Sunday, March 14, 2010

ഉത്തമഭാരതപൌരന്‍

-------------------------------------------

( ഈ കഥ വായിച്ച ബഹുമാന്യരായ ചില ബ്ലോഗ്ഗര്‍മാരുടെ അഭിപ്രായം മാനിച്ച് ഒരു മുന്നറിയിപ്പ് :
ഉത്തമഭാരതപൌരന്‍ എന്ന ഈ കഥ 30 വയസ്സില്‍ താഴെയുള്ള -- അതായത് പക്വത എത്താത്ത -- ‍ യുവതീയുവാക്കള്‍ വായിക്കാന്‍ പാടുള്ളതല്ല. ഈ മുന്നറിയിപ്പ് വകവയ്ക്കാതെ ഇനി അഥവാ വായിച്ചുപോയാല്‍ -- ഡോണ്ട് ട്രൈ ദിസ്‌ അറ്റ്‌ ഹോം )


മയം പതിനൊന്നാകുന്നതേയുള്ളൂ. പുറത്ത്‌ പൊള്ളുന്ന വെയില്‍.

സിറ്റിയില്‍ പോയിരുന്ന മകന്‍ കാറ്റുപോലെയാണ്‌ അകത്തേക്ക്‌ പാഞ്ഞു വന്നത്‌. വന്നപാടെ അടുക്കളയിലേക്ക്‌ പോയി. തിരിച്ചു വന്നത്‌ കൈയില്‍ ഒരു കുപ്പിഗ്ലാസ്സുമായിട്ടായിരുന്നു. ഫ്രിഡ്ജിലെ കുപ്പിയില്‍ നിന്ന് ഐസ്‌വാട്ടര്‍ ഗുളുഗുളേന്ന് ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു. പിന്നെ മടമടാന്ന് ശബ്ദമുണ്ടാക്കി കുടിച്ചു. വീണ്ടും വെള്ളം പകര്‍ന്നു, കുടിച്ചു. ഒറ്റനില്‍പ്പിനു നാലഞ്ച്‌ ഗ്ലാസ്സ്‌ വെള്ളം അകത്താക്കി.

മകന്റെ ഈ പരവേശം കണ്ട്‌, പത്രവായന നിറുത്തി കണ്ണിമയ്ക്കാതെ അവനെത്തന്നെ നോക്കിയിരിക്കയാണ്‌ അച്ഛന്‍.

പിന്നെയല്ലേ പതറിപ്പോയത്‌.

വെള്ളം കുടി കഴിഞ്ഞ്‌ മകന്‍ ആ ഗ്ലാസ്സ്‌ ശക്തിയായി ഊണുമേശമേല്‍ ഇടിച്ചു. ഗ്ലാസ്സിന്റെ മുകള്‍ ഭാഗം പൊട്ടിച്ചിതറി. ബാക്കി ഭാഗം കൂര്‍ത്തുമൂര്‍ത്ത മുനകളുമായി മകന്റെ കൈയില്‍ !

വിറച്ചുപോയി.

എന്താണിവന്റെ ഉദ്ദേശം? തൊട്ടടുത്തിരിക്കുന്ന അച്ഛനെ... ?! അതോ സ്വന്തം കൈത്തണ്ടയിലേക്ക്‌...?? എന്തിനു വേണ്ടി??? എന്റെ ദൈവമേ !!

എന്തെങ്കിലും പറയാനാവും മുന്‍പ്‌ മകന്‍ അടുത്തുകിടന്ന ഒരു കസേരയുടെ മുകളിലേക്ക്‌ ചാടിക്കയറി.


- എല്ലാരും കേള്‍ക്കാനായി പറയുകയാണ്‌. എനിക്കിന്നുതന്നെ ഒരു ഐ.ടെന്‍ വാങ്ങിത്തരണം. വാങ്ങിത്തന്നേ പറ്റൂ..... ഇല്ലെങ്കില്‍.....

അവന്‍ പൊട്ടിയ ഗ്ലാസ്സ്‌ ഭീഷണമായ രീതിയില്‍ ചുഴറ്റിക്കൊണ്ടിരുന്നു.....


*** *** *** *** ***


വൈകിട്ട്‌, കൂട്ടുകാരെ കുത്തിനിറച്ച്‌, മകന്റെ പളപളാ തിളങ്ങുന്ന ഇലക്ട്രിക് റെഡ് ഐ. ടെന്‍ സിറ്റിയില്‍ ചുറ്റിക്കറങ്ങി.

- എന്നാലും നീയിതിത്രവേഗം എങ്ങനെ ഒപ്പിച്ചെടേ?

- ഞാനൊരു ഉത്തമഭാരതപൗരനാണെന്ന് അച്ഛന്‌ ബോദ്ധ്യപ്പെട്ടു. അതിനു തന്ന സമ്മാനമാ -

- നീയോ ഉത്തമപൗരന്‍ ! ഹ ഹ ഹ... ജോക്ക്‌ ഓഫ്‌ ദി ഈയര്‍ ! മറ്റാരും ജീവിച്ചിരിപ്പില്ലെങ്കില്‍ !! ഹ ഹ ഹാ.....

- എടേയ്‌, ചിരി നിറുത്ത്‌. നിനക്കൊക്കെ എങ്ങനെ മനസ്സിലാവാന്‍ ! മുതിര്‍ന്നവരെ അനുസരിക്കുക, അവരുടെ കാലടിപ്പാടുകള്‍ പിന്‍തുടരുക എന്നൊക്കെയല്ലേ നമ്മുടെ അച്ഛനമ്മമാര്‍ എപ്പോഴും നമ്മളെ ഉപദേശിക്കുക. ഞാനാ ഉപദേശം കടുകിട തെറ്റിക്കാതെ അനുസരിച്ചു... അത്രതന്നെ.....

- എന്നാലും നീ ഇത്ര പെട്ടെന്നെങ്ങനെ ഒരു ഉത്തമപൗരന്‍ ആയീന്നാ മനസ്സിലാവാത്തത്‌...ആ ട്രിക്ക്‌ ഞങ്ങക്കും കൂടിയൊന്ന് പറഞ്ഞുതാ. ഒരു സ്കോഡ ഒക്റ്റേവിയയോ ഇന്നോവയോ ഒക്കെ തരപ്പെടുത്താന്‍ ഒക്കുമോന്ന് ഞങ്ങളും നോക്കട്ടേ.....


- ഡേയ്‌, സദാനേരവും പെണ്‍പിള്ളേരടെ പിറകേ വാലാട്ടി നടക്കാതെ വല്ലപ്പോഴുമൊന്ന് പത്രം വായിക്കയോ ടി.വി. കാണുകയോ ഒക്കെ ചെയ്യ്‌... ഈ ഇന്‍ഡ്യാമഹാരാജ്യം ഭരിക്കുന്ന, സമാദരണീയരായ, അനുകരണീയരായ, എന്തിനും പോന്നവരായ, നമ്മുടെ മുതിര്‍ന്ന ധീരനേതാക്കന്മാരില്‍ നിന്നും, എം.പി.മാരില്‍ നിന്നുമൊക്കെ നമ്മള്‍ യുവത്വത്തിന്‌ എന്തുമാത്രം പഠിക്കാനുണ്ടെന്നോ! അവരുടെ ചെയ്തികള്‍ ഒന്നു കണ്ടും കേട്ടും പഠിക്ക്‌.. എന്നിട്ടാ മാതൃക പിന്‍തുടര്‌... അങ്ങനെ ഒരു ഉത്തമഭാരതപൗരനാവാന്‍ ശ്രമിക്ക്‌ ! ദേ, ഈ എന്നെപ്പോലെ!


*** *** *** *** *** ***


വനിതാബില്ലിനെതിരേ പ്രതിഷേധിക്കാന്‍, വെള്ളം കുടിച്ച ഗ്ലാസ്സ്‌ അടിച്ചു പൊട്ടിച്ച്‌, കസേരമേല്‍ ചാടിക്കയറി "മാതൃകാപരവും അത്യന്താധുനികവുമായ" പെരുമാറ്റം കാഴ്ചവച്ച ‍ എം.പി.ക്ക്‌ നന്ദി.
------------------------------------------------------------------------


ഗീത.

Copy Right (C) 2010 K.C. Geetha.

Tuesday, March 2, 2010

കയ്പ്പും മധുരവും

ളരെക്കാലത്തെ പരിചയം ഉണ്ടെങ്കിലും ഗ്രേസിയുടെ വീട്ടില്‍ ഇന്നാദ്യമായാണ്‌ പോകുന്നത്‌. വീടിന്റെ ലൊക്കേഷന്‍ ഒക്കെ നേരത്തേ ഗ്രേസിയില്‍ നിന്നു തന്നെ മനസ്സിലാക്കിയിരുന്നു.

ചെല്ലുമെന്ന് പറഞ്ഞിരുന്നതു കൊണ്ട്‌ ഗ്രേസി വാതിക്കല്‍ തന്നെ തന്നേയും പ്രതീക്ഷിച്ചു നില്‍പ്പുണ്ടായിരുന്നു. ഓട്ടോയില്‍ നിന്നിറങ്ങി മുറ്റത്തേക്ക്‌ കാലെടുത്തു വച്ചപ്പോളാണ്‌ തന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ചിന്ത മനസ്സില്‍ ഉടലെടുത്തത്‌.

ഗ്രേസിയുടെ കുടുംബത്തെ കുറിച്ച്‌ തനിക്കൊന്നുമറിയില്ലല്ലോ! ഭര്‍ത്താവും രണ്ടു മക്കളും ഉണ്ടെന്ന് മാത്രം അറിയാം. ഭര്‍ത്താവും രണ്ടു മക്കളും ഉണ്ടാവുക എന്നത്‌ ഏതൊരു സ്ത്രീയുടെ കാര്യത്തിലും ശരിയാവാം. ഈ ഒരു സാമാന്യവിവരത്തില്‍ കൂടുതല്‍ ഗ്രേസിയെ കുറിച്ച്‌ തനിക്കൊന്നുമറിഞ്ഞുകൂട.

സാറയ്ക്ക്‌ തന്നോടു തന്നെ അവജ്ഞ തോന്നി. താനെന്തൊരു കൂട്ടുകാരിയാണ്‌. തന്റെ കുടുംബവിശേഷങ്ങളൊക്കെ ഗ്രേസിക്ക്‌ നല്ലവണ്ണം അറിയാം. അവളതേപറ്റി താല്‍പ്പര്യത്തോടെ ‌ തിരക്കാറുമുണ്ട്‌.

തന്റെ വീട്ടു വിശേഷങ്ങള്‍ അഭിമാനപൂര്‍വ്വം വിളമ്പുന്നതിനിടയില്‍ കൂട്ടുകാരിയുടെ വിശേഷങ്ങള്‍ തിരക്കാന്‍ ഓര്‍ക്കാറില്ലെന്നതാണ്‌ ശരി.

ഗ്രേസിയുടെ ഭര്‍ത്താവിനെന്തു ജോലിയെന്നോ കുഞ്ഞുങ്ങള്‍ ഏതു പ്രായത്തിലുള്ളവരെന്നോ അവരെന്തു ചെയ്യുന്നുവെന്നോ തനിക്കറിയില്ല. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങള്‍ക്കായി ഒരു ചെറുസമ്മാനപ്പൊതി പോലും കൈയില്‍ കരുതിയതുമില്ല.

- വരൂ സാറാ -

ഗ്രേസി ഹൃദ്യമായി ചിരിച്ചു കൊണ്ട്‌ മുറ്റത്തേയ്ക്ക്‌ ഇറങ്ങി വന്നു.

തന്റെ മനസ്സിലൂറിയ ചിന്തകള്‍ സൃഷ്ടിച്ച ജാള്യത മറച്ചു കൊണ്ട്‌ ഗ്രേസിയുടെ കരം ഗ്രഹിച്ചു. അവളോടൊപ്പം പൂമുഖത്തേക്ക്‌ കയറി.

പുറത്തേ വെയിലില്‍ നിന്ന് പൂമുഖത്തളത്തിലെ കുളിര്‍മ്മയിലേക്ക്‌ കയറിയപ്പോള്‍ എന്തൊരു ആശ്വാസം.

അകത്തേ മുറിയിലേക്ക്‌ ഗ്രേസി തന്നെ കൂട്ടിക്കൊണ്ടു പോയി. ഒരു ഗ്ലാസ്സ്‌ തണുത്ത ജ്യൂസും കൊണ്ടു വന്നു.

- ഗ്രേസിയുടെ ഹസ്ബന്റ്‌?

തന്റെ ചോദ്യം കേട്ടുകൊണ്ടാണെന്നു തോന്നുന്നു, ഉള്‍മുറിയില്‍ നിന്നും ഒരു മധ്യവയസ്കന്‍ ഇറങ്ങി വന്നു.

നല്ല ഉയരം. നരയും കഷണ്ടിയും ചെറുതായി ആക്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു. വേഷം അലസമാണെങ്കിലും മുഖം പ്രൗഢഗംഭീരമെന്നുതന്നെ പറയാം. ഈ മുഖം മുന്‍പ്‌ കണ്ടിട്ടുള്ളതു പോലെ ഒരു പ്രതീതി.

- ഇതെന്റെ ഫ്രണ്ട്‌ സാറ. ഞാന്‍ പറയാറില്ലേ -

ഗ്രേസി പരിചയപ്പെടുത്തി.

അദ്ദേഹം തലകുലുക്കി ചിരിച്ചു കൊണ്ട്‌ എതിര്‍ വശത്തുള്ള സോഫയില്‍ ഇരുന്നു.

- മാഡം എവിടെ താമസിക്കുന്നു?

സാറ സ്ഥലം പറഞ്ഞു.

- ഹസ്ബന്റ്‌ ആന്‍ഡ്‌ ചില്‍ഡ്രണ്‍?

സാറ വാചാലയായി. ഇഷ്ടവിഷയമാണല്ലോ അത്‌.

ഇടയ്ക്ക്‌ ഒരു പെണ്‍കുട്ടിയുടെ മുഖം അടുക്കള വാതില്‍ക്കല്‍ തെളിഞ്ഞു.

- ഇതെന്റെ ഇളയ മോള്‍ താര -

താര ഗ്രേസിയെപ്പോലെ തന്നെയുണ്ട്‌. നല്ല ഐശ്വര്യമുള്ള മുഖം.

- മോള്‍ എന്തെടുക്കുകാ?

- ബി. എസ്സ്‌സി. ഫൈനല്‍ ഈയര്‍ -

- നിങ്ങള്‍ സംസാരിക്കൂ. ഞാന്‍ ചായ എടുക്കാം -

ഗ്രേസി അടുക്കളയിലേക്ക്‌ വലിഞ്ഞു. ഒപ്പം മോളും.

വീണ്ടും സംഭാഷണം ഗ്രേസിയുടെ ഭര്‍ത്താവുമൊത്തായി. അദ്ദേഹവും സംഭാഷണപ്രിയനാണെന്നു തോന്നുന്നു. പലേ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. ഇടയ്ക്ക്‌ പലതവണ ഫോണ്‍ വിളികള്‍ വന്നു.

ഗ്രേസി അടുക്കളയില്‍ നിന്ന് ചായയുമായെത്തി. പിന്നാലെ ഒരു പ്ലേറ്റില്‍ സ്നാക്സുകളുമായി താരയും.എല്ലാവരും ഡൈനിംഗ്‌ ടേബിളിനു ചുറ്റുമായിരുന്ന് ചായ കുടിക്കാന്‍ തുടങ്ങി.

പെട്ടെന്നാണ്‌ ഗ്രേസിയുടെ ഹസ്ബന്റ്‌ ചുമയ്ക്കാന്‍ തുടങ്ങിയത്‌. ഒന്നുരണ്ടു ചുമകളില്‍ തുടങ്ങി, അതു പിന്നെ തുടര്‍ച്ചയായുള്ള ചുമയായി.

അതിഥിയെ അലോസരപ്പെടുത്തേണ്ടെന്നു കരുതിയാവും അദ്ദേഹം ഡൈനിംഗ്‌ ടേബിളില്‍ നിന്നു മാറി സോഫയിലേക്ക്‌ ഇരുന്നു.

അവിടിരുന്നും ചായകുടിയ്ക്കിടയില്‍ ചുമയ്ക്കുന്നുണ്ട്‌. ഇടയ്ക്കിടെ നെഞ്ചു തിരുമ്മുകയും അയ്യോ എന്ന്‌ ചെറിയ ശബ്ദത്തില്‍ പറയുകയും ചെയ്യുന്നുണ്ട്‌.


തന്നെ അല്‍ഭുതപ്പെടുത്തിയ ഒരു കാര്യം, ഭര്‍ത്താവ്‌ ഇത്രയൊക്കെ ചുമച്ചു കഷ്ടപ്പെട്ടിട്ടും ഗ്രേസിയ്ക്കൊരു കുലുക്കവുമില്ല. അവള്‍ തന്നോട്‌ സംസാരിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ ഡൈനിംഗ്‌ ടേബിളില്‍ തന്നെ ഇരിക്കുന്നു. ഭര്‍ത്താവിന്റെ അടുത്തേക്കൊന്നു ചെല്ലുകയോ കാര്യം തിരക്കുകയോ ചെയ്യുന്നില്ല.

ഗ്രേസി ഇത്ര കഠിനഹൃദയയോ?

താരയും ഇരുന്നിടത്തു നിന്ന് എണീറ്റിട്ടിട്ടില്ല.

ചുമ ഒന്നു ശമിച്ചപ്പോള്‍ തിരിഞ്ഞു നോക്കി ചോദിച്ചു

- സാര്‍ ചുമ എന്തേ? അലര്‍ജിയാണോ അതോ ജലദോഷമോ?-

- ആ, എല്ലാമുണ്ട്‌. ആരോഗ്യം തീരെയില്ലാത്ത ഒരാളാണെന്നേ ഞാന്‍ -

അദ്ദേഹം പിന്നേയും ചെറുതായി ചുമയ്ക്കുകയും നെഞ്ചു തിരുമ്മുകയും ചെയ്തു.

അതു കണ്ടിട്ട് വല്ലാത്ത മന:പ്രയാസം തോന്നി.

ഒഴിഞ്ഞ പ്ലേറ്റുകളും കപ്പുകളുമായി താരയും ഗ്രേസിയും അടുക്കളയിലേക്ക്‌ പോയി.

ഗ്രേസിയുടെ ഭര്‍ത്താവ്‌ അദ്ദേഹത്തിന്റെ മുറിയിലേക്കും.

അപ്പോഴാണ്‌ ഒരു ഫോണ്‍ വന്നത്‌.

- സാറാ, അതൊന്ന്‌ അറ്റന്‍ഡ്‌ ചെയ്യൂ പ്ലീസ്‌ -

അടുക്കളയില്‍ നിന്ന്‌ ഗ്രേസി വിളിച്ചു പറഞ്ഞു.

- ഓകെ, ഞാന്‍ അറ്റന്‍ഡ്‌ ചെയ്യാം ഗ്രേസീ -

ഫോണ്‍ അറ്റന്‍ഡ്‌ ചെയ്തു.

- ഹലോ -

- ഹലോ ഉമ്മന്‍ സാറുണ്ടോ മാഡം?

