Sunday, August 16, 2009

കാലത്തിന്റെ വികൃതി.

സുനീതിയ്ക്കൊരു മകന്‍ പിറന്നു. നീണ്ട പന്ത്രണ്ടു വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കിട്ടിയ അനുഗ്രഹം. പ്രസവം സിസ്സേറിയന്‍ ആയിരുന്നു. ആയതിനാല്‍ അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതിനു ശേഷം മാത്രം മതി കാണാന്‍ പോകുന്നതെന്ന് തീരുമാനിച്ചു. ഇപ്പ്പ്പോഴത്തെ ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തുന്ന ഒന്നാണ്‌, പ്രസവം കഴിഞ്ഞാലുടനെ അമ്മയേയും കുഞ്ഞിനേയും കാണുവാനും ആശംസിക്കുവാനുമായി എത്തുന്നവരുടെ സന്ദര്‍ശനം. നവജാത ശിശുവിനെ എല്ലാവരും എടുക്കുകയും താലോലിക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ ചെയ്യുന്നതു വഴി പല രോഗങ്ങളും വരാനുള്ള സാദ്ധ്യതയുണ്ടത്രേ. അതുപോലെ തന്നെ മാതാവിനും, പ്രത്യേകിച്ച്‌ സിസ്സേറിയന്‍ ആണ്‌ പ്രസവമെങ്കില്‍.

ഫോണ്‍ വഴി ആശംസാ സന്ദേശമയച്ചു. തല്‍ക്കാലം ഇതു മതി.

*** *** ***

കുഞ്ഞു പിറന്നുകഴിഞ്ഞ്‌ ഏകദേശം ഒരു മാസമാകാറായിരിക്കുന്നു. സന്ദര്‍ശനം മാറ്റിവച്ച്‌ മാറ്റിവച്ച്‌ ഇത്രയും വൈകി. ഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ സുനീതിയുടെ സ്വരത്തില്‍ ഒരല്‍പ്പം പരിഭവത്തിന്റെ ലാഞ്ചന ഇല്ലായിരുന്നോന്നൊരു സംശയം. എന്താ കുഞ്ഞിന്‌ പേരിട്ടതെന്നു ചോദിച്ചപ്പോള്‍ അതു ഇങ്ങോട്ടു വന്ന് അവനോടു തന്നെ ചോദിച്ചാട്ടേ എന്നായിരുന്നു അവളുടെ മറുപടി. എന്തായാലും ഇനി വൈകിക്കുന്നില്ല.

ഹാപ്പി ലാന്റില്‍ നിന്ന്‌ ബേബി കിറ്റും കുറെ കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങി നേരേ സുനീതിയുടെ വീട്ടിലേക്ക്‌ വിട്ടു.

സുനീതി വളരെ പ്രസന്നവതിയായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷം കിട്ടിയ നിധിയായ പൊന്മകനെ അവള്‍ വല്‍സല്യത്തോടെ മാറോട്‌ ചേര്‍ത്തുപിടിച്ചിരുന്നു.

പ്രസവശുശ്രൂഷയുടെ ഫലമാകാം അവളാകെ തടിച്ചു കൊഴുത്ത്‌ ഉരുണ്ടിരിക്കുന്നു. അമ്മ കഴിക്കുന്നതെല്ലാം മുലപ്പാലിലൂടെ കുഞ്ഞിനും കിട്ടുമെന്ന സത്യം വിളിച്ചോതിക്കൊണ്ട്‌ അവളുടെ മകനും നല്ലവണ്ണം തുടുത്തിരിക്കുന്നു. ഇഷ്ടന്‍ നല്ല നിദ്രയിലാണ്‌. കുഞ്ഞിക്കണ്ണുകള്‍ ഇറുകെ പൂട്ടി, നിദ്രയില്‍ ഇടയ്ക്കിടെ പുഞ്ചിരിക്കുന്നു, പുരികങ്ങള്‍ ചലിപ്പിക്കുന്നു, പിന്നെ ചുണ്ട്‌ പിളുര്‍ത്തി കരയാന്‍ ഭാവിക്കുന്നു, വീണ്ടും ചിരിക്കുന്നു. നോക്കിയിരിക്കാന്‍ ബഹു രസം.

സുനീതിയുമായി പങ്കു വയ്ക്കാന്‍ വിശേഷങ്ങള്‍ ധാരാളമുണ്ടായിരുന്നു.

ഐ.എ. എസ്‌. ട്രെയിനിങ്ങ്‌ കാലത്തു കിട്ടിയ കൂട്ടുകാരിയാണ്‌ സുനീതി. മലയാളിയായ അമ്മയുടേയും ഉത്തര്‍പ്രദേശുകാരനായ അഛന്റേയും മകള്‍. അവളുടെ, ഹിന്ദി കലര്‍ന്ന മലയാള ഭാഷണം കേള്‍ക്കാന്‍ ഏറെ രസകരമാണ്‌.

സുനീതിയുടെ അമ്മ അകത്തെ മുറിയില്‍ നിന്നു ചിരിച്ചുകൊണ്ടു വന്നു. അവരും ഏറെ സന്തോഷവതിയായിരുന്നു.

-മോളേ, കുഞ്ഞുറങ്ങയല്ലേ, അവനെ കട്ടിലില്‍ കിടത്താം -

അമ്മ കുഞ്ഞിനെ സുനീതിയുടെ കൈയില്‍ നിന്ന് വാങ്ങി കട്ടിലില്‍ കിടത്തി.

ഒന്നു കണ്ണു ചിമ്മിത്തുറന്നിട്ട്‌ അവന്‍ വീണ്ടും നിദ്രയിലാണ്ടു.

അമ്മ അടുക്കളയിലേക്കു നോക്കി വിളിച്ചു.

- രാധേ -

അമ്മയുടേയും കുഞ്ഞിന്റേയും കാര്യങ്ങള്‍ നോക്കാന്‍ നല്ല ഒരാളെയാണ്‌ കിട്ടിയത്‌ - അമ്മപറഞ്ഞു.

വീണ്ടും സുനീതിയുമായി സൊറപറയല്‍ തുടരുന്നതിനിടയില്‍ അടുക്കളയില്‍ നിന്ന് ട്രേയില്‍ ചായയും പലഹാരങ്ങളുമായി ഒരു സ്ത്രീ കടന്നു വന്നു. കട്ടിലിനരികിലേക്ക്‌ ഒരു ടീപ്പോയി വലിച്ചിട്ട്‌ അവള്‍ അതിന്മേല്‍ എല്ലാം വച്ചു.

കുഞ്ഞിലും സുനീതിയിലും മാത്രമായിരുന്നു തന്റെ ശ്രദ്ധ. എങ്കിലും ആ സ്ത്രീ അടുക്കളയിലേക്ക്‌ പിന്‍വാങ്ങുന്നതിനു മുന്‍പ്‌, ഒരു നിമിഷം അവരുടെ മുഖത്തേക്ക്‌ തന്റെ കണ്ണുകള്‍ പാറിവീണു. ആ കണ്ണുകളും തന്റെ മുഖത്തു തന്നെ പതിഞ്ഞിരിക്കയായിരുന്നു എന്ന് അപ്പോഴാണ്‌ മനസ്സിലായത്‌.

