Monday, November 9, 2009

ഒളിക്കാനൊരിടം.






നസ്വിനി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റതേയില്ല. മുറിയിലെ ഇരുള്‍ മാത്രമായിരുന്നു അവള്‍ക്ക്‌ കൂട്ടായുണ്ടായിരുന്നത്‌. ഒറ്റപ്പെടുത്തപ്പെട്ടവള്‍, ആര്‍ക്കും വേണ്ടാത്തവള്‍ എന്നൊക്കെ സ്വയം പരിതപിക്കുവാനായുന്ന മനസ്സിനെ കഠിനമായി ശാസിച്ചു നിര്‍ത്തി അവള്‍. കണ്ണുകള്‍ക്കും താക്കീതു നല്‍കി, ഒരിക്കല്‍ പോലും പെയ്തുപോകരുതെന്ന്.

അങ്ങനെ മനസ്സിനെ നിസ്സംഗമാക്കി വയ്ക്കുന്നതില്‍ ഏറെക്കുറേ വിജയിച്ചിരിക്കുമ്പോഴാണ്‌ പെട്ടൊന്നൊരാള്‍ ആ മുറിയിലേക്ക്‌ ഓടിക്കയറി വന്നത്‌, മിന്നല്‍ പോലെ.

അയാള്‍ വന്നതും മുറിയാകെ പ്രകാശമാനമായി.

വന്നയാളിന്റെ മുഖത്തേക്ക്‌ നോക്കാന്‍ വയ്യ. അത്രയ്ക്കും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശതേജസ്സ്‌!

പക്ഷേ ആ അതിഥിയാകട്ടേ തന്റെ തേജോമയമായ രൂപത്തെക്കുറിച്ചൊന്നും തീരെ ബോധവാനായിരുന്നില്ല എന്നു തോന്നി. പോരെങ്കില്‍ വല്ലാതെ പരവേശപ്പെട്ടും കാണപ്പെട്ടു.

വന്നയാള്‍ വലിയ വെപ്രാളത്തില്‍ പറഞ്ഞു,

നോക്കു, എനിക്ക്‌ ഒളിച്ചിരിക്കാനൊരിടം തരൂ, ദയവായി...

മനസ്വിനി അമ്പരന്നു.

ഈ തേജ:പുഞ്ജത്തിന്‌ ഒളിച്ചിരിക്കണമെന്നോ?

എന്തു കുറ്റം ചെയ്തിട്ടാ?

അറിയാതെ തന്നെ നാവില്‍ നിന്ന് പുറപ്പെട്ടു പോയി ഈ ചോദ്യം.

ദയവായി വിശ്വസിക്കൂ, ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല ഇതുവരെ. എന്നിട്ടും...

വാക്കുകള്‍ കിട്ടാതെ വിഷമിക്കുകയാണ് ആ തേജോമയന്‍.

മനസ്വിനിക്ക്‌ അലിവു തോന്നി.

ആട്ടേ, ആരാണ്‌ അങ്ങ്‌?

ഞാന്‍ പ്രകാശമാണ്‌.

പ്രകാശമോ?

മനസ്വിനി അല്‍ഭുതപരതന്ത്രയായി.

ഒന്നും മിണ്ടാനാവാതെ കണ്ണഞ്ചിപ്പോകുന്ന പ്രകാശം പൊഴിച്ചു നില്‍ക്കുന്ന ആ രൂപത്തെത്തന്നെ അങ്ങനെ നോക്കി നിന്നുപോയി അവള്‍.

അതേ ഞാന്‍ പ്രകാശമാണ്‌. എനിക്കൊരിടത്തും ഒളിക്കാന്‍ കഴിയില്ല. ഞാനെവിടെപ്പോയാലും അവിടൊക്കെ പ്രകാശമാനമാകും. അവരെന്നെ കണ്ടുപിടിക്കും. എനിക്കൊരിടവും ഇല്ല ഒന്നൊളിച്ചിരിക്കാന്‍...

