Saturday, July 10, 2010

അമ്മ, മകള്‍



അമ്മ.


ല്ല ആലോചന തന്നെ. പയ്യന്‌ ഉയര്‍ന്ന ഉദ്യോഗം. പ്രതിമാസ ശമ്പളം ഇന്‍ഡ്യന്‍ രൂപയില്‍ ഒന്നരലക്ഷത്തിനടുത്ത്‌ വരുമത്രേ ! പയ്യന്‍ കാണാനും നല്ല സുന്ദരന്‍. ഒത്ത ഉയരവും. സുന്ദരിയായ തന്റെ മോള്‍ക്ക്‌ നന്നേ ഇണങ്ങും.

കുടുംബവും ആഭിജാത്യമുള്ളത്‌ തന്നെ. പയ്യന്റെ മാതാപിതാക്കള്‍ ഉന്നത പദവികളില്‍ ഇരുന്ന് റിട്ടയര്‍ ചെയ്തവര്‍. കൂടെ വന്ന ബന്ധുജനങ്ങളും എന്തുകൊണ്ടും കേമര്‍. നല്ലൊരാലോചന തന്നെ ഇത്‌. മോള്‌ പ്രത്യേകിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവള്‍ക്കും ഇഷ്ടമായി എന്നു തോന്നുന്നു.

എന്നാലും...

വിവാഹം കഴിഞ്ഞാലുടന്‍ പയ്യന്‍ വധുവിനേയും കൊണ്ട്‌ പറക്കും അന്യനാട്ടിലേക്ക്‌. ലീവ്‌ ഒക്കെ വളരെ കുറവാണത്രേ.

ഈ വിവാഹം നടന്നാല്‍ മകള്‍ തന്നെ പിരിഞ്ഞ്‌ കണ്ണെത്താദൂരത്തേക്ക്‌ പറന്നകലും. ഏക മകള്‍. എങ്ങനെ അവളെ കാണാതിരിക്കും? ചിന്തിക്കാനേ വയ്യ.

അവളെ ഒരു നോക്ക്‌ ഒന്ന് കാണണം എന്നു തോന്നിയാല്‍? ഒറ്റക്കൊരു വിദേശയാത്രയ്ക്കൊക്കെ തന്നെക്കൊണ്ടാവുമോ? അല്ലെങ്കില്‍ തന്നെ അതത്ര എളുപ്പമാണോ?

കല്യാണം കഴിഞ്ഞ്‌ അവര്‍ പോകുമ്പോള്‍ തന്നേയും കൂടി കൂട്ടാന്‍ പറഞ്ഞാലോ?

ശ്‌ച്ഛേ, അതു വേണ്ട. അഭിമാനം സമ്മതിക്കുമോ?

അങ്ങനെ ചോദിച്ചു കഴിഞ്ഞിട്ട്‌ അവര്‍ക്കതു പറ്റില്ലെന്നു പറഞ്ഞാല്‍ ആകെ മോശമാവും. ഇരുകൂട്ടര്‍ക്കും മന:പ്രയാസമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കും അത്‌. ഒരു സാധാരണ മലയാളി പുരുഷന്റെ മനോഭാവം തനിക്കറിയാവുന്നതല്ലേ? ഭാര്യവീട്ടുകാരോട്‌ ഒരകല്‍ച്ചയും പുച്ഛവും ഭാവിക്കുക എന്നത്‌. തന്റെ അച്ഛനമ്മമാര്‍ എത്ര തന്നെ തനിക്കു പ്രിയപ്പെട്ടവരാകുന്നോ, അത്ര തന്നെ ഭാര്യക്കും അവളുടെ മാതാപിതാക്കള്‍ പ്രിയങ്കരരാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കാനാണല്ലോ അവര്‍ക്കിഷ്ടം !

ഇനിയിപ്പം തന്നെ കൂടി കൂട്ടാന്‍ അവര്‍ക്ക്‌ സമ്മതം തന്നെ ആണെങ്കിലോ? എന്നാലും പുതുമോടിയില്‍ മധുവിധു ആഘോഷിക്കുന്ന നവദമ്പതിമാര്‍ക്ക്‌ താനൊരു കട്ടുറുമ്പ്‌ ആവുകില്ലേ? വേണ്ട അങ്ങനെ തന്നെക്കൂടെ കൊണ്ടുപോകുമോ എന്ന് അങ്ങാട്ടു കേറി ഒരിക്കലും ചോദിക്കരുത്‌.

