Tuesday, November 15, 2011

കൃഷ്ണനും രാധയും കണ്ടു...

ന്ന് തീയേറ്ററിൽ പോയി കൃഷ്ണനും രാധയും കണ്ടു. ഞാനും ഹസ്ബന്റും കൂടിയാണ് പോയത്. ഈ സിനിമയ്ക്കും സന്തോഷ് പണ്ഡിറ്റിനും ഉള്ള നെഗറ്റീവ് പബ്ലിസിറ്റിയെ കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്നെങ്കിലും ഇതു കാണണമെന്ന് പറഞ്ഞപ്പോൾ വലിയ എതിർപ്പൊന്നും ഉന്നയിച്ചില്ല അദ്ദേഹം. അങ്ങനെ ഇന്ന് ഞങ്ങൾ മാറ്റിനിക്ക് പോയി.

പ്രവൃത്തിദിനമായതിനാൽ ആവും തീയേറ്ററിൽ വലിയ തിരക്കൊന്നും ഇല്ല. കഴിഞ്ഞയാഴ്ച മുഴുവൻ വൈറൽ ഫീവർ പിടിച്ച് ആശുപത്രിയിൽ കിടന്നതിന്റെ ബാക്കിപത്രമായി ഇന്ന് രാവിലെ റിവ്യൂ ചെക്കപ്പിന് പോകേണ്ടിവന്നിരുന്നു. ചെക്കപ്പ് ഉച്ചയോടെ കഴിഞ്ഞു. അതിനു ശേഷം ഫ്രീ. അപ്പോൾ കൃഷ്ണനേയും രാധയേയും പോയി കാണാമെന്നു തോന്നി.

തീയേറ്ററിൽ എത്തി ടിക്കറ്റ് കൌണ്ടറിനടുത്ത് എന്നെ ഇറക്കിയിട്ട് ഹസ്ബന്റ് വാഹനം പാർക്ക് ചെയ്യാൻ പോയി. പാർക്കിങ്ങ് ടിക്കറ്റ് തരുന്ന അപ്പൂപ്പൻ എന്റെ അടുത്ത് വന്ന് ചിരിച്ചുകൊണ്ട് ചോദിച്ചു, ‘ഏതു സിനിമയ്ക്കാ?’
ഡബിൾ തീയേറ്ററാണ്. ഒന്നിൽ കൃഷ്ണനും രാധയും, മറ്റേതിൽ കേട്ടിട്ടില്ലാത്ത ഒരു തമിഴ് സിനിമ.
‘കൃഷ്ണനും രാധയും’
ഞാൻ പറഞ്ഞു. ആ അപ്പൂപ്പന്റെ ചുണ്ടിലെ ചിരി മായുന്നില്ല.
പിന്നെ ടിക്കറ്റ് എടുത്ത് അകത്തു കയറാൻ പോയപ്പോൾ വാതിലിൽ നിൽക്കുന്ന ടിക്കറ്റ് കളക്ടറും ചോദിക്കുന്നു അതേ ചോദ്യം,
‘ഏതു സിനിമയ്ക്കാ?’
‘കൃഷ്ണനും രാധയും’ - ഇതൊരു അനാവശ്യചോദ്യമല്ലേന്ന് മനസ്സിലോർത്തുകൊണ്ടാണ് ഉത്തരം പറഞ്ഞത്.
ടിക്കറ്റ് കളക്ടർ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറ്റി വിട്ടു.

തീയേറ്ററിനകത്ത് അവിടേയുമിവിടേയുമായി കഷ്ടിച്ച് ഒരു പത്തുപേർ കാണും. ഞാൻ മാത്രമായിരുന്നു ഏക സ്ത്രീ ജനം. ഒരഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ മറ്റൊരു കപ്പിൾ കയറി വന്നു. സിനിമ തുടങ്ങിയ ശേഷം ചുരിദാറിട്ട ഒരു പെൺ‌കുട്ടി കൂടി കയറി വരുന്നത് കണ്ടു.

