കള്ളിയാണ് ഞാന്‍. പെരുങ്കള്ളി. ഭര്‍ത്താവറിയാതെ, മക്കളറിയാതെ പരമരഹസ്യമായിട്ടാണതു ചെയ്യുന്നത്. അടുക്കളയില്‍ വച്ച്. ആരുടെയെങ്കിലും കാല്‍പ്പെരുമാറ്റം കേട്ടാലുടന്‍ സാധനസാമഗ്രികളെല്ലാം പൂഴ്ത്തിവയ്ക്കും. അതിനു സഹായകമായി അടുക്കളയില്‍ തന്നെ സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തുവുണ്ട്. ഒരു തടിയന്‍ ഗ്രന്ഥം. ആധുനിക പാചകസഹായി. അതിനുള്ളില്‍ ആരും കാണാതെ എല്ലാം ഒളിപ്പിച്ചു വയ്ക്കാന്‍ സാധിക്കും. ഈ 'ആധുനിക പാചകസഹായി'ക്കൊണ്ട് എനിക്കിതൊരൊറ്റ പ്രയോജനമേയുള്ളൂ. അല്ലാതെ എന്റെ പാചകത്തിനൊന്നും അത് ഒരുവിധ സഹായകവുമാവാറില്ല. എനിക്കെന്നും അമ്മ പഠിപ്പിച്ചുതന്ന കുറേ വിഭവങ്ങളേ ഉണ്ടാക്കാനറിയൂ. സ്ഥിരം വിഭവങ്ങള്‍ തോരന്‍, മെഴുക്കുപുരട്ടി, അവിയല്‍. പിന്നെ സാംബാര്‍ അല്ലെങ്കില്‍ പരിപ്പ്, രസം, പുളിശ്ശേരി ഇത്യാദി. വല്ലപ്പോഴുമൊരു കിച്ചടി, പച്ചടി, ഓലന്‍. തീര്‍ന്നു എന്റെ പാചകവൈദഗ്ധ്യം. ഭക്ഷണപ്രിയരായ ഭര്‍ത്താവും മക്കളും എന്റെ പാചകനൈപുണ്യം കൊണ്ട് വശം കെട്ടിരിക്കയാണ്. എന്റെ പുണ്യപുരാതനവിഭവങ്ങള്‍ കഴിച്ച് കഴിച്ച് തീരെ മടുത്തുപോകുമ്പോള്‍ അദ്ദേഹത്തിനൊരു അറ്റകൈ പ്രയോഗമുണ്ട്. അടുക്കളയിലേക്ക് പ്രവേശിക്കും. പാചകസഹായി തുറന്നു വയ്ക്കും. അതില്‍ പറഞ്ഞിരിക്കുന്നത് അക്ഷരം പ്രതി അനുസരിച്ച് അത്യന്താധുനിക വിഭവങ്ങള്‍ ഉണ്ടാക്കും. വിഭവങ്ങളുടെ പേരു പറഞ്ഞുതന്നിട്ടുണ്ട്, എന്നാലും എന്നോടതു ചോദിക്കരുത്. കാരണം എന്റെ പഴചെവിയില്‍ ഇന്നു വരെ പതിഞ്ഞിട്ടില്ലാത്ത പേരുകളായതിനാല്‍, കേട്ടപാടെ അങ്ങിറങ്ങിപ്പോവുകയും ചെയ്തു. എന്റെ പഴനാക്കിനാണെങ്കില്‍ ഈ അത്യന്താധുനിക വിഭവങ്ങളില്‍ ചിലതിന്റെയൊന്നും സ്വാദ് തീരെ പിടിക്കില്ല. പക്ഷേ അഛനും മക്കളും കൂടി അമൃതാണെന്ന ഭാവത്തില്‍ കഴിക്കുന്നതു കാണാം.
