Tuesday, March 2, 2010

കയ്പ്പും മധുരവും

ളരെക്കാലത്തെ പരിചയം ഉണ്ടെങ്കിലും ഗ്രേസിയുടെ വീട്ടില്‍ ഇന്നാദ്യമായാണ്‌ പോകുന്നത്‌. വീടിന്റെ ലൊക്കേഷന്‍ ഒക്കെ നേരത്തേ ഗ്രേസിയില്‍ നിന്നു തന്നെ മനസ്സിലാക്കിയിരുന്നു.

ചെല്ലുമെന്ന് പറഞ്ഞിരുന്നതു കൊണ്ട്‌ ഗ്രേസി വാതിക്കല്‍ തന്നെ തന്നേയും പ്രതീക്ഷിച്ചു നില്‍പ്പുണ്ടായിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങി മുറ്റത്തേക്ക്‌ കാലെടുത്തു വച്ചപ്പോളാണ്‌ തന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ചിന്ത മനസ്സില്‍ ഉടലെടുത്തത്‌.

ഗ്രേസിയുടെ കുടുംബത്തെ കുറിച്ച്‌ തനിക്കൊന്നുമറിയില്ലല്ലോ! ഭര്‍ത്താവും രണ്ടു മക്കളും ഉണ്ടെന്ന് മാത്രം അറിയാം. ഭര്‍ത്താവും രണ്ടു മക്കളും ഉണ്ടാവുക എന്നത്‌ ഏതൊരു സ്ത്രീയുടെ കാര്യത്തിലും ശരിയാവാം. ഈ ഒരു സാമാന്യവിവരത്തില്‍ കൂടുതല്‍ ഗ്രേസിയെ കുറിച്ച്‌ തനിക്കൊന്നുമറിഞ്ഞുകൂട.

സാറയ്ക്ക്‌ തന്നോടു തന്നെ അവജ്ഞ തോന്നി. താനെന്തൊരു കൂട്ടുകാരിയാണ്‌. തന്റെ കുടുംബവിശേഷങ്ങളൊക്കെ ഗ്രേസിക്ക്‌ നല്ലവണ്ണം അറിയാം. അവളതേപറ്റി താല്‍പ്പര്യത്തോടെ ‌ തിരക്കാറുമുണ്ട്‌.

തന്റെ വീട്ടു വിശേഷങ്ങള്‍ അഭിമാനപൂര്‍വ്വം വിളമ്പുന്നതിനിടയില്‍ കൂട്ടുകാരിയുടെ വിശേഷങ്ങള്‍ തിരക്കാന്‍ ഓര്‍ക്കാറില്ലെന്നതാണ്‌ ശരി.

ഗ്രേസിയുടെ ഭര്‍ത്താവിനെന്തു ജോലിയെന്നോ കുഞ്ഞുങ്ങള്‍ ഏതു പ്രായത്തിലുള്ളവരെന്നോ അവരെന്തു ചെയ്യുന്നുവെന്നോ തനിക്കറിയില്ല. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങള്‍ക്കായി ഒരു ചെറുസമ്മാനപ്പൊതി പോലും കൈയില്‍ കരുതിയതുമില്ല.

- വരൂ സാറാ -

ഗ്രേസി ഹൃദ്യമായി ചിരിച്ചു കൊണ്ട്‌ മുറ്റത്തേയ്ക്ക്‌ ഇറങ്ങി വന്നു.

തന്റെ മനസ്സിലൂറിയ ചിന്തകള്‍ സൃഷ്ടിച്ച ജാള്യത മറച്ചു കൊണ്ട്‌ ഗ്രേസിയുടെ കരം ഗ്രഹിച്ചു. അവളോടൊപ്പം പൂമുഖത്തേക്ക്‌ കയറി.

പുറത്തേ വെയിലില്‍ നിന്ന് പൂമുഖത്തളത്തിലെ കുളിര്‍മ്മയിലേക്ക്‌ കയറിയപ്പോള്‍ എന്തൊരു ആശ്വാസം.

അകത്തേ മുറിയിലേക്ക്‌ ഗ്രേസി തന്നെ കൂട്ടിക്കൊണ്ടു പോയി. ഒരു ഗ്ലാസ്സ്‌ തണുത്ത ജ്യൂസും കൊണ്ടു വന്നു.

- ഗ്രേസിയുടെ ഹസ്ബന്റ്‌?

തന്റെ ചോദ്യം കേട്ടുകൊണ്ടാണെന്നു തോന്നുന്നു, ഉള്‍മുറിയില്‍ നിന്നും ഒരു മധ്യവയസ്കന്‍ ഇറങ്ങി വന്നു.

നല്ല ഉയരം. നരയും കഷണ്ടിയും ചെറുതായി ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. വേഷം അലസമാണെങ്കിലും മുഖം പ്രൗഢഗംഭീരമെന്നുതന്നെ പറയാം. ഈ മുഖം മുന്‍പ്‌ കണ്ടിട്ടുള്ളതു പോലെ ഒരു പ്രതീതി.

- ഇതെന്റെ ഫ്രണ്ട്‌ സാറ. ഞാന്‍ പറയാറില്ലേ -

ഗ്രേസി പരിചയപ്പെടുത്തി.

അദ്ദേഹം തലകുലുക്കി ചിരിച്ചു കൊണ്ട്‌ എതിര്‍ വശത്തുള്ള സോഫയില്‍ ഇരുന്നു.

- മാഡം എവിടെ താമസിക്കുന്നു?

സാറ സ്ഥലം പറഞ്ഞു.

- ഹസ്ബന്റ്‌ ആന്‍ഡ്‌ ചില്‍ഡ്രണ്‍?

സാറ വാചാലയായി. ഇഷ്ടവിഷയമാണല്ലോ അത്‌.

ഇടയ്ക്ക്‌ ഒരു പെണ്‍കുട്ടിയുടെ മുഖം അടുക്കള വാതില്‍ക്കല്‍ തെളിഞ്ഞു.

- ഇതെന്റെ ഇളയ മോള്‍ താര -

താര ഗ്രേസിയെപ്പോലെ തന്നെയുണ്ട്‌. നല്ല ഐശ്വര്യമുള്ള മുഖം.

- മോള്‍ എന്തെടുക്കുകാ?

- ബി. എസ്സ്‌സി. ഫൈനല്‍ ഈയര്‍ -

- നിങ്ങള്‍ സംസാരിക്കൂ. ഞാന്‍ ചായ എടുക്കാം -

ഗ്രേസി അടുക്കളയിലേക്ക്‌ വലിഞ്ഞു. ഒപ്പം മോളും.

വീണ്ടും സംഭാഷണം ഗ്രേസിയുടെ ഭര്‍ത്താവുമൊത്തായി. അദ്ദേഹവും സംഭാഷണപ്രിയനാണെന്നു തോന്നുന്നു. പലേ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ഇടയ്ക്ക്‌ പലതവണ ഫോണ്‍ വിളികള്‍ വന്നു.

ഗ്രേസി അടുക്കളയില്‍ നിന്ന് ചായയുമായെത്തി. പിന്നാലെ ഒരു പ്ലേറ്റില്‍ സ്നാക്സുകളുമായി താരയും.എല്ലാവരും ഡൈനിംഗ്‌ ടേബിളിനു ചുറ്റുമായിരുന്ന് ചായ കുടിക്കാന്‍ തുടങ്ങി.

