള്‍ മിററിലൂടെ നോക്കി ഉറപ്പു വരുത്തി.
വെളുത്ത ചുരീദാറായിരുന്നു അവളുടെ വേഷം. സുന്ദരിയാണോന്നു ചോദിച്ചാല്‍ ആണെന്നോ അല്ലെന്നോ പറയാന്‍ അയാളുടെ മനസ്സു കൂട്ടാക്കിയില്ല. കുനിഞ്ഞു ലിഫ്റ്റ് ചോദിക്കുന്നതിനിടയില്‍, അവളുടെ പല്ലുകളില്‍ കമ്പിയിട്ടിരുന്നതായി കണ്ട കാര്യം അയാള്‍ ഓര്‍ത്തു.

അവള്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, ആ മൌനത്തെ ബഹുമാനിക്കാം എന്നയാള്‍ കരുതി. ഒന്നുമില്ലെങ്കിലും, ഈ സന്ധ്യനേരത്ത്, വിജനമായ ഈ വീഥിയിലൂടെ, വളരെ അകലെയൊരിടത്തേക്ക് യാത്ര ചെയ്യാനായി ഒരന്യപുരുഷനായ തന്നെ വിശ്വാസത്തിലെടുത്തതല്ലേ? അവള്‍ പറയാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ കിണ്ടിക്കിളച്ച് ചോദിച്ച് ആ വിശ്വാസത്തിന് കോട്ടം തട്ടിക്കണ്ട. അവള്‍ ഇങ്ങോട്ടു പറയാന്‍ തുനിയുകയാണെങ്കില്‍ കേള്‍ക്കാം. എന്തെങ്കിലും ഹെല്പ് ആവശ്യപ്പെടുകയാണെങ്കില്‍ അതും ചെയ്തു കൊടുക്കാം. അയാള്‍ മനസ്സില്‍ കരുതി.

സന്ധ്യാംബരത്തിന്റെ ചുവപ്പും, വിജനമായ വീഥിയും, കനത്ത മൌനവും...

എല്ലാം കൂടി എന്തോ ഒരു പ്രത്യേകാന്തരീക്ഷം സൃഷ്ടിക്കുന്നതു പോലെ...

മൌനത്തിന്റെ മണ്‍കൂട് തകര്‍ക്കാന്‍ എം.പി.3 പ്ലേയര്‍ ഓണ്‍ ആക്കാമെന്നു വിചാരിച്ചു. പിന്നതു വേണ്ടെന്നു വച്ചു. സഹയാത്രികയ്ക്ക് ഇഷ്ടമായില്ലെങ്കിലൊ?

പാടശേഖരങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അവിടവിടെയായി കരിമ്പനകള്‍ എഴുന്നു നില്‍ക്കുന്നതു കാണായി. കടും ചുവപ്പാര്‍ന്ന സന്ധ്യാമേഘത്തിന്റെ പശ്ചാത്തലത്തില്‍ ഇരുണ്ട രൂപത്തില്‍ കാണപ്പെട്ട കരിമ്പനകള്‍ ഏതോ ഒരു ഭീതിദ ദൃശ്യം പോലെ അയാള്‍ക്കു തോന്നി.

ശ്ശേ, ഭീതിദ ദൃശ്യമെന്നോ?

അയാള്‍ ആ ചിന്തയെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. കവിഹൃദയമുണ്ടായിരുന്നെങ്കില്‍ നല്ലൊരു കവിത എഴുതാന്‍ പറ്റിയ ദൃശ്യം. അല്ലെങ്കില്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ക്ക് പകര്‍ത്താന്‍ തോന്നുന്ന അതീവ സുന്ദരദൃശ്യം. ശരിയാണല്ലോ, തന്റെ കൈയില്‍ ക്യാമറ ഉണ്ടല്ലോ. കാറ്‌ നിറുത്തി ഈ ദൃശ്യമൊന്നു പകര്‍ത്തിയാലോ? മനസ്സില്‍ ഇങ്ങനെയൊക്കെ തോന്നിയെങ്കിലും ആക്സിലറേറ്ററില്‍ നിന്നെടുത്തു മാറ്റി ബ്രേക്കില്‍ ചവിട്ടാന്‍ അയാളുടെ ‍കാല്‍ വിസമ്മതിക്കുന്നതു പോലെ...

സന്ധ്യാംബരത്തിന്റെ കടുത്ത ചുവപ്പില്‍ കാളിമ പടരാന്‍ തുടങ്ങുന്നു. റോഡിലും ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. അയാള്‍ ഹെഡ് ലൈറ്റ് ഓണ്‍ ആക്കി.


കാറ് നല്ല സ്പീഡില്‍ തന്നെ പാഞ്ഞു കൊണ്ടിരുന്നു. ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ മുന്നിലുള്ള വിജനമായ റോഡ് മാത്രം കാണാം. ഇരുവശങ്ങളിലും നിബിഡമായി വളര്‍ന്നുനില്‍ക്കുന്ന വന്‍‌മരങ്ങളാണെന്നു തോന്നുന്നു.

ഏ.സി.യുടെ തണുപ്പ് അയാളെ അലോസരപ്പെടുത്തി.

- ഏ.സി. ഓഫാക്കട്ടേ? വല്ലാത്ത തണുപ്പ് -
അയാള്‍ മര്യാദപൂര്‍വ്വം പെണ്‍കുട്ടിയോട് ചോദിച്ചു.

നേര്‍ത്തൊരു മൂളല്‍ മാത്രമായിരുന്നു അതിന് അവളില്‍ നിന്നുണ്ടായ പ്രതികരണം.

അയാള്‍ ഏ.സി. ഓഫാക്കി. എന്നിട്ട് ഡ്രൈവിംഗ് സീറ്റിലെ വിന്‍ഡൊ ഗ്ലാസ്സ് അല്‍പ്പമൊന്ന് താഴ്ത്തി. കാറ്റ് ഒരിരമ്പത്തോടെ ഉള്ളിലേക്ക് അടിച്ചു കയറി. ഒപ്പം മനം മയക്കുന്ന സുഗന്ധവും...

ഹായ് എന്തൊരു സുഗന്ധം! അയാള്‍ മൂക്കു വിടര്‍ത്തി അതാസ്വദിച്ചു. എന്തു ഗന്ധമാണിത്?

പിടികിട്ടി.

പാല‍പ്പൂഗന്ധം!

വഴിയരികിലെവിടെയോ പാലമരം പൂത്തുലഞ്ഞു നില്‍പ്പുണ്ടാവും.

അയാള്‍ക്കൊരു സംശയം ജനിച്ചു. തന്റെ സഹയാത്രിക കാറില്‍ കയറിയപ്പോള്‍ പ്രസരിച്ച പരിമളം ഇതായിരുന്നോ? പാലപ്പൂമണം?

ദൂരം കുറേ പിന്നിട്ടിട്ടും മദിപ്പിക്കുന്ന ആ ഗന്ധം അങ്ങനെ മൂക്കിലേക്കടിച്ചു കയറുന്നു..

ഇതെന്താ വഴിനീളെ പൂത്ത പാലകളാണോ?പെട്ടെന്ന് അയാളുടെ മനസ്സിലേക്ക് ഓര്‍മ്മകള്‍ ഇരച്ചെത്തി. കുട്ടിക്കാലത്ത് മുത്തശ്ശിയുടെ മടിയില്‍ തലവച്ച് കിടന്ന് കേട്ട യക്ഷിക്കഥകള്‍...

യക്ഷിപ്പാലകള്‍ പൂക്കുമ്പോഴാണത്രേ സുഗന്ധമിങ്ങനെ മൈലുകളോളം പരക്കുന്നത്...

കുട്ടിക്കാലത്ത്, പേടിയാണെങ്കിലും യക്ഷിക്കഥകള്‍ കേള്‍ക്കാന്‍ വലിയ ഹരമായിരുന്നു. പകല്‍ സമയത്ത് കഥ കേട്ടാല്‍ പേടി തോന്നില്ല. പക്ഷേ, രാത്രി കിടക്കപ്പായില്‍ കിടന്നാലുടന്‍ മുത്തശ്ശിയുടെ പേടിപ്പെടുത്തുന്ന കഥാപാത്രങ്ങളെല്ലാം ചുറ്റിനും കൂടും. പിന്നെ മുത്തശ്ശിയെ മുറുകെ കെട്ടിപ്പുണര്‍ന്ന് ആ വെറ്റിലമണവും ആസ്വദിച്ചു കിടക്കുകയേ നിവര്‍ത്തിയുള്ളൂ. അങ്ങനെ കിടക്കുമ്പോള്‍ തോന്നിയിരുന്ന ആ സുരക്ഷിത ബോധം!


വിന്‍ഡോ ഗ്ലാസ്സ് കുറച്ചു മാത്രം താഴ്ത്തി വച്ച ജാലകത്തിലൂടെ ആര്‍ത്തിരമ്പി കയറിവരുന്ന സുഗന്ധിയായ കാറ്റിന് വല്ലാത്തൊരു മൂളല്‍..

അയാള്‍ക്ക് വീണ്ടും അലോസരം തോന്നി. വിന്‍ഡോ ഗ്ലാസ്സ് ഉയര്‍ത്തി വച്ചു. കാറിനകത്ത് ചൂടു തോന്നിത്തുടങ്ങിയപ്പോള്‍ ഒന്നും മിണ്ടാതെ അയാള്‍ ഏ. സി. ഓണാക്കുകയും ചെയ്തു. ഒരിക്കല്‍ കൂടി മിററിലൂടെ നോക്കി സഹയാത്രികയുടെ വസ്ത്രാഞ്ചലം കാണാനുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

*** *** ***


വില്വപുരം മെയിന്‍ ഠൌണില്‍ നിന്ന് വീണ്ടും നാലഞ്ചു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയാലാണ് സുഹൃത്തിന്റെ വീട്ടിലെത്തുക. തന്റെ വിവാഹത്തിന് ക്ഷണിക്കാനാണയാള്‍ പോകുന്നത്. സുഹൃത്തിന്റെ വിവാഹം രണ്ടര വര്‍ഷം മുന്‍പേ കഴിഞ്ഞിരുന്നു. വിദേശത്തായിരുന്നതിനാല്‍ അന്നതിനു പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവന്റെ ഭാര്യയേയും കുഞ്ഞിനേയും കണ്ടിട്ടുമില്ല. ഇന്നിപ്പോള്‍ സൌഹൃദ സന്ദര്‍ശനവും വിവാഹക്ഷണനവും ഒന്നിച്ചാക്കാമെന്നു കരുതി.

സുഹൃത്തിനും ഭാര്യയ്ക്കും നല്‍കാനായി കുറേ സമ്മാനപ്പൊതികള്‍ കരുതിയിട്ടുണ്ട്. പക്ഷേ അന്നേരം ഒന്നരവയസ്സുള്ള കുഞ്ഞിന്റെ കാര്യം മറന്നുപോയി. വില്വപുരം ഠൌണില്‍ നിന്ന് കുറച്ച് കാഡ്ബറീസ് ചോക്ലേറ്റുകള്‍ വാങ്ങാം.

സാമാന്യം നല്ലൊരു ബേക്കറിയോട് ചേര്‍ത്ത് കാര്‍ നിറുത്തി.

- കുറച്ച് സാധനങ്ങള്‍ വാങ്ങിയിട്ടു വരാം -
പെണ്‍കുട്ടി വീണ്ടും ഒരു മൂളലില്‍ സമ്മതം പ്രകടിപ്പിച്ചു.

ബേക്കറിയിലേക്ക് കയറിയതും കഷ്ടകാലത്തിന് വൈദ്യുതി പണിമുടക്കി. എമര്‍ജന്‍സി ലാമ്പിന്റെ മങ്ങിയ വെളിച്ചത്തില്‍ ചോക്ലേറ്റ്സും മറ്റു കുറേ ബേക്കറി സാധനങ്ങളും തിരഞ്ഞെടുത്തു. തിരിച്ചു കാറിലേക്ക് വന്നപ്പോള്‍ ഒരു പത്തു മിനിറ്റോളം കഴിഞ്ഞുകാണും. എങ്ങും കുറ്റാക്കുറ്റിരുട്ട്.

ഡ്രൈവിങ്ങ് സീറ്റില്‍ കയറിയിരുന്ന ശേഷമാണ് അയാള്‍ക്കത് ചോദിക്കാന്‍ തോന്നിയത്.
- കുട്ടിയ്ക്കെന്തെങ്കിലും വാങ്ങാനുണ്ടായിരുന്നോ?

തിരിച്ച് പ്രതികരണമൊന്നുമില്ല.

നേരത്തേ ചോദിക്കാന്‍ തോന്നാതിരുന്ന തന്റെ ആലോചനാശൂന്യതയില്‍ പ്രതിഷേധിക്കുകയാണോ?
- സോറി, ഞാന്‍ നേരത്തേ അന്വേഷിക്കേണ്ടതായിരുന്നു. കുഴപ്പമില്ല, പറഞ്ഞാല്‍ മതി ഞാന്‍ വാങ്ങിക്കൊണ്ടു വരാം -
എന്നിട്ടുമില്ല ഒരു മൂളല്‍ പോലും.

അയാള്‍ മിററിലൂടെ എത്തിനോക്കി. കാറിനകത്തും ഇരുട്ടാണ്.
മിററിലൂടെ ഒന്നും കാണാന്‍ വയ്യ.

അയാള്‍ തല തിരിച്ചു നോക്കി.
പിന്‍ സീറ്റ് ശൂന്യം!

അതോ കാറിനുള്ളിലെ ഇരുട്ടില്‍ തനിക്ക് കാണാന്‍ പറ്റാത്തതോ? കാറിനുള്ളിലെ ബള്‍ബ് കത്തിച്ചു.
ഏയ്, പിന്‍ സീറ്റില്‍ ആരുമില്ല തന്നെ!

അയാള്‍ അന്ധാളിച്ചു. എവിടെപ്പോയി അവള്‍? ഇനി എന്തെങ്കിലും വാങ്ങാനായി ഏതെങ്കിലും കടയില്‍ കയറിയതാവുമോ?

കുറച്ചുനേരം വെയിറ്റ് ചെയ്യുക തന്നെ.

അയാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങി നിന്നു. മങ്ങിയവെളിച്ചത്തില്‍ കണ്ണുകള്‍ അവള്‍ക്കായി പരതി.

ഒരല്‍പ്പം കഴിഞ്ഞപ്പോള്‍ വൈദ്യുതി തിരികെ വന്നു. വില്വപുരം ഠൌണ്‍ പ്രകാശത്തില്‍ കുളിച്ചു.


അയാള്‍ ആശ്വാസത്തോടെ കാറില്‍ ചാരിനിന്ന് ഓരോ കടകളിലേക്കും കണ്ണു പായിച്ചു. കാണാവുന്ന ദൂരത്തുള്ള കടകളിലൊന്നും ഒരു വെളുത്തചുരീദാര്‍ക്കാരി നില്‍ക്കുന്നതായി കാണാനുണ്ടായിരുന്നില്ല.

പിന്നെ അയാള്‍ എല്ലാ കടകളിലും കയറിയിറങ്ങിത്തന്നെ പരതി.

എങ്ങുമില്ല. അയാള്‍ ആകെ വിഷമിച്ചു. പേരുപോലും അറിയില്ല. ആ സ്ഥിതിക്ക് ആരെന്നു പറഞ്ഞു ചോദിക്കും.
എന്നിട്ടും ഒന്നുരണ്ടു കടക്കാരോട് വെള്ള ചുരീദാറിട്ട ഒരു പെണ്‍കുട്ടി ഇങ്ങോട്ടു കടന്നു വന്നോ എന്നന്വേഷിക്കയും ചെയ്തു.

അയാള്‍ ഹതാശനായി വീണ്ടും കാറിനടുത്തേക്കു വന്നു. അവളിരുന്നഭാഗത്തെ ഡോര്‍ തുറന്നു നോക്കി. ഇല്ല, അവളില്ല.

അവള്‍ക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയിട്ടില്ല. ഇവിടെയങ്ങ് ഇറങ്ങിക്കളയാമെന്ന് തീരുമാനിച്ചോ?
എന്നാലും ഇത്രദൂരം കൂട്ടിക്കൊണ്ടു വന്ന തന്നോട് ഒരു നന്ദിവാക്കു പോലും പറയാതെ അങ്ങനെ അങ്ങു മുങ്ങിക്കളയുകയോ?

വീണ്ടും കുറേ മിനിറ്റുകള്‍ കൂടി അയാള്‍ അവിടെ കാത്തുനിന്നു. അയാള്‍ക്ക് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു. ഒന്നു രണ്ടു വട്ടം കാറിന്റെ ഹോണ്‍ മുഴക്കി നോക്കി. അടുത്തെങ്ങാനും ഉണ്ടെങ്കില്‍ വരട്ടേ എന്നു കരുതി. മൂന്നാലു തവണയായപ്പോള്‍ അടുത്ത കടക്കാര്‍ എത്തി നോക്കാന്‍ തുടങ്ങി. അയാള്‍ ഉടന്‍ കാറിനുള്ളില്‍ കയറിയിരുന്നു. വീണ്ടും ഒരു പത്തുമിനിറ്റോളം കാത്തു. ആ പെണ്‍കുട്ടിയുടെ നിഴല്‍ പോലുമില്ല.

ഇനി കാത്തിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. മനസ്സില്‍ ദേഷ്യം നുരഞ്ഞു പൊന്തുകയായിരുന്നു. അയാള്‍ ഓര്‍ത്തു -

- വില്വപുരത്തു നിന്ന് രണ്ടു കിലോമീറ്റര്‍ കൂടി പോകണം എന്നല്ലേ പറഞ്ഞത്. രണ്ടു കി.മീ. അത്രവലിയ ദൂരമല്ല. നടന്നു പോകാവുന്നതേയുള്ളൂ. താന്‍ ബേക്കറിയില്‍ പോയ തക്കം നോക്കി ഇറങ്ങിപ്പോയതാകും. പോരെങ്കില്‍ കറന്റ് പോയതിനാല്‍ ഇരുട്ടിന്റെ മറവും. ഒന്നും പറയാതെ മിണ്ടാതെ ഇറങ്ങിപ്പോകാമെന്നു കരുതിക്കാണും. എന്തൊരു നന്ദികേട്! ഇനി ഒരിക്കല്‍ പോലും ഒരൊറ്റയെണ്ണത്തിന് ഇങ്ങനെയൊരുപകാരം ചെയ്യില്ല -

അയാള്‍ മനസ്സില്‍ ഉറപ്പിച്ചു.

കാര്‍ കുറേ ദൂരം കൂടി ഓടിയപ്പോള്‍ അയാളുടെ ദേഷ്യം തണുക്കാന്‍ തുടങ്ങിയിരുന്നു. പിന്നെ അയാള്‍ ആശ്വസിച്ചു -

- അല്ല, താനെന്തിനിത്ര വേവലാതിപ്പെടുന്നു? ആരെന്നോ ഏതെന്നോ അറിയാത്ത ഒരു പെണ്‍കുട്ടി - ലിഫ്റ്റ് ചോദിച്ചപ്പോള്‍ കൊടുത്തു- സ്ഥലമെത്തിയപ്പോള്‍ അവള്‍ ഇറങ്ങിപ്പോയി. ഒരു നന്ദിവാക്കുപോലും ഉരിയാടിയില്ല എന്നത് നേര്. അതുകൊണ്ടെന്താ? ഒരു തലവേദന ഒഴിഞ്ഞു കിട്ടി എന്നങ്ങ് വിചാരിച്ചാല്‍ പോരേ?

- ചിലപ്പോള്‍ നാട്ടുകാരെ പേടിച്ചാകും അവളങ്ങനെ ചെയ്തത്. സ്വന്തം നാടല്ലേ, പരിചയക്കാര്‍ പലരും കണ്ടേക്കാം നിരത്തില്‍. ഒരന്യപുരുഷന്റെ കാറില്‍, അതും ഇരുട്ടു വീണതിനു ശേഷം, വന്നിറങ്ങുന്നത് അവരാരെങ്കിലും കണ്ടാല്‍ ചിലപ്പോള്‍ മോശമായേക്കും. അത്തരമൊരു സ്ഥിതിവിശേഷമുണ്ടാകാതിരിക്കാന്‍ അവള്‍ കണ്ടുപിടിച്ച വഴിയാകാം ഇത്. ആ, ആട്ടേ, എന്തുമാകട്ടേ. നന്ദി പറഞ്ഞില്ലെങ്കിലും മനസ്സിലെങ്കിലും അവള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കാതിരിക്കില്ല, സുരക്ഷിതമായി ഇത്രടം എത്തിച്ചതിന് -

അയാള്‍ അവള്‍ക്ക് മനസ്സാലേ മാപ്പു കൊടുത്തു.


*** *** ***

സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. ഗേറ്റ് തുറന്നിട്ട്, തന്നെയും പ്രതീക്ഷിച്ച് പൂമുഖത്തു തന്നെ നില്‍പ്പുണ്ടായിരുന്നു അവര്‍.

കാറ് പൂട്ടി ബാഗ്ഗേജും എടുത്തിറങ്ങി.

ഹൃദ്യമായ ചിരിയോടെ സ്വാഗതമോതി നില്‍ക്കുന്നു, കുഞ്ഞിനേയും തോളിലേറ്റി സുഹൃത്തിന്റെ നല്ലപാതി.
- ഹായ് ഭാഭീ -

അയാള്‍ ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ അഭിവാദനമോതി. കുഞ്ഞിന്റെ ഇളംകവിളില്‍ തലോടി. അവന്‍ അമ്മയുടെ തോളില്‍ അള്ളി‍പ്പിടിച്ചിരുന്നു കൊണ്ട് അതിഥിയെ നോക്കി പരിചിതഭാവത്തില്‍ ചിരിച്ചു. ആദ്യമായി കാണുന്ന തന്നെ നോക്കി ആ ഇളം പൈതല്‍ പൊഴിച്ച പാല്‍‌പ്പുഞ്ചിരി മനസ്സില്‍ ഒരു കുളിര്‍ നിലാമഴ പോലെ പെയ്തിറങ്ങുന്നത് അയാളറിഞ്ഞു.

