Monday, December 26, 2011

നോമോഫോബിയ

ഡോ. പ്രകാശും ഭാര്യ മീരയും വല്ലാതെ ഭയന്നു. മോൾ എന്താണിങ്ങനെ? ആദ്യചാൻസിൽ തന്നെ എൻ‌ട്രൻസ് എക്സാം എന്ന കടമ്പ കടന്ന് ഇഷ്ടമുള്ള ബ്രാഞ്ച് തന്നെ എടുത്ത് ബി. ടെക്കിന് പഠിക്കുന്ന മിടുക്കിയാണ് മോൾ. ഇപ്പോൾ ഏഴാം സെമസ്റ്റർ ആയിരിക്കുന്നു. എഞ്ചിനീയറിങ്ങിനും ഇതുവരെയുള്ള പരീക്ഷകൾക്കൊക്കെ നല്ല മാർക്ക് വാങ്ങിയാണ് അവൾ പാസ്സായിരിക്കുന്നത്. ഫൈനൽ എക്സാമിന് ഡിസ്റ്റിങ്ഷൻ ഉറപ്പാകത്തക്കവണ്ണം തന്നെ.

ആ മോൾ ഈയിടെയായിട്ട് എന്തേ ഇങ്ങനെ? നാലഞ്ചാഴ്ചയായി അവൾക്ക് വല്ലാത്തൊരു മാറ്റം. എത്ര ആലോചിച്ചിട്ടും അതിന്റെ കാരണം കണ്ടെത്താനാകുന്നില്ല ഡോ.പ്രകാശിനും മീരയ്ക്കും. അവൾക്ക് എന്തെങ്കിലും അല്ലലോ അലട്ടോ ഉണ്ടാകാനുള്ള കാരണങ്ങളൊന്നും അവർ നോക്കിയിട്ട് കാണുന്നുമില്ല. പിന്നെ?

എന്താണവൾക്ക്? ഒരു ഭയാശങ്കയോ പരിഭ്രാന്തിയോ ഉള്ളതു പോലെ. അവൾ അസ്വസ്ഥയാണെന്നുള്ളതിന് യാതൊരു സംശയവുമില്ല. എന്താണ് അവളെ ഇങ്ങനെ മാനസികമായ സമ്മർദ്ദത്തിലേയ്ക്ക് തള്ളിയിട്ടത്?

മീര മകളുടെ ഈ പ്രകൃതമാറ്റം കണ്ടുതുടങ്ങിയപ്പോൾ തന്നെ അതേ പറ്റി അന്വേഷിച്ചു. എല്ലാം നിഷേധിച്ചതല്ലാതെ എന്തെങ്കിലും വിഷമമുള്ളതായി അവൾ സമ്മതിച്ചില്ല. ചുഴിഞ്ഞു ചോദിച്ചു നോക്കി. എന്നിട്ടും ഒന്നും പിടിച്ചെടുക്കാനായില്ല. എല്ലാം അമ്മയുടെ തോന്നലാണത്രേ.

മീരയ്ക്ക് അതു കേട്ടപ്പോൾ ദേഷ്യമാണ് തോന്നിയത്. പത്തൊൻപതു വർഷങ്ങളായി പോറ്റി വളർത്തുന്ന തനിക്ക് അവളിൽ വരുന്ന മാറ്റങ്ങൾ കണ്ടാൽ മനസ്സിലാകാത്തതാണോ? തോന്നലാണു പോലും ! ശാരീരികമായ എന്തെങ്കിലും അസ്വസ്ഥതകളാണോ? അതാണെങ്കിൽ ഡോക്ടറായ അച്ഛനോട് തന്നെ പറഞ്ഞ് പരിഹാരം കാണാമല്ലോ. ഇനി ചെറുപ്പക്കാരിയായ മകൾക്ക് അച്ഛനോട് നേരിട്ട് പറയാൻ വയ്യാത്തതെങ്കിലുമാണെങ്കിൽ അമ്മയോടത് പറയണം. പക്ഷേ അവൾ ഒരുവിധമായ ആവലാതികളോ വിഷമതകളോ ഒന്നും തന്നെ ഇരുവരോടും പറഞ്ഞില്ല. പോരെങ്കിൽ ഇപ്പോൾ അവളുടെ അസ്വസ്ഥതയുടെ കാര്യമന്വേഷിച്ച് എന്തെങ്കിലും മിണ്ടിപ്പോയാൽ അവൾ ദേഷ്യപ്പെടാനും തുടങ്ങിയിരിക്കുന്നു.

കീർത്തിയുടെ അടുത്ത കൂട്ടുകാരാണ് ശ്രീനന്ദനയും രോഷ്നിയും രഹനയും. അവരോരോരുത്തരോടായി മീര ഫോണിൽ വിളിച്ചു ചോദിച്ചു. അവർക്കും കീർത്തിയിൽ വന്ന ഭാവമാറ്റത്തെ പറ്റി അറിവുണ്ടായിരുന്നെങ്കിലും അതിന്റെ കാരണത്തെ പറ്റി ഒന്നും അറിയില്ലായിരുന്നു. അവസാനം ശ്രീനന്ദന മീരയോടൊരു ചോദ്യം ചോദിച്ചു
‘ആന്റീ, കീർത്തിക്ക് ഇഷ്ടമില്ലാത്ത വല്ല പ്രൊപ്പോസലുകൾക്കും ആന്റി നിർബന്ധിച്ചോ? ’
‘ഹേയ്, അങ്ങനെ യാതൊന്നുമില്ല’

അവളുടെ അച്ഛന്റെ അഭിപ്രായമനുസരിച്ച് 24 വയസ്സൊക്കെ ആയശേഷം മതിയത്രേ കല്യാണം. ആ പ്രായത്തിലൊക്കെയേ കുടുംബജീവിതത്തിനു വേണ്ട മാനസീക പക്വത വരുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തനിക്കതിൽ പ്രതിഷേധമുണ്ടെങ്കിലും അച്ഛനും മോളും ഒരേ അഭിപ്രായത്തിൽ പിടിച്ചു നിൽക്കുന്നതു കൊണ്ട് ഇതുവരെ വിവാഹമെന്ന ആശയമേ എടുത്തിട്ടിട്ടില്ല.