ഉമ്മന്‍ സാറ്‌?

ഗ്രേസിയുടെ ഹസ്ബന്റാണോ? പേരും അറിയില്ലല്ലോ കര്‍ത്താവേ!

- പാര്‍ഡന്‍ -

- ഉമ്മന്‍ ചെറുപറമ്പന്‍ സാറിന്റെ വീടല്ലേ?

ആകെ കണ്‍ഫ്യൂഷനായി.

ഉമ്മന്‍ ചെറുപറമ്പന്‍? ആ പ്രസിദ്ധ ആര്‍ക്കിടെക്ടല്ലേ?

- പ്ലീസ്‌, വണ്‍ മിനിറ്റ്‌, ഹോള്‍ഡ്‌ ഓണ്‍ -

അടുക്കളയിലേക്കോടി.

- ഗ്രേസീ, ഉമ്മന്‍ ചെറുപറമ്പനെയാ അന്വേഷിക്കുന്നത്‌ -

പാത്രം കഴുകികൊണ്ടു നിന്ന ഗ്രേസി തല തിരിക്കാതെ തന്നെ പറഞ്ഞു

- ആ, അതദ്ദേഹത്തിനാ. മോളേ, പപ്പയോട്‌ പോയി പറയൂ -


രണ്ടാമത്തെ അല്‍ഭുതം! പ്രശസ്തനായ ആര്‍ക്കിടെക്ട്‌ ഉമ്മന്‍ ചെറുപറമ്പന്‍ തന്റെ അടുത്ത കൂട്ടുകാരി ഗ്രേസിയുടെ ഭര്‍ത്താവെന്നോ?

അതും, നേരത്തേ കണ്ട ചുമച്ച്‌ അവശനായ, തീരെ ആരോഗ്യമില്ലാത്ത ആ മനുഷ്യന്‍?

അകത്തെ മുറിയില്‍ നിന്ന് ധൃതിയില്‍ ഇറങ്ങിവന്ന് അവശതയുടെ യാതൊരു ലക്ഷണങ്ങളുമില്ലാതെ ചുറുചുറുക്കോടെ ഫോണില്‍ സംസാരിക്കുന്ന ഉമ്മന്‍ ചെറുപറമ്പനെ സാകൂതം നോക്കിനില്‍ക്കാതിരിക്കാനായില്ല സാറയ്ക്ക്.

ഗ്രേസിയുടെ സര്‍നെയിം ജോണ്‍ എന്നാണ്‌. സ്വാഭാവികമായും ജോണ്‍ എന്നായിരിക്കും അവളുടെ ഭര്‍ത്താവിന്റെ പേര്‌ എന്നാണ്‌ താന്‍ ധരിച്ചു വച്ചിരുന്നത്‌. ഇതിപ്പോള്‍ അവളുടെ അപ്പച്ചന്റെ പേരായിരിക്കും ജോണ്‍ എന്നത്‌. ചിലര്‍ വിവാഹം കഴിഞ്ഞാലും മെയിഡന്‍ നെയിം മാറ്റിയെന്നിരിക്കില്ല.

ലേശം കെറുവ്‌ തോന്നി ഗ്രേസിയോട്‌. എന്നാലും അവള്‍ക്കിതുവരെ തന്നോട്‌ പറയാന്‍ തോന്നിയില്ലല്ലോ താന്‍ ഉമ്മന്‍ ചെറുപറമ്പന്റെ ഭാര്യയാണെന്ന്?

ഗ്രേസി വീണ്ടും സ്വീകരണമുറിയില്‍ എത്തിയപ്പോള്‍ പറയാതിരിക്കാനായില്ല,

- ഗ്രേസീ നീ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ നിന്റെ ഭര്‍ത്താവ്‌ ഈ പ്രശസ്തനായ ആളാണെന്ന്?

- ഓ, അതിലൊക്കെ എന്തിരിക്കുന്നു സാറാ?

ഗ്രേസി വളരെ നിസ്സാര മട്ടില്‍ പറഞ്ഞു.

എന്തിരിക്കുന്നു എന്നോ? തനിക്കിതത്ര ദഹിക്കുന്നില്ലല്ലോ! സ്വന്തം ഭര്‍ത്താവ്‌ ഒരു സെലിബ്രിറ്റി ആണെന്ന് മറ്റുള്ളവരോട്‌ പറയാതിരിക്കാന്‍ കഴിയുന്നതെങ്ങനെ?

കുശലങ്ങള്‍ക്കിടയില്‍ ഇന്ന് തനിക്ക്‌ ചോദിക്കാനേ ഉണ്ടായിരുന്നുള്ളൂ, പറയാനുള്ളതിനേക്കാള്‍.


ഉമ്മന്‍ ചെറുപറമ്പന്‍ അകത്തേ മുറിയില്‍ നിന്ന് ഇറങ്ങി വന്നു, കോട്ടും സൂട്ടുമൊക്കെയണിഞ്ഞ്‌ വളരെ വെല്‍ഡ്രസ്സ്ഡ്‌ ആയി. ഒരു യാത്രയ്ക്കുള്ള പുറപ്പാടാണ്‌.

നേരത്തേ കണ്ട ചുമച്ച്‌ അവശനായ ആ മനുഷ്യനെവിടെ ഈ സ്റ്റൈലന്‍ മദ്ധ്യവയസ്കനെവിടെ?

-അപ്പോള്‍ കൂട്ടുകാരികള്‍ ഇരിക്കൂ. ഞാന്‍ ഇറങ്ങട്ടെ -

തിരിഞ്ഞ്‌ തന്നോടായി,

- ഇന്നൊരു ഡിസ്ക്കഷനുണ്ട്‌, മന്ത്രിയുമായി -


പോര്‍ച്ചില്‍ വന്നു നിന്ന കാറില്‍ കയറി അദ്ദേഹം യാത്രയായി.

പിന്നാലെ പൂമുഖം വരെ അനുഗമിച്ച ഗ്രേസി ചിരിച്ചുകൊണ്ട്‌ കൈവീശുന്നു.

ഒരല്‍ഭുതം പോലെയാണത് തനിക്ക് തോന്നിയത്. നേരത്തേ കാണിച്ച അവഗണന... ഇപ്പോഴുള്ള ഈ സൌഹൃദം !

പിന്നേയും അര മണിക്കൂര്‍ കൂടി കഴിഞ്ഞാണ്‌ സുഹൃദ്‌സന്ദര്‍ശനം അവസാനിപ്പിച്ച്‌ വീട്ടിലേക്ക്‌ മടങ്ങിയത്‌.


*** *** ***


അടുത്ത രണ്ടു ദിനങ്ങള്‍ ലീവെടുക്കേണ്ടി വന്നു, നാട്ടിലൊരു വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടി. സ്ത്രീധനമായി കിട്ടിയ കുടുംബസ്വത്താണ്‌. അത്‌ വില്‍ക്കേണ്ടി വന്നു.

അപ്പച്ചനും അമ്മച്ചിയുമൊക്കെ വല്ലാത്തൊരു ആത്മബന്ധം വച്ചുപുലര്‍ത്തിയിരുന്ന വസ്തുവകകളാണ്‌. അത്യദ്ധ്വാനം ചെയ്തു സമ്പാദിച്ചവയല്ലേ? എങ്ങനെ ആത്മബന്ധമുണ്ടാകാതിരിക്കും?

പക്ഷേ പട്ടണത്തില്‍ ജോലിയും നേടി വീടും വച്ചു പാര്‍ക്കുന്നവര്‍ക്ക്‌ നാട്ടിലെ ഭൂസ്വത്തൊക്കെ ഒരു വലിയ ഭാരമാണ്‌. അവിടെ പോയി കൃഷി ചെയ്യലും വിളവെടുക്കലും ഒന്നും നടക്കില്ല. അപ്പോള്‍ പിന്നെ വിറ്റഴിക്കുകയല്ലാതെ എന്തു നിവൃത്തി? വിറ്റു കിട്ടുന്ന പണം ബാങ്കിലിട്ട്‌ സുഖമായി ജീവിക്കുക.


അപ്പച്ചന്റേയും അമ്മച്ചിയുടേയും ആത്മാക്കള്‍ പരിഭവിക്കുന്നുണ്ടാകും. എന്നാലും എന്തു ചെയ്യാന്‍?

ബുധനാഴ്ച ഓഫീസിലെത്തി. ഗ്രേസിയെ കണ്ടപാടേ ചോദിച്ചു,

- ഗ്രേസീ, ഉമ്മന്‍ സാറിന്റെ അസുഖമൊക്കെ ഇപ്പോള്‍ എങ്ങനെയുണ്ട്‌?

-അസുഖമോ?

ഗ്രേസിയുടെ ശബ്ദത്തില്‍ വല്ലാത്ത അമ്പരപ്പ്‌!

- ആ, അദ്ദേഹത്തിന്റെ ചുമ?

- ഓ അതോ?

വളരെ നിസ്സാര മട്ടില്‍ ചോദ്യമെറിഞ്ഞിട്ട്‌ ഗ്രേസി പൊട്ടിച്ചിരിച്ചു.

ഇപ്പോള്‍ അമ്പരപ്പ്‌ തനിക്കാണ്‌. ഇതെന്തേ ഗ്രേസി ഇങ്ങനെ?

അവളുടെ വീട്ടില്‍ പോയപ്പോള്‍ കണ്ടതാണ്‌ ഉമ്മന്‍ സാര്‍ ചുമച്ച്‌ കഷ്ടപ്പെടുന്നത്‌. അതേക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ഗ്രേസിക്ക്‌ ഒന്നും തന്നെ അറിയാത്തപോലെ !

ഒന്നും മനസ്സിലാകുന്നില്ലല്ലോ!

അന്നുതന്നെ, ഭര്‍ത്താവ്‌ വല്ലാതെ ചുമച്ച്‌ കഷ്ടപ്പെടുന്നത്‌ കണ്ടിട്ടും അതില്‍ ഒരല്‍പം പോലും ഉത്‌കണ്ഠപ്പെടുകയോ എന്താണ്‌ അസ്കിത എന്നൊന്നു ചോദിക്കുകയോ പോലും ചെയ്യാതെ നിസ്സംഗയായിരുന്നു ചായ മൊത്തിക്കുടിക്കുന്ന ഗ്രേസിയുടെ ചിത്രം ഒരു പ്രഹേളികയായി ഇന്നും തന്റെ മനസ്സിലുണ്ട്‌.

ഇപ്പോളിതാ അസുഖവിവരം തിരക്കിയപ്പോള്‍ ഗ്രേസി പൊട്ടിച്ചിരിക്കുന്നു!

ചുണ്ടത്തെ ചിരി മായാതെ തന്നെ കൂടെ നടക്കുകയാണ്‌ ഗ്രേസി. ഉത്തരമൊന്നും പറഞ്ഞിട്ടുമില്ല. ദേഷ്യമാണ്‌ തോന്നിയത്‌. അതു സ്വരത്തില്‍ നിന്നു മറച്ചുപിടിക്കാന്‍ ശ്രമിക്കാതെ തന്നെ ചോദിച്ചു,

- അന്നത്തെ ആ ചുമ കുറവുണ്ടോന്നാ ചോദിച്ചത്‌?

കൂടെ, എത്ര ശ്രമിച്ചിട്ടും ഉള്ളിലൊതുക്കാന്‍ പറ്റാതെ മനസ്സില്‍ തിളച്ചു മറിഞ്ഞു കൊണ്ടിരുന്ന ചിന്താധാരയും പുറത്തേയ്ക്കൊഴുകി.

- അന്നദ്ദേഹം അത്ര ഭയങ്കരമായി ചുമച്ചിട്ടും നീ ഒന്നു മൈന്‍ഡ്‌ ചെയ്യുകപോലും ഉണ്ടായില്ല?

ഓ, അടക്കമില്ലാത്ത നാവ്‌! അരുതാത്തത് പറഞ്ഞു പോയി.

- ഓ സോറി ഗ്രേസീ, എനിക്കന്ന് അങ്ങനെയൊരു ഇംപ്രഷനാ ഉണ്ടായത്‌. സോറി സോറി കേട്ടോ -

ഗ്രേസിയുടെ മുഖത്ത്‌ യാതൊരു ഭാവവ്യത്യാസവും കണ്ടില്ല. ആ ചിരി ഒട്ടും മാഞ്ഞിട്ടും ഇല്ല.

- വരൂ, നമുക്ക്‌ ക്യാന്റീനിലേക്ക്‌ പോകാം -

ഗ്രേസി ക്ഷണിച്ചു.

ക്യാന്റീനില്‍ ചെന്ന് കോഫിയും സ്നാക്സും ഓര്‍ഡര്‍ ചെയ്തു.


- സാറാ, അതദ്ദേഹത്തിന്റെ ഒരു സ്വഭാവമാണ്‌ -

- ഏത്‌?

- വലിയ അസുഖക്കാരനാണെന്ന് ഭാവിക്കുക -

അസുഖക്കാരനാണെന്ന് ഭാവിക്കുകയെന്നോ!കണ്ണില്‍ ചോരയില്ലാത്തവള്‍.

അന്ന് താന്‍ നേരിട്ട്‌ കണ്ടതല്ലേ അദ്ദേഹം വല്ലാതെ ചുമച്ചു കുരുങ്ങുന്നത്‌?

- അസുഖം ഭാവിക്കുകയാണെന്നോ ഗ്രേസീ?

ഗ്രേസി തലകുലുക്കി. എന്നിട്ടു ചിരിച്ചു കൊണ്ട്‌ പറഞ്ഞു

- അദ്ദേഹം ഒരൊന്നാംതരം അഭിനേതാവണ്‌ -

ഇവളിതെന്താ ഈ പറയുന്നത്‌? വീണ്ടും അരിശമാണ്‌ തോന്നിയത്‌. സ്വന്തം ഭര്‍ത്താവ്‌ അസുഖം അഭിനയിക്കുകയാണത്രേ!


- സാറാ, ഇപ്പോള്‍ നിനക്കറിയാമല്ലോ അദ്ദേഹം ഇത്തിരി പേരുള്ളൊരു ആര്‍ക്കിടെക്ട്‌ ആണെന്ന്. പ്രശസ്തമായൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ്‌ വര്‍ക്ക്‌ ചെയ്യുന്നതും. സൈറ്റില്‍ ചെന്നാല്‍ വളരെ ചുറുചുറുക്കുള്ള ഒരാള്‍. ജോലി ചെയ്യാനും ചെയ്യിപ്പിക്കാനും മിടുമിടുക്കന്‍ -

- പക്ഷേ ഈ ആള്‍ വീട്ടില്‍ എത്തിയാല്‍, പിന്നെ വല്ലാത്ത അവശനാണ്. ഇല്ലാത്ത രോഗങ്ങള്‍ ഒന്നും തന്നെയില്ല. സര്‍വ്വ അവയവങ്ങളും രോഗഗ്രസ്തമത്രേ! നഖവും തലമുടിയും ഒഴിച്ച്‌ മറ്റ്‌എല്ലായിടത്തും കഠിനവേദന! ഏറ്റവും ഇഷ്ടം എന്തെന്നോ? താനൊരു ഹൃദ്രോഗിയാണെന്ന് അവകാശപ്പെടാന്‍! ജന്മനാല്‍ തന്നെ ഹൃദയത്തിന്‌ തകരാറുണ്ട്‌ പോല്‍. ആ തകരാര്‍ വാല്‍വിനാണെന്നും സ്വയം കണ്ടു പിടിച്ച്‌ വച്ചിട്ടുണ്ട്‌! പക്ഷേ ഇന്നു വരെ ഒരു ഹൃദ്രോഗവിദഗ്ദന്റെ അടുത്ത്‌ പോയിട്ടും ഇല്ല -

- ബഹുനില കെട്ടിടങ്ങളുടെ മൂന്നും നാലും നിലകള്‍ ഒറ്റയടിക്ക്‌ ഓടിക്കയറും, ഒരു കിതപ്പോ ശ്വാസം മുട്ടലോ ഇല്ലാതെ. സ്റ്റെപ്സ്‌ കയറുന്നതിനിടയില്‍ ചറുപിറുന്നനെ സംസാരിക്കുകയും ചെയ്യും. ഹൃദ്രോഗിയായ ഒരാളിന്‌ ഇതു കഴിയുമോ? ഒരു ഹൃദ്രോഗവും അവകാശപ്പെടാത്ത എനിക്ക്‌, രണ്ടുനില കയറിക്കഴിയുമ്പോള്‍ തന്നെ തുടങ്ങും കലശലായ നെഞ്ചു വേദന. അതിന്‌ പരിഹാരമായി ഡീപ്‌ ബ്രെത്ത്‌ എടുത്തുകൊണ്ട്‌ കയറ്റം കയറണമെന്ന് അദ്ദേഹം തന്നെയാണ്‌ പറഞ്ഞുതന്നിട്ടുള്ളതും. രക്തത്തിലെ ഓക്സിജന്‍ കണ്ടന്റ്‌ കൂട്ടി മസിലുകള്‍ക്ക്‌ ശക്തിപകരാനാണത്രേ ഈ ഡീപ്‌ ബ്രെത്ത്‌. എഞ്ചിനീയറിംഗ്‌ ആണ്‌ പഠിച്ചതെങ്കിലും ശരീരശാസ്ത്രവും കുറച്ച്‌ അറിയാം -

ഗ്രേസി വീണ്ടും ചിരിച്ചു.

അപ്പോഴേക്കും കോഫി എത്തി.

ഒന്നും വിശ്വസിക്കാന്‍ തോന്നുന്നില്ല. അസുഖമില്ലാതെ ഒരാള്‍ അസുഖക്കാരനാണെന്ന് ഭാവിക്കുമോ? അതെന്തിനു വേണ്ടിയാകും?

സംശയം ചോദ്യരൂപത്തില്‍ പുറത്തു വന്നു.

- എന്തിനു വേണ്ടിയെന്ന് ചോദിച്ചാല്‍ അതെനിക്കറിഞ്ഞുകൂട സാറാ. ഓരോരോ നേച്ചര്‍. എന്നാലും എനിക്കു തോന്നുന്ന ഒരു കാരണം ഇതാണ്‌ - രോഗിയായി അഭിനയിച്ച്‌ മറ്റുള്ളവരുടെ ശ്രദ്ധ അല്ലെങ്കില്‍ സിമ്പതി നേടിയെടുക്കാന്‍ -

ഗ്രേസിയുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു.

- പിന്നെ -

- ഓരോരോ രോഗം പറഞ്ഞ്‌ എന്നെ തീ തീറ്റിക്കുക. ഭാര്യ തന്നെപ്രതി മനസ്സു നീറ്റുന്നു എന്നറിയുമ്പോള്‍ അദ്ദേഹത്തിനു ഒരു സന്തോഷം ലഭിക്കുന്നുണ്ടാകും - ഒരു സാഡിസ്റ്റിക്‌ പ്ലഷര്‍ -

തിരിച്ചൊന്നും പറയാനാവാതെ ഇരുന്നു പോയി.

ഗ്രേസി തുടര്‍ന്നു.


