Monday, December 26, 2011

നോമോഫോബിയ

ഡോ. പ്രകാശും ഭാര്യ മീരയും വല്ലാതെ ഭയന്നു. മോൾ എന്താണിങ്ങനെ? ആദ്യചാൻസിൽ തന്നെ എൻ‌ട്രൻസ് എക്സാം എന്ന കടമ്പ കടന്ന് ഇഷ്ടമുള്ള ബ്രാഞ്ച് തന്നെ എടുത്ത് ബി. ടെക്കിന് പഠിക്കുന്ന മിടുക്കിയാണ് മോൾ. ഇപ്പോൾ ഏഴാം സെമസ്റ്റർ ആയിരിക്കുന്നു. എഞ്ചിനീയറിങ്ങിനും ഇതുവരെയുള്ള പരീക്ഷകൾക്കൊക്കെ നല്ല മാർക്ക് വാങ്ങിയാണ് അവൾ പാസ്സായിരിക്കുന്നത്. ഫൈനൽ എക്സാമിന് ഡിസ്റ്റിങ്ഷൻ ഉറപ്പാകത്തക്കവണ്ണം തന്നെ.

ആ മോൾ ഈയിടെയായിട്ട് എന്തേ ഇങ്ങനെ? നാലഞ്ചാഴ്ചയായി അവൾക്ക് വല്ലാത്തൊരു മാറ്റം. എത്ര ആലോചിച്ചിട്ടും അതിന്റെ കാരണം കണ്ടെത്താനാകുന്നില്ല ഡോ.പ്രകാശിനും മീരയ്ക്കും. അവൾക്ക് എന്തെങ്കിലും അല്ലലോ അലട്ടോ ഉണ്ടാകാനുള്ള കാരണങ്ങളൊന്നും അവർ നോക്കിയിട്ട് കാണുന്നുമില്ല. പിന്നെ?

എന്താണവൾക്ക്? ഒരു ഭയാശങ്കയോ പരിഭ്രാന്തിയോ ഉള്ളതു പോലെ. അവൾ അസ്വസ്ഥയാണെന്നുള്ളതിന് യാതൊരു സംശയവുമില്ല. എന്താണ് അവളെ ഇങ്ങനെ മാനസികമായ സമ്മർദ്ദത്തിലേയ്ക്ക് തള്ളിയിട്ടത്?

മീര മകളുടെ ഈ പ്രകൃതമാറ്റം കണ്ടുതുടങ്ങിയപ്പോൾ തന്നെ അതേ പറ്റി അന്വേഷിച്ചു. എല്ലാം നിഷേധിച്ചതല്ലാതെ എന്തെങ്കിലും വിഷമമുള്ളതായി അവൾ സമ്മതിച്ചില്ല. ചുഴിഞ്ഞു ചോദിച്ചു നോക്കി. എന്നിട്ടും ഒന്നും പിടിച്ചെടുക്കാനായില്ല. എല്ലാം അമ്മയുടെ തോന്നലാണത്രേ.

മീരയ്ക്ക് അതു കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. പത്തൊൻപതു വർഷങ്ങളായി പോറ്റി വളർത്തുന്ന തനിക്ക് അവളിൽ വരുന്ന മാറ്റങ്ങൾ കണ്ടാൽ മനസ്സിലാകാത്തതാണോ? തോന്നലാണു പോലും ! ശാരീരികമായ എന്തെങ്കിലും അസ്വസ്ഥതകളാണോ? അതാണെങ്കിൽ ഡോക്ടറായ അച്ഛനോട് തന്നെ പറഞ്ഞ് പരിഹാരം കാണാമല്ലോ. ഇനി ചെറുപ്പക്കാരിയായ മകൾക്ക് അച്ഛനോട് നേരിട്ട് പറയാൻ വയ്യാത്തതെങ്കിലുമാണെങ്കിൽ അമ്മയോടത് പറയണം. പക്ഷേ അവൾ ഒരുവിധമായ ആവലാതികളോ വിഷമതകളോ ഒന്നും തന്നെ ഇരുവരോടും പറഞ്ഞില്ല. പോരെങ്കിൽ ഇപ്പോൾ അവളുടെ അസ്വസ്ഥതയുടെ കാര്യമന്വേഷിച്ച് എന്തെങ്കിലും മിണ്ടിപ്പോയാൽ അവൾ ദേഷ്യപ്പെടാനും തുടങ്ങിയിരിക്കുന്നു.

കീർത്തിയുടെ അടുത്ത കൂട്ടുകാരാണ് ശ്രീനന്ദനയും രോഷ്നിയും രഹനയും. അവരോരോരുത്തരോടായി മീര ഫോണിൽ വിളിച്ചു ചോദിച്ചു. അവർക്കും കീർത്തിയിൽ വന്ന ഭാവമാറ്റത്തെ പറ്റി അറിവുണ്ടായിരുന്നെങ്കിലും അതിന്റെ കാരണത്തെ പറ്റി ഒന്നും അറിയില്ലായിരുന്നു. അവസാനം ശ്രീനന്ദന മീരയോടൊരു ചോദ്യം ചോദിച്ചു
‘ആന്റീ, കീർത്തിക്ക് ഇഷ്ടമില്ലാത്ത വല്ല പ്രൊപ്പോസലുകൾക്കും ആന്റി നിർബന്ധിച്ചോ? ’
‘ഹേയ്, അങ്ങനെ യാതൊന്നുമില്ല’

അവളുടെ അച്ഛന്റെ അഭിപ്രായമനുസരിച്ച് 24 വയസ്സൊക്കെ ആയശേഷം മതിയത്രേ കല്യാണം. ആ പ്രായത്തിലൊക്കെയേ കുടുംബജീവിതത്തിനു വേണ്ട മാനസീക പക്വത വരുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തനിക്കതിൽ പ്രതിഷേധമുണ്ടെങ്കിലും അച്ഛനും മോളും ഒരേ അഭിപ്രായത്തിൽ പിടിച്ചു നിൽക്കുന്നതു കൊണ്ട് ഇതുവരെ വിവാഹമെന്ന ആശയമേ എടുത്തിട്ടിട്ടില്ല.

ശ്രീനന്ദനയുടെ ആ ചോദ്യത്തെ കുറിച്ച് ആലോചിച്ചപ്പോൾ പെട്ടെന്നാണ് മീരയുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിയത്.

‘മോളേ ശ്രീ, നീയെന്തേ അങ്ങനെ ചോദിച്ചത്? അവൾക്കിനി വല്ല അഫയറും?’

‘ഹേയ്, ഹേയ് അതൊന്നുമില്ല ആന്റീ. ഞാൻ രഹനയുടെ കാര്യം വച്ച് ചോദിച്ചതാ. രഹനയുടെ വീട്ടിൽ പ്രൊപ്പോസലുകളുടെ ഒരു ബഹളമാ. ലാസ്റ്റ് എക്സാമും കൂടി കഴിഞ്ഞേ കല്യാണത്തെ കുറിച്ച് ചിന്തിക്കൂ എന്ന് എത്ര തവണ പറഞ്ഞാലും അവളുടെ വീട്ടുകാർ വരുന്ന ഒരാലോചനപോലും വിടാതെ അവളെ ചെറുക്കൻ വീട്ടുകാരുടെ മുന്നിൽ ചമയിച്ചു നിർത്തും. അതവൾക്ക് തീരെ ഇഷ്ടമല്ല. അങ്ങനെ ഒരു സംഭവം നടന്നുകഴിഞ്ഞാൽ പിന്നെ കുറേ ദിവസത്തേക്ക് കക്ഷിക്ക് വലിയ മൂഡ് ഔട്ടാ. ഇനി അതുപോലെ വല്ല സംഭവവുമാണോന്ന് അന്വേഷിച്ചെന്നേയുള്ളൂ. കീർത്തിക്ക് അങ്ങനെയൊരു അഫയർ ഉണ്ടെങ്കിൽ അതു ഞങ്ങളല്ലേ ആന്റീ ആദ്യമറിയുക? ’

മീരയ്ക്ക് സമാധാനമായി. പക്ഷേ അടുത്തനിമിഷം തന്നെ ആ സമാധാനം നഷ്ടപ്പെടുകയും ചെയ്തു. കാരണം, വീണ്ടും ഇരുട്ടിൽ തപ്പേണ്ടി വന്നിരിക്കയാണല്ലോ.