ങേ, ഈ സ്ത്രീ?

മനസ്സില്‍ ഒരു ചോദ്യ ചിഹ്നം ഉയര്‍ന്നു.

ഇതിനിടയില്‍ ആ സ്ത്രീ ധൃതിയില്‍ അടുക്കളയിലേക്ക്‌ പിന്‍വലിഞ്ഞിരുന്നു.

ഇത്‌ അവളല്ലേ? ഒരിക്കല്‍ തന്റെ കൂട്ടുകാരിയും അയല്‍പക്കക്കാരിയുമായിരുന്ന രാധ?

മനസ്സില്‍ ഉയര്‍ന്നു വന്ന ജിജ്ഞാസയെ പണിപ്പെട്ടമര്‍ത്തി. ജോലിക്കു നിറുത്തിയിരിക്കുന്ന സ്ത്രീയെ കുറിച്ച്‌ അധികം ജിജ്ഞാസ കാണിക്കുന്നത്‌ ശരിയല്ലല്ലോ. സുനീതിയോട്‌ ഒന്നും ചോദിക്കണ്ട.

എങ്കിലും അവിടെ നിന്നിറങ്ങുവോളം ആ സ്ത്രീയെ ഒന്നു കൂടി കണ്ടെങ്കില്‍ എന്നാഗ്രഹിച്ചു. കൊണ്ടുവച്ച ചായയും പലഹാരങ്ങളും കഴിച്ചു കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞ പ്ലേറ്റ്‌ എടുക്കാനായി അവള്‍ വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. ഒരിക്കല്‍ അമ്മ അടുക്കളയിലേക്കു നോക്കി രാധേയെന്നു വിളിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നെ അമ്മ തന്നെ ആ കര്‍മ്മം നിര്‍വഹിച്ചു.

ഒരു മണിക്കൂറോളം കഴിഞ്ഞാണ്‌ അവിടെ നിന്ന്‌ യാത്ര പറഞ്ഞിറങ്ങിയത്‌. അതിനിടയില്‍ കുഞ്ഞ്‌ ഒന്നുണര്‍ന്നു കാണണമെന്നാഗ്രഹിച്ചെങ്കിലും അതു നടന്നില്ല. അതിനേക്കാളുപരിയായി അമ്മയേയും കുഞ്ഞിനേയും ശുശ്രൂഷിക്കാനെത്തിയ ആ രാധയെന്ന സ്ത്രീയെ ഒന്നു കൂടി കാണണമെന്ന മോഹമായിരുന്നു മുന്നിട്ടു നിന്നിരുന്നത്‌.


യാത്ര പറഞ്ഞിറങ്ങാന്‍ നേരം അമ്മയോട്‌ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

- സുനീതിയേയും കുഞ്ഞിനെയും നോക്കാന്‍ വന്ന ആ സ്ത്രീ എവിടുന്നാ? -

- സേവാഗൃഹം എന്ന സ്ഥാപനത്തില്‍ നിന്നാ. നല്ല സ്ത്രീയാ. പ്രസവശുശ്രൂഷയൊക്കെ നന്നായി അറിയാം. ആ സ്ഥാപനത്തില്‍ ഇവര്‍ക്ക്‌ ട്രെയിനിങ്ങ്‌ ഒക്കെ കൊടുക്കുന്നുണ്ടെന്നു തോന്നുന്നു. ഏറ്റവും നല്ല കാര്യം, അവള്‍ക്കു ചെയ്യാനുള്ള കാര്യങ്ങള്‍ മാത്രം ചെയ്ത്‌ അങ്ങു കൂടിക്കോളും. സാധാരണ ജോലിക്കാരികളെപ്പോലെ കുടുംബക്കാരോ വിരുന്നുകാരോ ഒക്കെ വന്നാല്‍ അവരെങ്ങനെ, എന്തൊക്കെ പറയുന്നു എന്നൊക്കെ അറിയാനുള്ള ജിജ്ഞാസയൊന്നും രാധക്കില്ല. പൂമുഖത്തേക്ക്‌ വിളിച്ചാലല്ലാതെ അങ്ങനെയിങ്ങനെയൊന്നും അവള്‍ വരുകില്ല. അമ്മയേയും കുഞ്ഞിനേയും നോക്കി ഒതുങ്ങിക്കൂടിയങ്ങു കഴിഞ്ഞോളും -

സുനീതിയുടെ അമ്മയ്ക്കേതായാലും രാധയെ കുറിച്ച്‌ നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ.


യാത്ര പറഞ്ഞ്‌ കാറില്‍ കയറി. കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ഒരിക്കല്‍ കൂടി സുനീതിയുടേയും അമ്മയുടേയും നേര്‍ക്ക്‌ കൈവീശിക്കാണിക്കുമ്പോഴാണ്‌ അത്‌ ശ്രദ്ധയില്‍ പെട്ടത്‌. ജനാലകര്‍ട്ടന്‍ വകഞ്ഞു മാറ്റി രണ്ടു കണ്ണുകള്‍ തന്റെ നേര്‍ക്ക്‌ നീണ്ടു വരുന്നു. തന്റെ കണ്ണുകളുമായിടഞ്ഞപ്പോള്‍ പെട്ടെന്ന് കര്‍ട്ടന്‍ നീര്‍ത്തിയിട്ട്‌ ആ കണ്ണുകള്‍ അപ്രത്യക്ഷമായി. എങ്കിലും ജനാലയോട്‌ ചേര്‍ന്നു നില്‍ക്കുന്ന രാധയുടെ ശരീരത്തിന്റെ നിഴല്‍ തനിക്ക്‌ വ്യക്തമായി കാണാമായിരുന്നു. അവള്‍ പോയിട്ടില്ല, ജനാലക്കല്‍ നിന്ന് തന്നെ നോക്കുകയാണ്‌.

- ഇത്‌ ആ രാധ തന്നെയല്ലേ? ആ പഴയ തീപ്പൊരി രാധ? ഒരിക്കല്‍ തന്റെ അയല്‍പ്പക്കക്കാരിയായിരുന്ന രാധാലക്ഷ്മി?


*** *** ***


മടക്കയാത്രയില്‍ ഓര്‍മ്മകളെ പഴയ മേച്ചില്‍ പുറങ്ങളിലേക്ക്‌ അലയാന്‍ വിട്ടു. പത്തിരുപത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നന്മകളാല്‍ സമൃദ്ധമായ ആ നാട്ടിന്‍പുറത്തെ സ്കൂളില്‍ നിന്ന് നല്ല നിലയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നഗരത്തിലെ കോളേജില്‍ പഠിക്കാനെത്തിയ കൂട്ടുകാരും അയല്‍പക്കക്കാരുമായ പതിനാറുകാരികള്‍. മീരയെന്ന താനും രാധാലക്ഷ്മിയെന്ന കൂട്ടുകാരിയും.