ശ്രീനന്ദനയുടെ ആ ചോദ്യത്തെ കുറിച്ച് ആലോചിച്ചപ്പോൾ പെട്ടെന്നാണ് മീരയുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നിയത്.

‘മോളേ ശ്രീ, നീയെന്തേ അങ്ങനെ ചോദിച്ചത്? അവൾക്കിനി വല്ല അഫയറും?’

‘ഹേയ്, ഹേയ് അതൊന്നുമില്ല ആന്റീ. ഞാൻ രഹനയുടെ കാര്യം വച്ച് ചോദിച്ചതാ. രഹനയുടെ വീട്ടിൽ പ്രൊപ്പോസലുകളുടെ ഒരു ബഹളമാ. ലാസ്റ്റ് എക്സാമും കൂടി കഴിഞ്ഞേ കല്യാണത്തെ കുറിച്ച് ചിന്തിക്കൂ എന്ന് എത്ര തവണ പറഞ്ഞാലും അവളുടെ വീട്ടുകാർ വരുന്ന ഒരാലോചനപോലും വിടാതെ അവളെ ചെറുക്കൻ വീട്ടുകാരുടെ മുന്നിൽ ചമയിച്ചു നിർത്തും. അതവൾക്ക് തീരെ ഇഷ്ടമല്ല. അങ്ങനെ ഒരു സംഭവം നടന്നുകഴിഞ്ഞാൽ പിന്നെ കുറേ ദിവസത്തേക്ക് കക്ഷിക്ക് വലിയ മൂഡ് ഔട്ടാ. ഇനി അതുപോലെ വല്ല സംഭവവുമാണോന്ന് അന്വേഷിച്ചെന്നേയുള്ളൂ. കീർത്തിക്ക് അങ്ങനെയൊരു അഫയർ ഉണ്ടെങ്കിൽ അതു ഞങ്ങളല്ലേ ആന്റീ ആദ്യമറിയുക? ’

മീരയ്ക്ക് സമാധാനമായി. പക്ഷേ അടുത്തനിമിഷം തന്നെ ആ സമാധാനം നഷ്ടപ്പെടുകയും ചെയ്തു. കാരണം, വീണ്ടും ഇരുട്ടിൽ തപ്പേണ്ടി വന്നിരിക്കയാണല്ലോ.

മകളുടെ വിഷമദിനങ്ങൾ മീരയ്ക്ക് കൃത്യമായി അറിയാം. ആ സമയമടുത്തപ്പോൾ മീര മകളെ അവളറിയാതെ സസൂക്ഷമം നിരീക്ഷിച്ചു. പ്രീമെൻ‌സ്ട്രുവൽ ഡിപ്രഷൻ വല്ലതുമാണോ? എങ്കിൽ തന്നെ അത് രണ്ടാഴ്ച മുമ്പൊക്കെ വരുമോ? ഭർത്താവിനോട് തന്നെ ചോദിച്ച് സംശയ നിവൃത്തി വരുത്തി. വളരെ അപൂർവ്വമായി അങ്ങനെ വരാമത്രേ.

ആ ദിനങ്ങൾ എന്നത്തേയും പോലെ പ്രശ്നരഹിതമായി കടന്നു പോയി. പക്ഷേ അതു കഴിഞ്ഞിട്ടും മകൾക്ക് വന്ന മാറ്റത്തിന് പ്രത്യേകിച്ചൊരു കുറവും കണ്ടില്ല. ശാരീരികമായി മകൾ ആരോഗ്യവതിയാണെന്ന് ഡോക്ടറായ അച്ഛന്റെ കണ്ണുകൾക്ക് ബോദ്ധ്യപ്പെട്ടിരുന്നു. അപ്പോൾ പിന്നെ?

*** *** ***

കോളേജ് വിട്ടു വന്നപ്പോൾ വീട്ടിൽ വന്നിരിക്കുന്ന അതിഥികളെ കണ്ട് കീർത്തിക്ക് വല്ലാത്ത സന്തോഷം തോന്നി. സുധാകരൻ അങ്കിളും ഭവാനി ആന്റിയും. അച്ഛന്റെ അടുത്ത കൂട്ടുകാരനാണ് കാർഡിയോളജിസ്റ്റായ ഡോ. സുധാകരൻ. ഭവാനി ആന്റി കീർത്തിക്ക് കൂട്ടുകാരിയും.