സിനിമ തുടങ്ങിയപ്പോൾ താഴെ നിന്ന് ആർപ്പുവിളി കേട്ടു. പത്തിരുപത് പയ്യന്മാർ കയറിയിട്ടുണ്ടായിരുന്നു. അവരാണ് കൂവിയാർക്കുന്നത്.

ഇനി സിനിമയെ കുറിച്ച് വെറുമൊരു സാധാരണ പ്രേക്ഷകയായ എനിക്ക് തോന്നിയത്:

ലോജിക്കില്ലായ്മ അവിടവിടെ മുഴച്ചു നിൽക്കുന്നുണ്ടെങ്കിലും കഥാതന്തു വലിയ മോശമില്ല എന്നു തന്നെ പറയാം, ഇപ്പോഴത്തെ പല സിനിമകളുടേതുമായി താരത‌മ്യപ്പെടുത്തി നോക്കുമ്പോൾ. പല സംഭാഷണശകലങ്ങളും നന്നായിട്ടുണ്ട് - എന്നുപറഞ്ഞാൽ എനിക്ക് ഇഷ്ടമായി. ഈ സിനിമയിലെ ഏറ്റവും ഭീമമായ ദോഷം ഇതിലെ മിക്ക അഭിനേതാക്കൾക്കും തന്മയത്വമായി അഭിനയിച്ചു ഫലിപ്പിക്കാൻ അറിയില്ല എന്നതാണ്. ചിലർക്ക് ഡയലോഗ് ഡെലിവറിയും തീരെ വഴങ്ങുന്നില്ല. രാത്രിയിൽ മരുന്ന് വാങ്ങാൻ പോകുന്ന ഭാര്യ കൊല്ലപ്പെടുന്നു എന്നറിയുന്ന ഭാഗം തൊട്ടാണ് തീരെ അരോചകമായി തോന്നിയത്. ആ ഷോക്കിങ് ന്യൂസ് കേട്ടിട്ട് ആരും ഞെട്ടിത്തെറിക്കുന്നില്ല, ആരുടെ മുഖത്തും ഒരു ഭാവഭേദവുമില്ല, ആ ന്യൂസ് വന്നു പറയുന്ന പൊലീസുകാരനും തഥൈവ. പിന്നെയുള്ള ഭാഗങ്ങളൊക്കെ കുറച്ചധികം ബോറായിപ്പോയി. ശ്മശാനവും സിമിത്തേരിയുമൊന്നും കിട്ടാതെ മൃതദേഹം പൊതുസ്ഥലത്ത് ദഹിപ്പിക്കാൻ പോകുന്നു എന്നു പറഞ്ഞ് കാണിക്കുന്ന സ്ഥലത്ത് തൊട്ടു പുറകിലായി കെട്ടിടങ്ങളും ആള് നടന്നുപോകുന്നതുമൊക്കെ കാണാനുണ്ട്. (പഴശ്ശിരാജയിലെ ഒരു സീനിൽ ദൂരെ പാന്റും ഷർട്ടുമിട്ടുകൊണ്ട് നിൽക്കുന്ന ഒരാളെ കാണാൻ പറ്റുന്ന കാര്യം മറക്കുന്നില്ല. പഴശ്ശിരാജ പോലെയുള്ള ചിത്രത്തിൽ ആ പിഴവ് വരാമെങ്കിൽ സന്തോഷ് പണ്ഡിറ്റിന്റെ കന്നിച്ചിത്രത്തിൽ വന്ന ഈ പിഴവ് ഒരു പിഴവേ അല്ല തന്നെ.)

നായികയുടെ മരണം വരെയുള്ള ഭാഗം ഒരുവിധം കണ്ടിരിക്കാം, പലരുടേയും അഭിനയം അരോചകമാണെങ്കിലും.