ശ്ശോ! താനെന്തിനിതൊക്കെ ചിന്തിച്ചു കൂട്ടുന്നു? പെണ്ണുകാണല്‍ നടന്നതേയുള്ളു. വിവാഹനിശ്ചയം ഒന്നും ആയിട്ടില്ല. തന്റെ ബന്ധുക്കളെല്ലാം ഇതുറപ്പിക്കണമെന്ന് നിര്‍ബന്ധിച്ചിട്ടാണ്‌ പോയിരിക്കുന്നത്‌. എന്നു പറഞ്ഞ്‌? പെണ്ണിന്റെ അമ്മയ്ക്കല്ലേ ഉറപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം. തനിക്ക്‌ മകളും അവള്‍ക്ക്‌ താനും മാത്രമല്ലേ ഉള്ളൂ? അമ്മയായ തനിക്ക്‌ വേണ്ടെന്നു തോന്നിയാല്‍ വേണ്ട അത്ര തന്നെ!

ശരിയാണ്‌ ഈ ആലോചന വേണ്ട തന്നെ. മകളെ കണ്ണെത്താദൂരത്തേക്ക്‌ പറഞ്ഞയക്കാനൊന്നും തനിക്ക്‌ കഴിയില്ല. ഈ ചുറ്റുവട്ടത്തൊക്കെ താമസിക്കുന്ന ഒരു നല്ല പയ്യന്‍ വരട്ടേ. അത്തരം ആലോചനകളൊക്കെ ധാരാളം വന്നിരുന്നു. എല്ലാ കേസിലും എന്തെങ്കിലുമൊക്കെ ഒരു ഡിഫക്റ്റ്‌ ഉണ്ടാകും. പയ്യന്‌ നല്ല ഉദ്യോഗമെങ്കില്‍ കാണാന്‍ തീരെ യോഗ്യത കാണില്ല - ഒന്നുകില്‍ ഉയരമില്ല, അല്ലെങ്കില്‍ നിറം കുറവ്‌, അതുമല്ലെങ്കില്‍ കഷണ്ടി ബാധിച്ചുതുടങ്ങിയിരിക്കുന്നു - ഈ പയ്യന്മാര്‍ക്കൊക്കെ ഹെയര്‍ ഫിക്സിങ്ങിനെ കുറിച്ചൊക്കെ അറിയില്ലെന്നുണ്ടോ? ഇനി പയ്യന്‍ കാണാന്‍ യോഗ്യനെങ്കില്‍, വിദ്യാഭ്യാസത്തിന്റെ കാര്യത്തിലോ ജോലിയിലോ ഒക്കെ പിന്നില്‍. ഇന്നാളൊരു ആലോചന വന്നിരുന്നു, വെറും ഒരു കിലോമീറ്റര്‍ മാത്രം അപ്പുറത്ത്‌ താമസിക്കുന്നവര്‍. പയ്യന്‍ പരമ യോഗ്യന്‍. ഉയര്‍ന്ന ഉദ്യോഗവും മെച്ചപ്പെട്ട ശമ്പളവും. പക്ഷേ എന്തു ഫലം? വീട്ടുകാര്‍ തീരെ പോര. പയ്യന്റെ അഛനും അമ്മയും ഇല്ലിറ്റെറേറ്റ്‌. വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക്‌ കള്‍ച്ചര്‍ ഉണ്ടാവുമോ? അങ്ങനെ കള്‍ച്ചര്‍ലെസ്സ്‌ ആയ വീട്ടിലേക്ക്‌ വളരെ സ്മാര്‍ട്ടായ, സുന്ദരിയായ തന്റെ മകളെ എങ്ങനെ പറഞ്ഞു വിടും? പറഞ്ഞുവിട്ടാല്‍ അവളും അവരുടെ ലെവലിലേക്ക്‌ താഴുകയേ ഉള്ളൂ.

ആ ഇനിയും വരും ആലോചനകള്‍. മോള്‍ക്ക്‌ 26 കഴിഞ്ഞെങ്കിലെന്താ കണ്ടാല്‍ ഒരു പതിനെട്ട്‌, പത്തൊന്‍പത്‌ അതിലപ്പുറം പറയില്ല.

ഇതിപ്പോള്‍ ഇരുപതാമത്തേയോ മറ്റോ ആലോചനയാണെന്ന് തോന്നുന്നു. അവള്‍ക്ക്‌ പറഞ്ഞിട്ടുള്ള ആള്‍ വരുമ്പോള്‍ എല്ലാം ശരിയാകും. ഇന്നു വന്ന പയ്യന്‍ അവള്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല. അതുകൊണ്ടല്ലേ തനിക്കീ ആലോചന വേണ്ടെന്നു വയ്ക്കാന്‍ തോന്നുന്നത്‌.

*** *** ***

മകള്‍.

പ്രാഭാതഭക്ഷണ വേള.

അമ്മയും മകളും പ്രാതല്‍ കഴിക്കയാണ്‌.

" അമ്മയുടെ ഈ ഇഡ്ഡലി എത്ര സോഫ്റ്റാ ! പൂപോലെ !”