ആഗതന്‍ വിലപിച്ചു.

ആരില്‍ നിന്നാണ്‌ അങ്ങ്‌ ഒളിക്കുന്നത്‌? എന്തിനു വേണ്ടി?

നോക്കൂ, അവരെന്നെ പിന്തുടരുകയാണ്‌. ഒരുകൂട്ടം ശാസ്ത്രജ്ഞന്മാര്‍. ശൂന്യതയിലൂടെയുള്ള എന്റെ ഗതിവേഗത്തെ അവര്‍ക്ക്‌ കൂട്ടുകയോ കുറയ്ക്കുകയോ ഒക്കെ വേണമത്രേ. അതൊരിക്കലും സാദ്ധ്യമല്ല. ഞാനതിനൊരിക്കലും സമ്മതിക്കില്ല. ശൂന്യതയിലൂടെ, എല്ലാ ദിശയിലേയ്ക്കും ഞാന്‍ ഒരേ വേഗതയിലേ സഞ്ചരിക്കൂ. എല്ലാ ദിശകളും എനിക്കൊരുപോലെ തന്നെ...

ഒന്നു നിറുത്തിയിട്ട് വീണ്ടും ആഗതന്‍ പറഞ്ഞുതുടങ്ങി.

അവരെന്നെ ഏതെല്ലാം വിധത്തില്‍ പീഡിപ്പിച്ചു എന്ന് ഭവതിക്ക്‌ അറിയുമോ?

സര്‍വ്വതന്ത്രസ്വതന്ത്രനായി സഞ്ചരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന എന്നെ അവര്‍ തളച്ചിട്ടു.

ചിലപ്പോള്‍ വളരെ കനം കുറഞ്ഞ ഒരു നേരിയ പാളിയിലൂടെ ഊര്‍ന്നിറങ്ങേണ്ടിവന്നു എനിക്ക്‌.

പിന്നെ ഒരു തലനാരിഴയുടെ വലിപ്പം പോലുമില്ലാത്ത കുഴലിലൂടെ അവരെന്നെ പായിച്ചു.

അതിനേക്കാളുമൊക്കെ സങ്കടകരം ഒരിക്കല്‍ അകത്തു കയറിപ്പോയാല്‍ പിന്നൊരിക്കലും പുറത്തേക്കൊരു ഒരു മോചനം സാദ്ധ്യമാകാത്തതരത്തിലുള്ള കുഞ്ഞു കുഞ്ഞു ഗോളങ്ങള്‍‍ അവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു! അതിനുള്ളില്‍ എന്നെ അവര്‍ തളച്ചിടും...

ഇതൊന്നും പോരാഞ്ഞ്‌, എന്റെ തരംഗദൈര്‍ഘ്യത്തിനേക്കാള്‍ ചെറിയ വ്യാസമുള്ള ഒരതിസൂക്ഷ്മ ദ്വാരത്തിലൂടെ എന്നെ ഞെങ്ങിഞ്ഞെരുക്കി ഇറക്കിച്ച്‌ പലേ പരീക്ഷണങ്ങളും നടത്തുന്നു‍ !!

ഇതെല്ലാം തന്നെ എന്തിനു വേണ്ടി? മനുഷ്യരുടെ കാര്യസാദ്ധ്യങ്ങള്‍ക്കു വേണ്ടി മാത്രം!

അവര്‍ക്കു വേണ്ടി ഞാനെന്തെല്ലാം ചെയ്തു കൊടുത്തു!

ഏല്‍പ്പിക്കുന്ന ജോലികളെല്ലാം അണുവിട തെറ്റാതെ അതീവവിശ്വസ്തതയോടുകൂടി ചെയ്തില്ലേ?