കീർത്തി നിറഞ്ഞ ചിരിയോടെ ആന്റിയെ കെട്ടിപ്പിടിച്ചു.
‘ ഹായ് ഇതാര് എന്റെ ഭവാനിക്കുട്ടിയോ? എപ്പോ ലാന്റ് ചെയ്തു? ഹേയ് ക്രൂവൽ ഹാർട്ട്ബ്രേക്കർ, ഹൌ മെനി ഹാർട്സ് യു ബ്രോക്ക് ലാസ്റ്റ് മന്ത്? ആന്റീ അപ്പടി മുഷിഞ്ഞിരിക്കയാ. ഞാൻ പോയി പെട്ടെന്ന് മേൽകഴുകി വരാമേ. അമ്മേ ചായ എടുത്തു വയ്ക്കണേ.’

കീർത്തിയുടെ ഉത്സാഹവും സംസാരവും കേട്ട് എല്ലാവരും ചിരിച്ചു. ഹാർട്ട് സർജറി നടത്തുന്നതിനാൽ തന്നെ ഹാർട്ട് ബ്രേക്കർ എന്ന് അവൾ വിളിക്കുന്നത് നന്നേ ആസ്വദിക്കാറുണ്ട് ഡോ. സുധാകരൻ.

പക്ഷേ മീര മാത്രം അന്തിച്ചു. അപ്പോൾ ഇന്നലെ വരെ, അല്ല ഇന്നു രാവിലെ കോളേജിൽ പോകുന്നതു വരെയുള്ള അവളുടെ രീതി?

ഇനി അവൾ പറയുമ്പോലെ തന്റെ തോന്നൽ തന്നെയാണോ? ഭവാനിയെ വിളിച്ചു വരുത്തിയത് വെറുതേയായോ? ശ്ശെ, എന്നാൽ പ്രകാശേട്ടനും തനിക്ക് തോന്നിയതു പോലെ തന്നെ തോന്നിയതോ?


മീരയുടെ മനസ്സ് വായിച്ചതുപോലെ ഭവാനി പറഞ്ഞു

‘ഏയ് പേടിക്കാനുള്ളതൊന്നുമില്ലെന്നേ’

‘അപ്പോൾ എന്തോ ഉള്ളതായി ഭവാനിക്കും തോന്നി അല്ലേ?’
‘എന്തായാലും നമുക്ക് കണ്ടുപിടിക്കാം. എന്തിനും പോംവഴിയുമുണ്ട് ഇക്കാലത്ത്.’
‘ഞാൻ ചായ ഉണ്ടാക്കി കൊണ്ടു വരാം.’

മീര അടുക്കളയിലേക്ക് പോയി.

സുധാകരനും ഭവാനിയും പത്തൻപതു കിലോമീറ്റർ അകലെയുള്ളൊരു സിറ്റിയിലാണ് താമസം. അവിടത്തെ പ്രശസ്തമായൊരു ഹോസ്പിറ്റലിൽ ഡോ. സുധാകരൻ വർക്ക് ചെയ്യുന്നു. ഭവാനി വിദഗ്ദ്ധയായ ഒരു സൈക്കോളജിസ്റ്റാണ്. സ്വന്തമായൊരു ക്ലിനിക്കിട്ട് കൺസൽട്ടിങ്ങ് നടത്തുന്നു. മനസ്സ് വായിക്കുന്നതിൽ മിടുക്കിയാണവർ. ആ കഴിവു കൊണ്ടു തന്നെ ഓരോ പ്രായത്തിലുമുള്ളവരോട് ഇടപെടുമ്പോൾ അവരുടെ പ്രായക്കാരിയാവും അവർ. കീർത്തിയോട് സംസാരിക്കുമ്പോൾ ഭവാനി ഒരു റ്റീനേജർ ആകും. ആ രീതിയാണ് കീർത്തിയെ ഭവാനിയോട് വളരെയധികം അടുപ്പിച്ചത്. അമ്മയോടുള്ളതിനേക്കാളും സ്വാതന്ത്ര്യം അവൾ ഭവാനി ആന്റിയോട് കാണിക്കാറുണ്ട്. എന്തും മനസ്സു തുറന്നു പറഞ്ഞും തല്ലുകൂടിയും ഇക്കിളിയിട്ടുമൊക്കെ അവർ കൂട്ടുകാരാവും.

സുധാകരൻ ഭവാനി ദമ്പതിമാരുടെ ഏകമകൻ സ്റ്റേറ്റ്സിൽ ഉപരി പഠനത്തിനു പോയിരിക്കയാണ്. വളരെ തിരക്കാർന്നൊരു ജീവിതമാണ് അവരുടേത്. രണ്ടുമൂന്നു മാസം കൂടുമ്പോൾ മടുപ്പിക്കുന്ന ആ തിരക്കിൽ നിന്നൊക്കെ ഒന്നകന്ന് കഴിയാൻ അവർ കൊതിക്കും. അപ്പോഴൊക്കെ മൂന്നുനാലു ദിവസത്തേക്ക് ഒരു യാത്ര പോവുകയാണ് അവരുടെ പതിവ്. ഈ പട്ടണത്തിൽ വന്നാൽ അവർ ഡോ. പ്രകാശിന്റെ വീട്ടിലാണ് തങ്ങുക. ഠൌണിൽ കറങ്ങുക, തൊട്ടടുത്തുള്ള ഏതെങ്കിലും വിനോദകേന്ദ്രങ്ങളിലേക്ക് പോവുക ഇതൊക്കെയാവും അവരുടെ പരിപാടികൾ. അവധി ദിനങ്ങളാണെങ്കിൽ കീർത്തിയും അവരോടൊപ്പം കൂടും. ചിലപ്പോൾ ഇരു കുടുംബങ്ങളും ചേർന്ന് പോകും.