" ആ, ആ, അമ്മയുടെ ഇഡ്ഡലിയുടെ സോഫ്റ്റ്‌നെസ്സിനെ കുറിച്ചു പറഞ്ഞോണ്ടിരുന്നോ. തന്നത്താനെ ഒരൊറ്റ വസ്തു പാകം ചെയ്യാന്‍ പഠിക്കണ്ട. മറ്റൊരു വീട്ടില്‍ ചെന്നുകയറുമ്പോഴാ വിവരമറിയാന്‍ പോണേ..."

" അതൊക്കെ ഞാന്‍ അന്നേരം പഠിച്ചെടുത്തോളുമമ്മേ. ഞാന്‍ അമ്മയുടെയല്ലേ മോള്‌!"

" ആ, ആ..."

" അമ്മയുടെ കുടുംബക്കാരുടെ സര്‍വ്വ മിടുക്കുകളും എനിക്കും കിട്ടിയിട്ടുണ്ട്‌, ഇല്ലേ അമ്മേ?
അമ്മയുടെ കുടുംബത്തിലെ മിക്കവരും ശാസ്ത്രജ്ഞര്‍. അമ്മയുടെ അച്ഛന്‍, അമ്മാവന്‍, ജ്യേഷ്ഠന്മാര്‍... ഇപ്പോഴിതാ, ശാസ്ത്രജ്ഞനാകാന്‍ അമ്മയ്ക്കൊരു മകനില്ലെങ്കിലെന്ത്‌? അമ്മയുടെ ഏകമകള്‍, ഈ ഞാന്‍, ശാസ്ത്രജ്ഞയായില്ലേ?"

"അതേ മോളേ. നിന്റെ അച്ഛന്‍ അത്രവലിയ ബുദ്ധിമാനൊന്നുമായിരുന്നില്ലെങ്കിലും നിനക്ക്‌ എന്റെ കുടുംബക്കാരുടെ തല തന്നെയാ കിട്ടിയിരിക്കുന്നത്‌. ഭാഗ്യം !"

"ആ ശാസ്ത്രജ്ഞന്മാരുടെ പാരമ്പര്യം തുടര്‍ന്നും നിലനിറുത്തണ്ടേ അമ്മേ? "

"വേണം വേണം മോളേ"

" അതിന്‌ ഞാനൊരു ഉപായം കണ്ടുപിടിച്ചിട്ടുണ്ട്‌ അമ്മേ"

" ങേ, എന്തുപായം?"

" ഞാനൊരു ശാസ്ത്രജ്ഞനെ മാത്രമേ കല്യാണം കഴിക്കൂ അമ്മേ"

" അതു നല്ലതു തന്നെ മോളേ"

" നല്ലതാണല്ലോ അല്ലേ അമ്മേ?"

" ആ തീരുമാനം വളരെ നല്ലതു തന്നെ മോളേ"

" എന്നാലമ്മ സന്തോഷിച്ചോളൂ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു !"

"ങ്ങേ ??!!?"

" അതേ അമ്മേ. ഞാനൊരു ശാസ്ത്രജ്ഞനെ കല്യാണം കഴിച്ചു."

" നീ ചുമ്മാ തമാശ പറയല്ലേ മോളേ, അതും ഇത്തരം കാര്യങ്ങളില്‍"

"ശ്ശോ ഇതെന്തൊരമ്മ! ഇതു തമാശ പറയാനുള്ള കാര്യമാണോ?"

" മോളേ നീ...?"

" അതേ അമ്മേ. കഴിഞ്ഞ മാസം ഞാനും ഞങ്ങളുടെ ചീഫ്‌ സയന്റിസ്റ്റായ പ്രിയദര്‍ശനും തമ്മിലുള്ള വിവാഹം കഴിഞ്ഞു. വിവാഹം കഴിഞ്ഞ്‌ ഞാന്‍ അമ്മയെ വിട്ടുപോകുമെന്ന് അമ്മ വല്ലാതെ ഭയക്കുന്ന കാര്യം ഞാന്‍ പ്രിയനോട്‌ പറഞ്ഞിട്ടുണ്ട്‌. വളരെ അണ്ടര്‍സ്റ്റാന്‍ഡിംഗ്‌ ആണദ്ദേഹം.
അമ്മയെ മെല്ലെമാത്രം കാര്യം ഗ്രഹിപ്പിച്ചാല്‍ മതി എന്ന് എന്നും അദ്ദേഹം എന്നെ ഓര്‍മ്മിപ്പിക്കും. അമ്മയെ ഹര്‍ട്ട്‌ ചെയ്യരുതെന്ന കാര്യത്തില്‍ എന്നെക്കാള്‍ കൂടുതല്‍ പ്രിയനായിരുന്നു നിഷ്ക്കര്‍ഷ.”

