Tuesday, November 15, 2011

കൃഷ്ണനും രാധയും കണ്ടു...

ന്ന് തീയേറ്ററിൽ പോയി കൃഷ്ണനും രാധയും കണ്ടു. ഞാനും ഹസ്ബന്റും കൂടിയാണ് പോയത്. ഈ സിനിമയ്ക്കും സന്തോഷ് പണ്ഡിറ്റിനും ഉള്ള നെഗറ്റീവ് പബ്ലിസിറ്റിയെ കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നെങ്കിലും ഇതു കാണണമെന്ന് പറഞ്ഞപ്പോൾ വലിയ എതിർപ്പൊന്നും ഉന്നയിച്ചില്ല അദ്ദേഹം. അങ്ങനെ ഇന്ന് ഞങ്ങൾ മാറ്റിനിക്ക് പോയി.

പ്രവൃത്തിദിനമായതിനാൽ ആവും തീയേറ്ററിൽ വലിയ തിരക്കൊന്നും ഇല്ല. കഴിഞ്ഞയാഴ്ച മുഴുവൻ വൈറൽ ഫീവർ പിടിച്ച് ആശുപത്രിയിൽ കിടന്നതിന്റെ ബാക്കിപത്രമായി ഇന്ന് രാവിലെ റിവ്യൂ ചെക്കപ്പിന് പോകേണ്ടിവന്നിരുന്നു. ചെക്കപ്പ് ഉച്ചയോടെ കഴിഞ്ഞു. അതിനു ശേഷം ഫ്രീ. അപ്പോൾ കൃഷ്ണനേയും രാധയേയും പോയി കാണാമെന്നു തോന്നി.

തീയേറ്ററിൽ എത്തി ടിക്കറ്റ് കൌണ്ടറിനടുത്ത് എന്നെ ഇറക്കിയിട്ട് ഹസ്ബന്റ് വാഹനം പാർക്ക് ചെയ്യാൻ പോയി. പാർക്കിങ്ങ് ടിക്കറ്റ് തരുന്ന അപ്പൂപ്പൻ എന്റെ അടുത്ത് വന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു, ‘ഏതു സിനിമയ്ക്കാ?’
ഡബിൾ തീയേറ്ററാണ്. ഒന്നിൽ കൃഷ്ണനും രാധയും, മറ്റേതിൽ കേട്ടിട്ടില്ലാത്ത ഒരു തമിഴ് സിനിമ.
‘കൃഷ്ണനും രാധയും’
ഞാൻ പറഞ്ഞു. ആ അപ്പൂപ്പന്റെ ചുണ്ടിലെ ചിരി മായുന്നില്ല.
പിന്നെ ടിക്കറ്റ് എടുത്ത് അകത്തു കയറാൻ പോയപ്പോൾ വാതിലിൽ നിൽക്കുന്ന ടിക്കറ്റ് കളക്ടറും ചോദിക്കുന്നു അതേ ചോദ്യം,
‘ഏതു സിനിമയ്ക്കാ?’
‘കൃഷ്ണനും രാധയും’ - ഇതൊരു അനാവശ്യചോദ്യമല്ലേന്ന് മനസ്സിലോർത്തുകൊണ്ടാണ് ഉത്തരം പറഞ്ഞത്.
ടിക്കറ്റ് കളക്ടർ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറ്റി വിട്ടു.

തീയേറ്ററിനകത്ത് അവിടേയുമിവിടേയുമായി കഷ്ടിച്ച് ഒരു പത്തുപേർ കാണും. ഞാൻ മാത്രമായിരുന്നു ഏക സ്ത്രീ ജനം. ഒരഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ മറ്റൊരു കപ്പിൾ കയറി വന്നു. സിനിമ തുടങ്ങിയ ശേഷം ചുരിദാറിട്ട ഒരു പെൺ‌കുട്ടി കൂടി കയറി വരുന്നത് കണ്ടു.

സിനിമ തുടങ്ങിയപ്പോൾ താഴെ നിന്ന് ആർപ്പുവിളി കേട്ടു. പത്തിരുപത് പയ്യന്മാർ കയറിയിട്ടുണ്ടായിരുന്നു. അവരാണ് കൂവിയാർക്കുന്നത്.

