Thursday, November 3, 2011

ആഴങ്ങൾ

ങ്കർ, നിന്നോട് കുറേക്കാലമായി ചോദിക്കണമെന്നാഗ്രഹിക്കുന്ന ഒരു ചോദ്യമുണ്ട്...

എന്താണത്?

നീ... നീ മനുവിന്റെ മരണം ആഗ്രഹിച്ചിരുന്നോ?

നന്ദാ...

നീ മനസ്സിന്റെ ഉള്ളിൽ നിന്ന് ഉത്തരം പറയൂ...

.............

ശങ്കർ?

നന്ദാ, ഞാനും ഒന്നു ചോദിച്ചോട്ടേ? നീയും അത് ആഗ്രഹിച്ചിരുന്നില്ലേ?

ഇല്ല ശങ്കർ, ഒരിക്കലുമില്ല...

..........

പക്ഷേ, എനിക്കറിയാമായിരുന്നു ശങ്കർ, ഞാനത് ആഗ്രഹിക്കുന്നു എന്ന് നീ അന്ന് വിചാരിച്ചിരുന്നു...

..........

നിന്നെ ഞാൻ കുറ്റപ്പെടുത്തുന്നില്ല ശങ്കർ, കാരണം നിന്റെ വിചാരം, അല്ലെങ്കിൽ വിശ്വാസം നിന്നെ ഞാൻ പ്രേമിക്കുന്നു എന്നായിരുന്നല്ലോ...

നന്ദാ...

...........

എന്റെ വിശ്വാസം തെറ്റായിരുന്നു എന്നാണോ നീ പറഞ്ഞു വരുന്നത് നന്ദാ?

...........

നന്ദാ?

അതേ ശങ്കർ.

നന്ദാ....

...........

നന്ദാ?

ഞാൻ ആദ്യമായി പ്രേമിച്ച പുരുഷൻ മനുവായിരുന്നു. അവസാനമായും.....

നന്ദാ നീയെന്താണീ പറയുന്നത്?

സത്യം മാത്രം ശങ്കർ.

നീയിതൊന്നും ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ലല്ലോ?

ഞാനെന്തു പറയണമായിരുന്നു എന്നാണ് നീ ഉദ്ദേശിക്കുന്നത്? സിനിമയിലെ ഡയലോഗ് പോലെ, രോഗശയ്യയിൽ കിടക്കുന്ന മനുവിനെ ചൂണ്ടി, ഇദ്ദേഹമല്ലാതെ മറ്റൊരു പുരുഷനും എന്റെ മനസ്സിലിടമില്ല എന്നൊക്കെ വച്ചു കാച്ചണമായിരുന്നു എന്നോ?

നന്ദാ !!?

മരണം പ്രതീക്ഷിച്ചു കിടക്കുന്ന ഭർത്താവിനെ ശുശ്രൂഷിക്കുന്ന ചെറുപ്പക്കാരിയായ ഭാര്യയോട് ആർക്കും തോന്നാവുന്ന ഒരു സഹാനുഭൂതി... അതാണ് ആദ്യം നിനക്കുണ്ടായിരുന്ന വികാരം. ആ സഹാനുഭൂതി വളർന്ന് മറ്റെന്തൊക്കെയോ ആയി മാറി. ആ മാറ്റം എന്നിലും ഉണ്ടായി എന്ന് നീ സ്വയം വിശ്വസിച്ചു. അത് നിന്റെ ആൺ‌മനസ്സിന്റെ വൈചിത്ര്യം. നിങ്ങൾ പുരുഷന്മാർക്ക് ഒരിക്കലും ഒരു പെൺ‌മനം മനസ്സിലാക്കാനാവില്ല...

നന്ദാ...

മനുവിന്റെ അവസാന നാളുകളിൽ നിന്റെ പെരുമാറ്റരീതികൾ, നിന്റെ ചെറിയ മുന്നേറ്റങ്ങൾ, നിന്റെ കണ്ണുകളിലെ തൃഷ്ണ ഇവയെല്ലാം ഞാൻ ആസ്വദിക്കുന്നു എന്നു നീ കരുതി. രോഗാതുരനായ കൂട്ടുകാരനെ ശുശ്രൂഷിക്കാൻ സദാ സന്നദ്ധനായ സന്മനസ്സിന്റെ ഉടമ...