" അമ്മേ പ്ലേറ്റിലിരിക്കുന്ന ആ ഒരിഡ്ഡലി കൂടി കഴിക്കൂ"

" ഇനി അമ്മക്ക്‌ സന്തോഷം തോന്നുന്ന ഒരു കാര്യം കൂടി പറയട്ടേ? അമ്മേ.. ഒന്നെന്റെ മുഖത്തേക്ക്‌ നോക്കുന്നേ...

"ആ, അങ്ങനേ, നല്ല കുട്ടി. ദേ, നമ്മുടെ എതിര്‍ വശത്തെ പ്ലോട്ട്‌ വാങ്ങി വീടു വയ്ക്കാന്‍ തുടങ്ങിയതാരെന്ന് അമ്മയ്ക്കറിയുമോ? "

“അമ്മ ഇങ്ങനെ കണ്ണു മിഴിക്കണ്ടാ. അത്‌ പ്രിയദര്‍ശനാണ്‌"

" അമ്മ ഇന്നലേയും കൂടി കണ്ടുകാണുമല്ലോ പ്രിയനെ?
ഇന്നിനി വൈകുന്നേരം വരും സൈറ്റില്‍ എന്നു പറഞ്ഞിട്ടുണ്ട്‌...
അന്നേരം അമ്മയ്ക്ക്‌ പരിചയപ്പെടാം...
അമ്മേ ഒരിഡ്ഡലി കൂടി കഴിക്കുന്നോ?"

"ങൂഹു..."

" അമ്മേ, അമ്മേ"

" ഇത്രേം ഭയങ്കരിയാണ്‌ നീയെന്ന് തീരെ വിചാരിച്ചിരുന്നില്ല. എന്നെ കെട്ടിപ്പിടിക്കയൊന്നും വേണ്ട. കൈയെടുക്കങ്ങോട്ട്‌..."

" അം..മ്മേ "

" പോടീ കൊഞ്ചാതെ..."

" ഇനി അമ്മയുടെ ചെവിയില്‍ മാത്രമായി ഒരു രഹസ്യം പറയട്ടേ?"

" എടീ കൊഞ്ചാതെ പോകാനാ പറഞ്ഞേ"

" അം..മ്മ...മ്മേ...."

" അമ്മയുടെ കുടുംബത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍... ദേ, ഒരു കൊച്ചു ശാസ്ത്രജ്ഞന്‍ പിറവിയെടുത്തിട്ടുണ്ടെന്നാ തോന്നണേ..."

" എടീ, നീയാ മുറ്റത്തു നിക്കണ തെച്ചിയില്‍ നിന്ന് ഒരു വലിയ കമ്പ്‌ ഇങ്ങ് ഒടിച്ചെടുത്തോണ്ടു വാ. നല്ലതൊരഞ്ചാറെണ്ണം വച്ചു തരട്ടേ നിനക്ക്‌... അഹങ്കാരി...”

*******************************

ആരുടെ പക്ഷമാണ് ശരി? വായനക്കാര്‍ പറയൂ.

- ഗീത -

( ഇത് malayaalam.com ല്‍ മുന്‍പ് പ്രസിദ്ധീകരിച്ചതാണ്.)

35 comments:

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

അമ്മയേക്കാൾ നല്ല മകൾ,മകളേക്കാ‍ൾ നല്ല അമ്മ,ഇവരേക്കാളെല്ലാം നല്ല മരുമകൻ ...പിന്നെ കഥ നന്നാവാൻ എന്തുവേണം ?

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

ഒഴാക്കന്‍. said...

അമ്മ മകള്‍ ആണ് മകള്‍ അമ്മയും

പട്ടേപ്പാടം റാംജി said...

അമ്മയും മകളും
അവര്‍ക്ക്‌ അവരുടെതായ ന്യായങ്ങള്‍.
ഓരോരുത്തര്‍ക്കും അവരവരുടെ ഭാഗങ്ങള്‍ ന്യായം.
നമ്മള്‍ക്കും ഒരു ഭാഗം. അത് മറ്റുള്ളവര്‍ക്ക് ശരിയാകണം എന്നില്ല.

കഥ ഇഷ്ടപ്പെട്ടു.

നിരാശകാമുകന്‍ said...

രാംജി പറഞ്ഞിടത്ത് എന്റെയും ഒപ്പും രണ്ടു കുത്തും...

abhi said...

നല്ല ഒരു 'സിമ്പിള്‍' കഥ :)
ഇനിയും പോരട്ടെ....

Manoraj said...

ഇവരിൽ ആര് ശരി.. അത് ഒരു ചോദ്യം തന്നെയാണ് ഇന്നത്തെ കാലത്ത്. കുറേ നാളൂകൾക്ക് ശേഷമുള്ള തിരിച്ചുവരവ് കൊള്ളാം.