നീണ്ട യാത്രയുടെ ക്ഷീണം നന്നേയുണ്ടായിരുന്നു. അതിനാല്‍ കുശലങ്ങളൊക്കെ കഴിഞ്ഞ്, ഒരു കുളിയും പാസ്സാക്കി, ഭക്ഷണവും കഴിച്ച് തനിക്കായി രണ്ടാം നിലയില്‍ ഒരുക്കിയിരുന്ന കിടക്കമുറിയിലേക്ക് വന്നു. യാത്രയിലെ കൂട്ടുകാരിയെ കുറിച്ച് വന്നു കേറിയ ഉടനെ സുഹൃത്തിനോട് പറയണമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നത് വേണ്ടെന്നു വച്ചു. അവളുടെ സുരക്ഷയെ കരുതി തന്നെ. സുഹൃത്തിനും ചിലപ്പോള്‍ അവളെ അറിയാമെന്നു വന്നേക്കും. നാട്ടുകാരല്ലേ? തന്നോടൊപ്പമുള്ള യാത്ര അവള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ച സ്ഥിതിക്ക് താനായിട്ടെന്തിനത് പരസ്യമാക്കണം?

*** *** ***

സ്വപ്നരഹിതമായ നീണ്ട സുഖസുഷുപ്തിക്ക് ശേഷം തെളിഞ്ഞ ഒരു പുലരിയിലേക്കാണയാള്‍ കണ്ണു തുറന്നത്. ജീവിതത്തിലിന്നുവരെ ഇത്രയും സുഖകരമായി താന്‍ ഉറങ്ങിയിട്ടേയില്ലെന്നയാള്‍ക്ക് തോന്നി. ശരീരത്തിന് നല്ലൊരു സുഖം.

സമയം എട്ടരയോളം ആയിരിക്കുന്നു. അതുകണ്ടപ്പോള്‍ അയാള്‍ക്കൊരു ചമ്മലും തോന്നി.
ച്ഛേ, സുഹൃത്തും ഭാര്യയും തന്നെപ്പറ്റി എന്തു വിചാരിക്കും, ഇത്രയും താമസിച്ചുണര്‍ന്നാല്‍?

വേഗം തന്നെ പ്രഭാതകൃത്യങ്ങളൊക്കെ കഴിച്ച്, കുളിച്ച് ഡ്രസ്സ് മാറി താഴെയെത്തി.

തീന്‍ മേശമേല്‍ ആവിപറക്കുന്ന വിഭവവങ്ങള്‍ നിരത്തുകയാണ് ഭാഭി.

- ഉറക്കമൊക്കെ സുഖമായിരുന്നോ?
ഭാഭി അന്വേഷിച്ചു.
- ഓ, യെസ്, വളരെ സുഖമായി ഉറങ്ങി ‌-

അപ്പോഴേക്കും കുഞ്ഞിനേയും എടുത്ത് സുഹൃത്തും എത്തി.

- ബെഡ്കോഫി വേണോ അതോ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നോ?
വീണ്ടും ഭാഭി അന്വേഷിച്ചു.

- ഈ ഒന്‍പതുമണിക്കോ ബെഡ് കോഫി?
സുഹൃത്ത് കളിയാക്കി.

- ബ്രേക്ക്ഫാസ്റ്റ് തന്നെയാവാം ഭാഭീ -

ഭാഭി പ്ലേറ്റുകള്‍ നിരത്തി, അവയില്‍ ഇഡ്ഡലിയും ചട്ട്ണിയും സാമ്പാറും വിളമ്പി. ജഗ്ഗില്‍ നിന്ന് ചായ കപ്പുകളിലേക്ക് പകര്‍ന്നു.

സ്വാദിഷ്ഠമായ പ്രാതല്‍ കഴിഞ്ഞ് അയാളും സുഹൃത്തും പൂമുഖത്ത് ഒത്തുകൂടി. കുഞ്ഞിനെ കുളിപ്പിച്ച് ഉറക്കിയശേഷം ഭാഭിയും അവരോടൊപ്പം കൂടി.

പഴംകഥകള്‍ പലതും പറയാനുണ്ടായിരുന്നു അയാള്‍ക്കും സുഹൃത്തിനും. നഴ്സറി മുതല്‍ പ്ലസ് ടു തലം വരെ സതീര്‍ത്ഥ്യരായിരുന്നു അവര്‍. പിന്നെ ബി.ടെക്കിനു ചേര്‍ന്നപ്പോള്‍ രണ്ടുപേരും വളരെ അകലങ്ങളിലുള്ള കോളേജുകളിലായിപ്പോയി.

എന്നാലും സുഹൃദ്ബന്ധത്തിന്റെ ഇഴപൊട്ടാതെ അവര്‍ സൂക്ഷിച്ചിരുന്നു.

ഉച്ചഭക്ഷണം കൂടി കഴിഞ്ഞിട്ടു വേണം അവിടെ നിന്ന് പോകാനെന്നായിരുന്നു കരാര്‍. അതിനാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഭാഭി അടുക്കളക്കാര്യങ്ങള്‍ നോക്കാനായി പോയി.

വായനപ്രിയനായ സുഹൃത്ത് അനേകം ആനുകാലികങ്ങള്‍ വരുത്തുന്നുണ്ടായിരുന്നു. സൌഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ അവയൊക്കെ ഓരോന്നായി എടുത്തു നോക്കുന്നതിനിടയിലാണ് സുഹൃത്തിന്റെ പഴയ ഒരു കോളേജ് മാഗസീന്‍ കണ്ണില്‍ പെടുന്നത്. താല്‍പ്പര്യത്തോടെ അതെടുത്ത് മറിച്ചു നോക്കി.

കലാസാഹിത്യാദികളില്‍ ഇത്തിരി നിപുണത കാണിച്ചിരുന്ന സുഹൃത്തിന്റെ ചിത്രങ്ങള്‍ പല പേജുകളിലും കണ്ടു.

- നീ ഒരു ഹീറൊ ആയിരുന്നല്ലേ കോളേജില്‍?
- ഹും അതൊരു കാലം -
സുഹൃത്ത് നെടുവീര്‍പ്പോടെ പറഞ്ഞു.

മാഗസീന്റെ അവസാന പേജുകളില്‍ സ്പോര്‍ട്ട്സ് ടീമുകളുടെ ഫോട്ടോകള്‍.

പെട്ടെന്നാണത് അയാളുടെ കണ്ണില്‍ പെട്ടത്.

അതിലൊരു ഫോട്ടോയില്‍ ഇന്നലത്തെ തന്റെ സഹയാത്രിക?

ബാഡ്മിന്റണ്‍ ടീമിന്റെ ഫോട്ടോയാണത്.

അയാള്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. ഇതവള്‍ തന്നെയല്ലേ? കൂട്ടത്തില്‍ ഏറ്റവും പൊക്കം കൂടിയ പെണ്‍കുട്ടി. ചിരിച്ചുനില്‍ക്കുന്ന ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കിയാല്‍ പല്ലിലെ കമ്പിയും കാണാം.

ഇതവള്‍ തന്നെ.

അയാള്‍ക്ക് ആകാംക്ഷയടക്കാന്‍ കഴിഞ്ഞില്ല.

- ഇതേതാ ഈ പെണ്‍കുട്ടി?

- എന്താ, നിനക്കറിയുമോ ഈ കുട്ടിയെ?

അതിനുത്തരം പറയാന്‍ അയാളൊന്നു വിഷമിച്ചു. പിന്നെ പറഞ്ഞു,

- നല്ല മുഖപരിചയം തോന്നുന്നു. അതാ ചോദിച്ചേ -

- നീ ഉദ്ദേശിക്കുന്ന ആളാവാന്‍ വഴിയില്ല -

ഭാഭി ഉറങ്ങിയുണര്‍ന്ന കുഞ്ഞിനേയും കൊണ്ട് കടന്നു വന്നു. അവന്‍ ചിണുങ്ങുന്നുണ്ട്.

- ദേ ഇവനെ ഒന്നു കളിപ്പിക്കൂ. അടുക്കളയില്‍ ഒരുപാട് പണിയുണ്ട് ‌-

സുഹൃത്ത് കുഞ്ഞിനെ കൈയില്‍ വാങ്ങി.

- നീ വാ. ഇവനേയും കൊണ്ട് തൊടിയിലൊന്നു കറങ്ങിവരാം -
സുഹൃത്ത് ക്ഷണിച്ചു.

അവരൊരുമിച്ച് തൊടിയിലേക്ക് നടന്നു. വളരെ വിശാലമായ തൊടിയാണ്. നിറയെ സസ്യലതാദികള്‍ പടര്‍ന്നു കിടക്കുന്നു.

സുഹൃത്ത് കുറേ നേരം മൌനിയായി നടന്നു. പിന്നെ പെട്ടെന്ന് അയാളുടെ നേരേ തിരിഞ്ഞ് ചോദിച്ചു
- നീയെന്തേ ആ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചത്? നിനക്കെങ്ങനെ അവളെ അറിയാം?

പെട്ടെന്ന് ഈ ചോദ്യശരം നേരിടേണ്ടി വന്നപ്പോള്‍ അയാള്‍ അമ്പരന്നുപോയി.
- അത് - അത് ആ ഫോട്ടോ കണ്ടിട്ട് നല്ല മുഖപരിചയം തോന്നുന്നു. പക്ഷേ ആരെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുമില്ല-
അയാളൊരു നുണ പറഞ്ഞു. പിന്നെ ചോദ്യമെറിഞ്ഞു,

- ആട്ടേ, നിന്റെ കോളേജ് മേറ്റല്ലേ? നിനക്കറിയുമോ അവളെ?

കുറെ നിമിഷങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് മറുപടി പറഞ്ഞത്.
- എനിക്കറിയാം. എന്റെ ജൂനിയര്‍ ആയിരുന്നു. സ്പോര്‍ട്ട്സ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ കുട്ടി -
സുഹൃത്ത് ഒന്നു നിറുത്തി.

നീണ്ട ഒരു മൌനത്തിനു ശേഷമാണ് പിന്നെ കഥതുടര്‍ന്നത്.

- അവളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇത്തിരി കുറ്റബോധമുണ്ട് -

- എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രതാപിയായി വിലസി നടന്നിരുന്ന കാലം. ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്തെല്ലാമുണ്ടാകും എന്ന മട്ടിലായിരുന്നു അന്നു ഞാന്‍ -

- എങ്ങനെയെന്നറിയില്ല, ഒരേ ക്ലാസ്സിലല്ലാഞ്ഞിട്ടും ഈ പെണ്‍കുട്ടിക്ക് എന്നോടൊരാരാധന -

- ഒരിക്കലും നേരില്‍ പറഞ്ഞിട്ടില്ല, മുഖദാവില്‍ വന്നിട്ടുമില്ല -

- എന്നാലും അവളുടെ സുഹൃത്തുക്കള്‍ വഴിയാണെന്നു തോന്നുന്നു എന്റെ ചില കൂട്ടുകാര്‍ ഇതറിഞ്ഞു. എന്നെ കളിയാക്കാനും തുടങ്ങി -

- ഞാനറിയാത്തൊരു ആരാധികയോ എനിക്ക്? കൂട്ടുകാര്‍ കാട്ടിത്തന്നു -

- പക്ഷേ -
- കോലുപോലെ കുറേ പൊക്കം, മെലിഞ്ഞുണങ്ങിയ ശരീരം, ഉണ്ടക്കണ്ണുകള്‍, ഉന്തിയപല്ലുകള്‍...

- ഇങ്ങനൊക്കെ ഒരു ചിത്രമായിരുന്നു എന്റെ കണ്ണില്‍ പതിഞ്ഞത് -

- ആരാധികയെ കാട്ടിത്തന്ന കൂട്ടുകാരോട് ഞാനിതേക്കുറിച്ചൊക്കെ പുച്ഛത്തോടെ പറഞ്ഞ് ചിരിച്ചു തള്ളി -

- എനിക്ക് അവളെ പ്രതിയുള്ള ഇം‌പ്രഷന്‍ ഇങ്ങനൊക്കെ ആണെന്ന് ആ പെണ്‍കുട്ടി അറിഞ്ഞിരുന്നോ എന്നറിയില്ല. കോളേജ് വരാന്തയുടെ ഉരുണ്ട തൂണുകളുടെ മറവില്‍ നിന്നും, അവളുടെ ക്ലാസ്സ്മുറിയുടെ വാതിലിന്റെ പിന്നില്‍ നിന്നുമൊക്കെ ആ ഉണ്ടക്കണ്ണുകള്‍ എന്റെ നേര്‍ക്ക് നീണ്ടുവരുന്നത് പിന്നെയും ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. അന്നൊക്കെ മുഖത്ത് ഒന്നുകൂടി ഒരു പുച്ഛഭാവം നിറച്ച് കടന്നു പോകാനേ ശ്രമിച്ചിട്ടുള്ളൂ -

- ഉന്തിയ പല്ലുകള്‍ എന്ന വിശേഷണം ആരെങ്കിലും അവളുടെ ചെവികളിലെത്തിച്ചിരുന്നുവോ എന്നറിയില്ല. ഒരുനാള്‍ അവള്‍ വന്നത് പല്ലുകളില്‍ കമ്പിയുമിട്ടാണ് -

- എന്തായാലും എന്റെ സങ്കല്‍പ്പത്തിലെ നായികാചിത്രവുമായി തീരെ രൂപസാദൃശ്യമില്ലാതിരുന്ന ആ ആരാധികയെ അംഗീകരിക്കാന്‍ എന്റെ മനസ്സിനു തീരെ കഴിഞ്ഞിരുന്നില്ല -

- ഫെയര്‍വെല്‍ ഫങ്ഷന്റെ അന്നാണ് അവളെ ഞാന്‍ അവസാനമായി കണ്ടത്. എല്ലാവരും ബൈ പറഞ്ഞ് പിരിയുന്നു. അടുത്ത ദിവസം മുതല്‍ സ്റ്റഡിലീവ്. ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടയിലാണ് അവളെ കണ്ടത്. പതിവു പോലെ സ്റ്റെപ്പുകള്‍ക്കടുത്തുള്ള ഒരു തൂണിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്നു. തൊട്ടടുത്ത് എത്തിയപ്പോളാണ് കണ്ടത്. അറിയാതെ മുഖത്തേക്ക് നോക്കിപ്പോയി -

- അവളുടെ അന്നത്തെയാ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ അവളും എന്റെ നേര്‍ക്ക് മുഖമുയര്‍ത്തി നോക്കി. ചുണ്ടുകളില്‍ വിടര്‍ന്ന ചിരിയുണ്ട്. പക്ഷേ മിഴികള്‍ കണ്ണീര്‍ത്തടാകങ്ങളായിരിക്കുന്നു ! -


- എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. അവളുടെ ആ ചിരി മടക്കിക്കൊടുക്കാനോ എന്തെങ്കിലുമൊരു വാക്ക് ഉരിയാടാനോ കഴിഞ്ഞില്ല. മിഴികള്‍ പിന്‍‌വലിച്ച് നിസ്സംഗനായി നടന്നു നീങ്ങി അവളുടെ അരികില്‍ നിന്ന്, ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ -

- ക്രൂരതയായിപ്പോയീന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ സ്വയം ആശ്വസിച്ചു - എന്തായാലും ആ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വെറുതേ ഒരാശ കൊടുത്തിട്ട് പിന്നെ ചതിക്കുന്നതിനേക്കാള്‍ നല്ലത് ഇതു തന്നെയല്ലേ?-

സുഹൃത്ത് പറഞ്ഞു നിറുത്തി.

നീണ്ട ഒരു മൌനത്തിന്റെ ഇടവേള കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു
- ഈ പെണ്‍കുട്ടിയെത്തന്നെയാണെന്നു തോന്നുന്നു ഇന്നലെ ഞാന്‍ കണ്ടത് -
- എന്നു കണ്ടെന്ന്?
- ഇന്നലെ -
- വഴിയില്ല, ഷി ഈസ് നോ മോര്‍ -

അയാള്‍ വല്ലാതെ ഞെട്ടിയത് സുഹൃത്ത് കണ്ടില്ല.
---------------------------------

- ഗീത -

Thursday, November 26, 2009

സുകൃതികള്‍


കലെ വച്ചേ കണ്ടു, കാര്‍പോര്‍ച്ചില്‍ സ്റ്റേറ്റ്‌ കാര്‍ കിടപ്പുണ്ട്‌. അതായത്‌ സുധി വീട്ടിലുണ്ടെന്ന് അര്‍ത്ഥം. സുധിയെ കാര്യം അറിയിച്ചിട്ട്‌ വീട്ടിലേക്ക്‌ പോകാം.തന്റെ വീടും കഴിഞ്ഞ്‌ രണ്ട്‌ വീടുകള്‍ക്കപ്പുറമാണ്‌ സുധിയുടെ വീട്‌.സുധി എന്ന സുധീര്‍ കുമാര്‍ ഐ.എ.എസ്‌ തന്റെ സഹപാഠിയും ഇപ്പോള്‍ അയല്‍വാസിയും ആണ്‌. സുധിയെ അറിയിക്കേണ്ട കാര്യം തങ്ങളുടെ ഒരു പൂര്‍വ്വകാല അദ്ധ്യാപകനായ ശശാങ്കന്‍ സാര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു എന്ന വിവരമാണ്‌.പ്രതീക്ഷിച്ചതു പോലെ സുധി വീട്ടിലുണ്ടായിരുന്നു. സുധിയെ കാര്യം അറിയിച്ചു.പൂര്‍വ്വകാല സുഹൃത്തുക്കളേയും അദ്ധ്യാപകരേയും സംബന്ധിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ എളുപ്പത്തില്‍ തനിക്കാണു ലഭിക്കുക. ആ വാര്‍ത്തകള്‍ തങ്ങളുടെ പൊതു സുഹൃത്തിനെ കുറിച്ചാണെങ്കില്‍ അതു സുധിക്കും കൈമാറും. ഇതിപ്പോള്‍ അത്തരമൊരു വാര്‍ത്തയാണ്‌. പി.ജി. ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായിരുന്നു ശശാങ്കന്‍ സാര്‍.വാര്‍ത്ത കേട്ടതും സുധി വല്ലാതെ വികാരാധീനനാകുന്നത്‌ കണ്ടു. തീര്‍ച്ചയായും മനസ്സിനെ വിഷമിപ്പിക്കുന്ന വാര്‍ത്ത തന്നെയാണിത്‌. എന്നാലും...അതും സുധിക്ക്‌ ഇത്രയധികം ദു:ഖം തോന്നത്തക്കവിധം?ശ്യാമ പോയി സാറിനെ കണ്ടോ?

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ആകാംക്ഷയോടെ സുധി ചോദിച്ചു.

ഇല്ല. നാളെ കോളേജില്‍ നിന്ന് രണ്ടുമൂന്നുപേര്‍ പോകുന്നുണ്ടെന്നു കേട്ടു. അവരുടെ ഒപ്പം കൂടാം എന്നാ വിചാരിക്കുന്നത്‌. പോയാലും സാറിനെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഐ.സി. യൂണിറ്റിലാണെന്നാ കേട്ടത്‌.

ഏതായാലും ഞാനൊന്നു പോയി അന്വേഷിച്ചു വരാം. ഇപ്പോള്‍ തന്നെ.

സുധി പോക്കറ്റില്‍ നിന്ന് മൊബെയില്‍ എടുത്തു ഡ്രൈവറെ വിളിച്ചു വരുത്താന്‍ തുനിഞ്ഞു.

സുധീ, നാളെ സമയം കിട്ടുമെങ്കില്‍ ഞങ്ങളോടൊപ്പം കൂടരുതോ?

വെറുതേ പറഞ്ഞു നോക്കി. ഒരു ഐ.എ.എസ്സുകാരന്റെ സമയം അയാള്‍ക്കു തന്നെ സ്വന്തമല്ലല്ലോ.

ഇല്ല ശ്യാമേ, ഞാനിന്നു തന്നെ പോകുന്നു.

ശരി എന്നാല്‍ പോയി വിവരം അറിഞ്ഞു വരൂ. വന്നിട്ട്‌ വിളിക്കാന്‍ മറക്കരുത്‌.

ഇല്ല.

സുധി ഒരിക്കല്‍ കൂടി മൊബൈല്‍ എടുക്കുന്നതു കണ്ടുകൊണ്ടാണ്‌ വീട്ടിലേക്കു നടന്നത്‌.


ശശാങ്കന്‍ സാറിനെ ഇന്നു തന്നെ പോയി കണ്ടേ തീരൂ എന്ന സുധിയുടെയാ ധൃതി കണ്ടപ്പോള്‍ ചെറിയൊരു അത്ഭുതം തോന്നാതിരുന്നില്ല.


പഴയ ആ കോളേജ്‌ ദിനങ്ങള്‍ ഓര്‍മ്മ വരുന്നു. പോസ്റ്റ്‌ ഗ്രാഡ്വേഷന്‍ ക്ലാസ്സിലാണ്‌ താനും സുധിയും സഹപാഠികളാകുന്നത്‌.


അന്ന് ശശാങ്കന്‍ സാര്‍ ചെറുപ്പക്കാരനും ഊര്‍ജ്ജസ്വലനുമായ ഒരദ്ധ്യാപകന്‍. പഠിപ്പിക്കുക എന്ന കര്‍മ്മം വളരെ കൃത്യനിഷ്ഠയോടേയും ആത്മാര്‍ത്ഥതയോടേയും നിര്‍വഹിച്ചിരുന്ന മാതൃകാദ്ധ്യാപകന്‍. കോളേജിനടുത്തു തന്നെ താമസവും.

കോളേജിനടുത്തു തന്നെ താമസക്കാരനായതിനാല്‍ മിക്ക ദിവസങ്ങളിലേയും ആദ്യപീരിയേഡ്‌ അദ്ദേഹം തന്നെയാവും എന്‍ഗേജ്‌ ചെയ്യുക. അദ്ധ്യാപകരില്‍ ആര്‍ക്കെങ്കിലും ഒന്‍പതരക്ക്‌ കോളേജില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആദ്യപീരിയേഡ്‌ ശശാങ്കന്‍ സാറുമായിട്ടാണ്‌ അഡ്ജസ്റ്റ്‌ ചെയ്യുക.

ഒന്‍പതരയ്ക്കുള്ള ബെല്‍ മുഴങ്ങുന്നതും ശശാങ്കന്‍ സാര്‍ ക്ലാസ്സ്‌ മുറിയിലേക്കു പ്രവേശിക്കുന്നതും തമ്മില്‍ അണുവിട വ്യത്യാസമുണ്ടാകില്ല.


അദ്ധ്യാപകന്റെ ഈ കൃത്യനിഷ്ഠതക്ക്‌ നേര്‍ വിപരീതമായിട്ടായിരുന്നു അന്ന് ഈ സുധീര്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥി പെരുമാറിയിരുന്നത്‌.

ക്ലാസ്സിലെ സ്ഥിരം ലേറ്റ്‌കമര്‍. ഒന്‍പതരയ്ക്ക്‌ തുടങ്ങുന്ന ക്ലാസ്സിന്‌ സുധി എത്തുക മിക്കപ്പോഴും പത്തു മണി കഴിഞ്ഞാകും.