ഇതും അത്തരമൊരു സന്ദർശനമെന്നേ കീർത്തി കരുതിയുള്ളൂ. പക്ഷേ ഇത്തവണ പ്രകാശും മീരയും അവരെ വിളിച്ചു വരുത്തിയതാണ്.

*** *** ***

പിറ്റേന്ന് ശനിയാഴ്ച. പതിവുപോലെ കീർത്തിയും അവരോടൊപ്പം കൂടി ഠൌണിൽ കറങ്ങാൻ. കീർത്തിയുടേയും ഭവാനിയുടേയും ഇഷ്ടസങ്കേതമായ ഷോപ്പിങ് മാളിൽ അവരെ ഡ്രോപ് ചെയ്തിട്ട് ഡോ. സുധാകരൻ മറ്റൊരു സുഹൃത്തിനെ കാണാൻ പോയി.

ഒരു പകൽ മുഴുവൻ ഭവാനി ആന്റിയെ തന്നോടൊപ്പം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു കീർത്തി. മാളിലെ സർവ്വഷോപ്പുകളിലും കയറിയിറങ്ങി, വേണ്ടതും വേണ്ടാത്തതുമൊക്കെ വാങ്ങിച്ചു കൂട്ടി. അക്കാര്യത്തിൽ ഭവാനി ആന്റിയും കീർത്തിയ്ക്കൊപ്പം തന്നെ. ഐസ്ക്രീം പാർലറിൽ കയറി പുതിയ തരം ഫലൂഡ ആസ്വദിച്ചു. ലഞ്ചിന് ഏറ്റവും മുന്തിയ ഹോട്ടലിൽ തന്നെ കയറി. വെയിൽ മങ്ങിയപ്പോൾ പാർക്കിലും ബീച്ചിലും കറങ്ങി. സന്ധ്യാംബരത്തിൽ മെല്ലെ കാളിമ പടരാൻ തുടങ്ങിയപ്പോഴാണ് വീട്ടിലേക്ക് മടങ്ങിയത്. അമ്മയുടെ കൂടെയാണെങ്കിൽ ഒരു ഒഴിവുദിനം ഇത്രയും ആസ്വദിക്കാൻ പറ്റില്ലെന്നാണ് കീർത്തിയുടെ പക്ഷം. ഇടയ്ക്കിടയ്ക്ക് അമ്മയുടെ വക ശാസനകളും ശകാരങ്ങളും വരും.

അടുത്ത ദിവസം ഞായറാഴ്ച. ഇരുകുടുംബങ്ങളും ചേർന്ന് പത്തിരുപത് കിലോമീറ്റർ അകലെയുള്ളൊരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്കായിരുന്നു അന്നത്തെ യാത്ര. മലമടക്കുകളും വെള്ളച്ചാട്ടങ്ങളുമായി പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്നൊരു കാനനപ്രാന്തം.

അധികസമയവും ഭവാനിയും കീർത്തിയും മറ്റുള്ളവരിൽ നിന്ന് ഒട്ടകന്ന് ആണ് നടന്നിരുന്നത്, അവരുടേതായ ഒരു ലോകത്ത് സല്ലപിച്ചുകൊണ്ട്.

*** *** ***

തിങ്കളാഴ്ച രാവിലെ കോളേജിലേക്ക് ഇറങ്ങിയ കീർത്തി ഉത്സാഹവതിയായിരുന്നു. ഭവാനിയാന്റിയും സുധാകരൻ അങ്കിളും ഇന്നു മടങ്ങിപ്പോകും എന്നൊരു വിഷമം അവൾക്കുണ്ടായിരുന്നെങ്കിലും.

‘ദേ അടുത്ത സെക്കന്റ് സാറ്റർഡേ രാവിലെ ഇങ്ങെത്തിയേക്കണം. ഇല്ലെങ്കിൽ രണ്ടിനേം ഞാൻ വച്ചേക്കത്തില്ല, ങ്ഹാ ’

കീർത്തി പടിയിറങ്ങിക്കൊണ്ട് പറഞ്ഞു.

‘ഹോ ഇവൾക്ക് ഒരു ബഹുമാനവുമില്ലല്ലോ’

മീര പരിതപിച്ചു.


കീർത്തി ഭവാനിയാന്റിയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തിട്ട് കൈവീശിക്കാണിച്ച് റോഡിലേയ്ക്കിറങ്ങി.


കീർത്തി പോയിക്കഴിഞ്ഞ് എല്ലാവരും ഒത്തുകൂടി.

‘എന്താണവളുടെ പ്രശ്നം?‘ ഡോ. പ്രകാശ് ഭവാനിയോടായി ചോദിച്ചു.

ഭവാനി ചിരിച്ചു.


‘നോമോഫോബിയ’


‘നോമോഫോബിയയോ? അതെന്താണ്?’


ഡോ. പ്രകാശ് അന്തം വിട്ടു. താൻ ഇതുവരെ കേട്ടിട്ടില്ലാത്തൊരു ഫോബിയയോ?

‘നോമോഫോബിയ മീൻസ് നോ മൊബൈൽ ഫോബിയ’ ഭവാനി വീണ്ടും ചിരിച്ചു.

പ്രകാശും സുധാകരനും അതുകേട്ട് കൂടെ ചിരിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായി. മീരയാണെങ്കിൽ ആകെ ടെൻഷനിലും.