പെട്ടെന്നാണ്‌ ഗ്രേസിയുടെ ഹസ്ബന്റ്‌ ചുമയ്ക്കാന്‍ തുടങ്ങിയത്‌. ഒന്നുരണ്ടു ചുമകളില്‍ തുടങ്ങി, അതു പിന്നെ തുടര്‍ച്ചയായുള്ള ചുമയായി.

അതിഥിയെ അലോസരപ്പെടുത്തേണ്ടെന്നു കരുതിയാവും അദ്ദേഹം ഡൈനിംഗ്‌ ടേബിളില്‍ നിന്നു മാറി സോഫയിലേക്ക്‌ ഇരുന്നു.

അവിടിരുന്നും ചായകുടിയ്ക്കിടയില്‍ ചുമയ്ക്കുന്നുണ്ട്‌. ഇടയ്ക്കിടെ നെഞ്ചു തിരുമ്മുകയും അയ്യോ എന്ന്‌ ചെറിയ ശബ്ദത്തില്‍ പറയുകയും ചെയ്യുന്നുണ്ട്‌.


തന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാര്യം, ഭര്‍ത്താവ്‌ ഇത്രയൊക്കെ ചുമച്ചു കഷ്ടപ്പെട്ടിട്ടും ഗ്രേസിയ്ക്കൊരു കുലുക്കവുമില്ല. അവള്‍ തന്നോട്‌ സംസാരിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ ഡൈനിംഗ്‌ ടേബിളില്‍ തന്നെ ഇരിക്കുന്നു. ഭര്‍ത്താവിന്റെ അടുത്തേക്കൊന്നു ചെല്ലുകയോ കാര്യം തിരക്കുകയോ ചെയ്യുന്നില്ല.

ഗ്രേസി ഇത്ര കഠിനഹൃദയയോ?

താരയും ഇരുന്നിടത്തു നിന്ന് എണീറ്റിട്ടിട്ടില്ല.

ചുമ ഒന്നു ശമിച്ചപ്പോള്‍ തിരിഞ്ഞു നോക്കി ചോദിച്ചു

- സാര്‍ ചുമ എന്തേ? അലര്‍ജിയാണോ അതോ ജലദോഷമോ?-

- ആ, എല്ലാമുണ്ട്‌. ആരോഗ്യം തീരെയില്ലാത്ത ഒരാളാണെന്നേ ഞാന്‍ -

അദ്ദേഹം പിന്നേയും ചെറുതായി ചുമയ്ക്കുകയും നെഞ്ചു തിരുമ്മുകയും ചെയ്തു.

അതു കണ്ടിട്ട് വല്ലാത്ത മന:പ്രയാസം തോന്നി.

ഒഴിഞ്ഞ പ്ലേറ്റുകളും കപ്പുകളുമായി താരയും ഗ്രേസിയും അടുക്കളയിലേക്ക്‌ പോയി.

ഗ്രേസിയുടെ ഭര്‍ത്താവ്‌ അദ്ദേഹത്തിന്റെ മുറിയിലേക്കും.

അപ്പോഴാണ്‌ ഒരു ഫോണ്‍ വന്നത്‌.

- സാറാ, അതൊന്ന്‌ അറ്റന്‍ഡ്‌ ചെയ്യൂ പ്ലീസ്‌ -

അടുക്കളയില്‍ നിന്ന്‌ ഗ്രേസി വിളിച്ചു പറഞ്ഞു.

- ഓകെ, ഞാന്‍ അറ്റന്‍ഡ്‌ ചെയ്യാം ഗ്രേസീ -

ഫോണ്‍ അറ്റന്‍ഡ്‌ ചെയ്തു.

- ഹലോ -

- ഹലോ ഉമ്മന്‍ സാറുണ്ടോ മാഡം?

ഉമ്മന്‍ സാറ്‌?

ഗ്രേസിയുടെ ഹസ്ബന്റാണോ? പേരും അറിയില്ലല്ലോ കര്‍ത്താവേ!

- പാര്‍ഡന്‍ -

- ഉമ്മന്‍ ചെറുപറമ്പന്‍ സാറിന്റെ വീടല്ലേ?

ആകെ കണ്‍ഫ്യൂഷനായി.

ഉമ്മന്‍ ചെറുപറമ്പന്‍? ആ പ്രസിദ്ധ ആര്‍ക്കിടെക്ടല്ലേ?

- പ്ലീസ്‌, വണ്‍ മിനിറ്റ്‌, ഹോള്‍ഡ്‌ ഓണ്‍ -

അടുക്കളയിലേക്കോടി.

- ഗ്രേസീ, ഉമ്മന്‍ ചെറുപറമ്പനെയാ അന്വേഷിക്കുന്നത്‌ -

പാത്രം കഴുകികൊണ്ടു നിന്ന ഗ്രേസി തല തിരിക്കാതെ തന്നെ പറഞ്ഞു

- ആ, അതദ്ദേഹത്തിനാ. മോളേ, പപ്പയോട്‌ പോയി പറയൂ -


രണ്ടാമത്തെ അല്‍ഭുതം! പ്രശസ്തനായ ആര്‍ക്കിടെക്ട്‌ ഉമ്മന്‍ ചെറുപറമ്പന്‍ തന്റെ അടുത്ത കൂട്ടുകാരി ഗ്രേസിയുടെ ഭര്‍ത്താവെന്നോ?

അതും, നേരത്തേ കണ്ട ചുമച്ച്‌ അവശനായ, തീരെ ആരോഗ്യമില്ലാത്ത ആ മനുഷ്യന്‍?

അകത്തെ മുറിയില്‍ നിന്ന് ധൃതിയില്‍ ഇറങ്ങിവന്ന് അവശതയുടെ യാതൊരു ലക്ഷണങ്ങളുമില്ലാതെ ചുറുചുറുക്കോടെ ഫോണില്‍ സംസാരിക്കുന്ന ഉമ്മന്‍ ചെറുപറമ്പനെ സാകൂതം നോക്കിനില്‍ക്കാതിരിക്കാനായില്ല സാറയ്ക്ക്.

ഗ്രേസിയുടെ സര്‍നെയിം ജോണ്‍ എന്നാണ്‌. സ്വാഭാവികമായും ജോണ്‍ എന്നായിരിക്കും അവളുടെ ഭര്‍ത്താവിന്റെ പേര്‌ എന്നാണ്‌ താന്‍ ധരിച്ചു വച്ചിരുന്നത്‌. ഇതിപ്പോള്‍ അവളുടെ അപ്പച്ചന്റെ പേരായിരിക്കും ജോണ്‍ എന്നത്‌. ചിലര്‍ വിവാഹം കഴിഞ്ഞാലും മെയിഡന്‍ നെയിം മാറ്റിയെന്നിരിക്കില്ല.

ലേശം കെറുവ്‌ തോന്നി ഗ്രേസിയോട്‌. എന്നാലും അവള്‍ക്കിതുവരെ തന്നോട്‌ പറയാന്‍ തോന്നിയില്ലല്ലോ താന്‍ ഉമ്മന്‍ ചെറുപറമ്പന്റെ ഭാര്യയാണെന്ന്?

ഗ്രേസി വീണ്ടും സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ പറയാതിരിക്കാനായില്ല,

- ഗ്രേസീ നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ നിന്റെ ഭര്‍ത്താവ്‌ ഈ പ്രശസ്തനായ ആളാണെന്ന്?

- ഓ, അതിലൊക്കെ എന്തിരിക്കുന്നു സാറാ?

ഗ്രേസി വളരെ നിസ്സാര മട്ടില്‍ പറഞ്ഞു.

