Monday, December 14, 2009

യാത്രയിലെ കൂട്ടുകാരി

മയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെദൂരമുണ്ട് വണ്ടിയോടിച്ചു പോകാന്‍. ഏഴുമണി കഴിയും എന്തായാലും അവിടെ എത്തിപ്പറ്റാന്‍. ഡ്രൈവിങ്ങിന്റെ വിരസത അകറ്റാനായി അയാള്‍ ആ ചെറുകവലയില്‍ വണ്ടിനിറുത്തി. റോഡിന്റെ വലതു വശത്തു കണ്ട ചായക്കടയില്‍ കയറി കടുപ്പത്തില്‍ ഒരു ചായ കുടിച്ചു. അവിടെ ഒരഞ്ചുമിനിറ്റ് ഇരുന്ന് പരിസരം വീക്ഷിച്ചു.

ഒട്ടും പുരോഗമനം എത്താത്ത നാട്ടിന്‍പുറം. ബഞ്ചുകളും ഡസ്കുമിട്ട ഈ ചായക്കടതന്നെ അവിടത്തെ ഏറ്റവും വലിയ സ്ഥാപനം. ഒരു മുറുക്കാന്‍ കട, തയ്യല്‍ക്കട, ഒരു പ്രൊവിഷന്‍ സ്റ്റോര്‍, ചെറിയൊരു ബേക്കറി - ഇത്രയുമൊക്കെ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. ഈ കെട്ടിടങ്ങള്‍ക്ക് പുറകിലായും, റോഡിന്റെ ഇരുപുറത്തുമായും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന വയലേലകളാണ്.

- സാറെങ്ങോട്ടാണാവോ?
ചായക്കടക്കാരന്‍ ലോഹ്യം ചോദിച്ചു.
- വില്വപുരത്തേക്ക് -
- ഓ അങ്ങോട്ടാണെങ്കി എനി ഒരുവാട് വണ്ടിയോടിക്കണല്ലോ -
- ഉവ്വോ?
അയാള്‍ എണീറ്റു. കൂടുതല്‍ വിശ്രമിച്ചാല്‍ പറ്റില്ല.

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മെല്ലെ മുന്നോട്ടെടുക്കുന്നതിനിടയില്‍ ചായക്കടയുടെ വാ‍തില്‍ക്കല്‍ നിന്ന് തന്നെത്തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന ചായക്കടക്കാരനു നേരേ കൈവീശി. മുന്നില്‍ ഒരു ചെറിയ വളവാണ്. വണ്ടി മുന്നോട്ടെടുത്ത് ഗിയര്‍ മാറ്റുന്നതിനിടയിലാണ് കണ്ടത്, റോഡിന്റെ ഇടതുവശത്തായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. അവള്‍ കാറിനു നേരേ കൈ കാണിച്ചു. അയാള്‍ ഒന്നു സംശയിച്ചു എങ്കിലും കാര്‍ നിറുത്തി.

- സര്‍, വില്വപുരത്തേക്കാണോ?
- അതേ -
- ഞാനതിനടുത്തു വരേയാ. എന്നെയൊന്നു ഡ്രോപ്പ് ചെയ്യുമോ?

അയാള്‍ ആകെ ആശയക്കുഴപ്പത്തിലായി. കാറില്‍ കയറ്റണോ? ആരേയും വിശ്വസിച്ചുകൂടാത്ത കാലമാണ്.

അയാളുടെ മനസ്സു വായിച്ചിട്ടെന്ന പോലെ അവള്‍ കെഞ്ചി.
- സര്‍ പ്ലീസ് -

കാഴ്ചയില്‍ പ്രശ്നക്കാരിയാണെന്നൊന്നും തോന്നുന്നില്ല. ഒരു സാധാരണപെണ്‍കുട്ടി. ഇത്തിരി ഉയരക്കൂടുതല്‍ ഉണ്ടെന്നു തോന്നുന്നു. താന്‍ പോകുന്ന വഴിക്ക് ഒന്ന് ഡ്രോപ്പ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. പോരെങ്കില്‍ അവളെ കയറ്റാതെ പോയാല്‍ മനസ്സു തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും - ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാതിരുന്നതിന്.

അയാള്‍ റിമോട്ട് അമര്‍ത്തി ഡോര്‍ ലാച്ചുകള്‍ ഉയര്‍ത്തി.
അവള്‍ പിന്‍ സീറ്റില്‍ കയറി ഇടത്തേയറ്റം ചേര്‍ന്ന് ഇരുന്നു.

അവള്‍ കയറുന്നതിനിടയില്‍, അയാള്‍ പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആ ചായക്കടയും മറ്റും റോഡിന്റെ വളവുമൂലം കാഴ്ചയിലില്ല.

അവളുടെ സാന്നിദ്ധ്യം കാറിനുള്ളില്‍ സുഖകരമായൊരു പരിമളം പരത്തി. അതയാള്‍ നന്നേ ആസ്വദിച്ചു. എന്തിന്റെ വാസനയാണിത്? അയാളാലോചിച്ചു നോക്കി. ഏതായാലും മുല്ലപ്പൂവിന്റേയോ പിച്ചിപ്പൂവിന്റേയോ വാസനയല്ല. പിന്നെ?

കാര്‍ സ്പീഡില്‍ ഓടാന്‍ തുടങ്ങി. പുറകിലിരിക്കുന്ന പെണ്‍കുട്ടി യാതൊരു സംഭാഷണത്തിനും മുതിരുന്നില്ല. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി അയാള്‍ ചോദിച്ചു.

- കുട്ടിക്ക് എവിടാ ഇറങ്ങേണ്ടത്?
- വില്വപുരത്തു നിന്ന് രണ്ടുകിലോമീറ്റര്‍ അപ്പുറം -

വീണ്ടും മൌനം. അതുടയ്ക്കാന്‍ പിന്നെ അയാളും ശ്രമിച്ചില്ല.

കുഴപ്പമില്ല. തനിക്കു വില്വപുരത്തു നിന്ന് നാലഞ്ചു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോകണമല്ലോ. വഴിയില്‍ ഈ പെണ്‍കുട്ടിയെ ഇറക്കാം.

കാര്‍ നല്ല സ്പീഡില്‍ ഓടുകയാണ്. വളരെ വിജനമായ പാത. ഒരു മനുഷ്യജീവി പോയിട്ട് ഒരു നാല്‍ക്കാലിയെ പോലും എങ്ങും കാണാനില്ല. റോഡിന്റെ ഇരുവശങ്ങളിലും കൃഷിയൊന്നുമില്ലാതെ ഉണങ്ങിവരണ്ടു കിടക്കുന്ന പാടശേഖരം മാത്രം. അപൂര്‍വ്വമായി മാത്രം റോഡരികില്‍ തണല്‍മരങ്ങള്‍.

സന്ധ്യാംബരത്തിന് വല്ലാത്തൊരു ചോരച്ച നിറമാണിന്ന് എന്ന് അയാള്‍ക്ക് തോന്നി.

പിന്നിലെ പെണ്‍കുട്ടി ഇപ്പോഴും മൌനത്തിന്റെ വല്‍മീകത്തില്‍ തന്നെ. ഇട്യ്ക്ക് അവളവിടെ ഉണ്ടോന്നുപോലും അയാള്‍ സംശയിച്ചു. ഒന്നു തല ചരിച്ചു നോക്കിയാല്‍ റെയര്‍മിററിലൂടെ അവളുടെ വസ്ത്രത്തിന്റെ തുമ്പു കാണാമായിരുന്നു.