കീർത്തിയുടെ മൊബൈൽ ഫോൺ രണ്ടുമാസം മുൻപ് നഷ്ടപ്പെട്ടിരുന്നു. പുതിയതൊന്നു വാങ്ങാതിരുന്നത്, പ്രകാശിന്റെ ജ്യേഷ്ഠന്റെ മകൻ കിരൺ അടുത്തമാസം സ്റ്റേറ്റ്സിൽ നിന്നു വരുമ്പോൾ അവൾക്കായി ബ്ലാക്ക്ബെറിയുടെ ലേറ്റസ്റ്റ് മോഡൽ മൊബൈൽ ഒന്നു കൊണ്ടുവരുന്നുണ്ട് എന്നു കേട്ടതുകൊണ്ടാണ്. പിന്നെ ഒന്നു രണ്ടു മാസം മൊബൈൽ ഇല്ലെന്നു വച്ച് വിശേഷിച്ചൊന്നും സംഭവിക്കാനില്ലല്ലോ.

എല്ലാവരും ഭവാനിയുടെ മുഖത്തേക്ക് ഉറ്റുനോക്കിയിരുന്നു. ഭവാനി ചിരി കളഞ്ഞു പറഞ്ഞു തുടങ്ങി.

‘ വേർപെടുത്താനാവാത്ത ഒരു ശരീരാവയവം പോലെ മൊബൈൽ ഫോണുകളെ കൊണ്ടുനടക്കുന്നവർക്ക് അതു നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ഒരവസ്ഥയാണത്. ആധുനിക കാലത്തിന്റെ സംഭാവന. മൊബൈൽ ഫോൺ യൂസേർസിൽ ഒരു അൻപതു ശതമാനം പേരെങ്കിലും ഒരവസരത്തിൽ അല്ലെങ്കിൽ മറ്റൊരവസരത്തിൽ ഈ ഫോബിയക്ക് ഇരയാകാറുണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അനാവശ്യമായ ഭയാശങ്ക, പരിഭ്രാന്തി, മാനസികമായ സമ്മർദ്ദം - ഇതൊക്കെയാണ് ഈ ആധുനിക രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതൊക്കെ തന്നെയല്ലേ കീർത്തിക്കും ഉള്ളതായി പ്രകാശേട്ടനു തോന്നിയത് ’

ഭവാനി തുടർന്നു

‘ മിനഞ്ഞാന്ന്‌ ഞാൻ കീർത്തിയോട് കോളേജിലെ ഒരു കാര്യം അന്വേഷിച്ചിട്ട് തിങ്കളാഴ്ച ഉച്ചക്ക് എന്നെ വിളിച്ച് പറയണമെന്നു പറഞ്ഞു. അതുകേട്ടതും അവളുടെ മുഖം മങ്ങി. അതുവരെയുണ്ടായിരുന്ന പ്രസരിപ്പെല്ലാം പോയി. “ ആന്റിയെ ഉച്ചക്ക് വിളിച്ചുപറയാൻ ഇപ്പോൾ എന്റെ കയ്യിൽ മൊബൈൽ ഇല്ല ആന്റീ ” കടുത്ത ദു:ഖത്തോടെയാണവൾ ഇത്രയും പറഞ്ഞത്. മൊബൈൽ നഷ്ടപ്പെട്ടതെങ്ങനെയെന്ന് അവൾക്ക് ഒരു രൂപവുമില്ല. അവൾ തന്നെ അത് വല്ലയിടത്തും മറന്നു വച്ചതാണോ അതോ ആരെങ്കിലും കട്ടെടുത്തതാണോ എന്ന് അവൾക്ക് നിശ്ചയമില്ല. അതിൽ അവൾ വിലപ്പെട്ടതെന്നു കരുതുന്ന വല്ല രേഖകളോ മെസ്സേജുകളോ മറ്റോ സ്റ്റോറു ചെയ്തിരുന്നോ എന്ന് ചോദിച്ചപ്പോൾ കൂട്ടുകാരുടെ നമ്പറുകൾ തന്നെ വിലപ്പെട്ട രേഖകൾ എന്ന് ഉത്തരം. ബോറുക്ലാസ്സുകളിൽ ഇരിക്കുമ്പോൾ ഗെയിം കളിക്കുക, സൈലന്റ് മോഡിൽ ഇട്ടിട്ട് ക്ലാസ്സിലെ തന്നെ കൂട്ടുകാർക്ക് മെസ്സേജുകൾ അയച്ചു രസിക്കുക ഇതൊക്കെയായിരുന്നത്രേ കലാപരിപാടികൾ. അതൊക്കെ പൊടുന്നനേ നിലച്ചപ്പോൾ ഉള്ള ഒരു മാനസീക പ്രയാസം. പേടിക്കണ്ട, ഞാനവൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. കിരൺ ബ്ലാക്ക്ബെറി കൊണ്ട് വരുന്ന കാര്യം കീർത്തിപറഞ്ഞു. അത് കാര്യങ്ങൾ ഒന്നുകൂടി എളുപ്പമാക്കിത്തീർത്തു എനിക്ക്. നഷ്ടപ്പെട്ടതിനെ ഓർത്ത് വിഷമിക്കണ്ട, കൂട്ടുകാരുടെ മുന്നിൽ പുതിയ ബ്ലാക്ക്ബെറി കാണിച്ച് ഗമയടിക്കാനൊരവസരമല്ലേ കൈവന്നിരിക്കുന്നത്, പഴയത് കളഞ്ഞില്ലായിരുന്നെങ്കിൽ അതു നടക്കുമായിരുന്നോ, എന്നൊക്കെ ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിലെ തിളക്കം തിരികെ വന്നു. നമ്മൾ എത്ര തന്നെ ശ്രദ്ധിച്ചാലും ചിലപ്പോൾ നഷ്ടങ്ങൾ വന്നുപോയെന്നിരിക്കും. നഷ്ടങ്ങൾ വലുതോ ചെറുതോ ആവട്ടേ, നമുക്കത് ദു:ഖമുണ്ടാക്കും തീർച്ച. പക്ഷേ ആ ദു:ഖത്തിനങ്ങ് അടിമപ്പെട്ടുപോകരുത്. എത്ര വലിയ നഷ്ടങ്ങളായാലും അതിലൊക്കെ ഒരു പോസിറ്റീവ് ആസ്പെക്റ്റ് കണ്ടുപിടിക്കാൻ നമ്മൾ ശീലിക്കണം. നമ്മുടെ കുട്ടികളെ അതിനു പരിശീലിപ്പിക്കണം. ‘