ഹംസ said...

ആരെയും കുറ്റം പറയാനില്ല. അമ്മ അമ്മയുടെ ആഗ്രഹങ്ങള്‍ ചിന്തിച്ചപ്പോഴെക്കും മകള്‍ അവളുടെ കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു.

എന്നാലും മകളേ നീ........

Vayady said...

ഞാന്‍ മകളുടെ പക്ഷമാണ്‌. അവള്‍ മിടുക്കിയാണ്‌. അവള്‍ ജീവിതത്തെ വളരെ പ്രാക്‌റ്റിക്കലായി കണ്ടു. ഇഷ്ടപ്പെട്ട ഒരാളെ സ്വന്തമാക്കി. ഒപ്പം ജീവന്‍ തന്ന ജീവിതം തന്ന സ്നേഹനിധിയായ അമ്മയെ ഉപേക്ഷിച്ചുമില്ല.
നല്ല കഥ..എനിക്കൊരുപാടിഷ്ടമായി.:)

Rare Rose said...

നല്ല കഥയാണല്ലോ ഗീതേച്ചീ..
വായാടി തത്തമ്മ പറഞ്ഞ പോലെ മകള്‍ മിടുക്കി തന്നെ.മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്തിയ മകള്‍ അമ്മയെ തനിച്ചാക്കി പറന്നു പോവാതെ കൂടെ നിന്നില്ലേ..

sm sadique said...

ആദ്യകഥ,
നന്മനിറഞ്ഞ അമ്മ മനസ്സ്.
രണ്ടാമത്തെ കഥ,
അമ്മയെ സ്നേഹിക്കുന്ന….
മകളുടെ പ്രണയമനസ്സ്,
രണ്ടിലും നിറയെ നന്മകളുണ്ട്.
പക്ഷെ….. അമ്മയെ അറിയിക്കാതെ അല്ലങ്കിൽ അച്ചനെ അറിയിക്കാതെ
ഒരു കുഞ്ഞ് ശാസ്ത്രഞ്ഞന് ജന്മം കൊടുത്തത്.
അതിനെ കുറിച്ച് ഞാൻ വിശദമായ പടനം നടത്തുന്നു.
റിസൾട്ട് കിട്ടിയിട്ട് അറിയിക്കാം.

Ariel.com said...

കഥ നന്നായി അവതരിപ്പിച്ചു. സ്നേഹിക്കുന്ന ഒരു നല്ല അമ്മയുടെ മനസ്സ് ശരിക്കും അറിഞ്ഞ ഒരു മകള്‍, പക്ഷെ അവളുടെ നീക്കങ്ങള്‍ അല്പം ദൃതിയില്‍ ആയിപ്പോയില്ലേ എന്നൊരു സംശയം മാത്രം ബാക്കി. ഹല്ലേ, കം പ്യുട്ടെര്‍ യുഗത്തിലെ നമ്മുടെ കുമാരിമാരുടെ ഒരു വേഗതയേ? നന്ദി. വളഞ്ഞവട്ടം പി വി ഏരിയല്‍, സെക്കന്ദ്രാബാദ്

ഗീത said...

കൂട്ടുകാര്‍ക്കെല്ലാം നമസ്കാരം.

ആരുടെ പക്ഷമാണ് ശരി എന്നതിന് ഒറ്റവാക്കില്‍ ഒരു ഉത്തരം ?
ആലോചിച്ചു നോക്കിയാല്‍ രണ്ടു ഭാഗത്തും ശരിയും തെറ്റുമുണ്ട്. അമ്മ സ്നേഹനിധി. മകളെ പിരിഞ്ഞിരിക്കുന്നത് ആലോചിക്കാന്‍ പോലും വയ്യ. ആ സ്നേഹം വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് അത് ഒരു സ്വാര്‍ത്ഥതയുടെ വരമ്പില്‍ മുട്ടി നില്‍ക്കുന്നു. പെണ്‍‌കുട്ടികളെ യഥാസമയം കെട്ടിച്ചു വിടണ്ടേ? ഓരോ ആലോചനയും എന്തെങ്കിലുമൊക്കെ പോരായ്മകള്‍ കണ്ടു പിടിച്ച് ഒഴിച്ചു വിട്ടാല്‍ എന്തു ചെയ്യും? എല്ലാം തികഞ്ഞ് ഒന്ന് കിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അമ്മയും മനസ്സിലാക്കണം. ദൈവത്തിന് ഒരു ബാലന്‍സ് ഉണ്ട്.