മകളുടെ വിഷമദിനങ്ങൾ മീരയ്ക്ക് കൃത്യമായി അറിയാം. ആ സമയമടുത്തപ്പോൾ മീര മകളെ അവളറിയാതെ സസൂക്ഷമം നിരീക്ഷിച്ചു. പ്രീമെൻ‌സ്ട്രുവൽ ഡിപ്രഷൻ വല്ലതുമാണോ? എങ്കിൽ തന്നെ അത് രണ്ടാഴ്ച മുമ്പൊക്കെ വരുമോ? ഭർത്താവിനോട് തന്നെ ചോദിച്ച് സംശയ നിവൃത്തി വരുത്തി. വളരെ അപൂർവ്വമായി അങ്ങനെ വരാമത്രേ.

ആ ദിനങ്ങൾ എന്നത്തേയും പോലെ പ്രശ്നരഹിതമായി കടന്നു പോയി. പക്ഷേ അതു കഴിഞ്ഞിട്ടും മകൾക്ക് വന്ന മാറ്റത്തിന് പ്രത്യേകിച്ചൊരു കുറവും കണ്ടില്ല. ശാരീരികമായി മകൾ ആരോഗ്യവതിയാണെന്ന് ഡോക്ടറായ അച്ഛന്റെ കണ്ണുകൾക്ക് ബോദ്ധ്യപ്പെട്ടിരുന്നു. അപ്പോൾ പിന്നെ?

*** *** ***

കോളേജ് വിട്ടു വന്നപ്പോൾ വീട്ടിൽ വന്നിരിക്കുന്ന അതിഥികളെ കണ്ട് കീർത്തിക്ക് വല്ലാത്ത സന്തോഷം തോന്നി. സുധാകരൻ അങ്കിളും ഭവാനി ആന്റിയും. അച്ഛന്റെ അടുത്ത കൂട്ടുകാരനാണ് കാർഡിയോളജിസ്റ്റായ ഡോ. സുധാകരൻ. ഭവാനി ആന്റി കീർത്തിക്ക് കൂട്ടുകാരിയും.

കീർത്തി നിറഞ്ഞ ചിരിയോടെ ആന്റിയെ കെട്ടിപ്പിടിച്ചു.
‘ ഹായ് ഇതാര് എന്റെ ഭവാനിക്കുട്ടിയോ? എപ്പോ ലാന്റ് ചെയ്തു? ഹേയ് ക്രൂവൽ ഹാർട്ട്ബ്രേക്കർ, ഹൌ മെനി ഹാർട്സ് യു ബ്രോക്ക് ലാസ്റ്റ് മന്ത്? ആന്റീ അപ്പടി മുഷിഞ്ഞിരിക്കയാ. ഞാൻ പോയി പെട്ടെന്ന് മേൽകഴുകി വരാമേ. അമ്മേ ചായ എടുത്തു വയ്ക്കണേ.’

കീർത്തിയുടെ ഉത്സാഹവും സംസാരവും കേട്ട് എല്ലാവരും ചിരിച്ചു. ഹാർട്ട് സർജറി നടത്തുന്നതിനാൽ തന്നെ ഹാർട്ട് ബ്രേക്കർ എന്ന് അവൾ വിളിക്കുന്നത് നന്നേ ആസ്വദിക്കാറുണ്ട് ഡോ. സുധാകരൻ.

പക്ഷേ മീര മാത്രം അന്തിച്ചു. അപ്പോൾ ഇന്നലെ വരെ, അല്ല ഇന്നു രാവിലെ കോളേജിൽ പോകുന്നതു വരെയുള്ള അവളുടെ രീതി?

ഇനി അവൾ പറയുമ്പോലെ തന്റെ തോന്നൽ തന്നെയാണോ? ഭവാനിയെ വിളിച്ചു വരുത്തിയത് വെറുതേയായോ? ശ്ശെ, എന്നാൽ പ്രകാശേട്ടനും തനിക്ക് തോന്നിയതു പോലെ തന്നെ തോന്നിയതോ?


മീരയുടെ മനസ്സ് വായിച്ചതുപോലെ ഭവാനി പറഞ്ഞു

‘ഏയ് പേടിക്കാനുള്ളതൊന്നുമില്ലെന്നേ’

‘അപ്പോൾ എന്തോ ഉള്ളതായി ഭവാനിക്കും തോന്നി അല്ലേ?’
‘എന്തായാലും നമുക്ക് കണ്ടുപിടിക്കാം. എന്തിനും പോംവഴിയുമുണ്ട് ഇക്കാലത്ത്.’
‘ഞാൻ ചായ ഉണ്ടാക്കി കൊണ്ടു വരാം.’

മീര അടുക്കളയിലേക്ക് പോയി.

സുധാകരനും ഭവാനിയും പത്തൻപതു കിലോമീറ്റർ അകലെയുള്ളൊരു സിറ്റിയിലാണ് താമസം. അവിടത്തെ പ്രശസ്തമായൊരു ഹോസ്പിറ്റലിൽ ഡോ. സുധാകരൻ വർക്ക് ചെയ്യുന്നു. ഭവാനി വിദഗ്ദ്ധയായ ഒരു സൈക്കോളജിസ്റ്റാണ്. സ്വന്തമായൊരു ക്ലിനിക്കിട്ട് കൺസൽട്ടിങ്ങ് നടത്തുന്നു. മനസ്സ് വായിക്കുന്നതിൽ മിടുക്കിയാണവർ. ആ കഴിവു കൊണ്ടു തന്നെ ഓരോ പ്രായത്തിലുമുള്ളവരോട് ഇടപെടുമ്പോൾ അവരുടെ പ്രായക്കാരിയാവും അവർ. കീർത്തിയോട് സംസാരിക്കുമ്പോൾ ഭവാനി ഒരു റ്റീനേജർ ആകും. ആ രീതിയാണ് കീർത്തിയെ ഭവാനിയോട് വളരെയധികം അടുപ്പിച്ചത്. അമ്മയോടുള്ളതിനേക്കാളും സ്വാതന്ത്ര്യം അവൾ ഭവാനി ആന്റിയോട് കാണിക്കാറുണ്ട്. എന്തും മനസ്സു തുറന്നു പറഞ്ഞും തല്ലുകൂടിയും ഇക്കിളിയിട്ടുമൊക്കെ അവർ കൂട്ടുകാരാവും.