അവരുടെ സന്ദേശങ്ങളും ചിത്രങ്ങളുമെല്ലാം അനേകായിരം മൈലുകള്‍ക്കപ്പുറത്തിരിക്കുന്ന അവരുടെ പ്രിയപ്പെട്ടവരുടെ അരികിലേക്ക്‌ കണ്ണുചിമ്മുന്ന വേഗതയില്‍ എത്തിച്ചു കൊടുത്തില്ലേ ഞാന്‍?

എന്റെ സഞ്ചാരവേഗതയോടായിരുന്നു അവര്‍ക്കു പ്രിയം. എന്നിട്ടുമിപ്പോള്‍.....

ആ തേജോമയന്‍ വിതുമ്പിപ്പോകുമെന്ന മട്ടായി.

അല്‍പ്പം കഴിഞ്ഞ്‌ ശബ്ദം വീണ്ടെടുത്ത്‌ വീണ്ടും പറഞ്ഞുതുടങ്ങി.

ഒരൊറ്റ സ്പര്‍ശത്താല്‍ തൊടുന്നതെന്തിനേയും പ്രകാശമാനമാക്കാന്‍ കഴിയുന്ന എന്റെയാ കഴിവില്‍ ഞാന്‍ വല്ലാതെ അഹങ്കരിച്ചിരുന്നു. പക്ഷെ ആ കഴിവുതന്നെയാണിപ്പോള്‍ എനിക്കു വിനയായിരിക്കുന്നതും. എനിക്കെവിടേയും ഒളിക്കാന്‍ കഴിയില്ല...

ദു:ഖാകുലനായി പ്രകാശം പറഞ്ഞു.

അങ്ങ്‌ ഒളിച്ചാല്‍ പിന്നെ ഈ പ്രപഞ്ചം ഇരുളിലാണ്ടു പോകില്ലേ? അങ്ങില്ലെങ്കില്‍ ഈ ഭൂമി എങ്ങനെ നിലനില്‍ക്കും?

ഭവതി ഭയപ്പെടേണ്ട.ഒളിച്ചാലും ഈ പ്രപഞ്ചത്തിനു വേണ്ട പ്രകാശം ഞാന്‍ നല്‍കിക്കൊണ്ടേയിരിക്കും. കണ്ടിട്ടില്ലേ, സൂര്യാസ്തമയത്തിനു ശേഷവും നിലാവായും നക്ഷത്രവെളിച്ചമായും ഒക്കെ ഞാന്‍ ഈ ഭൂമിയില്‍ തങ്ങി നില്‍ക്കുന്നത്‌?

ശരിയാണ്‌.

മനസ്വിനിക്ക്‌ പിന്നെ അധികം ചിന്തിക്കേണ്ടി വന്നില്ല.

അവള്‍ പറഞ്ഞു,

ഹേ മഹാത്മന്‍, അങ്ങ്‌ എന്റെ ഹൃദയത്തിലൊളിച്ചു കൊള്ളൂ. ഞാന്‍ അങ്ങയെ മറ്റുള്ളവര്‍ക്ക്‌ കാണിച്ചു കൊടുക്കില്ല. അതേസമയം അങ്ങയുടെ സാന്നിദ്ധ്യം കൊണ്ട്‌ എന്റെ ഹൃദയം പ്രകാശമാനമാവുകയും ചെയ്യും.

അവള്‍ വ്യാമോഹിച്ചു - അങ്ങനെ പ്രകാശസാന്നിദ്ധ്യത്താല്‍ വെട്ടപ്പെടുമ്പോഴെങ്കിലും അവളുടെ ഹൃദയം അവര്‍ കാണട്ടേ, ഇപ്പോഴും അതു മിടിച്ചു കൊണ്ടിരിക്കുന്നത്‌ അവര്‍ക്കു വേണ്ടി തന്നെയാണെന്ന് - വേണ്ടതെല്ലാം നേടിക്കഴിഞ്ഞ്‌ സ്വന്തം കാലില്‍ നില്‍ക്കാമെന്നായപ്പോള്‍, ഒരധികപ്പറ്റായി മാത്രം തന്നെ കാണാന്‍ കഴിയുന്നവര്‍ ‍ - അവര്‍ കാണട്ടേ, അവര്‍ക്കു വേണ്ടി മാത്രമാണ് ഇപ്പോഴും അവളുടെ ഹൃദയം മിടിക്കുന്നതെന്ന്.....