‘മൊബൈൽ കൊണ്ടു കളഞ്ഞപ്പോൾ ഞാനവളെ കുറേ വഴക്കു പറഞ്ഞിരുന്നു. പക്ഷേ അതു കളഞ്ഞതിനെ പ്രതി അവളിങ്ങനെയൊക്കെ വിഷമിക്കുന്നുണ്ടെന്ന് എന്തെങ്കിലും ഒരു വാക്ക് മിണ്ടണ്ടേ? ’ മീര പറഞ്ഞു.

‘അതെങ്ങനെ അവൾ പറയും? അവൾ തന്നറിയാതെ പ്രകടിപ്പിച്ചു പോകുന്നതല്ലേ ഈ മാറ്റങ്ങൾ? അതേ കുറിച്ച് അവൾ ബോധവതിയല്ലല്ലോ. സാരമില്ല, അവളിനി നോർമ്മലായിക്കൊള്ളും. അല്ല നോർമ്മലായി കഴിഞ്ഞു. അടുത്ത സെക്കന്റ് സാറ്റർഡേക്കിനി രണ്ടാഴ്ചയേ ഉള്ളൂ‍. അന്ന് ഞങ്ങൾ വരും. ’ ഭവാനി വീണ്ടും ചിരിച്ചു.

പ്രകാശിന്റേയും മീരയുടേയും മനസ്സ് തണുത്തു. ആധുനിക ഉപകരണങ്ങൾ വരുത്തി വയ്ക്കുന്ന ഓരോരോ വിനകളേ ! തങ്ങളുടെ കാലത്ത് ഇതുവല്ലതുമുണ്ടായിരുന്നോ?

യാത്ര പറഞ്ഞിറങ്ങാൻ നേരം ഭവാനി മീരയുടെ ചെവിയിൽ പറഞ്ഞു.

‘ അതേയ്, അടുത്ത ജൂണിൽ എന്റെ മോൻ വരുന്നുണ്ട്. അന്ന് ഞാൻ കീർത്തിയെ എന്റെ വീട്ടിലേക്കങ്ങ് കൊണ്ടുപോകും. തടസ്സമൊന്നും പറഞ്ഞേക്കല്ല്‌ രണ്ടുപേരും’

മീരയെ നോക്കി കണ്ണിറുക്കി കാട്ടി ഭവാനി കാറിൽ കയറി.

സന്തോഷത്തിന്റെ ഒരു നറുനുര ഉള്ളിൽ പതഞ്ഞുയരുന്നത് മീര അറിഞ്ഞു. 24 വയസ്സ് എന്ന വ്യവസ്ഥയിൽ കടിച്ചുതൂങ്ങി കിടക്കില്ല അച്ഛനും മോളും ഈ കേസിൽ എന്ന് മീരയ്ക്ക് നല്ല ഉറപ്പുണ്ടായിരുന്നു.
-------------------------------------------------------------------------

കെ.സി.ഗീത.

39 comments:

ഗീത said...

നോമോഫോബിയ - നോ മൊബൈൽ ഫോബിയ.

Muralee Mukundan , ബിലാത്തിപട്ടണം said...

നോമോഫോബിയ അഥവാ നോ മൊബൈൽ ഫോബിയ എന്ന പുത്തൻ അറിവിനെ പരിചയപ്പെടുത്തുക മാത്രമല്ല...
തുടക്കം മുതൽ ഒടുക്കം വരെ ത്രെഡ് പൊട്ടാതെ ഈ കഥ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു...!
ഒപ്പം ഒരു സൂപ്പർ ക്ലൈമാക്സും..!

അഭിനന്ദനങ്ങൾ കേട്ടൊ ടീച്ചർ.

ഞാന്‍ പുണ്യവാളന്‍ said...

മികച്ച കഥാ അവതരണം സൂപ്പര്‍ ...