സുധാകരൻ ഭവാനി ദമ്പതിമാരുടെ ഏകമകൻ സ്റ്റേറ്റ്സിൽ ഉപരി പഠനത്തിനു പോയിരിക്കയാണ്. വളരെ തിരക്കാർന്നൊരു ജീവിതമാണ് അവരുടേത്. രണ്ടുമൂന്നു മാസം കൂടുമ്പോൾ മടുപ്പിക്കുന്ന ആ തിരക്കിൽ നിന്നൊക്കെ ഒന്നകന്ന് കഴിയാൻ അവർ കൊതിക്കും. അപ്പോഴൊക്കെ മൂന്നുനാലു ദിവസത്തേക്ക് ഒരു യാത്ര പോവുകയാണ് അവരുടെ പതിവ്. ഈ പട്ടണത്തിൽ വന്നാൽ അവർ ഡോ. പ്രകാശിന്റെ വീട്ടിലാണ് തങ്ങുക. ഠൌണിൽ കറങ്ങുക, തൊട്ടടുത്തുള്ള ഏതെങ്കിലും വിനോദകേന്ദ്രങ്ങളിലേക്ക് പോവുക ഇതൊക്കെയാവും അവരുടെ പരിപാടികൾ. അവധി ദിനങ്ങളാണെങ്കിൽ കീർത്തിയും അവരോടൊപ്പം കൂടും. ചിലപ്പോൾ ഇരു കുടുംബങ്ങളും ചേർന്ന് പോകും.

ഇതും അത്തരമൊരു സന്ദർശനമെന്നേ കീർത്തി കരുതിയുള്ളൂ. പക്ഷേ ഇത്തവണ പ്രകാശും മീരയും അവരെ വിളിച്ചു വരുത്തിയതാണ്.

*** *** ***

പിറ്റേന്ന് ശനിയാഴ്ച. പതിവുപോലെ കീർത്തിയും അവരോടൊപ്പം കൂടി ഠൌണിൽ കറങ്ങാൻ. കീർത്തിയുടേയും ഭവാനിയുടേയും ഇഷ്ടസങ്കേതമായ ഷോപ്പിങ് മാളിൽ അവരെ ഡ്രോപ് ചെയ്തിട്ട് ഡോ. സുധാകരൻ മറ്റൊരു സുഹൃത്തിനെ കാണാൻ പോയി.

ഒരു പകൽ മുഴുവൻ ഭവാനി ആന്റിയെ തന്നോടൊപ്പം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു കീർത്തി. മാളിലെ സർവ്വഷോപ്പുകളിലും കയറിയിറങ്ങി, വേണ്ടതും വേണ്ടാത്തതുമൊക്കെ വാങ്ങിച്ചു കൂട്ടി. അക്കാര്യത്തിൽ ഭവാനി ആന്റിയും കീർത്തിയ്ക്കൊപ്പം തന്നെ. ഐസ്ക്രീം പാർലറിൽ കയറി പുതിയ തരം ഫലൂഡ ആസ്വദിച്ചു. ലഞ്ചിന് ഏറ്റവും മുന്തിയ ഹോട്ടലിൽ തന്നെ കയറി. വെയിൽ മങ്ങിയപ്പോൾ പാർക്കിലും ബീച്ചിലും കറങ്ങി. സന്ധ്യാംബരത്തിൽ മെല്ലെ കാളിമ പടരാൻ തുടങ്ങിയപ്പോഴാണ് വീട്ടിലേക്ക് മടങ്ങിയത്. അമ്മയുടെ കൂടെയാണെങ്കിൽ ഒരു ഒഴിവുദിനം ഇത്രയും ആസ്വദിക്കാൻ പറ്റില്ലെന്നാണ് കീർത്തിയുടെ പക്ഷം. ഇടയ്ക്കിടയ്ക്ക് അമ്മയുടെ വക ശാസനകളും ശകാരങ്ങളും വരും.

അടുത്ത ദിവസം ഞായറാഴ്ച. ഇരുകുടുംബങ്ങളും ചേർന്ന് പത്തിരുപത് കിലോമീറ്റർ അകലെയുള്ളൊരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്കായിരുന്നു അന്നത്തെ യാത്ര. മലമടക്കുകളും വെള്ളച്ചാട്ടങ്ങളുമായി പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്നൊരു കാനനപ്രാന്തം.

അധികസമയവും ഭവാനിയും കീർത്തിയും മറ്റുള്ളവരിൽ നിന്ന് ഒട്ടകന്ന് ആണ് നടന്നിരുന്നത്, അവരുടേതായ ഒരു ലോകത്ത് സല്ലപിച്ചുകൊണ്ട്.

*** *** ***

തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് ഇറങ്ങിയ കീർത്തി ഉത്സാഹവതിയായിരുന്നു. ഭവാനിയാന്റിയും സുധാകരൻ അങ്കിളും ഇന്നു മടങ്ങിപ്പോകും എന്നൊരു വിഷമം അവൾക്കുണ്ടായിരുന്നെങ്കിലും.

‘ദേ അടുത്ത സെക്കന്റ് സാറ്റർഡേ രാവിലെ ഇങ്ങെത്തിയേക്കണം. ഇല്ലെങ്കിൽ രണ്ടിനേം ഞാൻ വച്ചേക്കത്തില്ല, ങ്ഹാ ’

കീർത്തി പടിയിറങ്ങിക്കൊണ്ട് പറഞ്ഞു.

‘ഹോ ഇവൾക്ക് ഒരു ബഹുമാനവുമില്ലല്ലോ’

മീര പരിതപിച്ചു.


കീർത്തി ഭവാനിയാന്റിയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തിട്ട് കൈവീശിക്കാണിച്ച് റോഡിലേയ്ക്കിറങ്ങി.


കീർത്തി പോയിക്കഴിഞ്ഞ് എല്ലാവരും ഒത്തുകൂടി.

‘എന്താണവളുടെ പ്രശ്നം?‘ ഡോ. പ്രകാശ് ഭവാനിയോടായി ചോദിച്ചു.

ഭവാനി ചിരിച്ചു.


‘നോമോഫോബിയ’


‘നോമോഫോബിയയോ? അതെന്താണ്?’


ഡോ. പ്രകാശ് അന്തം വിട്ടു. താൻ ഇതുവരെ കേട്ടിട്ടില്ലാത്തൊരു ഫോബിയയോ?

‘നോമോഫോബിയ മീൻസ് നോ മൊബൈൽ ഫോബിയ’ ഭവാനി വീണ്ടും ചിരിച്ചു.

പ്രകാശും സുധാകരനും അതുകേട്ട് കൂടെ ചിരിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായി. മീരയാണെങ്കിൽ ആകെ ടെൻഷനിലും.

കീർത്തിയുടെ മൊബൈൽ ഫോൺ രണ്ടുമാസം മുൻപ് നഷ്ടപ്പെട്ടിരുന്നു. പുതിയതൊന്നു വാങ്ങാതിരുന്നത്, പ്രകാശിന്റെ ജ്യേഷ്ഠന്റെ മകൻ കിരൺ അടുത്തമാസം സ്റ്റേറ്റ്സിൽ നിന്നു വരുമ്പോൾ അവൾക്കായി ബ്ലാക്ക്ബെറിയുടെ ലേറ്റസ്റ്റ് മോഡൽ മൊബൈൽ ഒന്നു കൊണ്ടുവരുന്നുണ്ട് എന്നു കേട്ടതുകൊണ്ടാണ്. പിന്നെ ഒന്നു രണ്ടു മാസം മൊബൈൽ ഇല്ലെന്നു വച്ച് വിശേഷിച്ചൊന്നും സംഭവിക്കാനില്ലല്ലോ.

എല്ലാവരും ഭവാനിയുടെ മുഖത്തേക്ക് ഉറ്റുനോക്കിയിരുന്നു. ഭവാനി ചിരി കളഞ്ഞു പറഞ്ഞു തുടങ്ങി.