- ഒരു കാലത്ത്‌ ഞാന്‍ വളരെയേറെ തീ തിന്നിരുന്നു. അസുഖം എന്നൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാതെ പേടിക്കുന്ന ഒരു സ്വഭാവമായിരുന്നു എനിക്ക്‌. അദ്ദേഹത്തിനാണെങ്കില്‍ അസുഖമൊഴിഞ്ഞ്‌ ഒരു നേരവുമില്ല. എന്നാല്‍ ഒന്നു ഡോക്ടറെ കാണാം എന്നു പറഞ്ഞാലോ കൊന്നു കളഞ്ഞാല്‍ വരില്ല. ഒരുപാടു കാലത്തെ സഹവാസം കൊണ്ട്‌ ഞാന്‍ മനസ്സിലാക്കിയെടുത്തതാണ്‌ ഇത്‌ - ഈ രോഗങ്ങളെല്ലാം തന്നെ ശരീരത്തിനല്ല മനസ്സിലെ സങ്കല്‍പ്പങ്ങള്‍ ആണെന്ന് -

കുറേ നിമിഷങ്ങളുടെ നിശ്ശബ്ദത.

- സാറാ, നിനക്കിതൊന്നും അങ്ങോട്ടു ദഹിക്കുന്നുണ്ടാവില്ല അല്ലേ?

ഗ്രേസി ചിരിച്ചു.

- ഒരു കാര്യം കൂടി കേട്ടോളൂ -

ഗ്രേസി ഒന്നു നിറുത്തി. അവളുടെ മുഖത്ത്‌ സമ്മിശ്രവികാരങ്ങള്‍ മിന്നി മറയുന്നുണ്ടായിരുന്നു.

- ആദ്യരാത്രി -

- അത്രപെട്ടെന്നൊന്നും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞുപോകില്ലല്ലോ അത്‌?

- അന്നദ്ദേഹം നവവധുവിനോട്‌ മൊഴിഞ്ഞ സ്വീറ്റ്‌-നത്തിംഗ്‌സിന്റെ കൂട്ടത്തില്‍ ഇങ്ങനേയും ഒരു വാചകം ഉണ്ടായിരുന്നു - എനിക്ക്‌ ബ്ലഡ്‌ ക്യാന്‍സറാ, ഇനി വെറും രണ്ടു മാസം! -

- അയ്യോ -

അറിയാതെയാണ്‌ ആ പദം തന്റെ വായില്‍ നിന്ന് ഉതിര്‍ന്നുപോയത്‌.

ഗ്രേസി അതുകേട്ട്‌ ഇത്തിരി ഉറക്കെത്തന്നെ ചിരിച്ചു.

- അന്നു വെറും 21 വയസ്സുള്ള ഒരു പൊട്ടിപ്പെണ്ണായിരുന്നെങ്കിലും ഇത്രയും ആലോചിക്കാനുള്ള ബുദ്ധി ദൈവം തലയില്‍ ഉദിപ്പിച്ചു - ഈ രോഗം ഉള്ള ഒരാള്‍ എന്തായാലും കല്യാണം കഴിക്കാന്‍ മുതിരില്ല -

വീണ്ടും മൗനം കനത്ത നിമിഷങ്ങള്‍.

- ആ, ഇങ്ങനെ അസുഖക്കാരനാണെന്ന് ഭാവിച്ച്‌ ഭാര്യ വിഷമിക്കുന്നത്‌ കാണുമ്പോള്‍ അതില്‍ നിന്ന് അദ്ദേഹത്തിന്‌ ആനന്ദം ലഭിക്കുമെങ്കില്‍ അതായിക്കോട്ടേ -

കോഫീകപ്പുകള്‍ ഒഴിഞ്ഞു.

ഗ്രേസി വീണ്ടും ഉഷാറായി. ചിരിച്ചു കൊണ്ട്‌ തന്റെ കരം ഗ്രഹിച്ചു.


- അറിയോ സാറാ, രണ്ടുമാസം കൂടി കഴിഞ്ഞാല്‍ ഞങ്ങടെ വെഡ്ഡിംഗ്‌ ആനിവേഴ്‌സറിയാ. ഇരുപത്തിയഞ്ചാം വെഡ്ഡിംഗ്‌ ആനിവേഴ്‌സറി! ഞങ്ങളത്‌ ഗ്രാന്‍ഡ്‌ ആയി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകാ. ഞാന്‍ ക്ഷണിക്കും കേട്ടോ. നീ വരണം -

- തീര്‍ച്ചയായും ഗ്രേസീ. അഥവാ നീയിനി വിളിക്കാന്‍ മറന്നുപോയാല്‍ പോലും ഞാന്‍ ഓര്‍ത്തു വച്ച്‌ അന്നു വരും. ആ രോഗാതുരനെ ഒന്നുംകൂടിയൊന്ന് കാണുകയും ചെയ്യാല്ലോ -

ഇരുവരും പൊട്ടിച്ചിരിച്ചു.

ക്യാന്റീനില്‍ നിന്ന് തിരിച്ചു നടക്കുമ്പോള്‍ ഗ്രേസി തുടര്‍ന്നു.

- നമ്മള്‍ കെമിസ്ട്രിയില്‍ പഠിച്ചിട്ടില്ലേ സാച്വറേറ്റഡ്‌ സൊല്യൂഷന്‍ എന്ന്. ആ അതുപോലൊരു സാച്വറേറ്റഡ്‌ സൊല്യൂഷനാ ഇന്നു ഞാന്‍. ഇനിയും ഉപ്പു കലങ്ങില്ല -


ഭര്‍ത്താവിനോടുള്ള സ്നേഹത്തിന്റെ മധുരവും തിരിച്ചദ്ദേഹം സമ്മാനിച്ച സാങ്കല്‍പ്പിക രോഗാതുരത എന്ന ഉപ്പിന്റെ കയ്പ്പും ഇഴപിരിക്കാനാവാതെ ഇടകലര്‍ന്നിരുന്നു ഗ്രേസിയുടെ ശബ്ദത്തില്‍.
--------------------------------------------------------------------------------

- ഗീത -

Sunday, January 17, 2010

കുഞ്ഞുകറുമ്പിയും മക്കളും




കുഞ്ഞുകറുമ്പിയും മക്കളും






മക്കളെ പാലൂട്ടിയ ശേഷം കുഞ്ഞുകറുമ്പി ജാലകത്തിലൂടെ പുറം‌ലോകം വീക്ഷിക്കുന്നു.








പൂച്ചക്കറുമ്പിയും നായക്കറുമ്പിയും. രണ്ടുപേരും തമ്മില്‍ വല്യ സ്നേഹത്തിലാ...

നായ അനിയത്തി വളര്‍ത്തുന്നതാണ്. പൂച്ച രണ്ടുവീട്ടിലും ഒരുപോലെ വരും.

Monday, December 14, 2009

യാത്രയിലെ കൂട്ടുകാരി

മയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെദൂരമുണ്ട് വണ്ടിയോടിച്ചു പോകാന്‍. ഏഴുമണി കഴിയും എന്തായാലും അവിടെ എത്തിപ്പറ്റാന്‍. ഡ്രൈവിങ്ങിന്റെ വിരസത അകറ്റാനായി അയാള്‍ ആ ചെറുകവലയില്‍ വണ്ടിനിറുത്തി. റോഡിന്റെ വലതു വശത്തു കണ്ട ചായക്കടയില്‍ കയറി കടുപ്പത്തില്‍ ഒരു ചായ കുടിച്ചു. അവിടെ ഒരഞ്ചുമിനിറ്റ് ഇരുന്ന് പരിസരം വീക്ഷിച്ചു.

ഒട്ടും പുരോഗമനം എത്താത്ത നാട്ടിന്‍പുറം. ബഞ്ചുകളും ഡസ്കുമിട്ട ഈ ചായക്കടതന്നെ അവിടത്തെ ഏറ്റവും വലിയ സ്ഥാപനം. ഒരു മുറുക്കാന്‍ കട, തയ്യല്‍ക്കട, ഒരു പ്രൊവിഷന്‍ സ്റ്റോര്‍, ചെറിയൊരു ബേക്കറി - ഇത്രയുമൊക്കെ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്നു. ഈ കെട്ടിടങ്ങള്‍ക്ക് പുറകിലായും, റോഡിന്റെ ഇരുപുറത്തുമായും നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന വയലേലകളാണ്.

- സാറെങ്ങോട്ടാണാവോ?
ചായക്കടക്കാരന്‍ ലോഹ്യം ചോദിച്ചു.
- വില്വപുരത്തേക്ക് -
- ഓ അങ്ങോട്ടാണെങ്കി എനി ഒരുവാട് വണ്ടിയോടിക്കണല്ലോ -
- ഉവ്വോ?
അയാള്‍ എണീറ്റു. കൂടുതല്‍ വിശ്രമിച്ചാല്‍ പറ്റില്ല.

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മെല്ലെ മുന്നോട്ടെടുക്കുന്നതിനിടയില്‍ ചായക്കടയുടെ വാ‍തില്‍ക്കല്‍ നിന്ന് തന്നെത്തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന ചായക്കടക്കാരനു നേരേ കൈവീശി. മുന്നില്‍ ഒരു ചെറിയ വളവാണ്. വണ്ടി മുന്നോട്ടെടുത്ത് ഗിയര്‍ മാറ്റുന്നതിനിടയിലാണ് കണ്ടത്, റോഡിന്റെ ഇടതുവശത്തായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നു. അവള്‍ കാറിനു നേരേ കൈ കാണിച്ചു. അയാള്‍ ഒന്നു സംശയിച്ചു എങ്കിലും കാര്‍ നിറുത്തി.

- സര്‍, വില്വപുരത്തേക്കാണോ?
- അതേ -
- ഞാനതിനടുത്തു വരേയാ. എന്നെയൊന്നു ഡ്രോപ്പ് ചെയ്യുമോ?

അയാള്‍ ആകെ ആശയക്കുഴപ്പത്തിലായി. കാറില്‍ കയറ്റണോ? ആരേയും വിശ്വസിച്ചുകൂടാത്ത കാലമാണ്.

അയാളുടെ മനസ്സു വായിച്ചിട്ടെന്ന പോലെ അവള്‍ കെഞ്ചി.
- സര്‍ പ്ലീസ് -

കാഴ്ചയില്‍ പ്രശ്നക്കാരിയാണെന്നൊന്നും തോന്നുന്നില്ല. ഒരു സാധാരണപെണ്‍കുട്ടി. ഇത്തിരി ഉയരക്കൂടുതല്‍ ഉണ്ടെന്നു തോന്നുന്നു. താന്‍ പോകുന്ന വഴിക്ക് ഒന്ന് ഡ്രോപ്പ് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല. പോരെങ്കില്‍ അവളെ കയറ്റാതെ പോയാല്‍ മനസ്സു തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും - ചേതമില്ലാത്ത ഒരു ഉപകാരം ചെയ്യാതിരുന്നതിന്.

അയാള്‍ റിമോട്ട് അമര്‍ത്തി ഡോര്‍ ലാച്ചുകള്‍ ഉയര്‍ത്തി.
അവള്‍ പിന്‍ സീറ്റില്‍ കയറി ഇടത്തേയറ്റം ചേര്‍ന്ന് ഇരുന്നു.

അവള്‍ കയറുന്നതിനിടയില്‍, അയാള്‍ പിന്നിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. ആ ചായക്കടയും മറ്റും റോഡിന്റെ വളവുമൂലം കാഴ്ചയിലില്ല.

അവളുടെ സാന്നിദ്ധ്യം കാറിനുള്ളില്‍ സുഖകരമായൊരു പരിമളം പരത്തി. അതയാള്‍ നന്നേ ആസ്വദിച്ചു. എന്തിന്റെ വാസനയാണിത്? അയാളാലോചിച്ചു നോക്കി. ഏതായാലും മുല്ലപ്പൂവിന്റേയോ പിച്ചിപ്പൂവിന്റേയോ വാസനയല്ല. പിന്നെ?

കാര്‍ സ്പീഡില്‍ ഓടാന്‍ തുടങ്ങി. പുറകിലിരിക്കുന്ന പെണ്‍കുട്ടി യാതൊരു സംഭാഷണത്തിനും മുതിരുന്നില്ല. എന്തെങ്കിലും പറയണമല്ലോ എന്നു കരുതി അയാള്‍ ചോദിച്ചു.

- കുട്ടിക്ക് എവിടാ ഇറങ്ങേണ്ടത്?
- വില്വപുരത്തു നിന്ന് രണ്ടുകിലോമീറ്റര്‍ അപ്പുറം -

വീണ്ടും മൌനം. അതുടയ്ക്കാന്‍ പിന്നെ അയാളും ശ്രമിച്ചില്ല.

കുഴപ്പമില്ല. തനിക്കു വില്വപുരത്തു നിന്ന് നാലഞ്ചു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോകണമല്ലോ. വഴിയില്‍ ഈ പെണ്‍കുട്ടിയെ ഇറക്കാം.

കാര്‍ നല്ല സ്പീഡില്‍ ഓടുകയാണ്. വളരെ വിജനമായ പാത. ഒരു മനുഷ്യജീവി പോയിട്ട് ഒരു നാല്‍ക്കാലിയെ പോലും എങ്ങും കാണാനില്ല. റോഡിന്റെ ഇരുവശങ്ങളിലും കൃഷിയൊന്നുമില്ലാതെ ഉണങ്ങിവരണ്ടു കിടക്കുന്ന പാടശേഖരം മാത്രം. അപൂര്‍വ്വമായി മാത്രം റോഡരികില്‍ തണല്‍മരങ്ങള്‍.

സന്ധ്യാംബരത്തിന് വല്ലാത്തൊരു ചോരച്ച നിറമാണിന്ന് എന്ന് അയാള്‍ക്ക് തോന്നി.

പിന്നിലെ പെണ്‍കുട്ടി ഇപ്പോഴും മൌനത്തിന്റെ വല്‍മീകത്തില്‍ തന്നെ. ഇട്യ്ക്ക് അവളവിടെ ഉണ്ടോന്നുപോലും അയാള്‍ സംശയിച്ചു. ഒന്നു തല ചരിച്ചു നോക്കിയാല്‍ റെയര്‍മിററിലൂടെ അവളുടെ വസ്ത്രത്തിന്റെ തുമ്പു കാണാമായിരുന്നു.

ഡ്രൈവിങ്ങിനിടയില്‍ പലതവണ അവളുടെ സാന്നിദ്ധ്യം അയാള്‍ മിററിലൂടെ നോക്കി ഉറപ്പു വരുത്തി.
വെളുത്ത ചുരീദാറായിരുന്നു അവളുടെ വേഷം. സുന്ദരിയാണോന്നു ചോദിച്ചാല്‍ ആണെന്നോ അല്ലെന്നോ പറയാന്‍ അയാളുടെ മനസ്സു കൂട്ടാക്കിയില്ല. കുനിഞ്ഞു ലിഫ്റ്റ് ചോദിക്കുന്നതിനിടയില്‍, അവളുടെ പല്ലുകളില്‍ കമ്പിയിട്ടിരുന്നതായി കണ്ട കാര്യം അയാള്‍ ഓര്‍ത്തു.

അവള്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, ആ മൌനത്തെ ബഹുമാനിക്കാം എന്നയാള്‍ കരുതി. ഒന്നുമില്ലെങ്കിലും, ഈ സന്ധ്യനേരത്ത്, വിജനമായ ഈ വീഥിയിലൂടെ, വളരെ അകലെയൊരിടത്തേക്ക് യാത്ര ചെയ്യാനായി ഒരന്യപുരുഷനായ തന്നെ വിശ്വാസത്തിലെടുത്തതല്ലേ? അവള്‍ പറയാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ കിണ്ടിക്കിളച്ച് ചോദിച്ച് ആ വിശ്വാസത്തിന് കോട്ടം തട്ടിക്കണ്ട. അവള്‍ ഇങ്ങോട്ടു പറയാന്‍ തുനിയുകയാണെങ്കില്‍ കേള്‍ക്കാം. എന്തെങ്കിലും ഹെല്പ് ആവശ്യപ്പെടുകയാണെങ്കില്‍ അതും ചെയ്തു കൊടുക്കാം. അയാള്‍ മനസ്സില്‍ കരുതി.

സന്ധ്യാംബരത്തിന്റെ ചുവപ്പും, വിജനമായ വീഥിയും, കനത്ത മൌനവും...

എല്ലാം കൂടി എന്തോ ഒരു പ്രത്യേകാന്തരീക്ഷം സൃഷ്ടിക്കുന്നതു പോലെ...

മൌനത്തിന്റെ മണ്‍കൂട് തകര്‍ക്കാന്‍ എം.പി.3 പ്ലേയര്‍ ഓണ്‍ ആക്കാമെന്നു വിചാരിച്ചു. പിന്നതു വേണ്ടെന്നു വച്ചു. സഹയാത്രികയ്ക്ക് ഇഷ്ടമായില്ലെങ്കിലൊ?

പാടശേഖരങ്ങള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അവിടവിടെയായി കരിമ്പനകള്‍ എഴുന്നു നില്‍ക്കുന്നതു കാണായി. കടും ചുവപ്പാര്‍ന്ന സന്ധ്യാമേഘത്തിന്റെ പശ്ചാത്തലത്തില്‍ ഇരുണ്ട രൂപത്തില്‍ കാണപ്പെട്ട കരിമ്പനകള്‍ ഏതോ ഒരു ഭീതിദ ദൃശ്യം പോലെ അയാള്‍ക്കു തോന്നി.

ശ്ശേ, ഭീതിദ ദൃശ്യമെന്നോ?

അയാള്‍ ആ ചിന്തയെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചു. കവിഹൃദയമുണ്ടായിരുന്നെങ്കില്‍ നല്ലൊരു കവിത എഴുതാന്‍ പറ്റിയ ദൃശ്യം. അല്ലെങ്കില്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ക്ക് പകര്‍ത്താന്‍ തോന്നുന്ന അതീവ സുന്ദരദൃശ്യം. ശരിയാണല്ലോ, തന്റെ കൈയില്‍ ക്യാമറ ഉണ്ടല്ലോ. കാറ്‌ നിറുത്തി ഈ ദൃശ്യമൊന്നു പകര്‍ത്തിയാലോ? മനസ്സില്‍ ഇങ്ങനെയൊക്കെ തോന്നിയെങ്കിലും ആക്സിലറേറ്ററില്‍ നിന്നെടുത്തു മാറ്റി ബ്രേക്കില്‍ ചവിട്ടാന്‍ അയാളുടെ ‍കാല്‍ വിസമ്മതിക്കുന്നതു പോലെ...

സന്ധ്യാംബരത്തിന്റെ കടുത്ത ചുവപ്പില്‍ കാളിമ പടരാന്‍ തുടങ്ങുന്നു. റോഡിലും ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. അയാള്‍ ഹെഡ് ലൈറ്റ് ഓണ്‍ ആക്കി.


കാറ് നല്ല സ്പീഡില്‍ തന്നെ പാഞ്ഞു കൊണ്ടിരുന്നു. ഹെഡ് ലൈറ്റിന്റെ പ്രകാശത്തില്‍ മുന്നിലുള്ള വിജനമായ റോഡ് മാത്രം കാണാം. ഇരുവശങ്ങളിലും നിബിഡമായി വളര്‍ന്നുനില്‍ക്കുന്ന വന്‍‌മരങ്ങളാണെന്നു തോന്നുന്നു.