ആ, അപ്പോള്‍ പറഞ്ഞു വന്നതെന്താണ് - ഈ പാചകസഹായിയെ കൊണ്ട് എനിക്കുള്ള ഒരേ ഒരുപകാരം. ഒരു താല്‍ക്കാലിക ഒളിസങ്കേതം. അടുക്കളയില്‍ നിന്ന് നിഷ്ക്രമിക്കുമ്പോള്‍ ഗ്രന്ഥത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചതെല്ലാം എടുത്തുമാറ്റും. അതിന് ഒരിക്കലും മറക്കാറില്ല. എപ്പോഴാണ് അദ്ദേഹത്തിന് ഒരു പാചകഭാവന ഉള്ളിലുണരുന്നതെന്നറിഞ്ഞുകൂടല്ലോ.
ഇന്നും രാവിലെ ഞാനാ കൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു. പെട്ടെന്ന് അടിക്കുപിടിക്കാതിരിക്കാനായി ഇത്തിരി കൂടുതല്‍ വെളിച്ചെണ്ണയൊക്കെയൊഴിച്ച് മെഴുക്കുപുരട്ടി അടുപ്പില്‍ വച്ചു. രണ്ടാമത്തെ അടുപ്പില്‍ ഇഡ്ഡലി. രണ്ടും വാങ്ങിവയ്ക്കാന്‍ ഒരല്‍പ്പം സമയം എടുക്കും. അതിനിടയില്‍ കിട്ടുന്ന ഇടവേളയില്‍ പണി പൂര്‍ത്തിയാക്കണം. അദ്ദേഹം പത്രം വായിക്കാന്‍ തുടങ്ങിയിട്ടേയുള്ളു. അപ്പോള്‍ ഈയിടെയ്ക്കൊന്നും ഇങ്ങോട്ടു വരാനുള്ള സാദ്ധ്യതയില്ല. മോളാണെങ്കില്‍ ഉറക്കം എണീറ്റതുപോലും ഇല്ലെന്നു തോന്നുന്നു.
ഗ്രന്ഥത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന പണിയായുധങ്ങള്‍ പുറത്തെടുത്തു. കൊച്ചുസ്റ്റൂളില്‍ ഇരുന്നു പണി തുടങ്ങി. പണി തുടങ്ങിയാല്‍ പിന്നെ ഒരു പ്രശ്നമുണ്ട്, അതിലങ്ങു മുഴുകിപ്പോകും, ചുറ്റും നടക്കുന്നതൊന്നും അറിയാതെ.
ഒന്നൊന്നായി കുറിച്ചു.
- നീയാരെയാ ഈ നിറദീപവും നിറപറയുമൊക്കെ വച്ച് സ്വീകരിക്കാന്‍ പോകുന്നേ? -
ഞെട്ടിത്തെറിച്ചുപോയി.പിന്നില്‍ നിന്ന് തീരെ അപ്രതീക്ഷിതമായ ചോദ്യം.
കയ്യില്‍ നിന്ന് പേന ഊര്‍ന്നുവീണു. കടലാസ്സു കഷണം വിറച്ചു.
ഈശ്വരാ എല്ലാം കണ്ടുപിടിച്ചല്ലോ.
മോളുടെ പൊട്ടിച്ചിരി.
ദേഷ്യം ഭാവിച്ചു.
- ദേ, കൃഷ്ണേട്ടാ ഈ അടുക്കളയിലേക്കൊന്നും വരണ്ട. എല്ലാം റെഡിയാകുമ്പോള്‍ ഞാന്‍ വിളിച്ചോളാം -
- അടുക്കളയില്‍ നിന്നു എന്തോ കരിയുന്ന മണം വരുന്നു, നീ എന്തെടുക്ക്വാന്ന് നോക്കാനാ ഞാന്‍ വന്നത് -
അപ്പോഴാണ് അതു ശ്രദ്ധയില്‍ പെട്ടത്. ശരിയാ മെഴുക്കുപുരട്ടി അടിക്കുപിടിച്ചിരിക്കുന്നു. മണം വരുന്നുണ്ട്.
പെട്ടെന്ന് കടലാസ്സും പേനയും സ്ലാബില്‍ വച്ചിട്ട് മെഴുക്കുപുരട്ടി ഇളക്കി വാങ്ങിവച്ചു.