‘ വേർപെടുത്താനാവാത്ത ഒരു ശരീരാവയവം പോലെ മൊബൈൽ ഫോണുകളെ കൊണ്ടുനടക്കുന്നവർക്ക് അതു നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ഒരവസ്ഥയാണത്. ആധുനിക കാലത്തിന്റെ സംഭാവന. മൊബൈൽ ഫോൺ യൂസേർസിൽ ഒരു അൻപതു ശതമാനം പേരെങ്കിലും ഒരവസരത്തിൽ അല്ലെങ്കിൽ മറ്റൊരവസരത്തിൽ ഈ ഫോബിയക്ക് ഇരയാകാറുണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അനാവശ്യമായ ഭയാശങ്ക, പരിഭ്രാന്തി, മാനസികമായ സമ്മർദ്ദം - ഇതൊക്കെയാണ് ഈ ആധുനിക രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതൊക്കെ തന്നെയല്ലേ കീർത്തിക്കും ഉള്ളതായി പ്രകാശേട്ടനു തോന്നിയത് ’

ഭവാനി തുടർന്നു

‘ മിനഞ്ഞാന്ന്‌ ഞാൻ കീർത്തിയോട് കോളേജിലെ ഒരു കാര്യം അന്വേഷിച്ചിട്ട് തിങ്കളാഴ്ച ഉച്ചക്ക് എന്നെ വിളിച്ച് പറയണമെന്നു പറഞ്ഞു. അതുകേട്ടതും അവളുടെ മുഖം മങ്ങി. അതുവരെയുണ്ടായിരുന്ന പ്രസരിപ്പെല്ലാം പോയി. “ ആന്റിയെ ഉച്ചക്ക് വിളിച്ചുപറയാൻ ഇപ്പോൾ എന്റെ കയ്യിൽ മൊബൈൽ ഇല്ല ആന്റീ ” കടുത്ത ദു:ഖത്തോടെയാണവൾ ഇത്രയും പറഞ്ഞത്. മൊബൈൽ നഷ്ടപ്പെട്ടതെങ്ങനെയെന്ന് അവൾക്ക് ഒരു രൂപവുമില്ല. അവൾ തന്നെ അത് വല്ലയിടത്തും മറന്നു വച്ചതാണോ അതോ ആരെങ്കിലും കട്ടെടുത്തതാണോ എന്ന് അവൾക്ക് നിശ്ചയമില്ല. അതിൽ അവൾ വിലപ്പെട്ടതെന്നു കരുതുന്ന വല്ല രേഖകളോ മെസ്സേജുകളോ മറ്റോ സ്റ്റോറു ചെയ്തിരുന്നോ എന്ന് ചോദിച്ചപ്പോൾ കൂട്ടുകാരുടെ നമ്പറുകൾ തന്നെ വിലപ്പെട്ട രേഖകൾ എന്ന് ഉത്തരം. ബോറുക്ലാസ്സുകളിൽ ഇരിക്കുമ്പോൾ ഗെയിം കളിക്കുക, സൈലന്റ് മോഡിൽ ഇട്ടിട്ട് ക്ലാസ്സിലെ തന്നെ കൂട്ടുകാർക്ക് മെസ്സേജുകൾ അയച്ചു രസിക്കുക ഇതൊക്കെയായിരുന്നത്രേ കലാപരിപാടികൾ. അതൊക്കെ പൊടുന്നനേ നിലച്ചപ്പോൾ ഉള്ള ഒരു മാനസീക പ്രയാസം. പേടിക്കണ്ട, ഞാനവൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. കിരൺ ബ്ലാക്ക്ബെറി കൊണ്ട് വരുന്ന കാര്യം കീർത്തിപറഞ്ഞു. അത് കാര്യങ്ങൾ ഒന്നുകൂടി എളുപ്പമാക്കിത്തീർത്തു എനിക്ക്. നഷ്ടപ്പെട്ടതിനെ ഓർത്ത് വിഷമിക്കണ്ട, കൂട്ടുകാരുടെ മുന്നിൽ പുതിയ ബ്ലാക്ക്ബെറി കാണിച്ച് ഗമയടിക്കാനൊരവസരമല്ലേ കൈവന്നിരിക്കുന്നത്, പഴയത് കളഞ്ഞില്ലായിരുന്നെങ്കിൽ അതു നടക്കുമായിരുന്നോ, എന്നൊക്കെ ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം തിരികെ വന്നു. നമ്മൾ എത്ര തന്നെ ശ്രദ്ധിച്ചാലും ചിലപ്പോൾ നഷ്ടങ്ങൾ വന്നുപോയെന്നിരിക്കും. നഷ്ടങ്ങൾ വലുതോ ചെറുതോ ആവട്ടേ, നമുക്കത് ദു:ഖമുണ്ടാക്കും തീർച്ച. പക്ഷേ ആ ദു:ഖത്തിനങ്ങ് അടിമപ്പെട്ടുപോകരുത്. എത്ര വലിയ നഷ്ടങ്ങളായാലും അതിലൊക്കെ ഒരു പോസിറ്റീവ് ആസ്പെക്റ്റ് കണ്ടുപിടിക്കാൻ നമ്മൾ ശീലിക്കണം. നമ്മുടെ കുട്ടികളെ അതിനു പരിശീലിപ്പിക്കണം. ‘

‘മൊബൈൽ കൊണ്ടു കളഞ്ഞപ്പോൾ ഞാനവളെ കുറേ വഴക്കു പറഞ്ഞിരുന്നു. പക്ഷേ അതു കളഞ്ഞതിനെ പ്രതി അവളിങ്ങനെയൊക്കെ വിഷമിക്കുന്നുണ്ടെന്ന് എന്തെങ്കിലും ഒരു വാക്ക് മിണ്ടണ്ടേ? ’ മീര പറഞ്ഞു.

‘അതെങ്ങനെ അവൾ പറയും? അവൾ തന്നറിയാതെ പ്രകടിപ്പിച്ചു പോകുന്നതല്ലേ ഈ മാറ്റങ്ങൾ? അതേ കുറിച്ച് അവൾ ബോധവതിയല്ലല്ലോ. സാരമില്ല, അവളിനി നോർമ്മലായിക്കൊള്ളും. അല്ല നോർമ്മലായി കഴിഞ്ഞു. അടുത്ത സെക്കന്റ് സാറ്റർഡേക്കിനി രണ്ടാഴ്ചയേ ഉള്ളൂ‍. അന്ന് ഞങ്ങൾ വരും. ’ ഭവാനി വീണ്ടും ചിരിച്ചു.

പ്രകാശിന്റേയും മീരയുടേയും മനസ്സ് തണുത്തു. ആധുനിക ഉപകരണങ്ങൾ വരുത്തി വയ്ക്കുന്ന ഓരോരോ വിനകളേ ! തങ്ങളുടെ കാലത്ത് ഇതുവല്ലതുമുണ്ടായിരുന്നോ?

യാത്ര പറഞ്ഞിറങ്ങാൻ നേരം ഭവാനി മീരയുടെ ചെവിയിൽ പറഞ്ഞു.

‘ അതേയ്, അടുത്ത ജൂണിൽ എന്റെ മോൻ വരുന്നുണ്ട്. അന്ന് ഞാൻ കീർത്തിയെ എന്റെ വീട്ടിലേക്കങ്ങ് കൊണ്ടുപോകും. തടസ്സമൊന്നും പറഞ്ഞേക്കല്ല്‌ രണ്ടുപേരും’

മീരയെ നോക്കി കണ്ണിറുക്കി കാട്ടി ഭവാനി കാറിൽ കയറി.