ഗാനങ്ങൾ പലേടത്തും തിരുകി കയറ്റാൻ വേണ്ടി സന്ദർഭങ്ങളുണ്ടാക്കിയതുപോലെ. ഉദാ: അംഗനവാടിയിലെ ടീച്ചറേ, സ്നേഹം സംഗീതം... ഇവ.
ഗോകുലനാഥനായ്... എന്ന ഗാനത്തിൽ വാടകവീട്ടിലെ രുഗ്മിണിയും ഭാര്യയായ രാധയ്ക്കൊപ്പം കൃഷ്ണനെ സ്നേഹിക്കുന്നതായി ഒരു ഇം‌പ്രഷൻ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിരിക്കുന്നു. എന്നാൽ കഥയുടെ ബാക്കി ഭാഗത്ത് രുഗ്മിണി കൃഷ്ണനെ സഹോദരനായിട്ടാണ് കാണുന്നതെന്ന് പറയുന്നുമുണ്ട്. കൃഷ്ണനും തിരിച്ച് അങ്ങനെതന്നെയാണ് താനും. പിന്നെന്തിനാ ഗാനരംഗത്തിൽ അങ്ങനെ?

പാട്ടുകൾ മിക്കവയുടേയും സംഗീതം കൊള്ളാം എന്നു തന്നെ പറയാം. ലിറിക്സും വലിയ മോശമില്ല പലതിലും. ചിത്രയും വിധു പ്രതാപും പാടിയ പാട്ടുകൾ വളരെ ഇഷ്ടമായി. പണ്ഡിറ്റിന് പാടാനറിയാം എങ്കിലും അദ്ദേഹത്തിന്റെ ശബ്ദം പാട്ടിന് പറ്റിയതല്ല എന്നു തോന്നുന്നു.

സ്റ്റണ്ട് സീനുകൾ തണുത്തുപോയി. ഡിഷും ഡിഷ്യും ശബ്ദമില്ലാഞ്ഞിട്ടാണോ? വടികൊണ്ട് ദേഹത്ത് മെല്ലെ തൊടുന്നതായി തന്നെ അനുഭവപ്പെടുന്നു.

ചീറ്റിപ്പോയ രംഗങ്ങൾ - നായികയുടെ അച്ഛന്റെ ആത്മഹത്യ, ആദ്യകാമുകിയുടെ പകരംവീട്ടുമെന്ന പ്രതിജ്ഞ (വില്ലത്തി ആ പെൺ‌കുട്ടിയാവുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ വില്ലനുമുണ്ടായിരുന്നതുകൊണ്ട് ചാൻസ് അയാൾക്കായി), ഭർത്താവ് മരിച്ച പെൺ‌കുട്ടി തുണയ്ക്കായി നായകനെ വിളിക്കുന്നത്, അതിന്റെ കൂടെയുള്ള പാട്ടുസീൻ - അങ്ങനെ കുറേ കുറേ.

ഒരുപാട് പോരായ്മകളുണ്ടെങ്കിലും സന്തോഷ് പണ്ഡിറ്റിനെയും കൃഷ്ണനും രാധയും എന്ന സിനിമയേയും അങ്ങനെയങ്ങ് തള്ളിക്കളയാനോ നിന്ദിക്കാനോ തോന്നുന്നില്ല. സന്തോഷ് പണ്ഡിറ്റ് സിനിമാലോകത്ത് പിച്ചവച്ച് നടക്കാൻ തുടങ്ങിയിട്ടല്ലേയുള്ളൂ. എത്രവട്ടം വീണിട്ടാവും ഒന്നു നടക്കാൻ പഠിക്കുക. ഈ സിനിമയിൽ അദ്ദേഹം എല്ലാ മേഖലകളിലും കൈ വച്ചു. ഇനി തനിക്ക് നല്ലവണ്ണം വഴങ്ങുന്ന മേഖലകൾ തിരിച്ചറിഞ്ഞ് അവയിൽ മാത്രം ബുദ്ധിപൂർവ്വം പ്രവർത്തിച്ച് മറ്റുമേഖലകൾ കുറച്ചുകൂടി ടാലന്റ് ഉള്ളവരെ ഏൽ‌പ്പിച്ച് സിനിമ പിടിച്ചാൽ സന്തോഷ് പണ്ഡിറ്റിനെ മലയാളസിനിമാലോകം ആദരിക്കുന്ന ഒരു നാൾ വന്നേയ്ക്കും.