കൊച്ചുമോള്‍ നൊടിയിടയില്‍ ആ കടലാസ്സു കൈക്കലാക്കി. എന്നിട്ട് ഉറക്കെ വായിച്ചു.
- നിളയുടെ കുളിര്‍നീരില്‍
നീരാടിയെത്തുക നീ
നിറദീപമൊരുക്കി
നിറപറവച്ച്
സ്വീകരിച്ചീടാം -
- അതാരെയാ നീയീ സ്വീകരിക്കാന്‍ പോകുന്നതെന്നാ ചോദിച്ചേ -
ഇതിനു മുന്‍പത്തെ വരികള്‍ മറ്റൊരു കടലാസ്സുതുണ്ടില്‍ എഴുതി വച്ചത് ആധുനികപാചകസഹായിയ്ക്കകത്തിരുന്നു ചിരിക്കയാവും.
ചമ്മല്‍ മറയ്ക്കാനായി വീണ്ടും ദേഷ്യം ഭാവിച്ചു.
- മോളേ നീയതു മര്യാദയ്ക്കിങ്ങു തന്നേ -
- അല്ല ആരെയാന്നു നീയൊന്നു പറയൂന്നേ -
ഉത്തരം പറയേണ്ടി വന്നു.
-ഓണപ്പൂങ്കാറ്റിനെ -
- ശ്ശോ, ഒരെഴുത്തുകാരിയെക്കൊണ്ട് തോറ്റൂന്ന് പറഞ്ഞാ മതി. വായ്ക്കു രുചിയായി ഒന്നും കഴിക്കാനും മേലല്ലോ ഭഗവാനേ. ദേ,കാറ്റിനേയും വെളിച്ചത്തിനേയുമൊക്കെ സ്വീകരിക്കാന്‍ പോകുന്നു. സ്വീകരിച്ചില്ലെങ്കിലും അതൊക്കെയിങ്ങു വരുമെന്നേ -
ഓ, കള്ളി വെളിച്ചത്തായ വിഷമത്തിലിരിക്കുമ്പോഴാണ് ഒരാളിന്റെയൊരു തമാശ......
-----------------
- Geetha -
Wednesday, August 5, 2009
Sunday, June 21, 2009
ഗാര്‍ഡനറുടെ മകള്‍
ഉള്ളതില്‍ വച്ച് ഏറ്റവും നല്ല ജോഡി ഷര്‍ട്ടും പാന്റും എടുത്ത് ഇസ്തിരിയിട്ടു വച്ചു. ഭാര്യക്കും മകള്‍ക്കും പുത്തന്‍ വസ്ത്രങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ ഒരു സുപ്രധാന സംഭവം. ഉയര്‍ന്ന മാര്‍ക്കോടെ +2 ജയിച്ച മകളെ ഉന്നതവിദ്യാഭ്യാസത്തിനായി കോളേജില്‍ ചേര്‍ക്കുന്നു. എഞ്ചിനീയറിംഗിനോ, മെഡിസിനോ ഒന്നുമല്ല. ബി.എ.യ്ക്ക്. മറ്റു കോഴ്സുകള്‍ക്കൊക്കെ പഠിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം അചിന്ത്യം. ഒരു സര്‍ക്കാര്‍ കോളേജിലെ വെറുമൊരു ഗാര്‍ഡനറുടെ മകള്‍ക്ക് അതൊന്നും പറഞ്ഞിട്ടില്ല. മകള്‍ക്കും അതു മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നു. പത്താം ക്ലാസ്സിലും ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും കൂടുതല്‍ ഫീസ് കൊടുത്തു പഠിക്കേണ്ടുന്ന സയന്‍സ് ഗ്രൂപ്പ് വേണമെന്നൊന്നും അവള്‍ ശഠിച്ചില്ല. ആര്‍ട്സ് ഗ്രൂപ്പില്‍ ചേര്‍ന്നു. നന്നായി പഠിച്ചു +2വിനും ഉയര്‍ന്ന മാര്‍ക്ക് നേടി.