സന്തോഷത്തിന്റെ ഒരു നറുനുര ഉള്ളിൽ പതഞ്ഞുയരുന്നത് മീര അറിഞ്ഞു. 24 വയസ്സ് എന്ന വ്യവസ്ഥയിൽ കടിച്ചുതൂങ്ങി കിടക്കില്ല അച്ഛനും മോളും ഈ കേസിൽ എന്ന് മീരയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു.
-------------------------------------------------------------------------

കെ.സി.ഗീത.

Thursday, December 8, 2011

ഡാം പ്രോബ്ലം സോൾവ്ഡ്.......

വെള്ളൈച്ചാമി വീട്ടിനകത്ത് നിന്ന് പുറത്തേയ്ക്കിറങ്ങി റോഡിലേക്ക് നോക്കി നിന്നു. നേരം സന്ധ്യ കഴിഞ്ഞ് ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു. വെള്ളൈച്ചാമിയുടെ ഭാര്യ സത്യവതി ഇതുവരെ മടങ്ങി വന്നിട്ടില്ല. ഇറുത്തെടുത്ത മുല്ലപ്പൂക്കൾ അതേപടിയിരിക്കുന്നു. ചാമിക്ക് മാലകെട്ടാനറിയില്ല. അതിന് ഭാര്യതന്നെ വേണം. ‘പൊണ്ണ്’ ഉണ്ടായിരുന്നപ്പം അവളത് ചെയ്യുമായിരുന്നു. അവളെ കെട്ടിച്ചു വിട്ടശേഷം ആ ജോലി സത്യക്കാണ്.

ചാമിക്ക്, ഇരുട്ടിയിട്ടും ഭാര്യ തിരിച്ചെത്തിയില്ലല്ലോ എന്നതിനേക്കാൾ കൂടുതൽ വേവലാതി തൃസന്ധ്യനേരത്ത് തന്നെ പടങ്ങളിൽ മാല ചാർത്തി വിളക്ക് വയ്ക്കാൻ പറ്റിയില്ലല്ലോ എന്നതായിരുന്നു . മെഴുകുതിരി തീർന്നു പോയിരുന്നു. അതുവാങ്ങാനാണ് സത്യ പോയിരിക്കുന്നത്. തൃസന്ധ്യ നേരത്ത് മുല്ലമാലകൾ ചാർത്തി പെന്നി സായിപ്പിന്റെ പടത്തിനു മുമ്പിൽ മെഴുകുതിരിയും മുരുകന്റെ മുമ്പിൽ ചെറിയ നിലവിളക്കും കത്തിക്കും. അങ്ങനെ വിളക്ക് വച്ച ശേഷമേ വീട്ടിലെ വൈദ്യുതദീപങ്ങൾ പോലും തെളിക്കൂ. വെള്ളൈച്ചാമിക്ക് ഓർമ്മവച്ച കാലം മുതലേയുള്ള ആചാരം. അപ്പനും അമ്മയും ഉള്ളകാലത്തും അവർ മരിച്ച ശേഷവും ആ ആചാരത്തിന് ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. ഇന്നിപ്പോ ഇത്രയും താമസിച്ചു പോയല്ലോ. വീട്ടിനകത്തും പുറത്തും ഇരുട്ട് നല്ലവണ്ണം കനത്തിരിക്കുന്നു. വിളക്ക് കൊളുത്താത്തതിനാൽ വീട്ടിനകത്ത് ചാമി ലൈറ്റിട്ടില്ല.

വെള്ളൈച്ചാമിയുടെ മനസ്സ് വല്ലാതെ വേവലാതി പൂണ്ടു. പെന്നി ആണ്ടവനും പളനി ആണ്ടവനും കോപിക്കുകയേ ഉള്ളൂ. ഇവളിതെവിടെ പോയി കിടക്കുന്നു. ഇനി വന്ന് മാലകെട്ടിയിട്ടൊക്കെ എപ്പോ വിളക്ക് കൊളുത്തും ആണ്ടവാ...

ഇത്തിരി അകലത്തായുള്ള തെരുവു വിളക്കിൽ നിന്ന് നേരിയ വെളിച്ചം വീണു കിടക്കുന്ന മുറ്റത്തുകൂടി ചാമി വെരുകിനെ പോലെ നടക്കാൻ തുടങ്ങി. ഇടയ്ക്കിടെ റോഡ് വക്കിലേക്കും പോയി നോക്കും.
സത്യക്ക് ഇരുട്ട് പേടിയാണ്. എവിടെ പോയാലും ഇരുട്ട് വീഴും മുമ്പ് അവളിങ്ങെത്തും. പിന്നെ ഇന്നെന്തേ പറ്റിയത്?

ചാമി പെന്നി ആണ്ടവനേയും പളനി ആണ്ടവനേയും മനസ്സുരുകി വിളിച്ചു. ഭാര്യ എത്രയും പെട്ടെന്ന് സുരക്ഷിതയായി ഇങ്ങെത്തണേ എന്നതിനേക്കാൾ വിളക്ക് വയ്ക്കാൻ വൈകുന്നതിൽ ആണ്ടവന്മാർ കോപിക്കരുതേ എന്നായിരുന്നു പ്രാർത്ഥന. അയാൾ സ്വയവും പഴിച്ചു. മുഴുവനും തീരുവോളം കാത്തിരിക്കാതെ നേരത്തേ തന്നെ മെഴുകുതിരിയും നൂൽത്തിരിയുമൊക്കെ ഉണ്ടോന്നു നോക്കി താൻ തന്നെ അതൊക്കെ വാങ്ങിച്ചു വയ്ക്കേണ്ടതായിരുന്നു. നൂൽത്തിരി ഇരിപ്പുണ്ട്. പക്ഷേ ഒരാളിനു മാത്രം വിളക്കു വയ്ക്കുന്നതെങ്ങനെ? അല്ലെങ്കിൽ തന്നെ പെന്നി സായിപ്പിനു മെഴുകുതിരി വച്ചിട്ടേ മുരുകന് വിളക്കു വയ്ക്കാറുള്ളൂ.

പിന്നേയും ഒരു പത്തിരുപത് മിനിറ്റു കൂടിക്കഴിഞ്ഞാണ് സത്യ വിയർത്തൊലിച്ച് ഓടിക്കിതച്ചു വന്നത്. ഭാര്യയെ കണ്ടത് ആശ്വാസമായെങ്കിലും ചാമി അവളോട് ചാടിക്കയറി.

“എന്നടി സത്തിയാ പോയി വരുവതുക്ക് ഇത്തന വിളംബം? സായംകാലം കഴിഞ്ച് എത്തന നേരമാച്ച്. മാല കെട്ടി ഇനി എപ്പോ തിരി കൊളുത്ത്‌റ്വേ ”

“എന്നാ ശൊല്ലാനെന്റെ അത്താനേ. മെയിൻ റോട്ടീ മുഴുവനും പ്രമാദമാ ബഹളം. അവിടെ വണ്ടീം കാറും എല്ലാമേ തടഞ്ച് പോട്ടിറ്ക്ക്. പെരിയ ജാഥ പോകിറ്ത്”

“അതുക്ക് എന്ന വിഷയം?”