സന്തോഷ് പണ്ഡിറ്റിന് ആശംസകൾ നേരുന്നു.

33 comments:

Jazmikkutty said...

ഈ അവലോകനത്തിന് ഒത്തിരി നന്ദി.സിനിമ കണ്ട ആരുടേയും അഭിപ്രായം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.

നീര്‍വിളാകന്‍ said...

സത്യസന്ധമായ ഈ അവലോകനത്തിനു നന്ദി.... സിനിമ കണ്ടവര്‍ ആയിരുന്നില്ല ഇതുവരെ സംസാരിച്ചത്‌.....

മനു said...

താങ്കളെ പോലെ ക്ഷമയുള്ള പ്രേക്ഷകരാണ് വരും കാലങ്ങളില്‍ മലയാള സിനിമയ്ക്ക്‌ ആവശ്യം..........

നല്ല നമസ്ക്കാരം!

Pramod Lal said...

താങ്കള്‍ വളരെ നല്ല രീതിയില്‍ സിനിമയെ വിലയിരിത്തിയിട്ടുണ്ട് .. പിന്നീട് സൂപ്പര്‍ സംവിധായകരായിട്ടുള്ള പലരുടെയും ആദ്യസിനിമ ഒരു പക്ഷെ ഈ പണ്ടിട്ടിന്റെ സിനിമയുടെ അത്രയും പോലും നിലവാരം ഉണ്ടായിരിക്കില്ല ..അതേപോലെ അഭിനേതാക്കളും ..

keraladasanunni said...

ഒരുപാടു പേര്‍ സിനിമയേയും സന്തോഷ് പണ്ഡിറ്റിനേയും മോശമായി എഴുതിയത് വായിച്ചിരുന്നു. കുറച്ചുപേര്‍ അദ്ദേഹത്തിനെ അഭിനന്ദിച്ചതും കണ്ടു. ഈ പോസ്റ്റ് ശരിയായ വിലയിരുത്തലാണ്.

Anil cheleri kumaran said...

ടീച്ചർക്ക് ആശംസകൾ..!!!

റോസാപ്പൂക്കള്‍ said...

നന്ദി.
കുറെ നാളായി സന്തോഷ്‌ പണ്ഡിറ്റ്,രാധ,കൃഷ്ണന്‍ എന്നൊകെ കേള്‍ക്കാന്‍ തുടങ്ങിയിട്ട്.
സിനിമയെപ്പറ്റി ശരിയായ അവലോകനം ഇപ്പോഴാണ് വായിച്ചത്.നന്നായി.

ഒരു പുതിയ ആളെ ഇത്രക്കങ്ങു മോശക്കാരനാക്കണോ. എല്ലാ മനുഷ്യരും പിച്ചവെച്ച ശേഷമാണ് നടന്നു തുടങ്ങിയതെന്ന് മറക്കുന്നു.മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങള്‍ കണ്ടാല്‍ അത്ഭുതപ്പെടാറണ്ടു ഞാന്‍. ഇത്ര നന്നായി അഭിനയിക്കുന്ന അദ്ദേഹം ഇങ്ങനെയാണോ അഭിനയിച്ചു തുടങ്ങിയതെന്ന് തോന്നിയിട്ടുണ്ട്. വരും കാലത്ത്‌ സന്തോഷ്‌ സിനിമയുടെ പ്രധാന ഘടകമാകില്ലെന്നു ആര് കണ്ടു..?

