Saturday, August 21, 2010

കാണം വിറ്റും.....

-----------------


ഗേറ്റില്‍ ആരോ മുട്ടുന്നുണ്ടല്ലോ. യാചകനിരോധിത മേഖലയായതിനാല്‍ യാചകനല്ല. പിന്നെ വല്ല സെയില്‍സ്‌മാനുമായിരിക്കും.

ജനാലകര്‍ട്ടന്‍ വകഞ്ഞുമാറ്റി നോക്കി.

ഗേറ്റിനപ്പുറത്തു നില്‍ക്കുന്ന ആളെ കണ്ടിട്ട്‌ ഒരു സാധാരണ സെയില്‍സ്‌മാന്‍ ആണെന്നു തോന്നുന്നില്ല.

നല്ല ഉയരം ഉള്ളയൊരാള്‍. മുഖത്തിനു നല്ല തേജസും ഉണ്ട്‌. മുടി ഒരല്‍പ്പം നീട്ടി വളര്‍ത്തിയിരിക്കുന്നു. മീശയാകട്ടേ, നാടകങ്ങളില്‍ രാജാപ്പാര്‍ട്ട്‌ അഭിനയിക്കുന്നവരുടേതു മാതിരി. ആളെ തീരെ പിടികിട്ടുന്നില്ല.

എന്തായാലും ഗേറ്റ്‌ തുറന്നു കൊടുക്കാം.

മുന്‍വാതില്‍ തുറന്നപ്പോഴേക്കും ആ ആള്‍ മനോഹരമായി പുഞ്ചിരി പൊഴിച്ചു.

ഗേറ്റ്‌ തുറന്ന് ആളുടെ മുഴുരൂപം കണ്ടപ്പോള്‍ അല്‍ഭുതം തോന്നാതിരുന്നില്ല. ഒത്ത തടി. ഇത്തിരി കുമ്പയും ഉണ്ട്‌. കസവു മുണ്ടാണ്‌ ഉടുത്തിരിക്കുന്നത്‌. ഷര്‍ട്ട്‌ അണിഞ്ഞിട്ടില്ല. പകരം മറ്റൊരു കസവു നേരിയതു കൊണ്ട്‌ മേനി മൂടിയിരിക്കുന്നു. കൈയില്‍ രണ്ട്‌ സഞ്ചികള്‍. രണ്ടും വീര്‍ത്തിരിക്കുന്നു. രണ്ടിലും നിറയെ സാധനങ്ങള്‍ ഉണ്ടെന്നു തോന്നുന്നു.

"അകത്തേക്ക്‌ കടന്നോട്ടേ?"

ശബ്ദം വളരെ വിനയാന്വിതം.

"വരൂ"

ഗേറ്റിനകത്തേക്ക് ‌ കയറിയ അതിഥി മുറ്റത്തു തന്നെ നിന്നതേയുള്ളൂ.

"പ്രിയ സോദരീ, നമ്മേ സഹായിക്കണം."

"പറയൂ, എന്താണാവശ്യം?"

വന്നയാള്‍ ഒരു സഞ്ചിയില്‍ നിന്ന് ഒരു പായ്ക്കറ്റ്‌ പുറത്തെടുത്തു.

"ദയവായി ഇത്‌ ഒന്നോ രണ്ടോ എണ്ണം വാങ്ങി നമ്മേ സഹായിക്കണം. ഒരു പൊതിയ്ക്ക്‌ വെറും അഞ്ച്‌ കാശേ ഉള്ളൂ."

" അഞ്ച്‌ കാശോ?"

"എന്നു വച്ചാല്‍ നിങ്ങളുടെ അഞ്ച്‌ ഉറുപ്പിക."

"ഈ പൊതിയില്‍ എന്താണ്‌?"

"നല്ല മുന്തിയ ഇനം കാണം. കല്ലോ പതിരോ ലേശം പോലുമില്ല."

"കാണമോ? അതിനിവിടെ കുതിരയില്ലല്ലോ?"

പറയുമ്പോള്‍ ചിരിച്ചു പോയി.

"അരുത്‌ സോദരീ. ഇതിനെ വില കുറച്ചു കാണരുത്‌. പോഷകഗുണത്തില്‍ ചെറുപയറിനൊപ്പം നില്‍ക്കും കാണവും."

"പക്ഷേ ഇക്കാലത്ത്‌ ഒരുവിധപ്പെട്ട മനുഷ്യരാരും തന്നെ കാണം ഉപയോഗിക്കാറില്ല."

"അങ്ങനെ പറഞ്ഞ്‌ ഒഴിയരുത്‌ സോദരീ. നമ്മേ സഹായിക്കാനായെങ്കിലും ഇതില്‍ നിന്ന് ഒന്നോ രണ്ടോ പൊതി വാങ്ങി പകരം ഉറുപ്പിക തരുക ദയവായി."

ആ തേജസ്സുറ്റ മുഖത്ത്‌ ഒരു ദയനീയത ദൃശ്യമായി. അതുകണ്ടപ്പോള്‍ പ്രയോജനമൊന്നുമില്ലെങ്കിലും ഒന്നോ രണ്ടോ പായ്ക്കറ്റ്‌ കാണം വാങ്ങി അയാള്‍ക്കൊരു പത്തു രൂപ കൊടുത്തേക്കാമെന്നു തോന്നി.

ആളെ കണ്ടാല്‍ പരമയോഗ്യന്‍. എന്നിട്ടും ആര്‍ക്കും വേണ്ടാത്ത ഒരു വസ്തുവായ കാണം വിറ്റു നടക്കുന്നു!

ആകാംക്ഷ ചോദ്യമായി പുറത്തു വന്നു.

"ആട്ടേ എന്തിനാണിപ്പോള്‍ കാണം വിറ്റു നടക്കുന്നത്‌?"

"ഓണസ്സദ്യയുണ്ണാന്‍."

"ഓണസ്സദ്യയുണ്ണാനോ?"

വീണ്ടും ചിരിച്ചു പോയി.

"അതേ സോദരീ, നമ്മുടെ രാജ്യത്തെ ഓണസ്സദ്യ ഒന്നുണ്ണണമെന്ന് അതികലശലായൊരു മോഹം. പലേ ഗൃഹങ്ങളിലും ചെന്നു നോക്കി. എന്നാല്‍ അവിടങ്ങളിലെ സ്ത്രീജനങ്ങളൊന്നും പാചകത്തില്‍ ഏര്‍പ്പെടുന്നില്ലാ. പകരം ഒരു പെട്ടിയില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ തെളിയുന്നത്‌ നോക്കിയിരുന്നാസ്വദിക്കുന്നു. എന്താ ഒരു ഓണസ്സദ്യ തരാവുമോന്നു ചോദിച്ചപ്പോള്‍ അതിനു ഹോട്ടലില്‍ ചെല്ലണം എന്നാ അവര്‍ പറഞ്ഞത്‌. അവിടെയെല്ലാം തന്നെ ഓണസ്സദ്യ ഹോട്ടലുകളില്‍ നിന്ന്‌ വരുത്തിക്കുകയാണത്രേ! പകരം ഉറുപ്പിക കൊടുക്കണം പോല്‍! എന്നാല്‍ പിന്നെ ആ തരം ഒരു ഹോട്ടലില്‍ കയറി ഓണസ്സദ്യ ആസ്വദിച്ചു കളയാമെന്നു കരുതി. അങ്ങോട്ടേയ്ക്ക്‌ കയറിച്ചെന്നപാടേ ഹോട്ടലിന്റെ മുന്‍വശത്തിരുന്നയാള്‍ തടഞ്ഞു നിര്‍ത്തി. ഓണസ്സദ്യ ഉണ്ണാനാണ്‌ വന്നതെന്നു പറഞ്ഞപ്പോള്‍ 499 ഉറുപ്പിക തരൂ എന്നായി. അത്രയും ഉറുപ്പിക കൊടുത്താലേ ഓണസ്സദ്യ തരാവൂത്രേ! നമ്മുടെ കൈയിലുണ്ടോ ഉറുപ്പിക? അത്രയും ഉറുപ്പിക നല്‍കാതെ ഓണസ്സദ്യ നല്‍കില്ലാന്ന് ആയാള്‍ക്ക്‌ ഒരേ ശാഠ്യം. പിന്നെന്താ ചെയ്ക?

പുറത്തിറങ്ങി നടന്നപ്പോള്‍ ഇത്തിരി നിരാശയൊക്കെ തോന്നി. അപ്പോഴാണ്‌ നമ്മുടെ രാജ്യക്കാര്‍ പറയുന്നത്‌ കേട്ടിട്ടുള്ള ആ സംഗതി ഓര്‍മ്മ വന്നത്‌. കാണം വിറ്റും ഓണം ഉണ്ണണം. എന്നാല്‍ പിന്നെ അങ്ങനെയാവാമെന്നു കരുതി. പക്ഷേ, നല്ല കാണം സംഭരിക്കാന്‍ നമുക്ക്‌ നന്നേ പണിപ്പെടേണ്ടി വന്നു കേട്ടോ. നോം തന്നെ ഇതു വൃത്തിയാക്കി പൊതികളിലാക്കിയതാണ്‌. ഇതില്‍ ഒന്നോ രണ്ടോ പൊതി വാങ്ങി പകരം ഉറുപ്പിക തരൂ പ്രിയ സോദരീ."

"അങ്ങ്‌ നാട്‌ കാണാനെത്തിയ മഹാബലിയല്ലേ?"

"നോം കിരീടം ചൂടാതിരുന്നിട്ടും സോദരിക്ക്‌ നമ്മേ മനസ്സിലായി അല്ലേ?"

"അതേ, മനസ്സിലായി. ഇത്ര നിഷ്കളങ്കരായ മനുഷ്യര്‍ ഇക്കാലത്ത്‌ ഭൂമിയില്‍ ജീവിച്ചിരിപ്പില്ലല്ലോ! അങ്ങയുടെ കാണം മുഴുവനും ഞാന്‍ വാങ്ങാം. ഉറുപ്പികക്ക്‌ പകരം സ്വന്തം കൈയ്യാല്‍ ചമച്ച ഓണസ്സദ്യയൂട്ടാം."

മഹാബലി സസന്തോഷം ഓണസ്സദ്യ ഉണ്ടു.

"ഇനി അടുത്തയാണ്ടിലെ ഓണത്തിന്‌ എഴുന്നെള്ളാം. ഭവതിക്ക്‌ സര്‍വ്വമംഗളങ്ങളും ഭവിക്കട്ടേ!"

******************************************************************************


കെ. സി. ഗീത.

Saturday, July 10, 2010

അമ്മ, മകള്‍



അമ്മ.


ല്ല ആലോചന തന്നെ. പയ്യന്‌ ഉയര്‍ന്ന ഉദ്യോഗം. പ്രതിമാസ ശമ്പളം ഇന്‍ഡ്യന്‍ രൂപയില്‍ ഒന്നരലക്ഷത്തിനടുത്ത്‌ വരുമത്രേ ! പയ്യന്‍ കാണാനും നല്ല സുന്ദരന്‍. ഒത്ത ഉയരവും. സുന്ദരിയായ തന്റെ മോള്‍ക്ക്‌ നന്നേ ഇണങ്ങും.