“അന്ത ഒരു ഡാമ്‌ പ്രച്ചനം എന്ന് കേട്ടിരുക്കാ? അന്ത ഡാമിലെ നീര് താനേ ഇന്ത ഊരില് നമ്മ കൃഷിക്ക് ഉപയോഗപ്പെടുത്തിറ്ത്. അന്ത ഡാം അങ്ങ് മലയ്ക്കപ്പറമേ ഇറുക്ക്. ഇപ്പോ അന്ത ഊര്കാര് സൊല്ല്‌റാങ്കെ അന്ത തണ്ണി ഇന്ത ഊരിലേക്ക് തരമാട്ടാങ്ക്‌‌ളാ. അന്ത പ്രച്ചനത്തില് അന്ത ഊരുകാരും ഇന്ത ഊരുകാരും തമ്മില് അടിതടി. അന്ത ഊര്കാര്ടെ വണ്ടി തടഞ്ച് കല്ല് എറിഞ്ഞാങ്കേ. ഒരു ആട്ടോ കൂടെ കടത്തി വിടമാട്ടാങ്കേ. ആനാലേ എനക്ക് ഇവളവ് ദൂരവും നടക്കേണ്ട വന്തത്. ഇരുട്ടായിരുന്തനാൻ എന്നാ ബയമായിരുന്നു ആണ്ടവാ...”

“നീ പേസി നിക്കാമേ പോയി മാല കെട്ട്. അയ്യോ, എവളവ് സമയമായിടിച്ച്... ”

സത്യവതി മേശവിളക്കിന്റെ വെളിച്ചത്തിൽ മുല്ലപ്പൂമാല ചടുപിടുന്നനേ കെട്ടി. വെള്ളൈച്ചാമി അവൾ കൊണ്ടുവന്ന പായ്ക്കറ്റ് പൊട്ടിച്ച് മൂന്നു ചെറിയ മെഴുകുതിരികൾ സ്റ്റാൻഡിൽ ഉറപ്പിച്ച് തീപ്പെട്ടി കയ്യിലെടുത്തപ്പോഴേക്കും മാലകൾ റെഡി. വൈകിയതിന് ഒരുപാട്‌ ക്ഷമാപണം പറഞ്ഞുകൊണ്ട് ചാമിതന്നെ അവ പടങ്ങളിൽ ചാർത്തി, വിളക്കു കൊളുത്തി മനമുരുകി പ്രാർത്ഥിച്ചു. ആണ്ടവന്മാരുടെ പടങ്ങളിലേക്കങ്ങനെ ഉറ്റുനോക്കി പ്രാർത്ഥിക്കുന്നതിനിടയിൽ, പെന്നി ആണ്ടവൻ ഒരിക്കലുമില്ലാത്ത തരത്തിൽ ഇന്നു തന്നെ ഇത്തിരി സൂക്ഷിച്ചു നോക്കുന്നുണ്ടോ എന്നൊരു തോന്നൽ ചാമിക്ക്.

സത്യ പ്രാർത്ഥിച്ചു കഴിഞ്ഞ് മുറിയിലെ ട്യൂബ് ലൈറ്റ് തെളിയിച്ച് അടുക്കളയിലേക്ക് പോയ ശേഷവും ചാമി ഏറെ നേരം തൊഴു കൈകളുമായി പ്രാർത്ഥിച്ചു നിന്നു. പ്രത്യേകിച്ചും തന്നെ ഇന്ന് പതിവില്ലാത്ത വിധം ഉറ്റു നോക്കുന്നു എന്നു തോന്നിച്ച പെന്നി ആണ്ടവനോട്.

സത്യ, അടുപ്പത്തിട്ട അരി തിളക്കാൻ തുടങ്ങിയിട്ടും പ്രാർത്ഥിച്ചു തീരാത്ത ഭർത്താവിനെ കണ്ട് ചുണ്ടിലൊരു ചിരിയുമായി നിന്നതേയുള്ളൂ. ചാമിയുടെ ഉറച്ച ഭക്തിയെ കുറിച്ച് അവൾക്ക് നന്നായറിയാം.

ഒടുവിൽ ആരതി ഉഴിഞ്ഞ് പ്രാർത്ഥന അവസാനിപ്പിച്ച് ചാമി ഉമ്മറത്തേക്ക് ചെന്നപ്പോൾ അവളും കൂടെ ചെന്നു. അയാളുടെ അടുത്തിരുന്നു.

“എന്ന പ്രച്ച്നമെന്നെടീ നീ സൊന്നത്? നമ്മ വയല്ക്ക് തണ്ണി തരമാട്ടാങ്കളാ? ഇല്ലാട്ടിയും ഉന്നോടെ ഊര് ആള്ങ്കെ ഇപ്പിടി താൻ. സോം‌പേരിയും അവ അവ അവനോടെ വേല മട്ടും പാത്ത് നടക്ക്‌റ ആള്ങ്കെ. ” ( കുഴിമടിയന്മാരും സ്വാർത്ഥന്മാരും)

“എന്നോടെ ഊര് ആള്ങ്കളെ അവളവ് മോസമാക്കവേണ. സരിയായ പ്രച്നെ എന്നാണ് തെരിയിലെ. അന്ത ജാഥക്കാര് സൊന്നത് താൻ നാൻ സൊന്നത്. ”

“ഇങ്കേന്തുള്ള കൃഷിയിലേന്ത് കെടക്ക്‌റ്‌ത് താനേ അവങ്കെ സാപ്പിട്ട്‌‌റാങ്കേ. ആനാലും തണ്ണി തരമാട്ടാങ്ക്‌‌ളാ? എന്നാച്ച് കടവുളേ ”

തമിഴ് എഴുതാനും വായിക്കാനും അറിയാം വെള്ളൈച്ചാമിക്ക്. കൂട്ടത്തിൽ ഒരു പൊടിക്ക് ഇംഗ്ലീഷും കേട്ടാൽ മനസ്സിലാവും. സത്യവതി മലയ്ക്കപ്പുറമുള്ളവളായിരുന്നു. പത്തുമുപ്പതു വർഷം മുമ്പ് വെള്ളൈച്ചാമി അവളെ കല്യാണം ചെയ്ത് മലയ്ക്കിപ്പുറം കൊണ്ടു വന്നതാണ്. അവൾക്ക് മലയാളവും തമിഴും എഴുതാനും വായിക്കാനും അറിയാം. ഇംഗ്ലീഷ് തീരെ പിടിയില്ല. എഴുത്തും വായനയും അറിയാമെങ്കിലും വീട്ടിൽ ഒരു പത്രം വരുത്തുന്ന പതിവില്ല. പഴയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടി.വി.യുണ്ട്. അതിൽ വരുന്ന സിനിമ മാത്രം സത്യ കാണും. ചാമിക്ക് റേഡിയോയിൽ നിന്നുള്ള കാലാവസ്ഥാപ്രവചനവും കൃഷിസംബന്ധമായ പരിപാടികളും കേട്ടാൽ മതി. അതിൽ കൂടുതൽ കാര്യങ്ങളെ കുറിച്ചൊന്നും അറിയണമെന്ന് തെല്ലും നിർബന്ധമില്ല ഇരുവർക്കും. ഇപ്പോൾ ഈ ഡാം പ്രശ്നം എന്നൊക്കെ അവിടത്തുകാരിൽ ചിലർ പറഞ്ഞു കേട്ടുള്ള അറിവു മാത്രമേ അവർക്കുള്ളൂ.

കൃഷിക്കുള്ള വെള്ളം തരുകില്ലെന്ന് പറയുന്നത് കേട്ടിട്ടും വെള്ളൈച്ചാമിക്ക് വേവലാതിയൊന്നും ഇല്ലായിരുന്നു. എല്ലാത്തിനും ‘അമ്മ’ ഒരു പരിഹാരം കാണുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു.

