Sunday, October 25, 2009

കൂട്ടിലെ തത്ത.

ണ്ണു തുറന്നപ്പോള്‍ കുറ്റാക്കുറ്റിരുട്ട്‌. ഒന്നും മനസ്സിലായില്ല. താന്‍ എവിടെയാണ്‌?

മുറിയിലെ ഇരുട്ടുമായി പതുക്കെ പൊരുത്തപ്പെട്ടപ്പോള്‍ മനസ്സിലായി - അടുക്കളയോട്‌ ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയിലാണ്‌ താന്‍ കിടക്കുന്നത്‌. വെറും നിലത്ത്‌.

എന്താണ്‌ സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ ചില നിമിഷങ്ങള്‍ വേണ്ടിവന്നു. പിന്നെയെല്ലാം ഒരു ചിത്രത്തിലെന്നപോലെ തെളിഞ്ഞുവന്നു. കൂട്ടത്തിലൊരു ചിത്രം മനസ്സിനിത്തിരി കുളിര്‍മയുമേകി. തുറന്നുപിടിച്ച കിളിവാതിലിലൂടെ ഇരുമ്പഴിക്കൂട്ടിലെ അസ്വാതന്ത്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രതയുടെ അനന്തവിഹായസ്സിലേക്ക്‌ പറന്നകലുന്ന തത്തമ്മക്കിളിയുടെ ചിത്രം!

*** *** ***

തത്തകളെ വളരെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്‌. ഒരു തത്തയെ വളര്‍ത്തണം എന്ന് ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു.

ഓഫീസില്‍ നിന്ന് എത്താന്‍ വൈകിയ ഒരു നാള്‍, കുറേ തത്തക്കൂടുകളും ചുമന്നു കൊണ്ട്‌ ഒരു മുഷിഞ്ഞ വസ്ത്രധാരിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു വരുന്നതു കണ്ടു.

ഇടവഴിയുടെ അങ്ങേത്തലയ്ക്കല്‍ എത്തിയപ്പോഴേ കണ്ടു ആ തത്തക്കൂടുകാരന്റെ കൈയിലെ വലിപ്പം കൂടിയ ഒരു കൂട്ടിനുള്ളില്‍ അഞ്ചാറു തത്തകള്‍. അയാളുടെ നടത്തയുടെ താളങ്ങള്‍ക്കൊത്ത്‌, തുലനാവസ്ഥ കൈവരിക്കാനായി ചിറകടിക്കുന്ന പാവങ്ങള്‍!

മിനുമിനുത്ത തൂവലുകളും ചുവന്ന കണ്ഠാഭരണവുമുള്ള അഴകാര്‍ന്നൊരു തത്തമ്മയെ തന്നെ അദ്ദേഹം തിരഞ്ഞെടുത്തു. അതിന്റെ വിലയായി പോക്കറ്റില്‍ നിന്ന്‌ 100 രൂപയുടെ മൂന്നു പുതുപുത്തന്‍ നോട്ടുകള്‍ എടുത്ത്‌ തത്തവില്‍പ്പനക്കാരന്റെ കൈയില്‍ വച്ചു കൊടുക്കുമ്പോള്‍ ആ മുഖത്ത്‌ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും ദര്‍ശിക്കാനായിരുന്നില്ല.

ഒരു നിമിഷം ഒന്നു ചിന്തിച്ചു പോയി.

മറ്റു വീട്ടാവശ്യങ്ങള്‍ക്കായി - അവ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെങ്കില്‍ പോലും- സ്വന്തം കൈയില്‍ നിന്ന് പച്ച നോട്ടുകള്‍ വിടപറയുമ്പോള്‍, ആ മുഖത്ത്‌ സാധാരണ പ്രത്യക്ഷപ്പെടാറുള്ള ആ വൈമനസ്യഭാവത്തെപ്പറ്റി-

ഡൈനിങ്ങ്‌ ഹാളിലെ ജനാലയ്ക്കരുകിലായി തത്തക്കൂട്‌ സ്ഥാനം പിടിച്ചു.

അനുനിമിഷം, അസ്വതന്ത്രതയുടെ ഇരുമ്പ്‌ കമ്പികള്‍ തകര്‍ത്ത്‌, അനന്തതയിലേക്ക്‌ പറന്നുയരാന്‍ വെമ്പല്‍ പൂണ്ട്‌, അഴികള്‍ക്കിടയിലൂടെ ചുണ്ടു നീട്ടുകയും ചിലക്കുകയും, ചിറകിട്ടടിക്കുകയും ചെയ്യുന്ന തത്ത!