ഇനി സിനിമയെ കുറിച്ച് വെറുമൊരു സാധാരണ പ്രേക്ഷകയായ എനിക്ക് തോന്നിയത്:

ലോജിക്കില്ലായ്മ അവിടവിടെ മുഴച്ചു നിൽക്കുന്നുണ്ടെങ്കിലും കഥാതന്തു വലിയ മോശമില്ല എന്നു തന്നെ പറയാം, ഇപ്പോഴത്തെ പല സിനിമകളുടേതുമായി താരത‌മ്യപ്പെടുത്തി നോക്കുമ്പോൾ. പല സംഭാഷണശകലങ്ങളും നന്നായിട്ടുണ്ട് - എന്നുപറഞ്ഞാൽ എനിക്ക് ഇഷ്ടമായി. ഈ സിനിമയിലെ ഏറ്റവും ഭീമമായ ദോഷം ഇതിലെ മിക്ക അഭിനേതാക്കൾക്കും തന്മയത്വമായി അഭിനയിച്ചു ഫലിപ്പിക്കാൻ അറിയില്ല എന്നതാണ്. ചിലർക്ക് ഡയലോഗ് ഡെലിവറിയും തീരെ വഴങ്ങുന്നില്ല. രാത്രിയിൽ മരുന്ന് വാങ്ങാൻ പോകുന്ന ഭാര്യ കൊല്ലപ്പെടുന്നു എന്നറിയുന്ന ഭാഗം തൊട്ടാണ് തീരെ അരോചകമായി തോന്നിയത്. ആ ഷോക്കിങ് ന്യൂസ് കേട്ടിട്ട് ആരും ഞെട്ടിത്തെറിക്കുന്നില്ല, ആരുടെ മുഖത്തും ഒരു ഭാവഭേദവുമില്ല, ആ ന്യൂസ് വന്നു പറയുന്ന പൊലീസുകാരനും തഥൈവ. പിന്നെയുള്ള ഭാഗങ്ങളൊക്കെ കുറച്ചധികം ബോറായിപ്പോയി. ശ്മശാനവും സിമിത്തേരിയുമൊന്നും കിട്ടാതെ മൃതദേഹം പൊതുസ്ഥലത്ത് ദഹിപ്പിക്കാൻ പോകുന്നു എന്നു പറഞ്ഞ് കാണിക്കുന്ന സ്ഥലത്ത് തൊട്ടു പുറകിലായി കെട്ടിടങ്ങളും ആള് നടന്നുപോകുന്നതുമൊക്കെ കാണാനുണ്ട്. (പഴശ്ശിരാജയിലെ ഒരു സീനിൽ ദൂരെ പാന്റും ഷർട്ടുമിട്ടുകൊണ്ട് നിൽക്കുന്ന ഒരാളെ കാണാൻ പറ്റുന്ന കാര്യം മറക്കുന്നില്ല. പഴശ്ശിരാജ പോലെയുള്ള ചിത്രത്തിൽ ആ പിഴവ് വരാമെങ്കിൽ സന്തോഷ് പണ്ഡിറ്റിന്റെ കന്നിച്ചിത്രത്തിൽ വന്ന ഈ പിഴവ് ഒരു പിഴവേ അല്ല തന്നെ.)

നായികയുടെ മരണം വരെയുള്ള ഭാഗം ഒരുവിധം കണ്ടിരിക്കാം, പലരുടേയും അഭിനയം അരോചകമാണെങ്കിലും.

ഗാനങ്ങൾ പലേടത്തും തിരുകി കയറ്റാൻ വേണ്ടി സന്ദർഭങ്ങളുണ്ടാക്കിയതുപോലെ. ഉദാ: അംഗനവാടിയിലെ ടീച്ചറേ, സ്നേഹം സംഗീതം... ഇവ.
ഗോകുലനാഥനായ്... എന്ന ഗാനത്തിൽ വാടകവീട്ടിലെ രുഗ്മിണിയും ഭാര്യയായ രാധയ്ക്കൊപ്പം കൃഷ്ണനെ സ്നേഹിക്കുന്നതായി ഒരു ഇം‌പ്രഷൻ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിരിക്കുന്നു. എന്നാൽ കഥയുടെ ബാക്കി ഭാഗത്ത് രുഗ്മിണി കൃഷ്ണനെ സഹോദരനായിട്ടാണ് കാണുന്നതെന്ന് പറയുന്നുമുണ്ട്. കൃഷ്ണനും തിരിച്ച് അങ്ങനെതന്നെയാണ് താനും. പിന്നെന്തിനാ ഗാനരംഗത്തിൽ അങ്ങനെ?