ഒരു നിമിഷം എല്ലാം മറന്നവള്‍ ആശിച്ചുപോയി.

ചിന്തകളില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് താനെന്താണാഗ്രഹിച്ചത് എന്നു തിരിച്ചറിഞ്ഞ നിമിഷം മനസ്സിനെ തീക്ഷ്ണമായി ശാസിച്ചു അവള്‍.

പ്രകാശം മനസ്വിനിയുടെ ഹൃദയത്തില്‍ ഒളിച്ചു.

**************************************
- ഗീത -

Copy Right (C) 2009 K.C. Geetha.

35 comments:

ഗീത said...

പ്രകാശത്തിനെ തളയ്ക്കല്‍.....

നന്മയുടെ പ്രകാശം പൊഴിയുന്നതെങ്കിലും പുറമേയ്ക്ക് വെട്ടപ്പെടാത്ത മനസ്സുകള്‍...

ഈ വട്ടുകഥ വായിച്ചിട്ട് തല്ലാനാണ് തോന്നുന്നതെങ്കില്‍........

കൊണ്ടോളാം....
(അല്ലാതെന്തുചെയ്യാന്‍?)

വികടശിരോമണി said...

ആകെപ്പാടെ ഒന്നു തൊടുന്നുണ്ട്,എവിടെയോ നിന്നു കൊളുത്തിവലിക്കുന്നുണ്ട്,ഒരു കുടന്ന വെളിച്ചം എവിടെയോ ഒളിച്ചുകളിക്കുന്നുണ്ട്.

Anya said...

Hi
Nice to see a new post :))))

greetings from us
Anya :)
Kareltje =^.^=

പ്രദീപ്‌ said...

ടീച്ചറെ , പണ്ടേ ഞാന്‍ ഒരു ട്യൂബ് ലൈറ്റ് ആണ് . ഇത്രയും കൊമ്പ്ലികേറ്റട് കഥകള്‍ ഒന്നും കത്തുകേല . ടീച്ചറെ ,ടീച്ചറിന്റെ വിഷയം ഫിസിക്സ്‌ ആണോ ?

താരകൻ said...

നന്നായി...പ്രകാശം എന്റെ ഇഷ്ടവിഷയമായതിനാൽ ഈ പോസ്റ്റ് പ്രത്യേകം ഇഷ്ട പെട്ടു

ramanika said...

അതി മനോഹരം !

VEERU said...

ഒരു വായനാ സുഖം ഇല്ലെന്നു പറയാനാവില്ലെങ്കിലും ആത്മാവില്ലാത്ത വസ്തുക്കളിൽ അത്മാവു തേടുന്നതിന്റെ വൈപരീത്യം മുഴച്ചു നിൽക്കുന്നു !!
എന്തായാലും പുതുമയുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാതെ തരമില്ലല്ലോ..
ആശംസകൾ !!

രാജീവ്‌ .എ . കുറുപ്പ് said...

ഹേ മഹാത്മന്‍, അങ്ങ്‌ എന്റെ ഹൃദയത്തിലൊളിച്ചു കൊള്ളൂ. ഞാന്‍ അങ്ങയെ മറ്റുള്ളവര്‍ക്ക്‌ കാണിച്ചു കൊടുക്കില്ല. അതേസമയം അങ്ങയുടെ സാന്നിദ്ധ്യം കൊണ്ട്‌ എന്റെ ഹൃദയം പ്രകാശമാനമാവുകയും ചെയ്യും.

വ്യതസ്തമായ ഒരു പോസ്റ്റ്‌, ആശംസകള്‍, ആദ്യം എനിക്കും പ്രദീപ്‌ പറഞ്ഞപോലെ കത്തിയില്ല, പിന്നെ രണ്ടു മൂന്നു തവണ വായിച്ചപ്പോള്‍ മനസിലായി, നല്ല ഭാവന.