സഹതാപാര്‍ദ്രമായ മനസ്സോടേ തത്തയെ തന്നെ നോക്കി നിന്നു പോയി.

നോക്കി നോക്കി നില്‍ക്കവേ തത്തയുടെ ആ അസ്വസ്ഥത മുഴുവനും തന്നിലേക്ക്‌ ആവേശിച്ചതു പോലെ!

താനുമൊരു തത്തയല്ലേ? കൂട്ടിലെ തത്ത?

തത്തയ്ക്ക് ചിറകിട്ടടിച്ചും ചിലച്ചും പ്രതിഷേധം പ്രകടിപ്പിക്കയെങ്കിലും ചെയ്യാം. തനിക്കോ?

രാത്രി വന്നു.

ഉറങ്ങാന്‍ കഴിഞ്ഞില്ല.

മനസ്സു നിറയെ തത്ത.

കണ്മുന്നില്‍ തത്ത! കണ്ണടച്ചാല്‍ തത്ത!

സ്വാതന്ത്ര്യത്തിനു വേണ്ടി ചിറകിട്ടടിക്കുന്ന തത്തയുടെ ചിത്രം!

ആ ഒരൊറ്റ ചിത്രം മാത്രം!

തന്റെ ഓരോ അണുവിലും, പറിച്ചുമാറ്റാന്‍ കഴിയാത്തവിധം ആ ചിത്രം അങ്ങു ലയിച്ചു ചേര്‍ന്നപോലെ!



പിറ്റേ പുലരി.

പതിവുള്ള നിസ്സംഗഭാവത്തോടെ ആദിത്യന്‍ കിഴക്കു ദിക്കില്‍ ദര്‍ശനമരുളി.

ബെഡ്‌ കോഫിയെടുക്കുമ്പോഴായിരുന്നു ഡൈനിംഗ്‌ ഹാളില്‍ നിന്ന് 'ഇന്ദൂ' എന്ന് അലര്‍ച്ചയുടെ സ്വരത്തിലുള്ള വിളി മുഴങ്ങിയത്‌.

പ്രതീക്ഷിച്ചതായതു കൊണ്ട്‌ ഞെട്ടിയില്ല.

വല്ലാത്തൊരു ധൃതി അഭിനയിച്ച്‌ ഓടിച്ചെന്നു. അതിനു മുന്‍പായി, മുഖം നിറയെ നിഷ്കളങ്കത വാരിപ്പൂശുവാന്‍ മറന്നിരുന്നില്ല.

'തത്തയെ കാണുന്നില്ല. കൂടും തുറന്നു കിടക്കുന്നല്ലോ!'

പരിഭ്രമിച്ച സ്വരം.

'അതേയോ! അയ്യയ്യോ ആ വികൃതിപ്പൂച്ച പിടിച്ചിട്ടുണ്ട്‌. കഷ്ടം തന്നെ'

അമ്പരപ്പും വിഷാദവും കൂട്ടിക്കലര്‍ത്തി മറുപടി പറയുമ്പോള്‍, ഉള്ളിന്റെയുള്ളില്‍ അഭിമാനം തോന്നി - താനൊരൊന്നാന്തരം അഭിനേത്രി തന്നെ!

'ശ്ശോ എന്റെ മുന്നൂറു രൂപ വെള്ളത്തിലായി'

തലയ്ക്കടിച്ചു വിലപിച്ചു അദ്ദേഹം.

ദേഷ്യം തോന്നി. ഒരു പാവം ജീവന്‍ പൊലിഞ്ഞതില്‍ ഒരു വിഷാദവുമില്ല. രൂപാ മുന്നൂറ്‌ പോയല്ലോ എന്നാണ്‌ വിഷമം.


ഒരാഴ്ച കഴിഞ്ഞില്ല, മറ്റൊരു തത്ത ആ കൂട്ടിനുള്ളില്‍ സ്ഥാനം പിടിച്ചു.

ഏതോ 'ദുര്യോഗം' വന്നുപെടാനും അങ്ങനെ കൂട്ടില്‍ നിന്ന്‌ അപ്രത്യക്ഷമാവാനും വിധിക്കപ്പെട്ട പാവം!

വിധി പോലെ തന്നെ നടന്നു!

പക്ഷേ ഇത്തവണ അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണം വിഭിന്നമായിരുന്നു.

സംഭവിച്ച നഷ്ടത്തെക്കുറിച്ച്‌ തലക്കടിച്ചു വിലപിക്കുന്നതിനു പകരം, തന്റെ നേര്‍ക്ക്‌ ഒരു ഗര്‍ജ്ജനം!