കുടുംബവും ആഭിജാത്യമുള്ളത്‌ തന്നെ. പയ്യന്റെ മാതാപിതാക്കള്‍ ഉന്നത പദവികളില്‍ ഇരുന്ന് റിട്ടയര്‍ ചെയ്തവര്‍. കൂടെ വന്ന ബന്ധുജനങ്ങളും എന്തുകൊണ്ടും കേമര്‍. നല്ലൊരാലോചന തന്നെ ഇത്‌. മോള്‌ പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവള്‍ക്കും ഇഷ്ടമായി എന്നു തോന്നുന്നു.

എന്നാലും...

വിവാഹം കഴിഞ്ഞാലുടന്‍ പയ്യന്‍ വധുവിനേയും കൊണ്ട്‌ പറക്കും അന്യനാട്ടിലേക്ക്‌. ലീവ്‌ ഒക്കെ വളരെ കുറവാണത്രേ.

ഈ വിവാഹം നടന്നാല്‍ മകള്‍ തന്നെ പിരിഞ്ഞ്‌ കണ്ണെത്താദൂരത്തേക്ക്‌ പറന്നകലും. ഏക മകള്‍. എങ്ങനെ അവളെ കാണാതിരിക്കും? ചിന്തിക്കാനേ വയ്യ.

അവളെ ഒരു നോക്ക്‌ ഒന്ന് കാണണം എന്നു തോന്നിയാല്‍? ഒറ്റക്കൊരു വിദേശയാത്രയ്ക്കൊക്കെ തന്നെക്കൊണ്ടാവുമോ? അല്ലെങ്കില്‍ തന്നെ അതത്ര എളുപ്പമാണോ?

കല്യാണം കഴിഞ്ഞ്‌ അവര്‍ പോകുമ്പോള്‍ തന്നേയും കൂടി കൂട്ടാന്‍ പറഞ്ഞാലോ?

ശ്‌ച്ഛേ, അതു വേണ്ട. അഭിമാനം സമ്മതിക്കുമോ?

അങ്ങനെ ചോദിച്ചു കഴിഞ്ഞിട്ട്‌ അവര്‍ക്കതു പറ്റില്ലെന്നു പറഞ്ഞാല്‍ ആകെ മോശമാവും. ഇരുകൂട്ടര്‍ക്കും മന:പ്രയാസമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കും അത്‌. ഒരു സാധാരണ മലയാളി പുരുഷന്റെ മനോഭാവം തനിക്കറിയാവുന്നതല്ലേ? ഭാര്യവീട്ടുകാരോട്‌ ഒരകല്‍ച്ചയും പുച്ഛവും ഭാവിക്കുക എന്നത്‌. തന്റെ അച്ഛനമ്മമാര്‍ എത്ര തന്നെ തനിക്കു പ്രിയപ്പെട്ടവരാകുന്നോ, അത്ര തന്നെ ഭാര്യക്കും അവളുടെ മാതാപിതാക്കള്‍ പ്രിയങ്കരരാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കാനാണല്ലോ അവര്‍ക്കിഷ്ടം !

ഇനിയിപ്പം തന്നെ കൂടി കൂട്ടാന്‍ അവര്‍ക്ക്‌ സമ്മതം തന്നെ ആണെങ്കിലോ? എന്നാലും പുതുമോടിയില്‍ മധുവിധു ആഘോഷിക്കുന്ന നവദമ്പതിമാര്‍ക്ക്‌ താനൊരു കട്ടുറുമ്പ്‌ ആവുകില്ലേ? വേണ്ട അങ്ങനെ തന്നെക്കൂടെ കൊണ്ടുപോകുമോ എന്ന് അങ്ങാട്ടു കേറി ഒരിക്കലും ചോദിക്കരുത്‌.

ശ്ശോ! താനെന്തിനിതൊക്കെ ചിന്തിച്ചു കൂട്ടുന്നു? പെണ്ണുകാണല്‍ നടന്നതേയുള്ളു. വിവാഹനിശ്ചയം ഒന്നും ആയിട്ടില്ല. തന്റെ ബന്ധുക്കളെല്ലാം ഇതുറപ്പിക്കണമെന്ന് നിര്‍ബന്ധിച്ചിട്ടാണ്‌ പോയിരിക്കുന്നത്‌. എന്നു പറഞ്ഞ്‌? പെണ്ണിന്റെ അമ്മയ്ക്കല്ലേ ഉറപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം. തനിക്ക്‌ മകളും അവള്‍ക്ക്‌ താനും മാത്രമല്ലേ ഉള്ളൂ? അമ്മയായ തനിക്ക്‌ വേണ്ടെന്നു തോന്നിയാല്‍ വേണ്ട അത്ര തന്നെ!

ശരിയാണ്‌ ഈ ആലോചന വേണ്ട തന്നെ. മകളെ കണ്ണെത്താദൂരത്തേക്ക്‌ പറഞ്ഞയക്കാനൊന്നും തനിക്ക്‌ കഴിയില്ല. ഈ ചുറ്റുവട്ടത്തൊക്കെ താമസിക്കുന്ന ഒരു നല്ല പയ്യന്‍ വരട്ടേ. അത്തരം ആലോചനകളൊക്കെ ധാരാളം വന്നിരുന്നു. എല്ലാ കേസിലും എന്തെങ്കിലുമൊക്കെ ഒരു ഡിഫക്റ്റ്‌ ഉണ്ടാകും. പയ്യന്‌ നല്ല ഉദ്യോഗമെങ്കില്‍ കാണാന്‍ തീരെ യോഗ്യത കാണില്ല - ഒന്നുകില്‍ ഉയരമില്ല, അല്ലെങ്കില്‍ നിറം കുറവ്‌, അതുമല്ലെങ്കില്‍ കഷണ്ടി ബാധിച്ചുതുടങ്ങിയിരിക്കുന്നു - ഈ പയ്യന്മാര്‍ക്കൊക്കെ ഹെയര്‍ ഫിക്സിങ്ങിനെ കുറിച്ചൊക്കെ അറിയില്ലെന്നുണ്ടോ? ഇനി പയ്യന്‍ കാണാന്‍ യോഗ്യനെങ്കില്‍, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലോ ജോലിയിലോ ഒക്കെ പിന്നില്‍. ഇന്നാളൊരു ആലോചന വന്നിരുന്നു, വെറും ഒരു കിലോമീറ്റര്‍ മാത്രം അപ്പുറത്ത്‌ താമസിക്കുന്നവര്‍. പയ്യന്‍ പരമ യോഗ്യന്‍. ഉയര്‍ന്ന ഉദ്യോഗവും മെച്ചപ്പെട്ട ശമ്പളവും. പക്ഷേ എന്തു ഫലം? വീട്ടുകാര്‍ തീരെ പോര. പയ്യന്റെ അഛനും അമ്മയും ഇല്ലിറ്റെറേറ്റ്‌. വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക്‌ കള്‍ച്ചര്‍ ഉണ്ടാവുമോ? അങ്ങനെ കള്‍ച്ചര്‍ലെസ്സ്‌ ആയ വീട്ടിലേക്ക്‌ വളരെ സ്മാര്‍ട്ടായ, സുന്ദരിയായ തന്റെ മകളെ എങ്ങനെ പറഞ്ഞു വിടും? പറഞ്ഞുവിട്ടാല്‍ അവളും അവരുടെ ലെവലിലേക്ക്‌ താഴുകയേ ഉള്ളൂ.

ആ ഇനിയും വരും ആലോചനകള്‍. മോള്‍ക്ക്‌ 26 കഴിഞ്ഞെങ്കിലെന്താ കണ്ടാല്‍ ഒരു പതിനെട്ട്‌, പത്തൊന്‍പത്‌ അതിലപ്പുറം പറയില്ല.

ഇതിപ്പോള്‍ ഇരുപതാമത്തേയോ മറ്റോ ആലോചനയാണെന്ന് തോന്നുന്നു. അവള്‍ക്ക്‌ പറഞ്ഞിട്ടുള്ള ആള്‍ വരുമ്പോള്‍ എല്ലാം ശരിയാകും. ഇന്നു വന്ന പയ്യന്‍ അവള്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല. അതുകൊണ്ടല്ലേ തനിക്കീ ആലോചന വേണ്ടെന്നു വയ്ക്കാന്‍ തോന്നുന്നത്‌.

*** *** ***

മകള്‍.

പ്രാഭാതഭക്ഷണ വേള.

അമ്മയും മകളും പ്രാതല്‍ കഴിക്കയാണ്‌.

" അമ്മയുടെ ഈ ഇഡ്ഡലി എത്ര സോഫ്റ്റാ ! പൂപോലെ !”

" ആ, ആ, അമ്മയുടെ ഇഡ്ഡലിയുടെ സോഫ്റ്റ്‌നെസ്സിനെ കുറിച്ചു പറഞ്ഞോണ്ടിരുന്നോ. തന്നത്താനെ ഒരൊറ്റ വസ്തു പാകം ചെയ്യാന്‍ പഠിക്കണ്ട. മറ്റൊരു വീട്ടില്‍ ചെന്നുകയറുമ്പോഴാ വിവരമറിയാന്‍ പോണേ..."

" അതൊക്കെ ഞാന്‍ അന്നേരം പഠിച്ചെടുത്തോളുമമ്മേ. ഞാന്‍ അമ്മയുടെയല്ലേ മോള്‌!"

" ആ, ആ..."

" അമ്മയുടെ കുടുംബക്കാരുടെ സര്‍വ്വ മിടുക്കുകളും എനിക്കും കിട്ടിയിട്ടുണ്ട്‌, ഇല്ലേ അമ്മേ?
അമ്മയുടെ കുടുംബത്തിലെ മിക്കവരും ശാസ്ത്രജ്ഞര്‍. അമ്മയുടെ അച്ഛന്‍, അമ്മാവന്‍, ജ്യേഷ്ഠന്മാര്‍... ഇപ്പോഴിതാ, ശാസ്ത്രജ്ഞനാകാന്‍ അമ്മയ്ക്കൊരു മകനില്ലെങ്കിലെന്ത്‌? അമ്മയുടെ ഏകമകള്‍, ഈ ഞാന്‍, ശാസ്ത്രജ്ഞയായില്ലേ?"

"അതേ മോളേ. നിന്റെ അച്ഛന്‍ അത്രവലിയ ബുദ്ധിമാനൊന്നുമായിരുന്നില്ലെങ്കിലും നിനക്ക്‌ എന്റെ കുടുംബക്കാരുടെ തല തന്നെയാ കിട്ടിയിരിക്കുന്നത്‌. ഭാഗ്യം !"

"ആ ശാസ്ത്രജ്ഞന്മാരുടെ പാരമ്പര്യം തുടര്‍ന്നും നിലനിറുത്തണ്ടേ അമ്മേ? "

"വേണം വേണം മോളേ"

" അതിന്‌ ഞാനൊരു ഉപായം കണ്ടുപിടിച്ചിട്ടുണ്ട്‌ അമ്മേ"

" ങേ, എന്തുപായം?"

" ഞാനൊരു ശാസ്ത്രജ്ഞനെ മാത്രമേ കല്യാണം കഴിക്കൂ അമ്മേ"

" അതു നല്ലതു തന്നെ മോളേ"

" നല്ലതാണല്ലോ അല്ലേ അമ്മേ?"

" ആ തീരുമാനം വളരെ നല്ലതു തന്നെ മോളേ"

" എന്നാലമ്മ സന്തോഷിച്ചോളൂ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു !"

"ങ്ങേ ??!!?"