ഏ.സി.യുടെ തണുപ്പ് അയാളെ അലോസരപ്പെടുത്തി.

- ഏ.സി. ഓഫാക്കട്ടേ? വല്ലാത്ത തണുപ്പ് -
അയാള്‍ മര്യാദപൂര്‍വ്വം പെണ്‍കുട്ടിയോട് ചോദിച്ചു.

നേര്‍ത്തൊരു മൂളല്‍ മാത്രമായിരുന്നു അതിന് അവളില്‍ നിന്നുണ്ടായ പ്രതികരണം.

അയാള്‍ ഏ.സി. ഓഫാക്കി. എന്നിട്ട് ഡ്രൈവിംഗ് സീറ്റിലെ വിന്‍ഡൊ ഗ്ലാസ്സ് അല്‍പ്പമൊന്ന് താഴ്ത്തി. കാറ്റ് ഒരിരമ്പത്തോടെ ഉള്ളിലേക്ക് അടിച്ചു കയറി. ഒപ്പം മനം മയക്കുന്ന സുഗന്ധവും...

ഹായ് എന്തൊരു സുഗന്ധം! അയാള്‍ മൂക്കു വിടര്‍ത്തി അതാസ്വദിച്ചു. എന്തു ഗന്ധമാണിത്?

പിടികിട്ടി.

പാല‍പ്പൂഗന്ധം!

വഴിയരികിലെവിടെയോ പാലമരം പൂത്തുലഞ്ഞു നില്‍പ്പുണ്ടാവും.

അയാള്‍ക്കൊരു സംശയം ജനിച്ചു. തന്റെ സഹയാത്രിക കാറില്‍ കയറിയപ്പോള്‍ പ്രസരിച്ച പരിമളം ഇതായിരുന്നോ? പാലപ്പൂമണം?

ദൂരം കുറേ പിന്നിട്ടിട്ടും മദിപ്പിക്കുന്ന ആ ഗന്ധം അങ്ങനെ മൂക്കിലേക്കടിച്ചു കയറുന്നു..

ഇതെന്താ വഴിനീളെ പൂത്ത പാലകളാണോ?



പെട്ടെന്ന് അയാളുടെ മനസ്സിലേക്ക് ഓര്‍മ്മകള്‍ ഇരച്ചെത്തി. കുട്ടിക്കാലത്ത് മുത്തശ്ശിയുടെ മടിയില്‍ തലവച്ച് കിടന്ന് കേട്ട യക്ഷിക്കഥകള്‍...

യക്ഷിപ്പാലകള്‍ പൂക്കുമ്പോഴാണത്രേ സുഗന്ധമിങ്ങനെ മൈലുകളോളം പരക്കുന്നത്...

കുട്ടിക്കാലത്ത്, പേടിയാണെങ്കിലും യക്ഷിക്കഥകള്‍ കേള്‍ക്കാന്‍ വലിയ ഹരമായിരുന്നു. പകല്‍ സമയത്ത് കഥ കേട്ടാല്‍ പേടി തോന്നില്ല. പക്ഷേ, രാത്രി കിടക്കപ്പായില്‍ കിടന്നാലുടന്‍ മുത്തശ്ശിയുടെ പേടിപ്പെടുത്തുന്ന കഥാപാത്രങ്ങളെല്ലാം ചുറ്റിനും കൂടും. പിന്നെ മുത്തശ്ശിയെ മുറുകെ കെട്ടിപ്പുണര്‍ന്ന് ആ വെറ്റിലമണവും ആസ്വദിച്ചു കിടക്കുകയേ നിവര്‍ത്തിയുള്ളൂ. അങ്ങനെ കിടക്കുമ്പോള്‍ തോന്നിയിരുന്ന ആ സുരക്ഷിത ബോധം!


വിന്‍ഡോ ഗ്ലാസ്സ് കുറച്ചു മാത്രം താഴ്ത്തി വച്ച ജാലകത്തിലൂടെ ആര്‍ത്തിരമ്പി കയറിവരുന്ന സുഗന്ധിയായ കാറ്റിന് വല്ലാത്തൊരു മൂളല്‍..

അയാള്‍ക്ക് വീണ്ടും അലോസരം തോന്നി. വിന്‍ഡോ ഗ്ലാസ്സ് ഉയര്‍ത്തി വച്ചു. കാറിനകത്ത് ചൂടു തോന്നിത്തുടങ്ങിയപ്പോള്‍ ഒന്നും മിണ്ടാതെ അയാള്‍ ഏ. സി. ഓണാക്കുകയും ചെയ്തു. ഒരിക്കല്‍ കൂടി മിററിലൂടെ നോക്കി സഹയാത്രികയുടെ വസ്ത്രാഞ്ചലം കാണാനുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.

*** *** ***


വില്വപുരം മെയിന്‍ ഠൌണില്‍ നിന്ന് വീണ്ടും നാലഞ്ചു കിലോമീറ്റര്‍ കൂടി മുന്നോട്ടു പോയാലാണ് സുഹൃത്തിന്റെ വീട്ടിലെത്തുക. തന്റെ വിവാഹത്തിന് ക്ഷണിക്കാനാണയാള്‍ പോകുന്നത്. സുഹൃത്തിന്റെ വിവാഹം രണ്ടര വര്‍ഷം മുന്‍പേ കഴിഞ്ഞിരുന്നു. വിദേശത്തായിരുന്നതിനാല്‍ അന്നതിനു പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അവന്റെ ഭാര്യയേയും കുഞ്ഞിനേയും കണ്ടിട്ടുമില്ല. ഇന്നിപ്പോള്‍ സൌഹൃദ സന്ദര്‍ശനവും വിവാഹക്ഷണനവും ഒന്നിച്ചാക്കാമെന്നു കരുതി.

സുഹൃത്തിനും ഭാര്യയ്ക്കും നല്‍കാനായി കുറേ സമ്മാനപ്പൊതികള്‍ കരുതിയിട്ടുണ്ട്. പക്ഷേ അന്നേരം ഒന്നരവയസ്സുള്ള കുഞ്ഞിന്റെ കാര്യം മറന്നുപോയി. വില്വപുരം ഠൌണില്‍ നിന്ന് കുറച്ച് കാഡ്ബറീസ് ചോക്ലേറ്റുകള്‍ വാങ്ങാം.

സാമാന്യം നല്ലൊരു ബേക്കറിയോട് ചേര്‍ത്ത് കാര്‍ നിറുത്തി.

- കുറച്ച് സാധനങ്ങള്‍ വാങ്ങിയിട്ടു വരാം -
പെണ്‍കുട്ടി വീണ്ടും ഒരു മൂളലില്‍ സമ്മതം പ്രകടിപ്പിച്ചു.

ബേക്കറിയിലേക്ക് കയറിയതും കഷ്ടകാലത്തിന് വൈദ്യുതി പണിമുടക്കി. എമര്‍ജന്‍സി ലാമ്പിന്റെ മങ്ങിയ വെളിച്ചത്തില്‍ ചോക്ലേറ്റ്സും മറ്റു കുറേ ബേക്കറി സാധനങ്ങളും തിരഞ്ഞെടുത്തു. തിരിച്ചു കാറിലേക്ക് വന്നപ്പോള്‍ ഒരു പത്തു മിനിറ്റോളം കഴിഞ്ഞുകാണും. എങ്ങും കുറ്റാക്കുറ്റിരുട്ട്.

ഡ്രൈവിങ്ങ് സീറ്റില്‍ കയറിയിരുന്ന ശേഷമാണ് അയാള്‍ക്കത് ചോദിക്കാന്‍ തോന്നിയത്.
- കുട്ടിയ്ക്കെന്തെങ്കിലും വാങ്ങാനുണ്ടായിരുന്നോ?

തിരിച്ച് പ്രതികരണമൊന്നുമില്ല.

നേരത്തേ ചോദിക്കാന്‍ തോന്നാതിരുന്ന തന്റെ ആലോചനാശൂന്യതയില്‍ പ്രതിഷേധിക്കുകയാണോ?
- സോറി, ഞാന്‍ നേരത്തേ അന്വേഷിക്കേണ്ടതായിരുന്നു. കുഴപ്പമില്ല, പറഞ്ഞാല്‍ മതി ഞാന്‍ വാങ്ങിക്കൊണ്ടു വരാം -
എന്നിട്ടുമില്ല ഒരു മൂളല്‍ പോലും.

അയാള്‍ മിററിലൂടെ എത്തിനോക്കി. കാറിനകത്തും ഇരുട്ടാണ്.
മിററിലൂടെ ഒന്നും കാണാന്‍ വയ്യ.

അയാള്‍ തല തിരിച്ചു നോക്കി.
പിന്‍ സീറ്റ് ശൂന്യം!

അതോ കാറിനുള്ളിലെ ഇരുട്ടില്‍ തനിക്ക് കാണാന്‍ പറ്റാത്തതോ? കാറിനുള്ളിലെ ബള്‍ബ് കത്തിച്ചു.
ഏയ്, പിന്‍ സീറ്റില്‍ ആരുമില്ല തന്നെ!

അയാള്‍ അന്ധാളിച്ചു. എവിടെപ്പോയി അവള്‍? ഇനി എന്തെങ്കിലും വാങ്ങാനായി ഏതെങ്കിലും കടയില്‍ കയറിയതാവുമോ?

കുറച്ചുനേരം വെയിറ്റ് ചെയ്യുക തന്നെ.

അയാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങി നിന്നു. മങ്ങിയവെളിച്ചത്തില്‍ കണ്ണുകള്‍ അവള്‍ക്കായി പരതി.

ഒരല്‍പ്പം കഴിഞ്ഞപ്പോള്‍ വൈദ്യുതി തിരികെ വന്നു. വില്വപുരം ഠൌണ്‍ പ്രകാശത്തില്‍ കുളിച്ചു.


അയാള്‍ ആശ്വാസത്തോടെ കാറില്‍ ചാരിനിന്ന് ഓരോ കടകളിലേക്കും കണ്ണു പായിച്ചു. കാണാവുന്ന ദൂരത്തുള്ള കടകളിലൊന്നും ഒരു വെളുത്തചുരീദാര്‍ക്കാരി നില്‍ക്കുന്നതായി കാണാനുണ്ടായിരുന്നില്ല.

പിന്നെ അയാള്‍ എല്ലാ കടകളിലും കയറിയിറങ്ങിത്തന്നെ പരതി.

എങ്ങുമില്ല. അയാള്‍ ആകെ വിഷമിച്ചു. പേരുപോലും അറിയില്ല. ആ സ്ഥിതിക്ക് ആരെന്നു പറഞ്ഞു ചോദിക്കും.
എന്നിട്ടും ഒന്നുരണ്ടു കടക്കാരോട് വെള്ള ചുരീദാറിട്ട ഒരു പെണ്‍കുട്ടി ഇങ്ങോട്ടു കടന്നു വന്നോ എന്നന്വേഷിക്കയും ചെയ്തു.

അയാള്‍ ഹതാശനായി വീണ്ടും കാറിനടുത്തേക്കു വന്നു. അവളിരുന്നഭാഗത്തെ ഡോര്‍ തുറന്നു നോക്കി. ഇല്ല, അവളില്ല.

അവള്‍ക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയിട്ടില്ല. ഇവിടെയങ്ങ് ഇറങ്ങിക്കളയാമെന്ന് തീരുമാനിച്ചോ?
എന്നാലും ഇത്രദൂരം കൂട്ടിക്കൊണ്ടു വന്ന തന്നോട് ഒരു നന്ദിവാക്കു പോലും പറയാതെ അങ്ങനെ അങ്ങു മുങ്ങിക്കളയുകയോ?

വീണ്ടും കുറേ മിനിറ്റുകള്‍ കൂടി അയാള്‍ അവിടെ കാത്തുനിന്നു. അയാള്‍ക്ക് ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു. ഒന്നു രണ്ടു വട്ടം കാറിന്റെ ഹോണ്‍ മുഴക്കി നോക്കി. അടുത്തെങ്ങാനും ഉണ്ടെങ്കില്‍ വരട്ടേ എന്നു കരുതി. മൂന്നാലു തവണയായപ്പോള്‍ അടുത്ത കടക്കാര്‍ എത്തി നോക്കാന്‍ തുടങ്ങി. അയാള്‍ ഉടന്‍ കാറിനുള്ളില്‍ കയറിയിരുന്നു. വീണ്ടും ഒരു പത്തുമിനിറ്റോളം കാത്തു. ആ പെണ്‍കുട്ടിയുടെ നിഴല്‍ പോലുമില്ല.

ഇനി കാത്തിട്ട് കാര്യമില്ലെന്നു മനസ്സിലായപ്പോള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. മനസ്സില്‍ ദേഷ്യം നുരഞ്ഞു പൊന്തുകയായിരുന്നു. അയാള്‍ ഓര്‍ത്തു -

- വില്വപുരത്തു നിന്ന് രണ്ടു കിലോമീറ്റര്‍ കൂടി പോകണം എന്നല്ലേ പറഞ്ഞത്. രണ്ടു കി.മീ. അത്രവലിയ ദൂരമല്ല. നടന്നു പോകാവുന്നതേയുള്ളൂ. താന്‍ ബേക്കറിയില്‍ പോയ തക്കം നോക്കി ഇറങ്ങിപ്പോയതാകും. പോരെങ്കില്‍ കറന്റ് പോയതിനാല്‍ ഇരുട്ടിന്റെ മറവും. ഒന്നും പറയാതെ മിണ്ടാതെ ഇറങ്ങിപ്പോകാമെന്നു കരുതിക്കാണും. എന്തൊരു നന്ദികേട്! ഇനി ഒരിക്കല്‍ പോലും ഒരൊറ്റയെണ്ണത്തിന് ഇങ്ങനെയൊരുപകാരം ചെയ്യില്ല -

അയാള്‍ മനസ്സില്‍ ഉറപ്പിച്ചു.

കാര്‍ കുറേ ദൂരം കൂടി ഓടിയപ്പോള്‍ അയാളുടെ ദേഷ്യം തണുക്കാന്‍ തുടങ്ങിയിരുന്നു. പിന്നെ അയാള്‍ ആശ്വസിച്ചു -

- അല്ല, താനെന്തിനിത്ര വേവലാതിപ്പെടുന്നു? ആരെന്നോ ഏതെന്നോ അറിയാത്ത ഒരു പെണ്‍കുട്ടി - ലിഫ്റ്റ് ചോദിച്ചപ്പോള്‍ കൊടുത്തു- സ്ഥലമെത്തിയപ്പോള്‍ അവള്‍ ഇറങ്ങിപ്പോയി. ഒരു നന്ദിവാക്കുപോലും ഉരിയാടിയില്ല എന്നത് നേര്. അതുകൊണ്ടെന്താ? ഒരു തലവേദന ഒഴിഞ്ഞു കിട്ടി എന്നങ്ങ് വിചാരിച്ചാല്‍ പോരേ?

- ചിലപ്പോള്‍ നാട്ടുകാരെ പേടിച്ചാകും അവളങ്ങനെ ചെയ്തത്. സ്വന്തം നാടല്ലേ, പരിചയക്കാര്‍ പലരും കണ്ടേക്കാം നിരത്തില്‍. ഒരന്യപുരുഷന്റെ കാറില്‍, അതും ഇരുട്ടു വീണതിനു ശേഷം, വന്നിറങ്ങുന്നത് അവരാരെങ്കിലും കണ്ടാല്‍ ചിലപ്പോള്‍ മോശമായേക്കും. അത്തരമൊരു സ്ഥിതിവിശേഷമുണ്ടാകാതിരിക്കാന്‍ അവള്‍ കണ്ടുപിടിച്ച വഴിയാകാം ഇത്. ആ, ആട്ടേ, എന്തുമാകട്ടേ. നന്ദി പറഞ്ഞില്ലെങ്കിലും മനസ്സിലെങ്കിലും അവള്‍ നന്ദിപൂര്‍വ്വം ഓര്‍ക്കാതിരിക്കില്ല, സുരക്ഷിതമായി ഇത്രടം എത്തിച്ചതിന് -

അയാള്‍ അവള്‍ക്ക് മനസ്സാലേ മാപ്പു കൊടുത്തു.


*** *** ***

സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ എട്ടുമണി കഴിഞ്ഞിരുന്നു. ഗേറ്റ് തുറന്നിട്ട്, തന്നെയും പ്രതീക്ഷിച്ച് പൂമുഖത്തു തന്നെ നില്‍പ്പുണ്ടായിരുന്നു അവര്‍.

കാറ് പൂട്ടി ബാഗ്ഗേജും എടുത്തിറങ്ങി.

ഹൃദ്യമായ ചിരിയോടെ സ്വാഗതമോതി നില്‍ക്കുന്നു, കുഞ്ഞിനേയും തോളിലേറ്റി സുഹൃത്തിന്റെ നല്ലപാതി.
- ഹായ് ഭാഭീ -

അയാള്‍ ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ അഭിവാദനമോതി. കുഞ്ഞിന്റെ ഇളംകവിളില്‍ തലോടി. അവന്‍ അമ്മയുടെ തോളില്‍ അള്ളി‍പ്പിടിച്ചിരുന്നു കൊണ്ട് അതിഥിയെ നോക്കി പരിചിതഭാവത്തില്‍ ചിരിച്ചു. ആദ്യമായി കാണുന്ന തന്നെ നോക്കി ആ ഇളം പൈതല്‍ പൊഴിച്ച പാല്‍‌പ്പുഞ്ചിരി മനസ്സില്‍ ഒരു കുളിര്‍ നിലാമഴ പോലെ പെയ്തിറങ്ങുന്നത് അയാളറിഞ്ഞു.

നീണ്ട യാത്രയുടെ ക്ഷീണം നന്നേയുണ്ടായിരുന്നു. അതിനാല്‍ കുശലങ്ങളൊക്കെ കഴിഞ്ഞ്, ഒരു കുളിയും പാസ്സാക്കി, ഭക്ഷണവും കഴിച്ച് തനിക്കായി രണ്ടാം നിലയില്‍ ഒരുക്കിയിരുന്ന കിടക്കമുറിയിലേക്ക് വന്നു. യാത്രയിലെ കൂട്ടുകാരിയെ കുറിച്ച് വന്നു കേറിയ ഉടനെ സുഹൃത്തിനോട് പറയണമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നത് വേണ്ടെന്നു വച്ചു. അവളുടെ സുരക്ഷയെ കരുതി തന്നെ. സുഹൃത്തിനും ചിലപ്പോള്‍ അവളെ അറിയാമെന്നു വന്നേക്കും. നാട്ടുകാരല്ലേ? തന്നോടൊപ്പമുള്ള യാത്ര അവള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ച സ്ഥിതിക്ക് താനായിട്ടെന്തിനത് പരസ്യമാക്കണം?

*** *** ***

സ്വപ്നരഹിതമായ നീണ്ട സുഖസുഷുപ്തിക്ക് ശേഷം തെളിഞ്ഞ ഒരു പുലരിയിലേക്കാണയാള്‍ കണ്ണു തുറന്നത്. ജീവിതത്തിലിന്നുവരെ ഇത്രയും സുഖകരമായി താന്‍ ഉറങ്ങിയിട്ടേയില്ലെന്നയാള്‍ക്ക് തോന്നി. ശരീരത്തിന് നല്ലൊരു സുഖം.