'കൂട്ടിനുള്ളില്‍ നിന്ന് തത്തയെങ്ങനെ പോയി എന്നറിയില്ലെങ്കില്‍പ്പിന്നെ - താനൊക്കെയിവിടെ എന്തെടുക്ക്വായിരുന്നൂ?'

താനെന്തു ചെയ്യാനാണ്‌? എപ്പോഴും തത്തയെ തന്നെ നോക്കിയിരിക്കാന്‍ പറ്റ്വോ?

ഒരിക്കല്‍ ധൈര്യം സംഭരിച്ചു പറഞ്ഞു.

'എന്തിനീ പാവങ്ങളെ കൂട്ടിലിട്ടടയ്ക്കുന്നു? ആകാശവിതാനത്തില്‍ സ്വതന്ത്രമായി പറന്നു നടക്കേണ്ടവയല്ലേ ഈ കിളികള്‍! ഇവയെ ഇങ്ങനെ കൂട്ടിലടച്ചിടുന്നത്‌ ദ്രോഹമല്ലേ?'

പിന്നെ സഹതപിച്ചു.

'കഷ്ടം തന്നെ! എല്ലാം ആ കുന്നന്‍ പൂച്ചയ്ക്ക്‌ ഭക്ഷണമാവുകയും ചെയ്യുന്നു! വെറുതേ -'

ബാക്കി പറയാനായില്ല. ആ കണ്ണുകളില്‍ നിന്ന് പാഞ്ഞു വന്ന തീക്ഷ്‌ണമായ കോപാഗ്നിശരങ്ങളേറ്റ്‌ പുറത്തേക്ക്‌ വരാനാഞ്ഞ വാക്കുകള്‍ തൊണ്ടയില്‍ തന്നെയിരുന്ന് കരിഞ്ഞു ചാമ്പലായിപ്പോയി.

രണ്ടാം തത്തമ്മ അപ്രത്യക്ഷമായതിന്റെ മൂന്നാം പക്കം തന്നെ എത്തി മൂന്നാം തത്തമ്മ!

മുന്‍ഗാമികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥയായിരുന്നു ഇവള്‍. ചിറകടിച്ചോ നിറുത്താതെ ചിലച്ചോ അല്ല പ്രതിഷേധം പ്രകടിപ്പിച്ചത്‌. നിരാഹാരമായിരുന്നു അവള്‍ സ്വീകരിച്ച സമരമുറ.

പലനാള്‍ കട്ടാല്‍ ഒരു നാള്‍ പെടും!

അങ്ങനെ ഒരു നാള്‍ പെടുകതന്നെ ചെയ്തു!

മൂന്നാം തത്തമ്മ എത്തിയതിന്റെ മൂന്നാം ദിവസം രാത്രി.

പാതിരാവിന്റെ നിശ്ശബ്ദതയില്‍ ഭര്‍ത്താവിന്റെ കൂര്‍ക്കം വലി ഒരേ താളത്തില്‍ കേള്‍ക്കുന്നു എന്നുറപ്പിച്ച്‌, പതിഞ്ഞ കാലടികളുമായി തത്തക്കൂടിനരികിലെത്തി. കിളിവാതില്‍ മെല്ലെ തുറന്നു കൊടുത്തു. നിരാഹാരവ്രതത്താല്‍ തീരെ അവശയായിരുന്നെങ്കിലും വാതില്‍ തുറന്നപ്പോള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ അവള്‍ പറന്നകലുന്നത്‌ ഇരുട്ടില്‍ ഒരു മിന്നായം പോലെ ഒന്നു കണ്ടതേ ഓര്‍മ്മയുള്ളൂ-


പിന്നെ നടന്നതെല്ലാം ഒരു ദുസ്വപ്നത്തിലെ ചിത്രങ്ങള്‍ പോലെ-

പതുങ്ങി വന്ന് ഇരയുടെ മേല്‍ ചാടി വീഴാറുള്ള ആ കുന്നന്‍ പൂച്ചയെ പോലെ അദ്ദേഹം തന്റെ മേല്‍ ചാടി വീണത്‌ -

ദ്രോഹീ... ദുഷ്ടേ.. എന്നൊക്കെയുള്ള സംബോധനകള്‍ -

പിന്നെ അഗ്നിവര്‍ഷം പോലെ തന്നില്‍ വന്നു പതിച്ച ദണ്ഡനങ്ങള്‍-

കരയാതെ പിടിച്ചു നിന്നു. അത് അദ്ദേഹത്തിന്റെ ദേഷ്യമേറ്റി.

പിന്നെപ്പോഴോ ബോധം മറഞ്ഞിട്ടുണ്ടാവും.