നോമോഫോബിയ പുതിയ വാക്കും പുതിയ അറിവുകളും തന്നെ. ഈ രോഗം എനിക്കും പിടിപ്പെടെണ്ടതായിരുന്നു എന്റെ ഹൃദയത്തോടെ ചേര്‍ത്ത് ഞാന്‍ കാത്തു സുക്ഷിച്ചു കൊണ്ട് നടന്ന എന്റെ മൊബൈല്‍ മൂന്ന് മാസം മുന്നേ ഇതു പോലെ കളഞ്ഞു പോയി എന്റെ കൈയില്‍ നിന്നല്ല അങ്ങനെ വരില്ലായിരുന്നു ഒരു ചേറിയെ പ്രോബ്ലം സര്‍വീസ് ചെയ്യാന്‍ ഷോപ്പില്‍ കൊടുത്തതാണ് അവന്‍ ഷോപ്പ് ഓപ്പണ്‍ ആക്കി ഇട്ടേച്ചു അവിടെയോ പോയതില്‍ ആരോ കേറി കുറെ മൊബൈല്‍ അടിച്ചു മാറ്റി കൂടെ പോയത് എന്റെ സഞ്ചരിക്കുന്ന തലച്ചോര്‍ ആയിരുന്നു അത്ര വിലപ്പെട്ട പലതും പോയി രൂപ ഇരുപതിനായിരം കൊടുത്തു വാങ്ങിയത് ഓര്‍ക്കുമ്പോ സങ്കടം സഹിക്കവയ്യ അത്ര പ്രിയപ്പെട്ടത് മായിരുന്നു ഇപ്പോ ഒരു തുക്കട മൊബൈല്‍ യുസ് ചെയ്യുന്നു അല്ലെ എനിക്ക് ഈതോകെ പിടിച്ചു ഷോക്ക്‌ അടിപ്പികേണ്ടി വന്നെനെ !!
പുതുവല്‍സര ആശംസകള്‍ @ പുണ്യാളന്‍

ഒരു യാത്രികന്‍ said...

പുതുമയുള്ള വിഷയം. നന്നായിത്തന്നെ കഥ പറഞ്ഞു,,,,,,സസ്നേഹം

സേതുലക്ഷ്മി said...

കാലിക പ്രസക്തിയുള്ള ഒരു വിഷയം കഥയുടെ ചട്ടക്കൂടില്‍ രസച്ചരടു പൊട്ടാതെ പറഞ്ഞു. അഭിനന്ദനങ്ങള്‍.

മനോജ് കെ.ഭാസ്കര്‍ said...

മനശാസ്ത്ര സംബന്ധിയായ ഒരു കഥ നല്ല രീതിയില്‍ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍..

റോസാപ്പൂക്കള്‍ said...

"നോമോഫോബിയ" രസകരമായി പറഞ്ഞു. ആദ്യം മുതല്‍ അവസാനം വരെ കുട്ടിയുടെ പ്രശ്നം എന്താണെന്നറിയാനുള്ള ആകാംഷ കളയാതെ പിടിച്ചിരുത്താനായി

ബെഞ്ചാലി said...

congrats

Anonymous said...

Nalla story.Congrats.
Oru abhiprayam paranjukollattea. Meera, Srinanda ee perukal mikka sthree ezhuthukarudeayum kadhapathrangaludea perukal anu.Oru mattathinu sramikkumo. Ethrayo vere perukalum undu.

Cv Thankappan said...

അടുക്കും,ചിട്ടയോടുകൂടിയ ഭംഗിയായ
അവതരണം.വര്‍ത്തമാനകാല
പ്രസക്തിയുള്ള വിഷയം.നമ്മള്‍തന്നെ
മൊബൈല്‍ ഫോണ്‍ കയ്യില്‍ കരുതാന്‍
മറന്ന് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന
മാനസ്സിക വിക്ഷോഭം ഊഹിക്കാമല്ലോ!
മനസ്സിന്റെ ചാഞ്ചല്യസ്വഭാവത്തെ
അപഗ്രഥിച്ച് രൂപപ്പെടുത്തിയ രചന
മനോഹരമായി.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

khaadu.. said...

കൊള്ളാം... നന്നായി...പുതിയ കാര്യം കഥ രൂപത്തില്‍ പറഞ്ഞു..നന്നായി അവസാനിപ്പിച്ചു...

ആശംസകള്‍..

പട്ടേപ്പാടം റാംജി said...

വായിച്ചു തുടങ്ങുമ്പോള്‍ മനസ്സില്‍ തോന്നുന്ന, എന്താണ് കാരണം എന്നത് ഓരോ വരിയിലും ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് കയറിപ്പോകുന്ന എഴുത്ത്‌ മനോഹരമാക്കി. ഒരിക്കലും ചിന്തിക്കാത്ത പുതിയ മാനസിക പ്രശ്നങ്ങള്‍ തുറന്നു കാണിച്ച് മുന്നേറിയ കഥ ഇഷ്ടായി.

പുതുവത്സരാശംസകള്‍.

Unknown said...

രസിച്ചു രസിച്ചു

ശ്രീനാഥന്‍ said...

നന്നായി കഥ. ഇഷ്ടപ്പെട്ടു. മൊബൈൽ ഫോൺ ഒരവയവം തന്നെയായി കഴിഞ്ഞിരിക്കുന്നു. ഒരു ദിവസം മറന്നാൽ പോലും വലിയ അലോസരമാകുന്നു മനസ്സിന്.

ramanika said...

very nice this നോമോഫോബിയ !

happy new year !

Anil cheleri kumaran said...

aa peru kollaam.. :)

sreee said...

ഹൊ! മൊബൈല്‍ ഇല്ലാത്ത അവസ്ഥ .പേര് കൊള്ളാം, കഥയും ...

Typist | എഴുത്തുകാരി said...

അങ്ങനേയും ഒരു ഫോബിയ!

