Saturday, August 21, 2010

കാണം വിറ്റും.....

-----------------


ഗേറ്റില്‍ ആരോ മുട്ടുന്നുണ്ടല്ലോ. യാചകനിരോധിത മേഖലയായതിനാല്‍ യാചകനല്ല. പിന്നെ വല്ല സെയില്‍സ്‌മാനുമായിരിക്കും.

ജനാലകര്‍ട്ടന്‍ വകഞ്ഞുമാറ്റി നോക്കി.

ഗേറ്റിനപ്പുറത്തു നില്‍ക്കുന്ന ആളെ കണ്ടിട്ട്‌ ഒരു സാധാരണ സെയില്‍സ്‌മാന്‍ ആണെന്നു തോന്നുന്നില്ല.

നല്ല ഉയരം ഉള്ളയൊരാള്‍. മുഖത്തിനു നല്ല തേജസും ഉണ്ട്‌. മുടി ഒരല്‍പ്പം നീട്ടി വളര്‍ത്തിയിരിക്കുന്നു. മീശയാകട്ടേ, നാടകങ്ങളില്‍ രാജാപ്പാര്‍ട്ട്‌ അഭിനയിക്കുന്നവരുടേതു മാതിരി. ആളെ തീരെ പിടികിട്ടുന്നില്ല.

എന്തായാലും ഗേറ്റ്‌ തുറന്നു കൊടുക്കാം.

മുന്‍വാതില്‍ തുറന്നപ്പോഴേക്കും ആ ആള്‍ മനോഹരമായി പുഞ്ചിരി പൊഴിച്ചു.

ഗേറ്റ്‌ തുറന്ന് ആളുടെ മുഴുരൂപം കണ്ടപ്പോള്‍ അല്‍ഭുതം തോന്നാതിരുന്നില്ല. ഒത്ത തടി. ഇത്തിരി കുമ്പയും ഉണ്ട്‌. കസവു മുണ്ടാണ്‌ ഉടുത്തിരിക്കുന്നത്‌. ഷര്‍ട്ട്‌ അണിഞ്ഞിട്ടില്ല. പകരം മറ്റൊരു കസവു നേരിയതു കൊണ്ട്‌ മേനി മൂടിയിരിക്കുന്നു. കൈയില്‍ രണ്ട്‌ സഞ്ചികള്‍. രണ്ടും വീര്‍ത്തിരിക്കുന്നു. രണ്ടിലും നിറയെ സാധനങ്ങള്‍ ഉണ്ടെന്നു തോന്നുന്നു.

"അകത്തേക്ക്‌ കടന്നോട്ടേ?"

ശബ്ദം വളരെ വിനയാന്വിതം.

"വരൂ"

ഗേറ്റിനകത്തേക്ക് ‌ കയറിയ അതിഥി മുറ്റത്തു തന്നെ നിന്നതേയുള്ളൂ.

"പ്രിയ സോദരീ, നമ്മേ സഹായിക്കണം."

"പറയൂ, എന്താണാവശ്യം?"

വന്നയാള്‍ ഒരു സഞ്ചിയില്‍ നിന്ന് ഒരു പായ്ക്കറ്റ്‌ പുറത്തെടുത്തു.

"ദയവായി ഇത്‌ ഒന്നോ രണ്ടോ എണ്ണം വാങ്ങി നമ്മേ സഹായിക്കണം. ഒരു പൊതിയ്ക്ക്‌ വെറും അഞ്ച്‌ കാശേ ഉള്ളൂ."

" അഞ്ച്‌ കാശോ?"

"എന്നു വച്ചാല്‍ നിങ്ങളുടെ അഞ്ച്‌ ഉറുപ്പിക."

"ഈ പൊതിയില്‍ എന്താണ്‌?"

"നല്ല മുന്തിയ ഇനം കാണം. കല്ലോ പതിരോ ലേശം പോലുമില്ല."

"കാണമോ? അതിനിവിടെ കുതിരയില്ലല്ലോ?"

പറയുമ്പോള്‍ ചിരിച്ചു പോയി.

"അരുത്‌ സോദരീ. ഇതിനെ വില കുറച്ചു കാണരുത്‌. പോഷകഗുണത്തില്‍ ചെറുപയറിനൊപ്പം നില്‍ക്കും കാണവും."

"പക്ഷേ ഇക്കാലത്ത്‌ ഒരുവിധപ്പെട്ട മനുഷ്യരാരും തന്നെ കാണം ഉപയോഗിക്കാറില്ല."

"അങ്ങനെ പറഞ്ഞ്‌ ഒഴിയരുത്‌ സോദരീ. നമ്മേ സഹായിക്കാനായെങ്കിലും ഇതില്‍ നിന്ന് ഒന്നോ രണ്ടോ പൊതി വാങ്ങി പകരം ഉറുപ്പിക തരുക ദയവായി."

ആ തേജസ്സുറ്റ മുഖത്ത്‌ ഒരു ദയനീയത ദൃശ്യമായി. അതുകണ്ടപ്പോള്‍ പ്രയോജനമൊന്നുമില്ലെങ്കിലും ഒന്നോ രണ്ടോ പായ്ക്കറ്റ്‌ കാണം വാങ്ങി അയാള്‍ക്കൊരു പത്തു രൂപ കൊടുത്തേക്കാമെന്നു തോന്നി.