പാട്ടുകൾ മിക്കവയുടേയും സംഗീതം കൊള്ളാം എന്നു തന്നെ പറയാം. ലിറിക്സും വലിയ മോശമില്ല പലതിലും. ചിത്രയും വിധു പ്രതാപും പാടിയ പാട്ടുകൾ വളരെ ഇഷ്ടമായി. പണ്ഡിറ്റിന് പാടാനറിയാം എങ്കിലും അദ്ദേഹത്തിന്റെ ശബ്ദം പാട്ടിന് പറ്റിയതല്ല എന്നു തോന്നുന്നു.

സ്റ്റണ്ട് സീനുകൾ തണുത്തുപോയി. ഡിഷും ഡിഷ്യും ശബ്ദമില്ലാഞ്ഞിട്ടാണോ? വടികൊണ്ട് ദേഹത്ത് മെല്ലെ തൊടുന്നതായി തന്നെ അനുഭവപ്പെടുന്നു.

ചീറ്റിപ്പോയ രംഗങ്ങൾ - നായികയുടെ അച്ഛന്റെ ആത്മഹത്യ, ആദ്യകാമുകിയുടെ പകരംവീട്ടുമെന്ന പ്രതിജ്ഞ (വില്ലത്തി ആ പെൺ‌കുട്ടിയാവുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ വില്ലനുമുണ്ടായിരുന്നതുകൊണ്ട് ചാൻസ് അയാൾക്കായി), ഭർത്താവ് മരിച്ച പെൺ‌കുട്ടി തുണയ്ക്കായി നായകനെ വിളിക്കുന്നത്, അതിന്റെ കൂടെയുള്ള പാട്ടുസീൻ - അങ്ങനെ കുറേ കുറേ.

ഒരുപാട് പോരായ്മകളുണ്ടെങ്കിലും സന്തോഷ് പണ്ഡിറ്റിനെയും കൃഷ്ണനും രാധയും എന്ന സിനിമയേയും അങ്ങനെയങ്ങ് തള്ളിക്കളയാനോ നിന്ദിക്കാനോ തോന്നുന്നില്ല. സന്തോഷ് പണ്ഡിറ്റ് സിനിമാലോകത്ത് പിച്ചവച്ച് നടക്കാൻ തുടങ്ങിയിട്ടല്ലേയുള്ളൂ. എത്രവട്ടം വീണിട്ടാവും ഒന്നു നടക്കാൻ പഠിക്കുക. ഈ സിനിമയിൽ അദ്ദേഹം എല്ലാ മേഖലകളിലും കൈ വച്ചു. ഇനി തനിക്ക് നല്ലവണ്ണം വഴങ്ങുന്ന മേഖലകൾ തിരിച്ചറിഞ്ഞ് അവയിൽ മാത്രം ബുദ്ധിപൂർവ്വം പ്രവർത്തിച്ച് മറ്റുമേഖലകൾ കുറച്ചുകൂടി ടാലന്റ് ഉള്ളവരെ ഏൽ‌പ്പിച്ച് സിനിമ പിടിച്ചാൽ സന്തോഷ് പണ്ഡിറ്റിനെ മലയാളസിനിമാലോകം ആദരിക്കുന്ന ഒരു നാൾ വന്നേയ്ക്കും.

സന്തോഷ് പണ്ഡിറ്റിന് ആശംസകൾ നേരുന്നു.

Thursday, November 3, 2011

ആഴങ്ങൾ

ങ്കർ, നിന്നോട് കുറേക്കാലമായി ചോദിക്കണമെന്നാഗ്രഹിക്കുന്ന ഒരു ചോദ്യമുണ്ട്...

എന്താണത്?

നീ... നീ മനുവിന്റെ മരണം ആഗ്രഹിച്ചിരുന്നോ?

നന്ദാ...