ഡ്രൈവിങ്ങിനിടയില്‍ പലതവണ അവളുടെ സാന്നിദ്ധ്യം അയാള്‍ മിററിലൂടെ നോക്കി ഉറപ്പു വരുത്തി.
വെളുത്ത ചുരീദാറായിരുന്നു അവളുടെ വേഷം. സുന്ദരിയാണോന്നു ചോദിച്ചാല്‍ ആണെന്നോ അല്ലെന്നോ പറയാന്‍ അയാളുടെ മനസ്സു കൂട്ടാക്കിയില്ല. കുനിഞ്ഞു ലിഫ്റ്റ് ചോദിക്കുന്നതിനിടയില്‍, അവളുടെ പല്ലുകളില്‍ കമ്പിയിട്ടിരുന്നതായി കണ്ട കാര്യം അയാള്‍ ഓര്‍ത്തു.

അവള്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, ആ മൌനത്തെ ബഹുമാനിക്കാം എന്നയാള്‍ കരുതി. ഒന്നുമില്ലെങ്കിലും, ഈ സന്ധ്യനേരത്ത്, വിജനമായ ഈ വീഥിയിലൂടെ, വളരെ അകലെയൊരിടത്തേക്ക് യാത്ര ചെയ്യാനായി ഒരന്യപുരുഷനായ തന്നെ വിശ്വാസത്തിലെടുത്തതല്ലേ? അവള്‍ പറയാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ കിണ്ടിക്കിളച്ച് ചോദിച്ച് ആ വിശ്വാസത്തിന് കോട്ടം തട്ടിക്കണ്ട. അവള്‍ ഇങ്ങോട്ടു പറയാന്‍ തുനിയുകയാണെങ്കില്‍ കേള്‍ക്കാം. എന്തെങ്കിലും ഹെല്പ് ആവശ്യപ്പെടുകയാണെങ്കില്‍ അതും ചെയ്തു കൊടുക്കാം. അയാള്‍ മനസ്സില്‍ കരുതി.

സന്ധ്യാംബരത്തിന്റെ ചുവപ്പും, വിജനമായ വീഥിയും, കനത്ത മൌനവും...

എല്ലാം കൂടി എന്തോ ഒരു പ്രത്യേകാന്തരീക്ഷം സൃഷ്ടിക്കുന്നതു പോലെ...

മൌനത്തിന്റെ മണ്‍കൂട് തകര്‍ക്കാന്‍ എം.പി.3 പ്ലേയര്‍ ഓണ്‍ ആക്കാമെന്നു വിചാരിച്ചു. പിന്നതു വേണ്ടെന്നു വച്ചു. സഹയാത്രികയ്ക്ക് ഇഷ്ടമായില്ലെങ്കിലൊ?

പാടശേഖരങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അവിടവിടെയായി കരിമ്പനകള്‍ എഴുന്നു നില്‍ക്കുന്നതു കാണായി. കടും ചുവപ്പാര്‍ന്ന സന്ധ്യാമേഘത്തിന്റെ പശ്ചാത്തലത്തില്‍ ഇരുണ്ട രൂപത്തില്‍ കാണപ്പെട്ട കരിമ്പനകള്‍ ഏതോ ഒരു ഭീതിദ ദൃശ്യം പോലെ അയാള്‍ക്കു തോന്നി.

ശ്ശേ, ഭീതിദ ദൃശ്യമെന്നോ?

അയാള്‍ ആ ചിന്തയെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. കവിഹൃദയമുണ്ടായിരുന്നെങ്കില്‍ നല്ലൊരു കവിത എഴുതാന്‍ പറ്റിയ ദൃശ്യം. അല്ലെങ്കില്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ക്ക് പകര്‍ത്താന്‍ തോന്നുന്ന അതീവ സുന്ദരദൃശ്യം. ശരിയാണല്ലോ, തന്റെ കൈയില്‍ ക്യാമറ ഉണ്ടല്ലോ. കാറ്‌ നിറുത്തി ഈ ദൃശ്യമൊന്നു പകര്‍ത്തിയാലോ? മനസ്സില്‍ ഇങ്ങനെയൊക്കെ തോന്നിയെങ്കിലും ആക്സിലറേറ്ററില്‍ നിന്നെടുത്തു മാറ്റി ബ്രേക്കില്‍ ചവിട്ടാന്‍ അയാളുടെ ‍കാല്‍ വിസമ്മതിക്കുന്നതു പോലെ...

സന്ധ്യാംബരത്തിന്റെ കടുത്ത ചുവപ്പില്‍ കാളിമ പടരാന്‍ തുടങ്ങുന്നു. റോഡിലും ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. അയാള്‍ ഹെഡ് ലൈറ്റ് ഓണ്‍ ആക്കി.


കാറ് നല്ല സ്പീഡില്‍ തന്നെ പാഞ്ഞു കൊണ്ടിരുന്നു. ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ മുന്നിലുള്ള വിജനമായ റോഡ് മാത്രം കാണാം. ഇരുവശങ്ങളിലും നിബിഡമായി വളര്‍ന്നുനില്‍ക്കുന്ന വന്‍‌മരങ്ങളാണെന്നു തോന്നുന്നു.

ഏ.സി.യുടെ തണുപ്പ് അയാളെ അലോസരപ്പെടുത്തി.

- ഏ.സി. ഓഫാക്കട്ടേ? വല്ലാത്ത തണുപ്പ് -
അയാള്‍ മര്യാദപൂര്‍വ്വം പെണ്‍കുട്ടിയോട് ചോദിച്ചു.

നേര്‍ത്തൊരു മൂളല്‍ മാത്രമായിരുന്നു അതിന് അവളില്‍ നിന്നുണ്ടായ പ്രതികരണം.

അയാള്‍ ഏ.സി. ഓഫാക്കി. എന്നിട്ട് ഡ്രൈവിംഗ് സീറ്റിലെ വിന്‍ഡൊ ഗ്ലാസ്സ് അല്‍പ്പമൊന്ന് താഴ്ത്തി. കാറ്റ് ഒരിരമ്പത്തോടെ ഉള്ളിലേക്ക് അടിച്ചു കയറി. ഒപ്പം മനം മയക്കുന്ന സുഗന്ധവും...

ഹായ് എന്തൊരു സുഗന്ധം! അയാള്‍ മൂക്കു വിടര്‍ത്തി അതാസ്വദിച്ചു. എന്തു ഗന്ധമാണിത്?

പിടികിട്ടി.

പാല‍പ്പൂഗന്ധം!

വഴിയരികിലെവിടെയോ പാലമരം പൂത്തുലഞ്ഞു നില്‍പ്പുണ്ടാവും.

അയാള്‍ക്കൊരു സംശയം ജനിച്ചു. തന്റെ സഹയാത്രിക കാറില്‍ കയറിയപ്പോള്‍ പ്രസരിച്ച പരിമളം ഇതായിരുന്നോ? പാലപ്പൂമണം?

ദൂരം കുറേ പിന്നിട്ടിട്ടും മദിപ്പിക്കുന്ന ആ ഗന്ധം അങ്ങനെ മൂക്കിലേക്കടിച്ചു കയറുന്നു..

ഇതെന്താ വഴിനീളെ പൂത്ത പാലകളാണോ?



പെട്ടെന്ന് അയാളുടെ മനസ്സിലേക്ക് ഓര്‍മ്മകള്‍ ഇരച്ചെത്തി. കുട്ടിക്കാലത്ത് മുത്തശ്ശിയുടെ മടിയില്‍ തലവച്ച് കിടന്ന് കേട്ട യക്ഷിക്കഥകള്‍...

യക്ഷിപ്പാലകള്‍ പൂക്കുമ്പോഴാണത്രേ സുഗന്ധമിങ്ങനെ മൈലുകളോളം പരക്കുന്നത്...