ആളെ കണ്ടാല്‍ പരമയോഗ്യന്‍. എന്നിട്ടും ആര്‍ക്കും വേണ്ടാത്ത ഒരു വസ്തുവായ കാണം വിറ്റു നടക്കുന്നു!

ആകാംക്ഷ ചോദ്യമായി പുറത്തു വന്നു.

"ആട്ടേ എന്തിനാണിപ്പോള്‍ കാണം വിറ്റു നടക്കുന്നത്‌?"

"ഓണസ്സദ്യയുണ്ണാന്‍."

"ഓണസ്സദ്യയുണ്ണാനോ?"

വീണ്ടും ചിരിച്ചു പോയി.

"അതേ സോദരീ, നമ്മുടെ രാജ്യത്തെ ഓണസ്സദ്യ ഒന്നുണ്ണണമെന്ന് അതികലശലായൊരു മോഹം. പലേ ഗൃഹങ്ങളിലും ചെന്നു നോക്കി. എന്നാല്‍ അവിടങ്ങളിലെ സ്ത്രീജനങ്ങളൊന്നും പാചകത്തില്‍ ഏര്‍പ്പെടുന്നില്ലാ. പകരം ഒരു പെട്ടിയില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ തെളിയുന്നത്‌ നോക്കിയിരുന്നാസ്വദിക്കുന്നു. എന്താ ഒരു ഓണസ്സദ്യ തരാവുമോന്നു ചോദിച്ചപ്പോള്‍ അതിനു ഹോട്ടലില്‍ ചെല്ലണം എന്നാ അവര്‍ പറഞ്ഞത്‌. അവിടെയെല്ലാം തന്നെ ഓണസ്സദ്യ ഹോട്ടലുകളില്‍ നിന്ന്‌ വരുത്തിക്കുകയാണത്രേ! പകരം ഉറുപ്പിക കൊടുക്കണം പോല്‍! എന്നാല്‍ പിന്നെ ആ തരം ഒരു ഹോട്ടലില്‍ കയറി ഓണസ്സദ്യ ആസ്വദിച്ചു കളയാമെന്നു കരുതി. അങ്ങോട്ടേയ്ക്ക്‌ കയറിച്ചെന്നപാടേ ഹോട്ടലിന്റെ മുന്‍വശത്തിരുന്നയാള്‍ തടഞ്ഞു നിര്‍ത്തി. ഓണസ്സദ്യ ഉണ്ണാനാണ്‌ വന്നതെന്നു പറഞ്ഞപ്പോള്‍ 499 ഉറുപ്പിക തരൂ എന്നായി. അത്രയും ഉറുപ്പിക കൊടുത്താലേ ഓണസ്സദ്യ തരാവൂത്രേ! നമ്മുടെ കൈയിലുണ്ടോ ഉറുപ്പിക? അത്രയും ഉറുപ്പിക നല്‍കാതെ ഓണസ്സദ്യ നല്‍കില്ലാന്ന് ആയാള്‍ക്ക്‌ ഒരേ ശാഠ്യം. പിന്നെന്താ ചെയ്ക?

പുറത്തിറങ്ങി നടന്നപ്പോള്‍ ഇത്തിരി നിരാശയൊക്കെ തോന്നി. അപ്പോഴാണ്‌ നമ്മുടെ രാജ്യക്കാര്‍ പറയുന്നത്‌ കേട്ടിട്ടുള്ള ആ സംഗതി ഓര്‍മ്മ വന്നത്‌. കാണം വിറ്റും ഓണം ഉണ്ണണം. എന്നാല്‍ പിന്നെ അങ്ങനെയാവാമെന്നു കരുതി. പക്ഷേ, നല്ല കാണം സംഭരിക്കാന്‍ നമുക്ക്‌ നന്നേ പണിപ്പെടേണ്ടി വന്നു കേട്ടോ. നോം തന്നെ ഇതു വൃത്തിയാക്കി പൊതികളിലാക്കിയതാണ്‌. ഇതില്‍ ഒന്നോ രണ്ടോ പൊതി വാങ്ങി പകരം ഉറുപ്പിക തരൂ പ്രിയ സോദരീ."

"അങ്ങ്‌ നാട്‌ കാണാനെത്തിയ മഹാബലിയല്ലേ?"

"നോം കിരീടം ചൂടാതിരുന്നിട്ടും സോദരിക്ക്‌ നമ്മേ മനസ്സിലായി അല്ലേ?"

"അതേ, മനസ്സിലായി. ഇത്ര നിഷ്കളങ്കരായ മനുഷ്യര്‍ ഇക്കാലത്ത്‌ ഭൂമിയില്‍ ജീവിച്ചിരിപ്പില്ലല്ലോ! അങ്ങയുടെ കാണം മുഴുവനും ഞാന്‍ വാങ്ങാം. ഉറുപ്പികക്ക്‌ പകരം സ്വന്തം കൈയ്യാല്‍ ചമച്ച ഓണസ്സദ്യയൂട്ടാം."

മഹാബലി സസന്തോഷം ഓണസ്സദ്യ ഉണ്ടു.

"ഇനി അടുത്തയാണ്ടിലെ ഓണത്തിന്‌ എഴുന്നെള്ളാം. ഭവതിക്ക്‌ സര്‍വ്വമംഗളങ്ങളും ഭവിക്കട്ടേ!"

******************************************************************************


കെ. സി. ഗീത.