നന്ദാ ... പ്ലീസ്.... എന്റെ മനസ്സിലെ ആഗ്രഹം നീയന്നു മനസ്സിലാക്കിയെങ്കിൽ, അതിനു നിനക്ക് താല്പര്യമില്ലാതിരുന്നെങ്കിൽ, എന്തേ നീ അന്നെന്നെ തടഞ്ഞില്ല?

മനുവിനെ നിനക്കറിയില്ല ശങ്കർ. നേർത്തൊരു ചലനത്തിൽ നിന്നു പോലും അവൻ എല്ലാം പിടിച്ചെടുക്കും. ഞാനന്ന് നിന്നോട് ഈർഷ്യ കാട്ടിയിരുന്നെങ്കിൽ മനുവിനത് വല്ലാത്ത സങ്കടമായേനെ. അവൻ പോയാലും എനിക്ക് നീയുണ്ടല്ലോ എന്നവൻ സമാധാനിച്ചിരുന്നു...

നന്ദാ !!...

അതേ ശങ്കർ. നിന്റെ മനസ്സ് അവൻ വായിച്ചിരുന്നു. എന്നിട്ടും...

നന്ദാ?

എന്നിട്ടും... എന്റെ മനസ്സവൻ കാണാതെ പോയി...... എന്നെ അവൻ ....

നന്ദാ പ്ലീസ്... പ്ലീസ്..... അരുതേ...

................

നന്ദാ.....

സാരമില്ല ശങ്കർ. എനിക്ക് സങ്കടമൊന്നുമില്ല...

നന്ദാ നീ സമാധാനിക്കൂ...

അതേ, സമാധാനിക്കുക തന്നെയാണ്. പെൺ‌മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പുരുഷന്മാർക്ക് ഒരിക്കലും ആവില്ല...

.............

സോറി ശങ്കർ...

നന്ദാ... പ്ലീസ്...

............

നന്ദാ, ഇനി ഞാൻ ഒന്നു പറയട്ടേ?

പറയൂ ...

നന്ദാ, ഞാൻ ചെയ്ത തെറ്റിന്റെ ആഴം മനസ്സിലാക്കുന്നു... അങ്ങനെയൊരു സിറ്റുവേഷനിൽ ഒരിക്കലും ഞാനങ്ങനെ പെരുമാറരുതായിരുന്നു...

.............

ഞാൻ ക്ഷമ ചോദിക്കുന്നു നന്ദാ...

ഓ, അതു പോട്ടേ ശങ്കർ. ഇനി അതിനെ കുറിച്ച് നമുക്ക് സംസാരിക്കേണ്ട...

ഐ ആം റിയലി സോറി...

ശങ്കർ, എല്ലാം കഴിഞ്ഞ കാര്യം. സമയരഥത്തെ റിവേഴ്സ് ഗിയറിലിടാൻ നമുക്കാവില്ലല്ലോ. അതുകൊണ്ട് അതേച്ചൊല്ലി ഇനി വിഷമിക്കേണ്ടതില്ല. ജസ്റ്റ് ലീവ് ദ മാറ്റർ...

നന്ദാ...

...............


നന്ദാ?

യെസ്?

അന്ന്, ആ സന്ദർഭത്തിൽ എനിക്ക് തോന്നിയത് തെറ്റായിരുന്നു. എന്നാൽ ഇന്ന്.....

..............

ഇന്ന് ആ തെറ്റിനെ ഒരു ശരിയാക്കി മാറ്റരുതോ നന്ദാ?

..............

പ്രത്യേകിച്ചും മനു അങ്ങനെ സമാധാനിച്ചിരുന്നു എന്നു കൂടി കണക്കിലെടുക്കുമ്പോൾ?

.............

നന്ദാ?

..............

ഒരു ഉത്തരം തരൂ നന്ദാ...

ഇല്ല ശങ്കർ, ആ തെറ്റ് എനിക്ക് ഒരിക്കലും ഒരു ശരിയായി മാറുകില്ല.....

നന്ദാ...