പലേ തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ശശാങ്കന്‍ സാറിന്‌ വല്ലാത്ത ദേഷ്യം വന്നു.

പി.ജി.ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയാലോ‍?


അങ്ങനെ ലേറ്റായി വന്ന ഒരു ദിവസം, സാര്‍ സുധിയെ ക്ലാസ്സിലേക്കു കടന്നിരിക്കാനനുവദിക്കാതെ പിടിച്ചു നിര്‍ത്തി ചോദിച്ചു എന്താണിങ്ങനെ പതിവായി താമസിച്ചു വരാനുള്ള കാരണമെന്ന്.

സുധി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതല്ലാതെ യാതൊരക്ഷരവും ഉരിയാടിയില്ല.

ചോദിച്ചതിന്‌ ഉത്തരം പറയാതെയുള്ള ആ നില്‍പ്പ്‌ കണ്ടപ്പോള്‍ സാറിന്‌ ദേഷ്യം ഇരട്ടിച്ചു.

ഇനിയിതാവര്‍ത്തിക്കയാണെങ്കില്‍ ക്ലാസ്സില്‍ കയറ്റില്ല എന്ന് കുറച്ച്‌ കടുപ്പിച്ചു തന്നെ താക്കീതു നല്‍കി.

സുധി ആ താക്കീത്‌ സര്‍വ്വഥാ ഏറ്റെടുക്കുന്നു എന്ന മട്ടില്‍ തലയാട്ടി സമ്മതിച്ചു.

ക്ലാസ്സില്‍ ഏറ്റവും പിന്നിലായാണ്‌ അയാള്‍ ഇരിക്കുക. വലിയ മിണ്ടാട്ടമൊന്നും ആരുമായും ഇല്ല. ബോയിസ്‌ എന്തെങ്കിലും ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഒരുത്തരം, അല്ലെങ്കില്‍ ഒരു നനുത്ത ചിരി. പെണ്‍കുട്ടികളോട്‌ യാതൊരു വിധമായ സല്ലാപത്തിനും അയാള്‍ മുതിരാറേയില്ല.

ഇതു നടന്നതിന്റെ തൊട്ടടുത്ത ദിവസം.

അന്നും ശശാങ്കന്‍ സാര്‍ തന്നെ ആദ്യപീരിയേഡില്‍.

പതിവു പോലെ സുധി വന്നപ്പോള്‍ മണി 10.10.

കുട്ടികള്‍ അടക്കി ചിരിക്കാന്‍ തുടങ്ങി. സാറിന്‌ കലശലായ ദേഷ്യവും വന്നു.

നോ, ഡോണ്ട്‌ സ്റ്റെപ്‌ ഇന്റു ദ ക്ലാസ്സ്‌!

അദ്ദേഹം അലറി.

സുധി ഒന്നറച്ചു നിന്നു. അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി. പിന്നെ പതിയെ പിന്‍വലിഞ്ഞ്‌ വാതില്‍ക്കല്‍ നിന്ന് മറഞ്ഞു.


പക്ഷെ തനിക്കു കാണാമായിരുന്നു, ക്ലാസ്സില്‍ കയറാനനുവദിച്ചില്ലെങ്കിലും സുധി എങ്ങോട്ടും പോയില്ല. സാറിന്റെ കണ്ണില്‍ പെടാതെ, വരാന്തയില്‍ ചുവരിനോട്‌ ചേര്‍ന്നു നില്‍ക്കുന്നു.

അദ്ധ്യാപകര്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാല്‍ സാധാരണയായി ബോയിസ്‌ ചെയ്യുക, ഒന്നുകില്‍ നേരെ ക്യാന്റീനിലേക്ക്‌ പോകും അല്ലെങ്കില്‍ ക്യാമ്പസ്സില്‍ ചുറ്റിനടക്കും.

സുധിയാകട്ടേ എങ്ങും പോകാതെ അവിടെ തന്നെ നില്‍ക്കുന്നു. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി അയാള്‍ സാറിന്റെ ക്ലാസ്സ്‌ അവിടെ നിന്ന് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയാണ്‌. സാറ്‌ നോട്‌സ്‌ ഡിക്റ്റേറ്റ്‌ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അതും എഴുതിയെടുക്കുന്നു!

അന്ന്‌, ക്ലാസ്സ്‌ തീര്‍ത്ത്‌ സാര്‍ പുറത്തിറങ്ങാന്‍ തുടങ്ങുന്നു എന്നു മനസ്സിലാക്കിയപ്പോള്‍, സാറിന്റെ കണ്ണില്‍ പെടാതിരിക്കാനായി സുധി ഓടി മാറുന്നത്‌ കണ്ടു.

ക്ലാസ്സ് കഴിഞ്ഞ് സ്റ്റാഫ്‌ റൂമിലേക്ക്‌ നടക്കുന്നതിനിടയില്‍ ശശാങ്കന്‍ സാര്‍ സുധി ഓടി മാറിയ ഭാഗത്തേക്ക്‌ ‍ നോക്കുന്നതും ഒരിടവേള ഒന്നു നില്‍ക്കുന്നതും കണ്ടു.

തനിക്കു മനസ്സിലായി സാര്‍ സുധിയെ കണ്ടു എന്ന്.

എന്നാലും ഒന്നും ഉരിയാടാതെ അദ്ദേഹം നടത്ത തുടരുകയാണ് ചെയ്തത്.

അന്നുച്ചയ്ക്ക്‌ ഇന്റര്‍വെല്ലിന്‌ സുധിയോട്‌ ചോദിച്ചു എന്തിനേ ഇങ്ങനെ താമസിച്ചു വരുന്നത്‌ എന്ന്.

പതിവു പോലെ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.

നോക്കൂ നാളെ ഒരര മണിക്കൂര്‍ നേരത്തേ വീട്ടില്‍ നിന്ന് പുറപ്പെടണം കേട്ടോ.

ഒരുപദേശവും വച്ചു കാച്ചി.

അതിനൊരല്‍പ്പം ഫലമുണ്ടായോ? അടുത്ത ദിവസം പതിവിലും നേരത്തേ - അതായത്‌, ഒരു ഒന്‍പതേമുക്കാല്‍ കഴിഞ്ഞയുടനെ - സുധി എത്തി.

പക്ഷേ ആദ്യപീരിയേഡ്‌ ശശാങ്കന്‍ സാറിന്റേതല്ലാതിരുന്നതു കൊണ്ട്‌ അന്ന് പുറത്തു നില്‍ക്കേണ്ടി വന്നില്ല.

അതിനടുത്ത ദിവസം. വീണ്ടും ശശാങ്കന്‍ സാര്‍ തന്നെ ആദ്യപീരിയേഡില്‍. ക്ലാസ്സ്‌ തുടങ്ങി. മണി 9.50 കഴിഞ്ഞിരിക്കുന്നു. സുധി എത്തിയിട്ടില്ല ഇതുവരെ.

വീണ്ടും ഒരഞ്ചു മിനിറ്റ്‌ കൂടി കടന്നുപോയപ്പോള്‍ വരാന്തയുടെ അങ്ങേ തലയ്ക്കല്‍ അതാ പ്രത്യക്ഷപ്പെടുന്നു സുധി. വെപ്രാളത്തില്‍ നടന്നു വരികയാണ്‌.

ക്ലാസ്സില്‍ നിന്ന് ശശാങ്കന്‍ സാറിന്റെ ഘനഗാംഭീര്യസ്വരം ഒഴുകിയെത്തി ചെവിയില്‍ പതിഞ്ഞതും അയാള്‍ ബ്രേക്കിട്ട പോലെ നിന്നു.

പിന്നെ മുന്നോട്ട്‌ നടന്ന് വാതില്‍ക്കലേക്ക്‌ വന്നില്ല.

പകരം ആദ്യദിവസം പുറത്താക്കിയപ്പോള്‍ ചെയ്തതു പോലെ സാറിന്റെ ദൃഷ്ടിയില്‍ പെടാതെ ചുവരു ചാരി നിന്നു.

തന്റെ കണ്ണുകള്‍ അയാളുടെ മേല്‍ ആണെന്നു മനസ്സിലായപ്പോള്‍ മിണ്ടരുതേ എന്ന് വായ്‌ പൊത്തി ആംഗ്യം കാണിച്ചു.

അങ്ങനെ സുധി ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും താനിത്‌ ആരോടും വെളിപ്പെടുത്താനും ഉദ്ദേശിച്ചിരുന്നില്ല. തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരിയോട്‌ പോലും.

സുധി, ശശാങ്കന്‍ സാറിന്റെ ക്ലാസ്സ്‌ ശ്രദ്ധിക്കുകയും നോട്‌സ്‌ കുറിച്ചെടുക്കുകയും ചെയ്തു. പീര്യേഡ്‌ തീരാറായി എന്നു മനസ്സിലായപ്പോള്‍ ഓടി മാറുകയും ചെയ്തു.

ക്ലാസ്സില്‍ താനിരിക്കുന്ന പൊസിഷനില്‍ നിന്നു മാത്രം കാണാവുന്നതായിരുന്നു സുധിയുടെ ഈ വിക്രിയകള്‍ ഒക്കെ.

അയാളോട്‌ സഹതാപവും ഒപ്പം ദേഷ്യവും തോന്നിയിട്ടുണ്ട്‌. ഒരല്‍പ്പം നേരത്തേ വീട്ടില്‍ നിന്ന് പുറപ്പെടാന്‍ മിനക്കെട്ടിരുന്നെങ്കില്‍ ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ?


ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ.

അടുത്തൊരു ദിനം തന്നെ ഇതൊക്കെ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.

ആദ്യപീരിയേഡില്‍ ശശാങ്കന്‍ സാര്‍. താമസിച്ചെത്തിയ സുധി വരാന്തയില്‍ നിന്ന് ക്ലാസ്സ്‌ ശ്രദ്ധിക്കുന്നു.

അതങ്ങനെ പുരോഗമിക്കവേ പെട്ടെന്നാണ്‌ സാറിന്‌ ഒരു തുമ്മല്‍ വന്നത്‌. അതിനോടനുബന്ധമായി ഒരു മൂക്കു ചീറ്റലും.

മൂക്കു ചീറ്റാനായി സാര്‍ വരാന്തയിലേക്കിറങ്ങി.

സാര്‍ പറയുന്ന നോട്‌സ്‌ ശ്രദ്ധാപൂര്‍വ്വം കുറിച്ചെടുക്കുകയായിരുന്ന സുധിക്ക്‌ വരാന്‍ പോകുന്ന ഈ അപകടത്തെ കുറിച്ച്‌ യാതൊരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല.

പെട്ടെന്ന് വരാന്തയിലേക്ക്‌ ഇറങ്ങിയ സാറിനെ കണ്ട്‌ സുധി അന്ധാളിച്ചുപോയി.

നോട്ടുബുക്കും വായയും ഒരേപോലെ തുറന്നു പിടിച്ച്‌ അയാള്‍ അങ്ങനെ ചുവരില്‍ ചാരി നില്‍ക്കുന്നു...

ശശാങ്കന്‍ സാറാകട്ടേ, മൂക്കു ചീറ്റല്‍ കര്‍മ്മം നിര്‍വഹിക്കുന്നതിനു മുന്‍പ്‌ തന്നെ ചുവരും ചാരി നില്‍ക്കുന്ന ആ 'അഹങ്കാരിയെ' കണ്ടു കഴിഞ്ഞു.

തുമ്മലും ചീറ്റലും ഒക്കെ തീര്‍ത്ത്‌ സാര്‍ സുധിയുടെ നേരേ തിരിഞ്ഞു.

- താനിവിടെ എന്തെടുക്കാ?

സുധി ഒന്നും മിണ്ടുന്നില്ല. മുഖം താഴ്ത്തി നില്‍പ്പാണ്‌. വല്ലാത്തൊരു കുറ്റബോധം ആ മുഖത്തു നിഴലിച്ചു കാണാം. സാററിയാതെ സാറിന്റെ ക്ലാസ്സ്‌ കവര്‍ന്നെടുക്കുകയല്ലേ താന്‍ ചെയ്തതെന്ന കുറ്റബോധമാണോ?

അയാള്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതു കണ്ട്‌ സാര്‍ ആ നോട്ട്‌ ബുക്ക്‌ അയാളുടെ കയ്യില്‍ നിന്ന് വാങ്ങി. അതിലൂടെ കണ്ണോടിച്ച സാറിന്റെ മുഖത്ത്‌ മിന്നിമറഞ്ഞ ഭാവങ്ങള്‍ തനിക്ക് ‌ വ്യക്തമായി കാണാമായിരുന്നു.

ക്ലാസ്സില്‍ ഡിക്റ്റേറ്റ്‌ ചെയ്ത നോട്‌സ്‌ മുഴുവനും അതിലുണ്ടായിരുന്നല്ലോ.

പിന്നെ ഏറെ നേരം സാര്‍ സുധിയുടെ മുഖത്തേക്ക്‌ തന്നെ നോക്കി നില്‍ക്കുന്നത്‌ കണ്ടു.

സുധിയാകട്ടേ സാറിന്റെ മുഖത്തേക്ക്‌ നോക്കില്ല എന്ന വാശിയോടെന്നപോലെ നിലത്തേക്കു മാത്രം കണ്ണും നട്ടും.

ക്ലാസ്സിലെ കുട്ടികള്‍, ശശാങ്കന്‍ സാര്‍ ആരോടാണിത്‌ സംസാരിക്കുന്നത്‌ എന്നറിയാനുള്ള ആകാംക്ഷ മൂത്ത്‌ വരാന്തയിലേക്ക്‌ എത്തിനോക്കാന്‍ തുടങ്ങിയിരുന്നു.

ടുഡേ ഐയാം എന്‍ഡിംഗ്‌ ദ ക്ലാസ്സ്‌ ഹിയര്‍ - എന്നു വാതില്‍ക്കല്‍ തന്നെ നിന്നു പറഞ്ഞ്‌ സാര്‍ അന്നത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

പോകുന്ന പോക്കില്‍ തന്നെ ഫോളോ ചെയ്യാന്‍ സുധിയോട്‌ ആംഗ്യം കാണിക്കുന്നതും കണ്ടു.

അന്നേ ദിവസം പിന്നെ സുധിയെ കണ്ടില്ല.

കുട്ടികള്‍ക്കിടയില്‍ അന്നത്തെ സംസാര വിഷയം മുഴുവന്‍ സുധി തന്നെയായിരുന്നു. ഒന്നു മനസ്സിലായി, ആര്‍ക്കും തന്നെ സുധിയെ കുറിച്ച്‌ വളരെയൊന്നും അറിയില്ല.


പതിവുപോലെ ദിനങ്ങള്‍ വരുകയും കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു.

സുധിയും പഴയതു പോലെ തന്നെ. മിക്ക ദിവസങ്ങളിലും ക്ലാസ്സില്‍ എത്തുന്നത്‌ 15, 20, 25 മിനിറ്റ്‌ ഒക്കെ വൈകി തന്നെ.

തമാശരൂപത്തില്‍ ഒരിക്കല്‍ ഒരു സഹപാഠി പറയുന്നത്‌ കേട്ടു - ഈ ലോകത്ത്‌ ഒരിക്കലും നടക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു കാര്യം എന്തെന്നാല്‍ സുധീര്‍ കുമാറിനെക്കൊണ്ട്‌ ഈ കോളേജിലെ ഫസ്റ്റ്ബെല്ലടി കേള്‍പ്പിക്കുക എന്നതാണ്‌. ഈ കമന്റിനേയും സുധീര്‍ കുമാര്‍ തന്റെ സ്വതസിദ്ധമായ നനുത്ത പുഞ്ചിരിയോടെ തന്നെ ഏറ്റുവാങ്ങി.


പക്ഷേ എന്തു മാജിക്‌ നടന്നു എന്നറിയില്ല, പിന്നൊരിക്കലും താമസിച്ചു വരുന്ന സുധിയെ ശശാങ്കന്‍ സാര്‍ ക്ലാസ്സില്‍ കയറ്റാതിരുന്നിട്ടില്ല.രണ്ടു വര്‍ഷം കണ്ണുചിമ്മുന്ന വേഗതയിലാണ്‌ കടന്നുപോയത്‌. ആര്‍ക്കും ആരെ കുറിച്ചും അന്വേഷിക്കാന്‍ നേരമില്ല - ഇന്റേര്‍ണല്‍സ്‌, പ്രാക്ടിക്കല്‍സ്‌, പ്രോജക്റ്റ്‌, തീസിസ്‌ അങ്ങനെ എന്തെല്ലാം ഗുലുമാലുകള്‍.


ഫൈനല്‍ ഈയര്‍ പരീക്ഷ കഴിഞ്ഞ്‌ രണ്ടു മാസത്തിനുള്ളില്‍ വിവാഹിതയായി താന്‍. ഭര്‍ത്താവിനൊപ്പം മറുനാട്ടിലേക്ക്‌ വണ്ടി കയറുകയും ചെയ്തു. പത്തു വര്‍ഷക്കാലത്തെ വിദേശവാസം. ആ കാലഘട്ടത്തില്‍ നാട്ടുവിശേഷങ്ങളൊന്നും അങ്ങനെയിങ്ങനെ അറിയാനും അറിയാനും കഴിഞ്ഞില്ല.

നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം ഒരദ്ധ്യാപന ജോലിയും തരപ്പെടുത്തി നാട്ടില്‍ എത്തിയപ്പോഴാണ്‌ പഴയ കൂട്ടുകാരുടെയൊക്കെ വിശേഷങ്ങള്‍ വീണ്ടും അറിയുവാന്‍ തരപ്പെട്ടത്‌.

അതില്‍ ഏറ്റവും അല്‍ഭുതപ്പെടുത്തിയത്‌, പുതുതായി പണികഴിപ്പിച്ച സ്വന്തം വീടിന്‌ രണ്ടു വീടപ്പുറം കുടുംബസമേതം കഴിയുന്നത്‌ പഴയ സഹപാഠിയായ സുധീര്‍ കുമാറാണ് എന്നതും അയാള്‍ ഒരു ഐ.എ.എസ്സ്‌ ഓഫീസ്സര്‍ ആണ് എന്നതും ആയിരുന്നു. സത്യം പറഞ്ഞാല്‍ മനസ്സിനു വല്ലാത്തൊരു കുളിര്‍മ്മ തോന്നിയ ഒരവസരമായിരുന്നു അത്‌.

കാലങ്ങള്‍ കഴിഞ്ഞു കണ്ടപ്പോഴും സുധിയുടെ ആ പെരുമാറ്റത്തിന്‌ യാതൊരു മാറ്റവുമില്ല.

അയാളുടെ ചിരിക്ക്‌ ഇപ്പോഴും ആ പഴയ നനുനനുപ്പ്‌ തന്നെ. ഐ.എ.എസ്സിന്റെ പ്രൌഢഗാംഭീര്യമൊന്നും അതിനു കൈവന്നിട്ടില്ല.


*** *** ***


ചായ കുടിക്കുന്നതിനിടയില്‍ ശരത്തേട്ടനോട്‌ വിശേഷമെല്ലാം പറഞ്ഞു.

അതു കഴിഞ്ഞ്, അടുക്കളയിലെ പ്രിപ്പറേഷന്‍, അടുത്തദിവസത്തേയ്ക്കുള്ള നോട്‌സ്‌ പ്രിപ്പറേഷന്‍ ഇതിന്റെയൊക്കെ തിരക്കില്‍ തല്‍ക്കാലത്തേക്ക്‌ സുധിയും ശശാങ്കന്‍ സാറും ഒക്കെ മനസ്സില്‍ നിന്നിറങ്ങിപ്പോയി.

ഏകദേശം 8 മണി കഴിഞ്ഞുകാണും ഒരു ഫോണ്‍ വന്നു. ശരത്തേട്ടനാണ്‌ അറ്റന്‍ഡ്‌ ചെയ്തത്‌.

ഫോണ്‍ വച്ചു കഴിഞ്ഞ്‌ അദ്ദേഹം വിളിച്ചു.

ശ്യാമേ, ഇന്ന് സുധി ഹോസ്പിറ്റലില്‍ തങ്ങുകയാണത്രേ. ലക്ഷ്മിയും മോളും ഇവിടെയാണ്‌ കിടക്കുന്നത്‌.

ലക്ഷ്മി സുധിയുടെ ഭാര്യയാണ്‌.

ഇപ്പോള്‍ സാറിനെങ്ങനെയുണ്ടെന്നു പറഞ്ഞു?

അവസ്ഥ തീരെ മോശം ആണെന്നാ പറഞ്ഞത്‌.

എന്നാല്‍ ശരി, ശരത്തേട്ടന്‍ പോയി ലക്ഷ്മിയേയും മോളേയും കൂട്ടി വരൂ.

ശ്യാമ അവര്‍ക്കു വേണ്ടി മുകളിലത്തെ നിലയിലുള്ള ബെഡ്‌ റൂം ഒരുക്കാന്‍ പോയി.


ലക്ഷ്മിയും മോളും വന്നു.

- ലക്ഷ്മീ അത്താഴം കഴിഞ്ഞോ?

- കഴിഞ്ഞു ചേച്ചീ.

- സുധിക്ക്‌ ആ മാഷിനോട്‌ വല്ലാത്തൊരു അറ്റാച്‌മെന്റ്‌ ഉണ്ട്‌ അല്ലേ?

ശരത്തേട്ടന്‍ ലക്ഷ്മിയോട്‌ ചോദിച്ചു.

- സുധിയേട്ടന്‌ ശശാങ്കന്‍ സാര്‍ എന്നാല്‍ സര്‍വ്വസ്വമല്ലേ?

ലക്ഷ്മി അങ്ങനെ പറഞ്ഞതിന്റെ പൊരുള്‍ അത്ര പിടികിട്ടിയില്ല.

ലക്ഷ്മി തുടര്‍ന്നു

- കഴിഞ്ഞയാഴ്ച പോയി കണ്ടപ്പോള്‍ സാറിന്‌ അത്ര സുഖമില്ലെന്നു അറിഞ്ഞ്‌ സുധിയേട്ടന്‌ വല്ലാത്ത വിഷമമായിരുന്നു. പിന്നത്തെ നാലു ദിവസം യാത്ര. നാളെ സാറിനെ കാണാന്‍ പോകാന്‍ ഇരിക്കയായിരുന്നു. അപ്പോഴാണ്‌ ചേച്ചി വന്ന് വവരം പറഞ്ഞത്‌ -

അതിശയം തോന്നി. മാഷുമായിട്ട്‌ സുധി ഇത്ര അടുപ്പത്തിലോ? ഒരിക്കല്‍ പോലും സാറിനെ ഇങ്ങനെ സന്ദര്‍ശിക്കാറുണ്ടെന്ന കാര്യം തന്നോട്‌ പറഞ്ഞിട്ടില്ലല്ലോ!