ചാമിയും സത്യയും അത്താഴം കഴിച്ച്, ഒരിക്കൽ കൂടി ആണ്ടവന്മാരോട് പ്രാർത്ഥിച്ച്, വിളക്ക് കത്തിക്കാൻ വൈകിപ്പോയതിൽ ഒരിക്കൽ കൂടി ക്ഷമചോദിച്ച് ഉറങ്ങാൻ കിടന്നു.

*** *** ***

മുഖത്ത് നേരിയൊരു ചൂടടിച്ചതു പോലെ തോന്നിയാണ് ചാമി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നത്.

നോക്കിയപ്പോൾ കത്തിച്ച മെഴുകുതിരിയും പിടിച്ചു കൊണ്ടൊരാൾ തന്റെ കിടക്കയ്ക്കരികിൽ നിൽക്കുന്നു!

“യാരത്? കടവുളേ ! ഇത് പെന്നി ആണ്ടവൻ താനേ !”

“മിസ്റ്റർ വെള്ളൈച്ചാമി, എയ്ന്തിര്. എനക്ക് ഒരു വിഷയം ചൊല്ലണം.”

“എന്ന വിഷയം ആണ്ടവാ?”

വെള്ളൈച്ചാമി ചാടി എണീറ്റ് തൊഴുകയ്യുമായി നിന്നു.

“അത് അന്ത ഡാമെ പറ്റി”

“സൊല്ലിടുങ്കോ കടവുളേ”

“അന്ത ഊരു്കാര് നമ്മ്ക്ക് തണ്ണി തരമാട്ടേന്നു സൊല്ലില്ലേ. ഡാം പഴസ്സാനാല് ഒടയപ്പോക്‌ത്‌ന്ന് അന്ത ഊരുകാര്ക്ക് റൊമ്പ ബയമായിറ്‌ക്ക്. അതിനാലേ പുതുസ്സാ പണ്ണണം. ഇപ്പോ ഒള്ള ഡാം അവ്വളവ് സ്ട്രോങ്ങ് ഇല്ലൈ. 50 വർഷം കാലാവധിക്ക് താൻ അത് പണി സെഞ്ചത്. ഇപ്പോ അത് പണി സെഞ്ച് 115 വർഷം ആച്ച്. അതിനാല് പഴസ്സെ ഒടച്ചിട്ട് പുതുസ്സാ ഒണ്ണ് പണി സെയ്യലാം. അത് താനേ ഒടഞ്ച് പോച്ചാച്ച്ന്നാ നമ്മ ഊര്‌ലും തണ്ണി കെടയ്ക്കാമേ. നമ്മ 5 ഡിസ്ട്രിക്ടും നാസമായി പോയിടും. അന്ത ഊരില് ലച്ചം ലച്ചം ആള്ങ്കെ എറന്ത് പോവാങ്കേ. ”

“കടവുളേ ! ഡാം ഒടഞ്ച് പോമാ?”

“ബയപ്പെട വേണ്ട. നീങ്ക ഒരു വേല പണ്ണണം. നെറയെ പേർ ഇങ്കെ എന്നെ കടവുൾ മാതിരി കരുതിറാങ്കേ. അവരെ സേർത്ത് നീ ഉങ്കളോടെ തലൈവരെ പോയി പാക്കണം. അവാരോടെ ഇന്ത വിഷയം സൊല്ലി പുരിയവയ്ക്കണം. ”

“സരി സരി ആണ്ടവാ, അപ്പടി പണ്ണലാം. കാലം‌പെറയെ പണ്ണലാം.”

“സരി. അമ്മാവേ പാക്കാൻ നാനും വന്തിടേൻ. ”

പെന്നി ആണ്ടവൻ പോയി.

ചാമി സത്യയെ വിളിച്ചുണർത്തി.

“സത്തിയാ എയ്ന്തിര്. ഇപ്പോ ഇങ്കേ പെന്നി ആണ്ടവൻ വന്തിരുന്താൻ. നീ സൊന്ന മാതിരിയൊന്നും അല്ല വിഷയം. അന്ത ഡാമ്‌ - എപ്പ വേണാലും ഒടഞ്ച് പോക്‌റാം എന്ന് ആണ്ടവൻ പേസ്‌റാങ്കെ. അന്ത ഊര്കാരെ കുറ്റം സൊല്ലി പ്രയോചനമില്ലൈ.”

നല്ല ഉറക്കത്തിലായിരുന്ന സത്യക്ക് ഭർത്താവ് പറഞ്ഞതൊന്നും മനസ്സിലായില്ല. ഉറക്കം തടസ്സപ്പെടുത്തിയതിൽ അല്പം നീരസപ്പെട്ട് അവൾ പറഞ്ഞു.

“കാലേലേ സൊല്ലുങ്കോ. ഇപ്പം തൂങ്ക്.”

അതു ശരിയാണെന്ന് ചാമിക്കും തോന്നി. നേരം പുലർന്നാലല്ലെ ആളെ കൂട്ടി അമ്മാവെ കാണാൻ പോകാൻ പറ്റൂ.

*** *** ***

മറ്റ് ദൈവങ്ങളുടെ പടങ്ങളുടെ കൂട്ടത്തിൽ പെന്നി സായിപ്പിന്റെയും ഫോട്ടോ വച്ച് ഭക്ത്യാദരപൂർവ്വം പൂജിക്കുന്നവരും അല്ലാത്തവരുമായ അനേകം പേർ വെള്ളൈച്ചാമിയുടെ വീടിനു മുൻപിൽ തടിച്ചുകൂടി. പെന്നി ആണ്ടവൻ വന്ന് ചാമിയോട് പറഞ്ഞ കാര്യങ്ങളൊക്കെ അവർക്കും ബോധിച്ചു. അമ്മാവെ കാര്യം പറഞ്ഞ് മനസ്സിലാക്കാൻ എല്ലാവരും ഉത്സാഹിച്ചു.

അമ്മാവെ നേരിൽ കാണാൻ ഒത്തിരി ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും ആരും പിന്തിരിഞ്ഞില്ല. അവസാനം അനുമതി കിട്ടി കാണാൻ സാധിച്ചപ്പോൾ രാത്രി ഏറെ വൈകിയിരുന്നു. എങ്കിലും ആർക്കും ഒരുത്സാഹക്കുറവും ഉണ്ടായിരുന്നില്ല.

വെള്ളൈച്ചാമിയുടെ നേതൃത്വത്തിൽ എല്ലാവരും അകത്തു കടന്നു.

“തായേ വണക്കം. തലൈവരേ വണക്കം”

എല്ലാവരും ഏക സ്വരത്തിൽ പറഞ്ഞു.

“ഉങ്കള്ക്കും വണക്കം. ഉക്കാരുങ്കോ, ഉക്കാരുങ്കോ.”

ഭംഗിയുള്ള കസേരയിൽ ഇരുന്നു കഴിഞ്ഞ് നോക്കിയപ്പോഴല്ലേ വെള്ളൈച്ചാമി അതിശയിച്ചു പോയത്. തന്റെ തൊട്ടടുത്ത കസേരയിൽ ഇരിക്കുന്നത് പെന്നി ആണ്ടവര് ! അമ്മാവെ കാണാൻ കൂടെ വരാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തങ്ങളുടെ കൂട്ടത്തിൽ കണ്ടിരുന്നില്ല. ഇപ്പോഴിതാ തന്റെ തൊട്ടടുത്തിരിക്കുന്നു !

വെള്ളൈച്ചാമി എഴുന്നേറ്റു കൈ കൂപ്പി. അത്ഭുതം കൂറി പറഞ്ഞു

“ആണ്ടവരേ ഇങ്കെ എപ്പോ വന്തേ?”