ശിഖണ്ഡി said...

ചുരുക്കി പറഞ്ഞാല്‍ സന്തോഷിനു ഒരു "ഫാന്‍" കൂടി ....

ശ്രീനാഥന്‍ said...

ഇതുവരെ ധൈര്യമുണ്ടായില്ല ഇതു കാണാൻ. ഗീതയെ സമ്മതിച്ചിരിക്കുന്നു.

Vishnu Kausthubham said...

vimarsanangal palathum vaayichu. veritta oru prathikaranam nalkiyathinu nanni.

faisu madeena said...

ഇങ്ങനെ ആയിരിക്കണം സിനിമാ നിരൂപണം ..പോയി കണ്ടു നന്നായി വിലയിരുത്തി ...താങ്ക്സ്

അലി said...

സത്യസന്ധമായ വിലയിരുത്തൽ...

Lulu Zainyi said...

അവലോകനത്തിനു നന്ദി..ആശംസകള്‍..

anupama said...

Dear Geetha,
A good review on the much discussed movie1I was watching the talk show on the channel.
An impartial judgement!Hearty Congrats!
Santhosh has the guts and unpolished talents!
sasneham,
Anu

പട്ടേപ്പാടം റാംജി said...

എന്തായാലും പണ്ഡിറ്റ് നല്ല സൂത്രശാലിയെന്നു തോന്നുന്നു.
സിനിമ കണ്ട് വിലയിരുത്തിയത് വായിച്ചപ്പോള്‍ ചിത്രം കണ്ടത്‌ പോലെ അനുഭവപ്പെട്ടു.

Muralee Mukundan , ബിലാത്തിപട്ടണം said...

നന്നായി പണ്ഡിതനേയും,സിനിമയേയും വിലയിരുത്തി കേട്ടൊ

ratheesh said...

ഈ അവലോകനത്തിന് ഒത്തിരി നന്ദി

krishnakumar513 said...

സിനിമയെപ്പറ്റി ശരിയായ അവലോകനം

Hailstone said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

സന്തോഷ് പണ്ഡിറ്റിനെ ചീത്ത വിളിക്കുന്നതേ ഇതുവരെ വായിച്ചുള്ളൂ. സിനിമ കണ്ട് ഇത്ര ക്രിത്യമായ വിമർശനം ആദ്യമായിട്ടാണ് കാണുന്നതു്.

വിധു ചോപ്ര said...

സത്യ സന്ധതക്കാണെന്റെ മാർക്ക്
ആശംസകൾ ഗീത.

പ്രതികരണൻ said...

കഴിഞ്ഞയാഴ്ച മുഴുവന്‍ ജോലിത്തിരക്കില്‍ ആയിരുന്നതിനാല്‍ മറ്റൊന്നിനും സമയം തികഞ്ഞില്ല. ഇന്നും പോകേണ്ടിവന്നു. ജോലി ഉച്ചയോടെ കഴിഞ്ഞു. അതിനു ശേഷം ഫ്റീ . അപ്പോള്‍ ബ്ളോഗാം എന്നു തോന്നി.

കഫേയില്‍, ഡോറിനടുത്ത് എന്നെ ഇറക്കിയിട്ട് ഓട്ടോക്കാരന്‍ വാഹനവുമായി തിരിച്ചുപോയി. കൗണ്ടറില്‍ നിന്ന പെണ്കൊച്ച് ചിരിച്ചുകൊണ്ട് ചോദിച്ചു:”എന്തിനാ?”
“ബ്ളോഗു വായിക്കാന്..” ഞാന്‍ പറഞ്ഞു.
ആ പെണ്കൊച്ചിന്റെ ചുണ്ടിലെ ചിരി മായുന്നില്ല.