സമയം എട്ടരയോളം ആയിരിക്കുന്നു. അതുകണ്ടപ്പോള്‍ അയാള്‍ക്കൊരു ചമ്മലും തോന്നി.
ച്ഛേ, സുഹൃത്തും ഭാര്യയും തന്നെപ്പറ്റി എന്തു വിചാരിക്കും, ഇത്രയും താമസിച്ചുണര്‍ന്നാല്‍?

വേഗം തന്നെ പ്രഭാതകൃത്യങ്ങളൊക്കെ കഴിച്ച്, കുളിച്ച് ഡ്രസ്സ് മാറി താഴെയെത്തി.

തീന്‍ മേശമേല്‍ ആവിപറക്കുന്ന വിഭവവങ്ങള്‍ നിരത്തുകയാണ് ഭാഭി.

- ഉറക്കമൊക്കെ സുഖമായിരുന്നോ?
ഭാഭി അന്വേഷിച്ചു.
- ഓ, യെസ്, വളരെ സുഖമായി ഉറങ്ങി ‌-

അപ്പോഴേക്കും കുഞ്ഞിനേയും എടുത്ത് സുഹൃത്തും എത്തി.

- ബെഡ്കോഫി വേണോ അതോ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നോ?
വീണ്ടും ഭാഭി അന്വേഷിച്ചു.

- ഈ ഒന്‍പതുമണിക്കോ ബെഡ് കോഫി?
സുഹൃത്ത് കളിയാക്കി.

- ബ്രേക്ക്ഫാസ്റ്റ് തന്നെയാവാം ഭാഭീ -

ഭാഭി പ്ലേറ്റുകള്‍ നിരത്തി, അവയില്‍ ഇഡ്ഡലിയും ചട്ട്ണിയും സാമ്പാറും വിളമ്പി. ജഗ്ഗില്‍ നിന്ന് ചായ കപ്പുകളിലേക്ക് പകര്‍ന്നു.

സ്വാദിഷ്ഠമായ പ്രാതല്‍ കഴിഞ്ഞ് അയാളും സുഹൃത്തും പൂമുഖത്ത് ഒത്തുകൂടി. കുഞ്ഞിനെ കുളിപ്പിച്ച് ഉറക്കിയശേഷം ഭാഭിയും അവരോടൊപ്പം കൂടി.

പഴംകഥകള്‍ പലതും പറയാനുണ്ടായിരുന്നു അയാള്‍ക്കും സുഹൃത്തിനും. നഴ്സറി മുതല്‍ പ്ലസ് ടു തലം വരെ സതീര്‍ത്ഥ്യരായിരുന്നു അവര്‍. പിന്നെ ബി.ടെക്കിനു ചേര്‍ന്നപ്പോള്‍ രണ്ടുപേരും വളരെ അകലങ്ങളിലുള്ള കോളേജുകളിലായിപ്പോയി.

എന്നാലും സുഹൃദ്ബന്ധത്തിന്റെ ഇഴപൊട്ടാതെ അവര്‍ സൂക്ഷിച്ചിരുന്നു.

ഉച്ചഭക്ഷണം കൂടി കഴിഞ്ഞിട്ടു വേണം അവിടെ നിന്ന് പോകാനെന്നായിരുന്നു കരാര്‍. അതിനാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഭാഭി അടുക്കളക്കാര്യങ്ങള്‍ നോക്കാനായി പോയി.

വായനപ്രിയനായ സുഹൃത്ത് അനേകം ആനുകാലികങ്ങള്‍ വരുത്തുന്നുണ്ടായിരുന്നു. സൌഹൃദസംഭാഷണങ്ങള്‍ക്കിടയില്‍ അവയൊക്കെ ഓരോന്നായി എടുത്തു നോക്കുന്നതിനിടയിലാണ് സുഹൃത്തിന്റെ പഴയ ഒരു കോളേജ് മാഗസീന്‍ കണ്ണില്‍ പെടുന്നത്. താല്‍പ്പര്യത്തോടെ അതെടുത്ത് മറിച്ചു നോക്കി.

കലാസാഹിത്യാദികളില്‍ ഇത്തിരി നിപുണത കാണിച്ചിരുന്ന സുഹൃത്തിന്റെ ചിത്രങ്ങള്‍ പല പേജുകളിലും കണ്ടു.

- നീ ഒരു ഹീറൊ ആയിരുന്നല്ലേ കോളേജില്‍?
- ഹും അതൊരു കാലം -
സുഹൃത്ത് നെടുവീര്‍പ്പോടെ പറഞ്ഞു.

മാഗസീന്റെ അവസാന പേജുകളില്‍ സ്പോര്‍ട്ട്സ് ടീമുകളുടെ ഫോട്ടോകള്‍.

പെട്ടെന്നാണത് അയാളുടെ കണ്ണില്‍ പെട്ടത്.

അതിലൊരു ഫോട്ടോയില്‍ ഇന്നലത്തെ തന്റെ സഹയാത്രിക?

ബാഡ്മിന്റണ്‍ ടീമിന്റെ ഫോട്ടോയാണത്.

അയാള്‍ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. ഇതവള്‍ തന്നെയല്ലേ? കൂട്ടത്തില്‍ ഏറ്റവും പൊക്കം കൂടിയ പെണ്‍കുട്ടി. ചിരിച്ചുനില്‍ക്കുന്ന ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കിയാല്‍ പല്ലിലെ കമ്പിയും കാണാം.

ഇതവള്‍ തന്നെ.

അയാള്‍ക്ക് ആകാംക്ഷയടക്കാന്‍ കഴിഞ്ഞില്ല.

- ഇതേതാ ഈ പെണ്‍കുട്ടി?

- എന്താ, നിനക്കറിയുമോ ഈ കുട്ടിയെ?

അതിനുത്തരം പറയാന്‍ അയാളൊന്നു വിഷമിച്ചു. പിന്നെ പറഞ്ഞു,

- നല്ല മുഖപരിചയം തോന്നുന്നു. അതാ ചോദിച്ചേ -

- നീ ഉദ്ദേശിക്കുന്ന ആളാവാന്‍ വഴിയില്ല -

ഭാഭി ഉറങ്ങിയുണര്‍ന്ന കുഞ്ഞിനേയും കൊണ്ട് കടന്നു വന്നു. അവന്‍ ചിണുങ്ങുന്നുണ്ട്.

- ദേ ഇവനെ ഒന്നു കളിപ്പിക്കൂ. അടുക്കളയില്‍ ഒരുപാട് പണിയുണ്ട് ‌-

സുഹൃത്ത് കുഞ്ഞിനെ കൈയില്‍ വാങ്ങി.

- നീ വാ. ഇവനേയും കൊണ്ട് തൊടിയിലൊന്നു കറങ്ങിവരാം -
സുഹൃത്ത് ക്ഷണിച്ചു.

അവരൊരുമിച്ച് തൊടിയിലേക്ക് നടന്നു. വളരെ വിശാലമായ തൊടിയാണ്. നിറയെ സസ്യലതാദികള്‍ പടര്‍ന്നു കിടക്കുന്നു.

സുഹൃത്ത് കുറേ നേരം മൌനിയായി നടന്നു. പിന്നെ പെട്ടെന്ന് അയാളുടെ നേരേ തിരിഞ്ഞ് ചോദിച്ചു
- നീയെന്തേ ആ പെണ്‍കുട്ടിയെ കുറിച്ച് ചോദിച്ചത്? നിനക്കെങ്ങനെ അവളെ അറിയാം?

പെട്ടെന്ന് ഈ ചോദ്യശരം നേരിടേണ്ടി വന്നപ്പോള്‍ അയാള്‍ അമ്പരന്നുപോയി.
- അത് - അത് ആ ഫോട്ടോ കണ്ടിട്ട് നല്ല മുഖപരിചയം തോന്നുന്നു. പക്ഷേ ആരെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നുമില്ല-
അയാളൊരു നുണ പറഞ്ഞു. പിന്നെ ചോദ്യമെറിഞ്ഞു,

- ആട്ടേ, നിന്റെ കോളേജ് മേറ്റല്ലേ? നിനക്കറിയുമോ അവളെ?

കുറെ നിമിഷങ്ങള്‍ക്ക് ശേഷമാണ് സുഹൃത്ത് മറുപടി പറഞ്ഞത്.
- എനിക്കറിയാം. എന്റെ ജൂനിയര്‍ ആയിരുന്നു. സ്പോര്‍ട്ട്സ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ കുട്ടി -
സുഹൃത്ത് ഒന്നു നിറുത്തി.

നീണ്ട ഒരു മൌനത്തിനു ശേഷമാണ് പിന്നെ കഥതുടര്‍ന്നത്.

- അവളെ കുറിച്ചോര്‍ക്കുമ്പോള്‍ ഇത്തിരി കുറ്റബോധമുണ്ട് -

- എഞ്ചിനീയറിങ്ങ് കോളേജില്‍ പ്രതാപിയായി വിലസി നടന്നിരുന്ന കാലം. ചെണ്ടപ്പുറത്ത് കോലു വയ്ക്കുന്നിടത്തെല്ലാമുണ്ടാകും എന്ന മട്ടിലായിരുന്നു അന്നു ഞാന്‍ -

- എങ്ങനെയെന്നറിയില്ല, ഒരേ ക്ലാസ്സിലല്ലാഞ്ഞിട്ടും ഈ പെണ്‍കുട്ടിക്ക് എന്നോടൊരാരാധന -

- ഒരിക്കലും നേരില്‍ പറഞ്ഞിട്ടില്ല, മുഖദാവില്‍ വന്നിട്ടുമില്ല -

- എന്നാലും അവളുടെ സുഹൃത്തുക്കള്‍ വഴിയാണെന്നു തോന്നുന്നു എന്റെ ചില കൂട്ടുകാര്‍ ഇതറിഞ്ഞു. എന്നെ കളിയാക്കാനും തുടങ്ങി -

- ഞാനറിയാത്തൊരു ആരാധികയോ എനിക്ക്? കൂട്ടുകാര്‍ കാട്ടിത്തന്നു -

- പക്ഷേ -
- കോലുപോലെ കുറേ പൊക്കം, മെലിഞ്ഞുണങ്ങിയ ശരീരം, ഉണ്ടക്കണ്ണുകള്‍, ഉന്തിയപല്ലുകള്‍...

- ഇങ്ങനൊക്കെ ഒരു ചിത്രമായിരുന്നു എന്റെ കണ്ണില്‍ പതിഞ്ഞത് -

- ആരാധികയെ കാട്ടിത്തന്ന കൂട്ടുകാരോട് ഞാനിതേക്കുറിച്ചൊക്കെ പുച്ഛത്തോടെ പറഞ്ഞ് ചിരിച്ചു തള്ളി -

- എനിക്ക് അവളെ പ്രതിയുള്ള ഇം‌പ്രഷന്‍ ഇങ്ങനൊക്കെ ആണെന്ന് ആ പെണ്‍കുട്ടി അറിഞ്ഞിരുന്നോ എന്നറിയില്ല. കോളേജ് വരാന്തയുടെ ഉരുണ്ട തൂണുകളുടെ മറവില്‍ നിന്നും, അവളുടെ ക്ലാസ്സ്മുറിയുടെ വാതിലിന്റെ പിന്നില്‍ നിന്നുമൊക്കെ ആ ഉണ്ടക്കണ്ണുകള്‍ എന്റെ നേര്‍ക്ക് നീണ്ടുവരുന്നത് പിന്നെയും ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. അന്നൊക്കെ മുഖത്ത് ഒന്നുകൂടി ഒരു പുച്ഛഭാവം നിറച്ച് കടന്നു പോകാനേ ശ്രമിച്ചിട്ടുള്ളൂ -

- ഉന്തിയ പല്ലുകള്‍ എന്ന വിശേഷണം ആരെങ്കിലും അവളുടെ ചെവികളിലെത്തിച്ചിരുന്നുവോ എന്നറിയില്ല. ഒരുനാള്‍ അവള്‍ വന്നത് പല്ലുകളില്‍ കമ്പിയുമിട്ടാണ് -

- എന്തായാലും എന്റെ സങ്കല്‍പ്പത്തിലെ നായികാചിത്രവുമായി തീരെ രൂപസാദൃശ്യമില്ലാതിരുന്ന ആ ആരാധികയെ അംഗീകരിക്കാന്‍ എന്റെ മനസ്സിനു തീരെ കഴിഞ്ഞിരുന്നില്ല -

- ഫെയര്‍വെല്‍ ഫങ്ഷന്റെ അന്നാണ് അവളെ ഞാന്‍ അവസാനമായി കണ്ടത്. എല്ലാവരും ബൈ പറഞ്ഞ് പിരിയുന്നു. അടുത്ത ദിവസം മുതല്‍ സ്റ്റഡിലീവ്. ഹോസ്റ്റലിലേക്ക് നടക്കുന്നതിനിടയിലാണ് അവളെ കണ്ടത്. പതിവു പോലെ സ്റ്റെപ്പുകള്‍ക്കടുത്തുള്ള ഒരു തൂണിനു പിന്നില്‍ മറഞ്ഞു നില്‍ക്കുന്നു. തൊട്ടടുത്ത് എത്തിയപ്പോളാണ് കണ്ടത്. അറിയാതെ മുഖത്തേക്ക് നോക്കിപ്പോയി -

- അവളുടെ അന്നത്തെയാ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ അവളും എന്റെ നേര്‍ക്ക് മുഖമുയര്‍ത്തി നോക്കി. ചുണ്ടുകളില്‍ വിടര്‍ന്ന ചിരിയുണ്ട്. പക്ഷേ മിഴികള്‍ കണ്ണീര്‍ത്തടാകങ്ങളായിരിക്കുന്നു ! -


- എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി. അവളുടെ ആ ചിരി മടക്കിക്കൊടുക്കാനോ എന്തെങ്കിലുമൊരു വാക്ക് ഉരിയാടാനോ കഴിഞ്ഞില്ല. മിഴികള്‍ പിന്‍‌വലിച്ച് നിസ്സംഗനായി നടന്നു നീങ്ങി അവളുടെ അരികില്‍ നിന്ന്, ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ -

- ക്രൂരതയായിപ്പോയീന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ സ്വയം ആശ്വസിച്ചു - എന്തായാലും ആ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വെറുതേ ഒരാശ കൊടുത്തിട്ട് പിന്നെ ചതിക്കുന്നതിനേക്കാള്‍ നല്ലത് ഇതു തന്നെയല്ലേ?-

സുഹൃത്ത് പറഞ്ഞു നിറുത്തി.

നീണ്ട ഒരു മൌനത്തിന്റെ ഇടവേള കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു
- ഈ പെണ്‍കുട്ടിയെത്തന്നെയാണെന്നു തോന്നുന്നു ഇന്നലെ ഞാന്‍ കണ്ടത് -
- എന്നു കണ്ടെന്ന്?
- ഇന്നലെ -
- വഴിയില്ല, ഷി ഈസ് നോ മോര്‍ -

അയാള്‍ വല്ലാതെ ഞെട്ടിയത് സുഹൃത്ത് കണ്ടില്ല.
---------------------------------

- ഗീത -

Thursday, November 26, 2009

സുകൃതികള്‍


കലെ വച്ചേ കണ്ടു, കാര്‍പോര്‍ച്ചില്‍ സ്റ്റേറ്റ്‌ കാര്‍ കിടപ്പുണ്ട്‌. അതായത്‌ സുധി വീട്ടിലുണ്ടെന്ന് അര്‍ത്ഥം. സുധിയെ കാര്യം അറിയിച്ചിട്ട്‌ വീട്ടിലേക്ക്‌ പോകാം.



തന്റെ വീടും കഴിഞ്ഞ്‌ രണ്ട്‌ വീടുകള്‍ക്കപ്പുറമാണ്‌ സുധിയുടെ വീട്‌.



സുധി എന്ന സുധീര്‍ കുമാര്‍ ഐ.എ.എസ്‌ തന്റെ സഹപാഠിയും ഇപ്പോള്‍ അയല്‍വാസിയും ആണ്‌. സുധിയെ അറിയിക്കേണ്ട കാര്യം തങ്ങളുടെ ഒരു പൂര്‍വ്വകാല അദ്ധ്യാപകനായ ശശാങ്കന്‍ സാര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു എന്ന വിവരമാണ്‌.



പ്രതീക്ഷിച്ചതു പോലെ സുധി വീട്ടിലുണ്ടായിരുന്നു. സുധിയെ കാര്യം അറിയിച്ചു.



പൂര്‍വ്വകാല സുഹൃത്തുക്കളേയും അദ്ധ്യാപകരേയും സംബന്ധിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ എളുപ്പത്തില്‍ തനിക്കാണു ലഭിക്കുക. ആ വാര്‍ത്തകള്‍ തങ്ങളുടെ പൊതു സുഹൃത്തിനെ കുറിച്ചാണെങ്കില്‍ അതു സുധിക്കും കൈമാറും. ഇതിപ്പോള്‍ അത്തരമൊരു വാര്‍ത്തയാണ്‌. പി.ജി. ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായിരുന്നു ശശാങ്കന്‍ സാര്‍.



വാര്‍ത്ത കേട്ടതും സുധി വല്ലാതെ വികാരാധീനനാകുന്നത്‌ കണ്ടു. തീര്‍ച്ചയായും മനസ്സിനെ വിഷമിപ്പിക്കുന്ന വാര്‍ത്ത തന്നെയാണിത്‌. എന്നാലും...



അതും സുധിക്ക്‌ ഇത്രയധികം ദു:ഖം തോന്നത്തക്കവിധം?



ശ്യാമ പോയി സാറിനെ കണ്ടോ?

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ആകാംക്ഷയോടെ സുധി ചോദിച്ചു.

ഇല്ല. നാളെ കോളേജില്‍ നിന്ന് രണ്ടുമൂന്നുപേര്‍ പോകുന്നുണ്ടെന്നു കേട്ടു. അവരുടെ ഒപ്പം കൂടാം എന്നാ വിചാരിക്കുന്നത്‌. പോയാലും സാറിനെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഐ.സി. യൂണിറ്റിലാണെന്നാ കേട്ടത്‌.

ഏതായാലും ഞാനൊന്നു പോയി അന്വേഷിച്ചു വരാം. ഇപ്പോള്‍ തന്നെ.

സുധി പോക്കറ്റില്‍ നിന്ന് മൊബെയില്‍ എടുത്തു ഡ്രൈവറെ വിളിച്ചു വരുത്താന്‍ തുനിഞ്ഞു.

സുധീ, നാളെ സമയം കിട്ടുമെങ്കില്‍ ഞങ്ങളോടൊപ്പം കൂടരുതോ?

വെറുതേ പറഞ്ഞു നോക്കി. ഒരു ഐ.എ.എസ്സുകാരന്റെ സമയം അയാള്‍ക്കു തന്നെ സ്വന്തമല്ലല്ലോ.

ഇല്ല ശ്യാമേ, ഞാനിന്നു തന്നെ പോകുന്നു.