ലക്ഷ്മിയില്‍ നിന്നാണ്‌ പിന്നെ ആ ചരിത്രമെല്ലാം താനറിഞ്ഞത്‌. പതിവായി വൈകിമാത്രം ക്ലാസ്സിലെത്തുന്ന അന്നത്തെ ആ വിദ്യാര്‍ത്ഥിയായ സുധിയെ കൊണ്ട്‌ ശശാങ്കന്‍ സാര്‍ മനസ്സു തുറപ്പിക്കുകതന്നെ ചെയ്തുവത്രേ. തന്റെ വൈകി വരലിന്റെ രഹസ്യം സുധി സാറിനോട്‌ പറഞ്ഞു. അന്നന്നത്തേയ്കുള്ള അന്നത്തിനു വക തേടാനായി ടാക്സിക്കാറുകളും ഓട്ടോറിക്ഷകളും മറ്റും കഴുകുകയും തുടയ്ക്കുകയും ഒക്കെ ചെയ്തിട്ടാണയാള്‍ കോളേജിലേക്ക്‌ വന്നിരുന്നത്‌. ഒരു ദിവസത്തേക്കുള്ള അരിയും മറ്റു സാധനങ്ങളും വാങ്ങാനുള്ള കാശ്‌ തികയുന്നതു വരെ അയാളീ ജോലി ചെയ്തേ പറ്റൂ. വീട്ടില്‍ അമ്മയും പത്തു വയസ്സോളം ഇളപ്പമുള്ള പെങ്ങളും മാത്രം. അഛനില്ല. കുടുംബപ്രാരാബ്ധം മുഴുവന്‍ തന്റെ ഇളം തോളുകളില്‍. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ദൈവം തന്നിലര്‍പ്പിച്ച കര്‍മ്മങ്ങള്‍ സസന്തോഷം തന്നെ ഏറ്റെടുത്തു ചെയ്യുകയായിരുന്നു ആ ചെറുപ്പക്കാരന്‍. ആ പാവപ്പെട്ട വിദ്യാര്‍ത്ഥിയോട്‌ അറിയാതെയാണെങ്കിലും പരുഷമായി പെരുമാറിപ്പോയതില്‍ നല്ലവനായ ആ അദ്ധ്യാപകന്‍ മനസ്താപപ്പെട്ടു. രണ്ടു പെണ്‍മക്കളുടെ അഛനായ അദ്ദേഹം തനിക്കില്ലാത്തൊരു മകനായി സുധിയെ കണ്ടു. പഠനച്ചിലവുകള്‍ മുഴുവന്‍ വഹിച്ചു. സുധിയും സാറിനെ നിരാശപ്പെടുത്തിയില്ല. തേച്ചുരച്ചെടുത്താല്‍ പത്തരമാറ്റ്‌ തങ്കം തന്നെയാണ്‌ താനെന്ന് അയാളും തെളിയിച്ചു. സുധിയെ ഒരു ഐ.എ.എസ്സുകാരനാക്കി മാറ്റിയതിന്റെ പിന്നിലെ സകല പ്രേരക ശക്തിയും ശശാങ്കന്‍ സാര്‍ ഒരാള്‍ മാത്രമായിരുന്നത്രേ.


*** *** ***


പിറ്റേന്ന് കോളേജില്‍ എത്തിയപ്പോള്‍ എതിരേറ്റത്‌ ശശാങ്കന്‍ സാറിന്റെ നിര്യാണ വാര്‍ത്തയായിരുന്നു.

മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഭാര്യക്കും പെണ്‍‌മക്കള്‍ക്കും ഒപ്പം സുധീര്‍ കുമാര്‍ എന്ന മകനും ഉണ്ടായിരുന്നു.

സുകൃതിയായ ആ അദ്ധ്യാപകന്റെ ആത്മാവിന്‌ ഇതില്‍പരം ഒരു സന്തോഷമുണ്ടാകാനിടയുണ്ടോ?

---------------------------------------------------------


ഗീത.

Copy Right (C) 2009 K.C.Geetha.

Monday, November 9, 2009

ഒളിക്കാനൊരിടം.


നസ്വിനി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റതേയില്ല. മുറിയിലെ ഇരുള്‍ മാത്രമായിരുന്നു അവള്‍ക്ക്‌ കൂട്ടായുണ്ടായിരുന്നത്‌. ഒറ്റപ്പെടുത്തപ്പെട്ടവള്‍, ആര്‍ക്കും വേണ്ടാത്തവള്‍ എന്നൊക്കെ സ്വയം പരിതപിക്കുവാനായുന്ന മനസ്സിനെ കഠിനമായി ശാസിച്ചു നിര്‍ത്തി അവള്‍. കണ്ണുകള്‍ക്കും താക്കീതു നല്‍കി, ഒരിക്കല്‍ പോലും പെയ്തുപോകരുതെന്ന്.

അങ്ങനെ മനസ്സിനെ നിസ്സംഗമാക്കി വയ്ക്കുന്നതില്‍ ഏറെക്കുറേ വിജയിച്ചിരിക്കുമ്പോഴാണ്‌ പെട്ടൊന്നൊരാള്‍ ആ മുറിയിലേക്ക്‌ ഓടിക്കയറി വന്നത്‌, മിന്നല്‍ പോലെ.

അയാള്‍ വന്നതും മുറിയാകെ പ്രകാശമാനമായി.

വന്നയാളിന്റെ മുഖത്തേക്ക്‌ നോക്കാന്‍ വയ്യ. അത്രയ്ക്കും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശതേജസ്സ്‌!

പക്ഷേ ആ അതിഥിയാകട്ടേ തന്റെ തേജോമയമായ രൂപത്തെക്കുറിച്ചൊന്നും തീരെ ബോധവാനായിരുന്നില്ല എന്നു തോന്നി. പോരെങ്കില്‍ വല്ലാതെ പരവേശപ്പെട്ടും കാണപ്പെട്ടു.

വന്നയാള്‍ വലിയ വെപ്രാളത്തില്‍ പറഞ്ഞു,

നോക്കു, എനിക്ക്‌ ഒളിച്ചിരിക്കാനൊരിടം തരൂ, ദയവായി...

മനസ്വിനി അമ്പരന്നു.

ഈ തേജ:പുഞ്ജത്തിന്‌ ഒളിച്ചിരിക്കണമെന്നോ?

എന്തു കുറ്റം ചെയ്തിട്ടാ?

അറിയാതെ തന്നെ നാവില്‍ നിന്ന് പുറപ്പെട്ടു പോയി ഈ ചോദ്യം.

ദയവായി വിശ്വസിക്കൂ, ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല ഇതുവരെ. എന്നിട്ടും...

വാക്കുകള്‍ കിട്ടാതെ വിഷമിക്കുകയാണ് ആ തേജോമയന്‍.

മനസ്വിനിക്ക്‌ അലിവു തോന്നി.

ആട്ടേ, ആരാണ്‌ അങ്ങ്‌?

ഞാന്‍ പ്രകാശമാണ്‌.

പ്രകാശമോ?

മനസ്വിനി അല്‍ഭുതപരതന്ത്രയായി.

ഒന്നും മിണ്ടാനാവാതെ കണ്ണഞ്ചിപ്പോകുന്ന പ്രകാശം പൊഴിച്ചു നില്‍ക്കുന്ന ആ രൂപത്തെത്തന്നെ അങ്ങനെ നോക്കി നിന്നുപോയി അവള്‍.

അതേ ഞാന്‍ പ്രകാശമാണ്‌. എനിക്കൊരിടത്തും ഒളിക്കാന്‍ കഴിയില്ല. ഞാനെവിടെപ്പോയാലും അവിടൊക്കെ പ്രകാശമാനമാകും. അവരെന്നെ കണ്ടുപിടിക്കും. എനിക്കൊരിടവും ഇല്ല ഒന്നൊളിച്ചിരിക്കാന്‍...

ആഗതന്‍ വിലപിച്ചു.

ആരില്‍ നിന്നാണ്‌ അങ്ങ്‌ ഒളിക്കുന്നത്‌? എന്തിനു വേണ്ടി?

നോക്കൂ, അവരെന്നെ പിന്തുടരുകയാണ്‌. ഒരുകൂട്ടം ശാസ്ത്രജ്ഞന്മാര്‍. ശൂന്യതയിലൂടെയുള്ള എന്റെ ഗതിവേഗത്തെ അവര്‍ക്ക്‌ കൂട്ടുകയോ കുറയ്ക്കുകയോ ഒക്കെ വേണമത്രേ. അതൊരിക്കലും സാദ്ധ്യമല്ല. ഞാനതിനൊരിക്കലും സമ്മതിക്കില്ല. ശൂന്യതയിലൂടെ, എല്ലാ ദിശയിലേയ്ക്കും ഞാന്‍ ഒരേ വേഗതയിലേ സഞ്ചരിക്കൂ. എല്ലാ ദിശകളും എനിക്കൊരുപോലെ തന്നെ...

ഒന്നു നിറുത്തിയിട്ട് വീണ്ടും ആഗതന്‍ പറഞ്ഞുതുടങ്ങി.

അവരെന്നെ ഏതെല്ലാം വിധത്തില്‍ പീഡിപ്പിച്ചു എന്ന് ഭവതിക്ക്‌ അറിയുമോ?

സര്‍വ്വതന്ത്രസ്വതന്ത്രനായി സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന എന്നെ അവര്‍ തളച്ചിട്ടു.

ചിലപ്പോള്‍ വളരെ കനം കുറഞ്ഞ ഒരു നേരിയ പാളിയിലൂടെ ഊര്‍ന്നിറങ്ങേണ്ടിവന്നു എനിക്ക്‌.

പിന്നെ ഒരു തലനാരിഴയുടെ വലിപ്പം പോലുമില്ലാത്ത കുഴലിലൂടെ അവരെന്നെ പായിച്ചു.

അതിനേക്കാളുമൊക്കെ സങ്കടകരം ഒരിക്കല്‍ അകത്തു കയറിപ്പോയാല്‍ പിന്നൊരിക്കലും പുറത്തേക്കൊരു ഒരു മോചനം സാദ്ധ്യമാകാത്തതരത്തിലുള്ള കുഞ്ഞു കുഞ്ഞു ഗോളങ്ങള്‍‍ അവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു! അതിനുള്ളില്‍ എന്നെ അവര്‍ തളച്ചിടും...

ഇതൊന്നും പോരാഞ്ഞ്‌, എന്റെ തരംഗദൈര്‍ഘ്യത്തിനേക്കാള്‍ ചെറിയ വ്യാസമുള്ള ഒരതിസൂക്ഷ്മ ദ്വാരത്തിലൂടെ എന്നെ ഞെങ്ങിഞ്ഞെരുക്കി ഇറക്കിച്ച്‌ പലേ പരീക്ഷണങ്ങളും നടത്തുന്നു‍ !!

ഇതെല്ലാം തന്നെ എന്തിനു വേണ്ടി? മനുഷ്യരുടെ കാര്യസാദ്ധ്യങ്ങള്‍ക്കു വേണ്ടി മാത്രം!

അവര്‍ക്കു വേണ്ടി ഞാനെന്തെല്ലാം ചെയ്തു കൊടുത്തു!

ഏല്‍പ്പിക്കുന്ന ജോലികളെല്ലാം അണുവിട തെറ്റാതെ അതീവവിശ്വസ്തതയോടുകൂടി ചെയ്തില്ലേ?

അവരുടെ സന്ദേശങ്ങളും ചിത്രങ്ങളുമെല്ലാം അനേകായിരം മൈലുകള്‍ക്കപ്പുറത്തിരിക്കുന്ന അവരുടെ പ്രിയപ്പെട്ടവരുടെ അരികിലേക്ക്‌ കണ്ണുചിമ്മുന്ന വേഗതയില്‍ എത്തിച്ചു കൊടുത്തില്ലേ ഞാന്‍?

എന്റെ സഞ്ചാരവേഗതയോടായിരുന്നു അവര്‍ക്കു പ്രിയം. എന്നിട്ടുമിപ്പോള്‍.....

ആ തേജോമയന്‍ വിതുമ്പിപ്പോകുമെന്ന മട്ടായി.

അല്‍പ്പം കഴിഞ്ഞ്‌ ശബ്ദം വീണ്ടെടുത്ത്‌ വീണ്ടും പറഞ്ഞുതുടങ്ങി.

ഒരൊറ്റ സ്പര്‍ശത്താല്‍ തൊടുന്നതെന്തിനേയും പ്രകാശമാനമാക്കാന്‍ കഴിയുന്ന എന്റെയാ കഴിവില്‍ ഞാന്‍ വല്ലാതെ അഹങ്കരിച്ചിരുന്നു. പക്ഷെ ആ കഴിവുതന്നെയാണിപ്പോള്‍ എനിക്കു വിനയായിരിക്കുന്നതും. എനിക്കെവിടേയും ഒളിക്കാന്‍ കഴിയില്ല...

ദു:ഖാകുലനായി പ്രകാശം പറഞ്ഞു.

അങ്ങ്‌ ഒളിച്ചാല്‍ പിന്നെ ഈ പ്രപഞ്ചം ഇരുളിലാണ്ടു പോകില്ലേ? അങ്ങില്ലെങ്കില്‍ ഈ ഭൂമി എങ്ങനെ നിലനില്‍ക്കും?

ഭവതി ഭയപ്പെടേണ്ട.ഒളിച്ചാലും ഈ പ്രപഞ്ചത്തിനു വേണ്ട പ്രകാശം ഞാന്‍ നല്‍കിക്കൊണ്ടേയിരിക്കും. കണ്ടിട്ടില്ലേ, സൂര്യാസ്തമയത്തിനു ശേഷവും നിലാവായും നക്ഷത്രവെളിച്ചമായും ഒക്കെ ഞാന്‍ ഈ ഭൂമിയില്‍ തങ്ങി നില്‍ക്കുന്നത്‌?

ശരിയാണ്‌.

മനസ്വിനിക്ക്‌ പിന്നെ അധികം ചിന്തിക്കേണ്ടി വന്നില്ല.

അവള്‍ പറഞ്ഞു,

ഹേ മഹാത്മന്‍, അങ്ങ്‌ എന്റെ ഹൃദയത്തിലൊളിച്ചു കൊള്ളൂ. ഞാന്‍ അങ്ങയെ മറ്റുള്ളവര്‍ക്ക്‌ കാണിച്ചു കൊടുക്കില്ല. അതേസമയം അങ്ങയുടെ സാന്നിദ്ധ്യം കൊണ്ട്‌ എന്റെ ഹൃദയം പ്രകാശമാനമാവുകയും ചെയ്യും.

അവള്‍ വ്യാമോഹിച്ചു - അങ്ങനെ പ്രകാശസാന്നിദ്ധ്യത്താല്‍ വെട്ടപ്പെടുമ്പോഴെങ്കിലും അവളുടെ ഹൃദയം അവര്‍ കാണട്ടേ, ഇപ്പോഴും അതു മിടിച്ചു കൊണ്ടിരിക്കുന്നത്‌ അവര്‍ക്കു വേണ്ടി തന്നെയാണെന്ന് - വേണ്ടതെല്ലാം നേടിക്കഴിഞ്ഞ്‌ സ്വന്തം കാലില്‍ നില്‍ക്കാമെന്നായപ്പോള്‍, ഒരധികപ്പറ്റായി മാത്രം തന്നെ കാണാന്‍ കഴിയുന്നവര്‍ ‍ - അവര്‍ കാണട്ടേ, അവര്‍ക്കു വേണ്ടി മാത്രമാണ് ഇപ്പോഴും അവളുടെ ഹൃദയം മിടിക്കുന്നതെന്ന്.....

ഒരു നിമിഷം എല്ലാം മറന്നവള്‍ ആശിച്ചുപോയി.

ചിന്തകളില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് താനെന്താണാഗ്രഹിച്ചത് എന്നു തിരിച്ചറിഞ്ഞ നിമിഷം മനസ്സിനെ തീക്ഷ്ണമായി ശാസിച്ചു അവള്‍.

പ്രകാശം മനസ്വിനിയുടെ ഹൃദയത്തില്‍ ഒളിച്ചു.

**************************************
- ഗീത -

Copy Right (C) 2009 K.C. Geetha.

Sunday, October 25, 2009

കൂട്ടിലെ തത്ത.

ണ്ണു തുറന്നപ്പോള്‍ കുറ്റാക്കുറ്റിരുട്ട്‌. ഒന്നും മനസ്സിലായില്ല. താന്‍ എവിടെയാണ്‌?

മുറിയിലെ ഇരുട്ടുമായി പതുക്കെ പൊരുത്തപ്പെട്ടപ്പോള്‍ മനസ്സിലായി - അടുക്കളയോട്‌ ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയിലാണ്‌ താന്‍ കിടക്കുന്നത്‌. വെറും നിലത്ത്‌.

എന്താണ്‌ സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ ചില നിമിഷങ്ങള്‍ വേണ്ടിവന്നു. പിന്നെയെല്ലാം ഒരു ചിത്രത്തിലെന്നപോലെ തെളിഞ്ഞുവന്നു. കൂട്ടത്തിലൊരു ചിത്രം മനസ്സിനിത്തിരി കുളിര്‍മയുമേകി. തുറന്നുപിടിച്ച കിളിവാതിലിലൂടെ ഇരുമ്പഴിക്കൂട്ടിലെ അസ്വാതന്ത്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രതയുടെ അനന്തവിഹായസ്സിലേക്ക്‌ പറന്നകലുന്ന തത്തമ്മക്കിളിയുടെ ചിത്രം!

*** *** ***

തത്തകളെ വളരെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്‌. ഒരു തത്തയെ വളര്‍ത്തണം എന്ന് ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു.

ഓഫീസില്‍ നിന്ന് എത്താന്‍ വൈകിയ ഒരു നാള്‍, കുറേ തത്തക്കൂടുകളും ചുമന്നു കൊണ്ട്‌ ഒരു മുഷിഞ്ഞ വസ്ത്രധാരിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു വരുന്നതു കണ്ടു.

ഇടവഴിയുടെ അങ്ങേത്തലയ്ക്കല്‍ എത്തിയപ്പോഴേ കണ്ടു ആ തത്തക്കൂടുകാരന്റെ കൈയിലെ വലിപ്പം കൂടിയ ഒരു കൂട്ടിനുള്ളില്‍ അഞ്ചാറു തത്തകള്‍. അയാളുടെ നടത്തയുടെ താളങ്ങള്‍ക്കൊത്ത്‌, തുലനാവസ്ഥ കൈവരിക്കാനായി ചിറകടിക്കുന്ന പാവങ്ങള്‍!

മിനുമിനുത്ത തൂവലുകളും ചുവന്ന കണ്ഠാഭരണവുമുള്ള അഴകാര്‍ന്നൊരു തത്തമ്മയെ തന്നെ അദ്ദേഹം തിരഞ്ഞെടുത്തു. അതിന്റെ വിലയായി പോക്കറ്റില്‍ നിന്ന്‌ 100 രൂപയുടെ മൂന്നു പുതുപുത്തന്‍ നോട്ടുകള്‍ എടുത്ത്‌ തത്തവില്‍പ്പനക്കാരന്റെ കൈയില്‍ വച്ചു കൊടുക്കുമ്പോള്‍ ആ മുഖത്ത്‌ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും ദര്‍ശിക്കാനായിരുന്നില്ല.

ഒരു നിമിഷം ഒന്നു ചിന്തിച്ചു പോയി.

മറ്റു വീട്ടാവശ്യങ്ങള്‍ക്കായി - അവ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെങ്കില്‍ പോലും- സ്വന്തം കൈയില്‍ നിന്ന് പച്ച നോട്ടുകള്‍ വിടപറയുമ്പോള്‍, ആ മുഖത്ത്‌ സാധാരണ പ്രത്യക്ഷപ്പെടാറുള്ള ആ വൈമനസ്യഭാവത്തെപ്പറ്റി-

ഡൈനിങ്ങ്‌ ഹാളിലെ ജനാലയ്ക്കരുകിലായി തത്തക്കൂട്‌ സ്ഥാനം പിടിച്ചു.

അനുനിമിഷം, അസ്വതന്ത്രതയുടെ ഇരുമ്പ്‌ കമ്പികള്‍ തകര്‍ത്ത്‌, അനന്തതയിലേക്ക്‌ പറന്നുയരാന്‍ വെമ്പല്‍ പൂണ്ട്‌, അഴികള്‍ക്കിടയിലൂടെ ചുണ്ടു നീട്ടുകയും ചിലക്കുകയും, ചിറകിട്ടടിക്കുകയും ചെയ്യുന്ന തത്ത!

സഹതാപാര്‍ദ്രമായ മനസ്സോടേ തത്തയെ തന്നെ നോക്കി നിന്നു പോയി.

നോക്കി നോക്കി നില്‍ക്കവേ തത്തയുടെ ആ അസ്വസ്ഥത മുഴുവനും തന്നിലേക്ക്‌ ആവേശിച്ചതു പോലെ!

താനുമൊരു തത്തയല്ലേ? കൂട്ടിലെ തത്ത?

തത്തയ്ക്ക് ചിറകിട്ടടിച്ചും ചിലച്ചും പ്രതിഷേധം പ്രകടിപ്പിക്കയെങ്കിലും ചെയ്യാം. തനിക്കോ?

രാത്രി വന്നു.

ഉറങ്ങാന്‍ കഴിഞ്ഞില്ല.

മനസ്സു നിറയെ തത്ത.

കണ്മുന്നില്‍ തത്ത! കണ്ണടച്ചാല്‍ തത്ത!

സ്വാതന്ത്ര്യത്തിനു വേണ്ടി ചിറകിട്ടടിക്കുന്ന തത്തയുടെ ചിത്രം!

ആ ഒരൊറ്റ ചിത്രം മാത്രം!

തന്റെ ഓരോ അണുവിലും, പറിച്ചുമാറ്റാന്‍ കഴിയാത്തവിധം ആ ചിത്രം അങ്ങു ലയിച്ചു ചേര്‍ന്നപോലെ!പിറ്റേ പുലരി.

പതിവുള്ള നിസ്സംഗഭാവത്തോടെ ആദിത്യന്‍ കിഴക്കു ദിക്കില്‍ ദര്‍ശനമരുളി.

ബെഡ്‌ കോഫിയെടുക്കുമ്പോഴായിരുന്നു ഡൈനിംഗ്‌ ഹാളില്‍ നിന്ന് 'ഇന്ദൂ' എന്ന് അലര്‍ച്ചയുടെ സ്വരത്തിലുള്ള വിളി മുഴങ്ങിയത്‌.