രാധ പഠിക്കാന്‍ തന്നോളം സമര്‍ത്ഥയായിരുന്നില്ലെങ്കിലും ഒരു ശരാശരി വിദ്യാര്‍ത്ഥിനിയെക്കാളും മുകളിലായിരുന്നു.

അവളുടെ കുടുംബസ്ഥിതി അല്‍പ്പം മോശം എന്നു തന്നെ പറയാം. അഛന്‍ തയ്യല്‍ക്കാരന്‍, അമ്മ അയല്‍പ്പക്കത്തെ വീടുകളില്‍ പണിക്കു പോകുന്നു. രാധയ്ക്കു താഴെ ഒരനുജനും അനുജത്തിയും. ആ കുടുംബം അങ്ങനെ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു പോകുന്നു.

തന്റെ കുടുംബവും അത്ര മെച്ചപ്പെട്ട ധനസ്ഥിതിയൊന്നുമുള്ളതല്ല. പക്ഷേ അഛനും അമ്മയും സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരായതിനാല്‍ മാസാമാസം സുനിശ്ചിതമായ വരുമാനം ഉണ്ടെന്നത്‌ വളരെ വലിയൊരാശ്വാസം തന്നെയായിരുന്നു. പഠിപ്പില്‍ മിടുക്കനായിരുന്ന തന്റെ ഏകസഹോദരനെ എഞ്ചിനീയറിങ്ങിനു പഠിപ്പിക്കുവാനും ആ വരുമാനം തന്നെയാണ്‌ ഉപകരിച്ചിരുന്നതും.

രാധയും താനും പത്താം ക്ലാസ്സ്‌ പാസ്സായപ്പോള്‍ അടുത്തുള്ള നഗരത്തിലെ കോളേജില്‍ ചേര്‍ന്നു. രാധയുടെ കുടുംബത്തിന്‌ താങ്ങാന്‍ ഇത്തിരി പ്രയാസം തന്നെയായിരുന്നു അവളുടെ പഠനച്ചിലവുകള്‍. എന്നിരുന്നാലും അവളുടെ പഠനത്തിലുള്ള മികവും തന്റെ അഛനമ്മമാരുടെ പ്രോല്‍സാഹനവും, തങ്ങളാല്‍ കഴിയുന്നതു പോലുള്ള ധന സഹായവുമൊക്കെ രാധയേയും കോളേജങ്കണത്തില്‍ എത്തിച്ചു.

അങ്ങനെ ഞങ്ങള്‍ കൂട്ടുകാരികള്‍ ഒരുമിച്ച്‌ ആ ഗ്രാമ പഞ്ചായത്തിനു മുന്‍പിലുള്ള ബസ്സ്‌ സ്റ്റോപ്പില്‍ നിന്ന് പതിവായി ബസ്സു കയറി കോളേജിക്ക്‌ പുറപ്പെടും. ക്ലാസ്സുകള്‍ കഴിഞ്ഞ്‌ വൈകുന്നേരം അഞ്ചിനു മുന്‍പായി തിരിച്ച്‌ ആ സ്റ്റോപ്പില്‍ വന്നിറങ്ങുകയും ചെയ്യും.

രാധ ആര്‍ട്സ്‌ ഗ്രൂപ്പായിരുന്നു എടുത്തിരുന്നത്‌. താന്‍ സയന്‍സ്‌ ഗ്രൂപ്പും. അതുകൊണ്ട്‌ കോളേജിനകത്തു വച്ച്‌ തങ്ങളധികമങ്ങനെ കണ്ടുമുട്ടാറില്ലായിരുന്നു. ആര്‍ട്സ്‌ ബ്ലോക്കും സയന്‍സ്‌ ബ്ലോക്കും തമ്മില്‍ ഇത്തിരി അകലവുമുണ്ടായിരുന്നു.

ആദ്യവര്‍ഷം അങ്ങനെ ഒരുമിച്ചുള്ള പോക്കും വരവുമായി കടന്നുപോയി.

കോളേജിലെ രണ്ടാം വര്‍ഷമായപ്പോള്‍ രാധയില്‍ ചില മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി.

ഒരു ദിവസം രാവിലെ കോളേജിലെക്ക്‌ പുറപ്പെടാനായി ഒരുങ്ങി അവളേയും കാത്തു നില്‍ക്കയായിരുന്നു. പതിവായി വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ അവളുടെ വീട്ടിലേക്ക്‌ നടന്നു. രാധയുടെ അമ്മ വീടു പൂട്ടി അയല്‍പ്പക്കത്തെ വീട്ടില്‍ പണിക്കു പോകാന്‍ തുടങ്ങുകയായിരുന്നു.

- ആന്റീ രാധയെവിടെ?

- അയ്യോ മോളേ രാധ ഇന്നു നേരത്തേ പോയി. മോളു വിളിക്കയാണെങ്കില്‍ പറഞ്ഞേക്കാന്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. പക്ഷേ ഞാനതങ്ങു മറന്നു പോയി. മോളു വേഗം ചെല്ല്. ബസ്സ്‌ കിട്ടാതാകണ്ട.-

അതിശയം തോന്നി. ഇന്നലെ വൈകിട്ട്‌ ഒന്നിച്ച്‌ വന്നപ്പോഴൊന്നും പിറ്റേന്ന് അവള്‍ക്ക്‌ നേരത്തേ പോകണമെന്ന് പറഞ്ഞില്ലല്ലോ. സ്പെഷ്യല്‍ ക്ലാസ്സുകള്‍ ഒന്നും ആകാന്‍ വഴിയില്ല. കാരണം സ്പെഷ്യല്‍ ക്ലാസ്സുകള്‍ എടുക്കുന്നത്‌ ഏതെങ്കിലും പരീക്ഷ അടുക്കുമ്പോള്‍ മാത്രമാണ്‌. ഇതിപ്പോള്‍ ആദ്യ ടേം പരീക്ഷ വരാന്‍ തന്നെ ഇനിയും രണ്ടോളം മാസമുണ്ട്‌. പിന്നെ എന്തിനായിരിക്കും അവള്‍ നേരത്തേ പോയത്‌?

- ആന്റീ എന്തിന്നാ നേരത്തേ പോകുന്നതെന്നു വല്ലതും അവള്‍ പറഞ്ഞോ?

- എന്തോ കുറച്ചു ജോലിയുണ്ടെന്നും പറഞ്ഞാ പോയത്‌. എന്നാ ഞാന്‍ നടക്കട്ടേ മോളേ. നേരം വൈകിപ്പോയി -

പാതി ഓട്ടവും പാതി നടത്തയുമായി അവര്‍ ഒരു ഇടവഴിയിലേക്ക്‌ പ്രവേശിച്ചു മറഞ്ഞു.

അന്നത്തിനുള്ള വക നേടുക എന്ന ഏക ചിന്താഗതിയുമായി നടക്കുന്നതിനിടയില്‍ തന്റെ മകള്‍ പതിവില്ലാതെ എന്തിനാണ്‌ നേരത്തേ കോളേജിലേക്ക്‌ പുറപ്പെട്ടതെന്ന് ചുഴിഞ്ഞു ചിന്തിക്കാനൊനൊന്നും ആ അമ്മ മനസ്സിന്‌ തീരെ നേരമില്ലായിരുന്നു.