കുട്ടിക്കാലത്ത്, പേടിയാണെങ്കിലും യക്ഷിക്കഥകള്‍ കേള്‍ക്കാന്‍ വലിയ ഹരമായിരുന്നു. പകല്‍ സമയത്ത് കഥ കേട്ടാല്‍ പേടി തോന്നില്ല. പക്ഷേ, രാത്രി കിടക്കപ്പായില്‍ കിടന്നാലുടന്‍ മുത്തശ്ശിയുടെ പേടിപ്പെടുത്തുന്ന കഥാപാത്രങ്ങളെല്ലാം ചുറ്റിനും കൂടും. പിന്നെ മുത്തശ്ശിയെ മുറുകെ കെട്ടിപ്പുണര്‍ന്ന് ആ വെറ്റിലമണവും ആസ്വദിച്ചു കിടക്കുകയേ നിവര്‍ത്തിയുള്ളൂ. അങ്ങനെ കിടക്കുമ്പോള്‍ തോന്നിയിരുന്ന ആ സുരക്ഷിത ബോധം!


വിന്‍ഡോ ഗ്ലാസ്സ് കുറച്ചു മാത്രം താഴ്ത്തി വച്ച ജാലകത്തിലൂടെ ആര്‍ത്തിരമ്പി കയറിവരുന്ന സുഗന്ധിയായ കാറ്റിന് വല്ലാത്തൊരു മൂളല്‍..

അയാള്‍ക്ക് വീണ്ടും അലോസരം തോന്നി. വിന്‍ഡോ ഗ്ലാസ്സ് ഉയര്‍ത്തി വച്ചു. കാറിനകത്ത് ചൂടു തോന്നിത്തുടങ്ങിയപ്പോള്‍ ഒന്നും മിണ്ടാതെ അയാള്‍ ഏ. സി. ഓണാക്കുകയും ചെയ്തു. ഒരിക്കല്‍ കൂടി മിററിലൂടെ നോക്കി സഹയാത്രികയുടെ വസ്ത്രാഞ്ചലം കാണാനുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

*** *** ***


വില്വപുരം മെയിന്‍ ഠൌണില്‍ നിന്ന് വീണ്ടും നാലഞ്ചു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയാലാണ് സുഹൃത്തിന്റെ വീട്ടിലെത്തുക. തന്റെ വിവാഹത്തിന് ക്ഷണിക്കാനാണയാള്‍ പോകുന്നത്. സുഹൃത്തിന്റെ വിവാഹം രണ്ടര വര്‍ഷം മുന്‍പേ കഴിഞ്ഞിരുന്നു. വിദേശത്തായിരുന്നതിനാല്‍ അന്നതിനു പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവന്റെ ഭാര്യയേയും കുഞ്ഞിനേയും കണ്ടിട്ടുമില്ല. ഇന്നിപ്പോള്‍ സൌഹൃദ സന്ദര്‍ശനവും വിവാഹക്ഷണനവും ഒന്നിച്ചാക്കാമെന്നു കരുതി.

സുഹൃത്തിനും ഭാര്യയ്ക്കും നല്‍കാനായി കുറേ സമ്മാനപ്പൊതികള്‍ കരുതിയിട്ടുണ്ട്. പക്ഷേ അന്നേരം ഒന്നരവയസ്സുള്ള കുഞ്ഞിന്റെ കാര്യം മറന്നുപോയി. വില്വപുരം ഠൌണില്‍ നിന്ന് കുറച്ച് കാഡ്ബറീസ് ചോക്ലേറ്റുകള്‍ വാങ്ങാം.

സാമാന്യം നല്ലൊരു ബേക്കറിയോട് ചേര്‍ത്ത് കാര്‍ നിറുത്തി.

- കുറച്ച് സാധനങ്ങള്‍ വാങ്ങിയിട്ടു വരാം -
പെണ്‍കുട്ടി വീണ്ടും ഒരു മൂളലില്‍ സമ്മതം പ്രകടിപ്പിച്ചു.

ബേക്കറിയിലേക്ക് കയറിയതും കഷ്ടകാലത്തിന് വൈദ്യുതി പണിമുടക്കി. എമര്‍ജന്‍സി ലാമ്പിന്റെ മങ്ങിയ വെളിച്ചത്തില്‍ ചോക്ലേറ്റ്സും മറ്റു കുറേ ബേക്കറി സാധനങ്ങളും തിരഞ്ഞെടുത്തു. തിരിച്ചു കാറിലേക്ക് വന്നപ്പോള്‍ ഒരു പത്തു മിനിറ്റോളം കഴിഞ്ഞുകാണും. എങ്ങും കുറ്റാക്കുറ്റിരുട്ട്.

ഡ്രൈവിങ്ങ് സീറ്റില്‍ കയറിയിരുന്ന ശേഷമാണ് അയാള്‍ക്കത് ചോദിക്കാന്‍ തോന്നിയത്.
- കുട്ടിയ്ക്കെന്തെങ്കിലും വാങ്ങാനുണ്ടായിരുന്നോ?

തിരിച്ച് പ്രതികരണമൊന്നുമില്ല.

നേരത്തേ ചോദിക്കാന്‍ തോന്നാതിരുന്ന തന്റെ ആലോചനാശൂന്യതയില്‍ പ്രതിഷേധിക്കുകയാണോ?
- സോറി, ഞാന്‍ നേരത്തേ അന്വേഷിക്കേണ്ടതായിരുന്നു. കുഴപ്പമില്ല, പറഞ്ഞാല്‍ മതി ഞാന്‍ വാങ്ങിക്കൊണ്ടു വരാം -
എന്നിട്ടുമില്ല ഒരു മൂളല്‍ പോലും.

അയാള്‍ മിററിലൂടെ എത്തിനോക്കി. കാറിനകത്തും ഇരുട്ടാണ്.
മിററിലൂടെ ഒന്നും കാണാന്‍ വയ്യ.

അയാള്‍ തല തിരിച്ചു നോക്കി.
പിന്‍ സീറ്റ് ശൂന്യം!

അതോ കാറിനുള്ളിലെ ഇരുട്ടില്‍ തനിക്ക് കാണാന്‍ പറ്റാത്തതോ? കാറിനുള്ളിലെ ബള്‍ബ് കത്തിച്ചു.
ഏയ്, പിന്‍ സീറ്റില്‍ ആരുമില്ല തന്നെ!

അയാള്‍ അന്ധാളിച്ചു. എവിടെപ്പോയി അവള്‍? ഇനി എന്തെങ്കിലും വാങ്ങാനായി ഏതെങ്കിലും കടയില്‍ കയറിയതാവുമോ?

കുറച്ചുനേരം വെയിറ്റ് ചെയ്യുക തന്നെ.

അയാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങി നിന്നു. മങ്ങിയവെളിച്ചത്തില്‍ കണ്ണുകള്‍ അവള്‍ക്കായി പരതി.

ഒരല്‍പ്പം കഴിഞ്ഞപ്പോള്‍ വൈദ്യുതി തിരികെ വന്നു. വില്വപുരം ഠൌണ്‍ പ്രകാശത്തില്‍ കുളിച്ചു.


അയാള്‍ ആശ്വാസത്തോടെ കാറില്‍ ചാരിനിന്ന് ഓരോ കടകളിലേക്കും കണ്ണു പായിച്ചു. കാണാവുന്ന ദൂരത്തുള്ള കടകളിലൊന്നും ഒരു വെളുത്തചുരീദാര്‍ക്കാരി നില്‍ക്കുന്നതായി കാണാനുണ്ടായിരുന്നില്ല.

പിന്നെ അയാള്‍ എല്ലാ കടകളിലും കയറിയിറങ്ങിത്തന്നെ പരതി.

എങ്ങുമില്ല. അയാള്‍ ആകെ വിഷമിച്ചു. പേരുപോലും അറിയില്ല. ആ സ്ഥിതിക്ക് ആരെന്നു പറഞ്ഞു ചോദിക്കും.
എന്നിട്ടും ഒന്നുരണ്ടു കടക്കാരോട് വെള്ള ചുരീദാറിട്ട ഒരു പെണ്‍കുട്ടി ഇങ്ങോട്ടു കടന്നു വന്നോ എന്നന്വേഷിക്കയും ചെയ്തു.