ചെറിയ ജനാലയിലൂടെ വെളിച്ചത്തിന്റെ ആദ്യകീറ്‌ മുറിയിലേക്ക്‌ എത്തിനോക്കി.

നേരം പുലരാറായിരിക്കുന്നു!

അപ്പോള്‍ ഇന്നലത്തെ രാത്രി മുഴുവന്‍ താനീ മുറിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നുവെന്നോ?

ക്ലോക്കിലെ യന്ത്രപ്പക്ഷി കൂടു തുറന്ന് ആറു പ്രാവശ്യം ചിലക്കുന്നതു കേട്ടു. ഇനി കിടന്നാല്‍ പറ്റില്ല.

എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍‍ ദേഹമാസകലം വേദനിക്കുന്നു.

മുറിയുടെ വാതില്‍ തുറന്നു അടുക്കളയിലേക്ക്‌ പോകാനൊരുങ്ങി.

ങേ! എന്തായിത്‌?

വാതില്‍ തുറക്കുന്നില്ലല്ലോ!

ആഞ്ഞു വലിച്ചു നോക്കി. എന്നിട്ടും പറ്റുന്നില്ല.

അപ്പോഴാണ്‌ അതു മനസ്സിലായത്‌, മുറി പുറത്തു നിന്ന്‌ താഴിട്ടു പൂട്ടിയിരിക്കുന്നു!

താനുമൊരു തത്തയായി മാറിയിരിക്കുന്നു, അക്ഷരാര്‍ത്ഥത്തില്‍ തന്നെ!

കൂട്ടിലെ തത്ത !

കനത്ത ഭിത്തികളും താഴിട്ടു പൂട്ടിയ വാതിലുകളും കൊണ്ട്‌ നിര്‍മ്മിതമായ കൂട്ടിലെ, തത്ത.
-----------------------------------


ഈ കഥ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നിന്നിറങ്ങിയിരുന്ന ‘ആരാമം’ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By K.C. Geetha.

Cpyright (C) 2009 K.C. Geetha.

35 comments:

ഗീത said...

ഇരുമ്പഴിക്കൂട്ടിനുള്ളിലെ അസ്വാതന്ത്ര്യത്തില്‍ ജീവിതം തളച്ചിടേണ്ടി വരുന്ന പാവം തത്തമ്മകള്‍...

പാമരന്‍ said...

അതു ശരി, അപ്പോ എഴുത്തിന്‍റെ അസ്ക്യത പണ്ടേ ഉണ്ടല്ലേ :)

വീകെ said...

ഒരു കണക്കിനു നമ്മളെല്ലാം തത്തകളല്ലെ....?!
നന്നായി.

ആശംസകൾ...

പ്രദീപ്‌ said...

വിശദമായ കമന്റ്‌ പുറകെ ഇടാം .ഇപ്പോള്‍ വീട്ടില്‍ അല്ല

ശ്രീ said...

കഥ കൊള്ളാം ചേച്ചീ. വീകെ മാഷ് പറഞ്ഞത് ശരി തന്നെ.

അഭി said...

ചേച്ചി കഥ നന്നായിരിക്കുന്നു !, ഒരു തരത്തില്‍ അല്ലെങ്ങില്‍ മറ്റൊരു തരത്തില്‍ എല്ലാവരും കൂട്ടിലെ തത്തകള്‍ തന്നെ

Typist | എഴുത്തുകാരി said...

ശരിയായ തത്തക്കിളിയെ തുറന്നുവിടാന്‍ ഒരു ഇന്ദു ഉണ്ടായി. ഈ തത്തയെ ആരു തുറന്നുവിടും. ഇത്രയും കാലമായിട്ടുണ്ടായില്ല. ഇനി ഉണ്ടാവുന്നകാര്യവും സംശയം തന്നെ.

രാജീവ്‌ .എ . കുറുപ്പ് said...

ഗീതേച്ചി കഥ സൂപ്പര്‍, ക്ലൈമാക്സ്‌ അതിലും ഉഗ്രന്‍.

കനത്ത ഭിത്തികളും താഴിട്ടു പൂട്ടിയ വാതിലുകളും കൊണ്ട്‌ നിര്‍മ്മിതമായ കൂട്ടിലെ, തത്ത.

Umesh Pilicode said...

നന്നായിട്ടുണ്ട്

OAB/ഒഎബി said...

നല്ല കഥ......

Anil cheleri kumaran said...

മനോഹരമായ കഥ.

അരുണ്‍ കരിമുട്ടം said...

ഈ തത്തയെ തുറന്ന് വിടാന്‍ ഇനി ആര്‌ വരും?

