Monday, May 17, 2010

രണ്ടു കള്ളികള്‍

ണ്ടു കള്ളികളുടെ കഥയാണിത്. കഥയല്ല, നടന്ന സംഭവം.

ഒരു കള്ളി ഞാന്‍ തന്നെ. മറ്റേ കള്ളി എന്നെക്കാള്‍ ഒരഞ്ചാറു വയസ്സിനു മൂപ്പുള്ള ഒരു കൂട്ടുകാരി. തല്‍ക്കാലം കുമാരി ചേച്ചി എന്നു വിളിക്കാം. സമവയസ്കരായ കൂട്ടുകാരോടുള്ള സ്വാതന്ത്ര്യമൊന്നും ഈ ചേച്ചിക്കൂട്ടുകാരിയോടെടുക്കില്ല ഞാന്‍. ഇത്തിരി ഭയഭക്തിബഹുമാനങ്ങളും അതുമൂലമുള്ള ഒരകല്‍ച്ചയും ഉണ്ടു താനും.

ഞങ്ങള്‍ കള്ളികളായതെങ്ങനെ എന്നല്ലേ? പറയാം.

മഴയാകട്ടേ, വെയിലാകട്ടേ കുടയെടുക്കുന്ന ശീലമേയില്ലയെനിക്ക്. വീട്ടില്‍ അഞ്ചാറു കുടകള്‍ ഇരുപ്പുണ്ട്, ടു ഫോള്‍ഡും ത്രീ ഫോള്‍ഡുമൊക്കെയായി. ഒന്നോ രണ്ടോ എണ്ണം കാശു കൊടുത്ത് വാങ്ങിയത്. ബാക്കിയുള്ള മൂന്നാലെണ്ണം സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ സമ്മാനിച്ച ഫോറിന്‍ കുടകള്‍.

എന്നാലും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒന്നെടുത്ത് കക്ഷത്തോ ബാഗിലൊ വയ്ക്കാന്‍ തോന്നണ്ടേ?
ഇനി തോന്നിയാലോ, അന്ന് വൈകുന്നേരം തന്നെ ആ കുടയുടെ വാസം ഏതോ അജ്ഞാതനായ വ്യക്തിയുടെ വീട്ടിലാകും. പാവം കുട. അതെന്റെ വീട്ടില്‍ തന്നെ മഴയും വെയിലും ഏല്‍ക്കാതെ സസുഖം വാണുകൊള്ളട്ടേ.

അങ്ങനെ ഒരു പ്രവൃത്തിദിവസം. എനിക്ക് പോസ്റ്റോഫീസില്‍ പോയേ തീരൂ. പോകുന്ന വഴിയില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കണം, പുതിയ പേന വാങ്ങണം, അങ്ങനെ പല കാര്യങ്ങള്‍.

മഴ തിരി മുറിയാതെ പെയ്യുന്നു. പതിവു പോലെ കൈയില്‍ കുടയില്ല.

കുമാരി ചേച്ചിയുടെ കുട തല്‍ക്കാലത്തേക്ക് കടം വാങ്ങാം. ചോദിച്ച ഉടനേ ചേച്ചി കുട തന്നു.

ദൈവമേ, ഇതും കൊണ്ടു കളയുമോ എന്ന ഭീതിയോടെ തന്നെയാണ് ചേച്ചിയുടെ കൈയ്യില്‍ നിന്നാ കുട വാങ്ങിയത്.

മനസ്സിനെ ‍ പലയാവര്‍ത്തി പറഞ്ഞു മനസ്സിലാക്കിച്ചു - ഇതു കുമാരി ചേച്ചിയുടെ കുടയാണ്, കൊണ്ട് കളഞ്ഞേക്കരുത്, എവിടെയും മറന്നു വച്ചേയ്ക്കരുത് എന്നൊക്കെ. എല്ലാം തലകുലുക്കി സമ്മതിച്ചു എന്റെ മനസ്സെന്ന കള്ളി. പിന്നെ തന്നത്താന്‍ ഒരു ഭീഷ്മശപഥവും ചെയ്തു - എന്തു വന്നാലും കുടയെ കൈയില്‍ നിന്ന് വേര്‍പെടുത്തുകയില്ല.