" അതേ അമ്മേ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു."

" നീ ചുമ്മാ തമാശ പറയല്ലേ മോളേ, അതും ഇത്തരം കാര്യങ്ങളില്‍"

"ശ്ശോ ഇതെന്തൊരമ്മ! ഇതു തമാശ പറയാനുള്ള കാര്യമാണോ?"

" മോളേ നീ...?"

" അതേ അമ്മേ. കഴിഞ്ഞ മാസം ഞാനും ഞങ്ങളുടെ ചീഫ്‌ സയന്റിസ്റ്റായ പ്രിയദര്‍ശനും തമ്മിലുള്ള വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ്‌ ഞാന്‍ അമ്മയെ വിട്ടുപോകുമെന്ന് അമ്മ വല്ലാതെ ഭയക്കുന്ന കാര്യം ഞാന്‍ പ്രിയനോട്‌ പറഞ്ഞിട്ടുണ്ട്‌. വളരെ അണ്ടര്‍സ്റ്റാന്‍ഡിംഗ്‌ ആണദ്ദേഹം.
അമ്മയെ മെല്ലെമാത്രം കാര്യം ഗ്രഹിപ്പിച്ചാല്‍ മതി എന്ന് എന്നും അദ്ദേഹം എന്നെ ഓര്‍മ്മിപ്പിക്കും. അമ്മയെ ഹര്‍ട്ട്‌ ചെയ്യരുതെന്ന കാര്യത്തില്‍ എന്നെക്കാള്‍ കൂടുതല്‍ പ്രിയനായിരുന്നു നിഷ്ക്കര്‍ഷ.”

" അമ്മേ പ്ലേറ്റിലിരിക്കുന്ന ആ ഒരിഡ്ഡലി കൂടി കഴിക്കൂ"

" ഇനി അമ്മക്ക്‌ സന്തോഷം തോന്നുന്ന ഒരു കാര്യം കൂടി പറയട്ടേ? അമ്മേ.. ഒന്നെന്റെ മുഖത്തേക്ക്‌ നോക്കുന്നേ...

"ആ, അങ്ങനേ, നല്ല കുട്ടി. ദേ, നമ്മുടെ എതിര്‍ വശത്തെ പ്ലോട്ട്‌ വാങ്ങി വീടു വയ്ക്കാന്‍ തുടങ്ങിയതാരെന്ന് അമ്മയ്ക്കറിയുമോ? "

“അമ്മ ഇങ്ങനെ കണ്ണു മിഴിക്കണ്ടാ. അത്‌ പ്രിയദര്‍ശനാണ്‌"

" അമ്മ ഇന്നലേയും കൂടി കണ്ടുകാണുമല്ലോ പ്രിയനെ?
ഇന്നിനി വൈകുന്നേരം വരും സൈറ്റില്‍ എന്നു പറഞ്ഞിട്ടുണ്ട്‌...
അന്നേരം അമ്മയ്ക്ക്‌ പരിചയപ്പെടാം...
അമ്മേ ഒരിഡ്ഡലി കൂടി കഴിക്കുന്നോ?"

"ങൂഹു..."

" അമ്മേ, അമ്മേ"

" ഇത്രേം ഭയങ്കരിയാണ്‌ നീയെന്ന് തീരെ വിചാരിച്ചിരുന്നില്ല. എന്നെ കെട്ടിപ്പിടിക്കയൊന്നും വേണ്ട. കൈയെടുക്കങ്ങോട്ട്‌..."

" അം..മ്മേ "

" പോടീ കൊഞ്ചാതെ..."

" ഇനി അമ്മയുടെ ചെവിയില്‍ മാത്രമായി ഒരു രഹസ്യം പറയട്ടേ?"

" എടീ കൊഞ്ചാതെ പോകാനാ പറഞ്ഞേ"

" അം..മ്മ...മ്മേ...."

" അമ്മയുടെ കുടുംബത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍... ദേ, ഒരു കൊച്ചു ശാസ്ത്രജ്ഞന്‍ പിറവിയെടുത്തിട്ടുണ്ടെന്നാ തോന്നണേ..."

" എടീ, നീയാ മുറ്റത്തു നിക്കണ തെച്ചിയില്‍ നിന്ന് ഒരു വലിയ കമ്പ്‌ ഇങ്ങ് ഒടിച്ചെടുത്തോണ്ടു വാ. നല്ലതൊരഞ്ചാറെണ്ണം വച്ചു തരട്ടേ നിനക്ക്‌... അഹങ്കാരി...”

*******************************

ആരുടെ പക്ഷമാണ് ശരി? വായനക്കാര്‍ പറയൂ.

- ഗീത -

( ഇത് malayaalam.com ല്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാണ്.)

Monday, May 17, 2010

രണ്ടു കള്ളികള്‍

ണ്ടു കള്ളികളുടെ കഥയാണിത്. കഥയല്ല, നടന്ന സംഭവം.

ഒരു കള്ളി ഞാന്‍ തന്നെ. മറ്റേ കള്ളി എന്നെക്കാള്‍ ഒരഞ്ചാറു വയസ്സിനു മൂപ്പുള്ള ഒരു കൂട്ടുകാരി. തല്‍ക്കാലം കുമാരി ചേച്ചി എന്നു വിളിക്കാം. സമവയസ്കരായ കൂട്ടുകാരോടുള്ള സ്വാതന്ത്ര്യമൊന്നും ഈ ചേച്ചിക്കൂട്ടുകാരിയോടെടുക്കില്ല ഞാന്‍. ഇത്തിരി ഭയഭക്തിബഹുമാനങ്ങളും അതുമൂലമുള്ള ഒരകല്‍ച്ചയും ഉണ്ടു താനും.

ഞങ്ങള്‍ കള്ളികളായതെങ്ങനെ എന്നല്ലേ? പറയാം.

മഴയാകട്ടേ, വെയിലാകട്ടേ കുടയെടുക്കുന്ന ശീലമേയില്ലയെനിക്ക്. വീട്ടില്‍ അഞ്ചാറു കുടകള്‍ ഇരുപ്പുണ്ട്, ടു ഫോള്‍ഡും ത്രീ ഫോള്‍ഡുമൊക്കെയായി. ഒന്നോ രണ്ടോ എണ്ണം കാശു കൊടുത്ത് വാങ്ങിയത്. ബാക്കിയുള്ള മൂന്നാലെണ്ണം സുഹൃത്തുക്കളോ ബന്ധുക്കളോ ഒക്കെ സമ്മാനിച്ച ഫോറിന്‍ കുടകള്‍.

എന്നാലും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഒന്നെടുത്ത് കക്ഷത്തോ ബാഗിലൊ വയ്ക്കാന്‍ തോന്നണ്ടേ?
ഇനി തോന്നിയാലോ, അന്ന് വൈകുന്നേരം തന്നെ ആ കുടയുടെ വാസം ഏതോ അജ്ഞാതനായ വ്യക്തിയുടെ വീട്ടിലാകും. പാവം കുട. അതെന്റെ വീട്ടില്‍ തന്നെ മഴയും വെയിലും ഏല്‍ക്കാതെ സസുഖം വാണുകൊള്ളട്ടേ.

അങ്ങനെ ഒരു പ്രവൃത്തിദിവസം. എനിക്ക് പോസ്റ്റോഫീസില്‍ പോയേ തീരൂ. പോകുന്ന വഴിയില്‍ ഫോട്ടോസ്റ്റാറ്റ് എടുക്കണം, പുതിയ പേന വാങ്ങണം, അങ്ങനെ പല കാര്യങ്ങള്‍.

മഴ തിരി മുറിയാതെ പെയ്യുന്നു. പതിവു പോലെ കൈയില്‍ കുടയില്ല.

കുമാരി ചേച്ചിയുടെ കുട തല്‍ക്കാലത്തേക്ക് കടം വാങ്ങാം. ചോദിച്ച ഉടനേ ചേച്ചി കുട തന്നു.

ദൈവമേ, ഇതും കൊണ്ടു കളയുമോ എന്ന ഭീതിയോടെ തന്നെയാണ് ചേച്ചിയുടെ കൈയ്യില്‍ നിന്നാ കുട വാങ്ങിയത്.

മനസ്സിനെ ‍ പലയാവര്‍ത്തി പറഞ്ഞു മനസ്സിലാക്കിച്ചു - ഇതു കുമാരി ചേച്ചിയുടെ കുടയാണ്, കൊണ്ട് കളഞ്ഞേക്കരുത്, എവിടെയും മറന്നു വച്ചേയ്ക്കരുത് എന്നൊക്കെ. എല്ലാം തലകുലുക്കി സമ്മതിച്ചു എന്റെ മനസ്സെന്ന കള്ളി. പിന്നെ തന്നത്താന്‍ ഒരു ഭീഷ്മശപഥവും ചെയ്തു - എന്തു വന്നാലും കുടയെ കൈയില്‍ നിന്ന് വേര്‍പെടുത്തുകയില്ല.

അങ്ങനെ കുമാരിച്ചേച്ചിയുടെ ടു ഫോള്‍ഡ് കുടയും കൊണ്ട്, ‍ ഒരു വിധം ശക്തിയായി തന്നെ പെയ്യുന്ന മഴയത്തേക്ക് ഇറങ്ങി.

ആഹാ! കുട നിവര്‍ത്തിയപ്പോള്‍ കണ്ട ദൃശ്യം അതിമനോഹരം ! ഇരുണ്ട ആകാശത്ത് നിറയെ നക്ഷത്രം പൂത്തപോലെ !

നക്ഷത്രഓട്ടകള്‍ പക്ഷേ തീരെ കുഞ്ഞായിരുന്നു. അതിലൂടെ വെള്ളം ഊര്‍ന്നിറങ്ങി ഒരു തുള്ളിയായി രൂപാന്തരപ്പെട്ട്, ഭൂഗുരുത്വാകര്‍ഷണത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ താഴോട്ടു നിപതിക്കാന്‍ ഇത്തിരി സമയം എടുക്കും.

ആ, സാരമില്ല, ഒന്നും ഇല്ലാത്തതിലും ഭേദമല്ലേ ഈ നക്ഷത്രക്കുടയെങ്കിലും കൈയിലുള്ളത്? ‍ കുമാരിച്ചേച്ചിക്ക് മനസ്സാ നന്ദി പറഞ്ഞു.

കാര്യങ്ങളെല്ലാം സാധിച്ചു. ഫോട്ടോസ്റ്റാറ്റ് എടുത്തു, പേന വാങ്ങി, പോസ്റ്റോഫീസില്‍ പോയി അങ്ങനെ എല്ലാം കഴിഞ്ഞു വിജയശ്രീലാളിതയായി തിരിച്ചു വന്നു.

ഇതിനിടയില്‍ എപ്പോഴോ മഴ തോര്‍ന്നിരുന്നു.

ചെയ്യുന്ന ജോലിയില്‍ ഭയങ്കര ഏകാഗ്രതയാണെനിക്ക്. അതിനാല്‍ ഈ മഴ എപ്പോഴാണ് തോര്‍ന്നതെന്ന് ഒരു പിടിയും ഇല്ല.

എന്തിനേറെ പറയണം? അനിവാര്യമായത് സംഭവിച്ചു. തിരിച്ചു വന്നപ്പോള്‍ മഴയില്ലാത്തതു കാരണം കൈയില്‍ കുടയുമില്ല!