“ഒങ്കളോട് സേത്ത് നാനും വന്തേൻ. മിസ്റ്റർ ചാമി ഉക്കാര്.”

വെള്ളൈച്ചാമി പെന്നി ആണ്ടവനെ അമ്മാവുക്ക് പരിചയപ്പെടുത്തി

“തലൈവരേ, ഇത് താനേ പെന്നി ആണ്ടവൻ. അന്ത ഡാമ്‌‌ പണി സെഞ്ച പെരിയ എഞ്ചിനീയര്. ”

“വണക്കം മിസ്റ്റർ പെന്നി”

“വണക്കം മാഡം”

വെള്ളൈച്ചാമി തുടർന്നു

“തലൈവരേ, അന്ത ഡാമ്‌‌ പ്രച്‌നം സൊല്ലറ്‌ത്‌ക്ക് താനേ ആണ്ടവൻ വന്താച്ച് ”

"What is it Mr.Penny?"

"Yes Madam, I would like to talk to you about the dam. What they say is true. We constructed it with a life expectancy of 50 years. Now it has exceeded double that period. There is no doubt that the construction is deteriorating. So, to be on the safe side it is better to demolish the old dam and construct a new one. If by any chance it bursts, lakhs of people there will lose their lives. Of course, that need not be a concern of yours, some unknowns vanishing from the face of earth just like that; but you should consider this - your people too will be affected. And their sufferings will be on a much larger scale and a prolonged one too. I think you got me, Madam. Acres and acres of now fertile land will go dry and barren. Think of the impact . "

"But we strengthened the dam only recently..."

"Madam I'll explain. Every construction has its life time. If you try to sustain them for long periods even after that time of expiry, it may lead to disasters. Whatever amount of strengthening and all that may not save it beyond a limit. Do you expect it to last till the doom's day? "

“Err... it is not that.... ”

"Madam, I'm of the opinion that, even small constructions past its life time are to be urgently demolished, however strong they may appear or prove to be. Safety of life should be the prime concern. And we humans can never predict with such accuracy the time or the catastrophic strength of furies and forces of Nature - whatever sophisticated instruments we use. See my point, Madam?"

"If we allow them to construct a new dam, then it will be under their control..."

"Let it be so. We need only water, which they are ready to give. Then what is the problem?"

"But I don't think that they will give it at the same rate as we pay now"

"Madam, we should be fair and just in our dealings. Expecting to get those services at the same old rate is sheer injustice. You see, the value of money, the life conditions, the salary you pay to people - every thing has changed drastically. Then how can you expect them to stick on to the old rates? What you pay now is just a pittance, you know that too well, no?"

"But it is according to the contract.."

"Yes yes, according to the contract you made with them ages ago! Usually contracts are renewable introducing new terms and conditions. But they haven't done it yet... "

"Eh... err... but Mr. Penny, one thing is for sure, I'm not going to let them get away with this that easy - that is, if they are going to burden us with exorbitant charges"

" Madam, whatever you intend to do? "

"I'll disclose the names of their people who were benefited... That will make them hang their heads in shame"

"On the contrary ! That will put you, and only you, in trouble. They were benefited, ok; but who offered it? Yourself ! And for what? To conceal the truth and to keep silence over it, isn't that so? You will be marked as the culprit ! Also, it will prove that they are right and their cry for a new dam is no scam"

"Oh, you are impossible Mr. Penny ! You make me sick ! "

"Oh, sorry for that. What is your final decision then? Give consent to their rightful need?"

"I don't know..."

"That means you do know. Congrats Madam. I'm so glad... finally you agreed to open your eyes..."

പെന്നി ആണ്ടവൻ എഴുന്നേറ്റ് അമ്മാവുക്ക് ഹസ്തദാനം നൽകി. വെള്ളൈച്ചാമിക്കും കൂട്ടർക്കും ആണ്ടവരും തലൈവരും തമ്മിൽ നടന്ന സംഭാഷണം മുഴുവനുമങ്ങോട്ട് മനസ്സിലായില്ലെങ്കിലും കാര്യങ്ങൾ ഏതാണ്ടൊക്കെ പിടി കിട്ടി. ഇതുവരെ കടും പിടിത്തം പിടിച്ചു കൊണ്ടിരുന്ന കാര്യത്തിൽ അമ്മ അയഞ്ഞിരിക്കുന്നു. എല്ലാവരും സന്തോഷത്തോടെ എഴുന്നേറ്റ് അമ്മയെ കുമ്പിട്ടു.

“ ഇനി ഊരുക്ക് തിരുമ്പി പോറലയാ?” വെള്ളൈച്ചാമി ആണ്ടവരോടായി ചോദിച്ചു.

“ആമാ ആമാ, സന്തോഷമാ പോയിര്ന്ത്‌ട്”

സമയം പുലർച്ചെ രണ്ടുമണിയോടടുക്കാറായിരുന്നു. എല്ലാവരും അമ്മയുടെ മുറിയിൽ നിന്ന് പുറത്തേയ്ക്കിറങ്ങാൻ തുടങ്ങുകയായിരുന്നു.

"Eh.... Mr. Penny?"

വീണ്ടും അമ്മ ആണ്ടവരെ വിളിച്ചു.

"Yes Madam?"

“May I ask you a favour?”

"My pleasure Madam"

"Can you go to them as a mediator and speak for us - that is, eh... can you ask them to stick on to the old rates? "

"I don't think so Madam. The people there are much more enlightened and educated. I don't think they will accept me - an ancient soul, who should be sleeping in his grave peacefully - as a mediator. They are not going to accept my existence in the present world. I lived in the past, you know? In that case, sorry Madam. I can't be your middleman. Good bye.“

പെന്നി ആണ്ടവൻ ആ സൊന്നത് കേട്ട് അമ്മാവുടെ മുഖത്തെ ചിരി അല്പം മങ്ങിയോ എന്ന് വെള്ളൈച്ചാമിക്ക് തോന്നാതിരുന്നില്ല. ആണ്ടവൻ പറഞ്ഞതിന്റെ പൊരുളൊന്നും കൃത്യമായി ചാമിക്ക് മനസ്സിലായിരുന്നില്ല.

തന്നെ കാത്തു നില്ക്കുന്നവരോടായി പെന്നി ആണ്ടവൻ പറഞ്ഞു,

“എല്ലാരും വാങ്കോ. ഊര്ക്ക് പോകലാം."

അമ്മാവെ ഒന്നു കൂടി താണു തൊഴുതിട്ട് വെള്ളൈച്ചാമിയും കൂട്ടരും അവിടെ നിന്നിറങ്ങി. ഇറങ്ങിയപ്പോൾ അമ്മാവുടെ മുഖം അത്ര പ്രസന്നമല്ലെന്ന് തോന്നിയ കാര്യം ചാമി ആണ്ടവരോട് പറഞ്ഞു. പക്ഷേ കുഴപ്പമില്ല, വന്ന കാര്യം സാധിച്ചു എന്നു പറഞ്ഞ് പെന്നി ആണ്ടവർ ചാമിയെ സമാധാനിപ്പിച്ചു.

വന്നവരെയെല്ലാം യാത്രയാക്കിയിട്ട് താൻ ആ വഴിക്കല്ല എന്നു പറഞ്ഞ് പെന്നി ആണ്ടവൻ ബസ് സ്റ്റാൻ‌ഡിലെ ഇരുളിലേയ്ക്ക് മറഞ്ഞു.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------------------------------------------------------------------
കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്പികം.

K.C.Geetha.