പ്രതീക്ഷിച്ചതായതു കൊണ്ട്‌ ഞെട്ടിയില്ല.

വല്ലാത്തൊരു ധൃതി അഭിനയിച്ച്‌ ഓടിച്ചെന്നു. അതിനു മുന്‍പായി, മുഖം നിറയെ നിഷ്കളങ്കത വാരിപ്പൂശുവാന്‍ മറന്നിരുന്നില്ല.

'തത്തയെ കാണുന്നില്ല. കൂടും തുറന്നു കിടക്കുന്നല്ലോ!'

പരിഭ്രമിച്ച സ്വരം.

'അതേയോ! അയ്യയ്യോ ആ വികൃതിപ്പൂച്ച പിടിച്ചിട്ടുണ്ട്‌. കഷ്ടം തന്നെ'

അമ്പരപ്പും വിഷാദവും കൂട്ടിക്കലര്‍ത്തി മറുപടി പറയുമ്പോള്‍, ഉള്ളിന്റെയുള്ളില്‍ അഭിമാനം തോന്നി - താനൊരൊന്നാന്തരം അഭിനേത്രി തന്നെ!

'ശ്ശോ എന്റെ മുന്നൂറു രൂപ വെള്ളത്തിലായി'

തലയ്ക്കടിച്ചു വിലപിച്ചു അദ്ദേഹം.

ദേഷ്യം തോന്നി. ഒരു പാവം ജീവന്‍ പൊലിഞ്ഞതില്‍ ഒരു വിഷാദവുമില്ല. രൂപാ മുന്നൂറ്‌ പോയല്ലോ എന്നാണ്‌ വിഷമം.


ഒരാഴ്ച കഴിഞ്ഞില്ല, മറ്റൊരു തത്ത ആ കൂട്ടിനുള്ളില്‍ സ്ഥാനം പിടിച്ചു.

ഏതോ 'ദുര്യോഗം' വന്നുപെടാനും അങ്ങനെ കൂട്ടില്‍ നിന്ന്‌ അപ്രത്യക്ഷമാവാനും വിധിക്കപ്പെട്ട പാവം!

വിധി പോലെ തന്നെ നടന്നു!

പക്ഷേ ഇത്തവണ അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണം വിഭിന്നമായിരുന്നു.

സംഭവിച്ച നഷ്ടത്തെക്കുറിച്ച്‌ തലക്കടിച്ചു വിലപിക്കുന്നതിനു പകരം, തന്റെ നേര്‍ക്ക്‌ ഒരു ഗര്‍ജ്ജനം!

'കൂട്ടിനുള്ളില്‍ നിന്ന് തത്തയെങ്ങനെ പോയി എന്നറിയില്ലെങ്കില്‍പ്പിന്നെ - താനൊക്കെയിവിടെ എന്തെടുക്ക്വായിരുന്നൂ?'

താനെന്തു ചെയ്യാനാണ്‌? എപ്പോഴും തത്തയെ തന്നെ നോക്കിയിരിക്കാന്‍ പറ്റ്വോ?

ഒരിക്കല്‍ ധൈര്യം സംഭരിച്ചു പറഞ്ഞു.

'എന്തിനീ പാവങ്ങളെ കൂട്ടിലിട്ടടയ്ക്കുന്നു? ആകാശവിതാനത്തില്‍ സ്വതന്ത്രമായി പറന്നു നടക്കേണ്ടവയല്ലേ ഈ കിളികള്‍! ഇവയെ ഇങ്ങനെ കൂട്ടിലടച്ചിടുന്നത്‌ ദ്രോഹമല്ലേ?'

പിന്നെ സഹതപിച്ചു.

'കഷ്ടം തന്നെ! എല്ലാം ആ കുന്നന്‍ പൂച്ചയ്ക്ക്‌ ഭക്ഷണമാവുകയും ചെയ്യുന്നു! വെറുതേ -'

ബാക്കി പറയാനായില്ല. ആ കണ്ണുകളില്‍ നിന്ന് പാഞ്ഞു വന്ന തീക്ഷ്‌ണമായ കോപാഗ്നിശരങ്ങളേറ്റ്‌ പുറത്തേക്ക്‌ വരാനാഞ്ഞ വാക്കുകള്‍ തൊണ്ടയില്‍ തന്നെയിരുന്ന് കരിഞ്ഞു ചാമ്പലായിപ്പോയി.

രണ്ടാം തത്തമ്മ അപ്രത്യക്ഷമായതിന്റെ മൂന്നാം പക്കം തന്നെ എത്തി മൂന്നാം തത്തമ്മ!

മുന്‍ഗാമികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥയായിരുന്നു ഇവള്‍. ചിറകടിച്ചോ നിറുത്താതെ ചിലച്ചോ അല്ല പ്രതിഷേധം പ്രകടിപ്പിച്ചത്‌. നിരാഹാരമായിരുന്നു അവള്‍ സ്വീകരിച്ച സമരമുറ.

പലനാള്‍ കട്ടാല്‍ ഒരു നാള്‍ പെടും!

അങ്ങനെ ഒരു നാള്‍ പെടുകതന്നെ ചെയ്തു!

മൂന്നാം തത്തമ്മ എത്തിയതിന്റെ മൂന്നാം ദിവസം രാത്രി.

പാതിരാവിന്റെ നിശ്ശബ്ദതയില്‍ ഭര്‍ത്താവിന്റെ കൂര്‍ക്കം വലി ഒരേ താളത്തില്‍ കേള്‍ക്കുന്നു എന്നുറപ്പിച്ച്‌, പതിഞ്ഞ കാലടികളുമായി തത്തക്കൂടിനരികിലെത്തി. കിളിവാതില്‍ മെല്ലെ തുറന്നു കൊടുത്തു. നിരാഹാരവ്രതത്താല്‍ തീരെ അവശയായിരുന്നെങ്കിലും വാതില്‍ തുറന്നപ്പോള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ അവള്‍ പറന്നകലുന്നത്‌ ഇരുട്ടില്‍ ഒരു മിന്നായം പോലെ ഒന്നു കണ്ടതേ ഓര്‍മ്മയുള്ളൂ-


പിന്നെ നടന്നതെല്ലാം ഒരു ദുസ്വപ്നത്തിലെ ചിത്രങ്ങള്‍ പോലെ-

പതുങ്ങി വന്ന് ഇരയുടെ മേല്‍ ചാടി വീഴാറുള്ള ആ കുന്നന്‍ പൂച്ചയെ പോലെ അദ്ദേഹം തന്റെ മേല്‍ ചാടി വീണത്‌ -

ദ്രോഹീ... ദുഷ്ടേ.. എന്നൊക്കെയുള്ള സംബോധനകള്‍ -

പിന്നെ അഗ്നിവര്‍ഷം പോലെ തന്നില്‍ വന്നു പതിച്ച ദണ്ഡനങ്ങള്‍-

കരയാതെ പിടിച്ചു നിന്നു. അത് അദ്ദേഹത്തിന്റെ ദേഷ്യമേറ്റി.

പിന്നെപ്പോഴോ ബോധം മറഞ്ഞിട്ടുണ്ടാവും.ചെറിയ ജനാലയിലൂടെ വെളിച്ചത്തിന്റെ ആദ്യകീറ്‌ മുറിയിലേക്ക്‌ എത്തിനോക്കി.

നേരം പുലരാറായിരിക്കുന്നു!

അപ്പോള്‍ ഇന്നലത്തെ രാത്രി മുഴുവന്‍ താനീ മുറിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നുവെന്നോ?

ക്ലോക്കിലെ യന്ത്രപ്പക്ഷി കൂടു തുറന്ന് ആറു പ്രാവശ്യം ചിലക്കുന്നതു കേട്ടു. ഇനി കിടന്നാല്‍ പറ്റില്ല.

എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍‍ ദേഹമാസകലം വേദനിക്കുന്നു.

മുറിയുടെ വാതില്‍ തുറന്നു അടുക്കളയിലേക്ക്‌ പോകാനൊരുങ്ങി.

ങേ! എന്തായിത്‌?

വാതില്‍ തുറക്കുന്നില്ലല്ലോ!

ആഞ്ഞു വലിച്ചു നോക്കി. എന്നിട്ടും പറ്റുന്നില്ല.

അപ്പോഴാണ്‌ അതു മനസ്സിലായത്‌, മുറി പുറത്തു നിന്ന്‌ താഴിട്ടു പൂട്ടിയിരിക്കുന്നു!

താനുമൊരു തത്തയായി മാറിയിരിക്കുന്നു, അക്ഷരാര്‍ത്ഥത്തില്‍ തന്നെ!

കൂട്ടിലെ തത്ത !

കനത്ത ഭിത്തികളും താഴിട്ടു പൂട്ടിയ വാതിലുകളും കൊണ്ട്‌ നിര്‍മ്മിതമായ കൂട്ടിലെ, തത്ത.
-----------------------------------


ഈ കഥ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നിന്നിറങ്ങിയിരുന്ന ‘ആരാമം’ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By K.C. Geetha.

Cpyright (C) 2009 K.C. Geetha.

Sunday, September 20, 2009

എന്റെ പൂച്ചകള്‍

എന്റെ പൂച്ചകള്‍
------------------------

ഇവന്‍ ഉണ്ണി. വീരശൂരപരാക്രമിയാണ്. പാലാണ് ഇഷ്ടം. വയറു നിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത പരിപാടി മറ്റു പൂച്ചകളെ ഓടിക്കുക എന്നതാണ്. എന്നാലും പാവമാണ്. ഭയങ്കര സ്നേഹമാണ് എന്നോട്.

ഇത് അച്ചു. ഉണ്ണിയെ ഭയങ്കര പേടിയാ. ഉണ്ണി അകത്തിരുന്നാല്‍ അച്ചു പുറത്തിരിക്കും. ഉണ്ണി വെളിയില്‍ ഇറങ്ങുന്ന തക്കം നോക്കി അകത്തു വരും. പാല്‍‌ച്ചോറാണ് ഇഷ്ടം.

ഇത് ജിമ്മു. ഇവനും ഉണ്ണിയെ പേടിച്ച് ഇപ്പോള്‍ വല്ലപ്പോഴുമൊക്കെയേ വരാറുള്ളു. വെറും പാവത്താന്‍.


ഇത് കറുമ്പി.  അമ്മപ്പൂച്ച -  അച്ചുവിന്റേയും, ജിമ്മുവിന്റേയും കുഞ്ഞുകറുമ്പിയുടേയും. ഇവള്‍ക്ക് ജീവിതത്തില്‍ ആകെ 2 അവസ്ഥകളേയുള്ളൂ - ഒന്നുകില്‍ Pregnant അല്ലെങ്കില്‍ Nursing.

ഇത് കുഞ്ഞുകറുമ്പി. കറുമ്പിയുടെ മോള്. അമ്മയോളം പോന്നെങ്കിലും ഇപ്പോഴും അമ്മിഞ്ഞ നുണയണം. ഞാന്‍ വെളിയില്‍ പോയിട്ടു വരുമ്പോള്‍ വണ്ടിയുടെ ശബ്ദം കേട്ടാല്‍ ഇവള്‍‍ക്ക് പ്രത്യേകം തിരിച്ചറിയാം. എവിടെ നിന്നാലും ഓടി വരും മുറ്റത്ത്.


Wednesday, September 9, 2009

വിചിത്രവീഥികള്‍

-ശാരീ നീയീ ചെയ്യുന്നത്‌ ശരിയല്ല -

- നോക്കൂ, നീയെന്റെ ബെസ്റ്റ്‌ ഫ്രണ്ടൊക്കെ തന്നെ, സമ്മതിച്ചു. എന്നു വച്ച്‌ എല്ലാ കാര്യത്തിലും നിന്റെ ഉപദേശത്തിനനുസരിച്ച്‌ ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളുമെന്ന് നീ കരുതരുത്‌-

ശാരി കയര്‍ത്തു.

- നിന്റെ ഇഷ്ടം -

എല്ലാവരും വിനയന്റെ വീട്ടിലേക്ക്‌ പുറപ്പെടാനൊരുങ്ങുന്നു. വാന്‍ അറേഞ്ച്‌ ചെയ്തിട്ടുണ്ട്‌. അവള്‍ വരുന്നില്ലെങ്കില്‍ വേണ്ട. തനിക്കു പോയേ പറ്റൂ. ബാഗുമെടുത്തു ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ശാരി റിട്ടയറിങ്ങ്‌ റൂമിലേക്കു നടക്കുന്നതു കണ്ടു.

പറയാനുള്ളതു പറഞ്ഞു. ഇനി അവളുടെ ഇഷ്ടം പോലാവട്ടേ.

മറ്റുള്ളവരുടെ ഒപ്പം വാനില്‍ കയറി.

-ശാരി എന്തിയേ?

ആരോ ചോദിക്കുന്നതു കേട്ടു.

ചോദ്യം തന്നോടല്ല എന്ന മട്ടില്‍ മിണ്ടാതിരുന്നതേയുള്ളു.

വാന്‍ നിറഞ്ഞു കഴിഞ്ഞു. ഇനി വരുന്നവര്‍ക്ക്‌ ഇരിക്കാനിടമില്ല. തന്റൊപ്പം സീറ്റിലിരുന്നത്‌ ഓഫീസില്‍ മറ്റൊരു സെക്ഷനിലെ കുട്ടിയായിരുന്നു. ‌ ശാരിയെ കുറിച്ച്‌ ചോദ്യങ്ങളൊന്നും അവളില്‍ നിന്നുമുണ്ടായില്ല.

ഡ്രൈവര്‍ കയറി. ഒരു നീണ്ട ഹോണ്‍ അടിച്ചു, വാന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു.

- ഹേ, ഒരു മിനിറ്റ്‌ -

മുന്നിലാരോ വിളിച്ചു പറയുന്നതു കേട്ടു.

പുറത്തേയ്ക്കു നോക്കിയപ്പോള്‍,ദേ അതാ വരുന്നു അവള്‍ - ശാരി.

മുഖം താഴ്ത്തിപ്പിടിച്ച്‌ അലസമായ നടത്തയോടെയുള്ള ആ വരവു കണ്ടപ്പോള്‍ ഈ ദു:ഖസന്ദര്‍ഭത്തിലും ചിരിക്കാനാണു തോന്നിയത്‌. ഹോ എന്തൊരു ജാഡയായിരുന്നു.

വിനയന്റെ അഛന്‍ മരിച്ചു, ഇന്നലെ രാത്രിയില്‍. മരണമന്വേഷിച്ച്‌ ഓഫീസില്‍ നിന്ന് എല്ലാവരും വാന്‍ പിടിച്ച്‌ പോകയാണ്‌.

ശാരിക്ക്‌ ഒരേ വാശി. വിനയന്റെ വീട്ടിലേക്ക്‌ പോകില്ല എന്ന്.

സെക്ഷനില്‍ ചിലര്‍ക്കൊക്കെ അറിയാം അവളും വിനയനും തമ്മിലുള്ള പോരിനെ കുറിച്ച്‌. എന്നാലും വാശിയും വൈരാഗ്യവും കാണിക്കാനുള്ള സന്ദര്‍ഭമല്ലല്ലോ ഇത്‌. താന്‍ എന്തൊക്കെ പറഞ്ഞിട്ടും ഒന്നും അവളുടെ തലയില്‍ കയറിയില്ല. പോരെങ്കില്‍ കയര്‍ക്കുകയും. പിന്നിപ്പോഴീ മനം മാറ്റമുണ്ടാവാനുള്ള പ്രേരണ എന്താണാവോ?

അവള്‍ ബസ്സില്‍ കയറി. മുന്നിലെ തിരക്കിനിടയില്‍ തന്നെ നിന്നു. താന്‍ എവിടെയാണ്‌ എന്ന് അന്വേഷിക്കാനുള്ള ശ്രമമൊന്നും നടത്തിയില്ല.

- ദേ ശാരിയും കയറി കേട്ടോ -

മുന്നിലാരോ അടക്കം പറയുന്നതു കേട്ടു.

ഓഫീസില്‍ മറ്റു സെക്ഷനുകളില്‍ ഉള്ള ചിലര്‍ക്കും അറിയാമെന്നു തോന്നുന്നു ശാരിയും വിനയനുമായുള്ള ഉടക്ക്‌.

അവരുടെ കണ്ണില്‍, ധാര്‍ഷ്ട്യക്കാരനായ മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥയും തമ്മിലുള്ള പോര്‌. ഏത്‌ ഓഫീസിലും ഉണ്ടാകാവുന്ന ഒരു സാധാരണ സംഭവം.

പക്ഷേ വെറും അഞ്ചു പേര്‍ മാത്രമുള്ള തങ്ങളുടെ സെക്ഷനില്‍ ഇതിനെ പ്രതി ഒരു പക്ഷം പിടിക്കലിനോ പോരു മൂപ്പിക്കലിനോ ഉള്ള ശ്രമം ഒരിക്കലും ഉണ്ടായിട്ടില്ല. വനിതാ ഉദ്യോഗസ്ഥരായ തങ്ങള്‍ രണ്ടുപേരെ കൂടാതെ മൂന്നു പുരുഷന്മാരും, ഒരു പ്യൂണും, എല്ലാവരുടേയും മേധാവിയായി വിനയന്‍ സാറും അടങ്ങിയതാണ് തങ്ങളുടെ സി. സെക്ഷന്‍. പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ക്ക്‌ ഈ ഉള്‍പ്പോരിനെ കുറിച്ച്‌ അറിയുമായിരുന്നെങ്കില്‍ കൂടി അവരതു ഭാവിച്ചതേയില്ല. ശാരിക്ക്‌ എന്തിനേ ഇത്ര വിദ്വേഷം തങ്ങള്‍ക്കൊക്കെ സമ്മതനായ മേലുദ്യോഗസ്ഥനോട്‌ എന്നൊരു ചോദ്യം അവരുടെയൊക്കെ മനസ്സുകളില്‍ ഉണ്ടായിരുന്നു താനും.


ശാരിയുടെ എരിപൊരി കൊള്ളുന്ന മനസ്സ്‌ തനിക്കു കാണാന്‍ കഴിഞ്ഞതു പോലെ മറ്റുള്ളവര്‍ക്ക്‌ ആയില്ല എന്നതും ഒരു ഭാഗ്യം.

ശാരിയുടെ അഭിപ്രായത്തില്‍ വിനയന്‍ എന്ന മേലുദ്യോഗസ്ഥന്‍ അഹങ്കാരിയും ഗര്‍വ്വിഷ്ഠനുമാണ്‌. അയാളുടെ ജാഡ അവള്‍ക്ക്‌ അസഹ്യമാണത്രേ.

വാട്ട്‌ ആന്‍ ആരൊഗന്റ്‌ ഗൈ!

ഇതാണവളുടെ സ്ഥിരം പല്ലവി.

പക്ഷേ എന്നുതൊട്ടാണ്‌ വിനയന്‍ ശാരിയുടെ കാഴ്ചപ്പാടില്‍ 'ആരൊഗന്റ്‌ ഗൈ' ആയി മാറിയത്‌?വിനയന്‍ ആദ്യമായി ഈ ഓഫീസില്‍ ചാര്‍ജ്ജ്‌ എടുത്ത ദിവസം ഇന്നുമോര്‍മ്മയുണ്ട്‌. പുതിയ ഓഫീസറുടെ വരവ്‌ ആകാംക്ഷയോടെ എല്ലാവരും പ്രതീക്ഷിച്ചിരിക്കയാണ്‌. വടക്കു നിന്നു വരുന്നയാളാണ്‌ എന്നതല്ലാതെ മറ്റൊരറിവും പുതിയ ഓഫീസറെക്കുറിച്ച്‌ ഇല്ലായിരുന്നു.

ആദ്യ ദിവസം ഏകദേശം പത്തുമുപ്പതോടു കൂടി വിനയന്‍ എത്തി. സെക്ഷനിലുള്ളവരെല്ലാം സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ എതിരേറ്റു. സാമാന്യം നല്ല ഉയരം, വൃത്തിയായ വസ്ത്രധാരണം, ഇരുനിറം, സുമുഖന്‍ എന്നുതന്നെ പറയാം. എടുത്തുപറയേണ്ടത്‌ ആ വശ്യമായ ചിരിയായിരുന്നു.

പുതുതായി വരാന്‍ പോകുന്ന മേലുദ്യോഗസ്ഥനെ പറ്റി കീഴുദ്യോഗസ്ഥര്‍ക്ക്‌ സ്വഭാവികമായും ചില ആശങ്കകളൊക്കെ ഉണ്ടാകുമല്ലോ. മുരടനും മൊശടനും ബോറനും ഒക്കെ ആയിരിക്കുമോ അയാള്‍? അങ്ങനെയുള്ള ഒരാളിന്റെ കീഴില്‍ ദിവസത്തിന്റെ ഭൂരിഭാഗം എങ്ങനെ കഴിച്ചുകൂട്ടും?

വിനയന്‍ എന്ന ഓഫീസര്‍ കടന്നു വന്ന നിമിഷം തന്നെ മിക്കവരുടേയും മനസ്സിലെ ആ വക ആശങ്കകള്‍ ഒക്കെ ഒഴിഞ്ഞു പോയി എന്നു തോന്നുന്നു. ആവശ്യമില്ലാത്ത ജാഡകളില്ല. പകരം സൗഹൃദത്തിന്റെ പ്രകാശം പരത്തുന്ന പുഞ്ചിരി.

കൈയിലുണ്ടായിരുന്ന ബാഗ്‌ ക്യാബിനകത്തു വച്ച ശേഷം അദ്ദേഹം ആ വശ്യമനോഹരമായ പുഞ്ചിരിയുമായി തങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വന്നു, എല്ലാവരുമായും പരിചയപ്പെടുക എന്ന ഉദ്ദേശ്യവുമായി.

ആദ്യം വിനയന്‍ തന്നെ സ്വയം പരിചയപ്പെടുത്തി. കണ്ണൂരാണ്‌ വീട്‌. ഭാര്യയും ഒരു മകനും ഉണ്ട്‌. ഭാര്യ വീട്ടമ്മ. മകന്‍ മൂന്നാം ക്ലാസ്സില്‍. അഛനും അമ്മയും ഒപ്പമുണ്ട്‌. അഛന്‍ കണ്ണൂര്‍ക്കാരനാണെങ്കിലും അമ്മ ഈ നാട്ടുകാരി. അമ്മയുടെ വക ഒരു വീടും പറമ്പും ഇവിടുണ്ട്‌. ആ പഴയവീട്‌ നന്നാക്കി ഇപ്പോള്‍ താമസസൗകര്യം ഒരുക്കിയിരിക്കുന്നു.