വയനാടന്‍ said...

നന്നായിരിക്കുന്നു കഥ
:)

ഗീത said...

ഈ കഥയിലെ നായികയായ ഇന്ദു യഥാര്‍ത്ഥജീവിതത്തില്‍ ഞാന്‍ കണ്ട രണ്ടു പേരുടെ പ്രതിനിധിയാണ്. ഒന്ന്, ഈ കഥ എഴുതുന്നകാലത്ത് 66 വയസ്സുള്ള ഒരു സ്ത്രീ. ആ പ്രായത്തിലും അവര്‍ക്ക് ഒരുകാര്യത്തിലും ഒരഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. അവര്‍ എന്തെങ്കിലും പറഞ്ഞുപോയാല്‍ ഭര്‍ത്താവ് വലിയവായില്‍ ശകാരിക്കാന്‍ തുടങ്ങും. അതുകേട്ട് വെറുതേ ചിരിച്ച് കൊണ്ട് മിണ്ടാതെ നില്‍ക്കും അവര്‍.
രണ്ട്, ഒരു അന്യമതസ്ഥനെ വിവാഹം കഴിച്ച ഒരു സ്ത്രീ. വിവാഹം കഴിഞ്ഞപ്പോള്‍ തങ്ങളുടെ മതാചാരങ്ങള്‍ മാത്രം പാലിച്ചുകൊള്ളണം എന്ന് കടും പിടിത്തം പിടിച്ച ഭര്‍ത്താവും വീട്ടുകാരും. വസ്ത്രങ്ങള്‍ വയ്ക്കുന്ന പഴയ ഇരുമ്പു പെട്ടിയുടെ ഉള്ളറകളിലൊന്നില്‍ തന്റെ ഇഷ്ടദൈവത്തിന്റെ ചിത്രം സൂക്ഷിച്ചു വച്ചിരുന്നു അവള്‍. എന്നും അങ്കലാപ്പായിരുന്നു, ഭര്‍ത്താവോ വീട്ടുകാരോ അതു കണ്ടെടുക്കുമോ എന്ന്‌.

ഇവിടെ പലരും പറഞ്ഞ പോലെ നമ്മളെല്ലാം ഒരു കണക്കിന് ഓരോരോ കൂടുകളിലെ തത്തകള്‍ തന്നെ. പക്ഷേ ആ കൂട് സ്നേഹം കൊണ്ട് നിര്‍മ്മിതമെങ്കില്‍ ആ അസ്വാതന്ത്ര്യം മധുരതരമായല്ലേ അനുഭവപ്പെടൂ?

പാമുവേ, ഇത്തിരിശ്ശേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ നിങ്ങളെയൊക്കെ ശല്യപ്പെടുത്താന്‍ വേണ്ടി ആ അസ്ക്യത അങ്ങു മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തീരിക്കയാ...
വി. കെ, ആ പറഞ്ഞതു ശരിതന്നെയാണ്.
പ്രദീപ്,ശരി സാവകാശം മതി.
ശ്രീ, ഞാനുമുണ്ട് വി. കെ യുടെ ഒപ്പം.
അഭി, അമിത സ്വാതന്ത്ര്യവും പാടില്ലല്ലോ അല്ലേ? ഒന്നും അധികമാവരുത്.
എഴുത്തുകാരീ, ഈ തത്തയെ പൂട്ടിയിട്ട ആള്‍ തന്നെ തല്‍ക്കാലത്തേക്ക് തുറന്നുവിടും. :)
കുറുപ്പ്, ആ പ്രോത്സാഹനത്തിന് ഏറെ നന്ദി.
ഉമേഷ്, സന്തോഷം.
ഓഎബി,സന്തോഷം.
കുമാരന്‍, സന്തോഷം.
അരുണ്‍, ആരെങ്കിലും തുറന്നു വിട്ടല്ലേ പറ്റൂ?
വയനാടന്‍, സന്തോഷം.

Anya said...

I can't read your post :(
(@^.^@)
Thanks always for your lovely comments on my blog :))
Have a wonderful day
Anya :)
Kareltje =^.^=

വികടശിരോമണി said...

കാഞ്ചനക്കൂട്ടിലെ ബന്ധനങ്ങൾക്കു മുന്നിൽ നമ്മളിന്നും പത്തൊമ്പതാംനൂറ്റാണ്ടിലാണല്ലേ?
നന്നായി എഴുതിയിരിക്കുന്നു,ആശംസകൾ.

ഗീത said...

Anya, So happy. I have put the synopsis of this story in your comment box.