എന്തിരിക്കുന്നു എന്നോ? തനിക്കിതത്ര ദഹിക്കുന്നില്ലല്ലോ! സ്വന്തം ഭര്‍ത്താവ്‌ ഒരു സെലിബ്രിറ്റി ആണെന്ന് മറ്റുള്ളവരോട്‌ പറയാതിരിക്കാന്‍ കഴിയുന്നതെങ്ങനെ?

കുശലങ്ങള്‍ക്കിടയില്‍ ഇന്ന് തനിക്ക്‌ ചോദിക്കാനേ ഉണ്ടായിരുന്നുള്ളൂ, പറയാനുള്ളതിനേക്കാള്‍.


ഉമ്മന്‍ ചെറുപറമ്പന്‍ അകത്തേ മുറിയില്‍ നിന്ന് ഇറങ്ങി വന്നു, കോട്ടും സൂട്ടുമൊക്കെയണിഞ്ഞ്‌ വളരെ വെല്‍ഡ്രസ്സ്ഡ്‌ ആയി. ഒരു യാത്രയ്ക്കുള്ള പുറപ്പാടാണ്‌.

നേരത്തേ കണ്ട ചുമച്ച്‌ അവശനായ ആ മനുഷ്യനെവിടെ ഈ സ്റ്റൈലന്‍ മദ്ധ്യവയസ്കനെവിടെ?

-അപ്പോള്‍ കൂട്ടുകാരികള്‍ ഇരിക്കൂ. ഞാന്‍ ഇറങ്ങട്ടെ -

തിരിഞ്ഞ്‌ തന്നോടായി,

- ഇന്നൊരു ഡിസ്ക്കഷനുണ്ട്‌, മന്ത്രിയുമായി -


പോര്‍ച്ചില്‍ വന്നു നിന്ന കാറില്‍ കയറി അദ്ദേഹം യാത്രയായി.

പിന്നാലെ പൂമുഖം വരെ അനുഗമിച്ച ഗ്രേസി ചിരിച്ചുകൊണ്ട്‌ കൈവീശുന്നു.

ഒരല്‍ഭുതം പോലെയാണത് തനിക്ക് തോന്നിയത്. നേരത്തേ കാണിച്ച അവഗണന... ഇപ്പോഴുള്ള ഈ സൌഹൃദം !

പിന്നേയും അര മണിക്കൂര്‍ കൂടി കഴിഞ്ഞാണ്‌ സുഹൃദ്‌സന്ദര്‍ശനം അവസാനിപ്പിച്ച്‌ വീട്ടിലേക്ക്‌ മടങ്ങിയത്‌.


*** *** ***


അടുത്ത രണ്ടു ദിനങ്ങള്‍ ലീവെടുക്കേണ്ടി വന്നു, നാട്ടിലൊരു വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടി. സ്ത്രീധനമായി കിട്ടിയ കുടുംബസ്വത്താണ്‌. അത്‌ വില്‍ക്കേണ്ടി വന്നു.

അപ്പച്ചനും അമ്മച്ചിയുമൊക്കെ വല്ലാത്തൊരു ആത്മബന്ധം വച്ചുപുലര്‍ത്തിയിരുന്ന വസ്തുവകകളാണ്‌. അത്യദ്ധ്വാനം ചെയ്തു സമ്പാദിച്ചവയല്ലേ? എങ്ങനെ ആത്മബന്ധമുണ്ടാകാതിരിക്കും?

പക്ഷേ പട്ടണത്തില്‍ ജോലിയും നേടി വീടും വച്ചു പാര്‍ക്കുന്നവര്‍ക്ക്‌ നാട്ടിലെ ഭൂസ്വത്തൊക്കെ ഒരു വലിയ ഭാരമാണ്‌. അവിടെ പോയി കൃഷി ചെയ്യലും വിളവെടുക്കലും ഒന്നും നടക്കില്ല. അപ്പോള്‍ പിന്നെ വിറ്റഴിക്കുകയല്ലാതെ എന്തു നിവൃത്തി? വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട്‌ സുഖമായി ജീവിക്കുക.


അപ്പച്ചന്റേയും അമ്മച്ചിയുടേയും ആത്മാക്കള്‍ പരിഭവിക്കുന്നുണ്ടാകും. എന്നാലും എന്തു ചെയ്യാന്‍?

ബുധനാഴ്ച ഓഫീസിലെത്തി. ഗ്രേസിയെ കണ്ടപാടേ ചോദിച്ചു,

- ഗ്രേസീ, ഉമ്മന്‍ സാറിന്റെ അസുഖമൊക്കെ ഇപ്പോള്‍ എങ്ങനെയുണ്ട്‌?

-അസുഖമോ?

ഗ്രേസിയുടെ ശബ്ദത്തില്‍ വല്ലാത്ത അമ്പരപ്പ്‌!

- ആ, അദ്ദേഹത്തിന്റെ ചുമ?

- ഓ അതോ?

വളരെ നിസ്സാര മട്ടില്‍ ചോദ്യമെറിഞ്ഞിട്ട്‌ ഗ്രേസി പൊട്ടിച്ചിരിച്ചു.

ഇപ്പോള്‍ അമ്പരപ്പ്‌ തനിക്കാണ്‌. ഇതെന്തേ ഗ്രേസി ഇങ്ങനെ?

അവളുടെ വീട്ടില്‍ പോയപ്പോള്‍ കണ്ടതാണ്‌ ഉമ്മന്‍ സാര്‍ ചുമച്ച്‌ കഷ്ടപ്പെടുന്നത്‌. അതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ഗ്രേസിക്ക്‌ ഒന്നും തന്നെ അറിയാത്തപോലെ !

ഒന്നും മനസ്സിലാകുന്നില്ലല്ലോ!

അന്നുതന്നെ, ഭര്‍ത്താവ്‌ വല്ലാതെ ചുമച്ച്‌ കഷ്ടപ്പെടുന്നത്‌ കണ്ടിട്ടും അതില്‍ ഒരല്‍പം പോലും ഉത്‌കണ്ഠപ്പെടുകയോ എന്താണ്‌ അസ്കിത എന്നൊന്നു ചോദിക്കുകയോ പോലും ചെയ്യാതെ നിസ്സംഗയായിരുന്നു ചായ മൊത്തിക്കുടിക്കുന്ന ഗ്രേസിയുടെ ചിത്രം ഒരു പ്രഹേളികയായി ഇന്നും തന്റെ മനസ്സിലുണ്ട്‌.

ഇപ്പോളിതാ അസുഖവിവരം തിരക്കിയപ്പോള്‍ ഗ്രേസി പൊട്ടിച്ചിരിക്കുന്നു!

ചുണ്ടത്തെ ചിരി മായാതെ തന്നെ കൂടെ നടക്കുകയാണ്‌ ഗ്രേസി. ഉത്തരമൊന്നും പറഞ്ഞിട്ടുമില്ല. ദേഷ്യമാണ്‌ തോന്നിയത്‌. അതു സ്വരത്തില്‍ നിന്നു മറച്ചുപിടിക്കാന്‍ ശ്രമിക്കാതെ തന്നെ ചോദിച്ചു,

- അന്നത്തെ ആ ചുമ കുറവുണ്ടോന്നാ ചോദിച്ചത്‌?

കൂടെ, എത്ര ശ്രമിച്ചിട്ടും ഉള്ളിലൊതുക്കാന്‍ പറ്റാതെ മനസ്സില്‍ തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന ചിന്താധാരയും പുറത്തേയ്ക്കൊഴുകി.

- അന്നദ്ദേഹം അത്ര ഭയങ്കരമായി ചുമച്ചിട്ടും നീ ഒന്നു മൈന്‍ഡ്‌ ചെയ്യുകപോലും ഉണ്ടായില്ല?