തിരിച്ചു വന്ന് കുമാരി ചേച്ചിയെ കണ്ടപ്പോഴാണ് നടുക്കുന്ന ആ സത്യം ഒരഗ്നിപര്‍വ്വതം പോലെ മനസ്സില്‍ പൊട്ടിത്തെറിച്ചത്.

കുമാരിചേച്ചിയുടെ കുടയും താന്‍ കൊണ്ട് കളഞ്ഞിരിക്കുന്നു. കുടയും കൊണ്ട് പുറപ്പെട്ടപ്പോള്‍ എടുത്ത ഭീഷ്മശപഥം എപ്പോഴാണ് ഉരുകിപ്പോയത്?

ദൂരെ നിന്ന് മറ്റൊരാളോട് സംസാരിക്കുകയാണ് ചേച്ചി. എന്നെ കണ്ടിട്ടില്ല. പതുക്കെ അവിടെ നിന്ന് മുങ്ങി. പോയിടങ്ങളിലൊക്കെ ഒന്നുകൂടി പോയി നോക്കി. കിം ഫലം?
പോയതു പോയി.

പിന്നെ, തിരിച്ചു ചെല്ലാതെ, വെളിയില്‍ നിന്നു തന്നെ ചേച്ചിക്ക് ഫോണ്‍ ചെയ്തു.

- വീട്ടില്‍ ഒന്നു പോകണമായിരുന്നു. ചേച്ചിക്ക് ഉടനെ തന്നെ കുട വേണോ?

- വേണ്ട, കുഴപ്പമില്ല. വീട്ടില്‍ പോയിട്ടു വരൂ -

ലഞ്ച് ബ്രേക്കിന്റെ സമയമാവാറായിരുന്നു. ലഞ്ച് ബാഗില്‍ തന്നെ ഉണ്ടായിരുന്നു എങ്കിലും വീട്ടിലേക്ക് വച്ചുപിടിച്ചു.

എന്റെ ഉദ്ദേശ്യമെന്തെന്ന് പറയാതെ തന്നെ മനസ്സിലായിക്കാണുമല്ലോ. ചേച്ചിയുടെ കുട ഞാന്‍ കൊണ്ടു കളഞ്ഞു എന്നു പറയാന്‍ വന്‍‌പേടി. അപ്പോള്‍ വീട്ടിലിരിക്കുന്നതില്‍ നിന്ന് ഒരു കുടയെടുത്ത് ചേച്ചിക്ക് നല്‍കുക.

ഞാന്‍ ഉള്ളതില്‍ വച്ച് പഴയ ഒരു കുട എടുത്തു ബാഗില്‍ വച്ചു. പഴയതാണെങ്കിലും അതു നിവര്‍ത്തിയാല്‍ നക്ഷത്രാവൃതമായ ആകാശം വിരിയില്ല കേട്ടോ.

ചേച്ചിയുടെ അടുത്ത് ചെന്ന് വളരെ നിഷ്കളങ്ക ഭാവത്തില്‍ പറഞ്ഞു.

- ചേച്ചീ, ഇതു തന്നെയോ ചേച്ചിയുടെ കുട? കുറേ കുടകള്‍ ഇരിപ്പുള്ള കൂട്ടത്തില്‍ കൊണ്ടു വച്ചതു കൊണ്ട് ചേച്ചിയുടെ കുട ഏതെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല -

ചേച്ചി ആ കുട വാങ്ങി നിവര്‍ത്തി നോക്കി.
എന്നിട്ട് മുഖം ചുളിച്ച് പറഞ്ഞു

- ഏയ് ഇതല്ല കേട്ടോ എന്റെ കുട ‌-

- ശരി ഇപ്പോള്‍ ഇതു വച്ചോളൂ . നാളെ ഞാന്‍ ചേച്ചിയുടെ കുട എടുത്തു കൊണ്ടു വരാം -

ചേച്ചി സമ്മതിച്ചു.

അങ്ങനെ തല്‍ക്കാലം രക്ഷപ്പെട്ടു.

പിറ്റേന്ന് കൂട്ടത്തില്‍ നിന്ന് ‍ ഇത്തിരി നല്ലൊരു കുട തന്നെ എടുത്തു വച്ചു. ഇനി ഇതുമല്ല, നക്ഷത്രപ്പൂക്കള്‍ വിരിയുന്ന കുട തന്നെ വേണമെന്ന് ചേച്ചി ശഠിക്കുകയാണെങ്കില്‍ കുറ്റം ഏറ്റു പറഞ്ഞ് മാപ്പിരക്കാം എന്ന് മനസ്സിനെ ധൈര്യപ്പെടുത്തി.

പുതിയ കുടയുമായി ചേച്ചിയുടെ അടുത്തെത്തി.

ചേച്ചി കുട വാങ്ങി നിവര്‍ത്തി നോക്കി.

- ആ, ഇതു തന്നെ എന്റെ കുട -

ദൈവമേ ! സമാധാനമായി.

ചേച്ചി ആ കുട മൂന്നായി മടക്കി ബാഗിനുള്ളില്‍ വയ്ക്കുന്നതു കണ്ട് മനസ്സു തണുത്തു.

മറ്റുള്ളവരുടെ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് ഇത്രയും ഉത്തരവാദിത്വരഹിതമായാണോ എന്ന പഴി കേള്‍ക്കുന്നതില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെട്ടില്ലേ?

- ഗീത -

------------------------------------------------------------

ഈ രണ്ടു കള്ളികളോടും വായനക്കാര്‍ പൊറുക്കണേ.

Friday, March 26, 2010

അമൃതവര്‍ഷിണി

------------------------------



തിരുവനന്തപുരത്ത് കുളിരിന്റെ അമൃതകുംഭവുമായി എത്തിയ മഹാമഴ!

പൊള്ളുന്ന ചൂടിനും പാറുന്ന പൊടിക്കും ശമനമേകിക്കൊണ്ട് തുള്ളിക്കൊരുകുടം കണക്കേ പെയ്ത മഴ നഗരവാസികളുടെ തനുവും മനവും തണുപ്പിച്ചു.

മഴയ്ക്കു വേണ്ടി, തിരുവനന്തപുരം വലിയശാലയിലെ നവരസം സംഗീതസഭ വ്യാഴാഴ്ച രാവിലെ വലിയശാല കാന്തല്ലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ അമൃതവര്‍ഷിണി രാഗത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു, ജലദേവതയായ വരുണഭഗവാന്റെ പ്രീതിയ്ക്കായുള്ള അര്‍ച്ചന എന്ന നിലയില്‍.

ആയാംകുടി മണി, വര്‍ക്കല സി.എസ്സ്. ജയറാം, പാര്‍വതിപുരം പത്മനാഭ അയ്യര്‍ എന്നിവരായിരുന്നു ഗായകര്‍. പിന്നണിയില്‍ മുട്ടറ എന്‍. രവീന്ദ്രന്‍ ( വയലിന്‍), നാഞ്ചില്‍ അരുള്‍ ( മൃദംഗം), കൃഷ്ണയ്യര്‍ (ഘടം), നെയ്യാറ്റിന്‍‌കര കൃഷ്ണന്‍ (മുഖര്‍ശംഖ് ), കൃഷ്ണരജ്ഞിനി (തംബുരു) എന്നീവര്‍.

സംഗീതാര്‍ച്ചന തുടങ്ങും മുന്‍പ്, മഴ പെയ്യിക്കാനുള്ള അമൃതവര്‍ഷിണി രാഗത്തിന്റെ ശക്തിയെ കുറിച്ച് ഗായകരില്‍ ഒരാള്‍ ‍ ഇങ്ങനെ പറഞ്ഞു:

“മാസങ്ങളോളം മഴപെയ്യാതിരുന്നതിന്റെ ഫലമായി മനുഷ്യരും പക്ഷിമൃഗാദികളും സസ്യലതാദികളുമൊക്കെ കൊടും ചൂടില്‍ ഉരുകി വലഞ്ഞ സമയത്ത്, ശ്രീ മുത്തുസ്വാമി ദീക്ഷിതര്‍ അമൃതവര്‍ഷിണി രാഗത്തില്‍ സംഗീതാലാപനം ചെയ്ത് കൊടും മഴപെയ്യിച്ചു. കീര്‍ത്തനത്തില്‍ വര്‍ഷ, വര്‍ഷ... എന്നു പാടുന്നിടം എത്തിയപ്പോള്‍ തന്നെ മഴപെയ്തു തുടങ്ങി. മഴ കനത്ത് പ്രളയമായി മാറിയത്രേ. പിന്നെ സ്വാമികള്‍ സ്തംഭ സ്തംഭയേ... എന്നു പാടിയാണത്രേ ആ കൊടും മഴ ശമിപ്പിച്ചത്.


ഞങ്ങള്‍ ആരുമല്ല. എന്നാലും ഞങ്ങള്‍ ഒരു ശ്രമം നടത്തുകയാണ്. എത്രയും ശ്രുതിശുദ്ധിയോടെയും ഭക്തിയോടേയും ഞങ്ങള്‍ അമൃതവര്‍ഷിണി ആലപിക്കാന്‍ ശ്രമിക്കയാണ്. പ്രകൃതി കനിയട്ടേ... ”

എളിമയുള്ള ഈ വാക്കുകള്‍ ഓതി പ്രാര്‍ത്ഥനയോടെ അവര്‍ ആലാപനം തുടങ്ങി. ആദ്യം “വീണാധാരിണി.... ” എന്ന സരസ്വതീസ്തുതി. രണ്ടാമത് “സുധാമയീ...” എന്നു തുടങ്ങുന്ന കീര്‍ത്തനം. അവസാനമായി “ആനന്ദാമൃതവര്‍ഷിണീ...” എന്ന കീര്‍‍ത്തനം, രാഗവിസ്താരവും സ്വരവിസ്താരവും താളവിസ്താരവും എല്ലാം നടത്തി പൂര്‍ണതയോടെ ആലപിച്ചു.

കാതുകള്‍ക്ക് അമൃതമഴയായി വ്യാഴാഴ്ച രാവിലെ ഈ അമൃതവര്‍ഷിണി രാഗാലാപനം. ഏകദേശം മുപ്പത്താറു മണിക്കൂറിനുള്ളില്‍ ഭൂമിയെ കുളിരണിയിച്ചുകൊണ്ട് കോരിച്ചൊരിയുന്ന അമൃതവര്‍ഷം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കനത്ത തുള്ളികളായി പതിച്ച്, പിന്നെ കുറേ നേരം സൌമ്യമായി പെയ്ത് കുളിരണിയിച്ചശേഷം ഏകദേശം എട്ടരയോടു കൂടി കോരിച്ചൊരിയാന്‍ തുടങ്ങി. അകമ്പടിയായി കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം ചൊരിഞ്ഞ് ക്ഷണപ്രഭാചഞ്ചലയും കാതടപ്പിക്കുന്ന ശബ്ദഗാംഭീര്യത്തോടെ ദുന്ദുഭിയും !

ഇത്തിരി പേടി തോന്നാതിരുന്നില്ല. വീട്ടിനു മുന്നിലുള്ള റോഡ് തോടായി കുത്തിയൊലിക്കുന്നു. മുട്ടളവ് വെള്ളം. ആരുടെയോ ഒരു നീലച്ചെരുപ്പ് ഒഴുകിപോകുന്നു...