അയാള്‍ ഹതാശനായി വീണ്ടും കാറിനടുത്തേക്കു വന്നു. അവളിരുന്നഭാഗത്തെ ഡോര്‍ തുറന്നു നോക്കി. ഇല്ല, അവളില്ല.

അവള്‍ക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയിട്ടില്ല. ഇവിടെയങ്ങ് ഇറങ്ങിക്കളയാമെന്ന് തീരുമാനിച്ചോ?
എന്നാലും ഇത്രദൂരം കൂട്ടിക്കൊണ്ടു വന്ന തന്നോട് ഒരു നന്ദിവാക്കു പോലും പറയാതെ അങ്ങനെ അങ്ങു മുങ്ങിക്കളയുകയോ?

വീണ്ടും കുറേ മിനിറ്റുകള്‍ കൂടി അയാള്‍ അവിടെ കാത്തുനിന്നു. അയാള്‍ക്ക് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു. ഒന്നു രണ്ടു വട്ടം കാറിന്റെ ഹോണ്‍ മുഴക്കി നോക്കി. അടുത്തെങ്ങാനും ഉണ്ടെങ്കില്‍ വരട്ടേ എന്നു കരുതി. മൂന്നാലു തവണയായപ്പോള്‍ അടുത്ത കടക്കാര്‍ എത്തി നോക്കാന്‍ തുടങ്ങി. അയാള്‍ ഉടന്‍ കാറിനുള്ളില്‍ കയറിയിരുന്നു. വീണ്ടും ഒരു പത്തുമിനിറ്റോളം കാത്തു. ആ പെണ്‍കുട്ടിയുടെ നിഴല്‍ പോലുമില്ല.

ഇനി കാത്തിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. മനസ്സില്‍ ദേഷ്യം നുരഞ്ഞു പൊന്തുകയായിരുന്നു. അയാള്‍ ഓര്‍ത്തു -

- വില്വപുരത്തു നിന്ന് രണ്ടു കിലോമീറ്റര്‍ കൂടി പോകണം എന്നല്ലേ പറഞ്ഞത്. രണ്ടു കി.മീ. അത്രവലിയ ദൂരമല്ല. നടന്നു പോകാവുന്നതേയുള്ളൂ. താന്‍ ബേക്കറിയില്‍ പോയ തക്കം നോക്കി ഇറങ്ങിപ്പോയതാകും. പോരെങ്കില്‍ കറന്റ് പോയതിനാല്‍ ഇരുട്ടിന്റെ മറവും. ഒന്നും പറയാതെ മിണ്ടാതെ ഇറങ്ങിപ്പോകാമെന്നു കരുതിക്കാണും. എന്തൊരു നന്ദികേട്! ഇനി ഒരിക്കല്‍ പോലും ഒരൊറ്റയെണ്ണത്തിന് ഇങ്ങനെയൊരുപകാരം ചെയ്യില്ല -

അയാള്‍ മനസ്സില്‍ ഉറപ്പിച്ചു.

കാര്‍ കുറേ ദൂരം കൂടി ഓടിയപ്പോള്‍ അയാളുടെ ദേഷ്യം തണുക്കാന്‍ തുടങ്ങിയിരുന്നു. പിന്നെ അയാള്‍ ആശ്വസിച്ചു -

- അല്ല, താനെന്തിനിത്ര വേവലാതിപ്പെടുന്നു? ആരെന്നോ ഏതെന്നോ അറിയാത്ത ഒരു പെണ്‍കുട്ടി - ലിഫ്റ്റ് ചോദിച്ചപ്പോള്‍ കൊടുത്തു- സ്ഥലമെത്തിയപ്പോള്‍ അവള്‍ ഇറങ്ങിപ്പോയി. ഒരു നന്ദിവാക്കുപോലും ഉരിയാടിയില്ല എന്നത് നേര്. അതുകൊണ്ടെന്താ? ഒരു തലവേദന ഒഴിഞ്ഞു കിട്ടി എന്നങ്ങ് വിചാരിച്ചാല്‍ പോരേ?

- ചിലപ്പോള്‍ നാട്ടുകാരെ പേടിച്ചാകും അവളങ്ങനെ ചെയ്തത്. സ്വന്തം നാടല്ലേ, പരിചയക്കാര്‍ പലരും കണ്ടേക്കാം നിരത്തില്‍. ഒരന്യപുരുഷന്റെ കാറില്‍, അതും ഇരുട്ടു വീണതിനു ശേഷം, വന്നിറങ്ങുന്നത് അവരാരെങ്കിലും കണ്ടാല്‍ ചിലപ്പോള്‍ മോശമായേക്കും. അത്തരമൊരു സ്ഥിതിവിശേഷമുണ്ടാകാതിരിക്കാന്‍ അവള്‍ കണ്ടുപിടിച്ച വഴിയാകാം ഇത്. ആ, ആട്ടേ, എന്തുമാകട്ടേ. നന്ദി പറഞ്ഞില്ലെങ്കിലും മനസ്സിലെങ്കിലും അവള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കാതിരിക്കില്ല, സുരക്ഷിതമായി ഇത്രടം എത്തിച്ചതിന് -

അയാള്‍ അവള്‍ക്ക് മനസ്സാലേ മാപ്പു കൊടുത്തു.


*** *** ***

സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. ഗേറ്റ് തുറന്നിട്ട്, തന്നെയും പ്രതീക്ഷിച്ച് പൂമുഖത്തു തന്നെ നില്‍പ്പുണ്ടായിരുന്നു അവര്‍.

കാറ് പൂട്ടി ബാഗ്ഗേജും എടുത്തിറങ്ങി.

ഹൃദ്യമായ ചിരിയോടെ സ്വാഗതമോതി നില്‍ക്കുന്നു, കുഞ്ഞിനേയും തോളിലേറ്റി സുഹൃത്തിന്റെ നല്ലപാതി.
- ഹായ് ഭാഭീ -

അയാള്‍ ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ അഭിവാദനമോതി. കുഞ്ഞിന്റെ ഇളംകവിളില്‍ തലോടി. അവന്‍ അമ്മയുടെ തോളില്‍ അള്ളി‍പ്പിടിച്ചിരുന്നു കൊണ്ട് അതിഥിയെ നോക്കി പരിചിതഭാവത്തില്‍ ചിരിച്ചു. ആദ്യമായി കാണുന്ന തന്നെ നോക്കി ആ ഇളം പൈതല്‍ പൊഴിച്ച പാല്‍‌പ്പുഞ്ചിരി മനസ്സില്‍ ഒരു കുളിര്‍ നിലാമഴ പോലെ പെയ്തിറങ്ങുന്നത് അയാളറിഞ്ഞു.

നീണ്ട യാത്രയുടെ ക്ഷീണം നന്നേയുണ്ടായിരുന്നു. അതിനാല്‍ കുശലങ്ങളൊക്കെ കഴിഞ്ഞ്, ഒരു കുളിയും പാസ്സാക്കി, ഭക്ഷണവും കഴിച്ച് തനിക്കായി രണ്ടാം നിലയില്‍ ഒരുക്കിയിരുന്ന കിടക്കമുറിയിലേക്ക് വന്നു. യാത്രയിലെ കൂട്ടുകാരിയെ കുറിച്ച് വന്നു കേറിയ ഉടനെ സുഹൃത്തിനോട് പറയണമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നത് വേണ്ടെന്നു വച്ചു. അവളുടെ സുരക്ഷയെ കരുതി തന്നെ. സുഹൃത്തിനും ചിലപ്പോള്‍ അവളെ അറിയാമെന്നു വന്നേക്കും. നാട്ടുകാരല്ലേ? തന്നോടൊപ്പമുള്ള യാത്ര അവള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ച സ്ഥിതിക്ക് താനായിട്ടെന്തിനത് പരസ്യമാക്കണം?