അന്നു വൈകിട്ട്‌ പതിവു പോലെ അവള്‍ ബസ്‌ സ്റ്റോപ്പില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. രാവിലെ നേരത്തെ പുറപ്പെടാനുള്ള കാര്യം എന്തായിരുന്നു എന്ന് അങ്ങോട്ടന്വേഷിക്കുന്നതിനു മുന്‍പ്‌ തന്നെ അവളതിങ്ങോട്ടു പറഞ്ഞുതുടങ്ങി.

- രാവിലെ കോളേജില്‍ എനിക്കു കുറച്ചു വര്‍ക്ക്‌ ഉണ്ടായിരുന്നു. അതാ നിന്നെ കൂട്ടാന്‍ നില്‍ക്കാതെ നേരത്തെ ഞാനിങ്ങു പോന്നത്‌. അമ്മ പറഞ്ഞില്ലേ?

- ഓ പറഞ്ഞു -

തന്റെ സ്വരത്തിലെ പരിഭവം അവള്‍ തിരിച്ചറിഞ്ഞു. താന്‍ കൂടുതലൊന്നും ചോദിക്കാഞ്ഞിട്ടും അവളിങ്ങോട്ടു വിസ്തരിക്കാന്‍ തുടങ്ങി.

- ഇലക്ഷന്‍ വരുകല്ലേ?-

- അതിന്‌?-

- അതിന്റെ കുറച്ചു വര്‍ക്ക്‌ -

- നീയെന്താ കാന്‍ഡിഡേറ്റ്‌ ആകാന്‍ പോകയാണോ?-

- അല്ല അല്ല. അതിന്റെ പുറകിലുള്ള കുറേ ജോലികള്‍. പോസ്റ്ററുകള്‍ എഴുതല്‍, ബാനര്‍ തയാറാക്കല്‍, പിന്നെ ഇലക്ഷന്‍ പ്രചാരണത്തിനു തയ്യറെടുക്കല്‍, അങ്ങനെ അങ്ങനെ ചില ജോലികള്‍ -

അപ്പോഴാണ്‌ ചിത്രം വ്യക്തമായത്‌. രാധ ക്യാമ്പസ്‌ രാഷ്ട്രീയത്തിലേക്ക്‌ കാലെടുത്തു കുത്തിയിരിക്കുന്നു.

അവളെ ഉപദേശിക്കാന്‍ നോക്കി.

- നോക്കൂ, ഈ രാഷ്ട്രീയമൊക്കെ നല്ലതു തന്നെ. പക്ഷേ അതിലങ്ങ്‌ ആഴ്‌ന്നിറങ്ങി, പിന്നെ ക്ലാസ്സുകളൊക്കെ കട്ടു ചെയ്ത്‌ പഠിപ്പ്‌ ഉഴപ്പരുത്‌. നിന്റെ അഛനുമമ്മയും നിന്നെ പഠിപ്പിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നതൊക്കെ നിനക്ക്‌ നല്ല ഓര്‍മ്മ വേണം.-

വെറുമൊരു പതിനേഴുകാരിയായ തന്റെ ഉപദേശം രാഷ്ട്രീയാവബോധമൊക്കെ നേടിയ പതിനേഴുകാരിക്ക്‌ അത്ര രുചിച്ചില്ല. അവളത്‌ തുറന്നു തന്നെ പ്രകടിപ്പിക്കുകയും ചെയ്തു.

- എന്റെ വീട്ടിലെ സ്ഥിതി നിന്നെക്കാള്‍ നന്നായി എനിക്കു തന്നെയല്ലേ അറിയുന്നത്‌? -

കൂടുതലൊന്നും പറയാന്‍ താന്‍ മുതിര്‍ന്നതുമില്ല, അപ്പോഴേയ്ക്കും ബസ്സ്‌ എത്തുകയും ചെയ്തു.

പിന്നെപ്പിന്നെ നേരത്തേ പോകലുകള്‍ മാത്രമല്ല, താമസിച്ചു വരലുകളും രാധ പതിവാക്കി.

കോളേജ്‌ ഇലക്ഷന്‍ പ്രചരണജാഥകളില്‍ മുന്‍നിരയില്‍ തന്നെ രാധയുണ്ടായിരുന്നു.

തനിക്കാകട്ടേ ആകെയൊരു കണ്‍ഫ്യൂഷന്‍ ആയിരുന്നു. ക്യാമ്പസ്‌ രാഷ്ട്രീയത്തില്‍ സജീവമാവുക എന്നത്‌ ഒരു തെറ്റായി ചിത്രീകരിക്കാന്‍ പറ്റുകില്ല. പക്ഷേ അതിന്റെയൊരു ദൂഷ്യവശം എന്തെന്നാല്‍ ഇങ്ങനെ രാഷ്ട്രീയത്തില്‍ ആഴ്‌ന്നിറങ്ങുന്ന പലരും പഠിത്തം നന്നേ ഉഴപ്പുന്നതായിട്ടാണ്‌ ഇതുവരെ കണ്ടിട്ടുള്ളത്‌. പിന്നെ പരീക്ഷയാകുമ്പോള്‍ ജയിക്കാനുള്ള തത്രപ്പാടില്‍ കുറുക്കുവഴികള്‍ തേടുക, പിടിക്കപ്പെടുക ഇതൊക്കെ സ്ഥിരം അനുഭവങ്ങള്‍.

രാധയുടെ വീട്ടുകാരെ ഇതറിയിക്കണോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തിലായി താന്‍. അമ്മയോട്‌ പറഞ്ഞു.

- മോളേ, രാധ രാഷ്ട്രീയ പ്രവര്‍ത്തനം ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ. പക്ഷേ ക്ലാസ്സുകള്‍ കട്ടു ചെയ്തൊന്നും ഈ പ്രവര്‍ത്തനങ്ങള്‍ ആകരുതെന്ന് പറയണം. അഥവാ അങ്ങനെ ചെയ്യേണ്ടി വന്നാല്‍ നഷ്ടമായ ക്ലാസ്സുകള്‍ മേക്കപ്പ്‌ ചെയ്യാന്‍ പറയണം.-

അമ്മേ, ഇതു രാധയുടെ വീട്ടില്‍ അറിയിക്കണമോ?-

- ഞാന്‍ അമ്മിണിയോട്‌ സൂചിപ്പിച്ചേക്കാം, കോളേജ്‌ വരെ പോയി ഒന്നന്വേഷിക്കാന്‍ രാധയുടെ അഛനോട്‌ പറയാന്‍-


*** *** ***

ആശങ്കിച്ചതു പോലെ തന്നെ വന്നു. രണ്ടാം വര്‍ഷ പ്രീഡിഗ്രി രാധ കഷ്ടിച്ചാണ്‌ പാസ്സായത്‌.