ഇടിയും മിന്നലും കനത്ത് മഴതോരാതെ നിന്നപ്പോള്‍ ഞാനും പ്രാര്‍ത്ഥിച്ചു,
‘ ഇത്രയും കനിഞ്ഞനുഗ്രഹിച്ചുവല്ലോ വരുണദേവാ, അങ്ങേക്ക് പ്രണാമം ! ഇനി മതി ... സ്തംഭ സ്തംഭയേ...’

രാത്രി പത്തരയോടെ മഴ തോര്‍ന്നു. പിന്നെ ചെറുതായി ചാറ്റല്‍. അതിപ്പോഴും തുടരുന്നു...
---------------------------------------------------------------------------------

* ഗീത *

Sunday, March 14, 2010

ഉത്തമഭാരതപൌരന്‍

-------------------------------------------

( ഈ കഥ വായിച്ച ബഹുമാന്യരായ ചില ബ്ലോഗ്ഗര്‍മാരുടെ അഭിപ്രായം മാനിച്ച് ഒരു മുന്നറിയിപ്പ് :
ഉത്തമഭാരതപൌരന്‍ എന്ന ഈ കഥ 30 വയസ്സില്‍ താഴെയുള്ള -- അതായത് പക്വത എത്താത്ത -- ‍ യുവതീയുവാക്കള്‍ വായിക്കാന്‍ പാടുള്ളതല്ല. ഈ മുന്നറിയിപ്പ് വകവയ്ക്കാതെ ഇനി അഥവാ വായിച്ചുപോയാല്‍ -- ഡോണ്ട് ട്രൈ ദിസ്‌ അറ്റ്‌ ഹോം )


മയം പതിനൊന്നാകുന്നതേയുള്ളൂ. പുറത്ത്‌ പൊള്ളുന്ന വെയില്‍.

സിറ്റിയില്‍ പോയിരുന്ന മകന്‍ കാറ്റുപോലെയാണ്‌ അകത്തേക്ക്‌ പാഞ്ഞു വന്നത്‌. വന്നപാടെ അടുക്കളയിലേക്ക്‌ പോയി. തിരിച്ചു വന്നത്‌ കൈയില്‍ ഒരു കുപ്പിഗ്ലാസ്സുമായിട്ടായിരുന്നു. ഫ്രിഡ്ജിലെ കുപ്പിയില്‍ നിന്ന് ഐസ്‌വാട്ടര്‍ ഗുളുഗുളേന്ന് ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു. പിന്നെ മടമടാന്ന് ശബ്ദമുണ്ടാക്കി കുടിച്ചു. വീണ്ടും വെള്ളം പകര്‍ന്നു, കുടിച്ചു. ഒറ്റനില്‍പ്പിനു നാലഞ്ച്‌ ഗ്ലാസ്സ്‌ വെള്ളം അകത്താക്കി.

മകന്റെ ഈ പരവേശം കണ്ട്‌, പത്രവായന നിറുത്തി കണ്ണിമയ്ക്കാതെ അവനെത്തന്നെ നോക്കിയിരിക്കയാണ്‌ അച്ഛന്‍.

പിന്നെയല്ലേ പതറിപ്പോയത്‌.

വെള്ളം കുടി കഴിഞ്ഞ്‌ മകന്‍ ആ ഗ്ലാസ്സ്‌ ശക്തിയായി ഊണുമേശമേല്‍ ഇടിച്ചു. ഗ്ലാസ്സിന്റെ മുകള്‍ ഭാഗം പൊട്ടിച്ചിതറി. ബാക്കി ഭാഗം കൂര്‍ത്തുമൂര്‍ത്ത മുനകളുമായി മകന്റെ കൈയില്‍ !

വിറച്ചുപോയി.

എന്താണിവന്റെ ഉദ്ദേശം? തൊട്ടടുത്തിരിക്കുന്ന അച്ഛനെ... ?! അതോ സ്വന്തം കൈത്തണ്ടയിലേക്ക്‌...?? എന്തിനു വേണ്ടി??? എന്റെ ദൈവമേ !!

എന്തെങ്കിലും പറയാനാവും മുന്‍പ്‌ മകന്‍ അടുത്തുകിടന്ന ഒരു കസേരയുടെ മുകളിലേക്ക്‌ ചാടിക്കയറി.


- എല്ലാരും കേള്‍ക്കാനായി പറയുകയാണ്‌. എനിക്കിന്നുതന്നെ ഒരു ഐ.ടെന്‍ വാങ്ങിത്തരണം. വാങ്ങിത്തന്നേ പറ്റൂ..... ഇല്ലെങ്കില്‍.....

അവന്‍ പൊട്ടിയ ഗ്ലാസ്സ്‌ ഭീഷണമായ രീതിയില്‍ ചുഴറ്റിക്കൊണ്ടിരുന്നു.....


*** *** *** *** ***


വൈകിട്ട്‌, കൂട്ടുകാരെ കുത്തിനിറച്ച്‌, മകന്റെ പളപളാ തിളങ്ങുന്ന ഇലക്ട്രിക് റെഡ് ഐ. ടെന്‍ സിറ്റിയില്‍ ചുറ്റിക്കറങ്ങി.

- എന്നാലും നീയിതിത്രവേഗം എങ്ങനെ ഒപ്പിച്ചെടേ?

- ഞാനൊരു ഉത്തമഭാരതപൗരനാണെന്ന് അച്ഛന്‌ ബോദ്ധ്യപ്പെട്ടു. അതിനു തന്ന സമ്മാനമാ -

- നീയോ ഉത്തമപൗരന്‍ ! ഹ ഹ ഹ... ജോക്ക്‌ ഓഫ്‌ ദി ഈയര്‍ ! മറ്റാരും ജീവിച്ചിരിപ്പില്ലെങ്കില്‍ !! ഹ ഹ ഹാ.....

- എടേയ്‌, ചിരി നിറുത്ത്‌. നിനക്കൊക്കെ എങ്ങനെ മനസ്സിലാവാന്‍ ! മുതിര്‍ന്നവരെ അനുസരിക്കുക, അവരുടെ കാലടിപ്പാടുകള്‍ പിന്‍തുടരുക എന്നൊക്കെയല്ലേ നമ്മുടെ അച്ഛനമ്മമാര്‍ എപ്പോഴും നമ്മളെ ഉപദേശിക്കുക. ഞാനാ ഉപദേശം കടുകിട തെറ്റിക്കാതെ അനുസരിച്ചു... അത്രതന്നെ.....

- എന്നാലും നീ ഇത്ര പെട്ടെന്നെങ്ങനെ ഒരു ഉത്തമപൗരന്‍ ആയീന്നാ മനസ്സിലാവാത്തത്‌...ആ ട്രിക്ക്‌ ഞങ്ങക്കും കൂടിയൊന്ന് പറഞ്ഞുതാ. ഒരു സ്കോഡ ഒക്റ്റേവിയയോ ഇന്നോവയോ ഒക്കെ തരപ്പെടുത്താന്‍ ഒക്കുമോന്ന് ഞങ്ങളും നോക്കട്ടേ.....


- ഡേയ്‌, സദാനേരവും പെണ്‍പിള്ളേരടെ പിറകേ വാലാട്ടി നടക്കാതെ വല്ലപ്പോഴുമൊന്ന് പത്രം വായിക്കയോ ടി.വി. കാണുകയോ ഒക്കെ ചെയ്യ്‌... ഈ ഇന്‍ഡ്യാമഹാരാജ്യം ഭരിക്കുന്ന, സമാദരണീയരായ, അനുകരണീയരായ, എന്തിനും പോന്നവരായ, നമ്മുടെ മുതിര്‍ന്ന ധീരനേതാക്കന്മാരില്‍ നിന്നും, എം.പി.മാരില്‍ നിന്നുമൊക്കെ നമ്മള്‍ യുവത്വത്തിന്‌ എന്തുമാത്രം പഠിക്കാനുണ്ടെന്നോ! അവരുടെ ചെയ്തികള്‍ ഒന്നു കണ്ടും കേട്ടും പഠിക്ക്‌.. എന്നിട്ടാ മാതൃക പിന്‍തുടര്‌... അങ്ങനെ ഒരു ഉത്തമഭാരതപൗരനാവാന്‍ ശ്രമിക്ക്‌ ! ദേ, ഈ എന്നെപ്പോലെ!


*** *** *** *** *** ***


വനിതാബില്ലിനെതിരേ പ്രതിഷേധിക്കാന്‍, വെള്ളം കുടിച്ച ഗ്ലാസ്സ്‌ അടിച്ചു പൊട്ടിച്ച്‌, കസേരമേല്‍ ചാടിക്കയറി "മാതൃകാപരവും അത്യന്താധുനികവുമായ" പെരുമാറ്റം കാഴ്ചവച്ച ‍ എം.പി.ക്ക്‌ നന്ദി.
------------------------------------------------------------------------


ഗീത.

Copy Right (C) 2010 K.C. Geetha.

Tuesday, March 2, 2010

കയ്പ്പും മധുരവും

ളരെക്കാലത്തെ പരിചയം ഉണ്ടെങ്കിലും ഗ്രേസിയുടെ വീട്ടില്‍ ഇന്നാദ്യമായാണ്‌ പോകുന്നത്‌. വീടിന്റെ ലൊക്കേഷന്‍ ഒക്കെ നേരത്തേ ഗ്രേസിയില്‍ നിന്നു തന്നെ മനസ്സിലാക്കിയിരുന്നു.

ചെല്ലുമെന്ന് പറഞ്ഞിരുന്നതു കൊണ്ട്‌ ഗ്രേസി വാതിക്കല്‍ തന്നെ തന്നേയും പ്രതീക്ഷിച്ചു നില്‍പ്പുണ്ടായിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങി മുറ്റത്തേക്ക്‌ കാലെടുത്തു വച്ചപ്പോളാണ്‌ തന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ചിന്ത മനസ്സില്‍ ഉടലെടുത്തത്‌.

ഗ്രേസിയുടെ കുടുംബത്തെ കുറിച്ച്‌ തനിക്കൊന്നുമറിയില്ലല്ലോ! ഭര്‍ത്താവും രണ്ടു മക്കളും ഉണ്ടെന്ന് മാത്രം അറിയാം. ഭര്‍ത്താവും രണ്ടു മക്കളും ഉണ്ടാവുക എന്നത്‌ ഏതൊരു സ്ത്രീയുടെ കാര്യത്തിലും ശരിയാവാം. ഈ ഒരു സാമാന്യവിവരത്തില്‍ കൂടുതല്‍ ഗ്രേസിയെ കുറിച്ച്‌ തനിക്കൊന്നുമറിഞ്ഞുകൂട.

സാറയ്ക്ക്‌ തന്നോടു തന്നെ അവജ്ഞ തോന്നി. താനെന്തൊരു കൂട്ടുകാരിയാണ്‌. തന്റെ കുടുംബവിശേഷങ്ങളൊക്കെ ഗ്രേസിക്ക്‌ നല്ലവണ്ണം അറിയാം. അവളതേപറ്റി താല്‍പ്പര്യത്തോടെ ‌ തിരക്കാറുമുണ്ട്‌.

തന്റെ വീട്ടു വിശേഷങ്ങള്‍ അഭിമാനപൂര്‍വ്വം വിളമ്പുന്നതിനിടയില്‍ കൂട്ടുകാരിയുടെ വിശേഷങ്ങള്‍ തിരക്കാന്‍ ഓര്‍ക്കാറില്ലെന്നതാണ്‌ ശരി.