താന്‍ ജോലി ചെയ്യുന്ന കോളേജില്‍ തന്നെ ബി.എ.ക്ക് അപേക്ഷിച്ചു.
അഡ്‌മിഷന്‍ ദിവസം. ആദ്യപേരുകാരായ വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ പിന്നില്‍ രക്ഷകര്‍ത്താവിന്റെ സ്ഥാനത്ത് തന്നെ കണ്ടപ്പോള്‍ പ്രിന്‍സിപ്പാളിന്റെ കണ്ണുകളില്‍ അത്ഭുതം.
- ഗോപാലകൃഷ്ണന്റെ മകളാ?
ഇത്തിരി അഭിമാനമൊക്കെ നുരപൊന്തി, അതേന്നു തലയാട്ടിയപ്പോള്‍.
- മോള് മിടുക്കിയാ അല്ലേ? -
പ്രിന്‍സിപ്പാളിന്റെ ആ അഭിനന്ദനത്തില്‍ മതിമറന്ന് ആഹ്ലാദിച്ചു. അദ്ധ്യാപക-രക്ഷാകര്‍തൃ സമിതി ചോദിച്ച സംഭാവനത്തുക ഒറ്റ രൂപാ പോലും കുറക്കാതെ കൊടുത്തു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍, ഈ ഇനത്തില്‍ ഇത്തിരി ഇളവൊക്കെ ചോദിക്കണമെന്നു കണക്കു കൂട്ടിയിരുന്നതാണ്. പക്ഷേ പ്രിന്‍സിപ്പാളിന്റെ മുഖത്ത് വിടര്‍ന്ന ആ ചിരി എങ്ങനെ മായ്ക്കാന്‍ കഴിയും?
അഡ്മിഷന്‍ കഴിഞ്ഞു , ഭാര്യയേയും മകളേയും കൂട്ടി നേരേ ഠൗണിലേക്ക് പോയി. മകള്‍ക്ക് പുതിയ ഡ്രസ്സുകള്‍, പുത്തന്‍ കുട, ബാഗ്, ലഞ്ച് ബോക്സ് ഇതെല്ലാം വാങ്ങണം. നാലുക്കൊപ്പം മോടിയായി തന്നെ അവളും നടക്കേണ്ടതല്ലേ? കൂടുതല്‍ പേരൊന്നും ഇല്ലല്ലോ. മരുന്നിനായി ഒരേ ഒരു മകള്‍. ഒറ്റപ്പുത്രി സ്കോളര്‍ഷിപ്പ് വാങ്ങുന്നവള്‍. ഇപ്പോളിത്തിരി കാശ് ചിലവായാലും വേണ്ടില്ല. അവള്‍ക്ക് ഒന്നിനും ഒരു കുറവും വരരുത്.
കോളേജില്‍ മകളുടെ ആദ്യദിനം. ആദ്യത്തെ ഒരു മണിക്കൂര്‍ പ്രിന്‍സിപ്പാള്‍ നവാഗതരെ സ്വാഗതം ചെയ്തു കൊണ്ടു സംസാരിച്ചു. അതു കഴിഞ്ഞ് കുട്ടികള്‍ അതാതു ക്ലാസ്സ് മുറികളിലേക്ക് പോയിരിക്കാനുള്ള നിര്‍ദേശമുണ്ടായി. കലാലയാന്തരീക്ഷത്തിന്റെ പുതുമ നുകര്‍ന്നു കൊണ്ട്, സ്വപ്നങ്ങളും അങ്കലാപ്പും ആകാംക്ഷയുമൊക്കെ കലര്‍ന്ന മുഖങ്ങളോടെ കോളേജങ്കണത്തില്‍ വിരിഞ്ഞ ആ നവകുസുമങ്ങളെ കൗതുകത്തോടെ നോക്കിനിന്നു, അതിലൊരാളുടെ പിതാവു കൂടിയായ ഗാര്‍ഡനര്‍ ഗോപാലകൃഷ്ണന്‍.