എന്നാലും, അവളുടെ അഛനമ്മമാരുടെ മനസ്സിന്റെ നേരു കൊണ്ടാകാം, ദൈവം അവള്‍ക്ക്‌ ഒരവസരം കൂടി കൊടുത്തു. ചരിത്രം ഐശ്ചികവിഷയമായി എടുത്ത്‌ പഠിക്കാന്‍ അവസാനത്തെ കുട്ടിയായി അവള്‍ ആ കോളേജില്‍ ചേര്‍ന്നു.

അഡ്മിഷന്‍ കിട്ടാനുണ്ടായ ബുദ്ധിമുട്ട്‌ ആദ്യമൊക്കെ അവള്‍ക്കൊരു പാഠമായിരുന്നു.

മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനൊന്നും ഈ പഠന കാലത്ത്‌ ഇറങ്ങിപ്പുറപ്പെടണ്ട, വേണമെങ്കില്‍ പഠിത്തം കഴിഞ്ഞ്‌ ആയിക്കൊള്ളൂ എന്ന, അവളുടേയും തന്റേയും അഛനമ്മമാരുടെ സ്നേഹപൂര്‍ണ്ണമായ ഉപദേശം അവള്‍ സ്വീകരിച്ചതു പോലെ തോന്നി.

പക്ഷേ ആ അനുസരണാശീലം അധികനാള്‍ നീണ്ടുനിന്നില്ല.

ഡിഗ്രി ഒന്നാം വര്‍ഷത്തിന്റെ അന്ത്യപാദമെത്തിയപ്പോഴേക്കും മുഴുവന്‍സമയരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ മാസ്മരികവലയത്തിലേക്ക്‌ പൂര്‍വ്വാധികം ശക്തിയോടെ അവള്‍ ആകര്‍ഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

തങ്ങള്‍ തമ്മില്‍ കാണുന്ന അവസരങ്ങള്‍ വിരളമായി, എന്നുതന്നെയല്ല, അവള്‍ക്ക്‌ തന്നോട്‌ ഒരു ശത്രുതാമനോഭാവം വളര്‍ന്നു വന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ അവള്‍ക്കു കൈവരാന്‍ പോകുന്ന അസുലഭ സൗഭാഗ്യങ്ങള്‍ക്ക്‌ വിലങ്ങു തടിയായി നില്‍ക്കുന്ന ഒരസൂയക്കാരിയായി താന്‍ അവളുടെ കണ്ണുകളില്‍. അവളെക്കുറിച്ച്‌ അനാവശ്യങ്ങള്‍ പറഞ്ഞു കൊടുത്ത്‌ അഛനമ്മമാരുടെ മനസ്സില്‍ അവള്‍ക്കെതിരെ വിഷം കുത്തിവയ്ക്കുകയാണത്രേ താന്‍.

വലിയ വിദ്യാഭ്യാസമൊന്നുമില്ലായിരുന്ന അമ്മിണിക്കും തയ്യല്‍ക്കാരനായിരുന്ന കുമാരപിള്ളക്കും മകള്‍ കോളേജില്‍ പോകുന്നു എന്നതല്ലാതെ കൂടുതലൊന്നും അറിയില്ലായിരുന്നു. ഇടയ്ക്കെങ്കിലും കോളേജില്‍ പോയി തങ്ങളുടെ മക്കളെക്കുറിച്ച്‌ അന്വേഷിക്കണമെന്ന തന്റെ അമ്മയുടെ ഉപദേശം കുമാരപിള്ള ആദരപൂര്‍വ്വം കേള്‍ക്കുമെങ്കിലും, തയ്യലൊഴിഞ്ഞിട്ട്‌ കോളേജില്‍ പോയന്വേഷിക്കാം എന്ന് ആ പാവം കരുതിയതിനാല്‍ അതൊട്ടു നടന്നതുമില്ല.

ഒന്നാം വര്‍ഷ ഡിഗ്രി പരീക്ഷക്ക്‌ ഫീസ്‌ അടച്ചു, ഹാള്‍ടിക്കറ്റ്‌ വരികയും ചെയ്തെങ്കിലും ഒരു പേപ്പര്‍ പോലും അവള്‍ എഴുതിയില്ല.

അടുത്ത വര്‍ഷം 2 വര്‍ഷത്തേതും കൂടി ചേര്‍ത്ത്‌ ഒരുമിച്ച്‌ എഴുതാം എന്നായിരുന്നു അവളുടെ ന്യായം. 10 പേപ്പറുകള്‍ ഒന്നിച്ചെഴുതാന്‍ നല്ല ഭാരമാവില്ലേ എന്ന ചോദ്യത്തിന്‌ വളരെ ലാഘവത്തോടെയായിരുന്നു അവളുടെ ഉത്തരം.

- ഓ, വെറും 2 മാസത്തെ വായനകൊണ്ട്‌ കവര്‍ ചെയ്യാവുന്നതല്ലേയുള്ളു. എക്സാം മേയിലായിരിക്കും. മാര്‍ച്ചും ഏപ്രിലും - ധാരാളം പോരേ പഠിക്കാന്‍? -

ഉവ്വോ? ആ, അറിയില്ല. അവള്‍ക്കതു മതിയായിരിക്കും, 2 വര്‍ഷത്തെ പാഠങ്ങള്‍ മുഴുവന്‍ പഠിച്ചുതീര്‍ക്കാന്‍ വെറും 2 മാസങ്ങള്‍. തന്നെക്കൊണ്ടാണെങ്കില്‍ അതിനു പറ്റുമായിരുന്നോ? പരീക്ഷിച്ചു നോക്കാന്‍ പറ്റുന്ന കാര്യമല്ലല്ലോ.

ഒന്നാം വര്‍ഷ ഡിഗ്രി പരീക്ഷ കട്ട്‌ ചെയ്തത്‌ അവളുടെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. ഡിഗ്രി രണ്ടാം വര്‍ഷം മുഴുവന്‍, കോളേജ്‌ ക്യാമ്പസ്സിലൂടെ മുദ്രാവാക്യം മുഴക്കി ചുറ്റി നടക്കുന്ന ഏതൊരു സമര ജാഥയുടേയും അമരക്കാരിയായി അവളുണ്ടായിരുന്നു.

ആ വര്‍ഷം എന്തായാലും അവള്‍ പരീക്ഷ എഴുതി എന്നറിഞ്ഞു. പക്ഷേ പല വിഷയങ്ങള്‍ക്കും തോറ്റിട്ടുണ്ടാവുമെന്ന് ഊഹിക്കാന്‍ കഴിഞ്ഞു , സപ്ലിമെന്ററി പരീക്ഷയ്ക്ക്‌ ഫീസടക്കുന്ന ക്യൂവില്‍ അവളേയും കണ്ടപ്പോള്‍.

ഇപ്പോള്‍ തമ്മില്‍ കണ്ടാലും സൗഹൃദം ഭാവിക്കയോ, സംസാരിക്കുകയോ ചെയ്യാത്തവിധം അകന്നു കഴിഞ്ഞിരുന്നു അവള്‍.