ഗ്രേസിയുടെ ഭര്‍ത്താവിനെന്തു ജോലിയെന്നോ കുഞ്ഞുങ്ങള്‍ ഏതു പ്രായത്തിലുള്ളവരെന്നോ അവരെന്തു ചെയ്യുന്നുവെന്നോ തനിക്കറിയില്ല. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങള്‍ക്കായി ഒരു ചെറുസമ്മാനപ്പൊതി പോലും കൈയില്‍ കരുതിയതുമില്ല.

- വരൂ സാറാ -

ഗ്രേസി ഹൃദ്യമായി ചിരിച്ചു കൊണ്ട്‌ മുറ്റത്തേയ്ക്ക്‌ ഇറങ്ങി വന്നു.

തന്റെ മനസ്സിലൂറിയ ചിന്തകള്‍ സൃഷ്ടിച്ച ജാള്യത മറച്ചു കൊണ്ട്‌ ഗ്രേസിയുടെ കരം ഗ്രഹിച്ചു. അവളോടൊപ്പം പൂമുഖത്തേക്ക്‌ കയറി.

പുറത്തേ വെയിലില്‍ നിന്ന് പൂമുഖത്തളത്തിലെ കുളിര്‍മ്മയിലേക്ക്‌ കയറിയപ്പോള്‍ എന്തൊരു ആശ്വാസം.

അകത്തേ മുറിയിലേക്ക്‌ ഗ്രേസി തന്നെ കൂട്ടിക്കൊണ്ടു പോയി. ഒരു ഗ്ലാസ്സ്‌ തണുത്ത ജ്യൂസും കൊണ്ടു വന്നു.

- ഗ്രേസിയുടെ ഹസ്ബന്റ്‌?

തന്റെ ചോദ്യം കേട്ടുകൊണ്ടാണെന്നു തോന്നുന്നു, ഉള്‍മുറിയില്‍ നിന്നും ഒരു മധ്യവയസ്കന്‍ ഇറങ്ങി വന്നു.

നല്ല ഉയരം. നരയും കഷണ്ടിയും ചെറുതായി ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. വേഷം അലസമാണെങ്കിലും മുഖം പ്രൗഢഗംഭീരമെന്നുതന്നെ പറയാം. ഈ മുഖം മുന്‍പ്‌ കണ്ടിട്ടുള്ളതു പോലെ ഒരു പ്രതീതി.

- ഇതെന്റെ ഫ്രണ്ട്‌ സാറ. ഞാന്‍ പറയാറില്ലേ -

ഗ്രേസി പരിചയപ്പെടുത്തി.

അദ്ദേഹം തലകുലുക്കി ചിരിച്ചു കൊണ്ട്‌ എതിര്‍ വശത്തുള്ള സോഫയില്‍ ഇരുന്നു.

- മാഡം എവിടെ താമസിക്കുന്നു?

സാറ സ്ഥലം പറഞ്ഞു.

- ഹസ്ബന്റ്‌ ആന്‍ഡ്‌ ചില്‍ഡ്രണ്‍?

സാറ വാചാലയായി. ഇഷ്ടവിഷയമാണല്ലോ അത്‌.

ഇടയ്ക്ക്‌ ഒരു പെണ്‍കുട്ടിയുടെ മുഖം അടുക്കള വാതില്‍ക്കല്‍ തെളിഞ്ഞു.

- ഇതെന്റെ ഇളയ മോള്‍ താര -

താര ഗ്രേസിയെപ്പോലെ തന്നെയുണ്ട്‌. നല്ല ഐശ്വര്യമുള്ള മുഖം.

- മോള്‍ എന്തെടുക്കുകാ?

- ബി. എസ്സ്‌സി. ഫൈനല്‍ ഈയര്‍ -

- നിങ്ങള്‍ സംസാരിക്കൂ. ഞാന്‍ ചായ എടുക്കാം -

ഗ്രേസി അടുക്കളയിലേക്ക്‌ വലിഞ്ഞു. ഒപ്പം മോളും.

വീണ്ടും സംഭാഷണം ഗ്രേസിയുടെ ഭര്‍ത്താവുമൊത്തായി. അദ്ദേഹവും സംഭാഷണപ്രിയനാണെന്നു തോന്നുന്നു. പലേ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ഇടയ്ക്ക്‌ പലതവണ ഫോണ്‍ വിളികള്‍ വന്നു.

ഗ്രേസി അടുക്കളയില്‍ നിന്ന് ചായയുമായെത്തി. പിന്നാലെ ഒരു പ്ലേറ്റില്‍ സ്നാക്സുകളുമായി താരയും.എല്ലാവരും ഡൈനിംഗ്‌ ടേബിളിനു ചുറ്റുമായിരുന്ന് ചായ കുടിക്കാന്‍ തുടങ്ങി.

പെട്ടെന്നാണ്‌ ഗ്രേസിയുടെ ഹസ്ബന്റ്‌ ചുമയ്ക്കാന്‍ തുടങ്ങിയത്‌. ഒന്നുരണ്ടു ചുമകളില്‍ തുടങ്ങി, അതു പിന്നെ തുടര്‍ച്ചയായുള്ള ചുമയായി.

അതിഥിയെ അലോസരപ്പെടുത്തേണ്ടെന്നു കരുതിയാവും അദ്ദേഹം ഡൈനിംഗ്‌ ടേബിളില്‍ നിന്നു മാറി സോഫയിലേക്ക്‌ ഇരുന്നു.

അവിടിരുന്നും ചായകുടിയ്ക്കിടയില്‍ ചുമയ്ക്കുന്നുണ്ട്‌. ഇടയ്ക്കിടെ നെഞ്ചു തിരുമ്മുകയും അയ്യോ എന്ന്‌ ചെറിയ ശബ്ദത്തില്‍ പറയുകയും ചെയ്യുന്നുണ്ട്‌.


തന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാര്യം, ഭര്‍ത്താവ്‌ ഇത്രയൊക്കെ ചുമച്ചു കഷ്ടപ്പെട്ടിട്ടും ഗ്രേസിയ്ക്കൊരു കുലുക്കവുമില്ല. അവള്‍ തന്നോട്‌ സംസാരിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ ഡൈനിംഗ്‌ ടേബിളില്‍ തന്നെ ഇരിക്കുന്നു. ഭര്‍ത്താവിന്റെ അടുത്തേക്കൊന്നു ചെല്ലുകയോ കാര്യം തിരക്കുകയോ ചെയ്യുന്നില്ല.

ഗ്രേസി ഇത്ര കഠിനഹൃദയയോ?

താരയും ഇരുന്നിടത്തു നിന്ന് എണീറ്റിട്ടിട്ടില്ല.

ചുമ ഒന്നു ശമിച്ചപ്പോള്‍ തിരിഞ്ഞു നോക്കി ചോദിച്ചു

- സാര്‍ ചുമ എന്തേ? അലര്‍ജിയാണോ അതോ ജലദോഷമോ?-

- ആ, എല്ലാമുണ്ട്‌. ആരോഗ്യം തീരെയില്ലാത്ത ഒരാളാണെന്നേ ഞാന്‍ -

അദ്ദേഹം പിന്നേയും ചെറുതായി ചുമയ്ക്കുകയും നെഞ്ചു തിരുമ്മുകയും ചെയ്തു.

അതു കണ്ടിട്ട് വല്ലാത്ത മന:പ്രയാസം തോന്നി.

ഒഴിഞ്ഞ പ്ലേറ്റുകളും കപ്പുകളുമായി താരയും ഗ്രേസിയും അടുക്കളയിലേക്ക്‌ പോയി.

ഗ്രേസിയുടെ ഭര്‍ത്താവ്‌ അദ്ദേഹത്തിന്റെ മുറിയിലേക്കും.

അപ്പോഴാണ്‌ ഒരു ഫോണ്‍ വന്നത്‌.

- സാറാ, അതൊന്ന്‌ അറ്റന്‍ഡ്‌ ചെയ്യൂ പ്ലീസ്‌ -

അടുക്കളയില്‍ നിന്ന്‌ ഗ്രേസി വിളിച്ചു പറഞ്ഞു.

- ഓകെ, ഞാന്‍ അറ്റന്‍ഡ്‌ ചെയ്യാം ഗ്രേസീ -

ഫോണ്‍ അറ്റന്‍ഡ്‌ ചെയ്തു.

- ഹലോ -

- ഹലോ ഉമ്മന്‍ സാറുണ്ടോ മാഡം?

ഉമ്മന്‍ സാറ്‌?

ഗ്രേസിയുടെ ഹസ്ബന്റാണോ? പേരും അറിയില്ലല്ലോ കര്‍ത്താവേ!

- പാര്‍ഡന്‍ -

- ഉമ്മന്‍ ചെറുപറമ്പന്‍ സാറിന്റെ വീടല്ലേ?

ആകെ കണ്‍ഫ്യൂഷനായി.

ഉമ്മന്‍ ചെറുപറമ്പന്‍? ആ പ്രസിദ്ധ ആര്‍ക്കിടെക്ടല്ലേ?

- പ്ലീസ്‌, വണ്‍ മിനിറ്റ്‌, ഹോള്‍ഡ്‌ ഓണ്‍ -

അടുക്കളയിലേക്കോടി.

- ഗ്രേസീ, ഉമ്മന്‍ ചെറുപറമ്പനെയാ അന്വേഷിക്കുന്നത്‌ -

പാത്രം കഴുകികൊണ്ടു നിന്ന ഗ്രേസി തല തിരിക്കാതെ തന്നെ പറഞ്ഞു

- ആ, അതദ്ദേഹത്തിനാ. മോളേ, പപ്പയോട്‌ പോയി പറയൂ -


രണ്ടാമത്തെ അല്‍ഭുതം! പ്രശസ്തനായ ആര്‍ക്കിടെക്ട്‌ ഉമ്മന്‍ ചെറുപറമ്പന്‍ തന്റെ അടുത്ത കൂട്ടുകാരി ഗ്രേസിയുടെ ഭര്‍ത്താവെന്നോ?

അതും, നേരത്തേ കണ്ട ചുമച്ച്‌ അവശനായ, തീരെ ആരോഗ്യമില്ലാത്ത ആ മനുഷ്യന്‍?

അകത്തെ മുറിയില്‍ നിന്ന് ധൃതിയില്‍ ഇറങ്ങിവന്ന് അവശതയുടെ യാതൊരു ലക്ഷണങ്ങളുമില്ലാതെ ചുറുചുറുക്കോടെ ഫോണില്‍ സംസാരിക്കുന്ന ഉമ്മന്‍ ചെറുപറമ്പനെ സാകൂതം നോക്കിനില്‍ക്കാതിരിക്കാനായില്ല സാറയ്ക്ക്.

ഗ്രേസിയുടെ സര്‍നെയിം ജോണ്‍ എന്നാണ്‌. സ്വാഭാവികമായും ജോണ്‍ എന്നായിരിക്കും അവളുടെ ഭര്‍ത്താവിന്റെ പേര്‌ എന്നാണ്‌ താന്‍ ധരിച്ചു വച്ചിരുന്നത്‌. ഇതിപ്പോള്‍ അവളുടെ അപ്പച്ചന്റെ പേരായിരിക്കും ജോണ്‍ എന്നത്‌. ചിലര്‍ വിവാഹം കഴിഞ്ഞാലും മെയിഡന്‍ നെയിം മാറ്റിയെന്നിരിക്കില്ല.