എത്രയോ കാലമായി താനിവിടെ ജോലി ചെയ്യുന്നു. എന്നിട്ടും ഇന്നു വരേയും ഈ കോളേജങ്കണത്തിലേക്ക് ആദ്യമായി കാലുകുത്തുന്ന നവാഗതരെ താനിതു പോലെ ശ്രദ്ധിച്ചിട്ടില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അത്ഭുതം തോന്നി അയാള്‍ക്ക്.
പുതിയ കുട്ടികള്‍ എല്ലാവരും ക്ലാസ്സ് മുറികളിലേക്ക് കയറി ക്ലാസ്സുകള്‍ ആരംഭിച്ചു കഴിഞ്ഞപ്പോള്‍, ഗോപാലകൃഷ്ണനും യൂണിഫോമൊക്കെ എടുത്തു ധരിച്ച് തന്റെ ജോലിയില്‍ വ്യാപൃതനായി.
മൂന്നാമത്തെ പീര്യേഡ് കഴിഞ്ഞ് ലഞ്ച്ബ്രേക്കിനുള്ള ബെല്ല് മുഴങ്ങി. ഗോപാലകൃഷ്ണന് ഇരിക്കപ്പൊറുതിയില്ല. തന്റെ മകള്‍ മറ്റു കുട്ടികള്‍ക്കൊപ്പം ക്ലാസ്സിലിരിക്കുന്നത് ഒന്ന് കാണണമെന്ന പിതൃസഹജമായ ഒരാഗ്രഹം. അവളെ ആദ്യമായി നേഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ ഉണ്ടായിരുന്ന അതേ മാനസികാവസ്ഥ.
ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ, അവള്‍ പുത്തന്‍ ചോറു പാത്രം തുറന്ന് മറ്റു കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയാവും. എന്നാലും അതൊന്നു കാണണം. തന്റെ മകളും ഈ കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി എന്ന അഭിമാനബോധം ഗോപാലകൃഷ്ണന് അടക്കാനായില്ല.
ഗോപാലകൃഷ്ണന്‍ പണി നിറുത്തി മകളുടെ ക്ലാസ്സ് മുറിയിലേക്ക് നടന്നു.
കുട്ടികള്‍ പലരും ഊണു കഴിക്കാന്‍ തുടങ്ങുകയാണ്. കൂട്ടത്തില്‍ മകള്‍ ശാലിനിയും.
ക്ലാസ്സ് മുറിയുടെ വാതില്‍ക്കല്‍ ചെന്നുനിന്ന തന്നെ മകള്‍ കണ്ടെന്നാണ് വിചാരിച്ചത്. അവള്‍ തന്നെ ഒന്നു നോക്കിയല്ലോ. എന്നിട്ടും അച്ഛന്റെ അടുത്തേക്കൊന്നു വരാതെ അവള്‍ ഊണു കഴിക്കാന്‍ തുടങ്ങുന്നു. തന്നെ കണ്ടില്ലെന്നുണ്ടോ?
ഗോപാലകൃഷ്ണന്‍ ഒരു നിമിഷം കാത്തു. എന്നിട്ട് നീട്ടി വിളിച്ചു.
- എടീ മോളേ ശാലിനീ -
ശാലിനി ആ വിളി കേട്ടതായി തോന്നിയില്ല. അവള്‍ കൂട്ടുകാരിയോട് കിന്നാരം പറഞ്ഞ് ചിരിച്ച് ഭക്ഷണം കഴിക്കല്‍ തുടരുന്നു.
ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ കൂടി മകളെ പേരു ചൊല്ലി വിളിച്ചു.
- മോളേ ശാലിനീ -
ങേ ഹേ, ഒരു ഫലവുമില്ല. അച്ഛന്റെ നേരെ ഒന്നു തിരിഞ്ഞുപോലും നോക്കാതെ ശാലിനി കളിയും ചിരിയും ഭക്ഷണം കഴിക്കലും തുടരുന്നു.