ഡിഗ്രി മൂന്നാം വര്‍ഷമായപ്പോള്‍ ഇലക്ഷന്‌ രാധയും ഒരു കാന്‍ഡിഡേറ്റ്‌ ആയിരുന്നു. തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഇലക്ഷന്‍ കഴിഞ്ഞ്‌ കൊണ്ടു പിടിച്ച പ്രവര്‍ത്തനങ്ങള്‍. തീപ്പൊരി പ്രസംഗങ്ങള്‍. ആയിടയ്ക്ക്‌ ഒരു പേരും വീണുകിട്ടി അവള്‍ക്ക്‌. തീപ്പൊരിപ്രസംഗങ്ങള്‍ക്കു പുറമേ കെട്ടടങ്ങാത്ത സമരാവേശവും കൂടി നേടിക്കൊടുത്ത പേര്‌- തീപ്പൊരി രാധ -

"പഠനം സമരത്തിന്റെ വഴിയിലൂടെ അവകാശങ്ങള്‍ നേടിയെടുത്തുകൊണ്ട്‌" -

ഇതായിരുന്നു രാധയുടേയും കൂട്ടുകാരുടേയും ആവേശം പകരുന്ന മുദ്രാവാക്യം.

എന്തൊക്കെയാണ്‌ ഈ അവകാശങ്ങള്‍ എന്നതായിരുന്നു അന്നത്തെ പുസ്തകപ്പുഴുക്കളും പരീക്ഷകളിലെ റാങ്കുകാരുമൊക്കെയായിരുന്ന തങ്ങളെപ്പോലുള്ളവര്‍ക്ക്‌ ദുരൂഹമായിരുന്നത്‌.

കോളേജ്‌ രാഷ്ട്രീയത്തില്‍, രാധ, പിടിച്ചാല്‍ കിട്ടാത്തവിധം അങ്ങ്‌ മേലേ കൊമ്പിലായി വിലസി.

രണ്ടാഴ്ച്ച കൂടുമ്പോള്‍ ഒരു സമരം, ലോങ്ങ്‌ ബെല്ല് അടിച്ചു ക്ലാസ്‌ വിടല്‍ -
ഇതൊക്കെ പതിവു സംഭവങ്ങളായി മാറി. രണ്ടാമത്തെ പീര്യേഡ്‌ ആകുമ്പോഴായിരിക്കും മിക്കപ്പോഴും സമരക്കാര്‍ എത്തുക. ക്ലാസ്സ്‌ മുറിയുടെ മുന്നില്‍ നിന്ന്‌ മുദ്രാവാക്യം മുഴക്കി ക്ലാസ്സ്‌ വിടിയിക്കും.


അങ്ങനെ ഒരിക്കല്‍ ഒരു സമര ദിനം.

ആ ദിനത്തിന്റെ ഓര്‍മ്മ ഇന്നും സജീവമായി മനസ്സില്‍ നില്‍ക്കുന്നു.

രണ്ടാമത്തെ പീര്യേഡ്‌ അവസാനിക്കാറായി. ബെല്ലടിക്കുന്നതിനു മുന്‍പ്‌, തുടങ്ങിവച്ച പാഠഭാഗം പഠിപ്പിച്ചു തീര്‍ക്കാനായി തകൃതിയായി ശ്രമിച്ചു കൊണ്ടിരിക്കയാണ്‌ ടീച്ചര്‍. വളരെ നല്ലൊരദ്ധ്യാപികയാണവര്‍. പഠിപ്പിക്കുക എന്ന തന്റെ തൊഴില്‍ ചെയ്യുന്നതില്‍ വളരെയധികം ആത്മാര്‍ത്ഥതയുള്ളവര്‍. പാഠഭാഗം നന്നായി വിശദീകരിച്ചു പഠിപ്പിച്ചു മനസ്സിലാക്കിത്തരുന്നതിലും വിദഗ്ധ. അവര്‍ ആഞ്ഞു പഠിപ്പിക്കുകയാണ്‌. താഴത്തെ നിലയില്‍ നിന്ന് സമരക്കാരുടെ മുദ്രാവാക്യധോരണി മുഴങ്ങുന്നുണ്ട്‌. അവരിങ്ങെത്തും മുന്‍പ്‌ പാഠം തീര്‍ക്കണം.

പക്ഷേ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ടീച്ചര്‍ക്ക്‌ അതിനു കഴിഞ്ഞില്ല. വിശദീകരിക്കാന്‍ 2 സ്റ്റെപ്‌ കൂടി മാത്രം ഉള്ളപ്പോള്‍ സമരക്കാര്‍ ക്ലാസ്‌ മുറിയുടെ പടിവാതില്‍ക്കലെത്തി.

ഘോരഘോരം മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി . തീപ്പൊരി രാധതന്നെ നേതാവ്‌.

ടീച്ചര്‍ വാതിലിനടുത്തേക്ക്‌ നടന്നു. സമരക്കാര്‍ തല്‍ക്കാലത്തേക്ക്‌ മുദ്രാവാക്യം വിളി നിറുത്തി.

ടീച്ചര്‍ അവരോട്‌ താഴ്മയായി പറഞ്ഞു.

- നോക്കു ഇനിയൊരു 2 വരികൂടി എഴുതിയാല്‍ ഈ പാഠം തീരും. അതുകൂടി എഴുതിപഠിപ്പിച്ചിട്ട്‌ ഈ ക്ലാസ്സ്‌ വിട്ടേയ്ക്കാം. പ്ലീസ്‌.-

- പറ്റില്ല ടീച്ചര്‍. ഈ നിമിഷം ക്ലാസ്സ്‌ വിടണം -

രാധയുടെ ധാര്‍ഷ്ട്യം നിറഞ്ഞ സ്വരം.

- പ്ലീസ്‌ മോളേ, ഇതു സയന്‍സാണ്‌. കണ്ടിന്യുവിറ്റി ഉള്ള വിഷയം. ഇനി അടുത്ത ക്ലാസ്സ്‌ കിട്ടുന്നത്‌ അടുത്തയാഴ്ച മാത്രം. വെറും രണ്ടേ രണ്ടു വരി. അതും കൂടി പഠിപ്പിച്ചു കഴിഞ്ഞാല്‍ നീണ്ടൊരു പാഠഭാഗം പഠിപ്പിച്ചുകഴിയും. അല്ലെങ്കില്‍ അതിനായിനി ഒരാഴ്ച കാത്തിരിക്കേണ്ടി വരും. നിങ്ങള്‍ നോക്കി നിന്നോളൂ. ബോര്‍ഡില്‍ ഞാന്‍ 2 വരിയില്‍ കൂടുതല്‍ എഴുതേയില്ല, ബെല്ല് അടിക്കുമ്പോഴേക്കും പഠിപ്പിച്ചും തീരും.-

- എന്തു പറഞ്ഞാലും പറ്റില്ല ടീച്ചര്‍. ക്ലാസ്സ്‌ ഇപ്പോള്‍ ഈ നിമിഷം വിട്ടിരിക്കണം.-

വീണ്ടും ആ ധാര്‍ഷ്ട്യം നിറഞ്ഞ സ്വരം.