*** *** ***

സ്വപ്നരഹിതമായ നീണ്ട സുഖസുഷുപ്തിക്ക് ശേഷം തെളിഞ്ഞ ഒരു പുലരിയിലേക്കാണയാള്‍ കണ്ണു തുറന്നത്. ജീവിതത്തിലിന്നുവരെ ഇത്രയും സുഖകരമായി താന്‍ ഉറങ്ങിയിട്ടേയില്ലെന്നയാള്‍ക്ക് തോന്നി. ശരീരത്തിന് നല്ലൊരു സുഖം.

സമയം എട്ടരയോളം ആയിരിക്കുന്നു. അതുകണ്ടപ്പോള്‍ അയാള്‍ക്കൊരു ചമ്മലും തോന്നി.
ച്ഛേ, സുഹൃത്തും ഭാര്യയും തന്നെപ്പറ്റി എന്തു വിചാരിക്കും, ഇത്രയും താമസിച്ചുണര്‍ന്നാല്‍?

വേഗം തന്നെ പ്രഭാതകൃത്യങ്ങളൊക്കെ കഴിച്ച്, കുളിച്ച് ഡ്രസ്സ് മാറി താഴെയെത്തി.

തീന്‍ മേശമേല്‍ ആവിപറക്കുന്ന വിഭവവങ്ങള്‍ നിരത്തുകയാണ് ഭാഭി.

- ഉറക്കമൊക്കെ സുഖമായിരുന്നോ?
ഭാഭി അന്വേഷിച്ചു.
- ഓ, യെസ്, വളരെ സുഖമായി ഉറങ്ങി ‌-

അപ്പോഴേക്കും കുഞ്ഞിനേയും എടുത്ത് സുഹൃത്തും എത്തി.

- ബെഡ്കോഫി വേണോ അതോ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നോ?
വീണ്ടും ഭാഭി അന്വേഷിച്ചു.

- ഈ ഒന്‍പതുമണിക്കോ ബെഡ് കോഫി?
സുഹൃത്ത് കളിയാക്കി.

- ബ്രേക്ക്ഫാസ്റ്റ് തന്നെയാവാം ഭാഭീ -

ഭാഭി പ്ലേറ്റുകള്‍ നിരത്തി, അവയില്‍ ഇഡ്ഡലിയും ചട്ട്ണിയും സാമ്പാറും വിളമ്പി. ജഗ്ഗില്‍ നിന്ന് ചായ കപ്പുകളിലേക്ക് പകര്‍ന്നു.

സ്വാദിഷ്ഠമായ പ്രാതല്‍ കഴിഞ്ഞ് അയാളും സുഹൃത്തും പൂമുഖത്ത് ഒത്തുകൂടി. കുഞ്ഞിനെ കുളിപ്പിച്ച് ഉറക്കിയശേഷം ഭാഭിയും അവരോടൊപ്പം കൂടി.

പഴംകഥകള്‍ പലതും പറയാനുണ്ടായിരുന്നു അയാള്‍ക്കും സുഹൃത്തിനും. നഴ്സറി മുതല്‍ പ്ലസ് ടു തലം വരെ സതീര്‍ത്ഥ്യരായിരുന്നു അവര്‍. പിന്നെ ബി.ടെക്കിനു ചേര്‍ന്നപ്പോള്‍ രണ്ടുപേരും വളരെ അകലങ്ങളിലുള്ള കോളേജുകളിലായിപ്പോയി.

എന്നാലും സുഹൃദ്ബന്ധത്തിന്റെ ഇഴപൊട്ടാതെ അവര്‍ സൂക്ഷിച്ചിരുന്നു.

ഉച്ചഭക്ഷണം കൂടി കഴിഞ്ഞിട്ടു വേണം അവിടെ നിന്ന് പോകാനെന്നായിരുന്നു കരാര്‍. അതിനാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഭാഭി അടുക്കളക്കാര്യങ്ങള്‍ നോക്കാനായി പോയി.

വായനപ്രിയനായ സുഹൃത്ത് അനേകം ആനുകാലികങ്ങള്‍ വരുത്തുന്നുണ്ടായിരുന്നു. സൌഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ അവയൊക്കെ ഓരോന്നായി എടുത്തു നോക്കുന്നതിനിടയിലാണ് സുഹൃത്തിന്റെ പഴയ ഒരു കോളേജ് മാഗസീന്‍ കണ്ണില്‍ പെടുന്നത്. താല്‍പ്പര്യത്തോടെ അതെടുത്ത് മറിച്ചു നോക്കി.

കലാസാഹിത്യാദികളില്‍ ഇത്തിരി നിപുണത കാണിച്ചിരുന്ന സുഹൃത്തിന്റെ ചിത്രങ്ങള്‍ പല പേജുകളിലും കണ്ടു.

- നീ ഒരു ഹീറൊ ആയിരുന്നല്ലേ കോളേജില്‍?
- ഹും അതൊരു കാലം -
സുഹൃത്ത് നെടുവീര്‍പ്പോടെ പറഞ്ഞു.

മാഗസീന്റെ അവസാന പേജുകളില്‍ സ്പോര്‍ട്ട്സ് ടീമുകളുടെ ഫോട്ടോകള്‍.

പെട്ടെന്നാണത് അയാളുടെ കണ്ണില്‍ പെട്ടത്.

അതിലൊരു ഫോട്ടോയില്‍ ഇന്നലത്തെ തന്റെ സഹയാത്രിക?

ബാഡ്മിന്റണ്‍ ടീമിന്റെ ഫോട്ടോയാണത്.

അയാള്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. ഇതവള്‍ തന്നെയല്ലേ? കൂട്ടത്തില്‍ ഏറ്റവും പൊക്കം കൂടിയ പെണ്‍കുട്ടി. ചിരിച്ചുനില്‍ക്കുന്ന ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കിയാല്‍ പല്ലിലെ കമ്പിയും കാണാം.

ഇതവള്‍ തന്നെ.

അയാള്‍ക്ക് ആകാംക്ഷയടക്കാന്‍ കഴിഞ്ഞില്ല.

- ഇതേതാ ഈ പെണ്‍കുട്ടി?

- എന്താ, നിനക്കറിയുമോ ഈ കുട്ടിയെ?

അതിനുത്തരം പറയാന്‍ അയാളൊന്നു വിഷമിച്ചു. പിന്നെ പറഞ്ഞു,

- നല്ല മുഖപരിചയം തോന്നുന്നു. അതാ ചോദിച്ചേ -

- നീ ഉദ്ദേശിക്കുന്ന ആളാവാന്‍ വഴിയില്ല -

ഭാഭി ഉറങ്ങിയുണര്‍ന്ന കുഞ്ഞിനേയും കൊണ്ട് കടന്നു വന്നു. അവന്‍ ചിണുങ്ങുന്നുണ്ട്.

- ദേ ഇവനെ ഒന്നു കളിപ്പിക്കൂ. അടുക്കളയില്‍ ഒരുപാട് പണിയുണ്ട് ‌-

സുഹൃത്ത് കുഞ്ഞിനെ കൈയില്‍ വാങ്ങി.

- നീ വാ. ഇവനേയും കൊണ്ട് തൊടിയിലൊന്നു കറങ്ങിവരാം -
സുഹൃത്ത് ക്ഷണിച്ചു.

അവരൊരുമിച്ച് തൊടിയിലേക്ക് നടന്നു. വളരെ വിശാലമായ തൊടിയാണ്. നിറയെ സസ്യലതാദികള്‍ പടര്‍ന്നു കിടക്കുന്നു.

സുഹൃത്ത് കുറേ നേരം മൌനിയായി നടന്നു. പിന്നെ പെട്ടെന്ന് അയാളുടെ നേരേ തിരിഞ്ഞ് ചോദിച്ചു
- നീയെന്തേ ആ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചത്? നിനക്കെങ്ങനെ അവളെ അറിയാം?