ഭായി said...

കഠിനമായ പീഡനമേല്‍ക്കേണ്ടി വന്നാല്‍ കേരളത്തില്‍ വന്നാല്‍ മതിയല്ലോ..ദിവസവും മിക്കവാറും രണ്ട് മൂന്ന് മണിക്കൂ‍ര്‍ എങ്കിലും പുള്ളിക്കരന് റെസ്റ്റ് കിട്ടും!:-)

കൃത്രിമമായ വെളിച്ചമില്ലാതെ, അവളുടെ മനസിന്റെ നന്മയെ കാണാന്‍ കഴിയാത്തവരെ അയാളെകൊണ്ടൊന്ന് തൊടീച്ചാല്‍ മതിയായിരുന്നു..
അതോടെ പ്രശ്നം തീര്‍ന്നു....

ടീച്ചര്‍, നല്ല കഥ!

mini//മിനി said...

ഹോ, എന്തോ ഒന്ന് മനസ്സില്‍ ഹൃദയത്തില്‍ തൊടുന്നു.

Typist | എഴുത്തുകാരി said...

നല്ല കഥ, നല്ല ഭാവന. പ്രകാശം പറയുന്നതൊക്കെ ശരിയാണു്. എന്നാലും ഒളിക്കണ്ട. എവിടേയെങ്കിലുമൊക്കെ പോയി ഒളിച്ചിരുന്നാല്‍ നമുക്കും വേണ്ടെ ഇത്തിരി പ്രകാശമൊക്കെ!

പിന്നെ വട്ടുകഥയാണോന്നു ചോദിച്ചാല്‍.... :) :) (ടീച്ചറേ,പിണങ്ങല്ലേ, സ്മൈലിയുണ്ടേ).

ശ്രീ said...

വ്യത്യസ്തത ഇഷ്ടമായി

Manoraj said...

വ്യത്യസ്തമായ ഒരു വിഷയം തിരഞ്ഞെടുത്തു.. കൊള്ളാം.. പക്ഷെ, എന്തൊ അപൂർണ്ണമായി തോന്നുന്നു.. ഒരു പക്ഷെ, എന്റെ വിവരകേടാകാം..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

പ്രകാശം കൂടുതല്‍ `പ്രകട'മായോ ന്ന് സംശയം. വ്യത്യസ്തത ഉണ്ട്‌.

ഗീത said...

വി.ശി., ആദ്യകമന്റിന് നന്ദി. തീര്‍ച്ചയായും ഒന്ന് കൊളുത്തിവലിക്കുന്നുണ്ട്. അതിന്റെ നോവറിഞ്ഞുവോ?

Anya, Kareltje, Thank you a lot.

പ്രദീപ്, ട്യൂബ് ലൈറ്റ് ആണ്, കത്തിയില്ല എന്നൊക്കെ പറഞ്ഞിട്ടും കൃത്യമായി കണ്ടു പിടിച്ചല്ലോ. എന്റെ വിഷയം ഫിസിക്സ് തന്നെ. ഈ കഥയില്‍ ഒരല്‍പ്പം ഫിസിക്സ് ചാലിച്ചു ചേര്‍ത്തു. സന്തോഷം കേട്ടോ.

താരകന്‍, എനിക്കും ഇഷ്ടമാണ് പ്രകാശത്തെ. ഈ ഹൈടെക് യുഗത്തില്‍ ഏതെല്ലാം വിധത്തിലാ പ്രകാശം നമ്മെ സഹായിക്കുന്നത് അല്ലേ?

രമണിക, ആ വലിയ പ്രോത്സാഹനത്തിന് അര്‍ഹതയുണ്ടോന്ന് അറിയില്ല, എന്നാലും ഹൃദയം നിറഞ്ഞ നന്ദി.