മകളും അമ്മയെ അകമഴിഞ്ഞു സ്നേഹിക്കുന്നു. അമ്മയുടെ മനസ്സറിയാം അവള്‍ക്ക്. അവള്‍ കണ്ടുപിടിച്ച പുരുഷനും അതു മനസ്സിലാക്കുന്നു. അവളുടേയും അമ്മയുടേയും മനസ്സു കാണാന്‍ കഴിവുള്ള ഒരു പുരുഷനായിരുന്നതിനാല്‍, ഇങ്ങനെ രഹസ്യമായി വിവാഹം കഴിക്കാതെ മകള്‍ക്ക് അമ്മയോടിത് പറയാമായിരുന്നില്ലേ എന്നൊരു ചോദ്യം വരും. പക്ഷേ ഇരുപതോളം ആലോചനകള്‍ വേണ്ടെന്നു വച്ച അമ്മ ഇതും എന്തെങ്കിലും കാരണം കണ്ടുപിടിച്ച് തള്ളിപ്പറയില്ല എന്ന് അവള്‍ക്ക് എന്തുറപ്പ്?

ബിലാത്തീ, ആദ്യകമന്റിന് നന്ദി. മൂവരും നല്ലവര്‍ തന്നെ അല്ലേ?
അനിത, സന്തോഷം. ഇനിയും വരണം.
ഒഴാക്കന്‍, രണ്ടും സത്യം. പക്ഷേ പലപ്പോഴും മറക്കുന്നു.
റാംജി, ആ പറഞ്ഞത് വളരെ ശരി. ഒരാളിന്റെ ശരി മറ്റൊരാളിന് ശരിയാവണമെന്നില്ല.
നിരാശാകാമുകാ, ഇത്രയധികം നിരാശയെന്തിനാ? സ്വന്തമായി ഒരഭിപ്രായം പറയൂ...
അഭീ, ഒരു സിമ്പിള്‍ സന്തോഷം. :)
മനോ, ആ ചോദ്യത്തിനൊരുത്തരം പറയൂ.
ഹംസ, ശരിയാണ് ആരേയും കുറ്റം പറയാന്‍ പറ്റില്ല. “എന്നാലും മകളേ നീ....“ ആരായാലും വിളിച്ചു പോകും.
വായാടീ, ആ അഭിപ്രായം ഏറ്റവും ഇഷ്ടമായി. നന്ദി വായാടീ.
റോസേ, തീര്‍ച്ചയായും മകള്‍ സ്നേഹവതി തന്നെ. സ്വന്തം കാര്യം മാത്രം നോക്കി പോയില്ലല്ലോ.
സാദിക്ക്, വിശദമായ ‘പടനം’ കഴിഞ്ഞിട്ടുള്ള റിസല്‍ട്ട് അറിയാന്‍ കാത്തിരിക്കുന്നു.. :) :)
ഏരിയല്‍, മകള്‍ക്ക് ധൃതി കൂടിപ്പോയി എന്നു പറയാമോ? വയസ്സ് 26 കഴിഞ്ഞിരിക്കുന്നു.

അനില്‍കുമാര്‍. സി.പി. said...

രണ്ടു പേരും ശരി, ഒപ്പം രണ്ട് പേരും തെറ്റും!

വഷളന്‍ ജേക്കെ ★ Wash Allen JK said...

കുഴപ്പിച്ചു. ഒരെത്തും പിടിയും ഇല്ല. അച്ഛനെവിടെ?

Akbar said...

ഗീത. ആരുടെ പക്ഷവും ചേരാനാവുന്നില്ല. അമ്മയും മകളും നന്‍മ ഇറഞ്ഞ കഥാപാത്രങ്ങള്‍. കഥ ഏറെ ഇഷ്ടമായി.

VEERU said...

enthaa parayya !!!

Echmukutty said...

തെറ്റും ശരിയുമൊക്കെ വളരെ ആപേക്ഷികമല്ലേ?
പണ്ടത്തെ ഒരുപാട് തെറ്റുകൾ ഇന്ന് വലിയ ശരികളാണ്.

അമ്മയും മകളും അവളുടെ ഭർത്താവും പിറക്കാൻ പോകുന്ന കുഞ്ഞും സന്തോഷമായി സമാധാനമായി കഴിയാൻ ഇട വരട്ടെ....

jayarajmurukkumpuzha said...

amma orikkal makalayirunnu, makal orikkal ammayumaakum....... aashamsakal.............

ഭായി said...

അടിപൊളി മോളും ഇടി വെട്ട് അമ്മയും! അഛനെന്തിയേ..?? പൂള്ളി ഇതിനെയൊന്നും താങാൻ കഴിവില്ലാത്തതിനാൽ സംസ്ഥാനം വിട്ട് നേരത്തേ പോയിക്കാണും...:)
നല്ല കഥ ചേച്ചീ...

the man to walk with said...

makalude allathe pinne..!!

OAB/ഒഎബി said...