വി.ശി., ശരിയാണ്, ചില കാര്യങ്ങളില്‍ നമ്മളിന്നും പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ.ആ നല്ല വാക്കുകള്‍ ഏറെ പ്രോത്സാഹനജനകം.

Anya said...

THANK YOU
is very sweet from you :))
I have tried to translate those curly things but I could nothing find on the internet ..... LOL
We have always had parrots before Kareltje afcourse I think he eat them hahahaha..... :(
My daughter had at the moment two parakeets

http://anya-kareltje.blogspot.com/2009/05/we-have-visitors-and-kareltje-is-little.html

When she goes on vacation they are always by us (Not in the livingroom but in the gastroom with the door closed : Kareltje is very curious ;)

Thanks for the translation you are the best (@^.^@)

കണ്ണനുണ്ണി said...

എന്താ പറയ്ക...
തത്തകളുടെ സ്വാടന്റ്ര്യത്തിനു വേണ്ടി പ്രാര്‍ഥിക്കാം ... അത്ര തന്നെ..

തണല്‍ said...

തത്തമ്മേ പൂച്ച..പൂച്ച..
(ഈ ഇന്ദുമാരൊക്കെ ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ പാവം ഭര്‍ത്താക്കന്മാരെങ്ങനെ തത്തകളെ വളര്‍ത്തുമെന്റീശ്വരാ..?)
:)

Manoraj said...

എല്ലാ പുരുഷന്മാരും ഇതു പോലെ തത്തകളെ കൂടിലിട്ടു വളര്‍ത്തുക അല്ല കേട്ടോ... അത് കൊണ്ട്, ഇരുമ്പഴി കൂടിനുള്ളിലെ അസ്വതന്ദ്രത്തില്‍ ജീവിതം തലച്ചിടെണ്ടി വരുന്ന പാവം തത്തകള്‍ എന്നാ പ്രയോഗം മാറ്റുക...വല്ലപ്പോഴും കാണുന്ന ഒന്ന് രണ്ടു പേര്‍ എല്ലാവരും അത് പോലെ ആണെന്ന് കരുതരുത്‌.. എനിക്കറിയാം ഇതു കതയന്‍...അതിനു അതിനെ രീതിയില്‍ മാത്രമേ കാണാവൂ...എന്നാലും ഞാനും ഒരു പുരുഷനാണീ... എവിടെ നമ്മുടെ നാട്ടില്‍ കുറെ അധികം റെജീണമര്‍ ഉണ്ടെന്നു വച്ച എല്ലാ സ്ത്രീ കളെയും നമല്‍ അങ്ങിനെ കാണുന്നില്ല. കേട്ടോ.. പിന്ന, കഥ നന്നായി...ക്ലൈമാക്സ്‌ സൂപ്പര്‍...നല്ല കൂടുകരവാന്‍ ശ്രമിക്കാം...ഒപ്പം എന്നെയും ശ്രദ്ധിക്കുമല്ലോ? അഭിപ്രയങ്ങളും വേണം കേട്ടോ...

ഭായി said...

ഈ തത്തകളെ തുറന്നൂ വിട്ടതുതന്നേയാണോ..
അതോ ആ 6 പൂച്ചകള്‍ക്ക് വീതം വെച്ച് കൊടുത്തതാണോ...:-)

നന്നായിട്ടുണ്ട് ടീച്ചര്‍!
അഭിനന്ദനങള്‍!

Anya said...

Greetings from அன்யா :)

:))))))

I hope its my name a friend make it for me (@^.^@)

mini//മിനി said...

ഇന്ന് കേരളപ്പിറവി ദിനത്തില്‍ രാവിലെതന്നെ കഥ വായിച്ചപ്പോള്‍ ശരിക്കും കുറേ കരഞ്ഞുപോയി. എന്താണെന്നറിയില്ല. വളരെ സന്തോഷത്തോടെ ഒരു പ്രശ്നവും ഇല്ലാതെ ജീവിക്കുന്ന എന്റെ ചുറ്റും കാണുന്ന ഇരുമ്പുകമ്പികള്‍ എനിക്കൊഴികെ മറ്റാര്‍ക്കും കാണാനാവില്ല എന്ന സമാധാനം എനിക്കുണ്ട്. അത്‌തകര്‍ത്ത് പുറത്തുവരാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അങ്ങനെ പുറത്തു വന്നാല്‍ പൂച്ച മാത്രമല്ല പുലികളും ഉണ്ട് എന്നെ പിടിക്കാന്‍.

ANITHA HARISH said...

thathakal oru bimbamaanallo... nannayirikkunnu. aashamsakal.

ramanika said...

we are also in chains!

very nice!