ശരി എന്നാല്‍ പോയി വിവരം അറിഞ്ഞു വരൂ. വന്നിട്ട്‌ വിളിക്കാന്‍ മറക്കരുത്‌.

ഇല്ല.

സുധി ഒരിക്കല്‍ കൂടി മൊബൈല്‍ എടുക്കുന്നതു കണ്ടുകൊണ്ടാണ്‌ വീട്ടിലേക്കു നടന്നത്‌.


ശശാങ്കന്‍ സാറിനെ ഇന്നു തന്നെ പോയി കണ്ടേ തീരൂ എന്ന സുധിയുടെയാ ധൃതി കണ്ടപ്പോള്‍ ചെറിയൊരു അത്ഭുതം തോന്നാതിരുന്നില്ല.


പഴയ ആ കോളേജ്‌ ദിനങ്ങള്‍ ഓര്‍മ്മ വരുന്നു. പോസ്റ്റ്‌ ഗ്രാഡ്വേഷന്‍ ക്ലാസ്സിലാണ്‌ താനും സുധിയും സഹപാഠികളാകുന്നത്‌.


അന്ന് ശശാങ്കന്‍ സാര്‍ ചെറുപ്പക്കാരനും ഊര്‍ജ്ജസ്വലനുമായ ഒരദ്ധ്യാപകന്‍. പഠിപ്പിക്കുക എന്ന കര്‍മ്മം വളരെ കൃത്യനിഷ്ഠയോടേയും ആത്മാര്‍ത്ഥതയോടേയും നിര്‍വഹിച്ചിരുന്ന മാതൃകാദ്ധ്യാപകന്‍. കോളേജിനടുത്തു തന്നെ താമസവും.

കോളേജിനടുത്തു തന്നെ താമസക്കാരനായതിനാല്‍ മിക്ക ദിവസങ്ങളിലേയും ആദ്യപീരിയേഡ്‌ അദ്ദേഹം തന്നെയാവും എന്‍ഗേജ്‌ ചെയ്യുക. അദ്ധ്യാപകരില്‍ ആര്‍ക്കെങ്കിലും ഒന്‍പതരക്ക്‌ കോളേജില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആദ്യപീരിയേഡ്‌ ശശാങ്കന്‍ സാറുമായിട്ടാണ്‌ അഡ്ജസ്റ്റ്‌ ചെയ്യുക.

ഒന്‍പതരയ്ക്കുള്ള ബെല്‍ മുഴങ്ങുന്നതും ശശാങ്കന്‍ സാര്‍ ക്ലാസ്സ്‌ മുറിയിലേക്കു പ്രവേശിക്കുന്നതും തമ്മില്‍ അണുവിട വ്യത്യാസമുണ്ടാകില്ല.


അദ്ധ്യാപകന്റെ ഈ കൃത്യനിഷ്ഠതക്ക്‌ നേര്‍ വിപരീതമായിട്ടായിരുന്നു അന്ന് ഈ സുധീര്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥി പെരുമാറിയിരുന്നത്‌.

ക്ലാസ്സിലെ സ്ഥിരം ലേറ്റ്‌കമര്‍. ഒന്‍പതരയ്ക്ക്‌ തുടങ്ങുന്ന ക്ലാസ്സിന്‌ സുധി എത്തുക മിക്കപ്പോഴും പത്തു മണി കഴിഞ്ഞാകും.

പലേ തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ശശാങ്കന്‍ സാറിന്‌ വല്ലാത്ത ദേഷ്യം വന്നു.

പി.ജി.ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയാലോ‍?


അങ്ങനെ ലേറ്റായി വന്ന ഒരു ദിവസം, സാര്‍ സുധിയെ ക്ലാസ്സിലേക്കു കടന്നിരിക്കാനനുവദിക്കാതെ പിടിച്ചു നിര്‍ത്തി ചോദിച്ചു എന്താണിങ്ങനെ പതിവായി താമസിച്ചു വരാനുള്ള കാരണമെന്ന്.

സുധി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതല്ലാതെ യാതൊരക്ഷരവും ഉരിയാടിയില്ല.

ചോദിച്ചതിന്‌ ഉത്തരം പറയാതെയുള്ള ആ നില്‍പ്പ്‌ കണ്ടപ്പോള്‍ സാറിന്‌ ദേഷ്യം ഇരട്ടിച്ചു.

ഇനിയിതാവര്‍ത്തിക്കയാണെങ്കില്‍ ക്ലാസ്സില്‍ കയറ്റില്ല എന്ന് കുറച്ച്‌ കടുപ്പിച്ചു തന്നെ താക്കീതു നല്‍കി.

സുധി ആ താക്കീത്‌ സര്‍വ്വഥാ ഏറ്റെടുക്കുന്നു എന്ന മട്ടില്‍ തലയാട്ടി സമ്മതിച്ചു.

ക്ലാസ്സില്‍ ഏറ്റവും പിന്നിലായാണ്‌ അയാള്‍ ഇരിക്കുക. വലിയ മിണ്ടാട്ടമൊന്നും ആരുമായും ഇല്ല. ബോയിസ്‌ എന്തെങ്കിലും ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഒരുത്തരം, അല്ലെങ്കില്‍ ഒരു നനുത്ത ചിരി. പെണ്‍കുട്ടികളോട്‌ യാതൊരു വിധമായ സല്ലാപത്തിനും അയാള്‍ മുതിരാറേയില്ല.

ഇതു നടന്നതിന്റെ തൊട്ടടുത്ത ദിവസം.

അന്നും ശശാങ്കന്‍ സാര്‍ തന്നെ ആദ്യപീരിയേഡില്‍.

പതിവു പോലെ സുധി വന്നപ്പോള്‍ മണി 10.10.

കുട്ടികള്‍ അടക്കി ചിരിക്കാന്‍ തുടങ്ങി. സാറിന്‌ കലശലായ ദേഷ്യവും വന്നു.

നോ, ഡോണ്ട്‌ സ്റ്റെപ്‌ ഇന്റു ദ ക്ലാസ്സ്‌!

അദ്ദേഹം അലറി.

സുധി ഒന്നറച്ചു നിന്നു. അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി. പിന്നെ പതിയെ പിന്‍വലിഞ്ഞ്‌ വാതില്‍ക്കല്‍ നിന്ന് മറഞ്ഞു.


പക്ഷെ തനിക്കു കാണാമായിരുന്നു, ക്ലാസ്സില്‍ കയറാനനുവദിച്ചില്ലെങ്കിലും സുധി എങ്ങോട്ടും പോയില്ല. സാറിന്റെ കണ്ണില്‍ പെടാതെ, വരാന്തയില്‍ ചുവരിനോട്‌ ചേര്‍ന്നു നില്‍ക്കുന്നു.

അദ്ധ്യാപകര്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാല്‍ സാധാരണയായി ബോയിസ്‌ ചെയ്യുക, ഒന്നുകില്‍ നേരെ ക്യാന്റീനിലേക്ക്‌ പോകും അല്ലെങ്കില്‍ ക്യാമ്പസ്സില്‍ ചുറ്റിനടക്കും.

സുധിയാകട്ടേ എങ്ങും പോകാതെ അവിടെ തന്നെ നില്‍ക്കുന്നു. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി അയാള്‍ സാറിന്റെ ക്ലാസ്സ്‌ അവിടെ നിന്ന് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയാണ്‌. സാറ്‌ നോട്‌സ്‌ ഡിക്റ്റേറ്റ്‌ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അതും എഴുതിയെടുക്കുന്നു!

അന്ന്‌, ക്ലാസ്സ്‌ തീര്‍ത്ത്‌ സാര്‍ പുറത്തിറങ്ങാന്‍ തുടങ്ങുന്നു എന്നു മനസ്സിലാക്കിയപ്പോള്‍, സാറിന്റെ കണ്ണില്‍ പെടാതിരിക്കാനായി സുധി ഓടി മാറുന്നത്‌ കണ്ടു.

ക്ലാസ്സ് കഴിഞ്ഞ് സ്റ്റാഫ്‌ റൂമിലേക്ക്‌ നടക്കുന്നതിനിടയില്‍ ശശാങ്കന്‍ സാര്‍ സുധി ഓടി മാറിയ ഭാഗത്തേക്ക്‌ ‍ നോക്കുന്നതും ഒരിടവേള ഒന്നു നില്‍ക്കുന്നതും കണ്ടു.

തനിക്കു മനസ്സിലായി സാര്‍ സുധിയെ കണ്ടു എന്ന്.

എന്നാലും ഒന്നും ഉരിയാടാതെ അദ്ദേഹം നടത്ത തുടരുകയാണ് ചെയ്തത്.

അന്നുച്ചയ്ക്ക്‌ ഇന്റര്‍വെല്ലിന്‌ സുധിയോട്‌ ചോദിച്ചു എന്തിനേ ഇങ്ങനെ താമസിച്ചു വരുന്നത്‌ എന്ന്.

പതിവു പോലെ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.

നോക്കൂ നാളെ ഒരര മണിക്കൂര്‍ നേരത്തേ വീട്ടില്‍ നിന്ന് പുറപ്പെടണം കേട്ടോ.

ഒരുപദേശവും വച്ചു കാച്ചി.

അതിനൊരല്‍പ്പം ഫലമുണ്ടായോ? അടുത്ത ദിവസം പതിവിലും നേരത്തേ - അതായത്‌, ഒരു ഒന്‍പതേമുക്കാല്‍ കഴിഞ്ഞയുടനെ - സുധി എത്തി.

പക്ഷേ ആദ്യപീരിയേഡ്‌ ശശാങ്കന്‍ സാറിന്റേതല്ലാതിരുന്നതു കൊണ്ട്‌ അന്ന് പുറത്തു നില്‍ക്കേണ്ടി വന്നില്ല.

അതിനടുത്ത ദിവസം. വീണ്ടും ശശാങ്കന്‍ സാര്‍ തന്നെ ആദ്യപീരിയേഡില്‍. ക്ലാസ്സ്‌ തുടങ്ങി. മണി 9.50 കഴിഞ്ഞിരിക്കുന്നു. സുധി എത്തിയിട്ടില്ല ഇതുവരെ.

വീണ്ടും ഒരഞ്ചു മിനിറ്റ്‌ കൂടി കടന്നുപോയപ്പോള്‍ വരാന്തയുടെ അങ്ങേ തലയ്ക്കല്‍ അതാ പ്രത്യക്ഷപ്പെടുന്നു സുധി. വെപ്രാളത്തില്‍ നടന്നു വരികയാണ്‌.

ക്ലാസ്സില്‍ നിന്ന് ശശാങ്കന്‍ സാറിന്റെ ഘനഗാംഭീര്യസ്വരം ഒഴുകിയെത്തി ചെവിയില്‍ പതിഞ്ഞതും അയാള്‍ ബ്രേക്കിട്ട പോലെ നിന്നു.

പിന്നെ മുന്നോട്ട്‌ നടന്ന് വാതില്‍ക്കലേക്ക്‌ വന്നില്ല.

പകരം ആദ്യദിവസം പുറത്താക്കിയപ്പോള്‍ ചെയ്തതു പോലെ സാറിന്റെ ദൃഷ്ടിയില്‍ പെടാതെ ചുവരു ചാരി നിന്നു.

തന്റെ കണ്ണുകള്‍ അയാളുടെ മേല്‍ ആണെന്നു മനസ്സിലായപ്പോള്‍ മിണ്ടരുതേ എന്ന് വായ്‌ പൊത്തി ആംഗ്യം കാണിച്ചു.

അങ്ങനെ സുധി ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും താനിത്‌ ആരോടും വെളിപ്പെടുത്താനും ഉദ്ദേശിച്ചിരുന്നില്ല. തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരിയോട്‌ പോലും.

സുധി, ശശാങ്കന്‍ സാറിന്റെ ക്ലാസ്സ്‌ ശ്രദ്ധിക്കുകയും നോട്‌സ്‌ കുറിച്ചെടുക്കുകയും ചെയ്തു. പീര്യേഡ്‌ തീരാറായി എന്നു മനസ്സിലായപ്പോള്‍ ഓടി മാറുകയും ചെയ്തു.

ക്ലാസ്സില്‍ താനിരിക്കുന്ന പൊസിഷനില്‍ നിന്നു മാത്രം കാണാവുന്നതായിരുന്നു സുധിയുടെ ഈ വിക്രിയകള്‍ ഒക്കെ.

അയാളോട്‌ സഹതാപവും ഒപ്പം ദേഷ്യവും തോന്നിയിട്ടുണ്ട്‌. ഒരല്‍പ്പം നേരത്തേ വീട്ടില്‍ നിന്ന് പുറപ്പെടാന്‍ മിനക്കെട്ടിരുന്നെങ്കില്‍ ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ?


ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ.

അടുത്തൊരു ദിനം തന്നെ ഇതൊക്കെ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.

ആദ്യപീരിയേഡില്‍ ശശാങ്കന്‍ സാര്‍. താമസിച്ചെത്തിയ സുധി വരാന്തയില്‍ നിന്ന് ക്ലാസ്സ്‌ ശ്രദ്ധിക്കുന്നു.

അതങ്ങനെ പുരോഗമിക്കവേ പെട്ടെന്നാണ്‌ സാറിന്‌ ഒരു തുമ്മല്‍ വന്നത്‌. അതിനോടനുബന്ധമായി ഒരു മൂക്കു ചീറ്റലും.

മൂക്കു ചീറ്റാനായി സാര്‍ വരാന്തയിലേക്കിറങ്ങി.

സാര്‍ പറയുന്ന നോട്‌സ്‌ ശ്രദ്ധാപൂര്‍വ്വം കുറിച്ചെടുക്കുകയായിരുന്ന സുധിക്ക്‌ വരാന്‍ പോകുന്ന ഈ അപകടത്തെ കുറിച്ച്‌ യാതൊരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല.

പെട്ടെന്ന് വരാന്തയിലേക്ക്‌ ഇറങ്ങിയ സാറിനെ കണ്ട്‌ സുധി അന്ധാളിച്ചുപോയി.

നോട്ടുബുക്കും വായയും ഒരേപോലെ തുറന്നു പിടിച്ച്‌ അയാള്‍ അങ്ങനെ ചുവരില്‍ ചാരി നില്‍ക്കുന്നു...

ശശാങ്കന്‍ സാറാകട്ടേ, മൂക്കു ചീറ്റല്‍ കര്‍മ്മം നിര്‍വഹിക്കുന്നതിനു മുന്‍പ്‌ തന്നെ ചുവരും ചാരി നില്‍ക്കുന്ന ആ 'അഹങ്കാരിയെ' കണ്ടു കഴിഞ്ഞു.

തുമ്മലും ചീറ്റലും ഒക്കെ തീര്‍ത്ത്‌ സാര്‍ സുധിയുടെ നേരേ തിരിഞ്ഞു.

- താനിവിടെ എന്തെടുക്കാ?

സുധി ഒന്നും മിണ്ടുന്നില്ല. മുഖം താഴ്ത്തി നില്‍പ്പാണ്‌. വല്ലാത്തൊരു കുറ്റബോധം ആ മുഖത്തു നിഴലിച്ചു കാണാം. സാററിയാതെ സാറിന്റെ ക്ലാസ്സ്‌ കവര്‍ന്നെടുക്കുകയല്ലേ താന്‍ ചെയ്തതെന്ന കുറ്റബോധമാണോ?

അയാള്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതു കണ്ട്‌ സാര്‍ ആ നോട്ട്‌ ബുക്ക്‌ അയാളുടെ കയ്യില്‍ നിന്ന് വാങ്ങി. അതിലൂടെ കണ്ണോടിച്ച സാറിന്റെ മുഖത്ത്‌ മിന്നിമറഞ്ഞ ഭാവങ്ങള്‍ തനിക്ക് ‌ വ്യക്തമായി കാണാമായിരുന്നു.

ക്ലാസ്സില്‍ ഡിക്റ്റേറ്റ്‌ ചെയ്ത നോട്‌സ്‌ മുഴുവനും അതിലുണ്ടായിരുന്നല്ലോ.

പിന്നെ ഏറെ നേരം സാര്‍ സുധിയുടെ മുഖത്തേക്ക്‌ തന്നെ നോക്കി നില്‍ക്കുന്നത്‌ കണ്ടു.

സുധിയാകട്ടേ സാറിന്റെ മുഖത്തേക്ക്‌ നോക്കില്ല എന്ന വാശിയോടെന്നപോലെ നിലത്തേക്കു മാത്രം കണ്ണും നട്ടും.

ക്ലാസ്സിലെ കുട്ടികള്‍, ശശാങ്കന്‍ സാര്‍ ആരോടാണിത്‌ സംസാരിക്കുന്നത്‌ എന്നറിയാനുള്ള ആകാംക്ഷ മൂത്ത്‌ വരാന്തയിലേക്ക്‌ എത്തിനോക്കാന്‍ തുടങ്ങിയിരുന്നു.

ടുഡേ ഐയാം എന്‍ഡിംഗ്‌ ദ ക്ലാസ്സ്‌ ഹിയര്‍ - എന്നു വാതില്‍ക്കല്‍ തന്നെ നിന്നു പറഞ്ഞ്‌ സാര്‍ അന്നത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

പോകുന്ന പോക്കില്‍ തന്നെ ഫോളോ ചെയ്യാന്‍ സുധിയോട്‌ ആംഗ്യം കാണിക്കുന്നതും കണ്ടു.

അന്നേ ദിവസം പിന്നെ സുധിയെ കണ്ടില്ല.

കുട്ടികള്‍ക്കിടയില്‍ അന്നത്തെ സംസാര വിഷയം മുഴുവന്‍ സുധി തന്നെയായിരുന്നു. ഒന്നു മനസ്സിലായി, ആര്‍ക്കും തന്നെ സുധിയെ കുറിച്ച്‌ വളരെയൊന്നും അറിയില്ല.


പതിവുപോലെ ദിനങ്ങള്‍ വരുകയും കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു.

സുധിയും പഴയതു പോലെ തന്നെ. മിക്ക ദിവസങ്ങളിലും ക്ലാസ്സില്‍ എത്തുന്നത്‌ 15, 20, 25 മിനിറ്റ്‌ ഒക്കെ വൈകി തന്നെ.

തമാശരൂപത്തില്‍ ഒരിക്കല്‍ ഒരു സഹപാഠി പറയുന്നത്‌ കേട്ടു - ഈ ലോകത്ത്‌ ഒരിക്കലും നടക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു കാര്യം എന്തെന്നാല്‍ സുധീര്‍ കുമാറിനെക്കൊണ്ട്‌ ഈ കോളേജിലെ ഫസ്റ്റ്ബെല്ലടി കേള്‍പ്പിക്കുക എന്നതാണ്‌. ഈ കമന്റിനേയും സുധീര്‍ കുമാര്‍ തന്റെ സ്വതസിദ്ധമായ നനുത്ത പുഞ്ചിരിയോടെ തന്നെ ഏറ്റുവാങ്ങി.


പക്ഷേ എന്തു മാജിക്‌ നടന്നു എന്നറിയില്ല, പിന്നൊരിക്കലും താമസിച്ചു വരുന്ന സുധിയെ ശശാങ്കന്‍ സാര്‍ ക്ലാസ്സില്‍ കയറ്റാതിരുന്നിട്ടില്ല.