നീ മനസ്സിന്റെ ഉള്ളിൽ നിന്ന് ഉത്തരം പറയൂ...

.............

ശങ്കർ?

നന്ദാ, ഞാനും ഒന്നു ചോദിച്ചോട്ടേ? നീയും അത് ആഗ്രഹിച്ചിരുന്നില്ലേ?

ഇല്ല ശങ്കർ, ഒരിക്കലുമില്ല...

..........

പക്ഷേ, എനിക്കറിയാമായിരുന്നു ശങ്കർ, ഞാനത് ആഗ്രഹിക്കുന്നു എന്ന് നീ അന്ന് വിചാരിച്ചിരുന്നു...

..........

നിന്നെ ഞാൻ കുറ്റപ്പെടുത്തുന്നില്ല ശങ്കർ, കാരണം നിന്റെ വിചാരം, അല്ലെങ്കിൽ വിശ്വാസം നിന്നെ ഞാൻ പ്രേമിക്കുന്നു എന്നായിരുന്നല്ലോ...

നന്ദാ...

...........

എന്റെ വിശ്വാസം തെറ്റായിരുന്നു എന്നാണോ നീ പറഞ്ഞു വരുന്നത് നന്ദാ?

...........

നന്ദാ?

അതേ ശങ്കർ.

നന്ദാ....

...........

നന്ദാ?

ഞാൻ ആദ്യമായി പ്രേമിച്ച പുരുഷൻ മനുവായിരുന്നു. അവസാനമായും.....

നന്ദാ നീയെന്താണീ പറയുന്നത്?

സത്യം മാത്രം ശങ്കർ.

നീയിതൊന്നും ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലല്ലോ?

ഞാനെന്തു പറയണമായിരുന്നു എന്നാണ് നീ ഉദ്ദേശിക്കുന്നത്? സിനിമയിലെ ഡയലോഗ് പോലെ, രോഗശയ്യയിൽ കിടക്കുന്ന മനുവിനെ ചൂണ്ടി, ഇദ്ദേഹമല്ലാതെ മറ്റൊരു പുരുഷനും എന്റെ മനസ്സിലിടമില്ല എന്നൊക്കെ വച്ചു കാച്ചണമായിരുന്നു എന്നോ?

നന്ദാ !!?

മരണം പ്രതീക്ഷിച്ചു കിടക്കുന്ന ഭർത്താവിനെ ശുശ്രൂഷിക്കുന്ന ചെറുപ്പക്കാരിയായ ഭാര്യയോട് ആർക്കും തോന്നാവുന്ന ഒരു സഹാനുഭൂതി... അതാണ് ആദ്യം നിനക്കുണ്ടായിരുന്ന വികാരം. ആ സഹാനുഭൂതി വളർന്ന് മറ്റെന്തൊക്കെയോ ആയി മാറി. ആ മാറ്റം എന്നിലും ഉണ്ടായി എന്ന് നീ സ്വയം വിശ്വസിച്ചു. അത് നിന്റെ ആൺ‌മനസ്സിന്റെ വൈചിത്ര്യം. നിങ്ങൾ പുരുഷന്മാർക്ക് ഒരിക്കലും ഒരു പെൺ‌മനം മനസ്സിലാക്കാനാവില്ല...

നന്ദാ...

മനുവിന്റെ അവസാന നാളുകളിൽ നിന്റെ പെരുമാറ്റരീതികൾ, നിന്റെ ചെറിയ മുന്നേറ്റങ്ങൾ, നിന്റെ കണ്ണുകളിലെ തൃഷ്ണ ഇവയെല്ലാം ഞാൻ ആസ്വദിക്കുന്നു എന്നു നീ കരുതി. രോഗാതുരനായ കൂട്ടുകാരനെ ശുശ്രൂഷിക്കാൻ സദാ സന്നദ്ധനായ സന്മനസ്സിന്റെ ഉടമ...

നന്ദാ ... പ്ലീസ്.... എന്റെ മനസ്സിലെ ആഗ്രഹം നീയന്നു മനസ്സിലാക്കിയെങ്കിൽ, അതിനു നിനക്ക് താല്പര്യമില്ലാതിരുന്നെങ്കിൽ, എന്തേ നീ അന്നെന്നെ തടഞ്ഞില്ല?