മക്കള്‍ നന്നായൊരിടത്തെത്തണമെന്ന ആഗ്രഹത്തില്‍ അമ്മയെ കുറ്റം പറയാനൊക്കില്ല.
മകളുടെ പ്രായം കണക്കിലെടുത്ത് അവള്‍ തെരഞ്ഞെടുത്തതിനെയും കുറ്റം പറ്യാനൊക്കില്ല.

ചെറിയ ഒരു തെറ്റ് അമ്മയുടെ അടുത്തുണ്ട്.
വിദ്യഭ്യാസമുണെങ്കില്‍ എല്ലാമായി എന്ന് കരുതുന്നത് വിവരമില്ലായ്മയാണ്.

എന്റെ കാഴ്ച;
കുടുംബം പോറ്റാന്‍ കഴിവുള്ളവനാണ് തികഞ്ഞ പുരുഷന്‍.
അതില്‍ കളിയും ചിരിയും കാര്യങ്ങളും ഉണ്ടാവണം.അഡ്ജസ്റ്റുമെന്റുകള്‍ രണ്ട് പക്ഷത്തു നിന്നുമുണ്ടായാല്‍ ആ അമ്മക്ക് സന്തോഷിക്കാം.

അല്ലെങ്കില്‍....
കട്ടപ്പൊഹ.

ജെ പി വെട്ടിയാട്ടില്‍ said...

അമ്മയും മകളും കൊള്ളാം.
വായിക്കാന്‍ രസമുണ്ട്.

സ്നേഹപൂര്‍വ്വം
ജെ പി @ തൃശ്ശിവപേരൂര്‍

ശ്രീ said...

ഇതിപ്പോ ആരുടെ പക്ഷം പറയാന്‍? ഓരോരുത്തരുടെയും ഭാഗത്തു നിന്നു നോക്കിയാല്‍ അവരവരുടെ പക്ഷത്തും ശരിയുണ്ട്...

കഥയില്‍ നിന്നു മാറി ജീവിതത്തില്‍ ഇതൊക്കെ സംഭവിയ്ക്കുമ്പോഴാണല്ലോ എല്ലാ ശരികളും 'ശരി' ആകാതെ വരുന്നത്.

Ajay said...

I dont know whether you watch vodafone comedy on asianet, there one regular theme is kerala today and tomorrow, this is just apt for the show,It could just happen to any of us?
Nice theme I enjoyed the story, thanks.
ajay

അക്ഷരം said...

അമ്മയും മകളും
ഇന്നലെയും ഇന്നും
ശേരിയും തെറ്റും
എല്ലാം കൂടി നല്ല ഒരു ശെരി ഈ കഥ ...ഇഷ്ടായി :)

jyo said...

ബോംബെയില്‍ ഞങ്ങള്‍ താമസ്സിക്കുന്ന കാലത്ത് ഞങ്ങളുടെ അയല്‍ക്കാരായിരുന്നു നാഗര്‍ [ഗുജറാത്തി ബ്രാമിന്‍]കുടംബം.മിസ്റ്റര്‍.നാഗര്‍ കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് പെട്ടെന്ന് ഹാര്‍ട്ട് അറ്റാക്കായി മരിച്ചു പോയി.മകന്‍ ഇപ്പോള്‍ അമേരിക്കായില്‍.മോള് സുന്ദരിയാണങ്കിലും ഒരു ബന്ധവും ഉറപ്പിക്കാന്‍ അമ്മ തയ്യാറായില്ല-ഒന്നല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞ്-കഴിഞ്ഞ വര്‍ഷം,32-ം വയസ്സില്‍ ഒരു പഞ്ചാബിയുമായി അവളുടെ വിവാഹം നടന്നു-

ഈ കഥ അവരെ ഓര്‍മ്മിപ്പിച്ചു.നന്നായി എഴുതി.

എന്‍.ബി.സുരേഷ് said...

രോഗിയായ അമ്മ ഇച്ഛിച്ച പാല് വൈദ്യനായ മകൾ കല്പിച്ചുകൂട്ടി നടപ്പാക്കി. അമ്മ മനസ്സിൽ കണ്ടപ്പോൾ മകൾ മാനത്തു കണ്ടു. പിന്നെ വിവാഹം അമ്മയോടു പറയാഞ്ഞത്, തെറ്റു തന്നെയാ. ഒരേയൊരു മകളുടെ വിവാഹം കൂടണമെന്ന് അമ്മയ്ക്കാഗ്രഹമുണ്ടാവില്ലേ. അമ്മയുടെ നേർമ്മയുള്ള പ്രകൃതത്തിനു അത് സമ്മതിച്ചു കൊടുക്കുമായിരുന്നു. പിന്നെ മകൾ അമ്മയെ വിട്ടുപോയില്ലല്ലോ. അതു തന്നെ മഹാഭാഗ്യം.