പെട്ടെന്ന് ഈ ചോദ്യശരം നേരിടേണ്ടി വന്നപ്പോള്‍ അയാള്‍ അമ്പരന്നുപോയി.
- അത് - അത് ആ ഫോട്ടോ കണ്ടിട്ട് നല്ല മുഖപരിചയം തോന്നുന്നു. പക്ഷേ ആരെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുമില്ല-
അയാളൊരു നുണ പറഞ്ഞു. പിന്നെ ചോദ്യമെറിഞ്ഞു,

- ആട്ടേ, നിന്റെ കോളേജ് മേറ്റല്ലേ? നിനക്കറിയുമോ അവളെ?

കുറെ നിമിഷങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് മറുപടി പറഞ്ഞത്.
- എനിക്കറിയാം. എന്റെ ജൂനിയര്‍ ആയിരുന്നു. സ്പോര്‍ട്ട്സ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ കുട്ടി -
സുഹൃത്ത് ഒന്നു നിറുത്തി.

നീണ്ട ഒരു മൌനത്തിനു ശേഷമാണ് പിന്നെ കഥതുടര്‍ന്നത്.

- അവളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇത്തിരി കുറ്റബോധമുണ്ട് -

- എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രതാപിയായി വിലസി നടന്നിരുന്ന കാലം. ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്തെല്ലാമുണ്ടാകും എന്ന മട്ടിലായിരുന്നു അന്നു ഞാന്‍ -

- എങ്ങനെയെന്നറിയില്ല, ഒരേ ക്ലാസ്സിലല്ലാഞ്ഞിട്ടും ഈ പെണ്‍കുട്ടിക്ക് എന്നോടൊരാരാധന -

- ഒരിക്കലും നേരില്‍ പറഞ്ഞിട്ടില്ല, മുഖദാവില്‍ വന്നിട്ടുമില്ല -

- എന്നാലും അവളുടെ സുഹൃത്തുക്കള്‍ വഴിയാണെന്നു തോന്നുന്നു എന്റെ ചില കൂട്ടുകാര്‍ ഇതറിഞ്ഞു. എന്നെ കളിയാക്കാനും തുടങ്ങി -

- ഞാനറിയാത്തൊരു ആരാധികയോ എനിക്ക്? കൂട്ടുകാര്‍ കാട്ടിത്തന്നു -

- പക്ഷേ -
- കോലുപോലെ കുറേ പൊക്കം, മെലിഞ്ഞുണങ്ങിയ ശരീരം, ഉണ്ടക്കണ്ണുകള്‍, ഉന്തിയപല്ലുകള്‍...

- ഇങ്ങനൊക്കെ ഒരു ചിത്രമായിരുന്നു എന്റെ കണ്ണില്‍ പതിഞ്ഞത് -

- ആരാധികയെ കാട്ടിത്തന്ന കൂട്ടുകാരോട് ഞാനിതേക്കുറിച്ചൊക്കെ പുച്ഛത്തോടെ പറഞ്ഞ് ചിരിച്ചു തള്ളി -

- എനിക്ക് അവളെ പ്രതിയുള്ള ഇം‌പ്രഷന്‍ ഇങ്ങനൊക്കെ ആണെന്ന് ആ പെണ്‍കുട്ടി അറിഞ്ഞിരുന്നോ എന്നറിയില്ല. കോളേജ് വരാന്തയുടെ ഉരുണ്ട തൂണുകളുടെ മറവില്‍ നിന്നും, അവളുടെ ക്ലാസ്സ്മുറിയുടെ വാതിലിന്റെ പിന്നില്‍ നിന്നുമൊക്കെ ആ ഉണ്ടക്കണ്ണുകള്‍ എന്റെ നേര്‍ക്ക് നീണ്ടുവരുന്നത് പിന്നെയും ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. അന്നൊക്കെ മുഖത്ത് ഒന്നുകൂടി ഒരു പുച്ഛഭാവം നിറച്ച് കടന്നു പോകാനേ ശ്രമിച്ചിട്ടുള്ളൂ -

- ഉന്തിയ പല്ലുകള്‍ എന്ന വിശേഷണം ആരെങ്കിലും അവളുടെ ചെവികളിലെത്തിച്ചിരുന്നുവോ എന്നറിയില്ല. ഒരുനാള്‍ അവള്‍ വന്നത് പല്ലുകളില്‍ കമ്പിയുമിട്ടാണ് -

- എന്തായാലും എന്റെ സങ്കല്‍പ്പത്തിലെ നായികാചിത്രവുമായി തീരെ രൂപസാദൃശ്യമില്ലാതിരുന്ന ആ ആരാധികയെ അംഗീകരിക്കാന്‍ എന്റെ മനസ്സിനു തീരെ കഴിഞ്ഞിരുന്നില്ല -

- ഫെയര്‍വെല്‍ ഫങ്ഷന്റെ അന്നാണ് അവളെ ഞാന്‍ അവസാനമായി കണ്ടത്. എല്ലാവരും ബൈ പറഞ്ഞ് പിരിയുന്നു. അടുത്ത ദിവസം മുതല്‍ സ്റ്റഡിലീവ്. ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടയിലാണ് അവളെ കണ്ടത്. പതിവു പോലെ സ്റ്റെപ്പുകള്‍ക്കടുത്തുള്ള ഒരു തൂണിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്നു. തൊട്ടടുത്ത് എത്തിയപ്പോളാണ് കണ്ടത്. അറിയാതെ മുഖത്തേക്ക് നോക്കിപ്പോയി -

- അവളുടെ അന്നത്തെയാ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ അവളും എന്റെ നേര്‍ക്ക് മുഖമുയര്‍ത്തി നോക്കി. ചുണ്ടുകളില്‍ വിടര്‍ന്ന ചിരിയുണ്ട്. പക്ഷേ മിഴികള്‍ കണ്ണീര്‍ത്തടാകങ്ങളായിരിക്കുന്നു ! -


- എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. അവളുടെ ആ ചിരി മടക്കിക്കൊടുക്കാനോ എന്തെങ്കിലുമൊരു വാക്ക് ഉരിയാടാനോ കഴിഞ്ഞില്ല. മിഴികള്‍ പിന്‍‌വലിച്ച് നിസ്സംഗനായി നടന്നു നീങ്ങി അവളുടെ അരികില്‍ നിന്ന്, ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ -

- ക്രൂരതയായിപ്പോയീന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ സ്വയം ആശ്വസിച്ചു - എന്തായാലും ആ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വെറുതേ ഒരാശ കൊടുത്തിട്ട് പിന്നെ ചതിക്കുന്നതിനേക്കാള്‍ നല്ലത് ഇതു തന്നെയല്ലേ?-

സുഹൃത്ത് പറഞ്ഞു നിറുത്തി.

നീണ്ട ഒരു മൌനത്തിന്റെ ഇടവേള കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു
- ഈ പെണ്‍കുട്ടിയെത്തന്നെയാണെന്നു തോന്നുന്നു ഇന്നലെ ഞാന്‍ കണ്ടത് -
- എന്നു കണ്ടെന്ന്?
- ഇന്നലെ -
- വഴിയില്ല, ഷി ഈസ് നോ മോര്‍ -

അയാള്‍ വല്ലാതെ ഞെട്ടിയത് സുഹൃത്ത് കണ്ടില്ല.
---------------------------------

- ഗീത -

28 comments:

ശ്രീ said...

കഥാന്ത്യം ഇങ്ങനെ ആകുമെന്ന് ഊഹിച്ചു... എങ്കിലും നല്ല കഥ.

നന്ദന said...

നന്നായ്ട്ടുണ്ട്
നവവത്സരാശംസകൽ

SAJAN S said...