ഓ, അടക്കമില്ലാത്ത നാവ്‌! അരുതാത്തത് പറഞ്ഞു പോയി.

- ഓ സോറി ഗ്രേസീ, എനിക്കന്ന് അങ്ങനെയൊരു ഇംപ്രഷനാ ഉണ്ടായത്‌. സോറി സോറി കേട്ടോ -

ഗ്രേസിയുടെ മുഖത്ത്‌ യാതൊരു ഭാവവ്യത്യാസവും കണ്ടില്ല. ആ ചിരി ഒട്ടും മാഞ്ഞിട്ടും ഇല്ല.

- വരൂ, നമുക്ക്‌ ക്യാന്റീനിലേക്ക്‌ പോകാം -

ഗ്രേസി ക്ഷണിച്ചു.

ക്യാന്റീനില്‍ ചെന്ന് കോഫിയും സ്നാക്സും ഓര്‍ഡര്‍ ചെയ്തു.


- സാറാ, അതദ്ദേഹത്തിന്റെ ഒരു സ്വഭാവമാണ്‌ -

- ഏത്‌?

- വലിയ അസുഖക്കാരനാണെന്ന് ഭാവിക്കുക -

അസുഖക്കാരനാണെന്ന് ഭാവിക്കുകയെന്നോ!കണ്ണില്‍ ചോരയില്ലാത്തവള്‍.

അന്ന് താന്‍ നേരിട്ട്‌ കണ്ടതല്ലേ അദ്ദേഹം വല്ലാതെ ചുമച്ചു കുരുങ്ങുന്നത്‌?

- അസുഖം ഭാവിക്കുകയാണെന്നോ ഗ്രേസീ?

ഗ്രേസി തലകുലുക്കി. എന്നിട്ടു ചിരിച്ചു കൊണ്ട്‌ പറഞ്ഞു

- അദ്ദേഹം ഒരൊന്നാംതരം അഭിനേതാവണ്‌ -

ഇവളിതെന്താ ഈ പറയുന്നത്‌? വീണ്ടും അരിശമാണ്‌ തോന്നിയത്‌. സ്വന്തം ഭര്‍ത്താവ്‌ അസുഖം അഭിനയിക്കുകയാണത്രേ!


- സാറാ, ഇപ്പോള്‍ നിനക്കറിയാമല്ലോ അദ്ദേഹം ഇത്തിരി പേരുള്ളൊരു ആര്‍ക്കിടെക്ട്‌ ആണെന്ന്. പ്രശസ്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ്‌ വര്‍ക്ക്‌ ചെയ്യുന്നതും. സൈറ്റില്‍ ചെന്നാല്‍ വളരെ ചുറുചുറുക്കുള്ള ഒരാള്‍. ജോലി ചെയ്യാനും ചെയ്യിപ്പിക്കാനും മിടുമിടുക്കന്‍ -

- പക്ഷേ ഈ ആള്‍ വീട്ടില്‍ എത്തിയാല്‍, പിന്നെ വല്ലാത്ത അവശനാണ്. ഇല്ലാത്ത രോഗങ്ങള്‍ ഒന്നും തന്നെയില്ല. സര്‍വ്വ അവയവങ്ങളും രോഗഗ്രസ്തമത്രേ! നഖവും തലമുടിയും ഒഴിച്ച്‌ മറ്റ്‌എല്ലായിടത്തും കഠിനവേദന! ഏറ്റവും ഇഷ്ടം എന്തെന്നോ? താനൊരു ഹൃദ്രോഗിയാണെന്ന് അവകാശപ്പെടാന്‍! ജന്മനാല്‍ തന്നെ ഹൃദയത്തിന്‌ തകരാറുണ്ട്‌ പോല്‍. ആ തകരാര്‍ വാല്‍വിനാണെന്നും സ്വയം കണ്ടു പിടിച്ച്‌ വച്ചിട്ടുണ്ട്‌! പക്ഷേ ഇന്നു വരെ ഒരു ഹൃദ്രോഗവിദഗ്ദന്റെ അടുത്ത്‌ പോയിട്ടും ഇല്ല -

- ബഹുനില കെട്ടിടങ്ങളുടെ മൂന്നും നാലും നിലകള്‍ ഒറ്റയടിക്ക്‌ ഓടിക്കയറും, ഒരു കിതപ്പോ ശ്വാസം മുട്ടലോ ഇല്ലാതെ. സ്റ്റെപ്സ്‌ കയറുന്നതിനിടയില്‍ ചറുപിറുന്നനെ സംസാരിക്കുകയും ചെയ്യും. ഹൃദ്രോഗിയായ ഒരാളിന്‌ ഇതു കഴിയുമോ? ഒരു ഹൃദ്രോഗവും അവകാശപ്പെടാത്ത എനിക്ക്‌, രണ്ടുനില കയറിക്കഴിയുമ്പോള്‍ തന്നെ തുടങ്ങും കലശലായ നെഞ്ചു വേദന. അതിന്‌ പരിഹാരമായി ഡീപ്‌ ബ്രെത്ത്‌ എടുത്തുകൊണ്ട്‌ കയറ്റം കയറണമെന്ന് അദ്ദേഹം തന്നെയാണ്‌ പറഞ്ഞുതന്നിട്ടുള്ളതും. രക്തത്തിലെ ഓക്സിജന്‍ കണ്ടന്റ്‌ കൂട്ടി മസിലുകള്‍ക്ക്‌ ശക്തിപകരാനാണത്രേ ഈ ഡീപ്‌ ബ്രെത്ത്‌. എഞ്ചിനീയറിംഗ്‌ ആണ്‌ പഠിച്ചതെങ്കിലും ശരീരശാസ്ത്രവും കുറച്ച്‌ അറിയാം -

ഗ്രേസി വീണ്ടും ചിരിച്ചു.

അപ്പോഴേക്കും കോഫി എത്തി.

ഒന്നും വിശ്വസിക്കാന്‍ തോന്നുന്നില്ല. അസുഖമില്ലാതെ ഒരാള്‍ അസുഖക്കാരനാണെന്ന് ഭാവിക്കുമോ? അതെന്തിനു വേണ്ടിയാകും?

സംശയം ചോദ്യരൂപത്തില്‍ പുറത്തു വന്നു.

- എന്തിനു വേണ്ടിയെന്ന് ചോദിച്ചാല്‍ അതെനിക്കറിഞ്ഞുകൂട സാറാ. ഓരോരോ നേച്ചര്‍. എന്നാലും എനിക്കു തോന്നുന്ന ഒരു കാരണം ഇതാണ്‌ - രോഗിയായി അഭിനയിച്ച്‌ മറ്റുള്ളവരുടെ ശ്രദ്ധ അല്ലെങ്കില്‍ സിമ്പതി നേടിയെടുക്കാന്‍ -

ഗ്രേസിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.

- പിന്നെ -

- ഓരോരോ രോഗം പറഞ്ഞ്‌ എന്നെ തീ തീറ്റിക്കുക. ഭാര്യ തന്നെപ്രതി മനസ്സു നീറ്റുന്നു എന്നറിയുമ്പോള്‍ അദ്ദേഹത്തിനു ഒരു സന്തോഷം ലഭിക്കുന്നുണ്ടാകും - ഒരു സാഡിസ്റ്റിക്‌ പ്ലഷര്‍ -

തിരിച്ചൊന്നും പറയാനാവാതെ ഇരുന്നു പോയി.

ഗ്രേസി തുടര്‍ന്നു.