കഫേയ്ക്കകത്ത് അവിടെയുമിവിടെയുമായി കഷ്ടിച്ച് ഒരു പത്തുപേര്‍ കാണും. ഞാനായിരുന്നു ഏക ബ്ളോഗര്‍.ഒരഞ്ചുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരുത്തന്‍ കയറിവന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ചുരിദാറിട്ട ഒരു പെണ്കുട്ടി കൂടി കയറിവരുന്നത് കണ്ടു.

ഇനി ഈ പോസ്ടിനെക്കുറിച്ച് വെറുമൊരു സാധാരണവായനക്കാരനായ എനിക്കു തോന്നിയത്.

സൈദ്ധാന്തികജാടകളും ഉറഞ്ഞുതുള്ളലുകളും ഇല്ലാതെ ആ സിനിമയെപ്പറ്റി അഭിപ്രായം പറഞ്ഞത് താങ്കള്‍ മാത്രമാണ്. ഉപരിപ്ളവമായി പറഞ്ഞുപോകാതെ, കാര്യകാരണസഹിതം താങ്കള്‍ എഴുതിയിരിക്കുന്നു.വെളിച്ചപ്പാടുകള്‍ ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍..! ഹൃദയം നിറഞ്ഞ ആശംസകള്...!!

Saji.V.S.Nair said...

എനിക്കും ഈ സിനിമ ഒന്ന് കാണണം...

vinus said...

നന്നായി പറഞ്ഞു പണ്ഡിറ്റിനും അയാളുടെ സിനിമക്കും നല്ലൊരു ന്യൂട്രൽ അവലോകനം അങ്ങോരിതൊന്നു വായിച്ചിരുന്നേൽ ...

VEERU said...

എന്താ ഒരു കഥ അല്ലെ ടീച്ചറേ..!!

Unknown said...

താങ്കളെ പോലെ ക്ഷമയുള്ള പ്രേക്ഷകരാണ് വരും കാലങ്ങളില്‍ മലയാള സിനിമയ്ക്ക്‌ ആവശ്യം

Unknown said...

ഇത്രയും കാലം കേട്ടത് സിനിമ കാണാത്തവരുടെയും നല്ല സിനിമകള്‍ തങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നതെന്ന് വീമ്പിളക്കുന്നവരുടെയും അട്ടഹാസങ്ങള്‍ മാത്രമാണ്. അതില്‍ എന്താണുള്ളതെന്ന് സത്യത്തില്‍ ആരും ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ഗാനരംഗങ്ങളിലെ ചിത്രീകരണത്തിന്റെ മോശംവശങ്ങളാണ് ഇതുവരെ പാടിക്കേട്ടത്. ഉടലില്‍നിന്നും തൂങ്ങിയാടുന്ന മാംസക്കഷണങ്ങളും കൊണ്ട് ഓക്കാനം വരുന്ന നൃത്തം കാണികള്‍ക്ക് സമ്മാനിക്കുന്നവരും മകളുടെ മകളാകാന്‍ പ്രായമായ കുട്ടികളെ കൈയില്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നവരുമാണ് നമ്മുടെ സൂപ്പര്‍ നായകന്‍മാര്‍. പണ്ട് നല്ല സിനിമകളുടെ ഭാഗമായവരാണിവരെന്നു മറക്കാതെയാണ് ഇങ്ങനെ എഴുതിപ്പോകുന്നത്. അത്തരം വൃത്തികേടുകള്‍ക്കിടയില്‍ സന്തോഷിന്റെ ഈ ശ്രമത്തെ ചെളിവാരിയെറിയേണ്ടിയിരുന്നില്ല. നല്ല സിനിമ എന്ന് ഞാനും പറയുന്നില്ല. എന്നാല്‍ ഇതിനുമുമ്പ് തീയറ്ററില്‍നിന്ന് 10 മിനിട്ടിനുള്ളില്‍ നമ്മളെ ഇറങ്ങിപ്പോരാന്‍ പ്രേരിപ്പിച്ച സിനിമകള്‍ ഉണ്ടായിട്ടുകൂടി അവര്‍ക്കൊന്നും ഇത്ര അപമാനം സഹിക്കേണ്ടി വന്നിട്ടില്ല എന്നതോര്‍ക്കുമ്പോള്‍!!!