പിന്നെ സെക്ഷനിലുള്ള ഓരോരുത്തരെയായി പരിചയപ്പെട്ടു. ആ പരിചയപ്പെടല്‍ കൂടി കഴിഞ്ഞപ്പോള്‍ എല്ലാവരുടേയും മനസ്സുകളില്‍ ഒരു കുളിര്‍മഴ പെയ്തപോലെ.

എന്തെന്നറിയില്ല, ശാരി സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കം ദര്‍ശിക്കാനായോ എന്നൊരു ചിന്ത എങ്ങനെയോ തന്റെ മനസ്സില്‍ കടന്നുകൂടി. അവള്‍ വിനയന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടയായോ? കുറ്റം പറയാന്‍ പറ്റില്ല. ഇത്തിരി ആകര്‍ഷണീയതയൊക്കെയുണ്ടല്ലോ പുള്ളിക്കാരന്‌.

മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ വളരെ അനുഭാവപൂര്‍വം നോക്കിക്കാണുക - അധികമാരിലും കാണാന്‍ കഴിയാത്തൊരു സ്വഭാവ സവിശേഷതയാണത്‌. വിനയന്‍ അത്തരമൊരു അപൂര്‍വ്വവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. മേലുദ്യോഗസ്ഥന്‍ എന്ന നിലയില്‍ കീഴുദ്യോഗസ്ഥരുടെ മനം കവരുക തന്നെ ചെയ്തു അയാള്‍.

ശാരിയെ കുറിച്ച്‌ ആദ്യദിനം തനിക്കു തോന്നിയ ആ സംശയം തീരെ അസ്ഥാനത്തായിരുന്നില്ല എന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. സ്വന്തം മനസ്സില്‍ വിനയനായി ഒരിടം അവള്‍ നീക്കി വച്ചു.

പോട്ടെ, നല്ലവരായ മനുഷ്യരോട്‌ ഇത്തിരി ആരാധന തോന്നിപ്പോകുന്നത്‌ ഒരു തെറ്റാണെന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷേ ആ ആരാധനക്ക്‌ മറ്റൊരു നിറം പകരരുത്‌.

ശാരിക്കതിനു കഴിഞ്ഞില്ല. അവളുടെ ആരാധന പല രൂപഭാവങ്ങളില്‍ പുറത്തേയ്ക്ക്‌ പരന്നൊഴുകാന്‍ തുടങ്ങി.

ശാരി ഒരു നല്ല കുടുംബജീവിതത്തിന്റെ ഉടമയാണ്‌. ഉന്നതപദവിയിലിരിക്കുന്ന സ്നേഹധനനായ ഭര്‍ത്താവും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന, മിടുക്കനായ മകനുമടങ്ങുന്ന കൊച്ചു കുടുംബം. ആവശ്യത്തിന്‌ സാമ്പത്തികശേഷി. അല്ലലും അലട്ടുമില്ലാതെ ശാന്തസുന്ദരമായ നദി പോലെ ഒഴുകുന്ന ജീവിതം.

എന്നിട്ടും അവളെന്തേ ഇങ്ങനെ? അന്യനൊരാളിന്‌ മനസ്സിലിടം നല്‍കുക? അയാള്‍ വിവാഹിതനാണെന്നറിഞ്ഞിട്ടും കൂടി? കുറച്ചൊക്കെ ഒരു യാഥാര്‍ത്ഥ്യബോധം വേണ്ടേ?


എല്ലാം നിശബ്ദമായി മനസ്സിലാക്കിക്കൊണ്ടിരുന്ന താന്‍, കാര്യങ്ങള്‍ അത്ര പന്തിയല്ലാത്ത രീതിയിലേക്ക്‌ പോകുന്നു എന്നു കണ്ടപ്പോള്‍ അവളെ ഉപദേശിക്കാന്‍ ശ്രമിച്ചു.

അവളുടെ ആദ്യ പ്രതികരണം പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു പൊട്ടിത്തെറിയായിരുന്നു. പിന്നെ കരഞ്ഞു. അവസാനം അവള്‍ സമ്മതിച്ചു, അവളുടെ മനസ്സ്‌ താന്‍ ശരിയായി തന്നെയാണ്‌ വായിച്ചിരുന്നതെന്ന്.

പക്ഷേ തന്റെ ആ ഉപദേശം ഗുണത്തേക്കാളേറെ ദോഷം ചെയ്തുവോ എന്നാണിപ്പോള്‍ സംശയം. എന്തായാലും അവളുടെ മനസ്സിലിരുപ്പ്‌ കൂട്ടുകാരിയായ താന്‍ അറിഞ്ഞു കഴിഞ്ഞു. ഇനിയിപ്പോള്‍ ഒന്നും ഒളിക്കാനില്ലെന്ന മട്ടായതു പോലെ. വിനയനെ കുറിച്ചവള്‍ പലപ്പോഴും വാചാലയാവും. പലപ്പോഴും താന്‍ തീരെ ശ്രദ്ധിക്കുന്നില്ല എന്ന ഭാവം കാണിച്ചാലും അവള്‍ നിറുത്തില്ല.

ഏറ്റവും അതിശയിപ്പിച്ചതും വേദന തോന്നിപ്പിച്ചതുമായ കാര്യം അവളില്‍ കുറ്റബോധത്തിന്റെ യാതൊരു ലാഞ്ചനയും ഉണ്ടായിരുന്നില്ല എന്നതാണ്‌.

മനുഷ്യമനസ്സുകള്‍ എത്ര വിചിത്രമായ വീഥികളിലൂടെയാണ്‌ ചരിക്കുന്നത്‌!


ആദ്യമാദ്യം തന്നോടു മാത്രം തുറന്നു കാട്ടിയിരുന്ന വിനയനോടുള്ള ആരാധന മെല്ലെ മെല്ലെ അയാള്‍ക്കു മുന്‍പിലും പ്രകടമാക്കാന്‍ തുടങ്ങി അവള്‍. പല പല കാരണങ്ങള്‍ പറഞ്ഞ്‌ ഇടയ്ക്കിടെ വിനയന്റെ ക്യാബിനിലേക്ക്‌ കടന്നുചെല്ലുക ഒരു പതിവാക്കി. തന്റെ സാരോപദേശത്തിന്‌ പുല്ലുവില പോലും കല്‍പ്പിച്ചില്ല.

രണ്ടു കുടുംബങ്ങളാണ്‌ തകരാന്‍ പോകുന്നത്‌ എന്ന സത്യം തന്നെ വല്ലാതെ അലട്ടിയിരുന്നു. പറഞ്ഞിട്ടെന്തു കാര്യം? ഒരിക്കലിതു പറഞ്ഞപ്പോള്‍ കുടുംബങ്ങള്‍ തകരാതെ താന്‍ നോക്കിക്കോളാം എന്നായി അവള്‍. സെക്ഷനിലുള്ള മറ്റുള്ളവര്‍ ഇതൊന്നും മനസ്സിലാക്കരുതേ എന്ന പ്രാര്‍ത്ഥന ആയിരുന്നു തന്റെ ഉള്ളില്‍.

പക്ഷേ ...

ഒരു ദിവസം ഉച്ചയ്ക്ക് മൂന്നര മണി കഴിഞ്ഞ നേരം. ശാരി വിനയന്റെ ക്യാബിന്റെ ഹാഫ്‌ ഡോര്‍ തുറന്ന് കടന്നു ചെന്നു.

സഹപ്രവര്‍ത്തകരായ പുരുഷ ജീവനക്കാര്‍ ക്യാന്റീനില്‍ പോയിരിക്കയാണ്.

വിനയന്റെ ക്യാബിനിലിരുന്ന് ശാരി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്‌. വാക്കുകള്‍ വ്യക്തമല്ല.

പെട്ടെന്നാണ്‌ വിനയന്റെ ഒച്ച ഉയര്‍ന്നു കേട്ടത്‌.


- യു പ്ലീസ്‌ ഗെ.. ഗോ ടു യുവര്‍ സീറ്റ്‌.
- ആന്‍ഡ്‌ റിമംബര്‍. ഐ ആം നോട്ട്‌ എക്സ്‌പെക്ടിങ്ങ്‌ യു ഇന്‍ ദിസ്‌ ക്യാബിന്‍ -

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ താനും പകച്ചിരുന്നു പോയി.

എല്ലാം പകല്‍ പോലെ വ്യക്തം. ശാരിയുടെ ഈ മുന്നേറ്റങ്ങള്‍ വിനയന് തീരെ അസഹ്യമായി തോന്നിയിട്ടുണ്ടാവണം. വിനയന്‍ പൊട്ടിത്തെറിച്ചു പോയതാണ്.


വല്ലാതെ ഇരുണ്ട മുഖവുമായി ശാരി ക്യാബിനില്‍ നിന്ന് തല കുനിച്ച്‌ ഇറങ്ങി വരുന്നതു കണ്ടു.

പെട്ടെന്നു തന്നെ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത്‌, അകത്തു നടന്നതൊന്നും താനറിഞ്ഞതേയില്ല എന്നഭാവത്തില്‍ ജോലിയില്‍ മുഴുകിയിരിക്കുന്നതായി അഭിനയിച്ചു.


ആ സംഭവത്തിനു ശേഷം അടുത്ത 2 ദിവസങ്ങള്‍ അവള്‍ ലീവ്‌ എടുത്തു. ഒന്നുമറിയാത്ത ഭാവത്തില്‍ കാരണം ആരാഞ്ഞപ്പോള്‍ പനിയാണെന്നൊരു കള്ളത്തരവും തട്ടിവിട്ടു. പാവം, താന്‍ ഒന്നും അറിഞ്ഞിട്ടില്ല എന്നു തന്നെ അവള്‍ വിശ്വസിച്ചോട്ടെ.

വിനയനാകട്ടേ ഇങ്ങനൊരു സംഭവം നടന്നതിന്റെ യാതൊരു സൂചനയും ആര്‍ക്കും നല്‍കിയില്ല.

അവധിയും അതിനെ തുടര്‍ന്നു വന്ന ഒരൊഴിവു ദിനവും കഴിഞ്ഞ്‌ ഓഫീസില്‍ ഹാജരായ ശാരി മുഖത്ത്‌ യാതൊരുവിധമായ ഭാവഭേദങ്ങളും വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചതുപോലെ. എന്തൊക്കെ മുഖം മൂടി അണിഞ്ഞാലും അവളുടെ ഉത്സാഹക്കുറവ്‌ തനിക്കു മനസ്സിലാവും. പക്ഷേ താനൊന്നും തന്നെ അറിഞ്ഞിട്ടുമില്ല കണ്ടിട്ടുമില്ല.

ആ ദിവസത്തിനു ശേഷം, വിനയന്‍ എത്തിയതിനു ശേഷം മാത്രം ഓഫീസിലെത്താന്‍ ശാരി ശ്രദ്ധിച്ചു. അയാള്‍ കടന്നു വരുമ്പോള്‍ അയാളെ വിഷ് ചെയ്യുക എന്ന കര്‍മ്മം ഒഴിവാക്കാമല്ലോ.

വിനയനിലും വന്നു ചില മാറ്റങ്ങള്‍. വല്ലപ്പോഴുമൊക്കെ ക്യാബിനില്‍ നിന്നിറങ്ങിവന്ന്‌ തന്റെ സബോര്‍ഡിനേറ്റ്‌സിനോടൊപ്പം ചില നിമിഷങ്ങള്‍ ചിലവഴിക്കുമായിരുന്നു നന്മയുള്ള ആ മേലുദ്യോഗസ്ഥന്‍. ആ രീതി അങ്ങു പാടേ ഉപേക്ഷിച്ചതു പോലെ.


പുറമേക്ക്‌ എല്ലാം ശാന്തമെന്ന് ഭാവിക്കുന്നുണ്ടായിരുന്നെങ്കിലും ശാരിയുടെ മനസ്സ്‌ അഗ്നിപര്‍വതം പോലെ പുകഞ്ഞുകൊണ്ടിരിക്കയാണെന്ന് തനിക്കറിയാമായിരുന്നു. നിരസിക്കപ്പെട്ട്‌ മുറിപ്പെട്ട സ്ത്രീത്വത്തിന്റെ നോവ്‌ അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ആ അലട്ടല്‍ വിനയനു നേരെയുള്ള വെറുപ്പിന്റെ ലാവയായി അവളില്‍ നിന്നു പ്രവഹിക്കാന്‍ തുടങ്ങി.

തങ്ങള്‍ക്കെല്ലാം സുസമ്മതനായ വിനയന്‍ സാറിനോട്‌ ശാരിക്കു മാത്രം എന്തേ ഇത്ര ഈര്‍ഷ്യ എന്ന് ഒരു ചോദ്യം സഹപ്രവര്‍ത്തകരുടെ മനസ്സുകളില്‍ തത്തിക്കളിക്കുന്നുണ്ട്‌ എന്ന് തനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.


**********


വിനയന്റെ വീടെത്തി. വിശാലമായ പറമ്പില്‍, പഴമയുടെ ഗാംഭീര്യം വിളിച്ചോതി പ്രൗഢിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു ഒറ്റനില കെട്ടിടം. എല്ലാവരും നിശ്ശബ്ദരായി വാനില്‍ നിന്നിറങ്ങി.

ദു:ഖം ഘനീഭവിച്ച മുഖത്തോടെ വിനയന്‍.

തങ്ങളുടെ വരവ്‌ ചെറിയൊരു തലയാട്ടലിനാല്‍ അംഗീകരിച്ചു അയാള്‍.

ശവസംസ്കാര ചടങ്ങുകള്‍ തുടങ്ങിയിരുന്നു. അഛന്‍ കണ്ണൂര്‍ക്കാരനായിരുന്നെങ്കിലും അന്ത്യവിശ്രമം ഇവിടെത്തന്നെയാകട്ടെ എന്നു തീരുമാനിക്കയായിരുന്നു.

വിനയന്‍ ഏക മകനായിരുന്നു. പരികര്‍മ്മി പറഞ്ഞുകൊടുക്കുന്നതിനനുസരിച്ച്‌ ചടങ്ങുകള്‍ ചെയ്യുകയാണ്‌ അയാള്‍. തൊട്ടു പിന്നിലായി ഒരല്‍പ്പം മുടന്തുള്ള ഒരു സ്ത്രീയും നില്‍പ്പുണ്ടായിരുന്നു.

ദു:ഖഭാരത്താല്‍ നടക്കാന്‍ പോലും കഴിയാതിരുന്ന വൃദ്ധസ്ത്രീ വിനയന്റെ മാതാവാണെന്ന് ഊഹിക്കാന്‍ പറ്റി.

ഏകദേശം വിനയന്റെ മുഖഛായയുള്ള ഏഴെട്ടു വയസ്സുകാരന്‍ മകനാണെന്നും.

എന്നാല്‍ പുറകില്‍ നിന്നിരുന്ന സ്ത്രീകളില്‍ നിന്ന് വിനയന്റെ ഭാര്യ ഏതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

സംസ്കാരം കഴിഞ്ഞ്‌ തിരിച്ച്‌ ഓഫീസിലേക്ക്‌ മടങ്ങുമ്പോളും ശാരി തന്റെ അരികില്‍ വന്നിരുന്നില്ല എന്നുമാത്രമല്ല, തന്റെ നേര്‍ക്കൊന്നു കണ്ണുയര്‍ത്തുകയോ ഒരക്ഷരം ഉരിയാടുകയോ ചെയ്തില്ല അവള്‍.

ഒന്നും കണ്ടില്ല കേട്ടില്ല എന്ന ഭാവത്തില്‍ തന്നെ താനും ഇരുന്നു.


വാനിലിരുന്ന് എല്ലാവരുടേയും സംസാര വിഷയം വിനയന്‍ തന്നെ ആയിരുന്നു. അയാളെക്കുറിച്ച്‌ നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ എല്ലാവര്‍ക്കും.

കൂട്ടത്തില്‍ സ്ത്രീസഹജമായ ജിജ്ഞാസയോടെ മേരി തോമസ്‌ ചോദിച്ചു :

- അക്കൂട്ടത്തില്‍ വിനയന്റെ ഭാര്യയാരാണാവോ? -

ചോദിച്ചത്‌ അടുത്തിരുന്ന ശോഭയോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞത്‌ വിനയന്റെ അടുത്ത സുഹൃത്തായിരുന്ന, ബി. സെക്ഷനിലെ സൂപ്രണ്ട് ഐസക്ക്‌ ആയിരുന്നു.

- അത്‌ വിനയന്റെ ഒപ്പം നിന്നിരുന്ന, കാലിനല്‍പ്പം കുഴപ്പമുള്ള ആ സ്ത്രീയെ കണ്ടിരുന്നില്ലേ? അതാണ്‌ വിനയന്റെ മിസ്സിസ്സ്‌ -


കാതുകളെ വിശ്വസിക്കാനായില്ല. തനിക്കു മാത്രമല്ല പലര്‍ക്കും. പലരും അത്ഭുതം കൂറി.

ഇത്ര സുമുഖനും ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ ഒരു ചെറുപ്പക്കാരന്റെ ഭാര്യ ഒരു വികലാംഗയെന്നോ?

പലരുടേയും മനസ്സുകളില്‍ തേട്ടിവന്ന ചോദ്യം. ആരും പക്ഷേ അതു പുറത്തേയ്ക്കു വിട്ടില്ല.

ഒരു മിനിറ്റെങ്കിലും എടുത്തുകാണും മേരി തോമസ്സിനു ഐസക്ക്‌ നല്‍കിയ ഈ ഇന്‍ഫര്‍മേഷനോട്‌ പ്രതികരിക്കുവാന്‍.

- ഓ, അതേയോ? -

സ്ത്രീകളുടെ ഇടയില്‍ അത്‌ വലിയൊരു ചര്‍ച്ചാവിഷയമായി പടര്‍ന്നു, എങ്കിലും തീരെ പതിഞ്ഞ സ്വരത്തിലുള്ള കുശുകുശുപ്പുകളില്‍ മാത്രം ഒതുക്കിനിറുത്തി അവര്‍.

ഇപ്പോള്‍ തനിക്കും അയാളെ ഒന്നാരാധിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നുണ്ടോ?

ആ മനസ്സിന്‌ ഇത്രവലിപ്പമോ?

ഇഹലോകജീവിതത്തില്‍ ഒരാള്‍ ആഗ്രഹിക്കുന്നതെല്ലാം അയാള്‍ക്കുണ്ട്‌. സാമ്പത്തികശേഷി, സൗന്ദര്യം, ആരോഗ്യം, നല്ലൊരു ഉദ്യോഗം.

നല്ലൊരു പെണ്‍കുട്ടിയെ അയാള്‍ക്ക്‌ ഭാര്യയായി ലഭിക്കാതിരിക്കാനുള്ള കാരണമൊന്നും താന്‍ നോക്കിയിട്ടു കാണുന്നില്ല.

എന്നിട്ടും ഒരു വികലാംഗയെ സ്വന്തം ജീവിതത്തിലേക്ക്‌ സഖിയായി കൈ പിടിച്ചു കൊണ്ടുവരാനുള്ള ആ ചേതോവികാരം എന്തായിരുന്നിരിക്കണം?

ഇനി വല്ല ലവ്‌ മാര്യേജും? അതിനുള്ള സാദ്ധ്യതയും വലുതായി കാണുന്നില്ല. എന്നു പറഞ്ഞാല്‍, അത്ര വലിയ മുഖസൗന്ദര്യമൊന്നും ആ സ്ത്രീക്ക്‌ ഉള്ളതായി തോന്നിയില്ല. പിന്നെ?

സ്വയം ചോദ്യങ്ങള്‍ ചോദിച്ച്‌ സ്വയം തന്നെ ഉത്തരവും കണ്ടുപിടിച്ചുകൊണ്ടിരുന്നു മടക്കയാത്രയില്‍. മനുഷ്യ മനസ്സുകളുടെ പ്രയാണവീഥികള്‍!

ശാരിയുടെ പ്രതികരണം എന്താണാവോ?

ഓഫീസിന്റെ മുറ്റത്ത്‌ വാന്‍ നിറുത്തിയപ്പോള്‍ മുന്നിലെവിടെയോ ഇരുന്നിരുന്ന ശാരി ഇറങ്ങുന്നതു കണ്ടു. അവള്‍ തന്നെ കാത്തു നില്‍ക്കാനൊന്നും കൂട്ടാക്കാതെ നേരേ നടക്കുകയാണ്‌.

റൂമിലെത്തിയപ്പോള്‍ സീറ്റില്‍ അവളില്ല. റിട്ടയറിങ്ങ്‌ റൂമിലാവും. തിരിച്ചു വന്നിട്ടാവട്ടെ, അവളുടെ പിണക്കം തീര്‍ക്കണം.

പത്തിരുപതു മിനിറ്റോളം കാത്തു. അവള്‍ വന്നില്ല. ആകാംക്ഷയായി. പോയി നോക്കാം.


ഉണ്ട്‌. റിട്ടയറിങ്ങ്‌ റൂമില്‍ അവളിരുപ്പുണ്ട്‌. രണ്ടു കൈകളും താടിക്കു കൊടുത്ത്‌ ജനാലയിലൂടെ പുറത്തേയ്ക്കു നോക്കിയിരുപ്പാണ്‌. തന്റെ വരവ്‌ അവള്‍ അറിഞ്ഞില്ലെന്നു തോന്നുന്നു.


മെല്ലെ അടുത്തുചെന്ന് അവളുടെ തോളില്‍ കൈ വച്ചു.

ദേഷ്യത്തില്‍ കൈ തട്ടി മാറ്റുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്‌. അതുണ്ടായില്ല.

ഒരു നിമിഷം കൂടി നിശ്ചലയായിരുന്നു അവള്‍.

പിന്നെ തിരിഞ്ഞ്‌ തന്നെ കെട്ടിപ്പിടിച്ച്‌ പൊട്ടിക്കരയാന്‍ തുടങ്ങി.

മുടിയിഴകളിലൂടെ കൈവിരലുകളോടിച്ച്‌ അവളെ സാന്ത്വനപ്പെടുത്താന്‍ ശ്രമിച്ചു. കരയട്ടേ. കരഞ്ഞ്‌ മനസ്താപമെല്ലാം തീര്‍ക്കട്ടെ.


വീട്ടില്‍ തന്നെ മാത്രം സ്വപ്നം കണ്ടിരിക്കുന്ന ഒരു പാവം സ്ത്രീയെ, അവള്‍ വികലാംഗയാണെങ്കില്‍ കൂടി, സ്വന്തം മനസ്സിന്റെ ഉള്‍ക്കോണില്‍ കെടാവിളക്കായി പ്രതിഷ്ഠിച്ച്‌, അതിന്റെ ദീപപ്രഭയില്‍ മാത്രം മയങ്ങി, പുറം പ്രേരണകളെ ശക്തിയായി പ്രതിരോധിച്ച്‌, കാലിടറാതെ നില്‍ക്കുന്ന പുരുഷന്‍ തീര്‍ച്ചയായും ആരാദ്ധ്യയോഗ്യന്‍ തന്നെ.