- ഒരു കാലത്ത്‌ ഞാന്‍ വളരെയേറെ തീ തിന്നിരുന്നു. അസുഖം എന്നൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാതെ പേടിക്കുന്ന ഒരു സ്വഭാവമായിരുന്നു എനിക്ക്‌. അദ്ദേഹത്തിനാണെങ്കില്‍ അസുഖമൊഴിഞ്ഞ്‌ ഒരു നേരവുമില്ല. എന്നാല്‍ ഒന്നു ഡോക്ടറെ കാണാം എന്നു പറഞ്ഞാലോ കൊന്നു കളഞ്ഞാല്‍ വരില്ല. ഒരുപാടു കാലത്തെ സഹവാസം കൊണ്ട്‌ ഞാന്‍ മനസ്സിലാക്കിയെടുത്തതാണ്‌ ഇത്‌ - ഈ രോഗങ്ങളെല്ലാം തന്നെ ശരീരത്തിനല്ല മനസ്സിലെ സങ്കല്‍പ്പങ്ങള്‍ ആണെന്ന് -

കുറേ നിമിഷങ്ങളുടെ നിശ്ശബ്ദത.

- സാറാ, നിനക്കിതൊന്നും അങ്ങോട്ടു ദഹിക്കുന്നുണ്ടാവില്ല അല്ലേ?

ഗ്രേസി ചിരിച്ചു.

- ഒരു കാര്യം കൂടി കേട്ടോളൂ -

ഗ്രേസി ഒന്നു നിറുത്തി. അവളുടെ മുഖത്ത്‌ സമ്മിശ്രവികാരങ്ങള്‍ മിന്നി മറയുന്നുണ്ടായിരുന്നു.

- ആദ്യരാത്രി -

- അത്രപെട്ടെന്നൊന്നും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകില്ലല്ലോ അത്‌?

- അന്നദ്ദേഹം നവവധുവിനോട്‌ മൊഴിഞ്ഞ സ്വീറ്റ്‌-നത്തിംഗ്‌സിന്റെ കൂട്ടത്തില്‍ ഇങ്ങനേയും ഒരു വാചകം ഉണ്ടായിരുന്നു - എനിക്ക്‌ ബ്ലഡ്‌ ക്യാന്‍സറാ, ഇനി വെറും രണ്ടു മാസം! -

- അയ്യോ -

അറിയാതെയാണ്‌ ആ പദം തന്റെ വായില്‍ നിന്ന് ഉതിര്‍ന്നുപോയത്‌.

ഗ്രേസി അതുകേട്ട്‌ ഇത്തിരി ഉറക്കെത്തന്നെ ചിരിച്ചു.

- അന്നു വെറും 21 വയസ്സുള്ള ഒരു പൊട്ടിപ്പെണ്ണായിരുന്നെങ്കിലും ഇത്രയും ആലോചിക്കാനുള്ള ബുദ്ധി ദൈവം തലയില്‍ ഉദിപ്പിച്ചു - ഈ രോഗം ഉള്ള ഒരാള്‍ എന്തായാലും കല്യാണം കഴിക്കാന്‍ മുതിരില്ല -

വീണ്ടും മൗനം കനത്ത നിമിഷങ്ങള്‍.

- ആ, ഇങ്ങനെ അസുഖക്കാരനാണെന്ന് ഭാവിച്ച്‌ ഭാര്യ വിഷമിക്കുന്നത്‌ കാണുമ്പോള്‍ അതില്‍ നിന്ന് അദ്ദേഹത്തിന്‌ ആനന്ദം ലഭിക്കുമെങ്കില്‍ അതായിക്കോട്ടേ -

കോഫീകപ്പുകള്‍ ഒഴിഞ്ഞു.

ഗ്രേസി വീണ്ടും ഉഷാറായി. ചിരിച്ചു കൊണ്ട്‌ തന്റെ കരം ഗ്രഹിച്ചു.


- അറിയോ സാറാ, രണ്ടുമാസം കൂടി കഴിഞ്ഞാല്‍ ഞങ്ങടെ വെഡ്ഡിംഗ്‌ ആനിവേഴ്‌സറിയാ. ഇരുപത്തിയഞ്ചാം വെഡ്ഡിംഗ്‌ ആനിവേഴ്‌സറി! ഞങ്ങളത്‌ ഗ്രാന്‍ഡ്‌ ആയി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകാ. ഞാന്‍ ക്ഷണിക്കും കേട്ടോ. നീ വരണം -

- തീര്‍ച്ചയായും ഗ്രേസീ. അഥവാ നീയിനി വിളിക്കാന്‍ മറന്നുപോയാല്‍ പോലും ഞാന്‍ ഓര്‍ത്തു വച്ച്‌ അന്നു വരും. ആ രോഗാതുരനെ ഒന്നുംകൂടിയൊന്ന് കാണുകയും ചെയ്യാല്ലോ -

ഇരുവരും പൊട്ടിച്ചിരിച്ചു.

ക്യാന്റീനില്‍ നിന്ന് തിരിച്ചു നടക്കുമ്പോള്‍ ഗ്രേസി തുടര്‍ന്നു.

- നമ്മള്‍ കെമിസ്ട്രിയില്‍ പഠിച്ചിട്ടില്ലേ സാച്വറേറ്റഡ്‌ സൊല്യൂഷന്‍ എന്ന്. ആ അതുപോലൊരു സാച്വറേറ്റഡ്‌ സൊല്യൂഷനാ ഇന്നു ഞാന്‍. ഇനിയും ഉപ്പു കലങ്ങില്ല -


ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്റെ മധുരവും തിരിച്ചദ്ദേഹം സമ്മാനിച്ച സാങ്കല്‍പ്പിക രോഗാതുരത എന്ന ഉപ്പിന്റെ കയ്പ്പും ഇഴപിരിക്കാനാവാതെ ഇടകലര്‍ന്നിരുന്നു ഗ്രേസിയുടെ ശബ്ദത്തില്‍.
--------------------------------------------------------------------------------

- ഗീത -

34 comments:

ഗീത said...

ജീവിതത്തില്‍ കണ്ടുമുട്ടിയ ചില കഥാപാത്രങ്ങള്‍ -

സ്വന്തം പൊങ്ങച്ചങ്ങള്‍ വിളമ്പുന്നതിനിടയില്‍ അടുത്ത കൂട്ടുകാരിയുടെ പോലും വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ മറന്നു പോകുന്ന സാറ -

സാറയുടെ നേരെ വിപരീത സ്വഭാവമുള്ള ഗ്രേസി -

ഇല്ലാത്ത രോഗങ്ങള്‍ ഉണ്ടെന്ന് സങ്കല്‍പ്പിച്ചും, താന്‍ ഒരു മഹാരോഗിയാണെന്ന് ഭാവിച്ചും സ്നേഹിക്കുന്നവരുടെ മനം തളര്‍ത്തുന്ന മിടുക്കനായ ഉദ്യോഗസ്ഥന്‍ ഉമ്മന്‍ -
(ജഗതി ശ്രീകുമാര്‍ ഇതു പോലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമ ഓര്‍മ്മയില്ല.)

ഒഴാക്കന്‍. said...

കഥ നന്നായിരിക്കുന്നു, എങ്കിലും ഒരല്പം നീളം കുറച്ചാല്‍ ഒന്നുകൂടി നന്നായിരുന്നു

Anya said...

Hi
Nice to see a new post :-)
I hope all is well !!

greetings Anya & Kareltje =^.^=

ramanika said...