മനുവിനെ നിനക്കറിയില്ല ശങ്കർ. നേർത്തൊരു ചലനത്തിൽ നിന്നു പോലും അവൻ എല്ലാം പിടിച്ചെടുക്കും. ഞാനന്ന് നിന്നോട് ഈർഷ്യ കാട്ടിയിരുന്നെങ്കിൽ മനുവിനത് വല്ലാത്ത സങ്കടമായേനെ. അവൻ പോയാലും എനിക്ക് നീയുണ്ടല്ലോ എന്നവൻ സമാധാനിച്ചിരുന്നു...

നന്ദാ !!...

അതേ ശങ്കർ. നിന്റെ മനസ്സ് അവൻ വായിച്ചിരുന്നു. എന്നിട്ടും...

നന്ദാ?

എന്നിട്ടും... എന്റെ മനസ്സവൻ കാണാതെ പോയി...... എന്നെ അവൻ ....

നന്ദാ പ്ലീസ്... പ്ലീസ്..... അരുതേ...

................

നന്ദാ.....

സാരമില്ല ശങ്കർ. എനിക്ക് സങ്കടമൊന്നുമില്ല...

നന്ദാ നീ സമാധാനിക്കൂ...

അതേ, സമാധാനിക്കുക തന്നെയാണ്. പെൺ‌മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പുരുഷന്മാർക്ക് ഒരിക്കലും ആവില്ല...

.............

സോറി ശങ്കർ...

നന്ദാ... പ്ലീസ്...

............

നന്ദാ, ഇനി ഞാൻ ഒന്നു പറയട്ടേ?

പറയൂ ...

നന്ദാ, ഞാൻ ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാക്കുന്നു... അങ്ങനെയൊരു സിറ്റുവേഷനിൽ ഒരിക്കലും ഞാനങ്ങനെ പെരുമാറരുതായിരുന്നു...

.............

ഞാൻ ക്ഷമ ചോദിക്കുന്നു നന്ദാ...

ഓ, അതു പോട്ടേ ശങ്കർ. ഇനി അതിനെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട...

ഐ ആം റിയലി സോറി...

ശങ്കർ, എല്ലാം കഴിഞ്ഞ കാര്യം. സമയരഥത്തെ റിവേഴ്സ് ഗിയറിലിടാൻ നമുക്കാവില്ലല്ലോ. അതുകൊണ്ട് അതേച്ചൊല്ലി ഇനി വിഷമിക്കേണ്ടതില്ല. ജസ്റ്റ് ലീവ് ദ മാറ്റർ...

നന്ദാ...

...............


നന്ദാ?

യെസ്?

അന്ന്, ആ സന്ദർഭത്തിൽ എനിക്ക് തോന്നിയത് തെറ്റായിരുന്നു. എന്നാൽ ഇന്ന്.....

..............

ഇന്ന് ആ തെറ്റിനെ ഒരു ശരിയാക്കി മാറ്റരുതോ നന്ദാ?

..............

പ്രത്യേകിച്ചും മനു അങ്ങനെ സമാധാനിച്ചിരുന്നു എന്നു കൂടി കണക്കിലെടുക്കുമ്പോൾ?

.............

നന്ദാ?

..............

ഒരു ഉത്തരം തരൂ നന്ദാ...

ഇല്ല ശങ്കർ, ആ തെറ്റ് എനിക്ക് ഒരിക്കലും ഒരു ശരിയായി മാറുകില്ല.....

നന്ദാ...

പറയ്, നിനക്കൊപ്പം കിടക്കുമ്പോൾ അവൻ കാണിച്ച കുസൃതികൾ, വികൃതികൾ ഒക്കെയാവും എന്റെ മനസ്സ് നിറയെ. അത് നിനക്ക് സഹിക്കാനാകുമോ? പറയ് ... ഇല്ല ശങ്കർ, മനു ഒരിക്കലും എന്റെ മനസ്സിൽ നിന്നിറങ്ങിപ്പോകില്ല... അവൻ കൂടെ ഉണ്ടായിരിക്കെ എനിക്ക് നിന്റെ ഭാര്യയാവാൻ കഴിയില്ല....

**************************************