Gopakumar V S (ഗോപന്‍ ) said...

കൂട്ടിലടച്ച തത്തമ്മകള്‍ നമുക്ക് ചുറ്റിലും ധാരാളം ഉണ്ട്. നല്ല നിരീക്ഷണം.

VEERU said...

തത്ത സ്വപ്നം കൊള്ളാം കേട്ടോ..
തത്തയോ..??? സ്വപ്നമോ ..??
യെന്തൂട്ട് കമന്റായിഷ്ടാ യിതു ..!!!
എന്നല്ലേഞാൻ...?
പണ്ടൊരിക്കൽ ഞാൻ കണ്ട സ്വപ്നമായിതു അതോണ്ടാ.........
പെങ്ങളു ക്ഷമി..!!
ആശംസകൾ !!

ഗീത said...

ഇതിലെ തത്തയ്ക്ക് മറ്റൊരു അര്‍ത്ഥവും കല്‍പ്പിക്കാതെ വായിക്കുകയാണെങ്കില്‍ ഞാന്‍ പറയുന്നത് ശരിയല്ലേ കൂട്ടുകാരേ? തത്തമ്മയെ കാണാനൊക്കെ വലിയ ഇഷ്ടമാണ്. അതിന്റെ കിളിക്കൊഞ്ചല്‍ കേള്‍ക്കാനും ഇഷ്ടമാണ്. എന്നാലും അതിന് ഈ ഭൂമിയില്‍ കിട്ടിയ ഒരേയൊരു ജീവിതം ഇങ്ങനെ തടങ്കലില്‍ കഴിച്ചുകൂട്ടേണ്ടി വന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഇത്തിരി സങ്കടം. അതുകൊണ്ട് തത്തകളെ കൂട്ടിലിട്ടു വളര്‍ത്തുന്നത് ഇഷ്ടമല്ല ഞങ്ങള്‍ക്കാര്‍ക്കും.

ഇനിപ്പറയുന്നതില്‍ തത്ത എന്നാല്‍ ചുവന്ന ചുണ്ടും പച്ചനിറവുമുള്ള തത്തക്കിളി എന്നുമാത്രം അര്‍ത്ഥം കണ്ടാല്‍ മതി.

കണ്ണനുണ്ണി,കൂട്ടിലടച്ച തത്തകളെ ആരും കാണാതെ തുറന്നു വിട്ടോളൂ.

തണലേ, അങ്ങനിപ്പം ഭര്‍ത്താക്കന്മാര്‍ തത്തകളെ വളര്‍ത്തണ്ട. ഹും.

മനോരാജ്, കൂള്‍ ഡൌണ്‍ കൂള്‍ ഡൌണ്‍. ആ തത്തയെ കിളിയായി മാത്രം കാണുക. ആകാശത്തില്‍ സ്വതന്ത്രമായി വിഹരിക്കേണ്ട കിളിയെ പിടിച്ചു കൂട്ടിലിടുന്നത് കഷ്ടമല്ലേ മനോരാജ്? പിന്നെ എല്ലാപുരുഷന്മാരും ഭാര്യമാരെ തത്തകളെപ്പോലെ കൂട്ടിലിട്ടു പീഡിപ്പിക്കുന്നവരാണ് എന്ന് എങ്ങും പറഞ്ഞിട്ടില്ലല്ലോ. എന്നാലും സമൂഹത്തില്‍ ചിലര്‍ അങ്ങനെയുണ്ടെന്നതും ഒരു സത്യമല്ലേ? നമ്മളെല്ലാം ഇങ്ങനെ ചില കൂടുകളില്‍ തന്നെയാണ് മനോരാജ്. പക്ഷേ ആ കൂടുവിട്ട് പറന്നകലാന്‍ നമ്മളൊരിക്കലും ആഗ്രഹിക്കുന്നില്ല. സ്നേഹം കൊണ്ടൊരുക്കിയിരിക്കുന്ന കൂടിന്റെയുള്ളിലെ ചൂടും സുരക്ഷിതത്വവും നമ്മളെ അവിടെത്തന്നെ തളച്ചിടും. മനോരാജിന് പരിചയം അത്തരം കൂടുകള്‍ മാത്രമാവും. പക്ഷേ അങ്ങനെയല്ലാത്ത കൂടുകളും, വിരലിലെണ്ണാവുന്നവയെങ്കിലും, ഉണ്ടെന്നുള്ളതും ഒരു സത്യം മാത്രം.