അയാളെ തൃഷ്ണ നിറഞ്ഞ കണ്ണുകളോടെയല്ല നോക്കേണ്ടത്‌, പകരം പരിശുദ്ധമായ മനസ്സോടെ പൂജനീയനായി കാണുകയാണ്‌ വേണ്ടത്‌ എന്ന സ്ത്രീപക്ഷ ചിന്ത ശാരിയുടെ മനസ്സില്‍ ഉറവെടുത്തു കഴിഞ്ഞിരുന്നു.

കണ്ണീര്‍ ധാര ഒഴുക്കി മനസ്സിലെ അഴുക്കുകള്‍ മുഴുവന്‍ കഴുകി കളയട്ടെ അവള്‍.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-----------------------------------------------------

ഗീത.

Sunday, August 16, 2009

കാലത്തിന്റെ വികൃതി.

സുനീതിയ്ക്കൊരു മകന്‍ പിറന്നു. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കിട്ടിയ അനുഗ്രഹം. പ്രസവം സിസ്സേറിയന്‍ ആയിരുന്നു. ആയതിനാല്‍ അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതിനു ശേഷം മാത്രം മതി കാണാന്‍ പോകുന്നതെന്ന് തീരുമാനിച്ചു. ഇപ്പ്പ്പോഴത്തെ ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തുന്ന ഒന്നാണ്‌, പ്രസവം കഴിഞ്ഞാലുടനെ അമ്മയേയും കുഞ്ഞിനേയും കാണുവാനും ആശംസിക്കുവാനുമായി എത്തുന്നവരുടെ സന്ദര്‍ശനം. നവജാത ശിശുവിനെ എല്ലാവരും എടുക്കുകയും താലോലിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യുന്നതു വഴി പല രോഗങ്ങളും വരാനുള്ള സാദ്ധ്യതയുണ്ടത്രേ. അതുപോലെ തന്നെ മാതാവിനും, പ്രത്യേകിച്ച്‌ സിസ്സേറിയന്‍ ആണ്‌ പ്രസവമെങ്കില്‍.

ഫോണ്‍ വഴി ആശംസാ സന്ദേശമയച്ചു. തല്‍ക്കാലം ഇതു മതി.

*** *** ***

കുഞ്ഞു പിറന്നുകഴിഞ്ഞ്‌ ഏകദേശം ഒരു മാസമാകാറായിരിക്കുന്നു. സന്ദര്‍ശനം മാറ്റിവച്ച്‌ മാറ്റിവച്ച്‌ ഇത്രയും വൈകി. ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ സുനീതിയുടെ സ്വരത്തില്‍ ഒരല്‍പ്പം പരിഭവത്തിന്റെ ലാഞ്ചന ഇല്ലായിരുന്നോന്നൊരു സംശയം. എന്താ കുഞ്ഞിന്‌ പേരിട്ടതെന്നു ചോദിച്ചപ്പോള്‍ അതു ഇങ്ങോട്ടു വന്ന് അവനോടു തന്നെ ചോദിച്ചാട്ടേ എന്നായിരുന്നു അവളുടെ മറുപടി. എന്തായാലും ഇനി വൈകിക്കുന്നില്ല.

ഹാപ്പി ലാന്റില്‍ നിന്ന്‌ ബേബി കിറ്റും കുറെ കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങി നേരേ സുനീതിയുടെ വീട്ടിലേക്ക്‌ വിട്ടു.

സുനീതി വളരെ പ്രസന്നവതിയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷം കിട്ടിയ നിധിയായ പൊന്മകനെ അവള്‍ വല്‍സല്യത്തോടെ മാറോട്‌ ചേര്‍ത്തുപിടിച്ചിരുന്നു.

പ്രസവശുശ്രൂഷയുടെ ഫലമാകാം അവളാകെ തടിച്ചു കൊഴുത്ത്‌ ഉരുണ്ടിരിക്കുന്നു. അമ്മ കഴിക്കുന്നതെല്ലാം മുലപ്പാലിലൂടെ കുഞ്ഞിനും കിട്ടുമെന്ന സത്യം വിളിച്ചോതിക്കൊണ്ട്‌ അവളുടെ മകനും നല്ലവണ്ണം തുടുത്തിരിക്കുന്നു. ഇഷ്ടന്‍ നല്ല നിദ്രയിലാണ്‌. കുഞ്ഞിക്കണ്ണുകള്‍ ഇറുകെ പൂട്ടി, നിദ്രയില്‍ ഇടയ്ക്കിടെ പുഞ്ചിരിക്കുന്നു, പുരികങ്ങള്‍ ചലിപ്പിക്കുന്നു, പിന്നെ ചുണ്ട്‌ പിളുര്‍ത്തി കരയാന്‍ ഭാവിക്കുന്നു, വീണ്ടും ചിരിക്കുന്നു. നോക്കിയിരിക്കാന്‍ ബഹു രസം.

സുനീതിയുമായി പങ്കു വയ്ക്കാന്‍ വിശേഷങ്ങള്‍ ധാരാളമുണ്ടായിരുന്നു.

ഐ.എ. എസ്‌. ട്രെയിനിങ്ങ്‌ കാലത്തു കിട്ടിയ കൂട്ടുകാരിയാണ്‌ സുനീതി. മലയാളിയായ അമ്മയുടേയും ഉത്തര്‍പ്രദേശുകാരനായ അഛന്റേയും മകള്‍. അവളുടെ, ഹിന്ദി കലര്‍ന്ന മലയാള ഭാഷണം കേള്‍ക്കാന്‍ ഏറെ രസകരമാണ്‌.

സുനീതിയുടെ അമ്മ അകത്തെ മുറിയില്‍ നിന്നു ചിരിച്ചുകൊണ്ടു വന്നു. അവരും ഏറെ സന്തോഷവതിയായിരുന്നു.

-മോളേ, കുഞ്ഞുറങ്ങയല്ലേ, അവനെ കട്ടിലില്‍ കിടത്താം -

അമ്മ കുഞ്ഞിനെ സുനീതിയുടെ കൈയില്‍ നിന്ന് വാങ്ങി കട്ടിലില്‍ കിടത്തി.

ഒന്നു കണ്ണു ചിമ്മിത്തുറന്നിട്ട്‌ അവന്‍ വീണ്ടും നിദ്രയിലാണ്ടു.

അമ്മ അടുക്കളയിലേക്കു നോക്കി വിളിച്ചു.

- രാധേ -

അമ്മയുടേയും കുഞ്ഞിന്റേയും കാര്യങ്ങള്‍ നോക്കാന്‍ നല്ല ഒരാളെയാണ്‌ കിട്ടിയത്‌ - അമ്മപറഞ്ഞു.

വീണ്ടും സുനീതിയുമായി സൊറപറയല്‍ തുടരുന്നതിനിടയില്‍ അടുക്കളയില്‍ നിന്ന് ട്രേയില്‍ ചായയും പലഹാരങ്ങളുമായി ഒരു സ്ത്രീ കടന്നു വന്നു. കട്ടിലിനരികിലേക്ക്‌ ഒരു ടീപ്പോയി വലിച്ചിട്ട്‌ അവള്‍ അതിന്മേല്‍ എല്ലാം വച്ചു.

കുഞ്ഞിലും സുനീതിയിലും മാത്രമായിരുന്നു തന്റെ ശ്രദ്ധ. എങ്കിലും ആ സ്ത്രീ അടുക്കളയിലേക്ക്‌ പിന്‍വാങ്ങുന്നതിനു മുന്‍പ്‌, ഒരു നിമിഷം അവരുടെ മുഖത്തേക്ക്‌ തന്റെ കണ്ണുകള്‍ പാറിവീണു. ആ കണ്ണുകളും തന്റെ മുഖത്തു തന്നെ പതിഞ്ഞിരിക്കയായിരുന്നു എന്ന് അപ്പോഴാണ്‌ മനസ്സിലായത്‌.

ങേ, ഈ സ്ത്രീ?

മനസ്സില്‍ ഒരു ചോദ്യ ചിഹ്നം ഉയര്‍ന്നു.

ഇതിനിടയില്‍ ആ സ്ത്രീ ധൃതിയില്‍ അടുക്കളയിലേക്ക്‌ പിന്‍വലിഞ്ഞിരുന്നു.

ഇത്‌ അവളല്ലേ? ഒരിക്കല്‍ തന്റെ കൂട്ടുകാരിയും അയല്‍പക്കക്കാരിയുമായിരുന്ന രാധ?

മനസ്സില്‍ ഉയര്‍ന്നു വന്ന ജിജ്ഞാസയെ പണിപ്പെട്ടമര്‍ത്തി. ജോലിക്കു നിറുത്തിയിരിക്കുന്ന സ്ത്രീയെ കുറിച്ച്‌ അധികം ജിജ്ഞാസ കാണിക്കുന്നത്‌ ശരിയല്ലല്ലോ. സുനീതിയോട്‌ ഒന്നും ചോദിക്കണ്ട.

എങ്കിലും അവിടെ നിന്നിറങ്ങുവോളം ആ സ്ത്രീയെ ഒന്നു കൂടി കണ്ടെങ്കില്‍ എന്നാഗ്രഹിച്ചു. കൊണ്ടുവച്ച ചായയും പലഹാരങ്ങളും കഴിച്ചു കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞ പ്ലേറ്റ്‌ എടുക്കാനായി അവള്‍ വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. ഒരിക്കല്‍ അമ്മ അടുക്കളയിലേക്കു നോക്കി രാധേയെന്നു വിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നെ അമ്മ തന്നെ ആ കര്‍മ്മം നിര്‍വഹിച്ചു.

ഒരു മണിക്കൂറോളം കഴിഞ്ഞാണ്‌ അവിടെ നിന്ന്‌ യാത്ര പറഞ്ഞിറങ്ങിയത്‌. അതിനിടയില്‍ കുഞ്ഞ്‌ ഒന്നുണര്‍ന്നു കാണണമെന്നാഗ്രഹിച്ചെങ്കിലും അതു നടന്നില്ല. അതിനേക്കാളുപരിയായി അമ്മയേയും കുഞ്ഞിനേയും ശുശ്രൂഷിക്കാനെത്തിയ ആ രാധയെന്ന സ്ത്രീയെ ഒന്നു കൂടി കാണണമെന്ന മോഹമായിരുന്നു മുന്നിട്ടു നിന്നിരുന്നത്‌.


യാത്ര പറഞ്ഞിറങ്ങാന്‍ നേരം അമ്മയോട്‌ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

- സുനീതിയേയും കുഞ്ഞിനെയും നോക്കാന്‍ വന്ന ആ സ്ത്രീ എവിടുന്നാ? -

- സേവാഗൃഹം എന്ന സ്ഥാപനത്തില്‍ നിന്നാ. നല്ല സ്ത്രീയാ. പ്രസവശുശ്രൂഷയൊക്കെ നന്നായി അറിയാം. ആ സ്ഥാപനത്തില്‍ ഇവര്‍ക്ക്‌ ട്രെയിനിങ്ങ്‌ ഒക്കെ കൊടുക്കുന്നുണ്ടെന്നു തോന്നുന്നു. ഏറ്റവും നല്ല കാര്യം, അവള്‍ക്കു ചെയ്യാനുള്ള കാര്യങ്ങള്‍ മാത്രം ചെയ്ത്‌ അങ്ങു കൂടിക്കോളും. സാധാരണ ജോലിക്കാരികളെപ്പോലെ കുടുംബക്കാരോ വിരുന്നുകാരോ ഒക്കെ വന്നാല്‍ അവരെങ്ങനെ, എന്തൊക്കെ പറയുന്നു എന്നൊക്കെ അറിയാനുള്ള ജിജ്ഞാസയൊന്നും രാധക്കില്ല. പൂമുഖത്തേക്ക്‌ വിളിച്ചാലല്ലാതെ അങ്ങനെയിങ്ങനെയൊന്നും അവള്‍ വരുകില്ല. അമ്മയേയും കുഞ്ഞിനേയും നോക്കി ഒതുങ്ങിക്കൂടിയങ്ങു കഴിഞ്ഞോളും -

സുനീതിയുടെ അമ്മയ്ക്കേതായാലും രാധയെ കുറിച്ച്‌ നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ.


യാത്ര പറഞ്ഞ്‌ കാറില്‍ കയറി. കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ഒരിക്കല്‍ കൂടി സുനീതിയുടേയും അമ്മയുടേയും നേര്‍ക്ക്‌ കൈവീശിക്കാണിക്കുമ്പോഴാണ്‌ അത്‌ ശ്രദ്ധയില്‍ പെട്ടത്‌. ജനാലകര്‍ട്ടന്‍ വകഞ്ഞു മാറ്റി രണ്ടു കണ്ണുകള്‍ തന്റെ നേര്‍ക്ക്‌ നീണ്ടു വരുന്നു. തന്റെ കണ്ണുകളുമായിടഞ്ഞപ്പോള്‍ പെട്ടെന്ന് കര്‍ട്ടന്‍ നീര്‍ത്തിയിട്ട്‌ ആ കണ്ണുകള്‍ അപ്രത്യക്ഷമായി. എങ്കിലും ജനാലയോട്‌ ചേര്‍ന്നു നില്‍ക്കുന്ന രാധയുടെ ശരീരത്തിന്റെ നിഴല്‍ തനിക്ക്‌ വ്യക്തമായി കാണാമായിരുന്നു. അവള്‍ പോയിട്ടില്ല, ജനാലക്കല്‍ നിന്ന് തന്നെ നോക്കുകയാണ്‌.

- ഇത്‌ ആ രാധ തന്നെയല്ലേ? ആ പഴയ തീപ്പൊരി രാധ? ഒരിക്കല്‍ തന്റെ അയല്‍പ്പക്കക്കാരിയായിരുന്ന രാധാലക്ഷ്മി?


*** *** ***


മടക്കയാത്രയില്‍ ഓര്‍മ്മകളെ പഴയ മേച്ചില്‍ പുറങ്ങളിലേക്ക്‌ അലയാന്‍ വിട്ടു. പത്തിരുപത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നന്മകളാല്‍ സമൃദ്ധമായ ആ നാട്ടിന്‍പുറത്തെ സ്കൂളില്‍ നിന്ന് നല്ല നിലയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നഗരത്തിലെ കോളേജില്‍ പഠിക്കാനെത്തിയ കൂട്ടുകാരും അയല്‍പക്കക്കാരുമായ പതിനാറുകാരികള്‍. മീരയെന്ന താനും രാധാലക്ഷ്മിയെന്ന കൂട്ടുകാരിയും.

രാധ പഠിക്കാന്‍ തന്നോളം സമര്‍ത്ഥയായിരുന്നില്ലെങ്കിലും ഒരു ശരാശരി വിദ്യാര്‍ത്ഥിനിയെക്കാളും മുകളിലായിരുന്നു.

അവളുടെ കുടുംബസ്ഥിതി അല്‍പ്പം മോശം എന്നു തന്നെ പറയാം. അഛന്‍ തയ്യല്‍ക്കാരന്‍, അമ്മ അയല്‍പ്പക്കത്തെ വീടുകളില്‍ പണിക്കു പോകുന്നു. രാധയ്ക്കു താഴെ ഒരനുജനും അനുജത്തിയും. ആ കുടുംബം അങ്ങനെ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു പോകുന്നു.

തന്റെ കുടുംബവും അത്ര മെച്ചപ്പെട്ട ധനസ്ഥിതിയൊന്നുമുള്ളതല്ല. പക്ഷേ അഛനും അമ്മയും സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരായതിനാല്‍ മാസാമാസം സുനിശ്ചിതമായ വരുമാനം ഉണ്ടെന്നത്‌ വളരെ വലിയൊരാശ്വാസം തന്നെയായിരുന്നു. പഠിപ്പില്‍ മിടുക്കനായിരുന്ന തന്റെ ഏകസഹോദരനെ എഞ്ചിനീയറിങ്ങിനു പഠിപ്പിക്കുവാനും ആ വരുമാനം തന്നെയാണ്‌ ഉപകരിച്ചിരുന്നതും.

രാധയും താനും പത്താം ക്ലാസ്സ്‌ പാസ്സായപ്പോള്‍ അടുത്തുള്ള നഗരത്തിലെ കോളേജില്‍ ചേര്‍ന്നു. രാധയുടെ കുടുംബത്തിന്‌ താങ്ങാന്‍ ഇത്തിരി പ്രയാസം തന്നെയായിരുന്നു അവളുടെ പഠനച്ചിലവുകള്‍. എന്നിരുന്നാലും അവളുടെ പഠനത്തിലുള്ള മികവും തന്റെ അഛനമ്മമാരുടെ പ്രോല്‍സാഹനവും, തങ്ങളാല്‍ കഴിയുന്നതു പോലുള്ള ധന സഹായവുമൊക്കെ രാധയേയും കോളേജങ്കണത്തില്‍ എത്തിച്ചു.

അങ്ങനെ ഞങ്ങള്‍ കൂട്ടുകാരികള്‍ ഒരുമിച്ച്‌ ആ ഗ്രാമ പഞ്ചായത്തിനു മുന്‍പിലുള്ള ബസ്സ്‌ സ്റ്റോപ്പില്‍ നിന്ന് പതിവായി ബസ്സു കയറി കോളേജിക്ക്‌ പുറപ്പെടും. ക്ലാസ്സുകള്‍ കഴിഞ്ഞ്‌ വൈകുന്നേരം അഞ്ചിനു മുന്‍പായി തിരിച്ച്‌ ആ സ്റ്റോപ്പില്‍ വന്നിറങ്ങുകയും ചെയ്യും.

രാധ ആര്‍ട്സ്‌ ഗ്രൂപ്പായിരുന്നു എടുത്തിരുന്നത്‌. താന്‍ സയന്‍സ്‌ ഗ്രൂപ്പും. അതുകൊണ്ട്‌ കോളേജിനകത്തു വച്ച്‌ തങ്ങളധികമങ്ങനെ കണ്ടുമുട്ടാറില്ലായിരുന്നു. ആര്‍ട്സ്‌ ബ്ലോക്കും സയന്‍സ്‌ ബ്ലോക്കും തമ്മില്‍ ഇത്തിരി അകലവുമുണ്ടായിരുന്നു.

ആദ്യവര്‍ഷം അങ്ങനെ ഒരുമിച്ചുള്ള പോക്കും വരവുമായി കടന്നുപോയി.

കോളേജിലെ രണ്ടാം വര്‍ഷമായപ്പോള്‍ രാധയില്‍ ചില മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി.

ഒരു ദിവസം രാവിലെ കോളേജിലെക്ക്‌ പുറപ്പെടാനായി ഒരുങ്ങി അവളേയും കാത്തു നില്‍ക്കയായിരുന്നു. പതിവായി വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ അവളുടെ വീട്ടിലേക്ക്‌ നടന്നു. രാധയുടെ അമ്മ വീടു പൂട്ടി അയല്‍പ്പക്കത്തെ വീട്ടില്‍ പണിക്കു പോകാന്‍ തുടങ്ങുകയായിരുന്നു.

- ആന്റീ രാധയെവിടെ?

- അയ്യോ മോളേ രാധ ഇന്നു നേരത്തേ പോയി. മോളു വിളിക്കയാണെങ്കില്‍ പറഞ്ഞേക്കാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. പക്ഷേ ഞാനതങ്ങു മറന്നു പോയി. മോളു വേഗം ചെല്ല്. ബസ്സ്‌ കിട്ടാതാകണ്ട.-

അതിശയം തോന്നി. ഇന്നലെ വൈകിട്ട്‌ ഒന്നിച്ച്‌ വന്നപ്പോഴൊന്നും പിറ്റേന്ന് അവള്‍ക്ക്‌ നേരത്തേ പോകണമെന്ന് പറഞ്ഞില്ലല്ലോ. സ്പെഷ്യല്‍ ക്ലാസ്സുകള്‍ ഒന്നും ആകാന്‍ വഴിയില്ല. കാരണം സ്പെഷ്യല്‍ ക്ലാസ്സുകള്‍ എടുക്കുന്നത്‌ ഏതെങ്കിലും പരീക്ഷ അടുക്കുമ്പോള്‍ മാത്രമാണ്‌. ഇതിപ്പോള്‍ ആദ്യ ടേം പരീക്ഷ വരാന്‍ തന്നെ ഇനിയും രണ്ടോളം മാസമുണ്ട്‌. പിന്നെ എന്തിനായിരിക്കും അവള്‍ നേരത്തേ പോയത്‌?

- ആന്റീ എന്തിന്നാ നേരത്തേ പോകുന്നതെന്നു വല്ലതും അവള്‍ പറഞ്ഞോ?

- എന്തോ കുറച്ചു ജോലിയുണ്ടെന്നും പറഞ്ഞാ പോയത്‌. എന്നാ ഞാന്‍ നടക്കട്ടേ മോളേ. നേരം വൈകിപ്പോയി -

പാതി ഓട്ടവും പാതി നടത്തയുമായി അവര്‍ ഒരു ഇടവഴിയിലേക്ക്‌ പ്രവേശിച്ചു മറഞ്ഞു.

അന്നത്തിനുള്ള വക നേടുക എന്ന ഏക ചിന്താഗതിയുമായി നടക്കുന്നതിനിടയില്‍ തന്റെ മകള്‍ പതിവില്ലാതെ എന്തിനാണ്‌ നേരത്തേ കോളേജിലേക്ക്‌ പുറപ്പെട്ടതെന്ന് ചുഴിഞ്ഞു ചിന്തിക്കാനൊനൊന്നും ആ അമ്മ മനസ്സിന്‌ തീരെ നേരമില്ലായിരുന്നു.

അന്നു വൈകിട്ട്‌ പതിവു പോലെ അവള്‍ ബസ്‌ സ്റ്റോപ്പില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. രാവിലെ നേരത്തെ പുറപ്പെടാനുള്ള കാര്യം എന്തായിരുന്നു എന്ന് അങ്ങോട്ടന്വേഷിക്കുന്നതിനു മുന്‍പ്‌ തന്നെ അവളതിങ്ങോട്ടു പറഞ്ഞുതുടങ്ങി.

- രാവിലെ കോളേജില്‍ എനിക്കു കുറച്ചു വര്‍ക്ക്‌ ഉണ്ടായിരുന്നു. അതാ നിന്നെ കൂട്ടാന്‍ നില്‍ക്കാതെ നേരത്തെ ഞാനിങ്ങു പോന്നത്‌. അമ്മ പറഞ്ഞില്ലേ?