ലേശം കെറുവ്‌ തോന്നി ഗ്രേസിയോട്‌. എന്നാലും അവള്‍ക്കിതുവരെ തന്നോട്‌ പറയാന്‍ തോന്നിയില്ലല്ലോ താന്‍ ഉമ്മന്‍ ചെറുപറമ്പന്റെ ഭാര്യയാണെന്ന്?

ഗ്രേസി വീണ്ടും സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ പറയാതിരിക്കാനായില്ല,

- ഗ്രേസീ നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ നിന്റെ ഭര്‍ത്താവ്‌ ഈ പ്രശസ്തനായ ആളാണെന്ന്?

- ഓ, അതിലൊക്കെ എന്തിരിക്കുന്നു സാറാ?

ഗ്രേസി വളരെ നിസ്സാര മട്ടില്‍ പറഞ്ഞു.

എന്തിരിക്കുന്നു എന്നോ? തനിക്കിതത്ര ദഹിക്കുന്നില്ലല്ലോ! സ്വന്തം ഭര്‍ത്താവ്‌ ഒരു സെലിബ്രിറ്റി ആണെന്ന് മറ്റുള്ളവരോട്‌ പറയാതിരിക്കാന്‍ കഴിയുന്നതെങ്ങനെ?

കുശലങ്ങള്‍ക്കിടയില്‍ ഇന്ന് തനിക്ക്‌ ചോദിക്കാനേ ഉണ്ടായിരുന്നുള്ളൂ, പറയാനുള്ളതിനേക്കാള്‍.


ഉമ്മന്‍ ചെറുപറമ്പന്‍ അകത്തേ മുറിയില്‍ നിന്ന് ഇറങ്ങി വന്നു, കോട്ടും സൂട്ടുമൊക്കെയണിഞ്ഞ്‌ വളരെ വെല്‍ഡ്രസ്സ്ഡ്‌ ആയി. ഒരു യാത്രയ്ക്കുള്ള പുറപ്പാടാണ്‌.

നേരത്തേ കണ്ട ചുമച്ച്‌ അവശനായ ആ മനുഷ്യനെവിടെ ഈ സ്റ്റൈലന്‍ മദ്ധ്യവയസ്കനെവിടെ?

-അപ്പോള്‍ കൂട്ടുകാരികള്‍ ഇരിക്കൂ. ഞാന്‍ ഇറങ്ങട്ടെ -

തിരിഞ്ഞ്‌ തന്നോടായി,

- ഇന്നൊരു ഡിസ്ക്കഷനുണ്ട്‌, മന്ത്രിയുമായി -


പോര്‍ച്ചില്‍ വന്നു നിന്ന കാറില്‍ കയറി അദ്ദേഹം യാത്രയായി.

പിന്നാലെ പൂമുഖം വരെ അനുഗമിച്ച ഗ്രേസി ചിരിച്ചുകൊണ്ട്‌ കൈവീശുന്നു.

ഒരല്‍ഭുതം പോലെയാണത് തനിക്ക് തോന്നിയത്. നേരത്തേ കാണിച്ച അവഗണന... ഇപ്പോഴുള്ള ഈ സൌഹൃദം !

പിന്നേയും അര മണിക്കൂര്‍ കൂടി കഴിഞ്ഞാണ്‌ സുഹൃദ്‌സന്ദര്‍ശനം അവസാനിപ്പിച്ച്‌ വീട്ടിലേക്ക്‌ മടങ്ങിയത്‌.


*** *** ***


അടുത്ത രണ്ടു ദിനങ്ങള്‍ ലീവെടുക്കേണ്ടി വന്നു, നാട്ടിലൊരു വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടി. സ്ത്രീധനമായി കിട്ടിയ കുടുംബസ്വത്താണ്‌. അത്‌ വില്‍ക്കേണ്ടി വന്നു.

അപ്പച്ചനും അമ്മച്ചിയുമൊക്കെ വല്ലാത്തൊരു ആത്മബന്ധം വച്ചുപുലര്‍ത്തിയിരുന്ന വസ്തുവകകളാണ്‌. അത്യദ്ധ്വാനം ചെയ്തു സമ്പാദിച്ചവയല്ലേ? എങ്ങനെ ആത്മബന്ധമുണ്ടാകാതിരിക്കും?

പക്ഷേ പട്ടണത്തില്‍ ജോലിയും നേടി വീടും വച്ചു പാര്‍ക്കുന്നവര്‍ക്ക്‌ നാട്ടിലെ ഭൂസ്വത്തൊക്കെ ഒരു വലിയ ഭാരമാണ്‌. അവിടെ പോയി കൃഷി ചെയ്യലും വിളവെടുക്കലും ഒന്നും നടക്കില്ല. അപ്പോള്‍ പിന്നെ വിറ്റഴിക്കുകയല്ലാതെ എന്തു നിവൃത്തി? വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട്‌ സുഖമായി ജീവിക്കുക.


അപ്പച്ചന്റേയും അമ്മച്ചിയുടേയും ആത്മാക്കള്‍ പരിഭവിക്കുന്നുണ്ടാകും. എന്നാലും എന്തു ചെയ്യാന്‍?

ബുധനാഴ്ച ഓഫീസിലെത്തി. ഗ്രേസിയെ കണ്ടപാടേ ചോദിച്ചു,

- ഗ്രേസീ, ഉമ്മന്‍ സാറിന്റെ അസുഖമൊക്കെ ഇപ്പോള്‍ എങ്ങനെയുണ്ട്‌?

-അസുഖമോ?

ഗ്രേസിയുടെ ശബ്ദത്തില്‍ വല്ലാത്ത അമ്പരപ്പ്‌!

- ആ, അദ്ദേഹത്തിന്റെ ചുമ?

- ഓ അതോ?

വളരെ നിസ്സാര മട്ടില്‍ ചോദ്യമെറിഞ്ഞിട്ട്‌ ഗ്രേസി പൊട്ടിച്ചിരിച്ചു.

ഇപ്പോള്‍ അമ്പരപ്പ്‌ തനിക്കാണ്‌. ഇതെന്തേ ഗ്രേസി ഇങ്ങനെ?

അവളുടെ വീട്ടില്‍ പോയപ്പോള്‍ കണ്ടതാണ്‌ ഉമ്മന്‍ സാര്‍ ചുമച്ച്‌ കഷ്ടപ്പെടുന്നത്‌. അതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ഗ്രേസിക്ക്‌ ഒന്നും തന്നെ അറിയാത്തപോലെ !

ഒന്നും മനസ്സിലാകുന്നില്ലല്ലോ!

അന്നുതന്നെ, ഭര്‍ത്താവ്‌ വല്ലാതെ ചുമച്ച്‌ കഷ്ടപ്പെടുന്നത്‌ കണ്ടിട്ടും അതില്‍ ഒരല്‍പം പോലും ഉത്‌കണ്ഠപ്പെടുകയോ എന്താണ്‌ അസ്കിത എന്നൊന്നു ചോദിക്കുകയോ പോലും ചെയ്യാതെ നിസ്സംഗയായിരുന്നു ചായ മൊത്തിക്കുടിക്കുന്ന ഗ്രേസിയുടെ ചിത്രം ഒരു പ്രഹേളികയായി ഇന്നും തന്റെ മനസ്സിലുണ്ട്‌.

ഇപ്പോളിതാ അസുഖവിവരം തിരക്കിയപ്പോള്‍ ഗ്രേസി പൊട്ടിച്ചിരിക്കുന്നു!

ചുണ്ടത്തെ ചിരി മായാതെ തന്നെ കൂടെ നടക്കുകയാണ്‌ ഗ്രേസി. ഉത്തരമൊന്നും പറഞ്ഞിട്ടുമില്ല. ദേഷ്യമാണ്‌ തോന്നിയത്‌. അതു സ്വരത്തില്‍ നിന്നു മറച്ചുപിടിക്കാന്‍ ശ്രമിക്കാതെ തന്നെ ചോദിച്ചു,

- അന്നത്തെ ആ ചുമ കുറവുണ്ടോന്നാ ചോദിച്ചത്‌?

കൂടെ, എത്ര ശ്രമിച്ചിട്ടും ഉള്ളിലൊതുക്കാന്‍ പറ്റാതെ മനസ്സില്‍ തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന ചിന്താധാരയും പുറത്തേയ്ക്കൊഴുകി.

- അന്നദ്ദേഹം അത്ര ഭയങ്കരമായി ചുമച്ചിട്ടും നീ ഒന്നു മൈന്‍ഡ്‌ ചെയ്യുകപോലും ഉണ്ടായില്ല?

ഓ, അടക്കമില്ലാത്ത നാവ്‌! അരുതാത്തത് പറഞ്ഞു പോയി.

- ഓ സോറി ഗ്രേസീ, എനിക്കന്ന് അങ്ങനെയൊരു ഇംപ്രഷനാ ഉണ്ടായത്‌. സോറി സോറി കേട്ടോ -

ഗ്രേസിയുടെ മുഖത്ത്‌ യാതൊരു ഭാവവ്യത്യാസവും കണ്ടില്ല. ആ ചിരി ഒട്ടും മാഞ്ഞിട്ടും ഇല്ല.

- വരൂ, നമുക്ക്‌ ക്യാന്റീനിലേക്ക്‌ പോകാം -

ഗ്രേസി ക്ഷണിച്ചു.

ക്യാന്റീനില്‍ ചെന്ന് കോഫിയും സ്നാക്സും ഓര്‍ഡര്‍ ചെയ്തു.


- സാറാ, അതദ്ദേഹത്തിന്റെ ഒരു സ്വഭാവമാണ്‌ -

- ഏത്‌?

- വലിയ അസുഖക്കാരനാണെന്ന് ഭാവിക്കുക -

അസുഖക്കാരനാണെന്ന് ഭാവിക്കുകയെന്നോ!കണ്ണില്‍ ചോരയില്ലാത്തവള്‍.

അന്ന് താന്‍ നേരിട്ട്‌ കണ്ടതല്ലേ അദ്ദേഹം വല്ലാതെ ചുമച്ചു കുരുങ്ങുന്നത്‌?

- അസുഖം ഭാവിക്കുകയാണെന്നോ ഗ്രേസീ?

ഗ്രേസി തലകുലുക്കി. എന്നിട്ടു ചിരിച്ചു കൊണ്ട്‌ പറഞ്ഞു

- അദ്ദേഹം ഒരൊന്നാംതരം അഭിനേതാവണ്‌ -

ഇവളിതെന്താ ഈ പറയുന്നത്‌? വീണ്ടും അരിശമാണ്‌ തോന്നിയത്‌. സ്വന്തം ഭര്‍ത്താവ്‌ അസുഖം അഭിനയിക്കുകയാണത്രേ!