പറയ്, നിനക്കൊപ്പം കിടക്കുമ്പോൾ അവൻ കാണിച്ച കുസൃതികൾ, വികൃതികൾ ഒക്കെയാവും എന്റെ മനസ്സ് നിറയെ. അത് നിനക്ക് സഹിക്കാനാകുമോ? പറയ് ... ഇല്ല ശങ്കർ, മനു ഒരിക്കലും എന്റെ മനസ്സിൽ നിന്നിറങ്ങിപ്പോകില്ല... അവൻ കൂടെ ഉണ്ടായിരിക്കെ എനിക്ക് നിന്റെ ഭാര്യയാവാൻ കഴിയില്ല....

**************************************

11 comments:

ഇ.എ.സജിം തട്ടത്തുമല said...

നന്ദാ, ശങ്കർ വിളീകളുടെ ആവർത്തനം അത്ര സുഖകരമായി തോന്നിയില്ല. ഈ കഥ കുറച്ച്കൂടി ഒന്ന് പൊടിതട്ടിയെടുത്തെങ്കിൽ കുറച്ചുകൂടി നന്നായിരുന്നേനേ!

Muralee Mukundan , ബിലാത്തിപട്ടണം said...

‘അതേ, സമാധാനിക്കുക തന്നെയാണ്. പെൺ‌മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പുരുഷന്മാർക്ക് ഒരിക്കലും ആവില്ല...‘


ഒട്ടും പൈങ്കിളിയല്ലാത്ത ഒരു നല്ല കഥ കേട്ടൊ ഗീതാജി.

ശ്രീനാഥന്‍ said...

ഇങ്ങ്നെ മനസ്സു വായിച്ചു വായിച്ച് പാവം മനുഷ്യരെ വട്ടത്തിലാക്കാണീ എഴുത്തുകാരുടെ പണി. സ്ത്രീ-പുരുഷ ബ്ന്ധത്തിൽ മനസ്സ്എപ്പോഴാണ് അതിരുകൾ ഭേദിക്കുന്നതെന്ന് പറയാൻ സാധ്യമല്ല്. കഥയിലെ വീക്ഷണം ശരിയെന്നു തോന്നുന്നു. സ്ത്രീയല്ല, പുരുഷനാണ് ചാപല്യം കൂടുതൽ അളവിൽ. കഥ നന്നായിട്ടുണ്ട്.

Noushad Thekkiniyath said...

Nashtangal ...athaarum ishtappedunnilla...pakshe...athu namme thedi ethunnu...Geetha nannayirikkunnu..

വീകെ said...

നന്ദാ.. വിളി ഇത്തിരി കൂടിയില്ലേന്നൊരു സംശയം..
പെണ്ണിന്റെ മനസ്സ് പണ്ടും ആരും ഗൌനിക്കാറില്ലല്ലൊ. പുരുഷമേധാവിത്വത്തിൽ അവരങ്ങു തിരുമാനിക്കും. പെണ്ണ് അനുസരിക്കും.
അനൂപും ശങ്കറുമൊക്കെ അവരുടെ പ്രതിനിധി.

ആശംസകൾ...

ശിഖണ്ഡി said...

സീതാ.... സീതാ... സീതാ...
ആഴത്തിലുള്ള ആ പ്രണയത്തെ മനസ്സില്ലക്കുന്നു...

ആശംഷകള്‍ സീതാ...

ഗീത said...

നന്ദാ, ശങ്കർ വിളികൾ കൂടിപ്പോയി അല്ലേ? കഥ വെറും സംഭാഷണത്തിലൂടെ മാത്രം കൊണ്ടുപോകാൻ ശ്രമിച്ചതുകൊണ്ടാണ് അങ്ങനെ ആയിപ്പോയത്. ആരുടെ ഡയലോഗ് ആണിത് എന്ന് വായനക്കാർക്ക് സംശയം തോന്നുമോ എന്ന് എനിക്കൊരു തോന്നൽ. ചില കഥകൾ വായിക്കുമ്പോൾ എനിക്കങ്ങനെ തോന്നിയിട്ടുണ്ട് :)
പിന്നെ ഇടയ്ക്കുള്ള മൌനം ഒക്കെ ധ്വനിപ്പിക്കാൻ അങ്ങനെ വേണമെന്ന് തോന്നി. കഥയെഴുത്ത് രംഗത്ത് ഞാൻ വെറും pre K.G. :)