ഗോപാലകൃഷ്ണന്‍ തിരിച്ചു നടന്നു. ചിലപ്പോള്‍ അവള്‍ തന്നെ കണ്ടു കാണില്ലായിരിക്കും. താന്‍ വിളിച്ചത് കേട്ടിട്ടുമുണ്ടാവില്ല. മറ്റു കുട്ടികളും തന്നെ ശ്രദ്ധിച്ചതായി തോന്നിയില്ല. പുതിയ അന്തരീക്ഷം സമ്മാനിച്ച ആഹ്ലാദതിമിര്‍പ്പുകളില്‍ മുഴുകിയിരിക്കുന്നതിനിടയില്‍ തന്നെപ്പോലൊരാള്‍ ക്ലാസ്സ് മുറിയുടെ വാതില്‍ക്കല്‍ വന്നു നില്‍ക്കുന്നത് എങ്ങനെ ശ്രദ്ധയില്‍ പെടാന്‍?
വൈകുന്നേരം മകള്‍ തന്നെ കാത്തു നില്‍ക്കാതെ മൂന്നരക്കു തന്നെ വീട്ടിലേക്കു മടങ്ങിക്കൊള്ളാന്‍ തലേന്നു തന്നെ പറഞ്ഞ് ഉറപ്പിച്ചിട്ടുണ്ടായിരുന്നു.
തന്റെ പ്രവൃത്തി സമയം അഞ്ചു മണിവരെയാണല്ലോ.
*** *** ***
ഗോപാലകൃഷ്ണന്‍ അന്നു പതിവിലും നേരത്തേ വീട്ടിലെത്തി, അവിടേയുമിവിടേയുമൊന്നും തങ്ങാതെ. പുതുകോളേജ്‌വിദ്യാര്‍ത്ഥിനിയായ മകളെ കാണാനുള്ള മനസ്സിന്റെ തത്രപ്പാട് ഒന്നുകൊണ്ടുതന്നെ.
ഉമ്മറത്ത് എത്തിയപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് നില്‍പ്പില്ല. അവളുടെ അമ്മയേയും കാണുന്നില്ല. അകത്തേക്ക് കയറി. മകളുടെ മുറിയില്‍ നിന്ന് സംഭാഷണം കേള്‍ക്കുന്നുണ്ട്.
- ശാലിനീ -
നീട്ടി വിളിച്ചു കൊണ്ട് അങ്ങോട്ടു നടന്നു. അമ്മയും മകളും അകത്തുണ്ട്.
ങേ എന്തു പറ്റി? മകളുടെ മുഖം കടന്നല്‍ കുത്തിയ പോലെ വീര്‍ത്തിട്ടുണ്ടല്ലോ?
ആ പിതൃഹൃദയം നൊന്തു.
എന്തു പറ്റി മോളേ?
ഉത്തരമില്ല.
ഗോപാലകൃഷ്ണന്‍ പലതവണ അമ്മയോടും മകളോടുമായി ചോദ്യം ആവര്‍ത്തിച്ചെങ്കിലും ഒരുത്തരവും ആരും നല്‍കിയില്ല.
അമ്മയുടെ മുഖഭാവത്തില്‍ നിന്ന് ഒന്നും വായിച്ചെടുക്കാന്‍ പറ്റുന്നില്ല.
അപ്പോഴാണ് ഗോപാലകൃഷ്ണന്റെ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. ആദ്യദിവസമല്ലേ, സീനിയേര്‍സ് റാഗ് ചെയ്തുകാണും. അതിന്റെ ദേഷ്യത്തിലാണ് മകള്‍ മുഖം വീര്‍പ്പിച്ചിരിക്കുന്നത്.
വളരെ അച്ചടക്കമുള്ള ഒരു വനിതാ കോളേജ് ആയതു കൊണ്ട് ഒരു പരിധി വിട്ട റാഗിംഗ് ഒന്നും അവിടെയില്ല എന്ന് ഗോപാലകൃഷ്ണന് അറിയാം.