കുമാരന്‍ | kumaran said...

വ്യത്യസ്ഥയുണ്ട് ഈ പോസ്റ്റിന്.

പാലക്കുഴി said...

വ്യത്യസ്ഥമായ ഒരു സംഭവം നന്നായി എഴുതി...ആശംസകള്‍

വിജി പിണറായി said...

അമ്മയും മകളും... കൊള്ളാം. ന്യായവാദങ്ങള്‍ തേടിയാല്‍ രണ്ടു ഭാഗത്തും ശരികളാണല്ലോ എന്നു തോന്നാം. എന്നാലും മകളുടെ ഭാഗമാണ് കുറച്ചു കൂടി ശരി എന്നു തോന്നുന്നു. അമ്മയുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്നു എന്ന തോന്നല്‍ ഉണ്ടാക്കുമ്പോള്‍ തന്നെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം തന്നെയായ തന്റെ (മകളുടെ) വിവാഹത്തിന്റെ കാര്യത്തില്‍ അനാവശ്യമായ രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട കാര്യമില്ലായിരുന്നു എന്നു പറയാതെ വയ്യ.

പിന്നെ, പലരും ചോദിച്ചതു പോലെ അച്ഛനെവിടെ? ഭാര്യയോളം - അഥവാ അവളുടെ കുടുംബക്കാരോളം‍ - ബുദ്ധിമാനല്ല എന്ന തോന്നലില്‍ നിന്ന് ഉണ്ടായ ‘അപകര്‍ഷതാ ബോധം’ കാരണം (അതോ ഭാര്യയുടെയും മകളുടെയും ശൈലികളുമായി യോജിക്കാന്‍ ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയ ബുദ്ധിമാനായതു കൊണ്ടോ) മുങ്ങിയതാണോ?

റോസാപ്പൂക്കള്‍ said...

അമ്മയുടെ മോളു തന്നെ .

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഇതിലെ മകളെ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല ..

അമ്മയുടെ സ്വഭാവവും ശരിയല്ല. എന്നാലും അമ്മയെന്ന സ്ഥിതിയ്ക്ക് ആ ന്യായങ്ങളിൽ സ്നേഹമാണ് സ്വാർത്ഥതയ്ക്ക് വഴിവെച്ചതെന്നതിനാൽ ഇഷ്ടപ്പെട്ടില്ലെങ്കിലും വെറുക്കാനാവുന്നില്ല

> മലയാളി പുരുഷന്റെ മനോഭാവം തനിക്കറിയാവുന്നതല്ലേ? ഭാര്യവീട്ടുകാരോട്‌ ഒരകല്‍ച്ചയും പുച്ഛവും ഭാവിക്കുക എന്നത്‌. തന്റെ അച്ഛനമ്മമാര്‍ എത്ര തന്നെ തനിക്കു പ്രിയപ്പെട്ടവരാകുന്നോ, അത്ര തന്നെ ഭാര്യക്കും അവളുടെ മാതാപിതാക്കള്‍ പ്രിയങ്കരരാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കാനാണല്ലോ അവര്‍ക്കിഷ്ടം ! <


ചേച്ചീ,ഇത് ആപേക്ഷികം. മൊത്തം പുർഷന്മാർ ഈ ടൈപ്പല്ല. ഈ ടൈപ്പിലുള്ള പെണ്ണുങ്ങളായിരിക്കും കൂടുതൽ.. :)




അപ്പോൾ നോമ്പിനു ശേഷം കാണാം. അപ്പോൾ തല്ല്ലിയാൽ പോരേ ? :(

ശ്രീനാഥന്‍ said...

ഗീതേ, പഴഞ്ചനായ ഞാൻ അമ്മയുടെ ഒപ്പം.അമ്മയുടേത് സാധാരണക്കാരിയുടെ ആഗ്രഹം മാത്രം, അത് മകൾ അംഗീകരിക്കേണ്ടാ, ഇഷ്ടമുള്ളയാളെ പ്രണയിച്ചോട്ടേ, വിവാഹം കഴിച്ചോട്ടേ! . എന്തേ ബന്ധങ്ങൾ ‘ഇത്ര’ വരെയെത്തിയിട്ടും അമ്മയോടൊരക്ഷരം ഉരിയാടിയില്ലാ? ഇഡ്ഡലിയിലും കല്യാണത്തിലും ഒക്കെ കാണുന്ന മകൾ സ്വാർഥ. ആ, കഥ നന്നായി ഗീത, അതോണ്ടല്ലേ, ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്!

sreee said...

വായിക്കാന്‍ ഒത്തിരി താമസിച്ചു പോയല്ലോ . എനിക്കാ മകളെ ഇഷ്ടമായി. കഥയും