- ഓ പറഞ്ഞു -

തന്റെ സ്വരത്തിലെ പരിഭവം അവള്‍ തിരിച്ചറിഞ്ഞു. താന്‍ കൂടുതലൊന്നും ചോദിക്കാഞ്ഞിട്ടും അവളിങ്ങോട്ടു വിസ്തരിക്കാന്‍ തുടങ്ങി.

- ഇലക്ഷന്‍ വരുകല്ലേ?-

- അതിന്‌?-

- അതിന്റെ കുറച്ചു വര്‍ക്ക്‌ -

- നീയെന്താ കാന്‍ഡിഡേറ്റ്‌ ആകാന്‍ പോകയാണോ?-

- അല്ല അല്ല. അതിന്റെ പുറകിലുള്ള കുറേ ജോലികള്‍. പോസ്റ്ററുകള്‍ എഴുതല്‍, ബാനര്‍ തയാറാക്കല്‍, പിന്നെ ഇലക്ഷന്‍ പ്രചാരണത്തിനു തയ്യറെടുക്കല്‍, അങ്ങനെ അങ്ങനെ ചില ജോലികള്‍ -

അപ്പോഴാണ്‌ ചിത്രം വ്യക്തമായത്‌. രാധ ക്യാമ്പസ്‌ രാഷ്ട്രീയത്തിലേക്ക്‌ കാലെടുത്തു കുത്തിയിരിക്കുന്നു.

അവളെ ഉപദേശിക്കാന്‍ നോക്കി.

- നോക്കൂ, ഈ രാഷ്ട്രീയമൊക്കെ നല്ലതു തന്നെ. പക്ഷേ അതിലങ്ങ്‌ ആഴ്‌ന്നിറങ്ങി, പിന്നെ ക്ലാസ്സുകളൊക്കെ കട്ടു ചെയ്ത്‌ പഠിപ്പ്‌ ഉഴപ്പരുത്‌. നിന്റെ അഛനുമമ്മയും നിന്നെ പഠിപ്പിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നതൊക്കെ നിനക്ക്‌ നല്ല ഓര്‍മ്മ വേണം.-

വെറുമൊരു പതിനേഴുകാരിയായ തന്റെ ഉപദേശം രാഷ്ട്രീയാവബോധമൊക്കെ നേടിയ പതിനേഴുകാരിക്ക്‌ അത്ര രുചിച്ചില്ല. അവളത്‌ തുറന്നു തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.

- എന്റെ വീട്ടിലെ സ്ഥിതി നിന്നെക്കാള്‍ നന്നായി എനിക്കു തന്നെയല്ലേ അറിയുന്നത്‌? -

കൂടുതലൊന്നും പറയാന്‍ താന്‍ മുതിര്‍ന്നതുമില്ല, അപ്പോഴേയ്ക്കും ബസ്സ്‌ എത്തുകയും ചെയ്തു.

പിന്നെപ്പിന്നെ നേരത്തേ പോകലുകള്‍ മാത്രമല്ല, താമസിച്ചു വരലുകളും രാധ പതിവാക്കി.

കോളേജ്‌ ഇലക്ഷന്‍ പ്രചരണജാഥകളില്‍ മുന്‍നിരയില്‍ തന്നെ രാധയുണ്ടായിരുന്നു.

തനിക്കാകട്ടേ ആകെയൊരു കണ്‍ഫ്യൂഷന്‍ ആയിരുന്നു. ക്യാമ്പസ്‌ രാഷ്ട്രീയത്തില്‍ സജീവമാവുക എന്നത്‌ ഒരു തെറ്റായി ചിത്രീകരിക്കാന്‍ പറ്റുകില്ല. പക്ഷേ അതിന്റെയൊരു ദൂഷ്യവശം എന്തെന്നാല്‍ ഇങ്ങനെ രാഷ്ട്രീയത്തില്‍ ആഴ്‌ന്നിറങ്ങുന്ന പലരും പഠിത്തം നന്നേ ഉഴപ്പുന്നതായിട്ടാണ്‌ ഇതുവരെ കണ്ടിട്ടുള്ളത്‌. പിന്നെ പരീക്ഷയാകുമ്പോള്‍ ജയിക്കാനുള്ള തത്രപ്പാടില്‍ കുറുക്കുവഴികള്‍ തേടുക, പിടിക്കപ്പെടുക ഇതൊക്കെ സ്ഥിരം അനുഭവങ്ങള്‍.

രാധയുടെ വീട്ടുകാരെ ഇതറിയിക്കണോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തിലായി താന്‍. അമ്മയോട്‌ പറഞ്ഞു.

- മോളേ, രാധ രാഷ്ട്രീയ പ്രവര്‍ത്തനം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ. പക്ഷേ ക്ലാസ്സുകള്‍ കട്ടു ചെയ്തൊന്നും ഈ പ്രവര്‍ത്തനങ്ങള്‍ ആകരുതെന്ന് പറയണം. അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ നഷ്ടമായ ക്ലാസ്സുകള്‍ മേക്കപ്പ്‌ ചെയ്യാന്‍ പറയണം.-

അമ്മേ, ഇതു രാധയുടെ വീട്ടില്‍ അറിയിക്കണമോ?-

- ഞാന്‍ അമ്മിണിയോട്‌ സൂചിപ്പിച്ചേക്കാം, കോളേജ്‌ വരെ പോയി ഒന്നന്വേഷിക്കാന്‍ രാധയുടെ അഛനോട്‌ പറയാന്‍-


*** *** ***

ആശങ്കിച്ചതു പോലെ തന്നെ വന്നു. രണ്ടാം വര്‍ഷ പ്രീഡിഗ്രി രാധ കഷ്ടിച്ചാണ്‌ പാസ്സായത്‌.


എന്നാലും, അവളുടെ അഛനമ്മമാരുടെ മനസ്സിന്റെ നേരു കൊണ്ടാകാം, ദൈവം അവള്‍ക്ക്‌ ഒരവസരം കൂടി കൊടുത്തു. ചരിത്രം ഐശ്ചികവിഷയമായി എടുത്ത്‌ പഠിക്കാന്‍ അവസാനത്തെ കുട്ടിയായി അവള്‍ ആ കോളേജില്‍ ചേര്‍ന്നു.

അഡ്മിഷന്‍ കിട്ടാനുണ്ടായ ബുദ്ധിമുട്ട്‌ ആദ്യമൊക്കെ അവള്‍ക്കൊരു പാഠമായിരുന്നു.

മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനൊന്നും ഈ പഠന കാലത്ത്‌ ഇറങ്ങിപ്പുറപ്പെടണ്ട, വേണമെങ്കില്‍ പഠിത്തം കഴിഞ്ഞ്‌ ആയിക്കൊള്ളൂ എന്ന, അവളുടേയും തന്റേയും അഛനമ്മമാരുടെ സ്നേഹപൂര്‍ണ്ണമായ ഉപദേശം അവള്‍ സ്വീകരിച്ചതു പോലെ തോന്നി.

പക്ഷേ ആ അനുസരണാശീലം അധികനാള്‍ നീണ്ടുനിന്നില്ല.

ഡിഗ്രി ഒന്നാം വര്‍ഷത്തിന്റെ അന്ത്യപാദമെത്തിയപ്പോഴേക്കും മുഴുവന്‍സമയരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മാസ്മരികവലയത്തിലേക്ക്‌ പൂര്‍വ്വാധികം ശക്തിയോടെ അവള്‍ ആകര്‍ഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

തങ്ങള്‍ തമ്മില്‍ കാണുന്ന അവസരങ്ങള്‍ വിരളമായി, എന്നുതന്നെയല്ല, അവള്‍ക്ക്‌ തന്നോട്‌ ഒരു ശത്രുതാമനോഭാവം വളര്‍ന്നു വന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ അവള്‍ക്കു കൈവരാന്‍ പോകുന്ന അസുലഭ സൗഭാഗ്യങ്ങള്‍ക്ക്‌ വിലങ്ങു തടിയായി നില്‍ക്കുന്ന ഒരസൂയക്കാരിയായി താന്‍ അവളുടെ കണ്ണുകളില്‍. അവളെക്കുറിച്ച്‌ അനാവശ്യങ്ങള്‍ പറഞ്ഞു കൊടുത്ത്‌ അഛനമ്മമാരുടെ മനസ്സില്‍ അവള്‍ക്കെതിരെ വിഷം കുത്തിവയ്ക്കുകയാണത്രേ താന്‍.

വലിയ വിദ്യാഭ്യാസമൊന്നുമില്ലായിരുന്ന അമ്മിണിക്കും തയ്യല്‍ക്കാരനായിരുന്ന കുമാരപിള്ളക്കും മകള്‍ കോളേജില്‍ പോകുന്നു എന്നതല്ലാതെ കൂടുതലൊന്നും അറിയില്ലായിരുന്നു. ഇടയ്ക്കെങ്കിലും കോളേജില്‍ പോയി തങ്ങളുടെ മക്കളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന തന്റെ അമ്മയുടെ ഉപദേശം കുമാരപിള്ള ആദരപൂര്‍വ്വം കേള്‍ക്കുമെങ്കിലും, തയ്യലൊഴിഞ്ഞിട്ട്‌ കോളേജില്‍ പോയന്വേഷിക്കാം എന്ന് ആ പാവം കരുതിയതിനാല്‍ അതൊട്ടു നടന്നതുമില്ല.

ഒന്നാം വര്‍ഷ ഡിഗ്രി പരീക്ഷക്ക്‌ ഫീസ്‌ അടച്ചു, ഹാള്‍ടിക്കറ്റ്‌ വരികയും ചെയ്തെങ്കിലും ഒരു പേപ്പര്‍ പോലും അവള്‍ എഴുതിയില്ല.

അടുത്ത വര്‍ഷം 2 വര്‍ഷത്തേതും കൂടി ചേര്‍ത്ത്‌ ഒരുമിച്ച്‌ എഴുതാം എന്നായിരുന്നു അവളുടെ ന്യായം. 10 പേപ്പറുകള്‍ ഒന്നിച്ചെഴുതാന്‍ നല്ല ഭാരമാവില്ലേ എന്ന ചോദ്യത്തിന്‌ വളരെ ലാഘവത്തോടെയായിരുന്നു അവളുടെ ഉത്തരം.

- ഓ, വെറും 2 മാസത്തെ വായനകൊണ്ട്‌ കവര്‍ ചെയ്യാവുന്നതല്ലേയുള്ളു. എക്സാം മേയിലായിരിക്കും. മാര്‍ച്ചും ഏപ്രിലും - ധാരാളം പോരേ പഠിക്കാന്‍? -

ഉവ്വോ? ആ, അറിയില്ല. അവള്‍ക്കതു മതിയായിരിക്കും, 2 വര്‍ഷത്തെ പാഠങ്ങള്‍ മുഴുവന്‍ പഠിച്ചുതീര്‍ക്കാന്‍ വെറും 2 മാസങ്ങള്‍. തന്നെക്കൊണ്ടാണെങ്കില്‍ അതിനു പറ്റുമായിരുന്നോ? പരീക്ഷിച്ചു നോക്കാന്‍ പറ്റുന്ന കാര്യമല്ലല്ലോ.

ഒന്നാം വര്‍ഷ ഡിഗ്രി പരീക്ഷ കട്ട്‌ ചെയ്തത്‌ അവളുടെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. ഡിഗ്രി രണ്ടാം വര്‍ഷം മുഴുവന്‍, കോളേജ്‌ ക്യാമ്പസ്സിലൂടെ മുദ്രാവാക്യം മുഴക്കി ചുറ്റി നടക്കുന്ന ഏതൊരു സമര ജാഥയുടേയും അമരക്കാരിയായി അവളുണ്ടായിരുന്നു.

ആ വര്‍ഷം എന്തായാലും അവള്‍ പരീക്ഷ എഴുതി എന്നറിഞ്ഞു. പക്ഷേ പല വിഷയങ്ങള്‍ക്കും തോറ്റിട്ടുണ്ടാവുമെന്ന് ഊഹിക്കാന്‍ കഴിഞ്ഞു , സപ്ലിമെന്ററി പരീക്ഷയ്ക്ക്‌ ഫീസടക്കുന്ന ക്യൂവില്‍ അവളേയും കണ്ടപ്പോള്‍.

ഇപ്പോള്‍ തമ്മില്‍ കണ്ടാലും സൗഹൃദം ഭാവിക്കയോ, സംസാരിക്കുകയോ ചെയ്യാത്തവിധം അകന്നു കഴിഞ്ഞിരുന്നു അവള്‍.

ഡിഗ്രി മൂന്നാം വര്‍ഷമായപ്പോള്‍ ഇലക്ഷന്‌ രാധയും ഒരു കാന്‍ഡിഡേറ്റ്‌ ആയിരുന്നു. തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇലക്ഷന്‍ കഴിഞ്ഞ്‌ കൊണ്ടു പിടിച്ച പ്രവര്‍ത്തനങ്ങള്‍. തീപ്പൊരി പ്രസംഗങ്ങള്‍. ആയിടയ്ക്ക്‌ ഒരു പേരും വീണുകിട്ടി അവള്‍ക്ക്‌. തീപ്പൊരിപ്രസംഗങ്ങള്‍ക്കു പുറമേ കെട്ടടങ്ങാത്ത സമരാവേശവും കൂടി നേടിക്കൊടുത്ത പേര്‌- തീപ്പൊരി രാധ -

"പഠനം സമരത്തിന്റെ വഴിയിലൂടെ അവകാശങ്ങള്‍ നേടിയെടുത്തുകൊണ്ട്‌" -

ഇതായിരുന്നു രാധയുടേയും കൂട്ടുകാരുടേയും ആവേശം പകരുന്ന മുദ്രാവാക്യം.

എന്തൊക്കെയാണ്‌ ഈ അവകാശങ്ങള്‍ എന്നതായിരുന്നു അന്നത്തെ പുസ്തകപ്പുഴുക്കളും പരീക്ഷകളിലെ റാങ്കുകാരുമൊക്കെയായിരുന്ന തങ്ങളെപ്പോലുള്ളവര്‍ക്ക്‌ ദുരൂഹമായിരുന്നത്‌.

കോളേജ്‌ രാഷ്ട്രീയത്തില്‍, രാധ, പിടിച്ചാല്‍ കിട്ടാത്തവിധം അങ്ങ്‌ മേലേ കൊമ്പിലായി വിലസി.

രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒരു സമരം, ലോങ്ങ്‌ ബെല്ല് അടിച്ചു ക്ലാസ്‌ വിടല്‍ -
ഇതൊക്കെ പതിവു സംഭവങ്ങളായി മാറി. രണ്ടാമത്തെ പീര്യേഡ്‌ ആകുമ്പോഴായിരിക്കും മിക്കപ്പോഴും സമരക്കാര്‍ എത്തുക. ക്ലാസ്സ്‌ മുറിയുടെ മുന്നില്‍ നിന്ന്‌ മുദ്രാവാക്യം മുഴക്കി ക്ലാസ്സ്‌ വിടിയിക്കും.


അങ്ങനെ ഒരിക്കല്‍ ഒരു സമര ദിനം.

ആ ദിനത്തിന്റെ ഓര്‍മ്മ ഇന്നും സജീവമായി മനസ്സില്‍ നില്‍ക്കുന്നു.

രണ്ടാമത്തെ പീര്യേഡ്‌ അവസാനിക്കാറായി. ബെല്ലടിക്കുന്നതിനു മുന്‍പ്‌, തുടങ്ങിവച്ച പാഠഭാഗം പഠിപ്പിച്ചു തീര്‍ക്കാനായി തകൃതിയായി ശ്രമിച്ചു കൊണ്ടിരിക്കയാണ്‌ ടീച്ചര്‍. വളരെ നല്ലൊരദ്ധ്യാപികയാണവര്‍. പഠിപ്പിക്കുക എന്ന തന്റെ തൊഴില്‍ ചെയ്യുന്നതില്‍ വളരെയധികം ആത്മാര്‍ത്ഥതയുള്ളവര്‍. പാഠഭാഗം നന്നായി വിശദീകരിച്ചു പഠിപ്പിച്ചു മനസ്സിലാക്കിത്തരുന്നതിലും വിദഗ്ധ. അവര്‍ ആഞ്ഞു പഠിപ്പിക്കുകയാണ്‌. താഴത്തെ നിലയില്‍ നിന്ന് സമരക്കാരുടെ മുദ്രാവാക്യധോരണി മുഴങ്ങുന്നുണ്ട്‌. അവരിങ്ങെത്തും മുന്‍പ്‌ പാഠം തീര്‍ക്കണം.

പക്ഷേ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ടീച്ചര്‍ക്ക്‌ അതിനു കഴിഞ്ഞില്ല. വിശദീകരിക്കാന്‍ 2 സ്റ്റെപ്‌ കൂടി മാത്രം ഉള്ളപ്പോള്‍ സമരക്കാര്‍ ക്ലാസ്‌ മുറിയുടെ പടിവാതില്‍ക്കലെത്തി.

ഘോരഘോരം മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി . തീപ്പൊരി രാധതന്നെ നേതാവ്‌.

ടീച്ചര്‍ വാതിലിനടുത്തേക്ക്‌ നടന്നു. സമരക്കാര്‍ തല്‍ക്കാലത്തേക്ക്‌ മുദ്രാവാക്യം വിളി നിറുത്തി.

ടീച്ചര്‍ അവരോട്‌ താഴ്മയായി പറഞ്ഞു.

- നോക്കു ഇനിയൊരു 2 വരികൂടി എഴുതിയാല്‍ ഈ പാഠം തീരും. അതുകൂടി എഴുതിപഠിപ്പിച്ചിട്ട്‌ ഈ ക്ലാസ്സ്‌ വിട്ടേയ്ക്കാം. പ്ലീസ്‌.-

- പറ്റില്ല ടീച്ചര്‍. ഈ നിമിഷം ക്ലാസ്സ്‌ വിടണം -

രാധയുടെ ധാര്‍ഷ്ട്യം നിറഞ്ഞ സ്വരം.

- പ്ലീസ്‌ മോളേ, ഇതു സയന്‍സാണ്‌. കണ്ടിന്യുവിറ്റി ഉള്ള വിഷയം. ഇനി അടുത്ത ക്ലാസ്സ്‌ കിട്ടുന്നത്‌ അടുത്തയാഴ്ച മാത്രം. വെറും രണ്ടേ രണ്ടു വരി. അതും കൂടി പഠിപ്പിച്ചു കഴിഞ്ഞാല്‍ നീണ്ടൊരു പാഠഭാഗം പഠിപ്പിച്ചുകഴിയും. അല്ലെങ്കില്‍ അതിനായിനി ഒരാഴ്ച കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ നോക്കി നിന്നോളൂ. ബോര്‍ഡില്‍ ഞാന്‍ 2 വരിയില്‍ കൂടുതല്‍ എഴുതേയില്ല, ബെല്ല് അടിക്കുമ്പോഴേക്കും പഠിപ്പിച്ചും തീരും.-

- എന്തു പറഞ്ഞാലും പറ്റില്ല ടീച്ചര്‍. ക്ലാസ്സ്‌ ഇപ്പോള്‍ ഈ നിമിഷം വിട്ടിരിക്കണം.-

വീണ്ടും ആ ധാര്‍ഷ്ട്യം നിറഞ്ഞ സ്വരം.

ടീച്ചറിനും വാശിയായി.

- എന്നാല്‍പ്പിന്നെ ഞാനതുംകൂടി പഠിപ്പിച്ചിട്ടേ ഈ ക്ലാസ്സില്‍ നിന്നിറങ്ങുന്നുള്ളൂ-

ടീച്ചര്‍തിരിച്ചു വന്ന് പഠിപ്പിക്കല്‍ തുടര്‍ന്നു.

സമരക്കാരുടെ ഭാവം മാറി.

ടീച്ചര്‍ പഠിപ്പിക്കാന്‍ തുടങ്ങിയതും രാധയുടെ നിര്‍ദേശപ്രകാരം എടുക്കാവുന്നത്രയും ശക്തിയിലും ഉച്ചത്തിലും സമരക്കാര്‍ മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി. ഇടക്ക്‌ രാധയുടെ കണ്ണുകള്‍ തന്റേതുമായി ഇടഞ്ഞു. അതവള്‍ക്ക്‌ ഒന്നുകൂടി ആവേശം പകര്‍ന്നെന്നു തോന്നുന്നു.

കാതടപ്പിക്കുന്ന മുദ്രാവാക്യം വിളിയില്‍ ടീച്ചറുടെ വാക്കുകള്‍ അമ്പേ മുങ്ങിപ്പോയി. അവര്‍ പഠിപ്പിക്കല്‍ നിറുത്തി വിഷണ്ണയായി നിന്നു.

എന്തിനും പോന്നവരായ ഇവരോട്‌ പൊരുതി ജയിക്കാനൊന്നും തന്നെക്കൊണ്ടാവില്ലെന്ന സത്യം മനസ്സിലാക്കിയ ടീച്ചര്‍ ക്ലാസ്സ്‌ മതിയാക്കി പുറത്തേക്കു പോയി.

സമരക്കാരുടെ ഇടയിലൂടെ കുനിഞ്ഞ ശിരസ്സുമായി ഇറങ്ങിപ്പോയ പ്രിയങ്കരിയായ ആ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി നിന്നിരുന്നു. ആ നിറകണ്ണുകളുടെ ഓര്‍മ്മ എത്രയോ നാള്‍ തന്നെ വേദനിപ്പിച്ചിരുന്നു.

ഡിഗ്രി കഴിഞ്ഞപ്പോള്‍ അഛനും അമ്മക്കും ട്രാന്‍സ്ഫര്‍ ആയി. അതോടെ ആ നാട്ടിന്‍ പുറത്തെ തങ്ങളുടെ താമസവും അവസാനിച്ചു. അതിനു ശേഷം രാധയെക്കുറിച്ചോ അവളുടെ കുടുംബത്തെ കുറിച്ചോ ഒന്നും അറിഞ്ഞിട്ടില്ല. ഗര്‍വ്വം നിറഞ്ഞ സ്വരത്തോടെ തന്റെ ടീച്ചറിനോട്‌ സംസാരിച്ച രാധയെന്ന രാഷ്ട്രീയക്കാരിയുടെ ചിത്രം മനസ്സിന്റെ ചുമരുകളില്‍ നിന്ന് മായിച്ചു കളയാനേ ആഗ്രഹിച്ചിട്ടുള്ളൂ.

ഇന്നിതാ തീരെ അപ്രതീക്ഷിതമായി അവളെ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു, ഒരിക്കലും ചിന്തിക്കാതിരുന്ന ഒരു രൂപഭാവത്തില്‍ ! കാലത്തിന്റെ ഒരു വികൃതി എന്നല്ലാതെ എന്തു പറയാന്‍!