ടീച്ചറിനും വാശിയായി.

- എന്നാല്‍പ്പിന്നെ ഞാനതുംകൂടി പഠിപ്പിച്ചിട്ടേ ഈ ക്ലാസ്സില്‍ നിന്നിറങ്ങുന്നുള്ളൂ-

ടീച്ചര്‍തിരിച്ചു വന്ന് പഠിപ്പിക്കല്‍ തുടര്‍ന്നു.

സമരക്കാരുടെ ഭാവം മാറി.

ടീച്ചര്‍ പഠിപ്പിക്കാന്‍ തുടങ്ങിയതും രാധയുടെ നിര്‍ദേശപ്രകാരം എടുക്കാവുന്നത്രയും ശക്തിയിലും ഉച്ചത്തിലും സമരക്കാര്‍ മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി. ഇടക്ക്‌ രാധയുടെ കണ്ണുകള്‍ തന്റേതുമായി ഇടഞ്ഞു. അതവള്‍ക്ക്‌ ഒന്നുകൂടി ആവേശം പകര്‍ന്നെന്നു തോന്നുന്നു.

കാതടപ്പിക്കുന്ന മുദ്രാവാക്യം വിളിയില്‍ ടീച്ചറുടെ വാക്കുകള്‍ അമ്പേ മുങ്ങിപ്പോയി. അവര്‍ പഠിപ്പിക്കല്‍ നിറുത്തി വിഷണ്ണയായി നിന്നു.

എന്തിനും പോന്നവരായ ഇവരോട്‌ പൊരുതി ജയിക്കാനൊന്നും തന്നെക്കൊണ്ടാവില്ലെന്ന സത്യം മനസ്സിലാക്കിയ ടീച്ചര്‍ ക്ലാസ്സ്‌ മതിയാക്കി പുറത്തേക്കു പോയി.

സമരക്കാരുടെ ഇടയിലൂടെ കുനിഞ്ഞ ശിരസ്സുമായി ഇറങ്ങിപ്പോയ പ്രിയങ്കരിയായ ആ ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി നിന്നിരുന്നു. ആ നിറകണ്ണുകളുടെ ഓര്‍മ്മ എത്രയോ നാള്‍ തന്നെ വേദനിപ്പിച്ചിരുന്നു.

ഡിഗ്രി കഴിഞ്ഞപ്പോള്‍ അഛനും അമ്മക്കും ട്രാന്‍സ്ഫര്‍ ആയി. അതോടെ ആ നാട്ടിന്‍ പുറത്തെ തങ്ങളുടെ താമസവും അവസാനിച്ചു. അതിനു ശേഷം രാധയെക്കുറിച്ചോ അവളുടെ കുടുംബത്തെ കുറിച്ചോ ഒന്നും അറിഞ്ഞിട്ടില്ല. ഗര്‍വ്വം നിറഞ്ഞ സ്വരത്തോടെ തന്റെ ടീച്ചറിനോട്‌ സംസാരിച്ച രാധയെന്ന രാഷ്ട്രീയക്കാരിയുടെ ചിത്രം മനസ്സിന്റെ ചുമരുകളില്‍ നിന്ന് മായിച്ചു കളയാനേ ആഗ്രഹിച്ചിട്ടുള്ളൂ.

ഇന്നിതാ തീരെ അപ്രതീക്ഷിതമായി അവളെ വീണ്ടും കണ്ടുമുട്ടിയിരിക്കുന്നു, ഒരിക്കലും ചിന്തിക്കാതിരുന്ന ഒരു രൂപഭാവത്തില്‍ ! കാലത്തിന്റെ ഒരു വികൃതി എന്നല്ലാതെ എന്തു പറയാന്‍!

Wednesday, August 5, 2009

കള്ളി വെളിച്ചത്തായി.....

കള്ളിയാണ്‌ ഞാന്‍. പെരുങ്കള്ളി. ഭര്‍ത്താവറിയാതെ, മക്കളറിയാതെ പരമരഹസ്യമായിട്ടാണതു ചെയ്യുന്നത്‌. അടുക്കളയില്‍ വച്ച്‌. ആരുടെയെങ്കിലും കാല്‍പ്പെരുമാറ്റം കേട്ടാലുടന്‍ സാധനസാമഗ്രികളെല്ലാം പൂഴ്ത്തിവയ്ക്കും. അതിനു സഹായകമായി അടുക്കളയില്‍ തന്നെ സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തുവുണ്ട്‌. ഒരു തടിയന്‍ ഗ്രന്ഥം. ആധുനിക പാചകസഹായി. അതിനുള്ളില്‍ ആരും കാണാതെ എല്ലാം ഒളിപ്പിച്ചു വയ്ക്കാന്‍ സാധിക്കും. ഈ 'ആധുനിക പാചകസഹായി'ക്കൊണ്ട്‌ എനിക്കിതൊരൊറ്റ പ്രയോജനമേയുള്ളൂ. അല്ലാതെ എന്റെ പാചകത്തിനൊന്നും അത്‌ ഒരുവിധ സഹായകവുമാവാറില്ല. എനിക്കെന്നും അമ്മ പഠിപ്പിച്ചുതന്ന കുറേ വിഭവങ്ങളേ ഉണ്ടാക്കാനറിയൂ. സ്ഥിരം വിഭവങ്ങള്‍ തോരന്‍, മെഴുക്കുപുരട്ടി, അവിയല്‍. പിന്നെ സാംബാര്‍ അല്ലെങ്കില്‍ പരിപ്പ്‌, രസം, പുളിശ്ശേരി ഇത്യാദി. വല്ലപ്പോഴുമൊരു കിച്ചടി, പച്ചടി, ഓലന്‍. തീര്‍ന്നു എന്റെ പാചകവൈദഗ്ധ്യം. ഭക്ഷണപ്രിയരായ ഭര്‍ത്താവും മക്കളും എന്റെ പാചകനൈപുണ്യം കൊണ്ട്‌ വശം കെട്ടിരിക്കയാണ്‌. എന്റെ പുണ്യപുരാതനവിഭവങ്ങള്‍ കഴിച്ച്‌ കഴിച്ച്‌ തീരെ മടുത്തുപോകുമ്പോള്‍ അദ്ദേഹത്തിനൊരു അറ്റകൈ പ്രയോഗമുണ്ട്‌. അടുക്കളയിലേക്ക്‌ പ്രവേശിക്കും. പാചകസഹായി തുറന്നു വയ്ക്കും. അതില്‍ പറഞ്ഞിരിക്കുന്നത്‌ അക്ഷരം പ്രതി അനുസരിച്ച്‌ അത്യന്താധുനിക വിഭവങ്ങള്‍ ഉണ്ടാക്കും. വിഭവങ്ങളുടെ പേരു പറഞ്ഞുതന്നിട്ടുണ്ട്‌, എന്നാലും എന്നോടതു ചോദിക്കരുത്‌. കാരണം എന്റെ പഴചെവിയില്‍ ഇന്നു വരെ പതിഞ്ഞിട്ടില്ലാത്ത പേരുകളായതിനാല്‍, കേട്ടപാടെ അങ്ങിറങ്ങിപ്പോവുകയും ചെയ്തു. എന്റെ പഴനാക്കിനാണെങ്കില്‍ ഈ അത്യന്താധുനിക വിഭവങ്ങളില്‍ ചിലതിന്റെയൊന്നും സ്വാദ്‌ തീരെ പിടിക്കില്ല. പക്ഷേ അഛനും മക്കളും കൂടി അമൃതാണെന്ന ഭാവത്തില്‍ കഴിക്കുന്നതു കാണാം.