വീകെ said...

കണ്ടില്ലിതുവരെ...
കാണണൊ....?

ബഷീർ said...

സിനിമ കണ്ട കാലം മറന്നതിനാല്‍ ഇനിയിതായി കാണുന്നില്ല. എന്നാല്‍ ഈ പുകിലൊക്കെ വെറുതെയാണേന്ന് ചേച്ചിയുടെ വിലയിരുത്തല്‍ വ്യക്തമാക്കുന്നു

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

ഗീത said...

സത്യം പറഞ്ഞാൽ ഈ പോസ്റ്റ് ഇട്ടപ്പോൾ പേടിയായിരുന്നു, സന്തോഷ് പണ്ഡിറ്റിനു കിട്ടിയപോലെ എനിക്കും കിട്ടുമോന്ന് :)
ഒരു സിനിമ കണ്ട് നിരൂപണം എഴുതാനൊന്നും ഉള്ള വിവരമില്ല. എന്നാലും എനിക്ക് തോന്നിയത് പറഞ്ഞു എന്നു മാത്രം.

അത് ക്ഷമയോടെ വായിച്ച എല്ലാ വായനക്കാരോടും നന്ദി പറയുന്നു.

“Santhosh has the guts and unpolished talents!” - ഇത് അനുപമയുടെ അഭിപ്രായം. ഇത് വളരെ ശരിയാണെന്ന് തോന്നുന്നു. ഇപ്പോൾ അസംസ്കൃതരൂപത്തിലുള്ള, എന്നാൽ തേച്ചുമിനുക്കിയെടുത്താൽ തിളങ്ങിയേക്കാവുന്ന ഒരു പ്രതിഭയാകാം പണ്ഡിറ്റ്.

ജാസ്മി, നീർവിളാകൻ, മനു, പ്രമോദ്, കേരളദാസൻ, കുമാരൻ, റോസാപ്പൂക്കൾ, ശിഖണ്ഡി,ശ്രീനാഥൻ, വിഷ്ണു, ഫൈസു,അലി, ലുലു, അനുപമ(വളരെ ശരിയായി പറഞ്ഞിരിക്കുന്നു),റാംജി, ബിലാത്തി,രതീഷ്, കൃഷ്ണകുമാർ, എഴുത്തുകാരി,വിധു, പ്രതികരണൻ (ആ പ്രതികരണത്തിനു പ്രത്യേകം നന്ദി), സജി, വിനു, വീരു, ഏകാന്തൻ,രജനീഗന്ധി, വീകെ, ബഷീർ,ജയരാജ് എല്ലാവരോടും സന്തോഷവും നന്ദിയും അറിയിക്കുന്നു.

Echmukutty said...

ഞാൻ വൈകിപ്പോയി വായിയ്ക്കാൻ. ഈ വിലയിരുത്തൽ വളരെ നന്നായിട്ടുണ്ട്.

എല്ലാവരും ചേർന്ന് സന്തോഷ് പണ്ഡിറ്റിനെ ഇങ്ങനെ ചീത്ത വിളിയ്ക്കുന്നതെന്തിനാണെന്ന് ഒട്ടും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഒരു സാധാരണക്കാരിയായ എനിയ്ക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു കാര്യമായിരുന്നു എന്തായാലും അത്.

ഭംഗിയായി എഴുതി. അഭിനന്ദനങ്ങൾ.

Binu said...

വളരെ നല്ല അവലോകനം. സിനിമ കണ്ടിട്ടില്ല. ഇത് വായിച്ചപ്പോള്‍ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ പറ്റി. വളരെ നന്ദി.