ഗോപാലകൃഷ്ണന്‍ മകളെ ആശ്വസിപ്പിച്ചു. പിന്നെ ഇതൊന്നും മനസ്സിലേക്കെടുക്കാതെ എല്ലാം ഒരു തമാശയായി മാത്രം കാണണമെന്ന് ഉപദേശിച്ചു. മകളുടെ മൂര്‍ദ്ധാവില്‍ മുകര്‍ന്നു.
എല്ലാം കണ്ടു നിന്ന, അവളുടെ അമ്മയുടെ കണ്ണുകള്‍ എന്തേ ഇത്രയ്ക്ക് നിറഞ്ഞു തുളുമ്പാന്‍? അതിനും വേണ്ടി ഇവിടെ എന്തുണ്ടായി? ചെറിയ തോതിലെ റാഗിംഗ് ഒക്കെ പലരും ഒരു രസമായിട്ടേ എടുക്കൂ. ഗോപാലകൃഷ്ണന്‍ ഭാര്യയേയും പറഞ്ഞു മനസ്സിലാക്കി, ഒന്നും പേടിക്കാനില്ലെന്ന്. പോരെങ്കില്‍ താനില്ലേ അവിടെ?
രാത്രി മകള്‍ ഉറങ്ങി എന്നുറപ്പു വരുത്തിയ ശേഷം ഭാര്യ മന്ത്രിക്കുന്ന സ്വരത്തില്‍ അയാളോട് പറഞ്ഞു.
- പറയാന്‍ വിഷമമുണ്ട്. എന്നാലും പറയാതിരിക്കാനും വയ്യ. നോക്കൂ നമ്മുടെ മോള്‍ വലിയ വലിയ ആള്‍ക്കാരുടെ മക്കള്‍ക്കൊപ്പമാണ് പഠിക്കുന്നത്. ഇന്ന് നിങ്ങള്‍ തോട്ടക്കാരന്റെ മുഷിഞ്ഞ വേഷത്തോടെ അവളുടെ ക്ലാസ്സിലേക്ക് ചെന്നു എന്നു അവള്‍ പറഞ്ഞു. അവള്‍ക്കത് വല്ലാത്ത നാണക്കേടായിപ്പോയീത്രേ -
- നിങ്ങള്‍ക്ക് വിഷമമൊന്നും തോന്നരുത്. അവളോട് ഇതിന്റെ പേരില്‍ ദേഷ്യവും തോന്നരുത്. കൊച്ചു പെണ്‍കുട്ടിയല്ലേ അവള്‍ -
തന്റെ നെഞ്ചിലൂടെ ഒരു ഐസ് കട്ട ഇറങ്ങിപ്പോകുന്നതായി ഗോപാലകൃഷ്ണന് അനുഭവപ്പെട്ടു.
പിറ്റേന്ന് കോളേജിലേക്ക് പോകാനായി ഇസ്തിരിയിട്ടു വച്ച ഷര്‍ട്ട് എടുത്ത് ധരിച്ചപ്പോള്‍ അതിന്റെ പോക്കറ്റിലേക്ക് ഒട്ടിച്ച ഒരു ബ്രൗണ്‍പേപ്പര്‍ കവര്‍ കൂടി തിരുകാന്‍ ഗോപാലകൃഷ്ണന്‍ മറന്നില്ല.
കോളേജില്‍ എത്തിയാലുടനെ പ്രിന്‍സിപ്പാളിനെ അതേല്‍പ്പിക്കണം. ഒരല്‍പ്പം അകന്നു മാറിയുള്ള മറ്റൊരു സര്‍ക്കാര്‍ കോളേജിലേക്കുള്ള ട്രാന്‍സ്ഫര്‍ അപേക്ഷ.
പ്രിന്‍സിപ്പാള്‍ കാരണം തിരക്കാതിരിക്കില്ല.
പറയാനൊരുത്തരം നാവിന്‍തുമ്പില്‍ കരുതിയിട്ടുണ്ട്.
------------------------

Subscribe to:
Posts (Atom)