ഭാര്യയെ തല്ലുന്ന, സംശയിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്

പക്ഷെ സ്വയം രോഗിയാണെന്ന് പറഞ്ഞു ഭാരയെ സങ്കടപെടുത്തി സന്തോഷിക്കുന്ന ഭര്‍ത്താവിനെ ആദ്യമായിട്ടാണ് കാണുന്നത്
കഥ കൊള്ളാം

താരകൻ said...

ഗ്രേസി,സാറ,ഉമ്മൻ ചെറുപറമ്പൻ..വ്യത്യസ്തതയും ആഴവുമുള്ള കഥാപാത്രങ്ങൾ..പിന്നെ ഉമ്മൻ ചെറുപറമ്പൻ സാഡിസത്തിന്റെ ഒരു വകഭേദം തന്നെയല്ലേ..കുറച്ച്ഹൈപ്പോകോൻഡ്രിയാകും കൂടിആണെന്നു തോന്നുന്നു കക്ഷി..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കൊള്ളാം. നല്ല അവതരണം. കുട്ടികളില്‍ കൂടുതല്‍ കാണുന്ന ഒരു `രോഗ'മാണിത്‌. സ്നേഹവും അറ്റെന്‍ഷനും പിടിച്ചു പറ്റാന്‍.

പട്ടേപ്പാടം റാംജി said...

ഒരു സൗഹ്രദ സംഭാഷണത്തിലൂടെ മുന്നോട്ട് പറയുന്ന കഥ ഒരു വിധ അലച്ചിലുമില്ലാതെ വളരെ ലളിതമായി പറഞ്ഞു.
ഞാനാദ്യം കരുതിയത് ഒരു ചെറിയ അനക്കം കാണുമ്പോള്‍ ഏതൊ വലിയ രോഗമാണെന്ന സംശയത്തോടെ ജിവിക്കുന്നവര്‍. മുഴുവന്‍ വായിച്ചപ്പോള്‍ ആ ധാരണ മാറി.
നന്നായി പറഞ്ഞ കഥ.

Typist | എഴുത്തുകാരി said...

ഇങ്ങിനേയും സന്തോഷിക്കുന്ന ഭര്‍ത്താക്കന്മാരോ!

anoopkothanalloor said...

കൂട്ടുകാരിയെക്കുറിച്ച് കാര്യമായി യാതൊന്നും അറിയാതെ അവളുടെ വീട്ടിൽ എത്തി അത്ഭുതപെടുന്ന കഥാപാത്രം എന്തോ വായനയിൽ ഒരു പുതിയ അനുഭവമായി തോന്നി.

വീകെ said...

ഭാര്യയുടെ സഹതാപത്തിൽ പൊതിഞ്ഞ സ്നേഹ പരിചരണം ഏതു സമയവും കിട്ടാനുള്ള മനസ്സിന്റെ ഒരടവായിട്ടേ തോന്നുന്നുള്ളു...
ഓരോരൊ നേച്ചർ....
നല്ല കഥ...

ആശംസകൾ...

പാമരന്‍ said...

നല്ല കഥ, ചേച്ചീ.

അവസാനം അങ്ങോരു ശെരിക്കും ബ്ളഡ്‌ ക്യാന്സര്‍ പിടിച്ചു മരിച്ചു പോയീന്നൊരു ട്വിസ്റ്റും കൂടെ ചേര്‍ക്കാരുന്നു :)

Sabu Kottotty said...

നല്ല കഥയ്ക്കു നീളം പ്രശ്നമില്ല...
എനിയ്ക്കെന്തായാലും ഈ കഥ ഇഷ്ടപ്പെട്ടു.

റോസാപ്പൂക്കള്‍ said...

കഥ വളരെ നന്നായി..ഭാര്യയെ ഇങ്ങനെ സങ്കടപ്പെടുത്തുന്ന ഭര്‍ത്താവോ...തികച്ചും വ്യത്യസ്തനായ കഥാപാത്രം

Muralee Mukundan , ബിലാത്തിപട്ടണം said...

സാറ ,ഗ്രേസി,താര,ഉമ്മൻ എന്നീനാലുകഥാപാത്രങ്ങളെ കൂട്ടിയിണക്കി നല്ലൊരു കഥയുടെ ശിൽ‌പ്പം കാഴ്ച്ചവെച്ചതിനഭിനന്ദനങ്ങൾ ...കേട്ടൊ

ഗീത said...

ഒഴാക്കന്‍, ആദ്യസന്ദര്‍ശനത്തിന് നന്ദി. എല്ലാ കഥയെഴുതുമ്പോഴും വിചാരിക്കും നീളം കുറയ്ക്കണമെന്ന്. പക്ഷേ എഴുതിയെഴുതി വരുമ്പോള്‍ അങ്ങു കൂടിപ്പോകും. ഇനി ശ്രമിക്കാം കേട്ടോ.

Anya, Thank you again for visiting my blog.

രമണിക, ഇങ്ങനേയും ഉണ്ട് ചില ആള്‍ക്കാര്‍.

താരകന്‍, അത്യുഗ്രന്‍ കഥകള്‍ എഴുതുന്ന താരകന്റെ ഈ അഭിപ്രായം വലിയ പ്രോത്സാഹനം തരുന്നതു തന്നെ. ശരിയാണ് ഉമ്മന് സാഡിസം മാത്രമല്ല hypochondriaയും കാണും.

ജിതേന്ദ്ര, കുട്ടികളില്‍ പലര്‍ക്കും ഉണ്ട് ഇത്. എന്റെ കൊച്ചു മോള്‍ പണ്ട് സ്കൂളില്‍ പോകാനുള്ള മടി കാരണം ഇതുപോലെ മേലായ്ക അഭിനയിക്കും. ഞാന്‍ പേടിച്ച് സ്കൂളില്‍ വിടില്ല. സ്കൂളില്‍ പോണ്ടാ എന്നായിക്കഴിഞ്ഞാല്‍ പിന്നെ ഉഷാറായി. അസുഖവും എങ്ങോ പോയി മറയും.

റാംജി, തനിക്ക് ഹൃദ്രോഗം ഉണ്ട് എന്ന് അതില്ലാത്തപ്പോഴും വിശ്വസിച്ചു നടന്ന്‌, ഒടുവില്‍ ആ രോഗം വന്നുപെട്ട ഒരാളെ എനിക്കറിയാം. വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി.

എഴുത്തുകാരീ, ഇങ്ങനെ വിചിത്ര സ്വഭാവമുള്ള ചിലരും ഉണ്ട് സമൂഹത്തില്‍. ഭാര്യയെ വിഷമിപ്പിക്കാനല്ലെങ്കില്‍ പിന്നെ ആദ്യരാത്രി തന്നെ ഒരു മഹാരോഗമാണ് തനിക്കെന്ന് പറയേണ്ട ആവശ്യമെന്ത്?

അനൂപ്, ഇത്തരത്തിലുള്ളവരും ഉണ്ട്. സ്വന്തം പൊങ്ങച്ചങ്ങള്‍ വിളമ്പുന്നതിനിടയില്‍ അടുത്ത കൂട്ടുകാരിയുടെ പോലും വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ മറന്നുപോകുന്നവര്‍.

വി.കെ., ശരിയാണ്, ഭാര്യയുടെ സ്നേഹവും പരിചരണവും എപ്പോഴും കിട്ടിക്കൊണ്ടിരിക്കണമെന്ന ആഗ്രഹം കൊണ്ടാവും. എന്നാലും അത് ഭാര്യയെ വിഷമിപ്പിക്കും എന്നൊട്ട് ഓര്‍ക്കുന്നുമില്ല.