വീരു, അങ്ങനെയല്ല, പുതുമയുള്ള ശ്രമമായാലും അത് പോരായ്മയുള്ളതോ മോശമോ ആണെങ്കില്‍ അത് വെട്ടിത്തുറന്നു പറയുക തന്നെ വേണം. അങ്ങനെയുള്ളത് തീരെ പ്രോത്സാഹിപ്പിക്കുകയുമരുത്. ആ തുറന്ന അഭിപ്രായത്തിന് നിറഞ്ഞ നന്ദി.

കുറുപ്പ്, എങ്ങനെയാണ് സന്തോഷം അറിയിക്കേണ്ടത്, ഇതു രണ്ടു മൂന്നു തവണ വായിക്കാനുള്ള ക്ഷമ കാണിച്ചതിന്. എന്തായാലും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ഭായി,ആ പറഞ്ഞതാ നേര്. മനസ്സിന്റെ നന്മ കാണാന്‍ കഴിയാത്ത അന്ധര്‍ക്ക് എത്ര തന്നെ പ്രകാശധാര ചൊരിഞ്ഞിട്ടെന്തു കാര്യം? അവര്‍ ഒരിക്കലും അതു കാണാന്‍ പോകുന്നില്ല. അല്ലെങ്കില്‍ കാണാന്‍ കൂട്ടാക്കുന്നില്ല.

മിനി, ആ മന‍സ്സും ഹൃദയവും തുറന്നുപിടിച്ചതിന് ഏറെ നന്ദി.

എഴുത്തുകാരി, ശരിയാണ്, പ്രകാശം ഒളിക്കണ്ട. ഒളിക്കുന്നെങ്കില്‍ നന്മയുടെ സുതാര്യത പേറുന്ന ഹൃദയങ്ങളിലൊളിച്ചോട്ടെ. സ്മൈലി ഇല്ലേലും എന്തിനാ പിണങ്ങുന്നേ എഴുത്തുകാരീ? ഇതൊരു വട്ടുകഥ തന്നെ. :):)

ശ്രീ, ഇഷ്ടായതില്‍ സന്തോഷം. അപ്പോള്‍ ഇനിയും ഇങ്ങനെയുള്ളത് പടച്ചു വിടാനുള്ള അനുവാദം ശ്രീ തന്നു .

മനോരാജ്, അങ്ങനെ സ്വന്തം വിവരക്കേടെന്നൊന്നും ധരിക്കണ്ട. അനുവാചകന് എന്തു തോന്നുന്നുവോ അതാണ് ശരി. അപൂര്‍ണ്ണമാണ് ഒരു രചന എന്നു അനുവാചകന് തോന്നുന്നെങ്കില്‍ അത് അപൂര്‍ണ്ണം തന്നെയാകും. ഇനിയുള്ള എഴുത്തുകളില്‍ ആവുന്നതുപോലെ ആ പോരായ്മ പരിഹരിക്കാന്‍ ശ്രമിക്കാം. ഇത്തരം തുറന്ന വിമര്‍ശനം എഴുത്തിനെ സഹായിക്കുകയേയുള്ളൂ.

ജിതേന്ദ്രകുമാര്‍, പ്രകാശത്തിന് പ്രകടനാത്മകത ഇത്തിരി കൂടിപ്പോയി അല്ലേ? ഇനിയെഴുതുമ്പോള്‍ ഇതു മനസ്സില്‍ വയ്ക്കാം. വളരെ നന്ദി.

എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

കുഞ്ചിയമ്മ said...

ഈ പേജ് സെറ്റിങ്സ് ഒന്നു ശരിയാക്കിയാല്‍ നന്നായിരുന്നു. ഫോണ്ട് കളറും ബ്ലോഗ് കളറും തമ്മിലെന്തോ ചേര്‍ച്ചയില്ലായ്ക. വായന ഇത്തിരി ക്ലേശകരമാകുന്നു.

ManzoorAluvila said...