അങ്ങനെ കുമാരിച്ചേച്ചിയുടെ ടു ഫോള്‍ഡ് കുടയും കൊണ്ട്, ‍ ഒരു വിധം ശക്തിയായി തന്നെ പെയ്യുന്ന മഴയത്തേക്ക് ഇറങ്ങി.

ആഹാ! കുട നിവര്‍ത്തിയപ്പോള്‍ കണ്ട ദൃശ്യം അതിമനോഹരം ! ഇരുണ്ട ആകാശത്ത് നിറയെ നക്ഷത്രം പൂത്തപോലെ !

നക്ഷത്രഓട്ടകള്‍ പക്ഷേ തീരെ കുഞ്ഞായിരുന്നു. അതിലൂടെ വെള്ളം ഊര്‍ന്നിറങ്ങി ഒരു തുള്ളിയായി രൂപാന്തരപ്പെട്ട്, ഭൂഗുരുത്വാകര്‍ഷണത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ താഴോട്ടു നിപതിക്കാന്‍ ഇത്തിരി സമയം എടുക്കും.

ആ, സാരമില്ല, ഒന്നും ഇല്ലാത്തതിലും ഭേദമല്ലേ ഈ നക്ഷത്രക്കുടയെങ്കിലും കൈയിലുള്ളത്? ‍ കുമാരിച്ചേച്ചിക്ക് മനസ്സാ നന്ദി പറഞ്ഞു.

കാര്യങ്ങളെല്ലാം സാധിച്ചു. ഫോട്ടോസ്റ്റാറ്റ് എടുത്തു, പേന വാങ്ങി, പോസ്റ്റോഫീസില്‍ പോയി അങ്ങനെ എല്ലാം കഴിഞ്ഞു വിജയശ്രീലാളിതയായി തിരിച്ചു വന്നു.

ഇതിനിടയില്‍ എപ്പോഴോ മഴ തോര്‍ന്നിരുന്നു.

ചെയ്യുന്ന ജോലിയില്‍ ഭയങ്കര ഏകാഗ്രതയാണെനിക്ക്. അതിനാല്‍ ഈ മഴ എപ്പോഴാണ് തോര്‍ന്നതെന്ന് ഒരു പിടിയും ഇല്ല.

എന്തിനേറെ പറയണം? അനിവാര്യമായത് സംഭവിച്ചു. തിരിച്ചു വന്നപ്പോള്‍ മഴയില്ലാത്തതു കാരണം കൈയില്‍ കുടയുമില്ല!

തിരിച്ചു വന്ന് കുമാരി ചേച്ചിയെ കണ്ടപ്പോഴാണ് നടുക്കുന്ന ആ സത്യം ഒരഗ്നിപര്‍വ്വതം പോലെ മനസ്സില്‍ പൊട്ടിത്തെറിച്ചത്.

കുമാരിചേച്ചിയുടെ കുടയും താന്‍ കൊണ്ട് കളഞ്ഞിരിക്കുന്നു. കുടയും കൊണ്ട് പുറപ്പെട്ടപ്പോള്‍ എടുത്ത ഭീഷ്മശപഥം എപ്പോഴാണ് ഉരുകിപ്പോയത്?

ദൂരെ നിന്ന് മറ്റൊരാളോട് സംസാരിക്കുകയാണ് ചേച്ചി. എന്നെ കണ്ടിട്ടില്ല. പതുക്കെ അവിടെ നിന്ന് മുങ്ങി. പോയിടങ്ങളിലൊക്കെ ഒന്നുകൂടി പോയി നോക്കി. കിം ഫലം?
പോയതു പോയി.

പിന്നെ, തിരിച്ചു ചെല്ലാതെ, വെളിയില്‍ നിന്നു തന്നെ ചേച്ചിക്ക് ഫോണ്‍ ചെയ്തു.

- വീട്ടില്‍ ഒന്നു പോകണമായിരുന്നു. ചേച്ചിക്ക് ഉടനെ തന്നെ കുട വേണോ?