പാമു, ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് അല്ലേ? :)

കൊട്ടോട്ടി, സന്തോഷം. നീളം അറിയാതങ്ങു കൂടിപ്പോകുന്നതാ. ഇനി കാച്ചിക്കുറുക്കി എഴുതാന്‍ പഠിക്കണം.

റോസാപ്പൂക്കള്‍, അങ്ങനേയും ഉണ്ട് ചിലര്‍. അവരറിഞ്ഞോ അറിയാതേയൊ വന്നുപോകുന്ന ഒരു സാഡിസ്റ്റിക് മെന്റാലിറ്റി.

ബിലാത്തീ, ഇത്രയും നല്ലത് പറഞ്ഞ് പ്രോത്സാഹനമേകുന്നതിന് എങ്ങനെ നന്ദി പറയണം എന്നറിയില്ല. വളരെ സന്തോഷം കേട്ടോ.

Manoraj said...

കഥ നന്നായി .. നീളം വലിയ പ്രശ്നമായി തോന്നിയില്ല.. പക്ഷെ ഗീത ജിവിതത്തിൽ കണ്ടുമുട്ടിയ കഥാപാത്രങ്ങൾ എന്ന് പറഞ്ഞു? സത്യം!!! വിശ്വസിക്കാൻ വയ്യ കേട്ടോ.. ഇത്തരത്തിൽ ആളുകൾ ഉണ്ടേന്ന്.. സാറയുടേയും ഗ്രേസിയുടെയും സ്വഭാവമുള്ളവരെ ഒത്തിരി കണ്ടിട്ടുണ്ട്.. പക്ഷെ.. ഉമ്മൻ..

കണ്ണനുണ്ണി said...

നീളം കൂടിയെന്ന് തോന്നിയതെ ഇല്ല...
വിത്യസ്ത മനോ നിലകള്‍ ഉള്ള കുറെ കഥാപാത്രങ്ങള്‍
ചിലരുടെ ഒക്കെ മനസ്സ് സഞ്ചരിക്കുന്നത് ശരിക്കും അത്ഭുധപെടുത്തും ല്ലേ

മുരളി I Murali Mudra said...

നല്ല കഥ കേട്ടോ..നല്ല ക്രാഫ്റ്റ്‌..
കഥാപാത്രങ്ങള്‍ക്കൊക്കെ ജീവനുണ്ട്...

രാജീവ്‌ .എ . കുറുപ്പ് said...

ഗീതേച്ചി കഥയ്ക്ക് നീളം കൂടി എന്നാ പരാതി ഇല്ല, കാരണം ആകാംഷ നിലനിര്‍ത്തി കൊണ്ട് തന്നെ കഥ ഒരര്‍ഥത്തില്‍ വായനക്കാരന്റെ മനസിനൊപ്പം സഞ്ചരിക്കുകയായിരുന്നു. കൂടാതെ താങ്കളുടെ ഓരോ കഥയുടെ തുടക്കവും വളരെ ലളിതമാവുന്നതിനാല്‍ ഒറ്റ ഇരിപ്പിന് തന്നെ വായിച്ചു പോകുവാനും കഴിയുന്നുണ്ട്.

മലയാള സിനിമയ്ക്കു ഒരു വനിതാ തിരക്കഥകൃത്തിനെ ലഭിക്കാന്‍ സമയം ആയി എന്ന് തോന്നുന്നു.

പക്ഷെ എനിക്ക് ഗീതേച്ചി വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഞാന്‍ അഴീക്കോട് മാഷിനെ കളത്തില്‍ ഇറക്കാന്‍ ഉള്ള പരിപാടി ആണ്.

ഹംസ said...

ഭര്‍ത്താവിന്‍റെ ചുമ കണ്ടിട്ടു ശ്രദ്ധിക്കാത്ത ഭാര്യയോടും മോളോടും ദേഷ്യം തോനി . കാര്യങ്ങളുടെ കിടപ്പു കണ്ടപ്പോള്‍ അത്ഭുതപെട്ടുപോയി. ഇങ്ങനയും ഉണ്ടാവും അല്ലെ ചിലര്‍ മറ്റുള്ളവരുടെ സിമ്പതിക്ക് വേണ്ടി. ഏറെ ഇഷ്ടപ്പെടുന്നവരുടെ വേദനയില്‍ സുഖം കണ്ടെത്തുന്നവര്‍.

കഥ വളരെ നന്നായി ഗീതേച്ചീ. വായന കഴിഞ്ഞ് ഞാന്‍ അവരെകുറിച്ചു ഓര്‍ത്തിരുന്നു പോയി.

priyag said...

katha ishttamaayi

Anya said...

Hi Geetha
Thank you very much for your translation from your post :-)
I had read it just in a comment on my blog !!!
I wish I could read your curly things ....... :-)
Hugs for you from Kareltje =^.^=

the man to walk with said...

ഇതു കൊള്ളാല്ലോ അസുഖം ..
നന്നായി അവതരിപ്പിച്ചു .ഇഷ്ടായി

Anonymous said...

ആദ്യമായി എത്തിയതിൽ സന്തോഷം...നന്നായിരിക്കുന്നു

പ്രദീപ്‌ said...

ചേച്ചി ഇത് നേരത്തെ വായിച്ചിരുന്നു . ( ഇട്ട അന്ന് തന്നെ ) . തീം കൊള്ളാം. അവതരണവും ഇഷ്ടപ്പെട്ടു . പക്ഷെ അത്ര നല്ല കഥയാണോ എന്ന് ചോദിച്ചാല്‍ , ചിന്തനീയമാണ് .
വിമര്‍ശനമല്ല . സ്നേഹത്തോടെ മാത്രം സ്വീകരിക്കുക .
നന്ദി

ആര്‍ദ്ര ആസാദ് / Ardra Azad said...

ഒരു നീണ്ടകഥ വായനയുടെ മുഷിവോടെയാണ് തുടങ്ങിയത്.പക്ഷെ ഓരോ വരി വായിക്കുമ്പോഴുമുള്ള ആകാംഷയിൽ വായന തീർന്നതും അറിഞ്ഞില്ല.പൊയ്മുഖങ്ങളിലൊളിച്ച മനുഷ്യജീവിതങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

VEERU said...

കയ്പ്പും മധുരവും നിറഞ്ഞ ഈ ജീവിതാനുഭവങ്ങളെ വരികളിലേക്കാവാഹിക്കുവാൻ നിങ്ങൾക്കൊരു പ്രത്യേക കഴിവു തന്നെയാണു കേട്ടോ.. കാലത്തിന്റെ വികൃതികളിലെ രാധയും സുകൃതികളിലെ ശശാങ്കൻ സാറും വിചിത്ര വീഥികളിലെ വിനയനുമെല്ലാം ഇതിന്റെ ഉത്തമോദാഹരണങ്ങണാണ് ..ഒരു പക്ഷേ ഈ കഥാപാത്രങ്ങളെല്ലാം സാങ്കൽ‌പ്പികമാണെങ്കിൽ കൂടി കയ്പ്പും മധുരവും നിറഞ്ഞ ജീവിതാനുഭവങ്ങളിലെ പച്ച ഗന്ധം ഉൾക്കൊള്ളാൻ അവർക്കായിട്ടുണ്ടെന്നതാൺ വാസ്തവം !!
ആശംസകൾ !!

Anonymous said...

nalla kadha
S.S

ഗീത said...

മനോരാജ്,ചിലര്‍ ഇങ്ങനേയുമുണ്ട്. ചിലപ്പോള്‍ ഭാര്യയുടെ സ്നേഹം എപ്പോഴും കിട്ടാനുള്ള ഒരു അടവായിരിക്കും.