പുതുമയുള്ള വിഷയം വ്യത്യസ്തമായ്‌ അവതരിപ്പിച്ചിരിക്കുന്നു...ഫിസിക്സിനു..ഫുൾ മാർക്ക്‌..ആശംസകൾ

Areekkodan | അരീക്കോടന്‍ said...

ആകെ ഫിസിക്സ് മയമായ ഈ പോസ്റ്റ് എനിക്കും നന്നായി ഇഷ്ടപ്പെട്ടു.

the man to walk with said...

എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു നമ്മെ പരസ്പരം ബന്ധിപ്പിച്ച ആ ദിവ്യ തേജസ്സിനെ കുറിച്ച് ,,ആശംസകൾ

ഒഎബി/oab said...

നാട്ടിലയാൾ വിശ്രമിക്കുമ്പോൾ ഇട്ടേച്ച് പോയ മിന്നാമിന്നിയും താരകളും പാൽ നിലാവിനുമെല്ലാം എത്ര ചന്തം.
ഈ പട്ടണത്തിൽ അയാൾക്കൊരിക്കലും വിശ്രമമേയില്ല....

നല്ല കഥ. ഇഷ്ടായിന്ന് പ്രത്യേകം..

Anya said...

Have a lovely weekend

Kareltje =^.^=
Anya :)

ഗോപി വെട്ടിക്കാട്ട് said...

നന്നായിരിക്കുന്നു ...നല്ല ഭാവന..

ശ്രീജ എന്‍ എസ് said...

വ്യത്യസ്തമായ ആശയം..എങ്കിലും എവിടെയോ വായനക്കിടയില്‍ ചില മുഴച്ചു നില്‍ക്കല്‍ ..ഞാന്‍ വെറും ഒരു വായനക്കാരി ആണ് കേട്ടോ.നിരൂപക ഒന്നുമല്ല...

വിരോധാഭാസന്‍ said...

കൊള്ളാം...നന്നായിരിക്കുന്നു..
ആശംസകള്‍

വീകെ said...

nalla bhaavana...

prakasham kaanaan kazhiyaathavarodu onnum paranjittu kaaryamilla...

naale ellaavarudeyum jeevithathilum
prakasham vitharatte..

aashamsakal..

Mahesh Cheruthana/മഹി said...

ഗീതേച്ചി,വ്യത്യസ്തമായ വിഷയം!പുതുമയുള്ള പരീക്ഷ്ണങ്ങൾ തുടരുക!!

Anil cheleri kumaran said...

ഉന്നത നിലവാരം പുലര്‍ത്തിയ ഒരു കഥ. അഭിനന്ദനങ്ങള്‍.

Unknown said...

നല്ല അവതരണം

★ Shine said...

I like the concept very much...you are really poetic! Thank you...

Anya said...

Hi
I hope all is well :-)
(@^.^@)

ഗീത said...

കുഞ്ചിയമ്മ,ഫോണ്ട് കളര്‍ മാറ്റിയിട്ടുണ്ട് കേട്ടോ. വന്നതില്‍ സന്തോഷം.

മന്‍സൂര്‍,ഫിസിക്സ് ഇഷ്ടായതില്‍ എനിക്കും സന്തോഷം.

അരീക്കോടന്‍, മാഷിനും ഇഷ്ടമായതില്‍ വളരെ സന്തോഷം.

the man to walk with, ആ അഭിപ്രായത്തിന് വളരെ നന്ദി.

oab,ഒരു നുറുങ്ങ് പ്രകാശം ആയാലും അതിനും നല്ല ചന്തം തന്നെ. ഇഷ്ടമായതില്‍ ഏറെ സന്തോഷം.

ഗോപി വെട്ടിക്കാട്, ഇവിടെ ആദ്യമായി വരുകയല്ലേ? സ്വാഗതം.