- വേണ്ട, കുഴപ്പമില്ല. വീട്ടില്‍ പോയിട്ടു വരൂ -

ലഞ്ച് ബ്രേക്കിന്റെ സമയമാവാറായിരുന്നു. ലഞ്ച് ബാഗില്‍ തന്നെ ഉണ്ടായിരുന്നു എങ്കിലും വീട്ടിലേക്ക് വച്ചുപിടിച്ചു.

എന്റെ ഉദ്ദേശ്യമെന്തെന്ന് പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ. ചേച്ചിയുടെ കുട ഞാന്‍ കൊണ്ടു കളഞ്ഞു എന്നു പറയാന്‍ വന്‍‌പേടി. അപ്പോള്‍ വീട്ടിലിരിക്കുന്നതില്‍ നിന്ന് ഒരു കുടയെടുത്ത് ചേച്ചിക്ക് നല്‍കുക.

ഞാന്‍ ഉള്ളതില്‍ വച്ച് പഴയ ഒരു കുട എടുത്തു ബാഗില്‍ വച്ചു. പഴയതാണെങ്കിലും അതു നിവര്‍ത്തിയാല്‍ നക്ഷത്രാവൃതമായ ആകാശം വിരിയില്ല കേട്ടോ.

ചേച്ചിയുടെ അടുത്ത് ചെന്ന് വളരെ നിഷ്കളങ്ക ഭാവത്തില്‍ പറഞ്ഞു.

- ചേച്ചീ, ഇതു തന്നെയോ ചേച്ചിയുടെ കുട? കുറേ കുടകള്‍ ഇരിപ്പുള്ള കൂട്ടത്തില്‍ കൊണ്ടു വച്ചതു കൊണ്ട് ചേച്ചിയുടെ കുട ഏതെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല -

ചേച്ചി ആ കുട വാങ്ങി നിവര്‍ത്തി നോക്കി.
എന്നിട്ട് മുഖം ചുളിച്ച് പറഞ്ഞു

- ഏയ് ഇതല്ല കേട്ടോ എന്റെ കുട ‌-

- ശരി ഇപ്പോള്‍ ഇതു വച്ചോളൂ . നാളെ ഞാന്‍ ചേച്ചിയുടെ കുട എടുത്തു കൊണ്ടു വരാം -

ചേച്ചി സമ്മതിച്ചു.

അങ്ങനെ തല്‍ക്കാലം രക്ഷപ്പെട്ടു.

പിറ്റേന്ന് കൂട്ടത്തില്‍ നിന്ന് ‍ ഇത്തിരി നല്ലൊരു കുട തന്നെ എടുത്തു വച്ചു. ഇനി ഇതുമല്ല, നക്ഷത്രപ്പൂക്കള്‍ വിരിയുന്ന കുട തന്നെ വേണമെന്ന് ചേച്ചി ശഠിക്കുകയാണെങ്കില്‍ കുറ്റം ഏറ്റു പറഞ്ഞ് മാപ്പിരക്കാം എന്ന് മനസ്സിനെ ധൈര്യപ്പെടുത്തി.

പുതിയ കുടയുമായി ചേച്ചിയുടെ അടുത്തെത്തി.

ചേച്ചി കുട വാങ്ങി നിവര്‍ത്തി നോക്കി.

- ആ, ഇതു തന്നെ എന്റെ കുട -

ദൈവമേ ! സമാധാനമായി.

ചേച്ചി ആ കുട മൂന്നായി മടക്കി ബാഗിനുള്ളില്‍ വയ്ക്കുന്നതു കണ്ട് മനസ്സു തണുത്തു.

മറ്റുള്ളവരുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് ഇത്രയും ഉത്തരവാദിത്വരഹിതമായാണോ എന്ന പഴി കേള്‍ക്കുന്നതില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെട്ടില്ലേ?

- ഗീത -

------------------------------------------------------------

ഈ രണ്ടു കള്ളികളോടും വായനക്കാര്‍ പൊറുക്കണേ.