രണ്ടു വര്‍ഷം കണ്ണുചിമ്മുന്ന വേഗതയിലാണ്‌ കടന്നുപോയത്‌. ആര്‍ക്കും ആരെ കുറിച്ചും അന്വേഷിക്കാന്‍ നേരമില്ല - ഇന്റേര്‍ണല്‍സ്‌, പ്രാക്ടിക്കല്‍സ്‌, പ്രോജക്റ്റ്‌, തീസിസ്‌ അങ്ങനെ എന്തെല്ലാം ഗുലുമാലുകള്‍.


ഫൈനല്‍ ഈയര്‍ പരീക്ഷ കഴിഞ്ഞ്‌ രണ്ടു മാസത്തിനുള്ളില്‍ വിവാഹിതയായി താന്‍. ഭര്‍ത്താവിനൊപ്പം മറുനാട്ടിലേക്ക്‌ വണ്ടി കയറുകയും ചെയ്തു. പത്തു വര്‍ഷക്കാലത്തെ വിദേശവാസം. ആ കാലഘട്ടത്തില്‍ നാട്ടുവിശേഷങ്ങളൊന്നും അങ്ങനെയിങ്ങനെ അറിയാനും അറിയാനും കഴിഞ്ഞില്ല.

നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം ഒരദ്ധ്യാപന ജോലിയും തരപ്പെടുത്തി നാട്ടില്‍ എത്തിയപ്പോഴാണ്‌ പഴയ കൂട്ടുകാരുടെയൊക്കെ വിശേഷങ്ങള്‍ വീണ്ടും അറിയുവാന്‍ തരപ്പെട്ടത്‌.

അതില്‍ ഏറ്റവും അല്‍ഭുതപ്പെടുത്തിയത്‌, പുതുതായി പണികഴിപ്പിച്ച സ്വന്തം വീടിന്‌ രണ്ടു വീടപ്പുറം കുടുംബസമേതം കഴിയുന്നത്‌ പഴയ സഹപാഠിയായ സുധീര്‍ കുമാറാണ് എന്നതും അയാള്‍ ഒരു ഐ.എ.എസ്സ്‌ ഓഫീസ്സര്‍ ആണ് എന്നതും ആയിരുന്നു. സത്യം പറഞ്ഞാല്‍ മനസ്സിനു വല്ലാത്തൊരു കുളിര്‍മ്മ തോന്നിയ ഒരവസരമായിരുന്നു അത്‌.

കാലങ്ങള്‍ കഴിഞ്ഞു കണ്ടപ്പോഴും സുധിയുടെ ആ പെരുമാറ്റത്തിന്‌ യാതൊരു മാറ്റവുമില്ല.

അയാളുടെ ചിരിക്ക്‌ ഇപ്പോഴും ആ പഴയ നനുനനുപ്പ്‌ തന്നെ. ഐ.എ.എസ്സിന്റെ പ്രൌഢഗാംഭീര്യമൊന്നും അതിനു കൈവന്നിട്ടില്ല.


*** *** ***


ചായ കുടിക്കുന്നതിനിടയില്‍ ശരത്തേട്ടനോട്‌ വിശേഷമെല്ലാം പറഞ്ഞു.

അതു കഴിഞ്ഞ്, അടുക്കളയിലെ പ്രിപ്പറേഷന്‍, അടുത്തദിവസത്തേയ്ക്കുള്ള നോട്‌സ്‌ പ്രിപ്പറേഷന്‍ ഇതിന്റെയൊക്കെ തിരക്കില്‍ തല്‍ക്കാലത്തേക്ക്‌ സുധിയും ശശാങ്കന്‍ സാറും ഒക്കെ മനസ്സില്‍ നിന്നിറങ്ങിപ്പോയി.

ഏകദേശം 8 മണി കഴിഞ്ഞുകാണും ഒരു ഫോണ്‍ വന്നു. ശരത്തേട്ടനാണ്‌ അറ്റന്‍ഡ്‌ ചെയ്തത്‌.

ഫോണ്‍ വച്ചു കഴിഞ്ഞ്‌ അദ്ദേഹം വിളിച്ചു.

ശ്യാമേ, ഇന്ന് സുധി ഹോസ്പിറ്റലില്‍ തങ്ങുകയാണത്രേ. ലക്ഷ്മിയും മോളും ഇവിടെയാണ്‌ കിടക്കുന്നത്‌.

ലക്ഷ്മി സുധിയുടെ ഭാര്യയാണ്‌.

ഇപ്പോള്‍ സാറിനെങ്ങനെയുണ്ടെന്നു പറഞ്ഞു?

അവസ്ഥ തീരെ മോശം ആണെന്നാ പറഞ്ഞത്‌.

എന്നാല്‍ ശരി, ശരത്തേട്ടന്‍ പോയി ലക്ഷ്മിയേയും മോളേയും കൂട്ടി വരൂ.

ശ്യാമ അവര്‍ക്കു വേണ്ടി മുകളിലത്തെ നിലയിലുള്ള ബെഡ്‌ റൂം ഒരുക്കാന്‍ പോയി.


ലക്ഷ്മിയും മോളും വന്നു.

- ലക്ഷ്മീ അത്താഴം കഴിഞ്ഞോ?

- കഴിഞ്ഞു ചേച്ചീ.

- സുധിക്ക്‌ ആ മാഷിനോട്‌ വല്ലാത്തൊരു അറ്റാച്‌മെന്റ്‌ ഉണ്ട്‌ അല്ലേ?

ശരത്തേട്ടന്‍ ലക്ഷ്മിയോട്‌ ചോദിച്ചു.

- സുധിയേട്ടന്‌ ശശാങ്കന്‍ സാര്‍ എന്നാല്‍ സര്‍വ്വസ്വമല്ലേ?

ലക്ഷ്മി അങ്ങനെ പറഞ്ഞതിന്റെ പൊരുള്‍ അത്ര പിടികിട്ടിയില്ല.

ലക്ഷ്മി തുടര്‍ന്നു

- കഴിഞ്ഞയാഴ്ച പോയി കണ്ടപ്പോള്‍ സാറിന്‌ അത്ര സുഖമില്ലെന്നു അറിഞ്ഞ്‌ സുധിയേട്ടന്‌ വല്ലാത്ത വിഷമമായിരുന്നു. പിന്നത്തെ നാലു ദിവസം യാത്ര. നാളെ സാറിനെ കാണാന്‍ പോകാന്‍ ഇരിക്കയായിരുന്നു. അപ്പോഴാണ്‌ ചേച്ചി വന്ന് വവരം പറഞ്ഞത്‌ -

അതിശയം തോന്നി. മാഷുമായിട്ട്‌ സുധി ഇത്ര അടുപ്പത്തിലോ? ഒരിക്കല്‍ പോലും സാറിനെ ഇങ്ങനെ സന്ദര്‍ശിക്കാറുണ്ടെന്ന കാര്യം തന്നോട്‌ പറഞ്ഞിട്ടില്ലല്ലോ!

ലക്ഷ്മിയില്‍ നിന്നാണ്‌ പിന്നെ ആ ചരിത്രമെല്ലാം താനറിഞ്ഞത്‌. പതിവായി വൈകിമാത്രം ക്ലാസ്സിലെത്തുന്ന അന്നത്തെ ആ വിദ്യാര്‍ത്ഥിയായ സുധിയെ കൊണ്ട്‌ ശശാങ്കന്‍ സാര്‍ മനസ്സു തുറപ്പിക്കുകതന്നെ ചെയ്തുവത്രേ. തന്റെ വൈകി വരലിന്റെ രഹസ്യം സുധി സാറിനോട്‌ പറഞ്ഞു. അന്നന്നത്തേയ്കുള്ള അന്നത്തിനു വക തേടാനായി ടാക്സിക്കാറുകളും ഓട്ടോറിക്ഷകളും മറ്റും കഴുകുകയും തുടയ്ക്കുകയും ഒക്കെ ചെയ്തിട്ടാണയാള്‍ കോളേജിലേക്ക്‌ വന്നിരുന്നത്‌. ഒരു ദിവസത്തേക്കുള്ള അരിയും മറ്റു സാധനങ്ങളും വാങ്ങാനുള്ള കാശ്‌ തികയുന്നതു വരെ അയാളീ ജോലി ചെയ്തേ പറ്റൂ. വീട്ടില്‍ അമ്മയും പത്തു വയസ്സോളം ഇളപ്പമുള്ള പെങ്ങളും മാത്രം. അഛനില്ല. കുടുംബപ്രാരാബ്ധം മുഴുവന്‍ തന്റെ ഇളം തോളുകളില്‍. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ദൈവം തന്നിലര്‍പ്പിച്ച കര്‍മ്മങ്ങള്‍ സസന്തോഷം തന്നെ ഏറ്റെടുത്തു ചെയ്യുകയായിരുന്നു ആ ചെറുപ്പക്കാരന്‍. ആ പാവപ്പെട്ട വിദ്യാര്‍ത്ഥിയോട്‌ അറിയാതെയാണെങ്കിലും പരുഷമായി പെരുമാറിപ്പോയതില്‍ നല്ലവനായ ആ അദ്ധ്യാപകന്‍ മനസ്താപപ്പെട്ടു. രണ്ടു പെണ്‍മക്കളുടെ അഛനായ അദ്ദേഹം തനിക്കില്ലാത്തൊരു മകനായി സുധിയെ കണ്ടു. പഠനച്ചിലവുകള്‍ മുഴുവന്‍ വഹിച്ചു. സുധിയും സാറിനെ നിരാശപ്പെടുത്തിയില്ല. തേച്ചുരച്ചെടുത്താല്‍ പത്തരമാറ്റ്‌ തങ്കം തന്നെയാണ്‌ താനെന്ന് അയാളും തെളിയിച്ചു. സുധിയെ ഒരു ഐ.എ.എസ്സുകാരനാക്കി മാറ്റിയതിന്റെ പിന്നിലെ സകല പ്രേരക ശക്തിയും ശശാങ്കന്‍ സാര്‍ ഒരാള്‍ മാത്രമായിരുന്നത്രേ.


*** *** ***


പിറ്റേന്ന് കോളേജില്‍ എത്തിയപ്പോള്‍ എതിരേറ്റത്‌ ശശാങ്കന്‍ സാറിന്റെ നിര്യാണ വാര്‍ത്തയായിരുന്നു.

മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഭാര്യക്കും പെണ്‍‌മക്കള്‍ക്കും ഒപ്പം സുധീര്‍ കുമാര്‍ എന്ന മകനും ഉണ്ടായിരുന്നു.

സുകൃതിയായ ആ അദ്ധ്യാപകന്റെ ആത്മാവിന്‌ ഇതില്‍പരം ഒരു സന്തോഷമുണ്ടാകാനിടയുണ്ടോ?

---------------------------------------------------------


ഗീത.

Copy Right (C) 2009 K.C.Geetha.

Monday, November 9, 2009

ഒളിക്കാനൊരിടം.






നസ്വിനി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റതേയില്ല. മുറിയിലെ ഇരുള്‍ മാത്രമായിരുന്നു അവള്‍ക്ക്‌ കൂട്ടായുണ്ടായിരുന്നത്‌. ഒറ്റപ്പെടുത്തപ്പെട്ടവള്‍, ആര്‍ക്കും വേണ്ടാത്തവള്‍ എന്നൊക്കെ സ്വയം പരിതപിക്കുവാനായുന്ന മനസ്സിനെ കഠിനമായി ശാസിച്ചു നിര്‍ത്തി അവള്‍. കണ്ണുകള്‍ക്കും താക്കീതു നല്‍കി, ഒരിക്കല്‍ പോലും പെയ്തുപോകരുതെന്ന്.

അങ്ങനെ മനസ്സിനെ നിസ്സംഗമാക്കി വയ്ക്കുന്നതില്‍ ഏറെക്കുറേ വിജയിച്ചിരിക്കുമ്പോഴാണ്‌ പെട്ടൊന്നൊരാള്‍ ആ മുറിയിലേക്ക്‌ ഓടിക്കയറി വന്നത്‌, മിന്നല്‍ പോലെ.

അയാള്‍ വന്നതും മുറിയാകെ പ്രകാശമാനമായി.

വന്നയാളിന്റെ മുഖത്തേക്ക്‌ നോക്കാന്‍ വയ്യ. അത്രയ്ക്കും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശതേജസ്സ്‌!

പക്ഷേ ആ അതിഥിയാകട്ടേ തന്റെ തേജോമയമായ രൂപത്തെക്കുറിച്ചൊന്നും തീരെ ബോധവാനായിരുന്നില്ല എന്നു തോന്നി. പോരെങ്കില്‍ വല്ലാതെ പരവേശപ്പെട്ടും കാണപ്പെട്ടു.

വന്നയാള്‍ വലിയ വെപ്രാളത്തില്‍ പറഞ്ഞു,

നോക്കു, എനിക്ക്‌ ഒളിച്ചിരിക്കാനൊരിടം തരൂ, ദയവായി...

മനസ്വിനി അമ്പരന്നു.

ഈ തേജ:പുഞ്ജത്തിന്‌ ഒളിച്ചിരിക്കണമെന്നോ?

എന്തു കുറ്റം ചെയ്തിട്ടാ?

അറിയാതെ തന്നെ നാവില്‍ നിന്ന് പുറപ്പെട്ടു പോയി ഈ ചോദ്യം.

ദയവായി വിശ്വസിക്കൂ, ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല ഇതുവരെ. എന്നിട്ടും...

വാക്കുകള്‍ കിട്ടാതെ വിഷമിക്കുകയാണ് ആ തേജോമയന്‍.

മനസ്വിനിക്ക്‌ അലിവു തോന്നി.

ആട്ടേ, ആരാണ്‌ അങ്ങ്‌?

ഞാന്‍ പ്രകാശമാണ്‌.

പ്രകാശമോ?

മനസ്വിനി അല്‍ഭുതപരതന്ത്രയായി.

ഒന്നും മിണ്ടാനാവാതെ കണ്ണഞ്ചിപ്പോകുന്ന പ്രകാശം പൊഴിച്ചു നില്‍ക്കുന്ന ആ രൂപത്തെത്തന്നെ അങ്ങനെ നോക്കി നിന്നുപോയി അവള്‍.

അതേ ഞാന്‍ പ്രകാശമാണ്‌. എനിക്കൊരിടത്തും ഒളിക്കാന്‍ കഴിയില്ല. ഞാനെവിടെപ്പോയാലും അവിടൊക്കെ പ്രകാശമാനമാകും. അവരെന്നെ കണ്ടുപിടിക്കും. എനിക്കൊരിടവും ഇല്ല ഒന്നൊളിച്ചിരിക്കാന്‍...

ആഗതന്‍ വിലപിച്ചു.

ആരില്‍ നിന്നാണ്‌ അങ്ങ്‌ ഒളിക്കുന്നത്‌? എന്തിനു വേണ്ടി?

നോക്കൂ, അവരെന്നെ പിന്തുടരുകയാണ്‌. ഒരുകൂട്ടം ശാസ്ത്രജ്ഞന്മാര്‍. ശൂന്യതയിലൂടെയുള്ള എന്റെ ഗതിവേഗത്തെ അവര്‍ക്ക്‌ കൂട്ടുകയോ കുറയ്ക്കുകയോ ഒക്കെ വേണമത്രേ. അതൊരിക്കലും സാദ്ധ്യമല്ല. ഞാനതിനൊരിക്കലും സമ്മതിക്കില്ല. ശൂന്യതയിലൂടെ, എല്ലാ ദിശയിലേയ്ക്കും ഞാന്‍ ഒരേ വേഗതയിലേ സഞ്ചരിക്കൂ. എല്ലാ ദിശകളും എനിക്കൊരുപോലെ തന്നെ...

ഒന്നു നിറുത്തിയിട്ട് വീണ്ടും ആഗതന്‍ പറഞ്ഞുതുടങ്ങി.

അവരെന്നെ ഏതെല്ലാം വിധത്തില്‍ പീഡിപ്പിച്ചു എന്ന് ഭവതിക്ക്‌ അറിയുമോ?

സര്‍വ്വതന്ത്രസ്വതന്ത്രനായി സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന എന്നെ അവര്‍ തളച്ചിട്ടു.

ചിലപ്പോള്‍ വളരെ കനം കുറഞ്ഞ ഒരു നേരിയ പാളിയിലൂടെ ഊര്‍ന്നിറങ്ങേണ്ടിവന്നു എനിക്ക്‌.

പിന്നെ ഒരു തലനാരിഴയുടെ വലിപ്പം പോലുമില്ലാത്ത കുഴലിലൂടെ അവരെന്നെ പായിച്ചു.

അതിനേക്കാളുമൊക്കെ സങ്കടകരം ഒരിക്കല്‍ അകത്തു കയറിപ്പോയാല്‍ പിന്നൊരിക്കലും പുറത്തേക്കൊരു ഒരു മോചനം സാദ്ധ്യമാകാത്തതരത്തിലുള്ള കുഞ്ഞു കുഞ്ഞു ഗോളങ്ങള്‍‍ അവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു! അതിനുള്ളില്‍ എന്നെ അവര്‍ തളച്ചിടും...

ഇതൊന്നും പോരാഞ്ഞ്‌, എന്റെ തരംഗദൈര്‍ഘ്യത്തിനേക്കാള്‍ ചെറിയ വ്യാസമുള്ള ഒരതിസൂക്ഷ്മ ദ്വാരത്തിലൂടെ എന്നെ ഞെങ്ങിഞ്ഞെരുക്കി ഇറക്കിച്ച്‌ പലേ പരീക്ഷണങ്ങളും നടത്തുന്നു‍ !!

ഇതെല്ലാം തന്നെ എന്തിനു വേണ്ടി? മനുഷ്യരുടെ കാര്യസാദ്ധ്യങ്ങള്‍ക്കു വേണ്ടി മാത്രം!

അവര്‍ക്കു വേണ്ടി ഞാനെന്തെല്ലാം ചെയ്തു കൊടുത്തു!

ഏല്‍പ്പിക്കുന്ന ജോലികളെല്ലാം അണുവിട തെറ്റാതെ അതീവവിശ്വസ്തതയോടുകൂടി ചെയ്തില്ലേ?

അവരുടെ സന്ദേശങ്ങളും ചിത്രങ്ങളുമെല്ലാം അനേകായിരം മൈലുകള്‍ക്കപ്പുറത്തിരിക്കുന്ന അവരുടെ പ്രിയപ്പെട്ടവരുടെ അരികിലേക്ക്‌ കണ്ണുചിമ്മുന്ന വേഗതയില്‍ എത്തിച്ചു കൊടുത്തില്ലേ ഞാന്‍?

എന്റെ സഞ്ചാരവേഗതയോടായിരുന്നു അവര്‍ക്കു പ്രിയം. എന്നിട്ടുമിപ്പോള്‍.....

ആ തേജോമയന്‍ വിതുമ്പിപ്പോകുമെന്ന മട്ടായി.

അല്‍പ്പം കഴിഞ്ഞ്‌ ശബ്ദം വീണ്ടെടുത്ത്‌ വീണ്ടും പറഞ്ഞുതുടങ്ങി.