ആ, അപ്പോള്‍ പറഞ്ഞു വന്നതെന്താണ്‌ - ഈ പാചകസഹായിയെ കൊണ്ട്‌ എനിക്കുള്ള ഒരേ ഒരുപകാരം. ഒരു താല്‍ക്കാലിക ഒളിസങ്കേതം. അടുക്കളയില്‍ നിന്ന് നിഷ്ക്രമിക്കുമ്പോള്‍ ഗ്രന്ഥത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചതെല്ലാം എടുത്തുമാറ്റും. അതിന്‌ ഒരിക്കലും മറക്കാറില്ല. എപ്പോഴാണ്‌ അദ്ദേഹത്തിന്‌ ഒരു പാചകഭാവന ഉള്ളിലുണരുന്നതെന്നറിഞ്ഞുകൂടല്ലോ.

ഇന്നും രാവിലെ ഞാനാ കൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു. പെട്ടെന്ന് അടിക്കുപിടിക്കാതിരിക്കാനായി ഇത്തിരി കൂടുതല്‍ വെളിച്ചെണ്ണയൊക്കെയൊഴിച്ച്‌ മെഴുക്കുപുരട്ടി അടുപ്പില്‍ വച്ചു. രണ്ടാമത്തെ അടുപ്പില്‍ ഇഡ്ഡലി. രണ്ടും വാങ്ങിവയ്ക്കാന്‍ ഒരല്‍പ്പം സമയം എടുക്കും. അതിനിടയില്‍ കിട്ടുന്ന ഇടവേളയില്‍ പണി പൂര്‍ത്തിയാക്കണം. അദ്ദേഹം പത്രം വായിക്കാന്‍ തുടങ്ങിയിട്ടേയുള്ളു. അപ്പോള്‍ ഈയിടെയ്ക്കൊന്നും ഇങ്ങോട്ടു വരാനുള്ള സാദ്ധ്യതയില്ല. മോളാണെങ്കില്‍ ഉറക്കം എണീറ്റതുപോലും ഇല്ലെന്നു തോന്നുന്നു.

ഗ്രന്ഥത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന പണിയായുധങ്ങള്‍ പുറത്തെടുത്തു. കൊച്ചുസ്റ്റൂളില്‍ ഇരുന്നു പണി തുടങ്ങി. പണി തുടങ്ങിയാല്‍ പിന്നെ ഒരു പ്രശ്നമുണ്ട്‌, അതിലങ്ങു മുഴുകിപ്പോകും, ചുറ്റും നടക്കുന്നതൊന്നും അറിയാതെ.

ഒന്നൊന്നായി കുറിച്ചു.


- നീയാരെയാ ഈ നിറദീപവും നിറപറയുമൊക്കെ വച്ച്‌ സ്വീകരിക്കാന്‍ പോകുന്നേ? -

ഞെട്ടിത്തെറിച്ചുപോയി.പിന്നില്‍ നിന്ന് തീരെ അപ്രതീക്ഷിതമായ ചോദ്യം.

കയ്യില്‍ നിന്ന്‌ പേന ഊര്‍ന്നുവീണു. കടലാസ്സു കഷണം വിറച്ചു.

ഈശ്വരാ എല്ലാം കണ്ടുപിടിച്ചല്ലോ.

മോളുടെ പൊട്ടിച്ചിരി.

ദേഷ്യം ഭാവിച്ചു.

- ദേ, കൃഷ്ണേട്ടാ ഈ അടുക്കളയിലേക്കൊന്നും വരണ്ട. എല്ലാം റെഡിയാകുമ്പോള്‍ ഞാന്‍ വിളിച്ചോളാം -

- അടുക്കളയില്‍ നിന്നു എന്തോ കരിയുന്ന മണം വരുന്നു, നീ എന്തെടുക്ക്വാന്ന് നോക്കാനാ ഞാന്‍ വന്നത്‌ -

അപ്പോഴാണ്‌ അതു ശ്രദ്ധയില്‍ പെട്ടത്‌. ശരിയാ മെഴുക്കുപുരട്ടി അടിക്കുപിടിച്ചിരിക്കുന്നു. മണം വരുന്നുണ്ട്.

പെട്ടെന്ന് കടലാസ്സും പേനയും സ്ലാബില്‍ വച്ചിട്ട്‌ മെഴുക്കുപുരട്ടി ഇളക്കി വാങ്ങിവച്ചു.

കൊച്ചുമോള്‍ നൊടിയിടയില്‍ ആ കടലാസ്സു കൈക്കലാക്കി. എന്നിട്ട്‌ ഉറക്കെ വായിച്ചു.


- നിളയുടെ കുളിര്‍നീരില്‍

നീരാടിയെത്തുക നീ

നിറദീപമൊരുക്കി

നിറപറവച്ച്‌

സ്വീകരിച്ചീടാം -


- അതാരെയാ നീയീ സ്വീകരിക്കാന്‍ പോകുന്നതെന്നാ ചോദിച്ചേ -

ഇതിനു മുന്‍പത്തെ വരികള്‍ മറ്റൊരു കടലാസ്സുതുണ്ടില്‍ എഴുതി വച്ചത്‌ ആധുനികപാചകസഹായിയ്ക്കകത്തിരുന്നു ചിരിക്കയാവും.

ചമ്മല്‍ മറയ്ക്കാനായി വീണ്ടും ദേഷ്യം ഭാവിച്ചു.

- മോളേ നീയതു മര്യാദയ്ക്കിങ്ങു തന്നേ -

- അല്ല ആരെയാന്നു നീയൊന്നു പറയൂന്നേ -

ഉത്തരം പറയേണ്ടി വന്നു.

-ഓണപ്പൂങ്കാറ്റിനെ -


- ശ്ശോ, ഒരെഴുത്തുകാരിയെക്കൊണ്ട്‌ തോറ്റൂന്ന് പറഞ്ഞാ മതി. വായ്ക്കു രുചിയായി ഒന്നും കഴിക്കാനും മേലല്ലോ ഭഗവാനേ. ദേ,കാറ്റിനേയും വെളിച്ചത്തിനേയുമൊക്കെ സ്വീകരിക്കാന്‍ പോകുന്നു. സ്വീകരിച്ചില്ലെങ്കിലും അതൊക്കെയിങ്ങു വരുമെന്നേ -

ഓ, കള്ളി വെളിച്ചത്തായ വിഷമത്തിലിരിക്കുമ്പോഴാണ്‌ ഒരാളിന്റെയൊരു തമാശ......

-----------------
- Geetha -