നല്ല കഥ
:)

Anya said...

Happy New Year
or in Dutch we say
Gelukkig Nieuwjaar :-)

Kareltje =^.^=
Anya :-)


Thanks to be our friend
and you nice comments always :-)

ഗീത said...

ഹി..ഹി.. ഇതൊരു കള്ളക്കഥ...
എല്ലാരേം പറ്റിക്കാന്‍..
ഇതു വായിച്ചു പേടിച്ചു വിറച്ചവര്‍ക്കും ഇനി വിറയ്ക്കാന്‍ പോകുന്നവര്‍ക്കും നമോവാകം.

(അല്ല, വിറയ്ക്കുക പോയിട്ട് പേടിക്കുക പോലും ഇല്ലെന്ന് അറിയാം. എന്നാലും എന്റെയൊരു സമാധാനത്തിന് വേണ്ടി അങ്ങനെയൊക്കെയങ്ങ് സങ്കല്‍പ്പിച്ചോട്ടേ..)

എന്നാലും എന്റെ ശ്രീ, കഥയുടെ അന്ത്യം ആദ്യം തന്നെ മനസ്സിലായീന്നും പറഞ്ഞ് ചങ്കീ കുത്തണ കമന്റൊന്നും എയുതല്ലേ കുട്ടാ...

നന്ദനക്കും നവവത്സരാശംസകള്‍...

സാജന്‍, ചീത്തക്കഥയല്ലേ?

Hi, Anya and Kareltje, Gelukkig Nieuwjaar !!!

VEERU said...

കഥ നന്നായി..വിവരണം യാത്രയിലുടനീളം പിടിച്ചിരുത്തുന്നതായിരുന്നു..
എന്നാലും പ്രതീക്ഷിച്ച ഒരു എൻഡിംഗ് ആയിപ്പോയല്ലോ എന്നൊരു വിഷമം !!
എന്റെ പുതുവത്സരാശംസകൾ !!

ഭായി said...

ടീച്ചറേ...അറിഞോ..? കഥ വായിച്ച് ഭായി പേടിച്ച് ഞെട്ടി പൊട്ടി പനി പിടിച്ച് പൊടിയടിച്ച് വിറച്ച് ഷീറ്റ് മറച്ച് കണ്ണുംതള്ളി ആശുപത്രിയില്‍ കിടക്കുകയാണ്..

എന്ന് ഭായിയുടെ ഭായി :-)

പുപ്പുതുവത്സരാശംസകള്‍!

Akbar said...

ആഖ്യാനം മനോഹരം. പക്ഷെ അവസാനത്തെപ്പറ്റി നേരത്തെ ഊഹിക്കാന്‍ കഴിഞ്ഞതിനാല്‍ എന്തോ ഒരു കുറവ് തോന്നി. എഴുത്ത് നന്നാകുന്നുണ്ട്. ഇനിയും എഴുതൂ. എല്ലാ ആശംസകളും

ചാണക്യന്‍ said...

കഥയുടെ കഥന രീതിക്ക് കഥാകാരിക്ക് നൂറുമാർക്ക്......:)

Muralee Mukundan , ബിലാത്തിപട്ടണം said...

എന്തോ കഥയുടെ പരിണാമഗുപ്തി നീണ്ട വായനക്കിടയിൽ കയറി സ്ഥാനം പിടിച്ചു കേട്ടൊ..
എങ്കിലും നല്ലയവതരണഭംഗിയുണ്ടായിരുന്നു...
ഇതോടൊപ്പം പുതുവത്സരത്തിന്റെ എല്ലാനന്മകളും നേരുന്നൂ...

രാജീവ്‌ .എ . കുറുപ്പ് said...

തുടക്കം മുതല്‍ തന്നെ ക്ലൈമാക്സ്‌ ഊഹിക്കാന്‍ പറ്റിയിരുന്നു, യക്ഷി തന്നെ ആവും എന്ന് തീര്‍ച്ച ആയിരുന്നു, എങ്കിലും അവതരണം നന്നായി, പിന്നെ എഴുത്ത് സൂപ്പര്‍ ഗീതേച്ചി,
(ഗീതേച്ചി സിനിമയ്ക്കു തിരക്കഥ എഴുതിയാല്‍ സൂപ്പര്‍ ആവും, ഹീറോ എന്നെ ആക്കണേ)

ഗീത said...

വീരൂ, ഇത് ആദ്യം പോസ്റ്റിയിട്ട് മാറ്റിയതാ. പിന്നേം ഇട്ടു. വീരു തന്നെയല്ലേ ഈ പോസ്റ്റെവിടെ എന്നു ചോദിച്ചത്. അനുഭവിച്ചോളൂ...

ഭായീ, ഹോ സമാധാനമായി. അങ്ങനെ ഭായിയ്ക്കെങ്കിലും ഒരിത്തിരി സ്നേഹോണ്ടായല്ലോ എന്റെ അന്ത്യാഭിലാഷം സാധിച്ചുതരാന്‍. ഭായീടെ ഭായിയെ മന്ത്രവാദിയെ കൂട്ടി വിട്ടിട്ടുണ്ട് കേട്ടോ. സമാധാനമായി അവിടെ പേടിച്ചു വിറച്ച് പുതച്ച് കിടന്നോളൂ.എല്ലാം മാറിക്കോളും... (ഭായീടെ കാതില്‍ പറയുകയാ, ആങ്കുട്ട്യോള് ഇങ്ങനെ കഥവായിച്ച് പേടിച്ചൂന്നൊക്കെ പൊറത്തു പറയാന്‍ പാടുണ്ടോ? മോശല്ല്യേ അതൊക്കെ?)


അക്ബര്‍, ആ നല്ല വാക്കുകള്‍ക്ക് നന്ദി. ഒരു കുറവല്ല ഈ കഥ മുഴുവനും കുറവ് തന്നെ. ചുമ്മാ ഒരു രസത്തിന്..

ചാണൂ, ഫുള്‍ മാര്‍ക്ക് തന്ന് കഷ്ടിച്ച് ജയിപ്പിച്ചതില്‍ സന്തോഷം കേട്ടോ.

ബിലാത്തി, ആശംസകള്‍ക്കും ആ നല്ല വാക്കുകള്‍ക്കും നന്ദി.

കുറുപ്പേ, അതു കലക്കി. നമുക്ക് സിനിമ പിടിക്കാം. കുറുപ്പ് തന്നെ ഹീറോ. ഇനി ഒരു ഹീറോയിനേയും, സംവിധായകനേയും, പ്രൊഡ്യൂസറേയും കണ്ടുപിടിച്ചാട്ടേ. ഉടന്‍ തുടങ്ങാം.
വരുന്നൂ...ഉടന്‍ വരുന്നൂ... ബൂലോക സിനിമ...പ്രസിദ്ധബൂലോകനടന്‍ രാജീവ്കുറുപ്പ് നായകനായി അഭിനയിക്കുന്ന....

Typist | എഴുത്തുകാരി said...

ഞാന്‍ വൈകി ഇല്ലേ (അതു പിന്നെ എപ്പഴുമങ്ങനെയാ).

ശ്വാസം അടക്കിപ്പിടിച്ചു തന്നെയാ വായിച്ചതു്. അവസാനം ഏകദേശം ഇതു തന്നെയാവുമെന്നു തോന്നി എന്നു ഞാന്‍ പറയുന്നില്ല :)

പുതുവത്സരാശംസകള്‍.

ഭായി said...

കുറുപ്പ് നായകനാ....എന്റമ്മേ എനിക്ക് ചിരിക്കാന്‍ വയ്യേ..
സില്‍മ എപ്പോള്‍ എത്ര നിലയില്‍ പൊട്ടി എന്ന് പിന്നെ അനേഷിക്കേണ്ട ഒരു കാര്യവും ഇല്യ...:-)

ടീച്ചറെ, ചാന്‍സ് ഉണ്ടെങ്കില്‍ എന്നെ അറിയിക്കണേ...