ശ്രീദേവി,നിരൂപകയല്ല എന്നെന്തിന് എടുത്തു പറയണം? ശ്രീദേവിയെ പോലുള്ള സാധാരണ വായനക്കാരുടെ, ഇതുപോലെ മനസ്സില്‍ തോന്നിയത് അതേപടി പറയുന്ന അഭിപ്രായങ്ങളാണ് ഏറെ വിലപ്പെട്ടത്. എവിടെയാണ് ആ കുറവുകള്‍ എന്നതു കൂടി പറഞ്ഞിരുന്നെങ്കില്‍ ഇനിയുള്ള എഴുത്തില്‍ അതു ശ്രദ്ധിക്കാമായിരുന്നു. നന്ദി, വായനക്കും അഭിപ്രായത്തിനും.

ലക്ഷ്മി, സന്തോഷം കേട്ടോ.

വി.കെ.,ശരിയാണ് ആ പറഞ്ഞത്. പ്രകാശം ഒരു വസ്തുവില്‍ തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണില്‍ എത്തുമ്പോഴാണല്ലോ നാം അവയെ കാണുന്നത്. മനസ്സിനെ അങ്ങനെ പ്രകാശം പതിപ്പിച്ച് മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കാനാകുമോ? മറ്റുള്ളവരുടെ മനസ്സറിയാന്‍ കഴിയാത്തവരെ കുറിച്ച് എന്തു പറയാന്‍?

മഹി,ആ പ്രോത്സാഹനത്തിന് വളരെ നന്ദി.

കുമാരന്‍, അത്രയും നല്ല വാക്കുകള്‍ അര്‍ഹിക്കുന്നുണ്ടോന്നും സംശയം.

തെച്ചിക്കോടന്‍, സന്തോഷം. ഇനിയും വരണം.

കുട്ടേട്ടന്‍, കണ്‍സപ്റ്റ് ഇഷ്ടമായതില്‍ സന്തോഷം. പിന്നെ പറഞ്ഞ വാക്കുകള്‍ക്ക് അര്‍ഹതയുണ്ടോന്നറിയില്ല. എന്നാലും സന്തോഷമായി.

Anya, Very happy to find you here again. Your Kareltje is now mine too!

കാപ്പിലാന്‍ said...

!!

എനിക്കൊന്നും മനസിലായില്ല . പണ്ടേ അങ്ങനെയാണ് ഇപ്പോള്‍ ഇങ്ങനെയും .
ആരാണീ മനസ്വിനി ആന്‍ഡ്‌ തേജോമയന് :) . ആ ആര്‍ക്കറിയാം .

ടീച്ചറെ സുഖമല്ലേ ? :)

jayanEvoor said...

ഹൃദയത്തില്‍ പ്രകാശം ഏറ്റുവാങ്ങാന്‍ വെമ്പുന്ന മനസ്വിനിയെ ഇഷ്ടമായി...

ആശംസകള്‍!

ഗീത said...

കാപ്പൂ, ഗ്യാപ്പില്ലാതെ ഗവിതയെഴുതുന്ന മഹാഗവിക്ക് ഇതൊന്നും മനസ്സിലായില്ലെന്നോ?
മനസ്വിനി എന്നാല്‍ നല്ല മനസ്സുള്ള സ്ത്രീ.
തേജോമയന്‍ എന്നാല്‍ നല്ല തേജസ്സുള്ള പുരുഷന്‍.
അയ്യേ ! ഇതുപോലും അറിഞ്ഞുകൂടായിരുന്നോ?

jayan Evoor, ഇവിടത്തെ ആദ്യ സന്ദര്‍ശനത്തിന് നന്ദി. സ്വാഗതമോതുന്നു. മനസ്വിനിയെ ഇഷ്ടമായതില്‍ വളരെ സന്തോഷം.

Muralee Mukundan , ബിലാത്തിപട്ടണം said...

ഭാവനയുടെ തേജൊമയത്താൽ മനസ്സിനെ മയൂഖമാക്കിയ സുന്ദരമായൊരു കഥ...
അഭിനന്ദനങ്ങൾ..ഗീത.