ഭായീ, കഥ ഫസ്റ്റ്പേര്‍സനില്‍ എഴുതുന്നതു കൊണ്ട് ഞാനാണ് ഇതിലെ ഇന്ദു എന്ന് ധരിച്ചു കളയരുതേ. ഒന്നാമത് ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ കഥ. അന്ന് വാടകവീട്ടില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് പൂച്ചകളേയില്ല. :) തത്തകളെ ഇതുവരെ വളര്‍ത്തിയിട്ടില്ല, ഇനിയൊട്ടു വളര്‍ത്തുകയുമില്ല. പിന്നെ ഞാനെന്ന തത്ത വളരെ സുഖകരമായൊരു കൂട്ടിലാ കഴിയുന്നേ. സ്വാതന്ത്ര്യമേ വേണ്ട അവിടെ നിന്ന്‌. :)

Anya, That is Tamil, another Indian language. I'm not so familiar with it so couldn't make out. By the way, my language is Malayalam.

മിനീ,ശരിയാണു മിനീ,നമ്മളെല്ലാം ആ സ്നേഹക്കൂടില്‍ നിന്ന് ഒരിക്കലും പുറത്തിറങ്ങാനാഗ്രഹിക്കാത്ത തത്തകള്‍ തന്നെ. സ്വാതന്ത്ര്യവും അമിതമായാല്‍ ദോഷം തന്നെയാണ്. പ്രത്യേകിച്ച് മനുഷ്യക്കിളികള്‍ക്ക്. ഒന്നാം തീയതി തന്നെ കരയിച്ചെങ്കില്‍ മാപ്പ്.

അനിത, അങ്ങനെ ഒരു ബിംബമായും കരു‍താം. സ്വാഗതം അരുളുന്നു. ഇനിയും വരണം കേട്ടോ.

രമണിക,വളരെ സന്തോഷം ഇവിടെ വന്നതിലും വായിച്ചതിലും. അങ്ങനെ കുറെ ചങ്ങലകളും വേണമല്ലോ.

ഗോപന്‍, തീര്‍ച്ചയായും ഉണ്ട്. സ്വാഗതം ഗോപന്‍.

വീരു, മനസ്സു തുറക്കാനുള്ള ഇടമല്ലേയിത്? അതുകൊണ്ട് ‘ഇത് എന്തൂട്ട് കമന്റാണിഷ്ടാ’ എന്നൊന്നും കരുതൂല്ല. ആ സ്വപ്നത്തെപറ്റിയും തകര്‍ത്തെഴുതണം കേട്ടോ ഒരിക്കല്‍.

തൃശൂര്‍കാരന്‍ ..... said...

കൊള്ളാംട്ടോ കഥ..

Manoraj said...

ഗീത,

കൂടുകൾ ... ശരിയാണു ഒരു പക്ഷെ ഗീതയുടെ കാഴ്ചപ്പാടയിരിക്കും ശരി... പിന്നെ, തത്തയെ തത്തയായി തന്നെയാണു ഞാനും കണ്ടത്‌..പക്ഷെ, അവസാനം ഗീത പറഞ്ഞ കമന്റ്‌ ആണു എന്നെ അത്രയും പറയിപ്പിച്ചത്‌.. കൂടുകൾ രണ്ടും പരിചയമുണ്ട്‌. പക്ഷെ, ആ പ്രയോഗതോടയിരുന്നു എന്റെ വിയോജിപ്പ്‌. എന്തായാലും... പിന്നെ, എന്നെയും വായിക്കാൻ കട്ടിയ മനസ്സിനു നന്ദി... ഇനിയും സൗഹ്രുദം പ്രതീക്ഷിക്കാമല്ലോ അല്ലേ?

Anya said...

Have a nice weekend greetings
അന്യ :)

Thanks for my name !!

ശാന്ത കാവുമ്പായി said...

ആരെങ്കിലും തുറക്കുന്നതു വരെ കാത്തുനിൽക്കാതെ പൂട്ട്‌ പൊളിച്ച്‌ രക്ഷപ്പെടാൻ ശ്രമിക്ക്‌.

priyag said...

പാവം തത്തമ്മകള്‍.

ഗീത said...

തൃശ്ശുര്‍ക്കാരന്‍, നന്ദി കേട്ടോ.
മനോരാജ്, തീര്‍ച്ചയായും സൌഹൃദം പ്രതീക്ഷിക്കാം.
ശാന്ത,തത്തകള്‍ക്ക് അതിനു കഴിയുമോ?
ഉണ്ണിമോള്‍, അതേ പാവം തത്തമ്മകള്‍. ഉണ്ണിമോള്‍ക്ക് സ്വാഗതം. ഇനിയും വരണം കേട്ടോ.