കുറുപ്പിനെയൊക്കെ വെച്ച് പടമടുക്കുകയെന്നൊക്കെ പറഞാല്‍ റിസ്കാണെന്ന്.

ഗീത said...

എഴുത്തുകാരീ, താമസിച്ചാലും വന്നല്ലോ. പിന്നെ കഥയുടെ അന്ത്യം ഇങ്ങനെതന്നെ ആയിരിക്കുമെന്നു എഴുത്തുകാരിക്ക് സത്യമായിട്ടും മനസ്സിലായില്ലല്ലോ അല്ലേ? ആ, അതാണെന്റെ മിടുക്ക്! ഭയങ്കര സന്തോഷായീട്ടോ.

ആ, ഭായീ, മന്ത്രവാദമൊക്കെ ഏറ്റു അല്ലേ? എന്നാലും കുറച്ച് റെസ്റ്റ് എടുത്തോളൂ. വല്ലാതെ പനിച്ചു വിറച്ചുപോയതല്ലേ?
സില്‍മയില്‍ തീര്‍ച്ചയായും ചാന്‍സുണ്ട് ഭായിക്ക്. ഒരു തീവ്രവാദിയുടെ റോള്‍ ഉണ്ട്. ഭായിയാണ് പറ്റിയ ആള്‍. പണ്ട് പടക്കം എറിഞ്ഞ് തെങ്ങു കത്തിച്ച്, പുര കത്തിച്ച് പിന്നെ പാവം അമ്മായിയ്ക്കും നായയ്ക്കും ഒക്കെ തീപ്പൊള്ളലേല്‍പ്പിച്ച് നല്ല പരിചയമുള്ള ആളല്ലേ?
ഈ റോള്‍ കലക്കിയാല്‍ മതി. കുറുപ്പിനെ നായകനാക്കുന്നതില്‍ വല്ല റിസ്കും ഉണ്ടെങ്കില്‍ അതിതില്‍ തീര്‍ന്നോളും. അതിസാഹസികനായ തീവ്രവാദിയെ കാണാന്‍ ആളുകള്‍ ഇടിച്ചു കേറിക്കോളും. അപ്പോള്‍ ഡേറ്റ് തന്നോളൂ ഭായീ.

താരകൻ said...

പ്രതീക്ഷിച്ചില്ല...ഒട്ടും,
പ്രതീക്ഷിച്ച ഒരു വാചകം കൊണ്ട് അവസാനിപ്പിക്കുമെന്ന്....

ManzoorAluvila said...

കഥ കൊള്ളാം..സിനിമാ പിടുത്തം എവിടെവരെയായി ?..ഭായിക്കു തീവ്രവാദി റോളേ ഉള്ളോ ?..പാവം ഭായി

Manoraj said...

ഗീത

കഥ വായിച്ചു.. നന്നായിട്ടുണ്ട്‌.. ശ്രീയുടെ അഭിപ്രായം ആണെനിക്കും.. പക്ഷെ, ഇനി അത്‌ പറഞ്ഞു ചങ്ക്‌ പൊടിക്കുന്നില്ല.. പിന്നെ, സിനിമയാക്കുമ്പോൾ എന്തേലും വേഷം തരണെ...ഹ..ഹ.ഹ്‌

mukthaRionism said...

നല്ല കഥ.

the man to walk with said...

kurachu vaiki ivide ethaan..ishtaayi..
ee post vaayikkumo..

http://themantowalkwith.blogspot.com/2009/03/blog-post_19.html

സിനു said...

നല്ല കഥ
രസമുള്ള കഥ
വായിക്കുമ്പോള്‍ ഇത്തിരി പേടി തോന്നിപ്പിക്കുന്ന കഥ

ഗീത said...

താരകന്‍, അതൊക്കെ പിന്നെ പ്രതീക്ഷിക്കണ്ടായിരുന്നോ? അതല്ലേ ഇങ്ങനെ നിരാശ വന്നത് ?

മന്‍സൂര്‍, കുറുപ്പിന് നായകവേഷം കൊടുത്തുപോയി. ഭായിക്ക് തല്‍ക്കാലം വില്ലന്‍ റോളേ ഉള്ളൂ. എന്താ വില്ലന്‍ റോളും നല്ലതല്ലേ?

മനോരാജ്, ആ ഉദാരമനസ്കതക്ക് നമസ്ക്കാരം. സിനിമയില്‍ ഒരു വേഷം തീര്‍ച്ചയായും തരാംട്ടോ. പ്രതിഫലം പ്രതീക്ഷിക്കരുതെന്നു മാത്രം. അതു ചിലപ്പോള്‍ കുറുപ്പ് തന്നേക്കും..

മുക്താര്‍, കഥ നല്ലതെന്ന് പറഞ്ഞതില്‍ സന്തോഷം. എന്നാലും ഇതൊരു പൊട്ടക്കഥ തന്നെ.

ദി മാന്‍ ടു..., ഇഷ്ടമായി എന്നു പറഞ്ഞതില്‍ സന്തോഷം. അവിടെ വന്ന് വായിക്കാം.

സീനു, ആദ്യമായി ഇവിടേക്ക് സ്വാഗതം. ഇതു അത്രക്ക് പേടിപ്പിക്കാനൊന്നും ഇല്ലല്ലോ സീനു. എന്തായാലും ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആശയത്തിനു പുതുമ അവകാശപ്പെടാനില്ലെങ്കിലും ആവിഷ്ക്കാരം നന്നായി.

ആശംസകള്‍

ബഷീർ said...

കഥ കൊള്ളാ‍ാം.
ഇപ്പോഴും ഈ പാലപ്പൂമണം പ്രശ്നം തന്നെ അല്ലേ !

റോസാപ്പൂക്കള്‍ said...

നല്ല കഥ..
വായിച്ചു തീര്‍ന്നതറിഞ്ഞില്ല

ഗീത said...

പള്ളിക്കരയില്‍, സന്തോഷം.

ബഷീറേ, പേടിച്ചോ?

റോസാപ്പൂക്കള്‍, ഇനിയും ഇവിടെ വന്ന് ആ സുഗന്ധം പൊഴിക്കണം കേട്ടോ.

Ajay said...

This is a wonderful story, I like ghost stories very much, and the flow of your pen, it is simply amazing.I read it from office in one go.
I think you may pl see my blog in english, there are some items like this.
very very nice story
ajay

വിജി പിണറായി said...

‘യാത്രയിലെ കൂട്ടുകാരി’ നന്നായിട്ടുണ്ട്. തികഞ്ഞ സ്വാഭാവികതയോടെ തുടങ്ങിയ ശേഷം പാലപ്പൂവിന്റെയും മറ്റുമൊക്കെ കാര്യം പറഞ്ഞത് കഥയുടെ ‘സസ്‌പെന്‍സ്’ കളഞ്ഞു. ആ ഭാഗം എത്തുമ്പോഴേ വായനക്കാര്‍ക്ക് ഊഹിക്കാം ബാക്കി എന്തെന്ന്. ആ സൂചകങ്ങള്‍ ഒഴിവാക്കി അവതരിപ്പിച്ചിരുന്നെങ്കില്‍ അവസാനം വരെ പിടിച്ചിരുത്താന്‍ കഴിയുമായിരുന്നു. സഹയാത്രികയെപ്പറ്റി യാതൊരു സംശയവും ഇല്ലാതെ യാത്ര മുഴുമിച്ച ശേഷം അവളെക്കുറിച്ച് അറിയുമ്പോള്‍ നായകന് ഉണ്ടാകാവുന്ന ‘ഷോക്ക് ഇഫക്റ്റ്’ കൂടുതല്‍ നന്നാകുമായിരുന്നു. എങ്കിലും സംഗതി കൊള്ളാം.