- സാറാ, ഇപ്പോള്‍ നിനക്കറിയാമല്ലോ അദ്ദേഹം ഇത്തിരി പേരുള്ളൊരു ആര്‍ക്കിടെക്ട്‌ ആണെന്ന്. പ്രശസ്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ്‌ വര്‍ക്ക്‌ ചെയ്യുന്നതും. സൈറ്റില്‍ ചെന്നാല്‍ വളരെ ചുറുചുറുക്കുള്ള ഒരാള്‍. ജോലി ചെയ്യാനും ചെയ്യിപ്പിക്കാനും മിടുമിടുക്കന്‍ -

- പക്ഷേ ഈ ആള്‍ വീട്ടില്‍ എത്തിയാല്‍, പിന്നെ വല്ലാത്ത അവശനാണ്. ഇല്ലാത്ത രോഗങ്ങള്‍ ഒന്നും തന്നെയില്ല. സര്‍വ്വ അവയവങ്ങളും രോഗഗ്രസ്തമത്രേ! നഖവും തലമുടിയും ഒഴിച്ച്‌ മറ്റ്‌എല്ലായിടത്തും കഠിനവേദന! ഏറ്റവും ഇഷ്ടം എന്തെന്നോ? താനൊരു ഹൃദ്രോഗിയാണെന്ന് അവകാശപ്പെടാന്‍! ജന്മനാല്‍ തന്നെ ഹൃദയത്തിന്‌ തകരാറുണ്ട്‌ പോല്‍. ആ തകരാര്‍ വാല്‍വിനാണെന്നും സ്വയം കണ്ടു പിടിച്ച്‌ വച്ചിട്ടുണ്ട്‌! പക്ഷേ ഇന്നു വരെ ഒരു ഹൃദ്രോഗവിദഗ്ദന്റെ അടുത്ത്‌ പോയിട്ടും ഇല്ല -

- ബഹുനില കെട്ടിടങ്ങളുടെ മൂന്നും നാലും നിലകള്‍ ഒറ്റയടിക്ക്‌ ഓടിക്കയറും, ഒരു കിതപ്പോ ശ്വാസം മുട്ടലോ ഇല്ലാതെ. സ്റ്റെപ്സ്‌ കയറുന്നതിനിടയില്‍ ചറുപിറുന്നനെ സംസാരിക്കുകയും ചെയ്യും. ഹൃദ്രോഗിയായ ഒരാളിന്‌ ഇതു കഴിയുമോ? ഒരു ഹൃദ്രോഗവും അവകാശപ്പെടാത്ത എനിക്ക്‌, രണ്ടുനില കയറിക്കഴിയുമ്പോള്‍ തന്നെ തുടങ്ങും കലശലായ നെഞ്ചു വേദന. അതിന്‌ പരിഹാരമായി ഡീപ്‌ ബ്രെത്ത്‌ എടുത്തുകൊണ്ട്‌ കയറ്റം കയറണമെന്ന് അദ്ദേഹം തന്നെയാണ്‌ പറഞ്ഞുതന്നിട്ടുള്ളതും. രക്തത്തിലെ ഓക്സിജന്‍ കണ്ടന്റ്‌ കൂട്ടി മസിലുകള്‍ക്ക്‌ ശക്തിപകരാനാണത്രേ ഈ ഡീപ്‌ ബ്രെത്ത്‌. എഞ്ചിനീയറിംഗ്‌ ആണ്‌ പഠിച്ചതെങ്കിലും ശരീരശാസ്ത്രവും കുറച്ച്‌ അറിയാം -

ഗ്രേസി വീണ്ടും ചിരിച്ചു.

അപ്പോഴേക്കും കോഫി എത്തി.

ഒന്നും വിശ്വസിക്കാന്‍ തോന്നുന്നില്ല. അസുഖമില്ലാതെ ഒരാള്‍ അസുഖക്കാരനാണെന്ന് ഭാവിക്കുമോ? അതെന്തിനു വേണ്ടിയാകും?

സംശയം ചോദ്യരൂപത്തില്‍ പുറത്തു വന്നു.

- എന്തിനു വേണ്ടിയെന്ന് ചോദിച്ചാല്‍ അതെനിക്കറിഞ്ഞുകൂട സാറാ. ഓരോരോ നേച്ചര്‍. എന്നാലും എനിക്കു തോന്നുന്ന ഒരു കാരണം ഇതാണ്‌ - രോഗിയായി അഭിനയിച്ച്‌ മറ്റുള്ളവരുടെ ശ്രദ്ധ അല്ലെങ്കില്‍ സിമ്പതി നേടിയെടുക്കാന്‍ -

ഗ്രേസിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.

- പിന്നെ -

- ഓരോരോ രോഗം പറഞ്ഞ്‌ എന്നെ തീ തീറ്റിക്കുക. ഭാര്യ തന്നെപ്രതി മനസ്സു നീറ്റുന്നു എന്നറിയുമ്പോള്‍ അദ്ദേഹത്തിനു ഒരു സന്തോഷം ലഭിക്കുന്നുണ്ടാകും - ഒരു സാഡിസ്റ്റിക്‌ പ്ലഷര്‍ -

തിരിച്ചൊന്നും പറയാനാവാതെ ഇരുന്നു പോയി.

ഗ്രേസി തുടര്‍ന്നു.


- ഒരു കാലത്ത്‌ ഞാന്‍ വളരെയേറെ തീ തിന്നിരുന്നു. അസുഖം എന്നൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാതെ പേടിക്കുന്ന ഒരു സ്വഭാവമായിരുന്നു എനിക്ക്‌. അദ്ദേഹത്തിനാണെങ്കില്‍ അസുഖമൊഴിഞ്ഞ്‌ ഒരു നേരവുമില്ല. എന്നാല്‍ ഒന്നു ഡോക്ടറെ കാണാം എന്നു പറഞ്ഞാലോ കൊന്നു കളഞ്ഞാല്‍ വരില്ല. ഒരുപാടു കാലത്തെ സഹവാസം കൊണ്ട്‌ ഞാന്‍ മനസ്സിലാക്കിയെടുത്തതാണ്‌ ഇത്‌ - ഈ രോഗങ്ങളെല്ലാം തന്നെ ശരീരത്തിനല്ല മനസ്സിലെ സങ്കല്‍പ്പങ്ങള്‍ ആണെന്ന് -

കുറേ നിമിഷങ്ങളുടെ നിശ്ശബ്ദത.

- സാറാ, നിനക്കിതൊന്നും അങ്ങോട്ടു ദഹിക്കുന്നുണ്ടാവില്ല അല്ലേ?

ഗ്രേസി ചിരിച്ചു.

- ഒരു കാര്യം കൂടി കേട്ടോളൂ -

ഗ്രേസി ഒന്നു നിറുത്തി. അവളുടെ മുഖത്ത്‌ സമ്മിശ്രവികാരങ്ങള്‍ മിന്നി മറയുന്നുണ്ടായിരുന്നു.

- ആദ്യരാത്രി -

- അത്രപെട്ടെന്നൊന്നും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകില്ലല്ലോ അത്‌?

- അന്നദ്ദേഹം നവവധുവിനോട്‌ മൊഴിഞ്ഞ സ്വീറ്റ്‌-നത്തിംഗ്‌സിന്റെ കൂട്ടത്തില്‍ ഇങ്ങനേയും ഒരു വാചകം ഉണ്ടായിരുന്നു - എനിക്ക്‌ ബ്ലഡ്‌ ക്യാന്‍സറാ, ഇനി വെറും രണ്ടു മാസം! -

- അയ്യോ -

അറിയാതെയാണ്‌ ആ പദം തന്റെ വായില്‍ നിന്ന് ഉതിര്‍ന്നുപോയത്‌.

ഗ്രേസി അതുകേട്ട്‌ ഇത്തിരി ഉറക്കെത്തന്നെ ചിരിച്ചു.

- അന്നു വെറും 21 വയസ്സുള്ള ഒരു പൊട്ടിപ്പെണ്ണായിരുന്നെങ്കിലും ഇത്രയും ആലോചിക്കാനുള്ള ബുദ്ധി ദൈവം തലയില്‍ ഉദിപ്പിച്ചു - ഈ രോഗം ഉള്ള ഒരാള്‍ എന്തായാലും കല്യാണം കഴിക്കാന്‍ മുതിരില്ല -

വീണ്ടും മൗനം കനത്ത നിമിഷങ്ങള്‍.

- ആ, ഇങ്ങനെ അസുഖക്കാരനാണെന്ന് ഭാവിച്ച്‌ ഭാര്യ വിഷമിക്കുന്നത്‌ കാണുമ്പോള്‍ അതില്‍ നിന്ന് അദ്ദേഹത്തിന്‌ ആനന്ദം ലഭിക്കുമെങ്കില്‍ അതായിക്കോട്ടേ -

കോഫീകപ്പുകള്‍ ഒഴിഞ്ഞു.

ഗ്രേസി വീണ്ടും ഉഷാറായി. ചിരിച്ചു കൊണ്ട്‌ തന്റെ കരം ഗ്രഹിച്ചു.


- അറിയോ സാറാ, രണ്ടുമാസം കൂടി കഴിഞ്ഞാല്‍ ഞങ്ങടെ വെഡ്ഡിംഗ്‌ ആനിവേഴ്‌സറിയാ. ഇരുപത്തിയഞ്ചാം വെഡ്ഡിംഗ്‌ ആനിവേഴ്‌സറി! ഞങ്ങളത്‌ ഗ്രാന്‍ഡ്‌ ആയി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകാ. ഞാന്‍ ക്ഷണിക്കും കേട്ടോ. നീ വരണം -

- തീര്‍ച്ചയായും ഗ്രേസീ. അഥവാ നീയിനി വിളിക്കാന്‍ മറന്നുപോയാല്‍ പോലും ഞാന്‍ ഓര്‍ത്തു വച്ച്‌ അന്നു വരും. ആ രോഗാതുരനെ ഒന്നുംകൂടിയൊന്ന് കാണുകയും ചെയ്യാല്ലോ -

ഇരുവരും പൊട്ടിച്ചിരിച്ചു.

ക്യാന്റീനില്‍ നിന്ന് തിരിച്ചു നടക്കുമ്പോള്‍ ഗ്രേസി തുടര്‍ന്നു.

- നമ്മള്‍ കെമിസ്ട്രിയില്‍ പഠിച്ചിട്ടില്ലേ സാച്വറേറ്റഡ്‌ സൊല്യൂഷന്‍ എന്ന്. ആ അതുപോലൊരു സാച്വറേറ്റഡ്‌ സൊല്യൂഷനാ ഇന്നു ഞാന്‍. ഇനിയും ഉപ്പു കലങ്ങില്ല -


ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്റെ മധുരവും തിരിച്ചദ്ദേഹം സമ്മാനിച്ച സാങ്കല്‍പ്പിക രോഗാതുരത എന്ന ഉപ്പിന്റെ കയ്പ്പും ഇഴപിരിക്കാനാവാതെ ഇടകലര്‍ന്നിരുന്നു ഗ്രേസിയുടെ ശബ്ദത്തില്‍.
--------------------------------------------------------------------------------

- ഗീത -

Sunday, January 17, 2010

കുഞ്ഞുകറുമ്പിയും മക്കളും




കുഞ്ഞുകറുമ്പിയും മക്കളും






മക്കളെ പാലൂട്ടിയ ശേഷം കുഞ്ഞുകറുമ്പി ജാലകത്തിലൂടെ പുറം‌ലോകം വീക്ഷിക്കുന്നു.








പൂച്ചക്കറുമ്പിയും നായക്കറുമ്പിയും. രണ്ടുപേരും തമ്മില്‍ വല്യ സ്നേഹത്തിലാ...

നായ അനിയത്തി വളര്‍ത്തുന്നതാണ്. പൂച്ച രണ്ടുവീട്ടിലും ഒരുപോലെ വരും.