കണ്ണനുണ്ണീ, മനസ്സിന്റെ വഴികള്‍ വിചിത്രം തന്നെയാണ്.

മുരളീ, വളരെ സന്തോഷം. നന്ദിയുണ്ട് ആ നല്ല വാക്കുകള്‍ക്ക്.

കുറുപ്പേ, എന്നെയിങ്ങനെ ചെത്ത കൊമ്പില്‍ കയറ്റിയിരുത്തരുതേ. വേഗം ഒടിഞ്ഞ് താഴെ വീണു പോം ആ കൊമ്പ് (വനിതാ തിരക്കഥാകൃത്തേ). പിന്നെ, അയ്യോ അഴീക്കോട് മാഷിനെ ഇറക്കണ്ടാ. ഏക സഹോദരിയുടെ സ്വത്ത് ഞാന്‍ അടിച്ചു മാറ്റീന്നെങ്ങാനും പറഞ്ഞാല്‍? ഇനിയെങ്കിലും നല്ല നടപ്പ് നടന്നാല്‍ കുറുപ്പിനെ വീണ്ടും സില്‍മയിലേക്ക് പരിഗണിക്കാംട്ടോ.

ഹംസ, സിമ്പതി കിട്ടാന്‍ വേണ്ടി തന്നെ. യഥാര്‍ത്ഥത്തില്‍ വലിയ രോഗമൊന്നുമൊട്ടില്ല താനും.

ഉണ്ണിമോള്‍, സന്തോഷം കേട്ടോ.

ദി മാന്‍ ടു.., വളരെ സന്തോഷം കേട്ടോ.

പാലക്കുഴി, ഇവിടേക്ക് സ്വാഗതം. ഇനിയും വരുകയും വേണം.

പ്രദീപേ, വിമര്‍ശനം എനിക്കിഷ്ടമാണ്. അതില്‍ നിന്നല്ലേ നമ്മുടെ പോരായ്മകള്‍ മനസ്സിലാകൂ. ‘ചിന്തനീയം’ എന്നൊക്കെ പറയാതെ കഥ അത്ര നന്നല്ല എന്ന് ഫ്രാങ്കായി പറഞ്ഞോളൂ. സ്നേഹത്തോടെ തന്നെ എടുക്കും. ആദ്യവായനയില്‍ കഥ കൊള്ളുകില്ലെന്നു തോന്നി കമന്റ് ഇടാതെ പോയി. പിന്നെ പ്രദീപിന്റെ പോസ്റ്റില്‍ ഞാന്‍ കമന്റ് ഇട്ടത് കൊണ്ട് ഇവിടേയും ഒരു കമന്റ് ഇടാന്‍ ബാദ്ധ്യസ്തനാണ് എന്നൊന്നും വിചാരിക്കേണ്ട കേട്ടോ. ഇതുപോലെ മനസ്സില്‍ തോന്നുന്നത് എഴുതണം എന്നു തോന്നിയാല്‍ മാത്രം കമന്റ് ഇട്ടാല്‍ മതി. നന്ദി ആ തുറന്ന അഭിപ്രായത്തിന്.

ആര്‍ദ്ര, ചിലര്‍ പൊയ്മുഖങ്ങള്‍ തക്കവും തരവും പോലെയാണ് അണിയുന്നത്. സന്തോഷം ആ വാക്കുകള്‍ക്ക്.

വീരൂ, എന്താ പറയേണ്ടത്? എല്ലാം ഓര്‍ത്തു വച്ചിരിക്കുന്നല്ലോ. വളരെയേറെ സന്തോഷം തോന്നുന്നുണ്ട്. ഇനിയുമിനിയും എഴുതണമെന്നുള്ള ആവേശവും വളര്‍ത്തി. ഹൃദയം നിറഞ്ഞ നന്ദി വീരൂ.

S.S, ഇനിയും വരുമല്ലോ അല്ലേ?

OAB/ഒഎബി said...

ഞാന്‍ മനസ്സിലാക്കിയേടത്തോളം അയാള്‍ക്ക് ഭാര്യയുടെ ശ്രദ്ധ ഒരു നിമിഷ നേരം മറ്റെവിടേക്കും പോകുന്നത് അയാള്‍ ഇഷ്ടപ്പെടുന്നില്ല. അതിനുള്ള അടവ് ആണിതൊക്കെ.

ഗീത അവിടെ ചെന്നപ്പോള്‍ സംഭവിച്ചതും അത് തന്നെ.

കമല ഹാസന്‍/സറീന വഹാബ് ബ്ലെഡ് കാനസറായി അഭിനയിച്ച പടം കണ്ട ശേഷം, എനിക്കും അത് പോലത്തെ അസുഖം ഉണ്ടായങ്കിലെന്ന് എന്റെ സ്നേഹിതന്‍ മുമ്പ് പറഞ്ഞിരുന്നു.
അത് ശ്രദ്ധിക്കപ്പെടാന്‍ മാത്രമായിരുന്നു.

ഗീത said...

ഒ.എ.ബി. പറഞ്ഞതാവും ശരി. പക്ഷേ അങ്ങനെയൊക്കെ ചെയ്യുമ്പോള്‍, തന്നെ സ്നേഹിക്കുന്നവര്‍ എത്രമാത്രം മന:പ്രയാസപ്പെടും എന്നുകൂടി ഒന്നു ചിന്തിക്കേണ്ടതല്ലയോ?

പിന്നേയ്, ഒഎബിക്ക് ഞാനൊരിടി വച്ചുതരും കേട്ടോ, എന്നെ ഇനിയും കഥാപാത്രമായി ചിത്രീകരിച്ചാല്‍ - അതും പൊങ്ങച്ചക്കാരി സാറയായി !

വിജയലക്ഷ്മി said...

കഥ വളരെ നന്നായിരിക്കുന്നു

vinus said...

ഗീത ചേച്ചി കഥ ഇഷ്ട്ടായി. ലളിതമായ കഥ പറച്ചിലിൽ വായന എവിടെയും തട്ടി നിന്നില്ല ആദ്യം ആകാംഷ പിന്നെ കൌതുകമായി പിന്നെ അതൊരു ശകലം സങ്കടായി .

വല്ലാത്ത എടങ്ങേറു പിടിച്ച മനുഷ്യരു തന്നെ.പുലി വരുന്നേ എന്നു പറഞ്ഞു ചുമ്മാ പേടിപ്പിച്ചിട്ട് ഒറിജിനൽ പുലി വന്നാ ഇനി ആരും തിരിഞ്ഞു നോക്കില്ല്ല അവസാനം അതൊരു വലിയ സങ്കടാവും മറ്റുള്ളവർക്ക്

ഗീത said...

വിജയ, സന്തോഷം വായിച്ചതില്‍. നന്ദിയും നല്ല വാക്കുകള്‍ക്ക്.

മുഹമ്മദ് ഇക്കാ, വളരെ സന്തോഷം വായിക്കാന്‍ വന്നതില്‍. ആ പ്രോത്സാഹനത്തിന് നന്ദി പറയുന്നു.

വിനു, ആ പറഞ്ഞത് വളരെ കറക്ട്. അതു കൊണ്ട് തന്നെയല്ലേ ചുമച്ചിട്ടും മൈന്‍ഡ് ചെയ്യാതെ ഗ്രേസി ഇരുന്നത്. പുലി വരുന്നേ കഥ പോലെ ആകാതിരിക്കട്ടേന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. വിനു, കഥ ആസ്വദിച്ചതിന് നന്ദി.