ഒരൊറ്റ സ്പര്‍ശത്താല്‍ തൊടുന്നതെന്തിനേയും പ്രകാശമാനമാക്കാന്‍ കഴിയുന്ന എന്റെയാ കഴിവില്‍ ഞാന്‍ വല്ലാതെ അഹങ്കരിച്ചിരുന്നു. പക്ഷെ ആ കഴിവുതന്നെയാണിപ്പോള്‍ എനിക്കു വിനയായിരിക്കുന്നതും. എനിക്കെവിടേയും ഒളിക്കാന്‍ കഴിയില്ല...

ദു:ഖാകുലനായി പ്രകാശം പറഞ്ഞു.

അങ്ങ്‌ ഒളിച്ചാല്‍ പിന്നെ ഈ പ്രപഞ്ചം ഇരുളിലാണ്ടു പോകില്ലേ? അങ്ങില്ലെങ്കില്‍ ഈ ഭൂമി എങ്ങനെ നിലനില്‍ക്കും?

ഭവതി ഭയപ്പെടേണ്ട.ഒളിച്ചാലും ഈ പ്രപഞ്ചത്തിനു വേണ്ട പ്രകാശം ഞാന്‍ നല്‍കിക്കൊണ്ടേയിരിക്കും. കണ്ടിട്ടില്ലേ, സൂര്യാസ്തമയത്തിനു ശേഷവും നിലാവായും നക്ഷത്രവെളിച്ചമായും ഒക്കെ ഞാന്‍ ഈ ഭൂമിയില്‍ തങ്ങി നില്‍ക്കുന്നത്‌?

ശരിയാണ്‌.

മനസ്വിനിക്ക്‌ പിന്നെ അധികം ചിന്തിക്കേണ്ടി വന്നില്ല.

അവള്‍ പറഞ്ഞു,

ഹേ മഹാത്മന്‍, അങ്ങ്‌ എന്റെ ഹൃദയത്തിലൊളിച്ചു കൊള്ളൂ. ഞാന്‍ അങ്ങയെ മറ്റുള്ളവര്‍ക്ക്‌ കാണിച്ചു കൊടുക്കില്ല. അതേസമയം അങ്ങയുടെ സാന്നിദ്ധ്യം കൊണ്ട്‌ എന്റെ ഹൃദയം പ്രകാശമാനമാവുകയും ചെയ്യും.

അവള്‍ വ്യാമോഹിച്ചു - അങ്ങനെ പ്രകാശസാന്നിദ്ധ്യത്താല്‍ വെട്ടപ്പെടുമ്പോഴെങ്കിലും അവളുടെ ഹൃദയം അവര്‍ കാണട്ടേ, ഇപ്പോഴും അതു മിടിച്ചു കൊണ്ടിരിക്കുന്നത്‌ അവര്‍ക്കു വേണ്ടി തന്നെയാണെന്ന് - വേണ്ടതെല്ലാം നേടിക്കഴിഞ്ഞ്‌ സ്വന്തം കാലില്‍ നില്‍ക്കാമെന്നായപ്പോള്‍, ഒരധികപ്പറ്റായി മാത്രം തന്നെ കാണാന്‍ കഴിയുന്നവര്‍ ‍ - അവര്‍ കാണട്ടേ, അവര്‍ക്കു വേണ്ടി മാത്രമാണ് ഇപ്പോഴും അവളുടെ ഹൃദയം മിടിക്കുന്നതെന്ന്.....

ഒരു നിമിഷം എല്ലാം മറന്നവള്‍ ആശിച്ചുപോയി.

ചിന്തകളില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് താനെന്താണാഗ്രഹിച്ചത് എന്നു തിരിച്ചറിഞ്ഞ നിമിഷം മനസ്സിനെ തീക്ഷ്ണമായി ശാസിച്ചു അവള്‍.

പ്രകാശം മനസ്വിനിയുടെ ഹൃദയത്തില്‍ ഒളിച്ചു.

**************************************
- ഗീത -

Copy Right (C) 2009 K.C. Geetha.

Sunday, October 25, 2009

കൂട്ടിലെ തത്ത.

ണ്ണു തുറന്നപ്പോള്‍ കുറ്റാക്കുറ്റിരുട്ട്‌. ഒന്നും മനസ്സിലായില്ല. താന്‍ എവിടെയാണ്‌?

മുറിയിലെ ഇരുട്ടുമായി പതുക്കെ പൊരുത്തപ്പെട്ടപ്പോള്‍ മനസ്സിലായി - അടുക്കളയോട്‌ ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയിലാണ്‌ താന്‍ കിടക്കുന്നത്‌. വെറും നിലത്ത്‌.

എന്താണ്‌ സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ ചില നിമിഷങ്ങള്‍ വേണ്ടിവന്നു. പിന്നെയെല്ലാം ഒരു ചിത്രത്തിലെന്നപോലെ തെളിഞ്ഞുവന്നു. കൂട്ടത്തിലൊരു ചിത്രം മനസ്സിനിത്തിരി കുളിര്‍മയുമേകി. തുറന്നുപിടിച്ച കിളിവാതിലിലൂടെ ഇരുമ്പഴിക്കൂട്ടിലെ അസ്വാതന്ത്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രതയുടെ അനന്തവിഹായസ്സിലേക്ക്‌ പറന്നകലുന്ന തത്തമ്മക്കിളിയുടെ ചിത്രം!

*** *** ***

തത്തകളെ വളരെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്‌. ഒരു തത്തയെ വളര്‍ത്തണം എന്ന് ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു.

ഓഫീസില്‍ നിന്ന് എത്താന്‍ വൈകിയ ഒരു നാള്‍, കുറേ തത്തക്കൂടുകളും ചുമന്നു കൊണ്ട്‌ ഒരു മുഷിഞ്ഞ വസ്ത്രധാരിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു വരുന്നതു കണ്ടു.

ഇടവഴിയുടെ അങ്ങേത്തലയ്ക്കല്‍ എത്തിയപ്പോഴേ കണ്ടു ആ തത്തക്കൂടുകാരന്റെ കൈയിലെ വലിപ്പം കൂടിയ ഒരു കൂട്ടിനുള്ളില്‍ അഞ്ചാറു തത്തകള്‍. അയാളുടെ നടത്തയുടെ താളങ്ങള്‍ക്കൊത്ത്‌, തുലനാവസ്ഥ കൈവരിക്കാനായി ചിറകടിക്കുന്ന പാവങ്ങള്‍!

മിനുമിനുത്ത തൂവലുകളും ചുവന്ന കണ്ഠാഭരണവുമുള്ള അഴകാര്‍ന്നൊരു തത്തമ്മയെ തന്നെ അദ്ദേഹം തിരഞ്ഞെടുത്തു. അതിന്റെ വിലയായി പോക്കറ്റില്‍ നിന്ന്‌ 100 രൂപയുടെ മൂന്നു പുതുപുത്തന്‍ നോട്ടുകള്‍ എടുത്ത്‌ തത്തവില്‍പ്പനക്കാരന്റെ കൈയില്‍ വച്ചു കൊടുക്കുമ്പോള്‍ ആ മുഖത്ത്‌ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും ദര്‍ശിക്കാനായിരുന്നില്ല.

ഒരു നിമിഷം ഒന്നു ചിന്തിച്ചു പോയി.

മറ്റു വീട്ടാവശ്യങ്ങള്‍ക്കായി - അവ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെങ്കില്‍ പോലും- സ്വന്തം കൈയില്‍ നിന്ന് പച്ച നോട്ടുകള്‍ വിടപറയുമ്പോള്‍, ആ മുഖത്ത്‌ സാധാരണ പ്രത്യക്ഷപ്പെടാറുള്ള ആ വൈമനസ്യഭാവത്തെപ്പറ്റി-

ഡൈനിങ്ങ്‌ ഹാളിലെ ജനാലയ്ക്കരുകിലായി തത്തക്കൂട്‌ സ്ഥാനം പിടിച്ചു.

അനുനിമിഷം, അസ്വതന്ത്രതയുടെ ഇരുമ്പ്‌ കമ്പികള്‍ തകര്‍ത്ത്‌, അനന്തതയിലേക്ക്‌ പറന്നുയരാന്‍ വെമ്പല്‍ പൂണ്ട്‌, അഴികള്‍ക്കിടയിലൂടെ ചുണ്ടു നീട്ടുകയും ചിലക്കുകയും, ചിറകിട്ടടിക്കുകയും ചെയ്യുന്ന തത്ത!

സഹതാപാര്‍ദ്രമായ മനസ്സോടേ തത്തയെ തന്നെ നോക്കി നിന്നു പോയി.

നോക്കി നോക്കി നില്‍ക്കവേ തത്തയുടെ ആ അസ്വസ്ഥത മുഴുവനും തന്നിലേക്ക്‌ ആവേശിച്ചതു പോലെ!

താനുമൊരു തത്തയല്ലേ? കൂട്ടിലെ തത്ത?

തത്തയ്ക്ക് ചിറകിട്ടടിച്ചും ചിലച്ചും പ്രതിഷേധം പ്രകടിപ്പിക്കയെങ്കിലും ചെയ്യാം. തനിക്കോ?

രാത്രി വന്നു.

ഉറങ്ങാന്‍ കഴിഞ്ഞില്ല.

മനസ്സു നിറയെ തത്ത.

കണ്മുന്നില്‍ തത്ത! കണ്ണടച്ചാല്‍ തത്ത!

സ്വാതന്ത്ര്യത്തിനു വേണ്ടി ചിറകിട്ടടിക്കുന്ന തത്തയുടെ ചിത്രം!

ആ ഒരൊറ്റ ചിത്രം മാത്രം!

തന്റെ ഓരോ അണുവിലും, പറിച്ചുമാറ്റാന്‍ കഴിയാത്തവിധം ആ ചിത്രം അങ്ങു ലയിച്ചു ചേര്‍ന്നപോലെ!



പിറ്റേ പുലരി.

പതിവുള്ള നിസ്സംഗഭാവത്തോടെ ആദിത്യന്‍ കിഴക്കു ദിക്കില്‍ ദര്‍ശനമരുളി.

ബെഡ്‌ കോഫിയെടുക്കുമ്പോഴായിരുന്നു ഡൈനിംഗ്‌ ഹാളില്‍ നിന്ന് 'ഇന്ദൂ' എന്ന് അലര്‍ച്ചയുടെ സ്വരത്തിലുള്ള വിളി മുഴങ്ങിയത്‌.

പ്രതീക്ഷിച്ചതായതു കൊണ്ട്‌ ഞെട്ടിയില്ല.

വല്ലാത്തൊരു ധൃതി അഭിനയിച്ച്‌ ഓടിച്ചെന്നു. അതിനു മുന്‍പായി, മുഖം നിറയെ നിഷ്കളങ്കത വാരിപ്പൂശുവാന്‍ മറന്നിരുന്നില്ല.

'തത്തയെ കാണുന്നില്ല. കൂടും തുറന്നു കിടക്കുന്നല്ലോ!'

പരിഭ്രമിച്ച സ്വരം.

'അതേയോ! അയ്യയ്യോ ആ വികൃതിപ്പൂച്ച പിടിച്ചിട്ടുണ്ട്‌. കഷ്ടം തന്നെ'

അമ്പരപ്പും വിഷാദവും കൂട്ടിക്കലര്‍ത്തി മറുപടി പറയുമ്പോള്‍, ഉള്ളിന്റെയുള്ളില്‍ അഭിമാനം തോന്നി - താനൊരൊന്നാന്തരം അഭിനേത്രി തന്നെ!

'ശ്ശോ എന്റെ മുന്നൂറു രൂപ വെള്ളത്തിലായി'

തലയ്ക്കടിച്ചു വിലപിച്ചു അദ്ദേഹം.

ദേഷ്യം തോന്നി. ഒരു പാവം ജീവന്‍ പൊലിഞ്ഞതില്‍ ഒരു വിഷാദവുമില്ല. രൂപാ മുന്നൂറ്‌ പോയല്ലോ എന്നാണ്‌ വിഷമം.


ഒരാഴ്ച കഴിഞ്ഞില്ല, മറ്റൊരു തത്ത ആ കൂട്ടിനുള്ളില്‍ സ്ഥാനം പിടിച്ചു.

ഏതോ 'ദുര്യോഗം' വന്നുപെടാനും അങ്ങനെ കൂട്ടില്‍ നിന്ന്‌ അപ്രത്യക്ഷമാവാനും വിധിക്കപ്പെട്ട പാവം!

വിധി പോലെ തന്നെ നടന്നു!

പക്ഷേ ഇത്തവണ അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണം വിഭിന്നമായിരുന്നു.

സംഭവിച്ച നഷ്ടത്തെക്കുറിച്ച്‌ തലക്കടിച്ചു വിലപിക്കുന്നതിനു പകരം, തന്റെ നേര്‍ക്ക്‌ ഒരു ഗര്‍ജ്ജനം!

'കൂട്ടിനുള്ളില്‍ നിന്ന് തത്തയെങ്ങനെ പോയി എന്നറിയില്ലെങ്കില്‍പ്പിന്നെ - താനൊക്കെയിവിടെ എന്തെടുക്ക്വായിരുന്നൂ?'

താനെന്തു ചെയ്യാനാണ്‌? എപ്പോഴും തത്തയെ തന്നെ നോക്കിയിരിക്കാന്‍ പറ്റ്വോ?

ഒരിക്കല്‍ ധൈര്യം സംഭരിച്ചു പറഞ്ഞു.

'എന്തിനീ പാവങ്ങളെ കൂട്ടിലിട്ടടയ്ക്കുന്നു? ആകാശവിതാനത്തില്‍ സ്വതന്ത്രമായി പറന്നു നടക്കേണ്ടവയല്ലേ ഈ കിളികള്‍! ഇവയെ ഇങ്ങനെ കൂട്ടിലടച്ചിടുന്നത്‌ ദ്രോഹമല്ലേ?'

പിന്നെ സഹതപിച്ചു.

'കഷ്ടം തന്നെ! എല്ലാം ആ കുന്നന്‍ പൂച്ചയ്ക്ക്‌ ഭക്ഷണമാവുകയും ചെയ്യുന്നു! വെറുതേ -'

ബാക്കി പറയാനായില്ല. ആ കണ്ണുകളില്‍ നിന്ന് പാഞ്ഞു വന്ന തീക്ഷ്‌ണമായ കോപാഗ്നിശരങ്ങളേറ്റ്‌ പുറത്തേക്ക്‌ വരാനാഞ്ഞ വാക്കുകള്‍ തൊണ്ടയില്‍ തന്നെയിരുന്ന് കരിഞ്ഞു ചാമ്പലായിപ്പോയി.

രണ്ടാം തത്തമ്മ അപ്രത്യക്ഷമായതിന്റെ മൂന്നാം പക്കം തന്നെ എത്തി മൂന്നാം തത്തമ്മ!

മുന്‍ഗാമികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥയായിരുന്നു ഇവള്‍. ചിറകടിച്ചോ നിറുത്താതെ ചിലച്ചോ അല്ല പ്രതിഷേധം പ്രകടിപ്പിച്ചത്‌. നിരാഹാരമായിരുന്നു അവള്‍ സ്വീകരിച്ച സമരമുറ.

പലനാള്‍ കട്ടാല്‍ ഒരു നാള്‍ പെടും!

അങ്ങനെ ഒരു നാള്‍ പെടുകതന്നെ ചെയ്തു!

മൂന്നാം തത്തമ്മ എത്തിയതിന്റെ മൂന്നാം ദിവസം രാത്രി.

പാതിരാവിന്റെ നിശ്ശബ്ദതയില്‍ ഭര്‍ത്താവിന്റെ കൂര്‍ക്കം വലി ഒരേ താളത്തില്‍ കേള്‍ക്കുന്നു എന്നുറപ്പിച്ച്‌, പതിഞ്ഞ കാലടികളുമായി തത്തക്കൂടിനരികിലെത്തി. കിളിവാതില്‍ മെല്ലെ തുറന്നു കൊടുത്തു. നിരാഹാരവ്രതത്താല്‍ തീരെ അവശയായിരുന്നെങ്കിലും വാതില്‍ തുറന്നപ്പോള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ അവള്‍ പറന്നകലുന്നത്‌ ഇരുട്ടില്‍ ഒരു മിന്നായം പോലെ ഒന്നു കണ്ടതേ ഓര്‍മ്മയുള്ളൂ-


പിന്നെ നടന്നതെല്ലാം ഒരു ദുസ്വപ്നത്തിലെ ചിത്രങ്ങള്‍ പോലെ-

പതുങ്ങി വന്ന് ഇരയുടെ മേല്‍ ചാടി വീഴാറുള്ള ആ കുന്നന്‍ പൂച്ചയെ പോലെ അദ്ദേഹം തന്റെ മേല്‍ ചാടി വീണത്‌ -

ദ്രോഹീ... ദുഷ്ടേ.. എന്നൊക്കെയുള്ള സംബോധനകള്‍ -

പിന്നെ അഗ്നിവര്‍ഷം പോലെ തന്നില്‍ വന്നു പതിച്ച ദണ്ഡനങ്ങള്‍-

കരയാതെ പിടിച്ചു നിന്നു. അത് അദ്ദേഹത്തിന്റെ ദേഷ്യമേറ്റി.

പിന്നെപ്പോഴോ ബോധം മറഞ്ഞിട്ടുണ്ടാവും.



ചെറിയ ജനാലയിലൂടെ വെളിച്ചത്തിന്റെ ആദ്യകീറ്‌ മുറിയിലേക്ക്‌ എത്തിനോക്കി.

നേരം പുലരാറായിരിക്കുന്നു!

അപ്പോള്‍ ഇന്നലത്തെ രാത്രി മുഴുവന്‍ താനീ മുറിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നുവെന്നോ?

ക്ലോക്കിലെ യന്ത്രപ്പക്ഷി കൂടു തുറന്ന് ആറു പ്രാവശ്യം ചിലക്കുന്നതു കേട്ടു. ഇനി കിടന്നാല്‍ പറ്റില്ല.

എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍‍ ദേഹമാസകലം വേദനിക്കുന്നു.

മുറിയുടെ വാതില്‍ തുറന്നു അടുക്കളയിലേക്ക്‌ പോകാനൊരുങ്ങി.

ങേ! എന്തായിത്‌?

വാതില്‍ തുറക്കുന്നില്ലല്ലോ!

ആഞ്ഞു വലിച്ചു നോക്കി. എന്നിട്ടും പറ്റുന്നില്ല.

അപ്പോഴാണ്‌ അതു മനസ്സിലായത്‌, മുറി പുറത്തു നിന്ന്‌ താഴിട്ടു പൂട്ടിയിരിക്കുന്നു!

താനുമൊരു തത്തയായി മാറിയിരിക്കുന്നു, അക്ഷരാര്‍ത്ഥത്തില്‍ തന്നെ!

കൂട്ടിലെ തത്ത !

കനത്ത ഭിത്തികളും താഴിട്ടു പൂട്ടിയ വാതിലുകളും കൊണ്ട്‌ നിര്‍മ്മിതമായ കൂട്ടിലെ, തത്ത.
-----------------------------------


ഈ കഥ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നിന്നിറങ്ങിയിരുന്ന ‘ആരാമം’ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By K.C. Geetha.

Cpyright (C) 2009 K.C. Geetha.