സജിം, ഈ അഭിപ്രായം മാനിക്കുന്നു. ഇനിയെഴുതുമ്പോൾ തീർച്ചയായും ശ്രദ്ധിക്കാം. ഒരു പ്ലോട്ട് മനസ്സിൽ വന്നപ്പോൾ പെട്ടെന്ന് തട്ടിക്കൂട്ടിയതാ. :)

ബിലാത്തീ, ഞാൻ പറഞ്ഞത് ശരിതന്നെയല്ലേ? പുരുഷന്റെ മനസ്സറിയാൻ സ്ത്രീകൾക്ക് കുറച്ചുകൂടി സാമർത്ഥ്യമുണ്ട്. :))

ഓടോ: അന്നത്തെ തിരോന്തരം വിസിറ്റ് നടന്നോ? ഹർത്താൽ ആയിരുന്നില്ലേ?

ശ്രീനാഥൻ, ആ പറഞ്ഞത് ശരി തന്നെ. മനസ്സ് ഏതു വഴിക്കൊക്കെയാണ് പോവുക എന്ന് പ്രവചിക്കാൻ വയ്യ.

നൌഷാദ്, ശരിയാണ്. നഷ്ടങ്ങൾക്ക് മുൻ‌തൂക്കം ഉണ്ടാകാതിരിക്കട്ടേ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

വി.കെ., പുരുഷമേധാവിത്വത്തെ കുറിച്ച് സമ്മതിക്കുന്നു അല്ലേ? പലകാര്യത്തിലും പുരുഷൻ മേധാവിത്വം എടുക്കുന്നത് നല്ലതു തന്നെ. പക്ഷേ പെൺ‌മനങ്ങളെ കൂടി ഇത്തിരി കൺസിഡർ ചെയ്യണം, അവരുടെ അഭിപ്രായം അറിയാൻ ശ്രമിക്കണം. പിന്നെ അനൂപ് അല്ല, മനു ആണ് ഇതിലെ കഥാപാത്രം :)

ശിഖണ്ഡി, ആഴത്തിലുള്ള ആ പ്രണയത്തെ മനസ്സിലാക്കിയല്ലോ. പിന്നെ, പുരാണകഥാപാത്രത്തിന്റെ പേരു സ്വീകരിച്ചതുകൊണ്ടാണോ മറ്റൊരു പുരാണകഥാപാത്രമായ ‘സീത’യെ വിളിക്കുന്നത്? ആശംസകളും ‘സീത’ക്ക് തന്നെ :)

എല്ലാ കൂട്ടുകാർക്കും നന്ദി.

റോസാപ്പൂക്കള്‍ said...

കഥ വലിയ കുഴപ്പമില്ല.പക്ഷെ വല്ലാത്തൊരു ഇഴച്ചില്‍ അനുഭവപ്പെട്ടു

ശ്രീജിത്ത് said...

സജിം പറഞ്ഞത് തന്നെയാണ് എന്റെ അഭിപ്രായവും. കുറച്ചുകൂടെ നന്നാക്കാമായിരുന്നു. പക്ഷെ പറയാതെ വയ്യ, നല്ലൊരു പ്ലോട്ട്.
ഒരു ചെറിയ കാര്യം കൂടി, വരികള്‍ക്കിടയിലുള്ള അനാവശ്യ സ്പേസ് ഒഴിവാക്കിയാല്‍ നന്നായിരിക്കും.
ഇനിയും ധാരാളം എഴുതുക. ഭാവുകങ്ങള്‍.

Anil cheleri kumaran said...

എന്തേ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ ആണുങ്ങളെ ആവശ്യത്തിനു ഉപയോഗിച്ച് പിന്നെ ആദർശം പറഞ്ഞ് തളർത്തിയിടുന്നു..!

ബഷീർ said...

പെണ്ണിന്റെ മനസ് വായിച്ചെടുക്കുക പ്രയാസം തന്നെ.. എവിടെയും പിടികൊടുക്കാതെ.... കഥ നന്നായി