SHANAVAS said...

നല്ല അവതരണം..ഇഷ്ടപ്പെട്ടു. ആശംസകള്‍..

പൊട്ടന്‍ said...

വ്യത്യസ്തമായ വിഷയത്തിന്
സസ്പെന്‍സ് നിലനിര്‍ത്തിയത്
നിലവാരം കാത്തു സൂക്ഷിച്ചതിന്
ഒഴുക്കോടെ പറഞ്ഞതിന്
അഭിനന്ദനങ്ങള്‍

Manoraj said...

കഥയുടെ പേരില്‍ തുടങ്ങിയ ക്യൂരിയോസിറ്റി കഥയുടെ മുക്കാല്‍ ഭാഗത്തോളം നിലനിര്‍ത്തുവാന്‍ കഴിഞ്ഞത് ഗംഭീരമായിട്ടുണ്ട്. പിന്നീടുള്ള കഥ , കഥയുടെ തലത്തില്‍ നിന്നും ഇന്‍ഫൊര്‍മേഷനിലേക്ക് പോയെങ്കില്‍ പോലും കഥയിലെ നന്മ, അതിലൂടെ പറയാനുദ്ദേശിച്ച കാര്യം, അത് വിജയിപ്പിച്ച രീതി എല്ലാം പ്രശംസാര്‍ഹം തന്നെ. കഥയുടെ ക്ലൈമാക്സില്‍ അല്പം കൂടെ മനോഹരമായ എന്തെങ്കിലും കരുതിവെച്ചിരുന്നെങ്കില്‍ ആദ്യാവസാനം കഥ കിടിലന്‍ എന്ന് തറപ്പിച്ച് പറഞ്ഞേനേ...

Anya said...

We all wish you a Happy New Year
hugs and love
from your Dutch friends

Kareltje =^.^= Betsie >^.^<

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചേച്ചീ.......... പൂച്ചയൊന്നുമല്ല പുപ്പുലിയാണേ.......
ഡാം തകർത്തതിന്റെ പിന്നാലെ നോമോ........

സൂപ്പർ .................

നല്ല അവതരണം
നല്ല വിഷയം
ഉഗ്രൻ ഉഗ്രൻ.......

Pradeep Kumar said...

നോമോഫോബിയ - ഭാഷക്ക് ഒരു പുതിയ പദം...

ആദ്യമായാണ് ഈ കഥാകാരിയെ വായിക്കുന്നത്...
ഭംഗിയായി, അടുക്കും ചിട്ടയോടെ അവതരിപ്പിച്ചിരിക്കുന്ന അവതരിപ്പിച്ചിരിക്കുന്ന ഈ കഥ നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു...

majeed alloor said...

മൊബൈൽ ഇല്ലാത്ത വിഷമം കുറച്ചൊന്നുമല്ല അല്ലേ..?

വേണുഗോപാല്‍ said...

ഈ ബ്ലോഗ്ഗില്‍ ആദ്യമാണ് ...
കഥ ഏറെ ഇഷ്ടപ്പെട്ടു ...
ഇത് കേവലം ഒരു കെട്ടി ചമച്ച കഥയല്ല . ഇന്നത്തെ തലമുറയുടെ മനോ വ്യാപാരങ്ങള്‍
വായിച്ചറിഞ്ഞ എഴുത്താണ് . ഇത്തരം ചില മാനസിക സംഘര്‍ഷങ്ങള്‍ പലയിടത്തും
(എന്റെ മകനിലടക്കം) നേരിട്ട് വീക്ഷിക്കാന്‍ ഇടയായിട്ടുണ്ട് .
കഥാവസാനം വരെ സസ്പന്‍സ് നിലനിര്‍ത്തിയ ആഖ്യാന ശൈലി നന്നായി.
ഇനിയും വരാം ...
ആശംസകള്‍

Abi said...

ഈ ബ്ലോഗ്ഗില്‍ ആദ്യമാണ് ...

നന്നായിട്ടുണ്ട്
ആശംസകൾ

ഫൈസല്‍ ബാബു said...

കഥയുടെ സസ്പെന്‍സ് നിലനിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നു....
--------------------------
ആനുകാലിക സംഭവങ്ങളിലേക്ക് ഒരു വിരല്‍ ചൂണ്ട്‌...അഭിനന്ദനങ്ങള്‍ .................

Jayesh/ജയേഷ് said...

നല്ല കഥയായിരുന്നു..ആശംസകള്‍

anupama said...

പ്രിയപ്പെട്ട ഗീത,
ഹൃദ്യമായ നവവത്സരാശംസകള്‍!
ഇന്നത്തെ കുട്ടിലകളുടെ[വലിയവരുടെയും] പ്രശങ്ങള്‍ വില കൊടുത്തു വാങ്ങുന്നതാണ്.
ഇളം തലമുറയുടെ പ്രശ്നം മനോഹരമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍! ക്ലൈമാക്സ്‌ വളരെ നന്നയി ! :)
സസ്നേഹം,
അനു

വീകെ said...

കഥ നന്നായിരിക്കുന്നു..
ആകാംക്ഷ അവസാനം വരെ നിലനിർത്തി.
‘നോമോഫോബിയ’- ഈ പേര് ഗീതേച്ചിയുടെ സ്വന്തം കണ്ടുപിടുത്തമാണൊ.. അതോ ശരിക്കുള്ള മെഡിക്കൽ പേരു തന്നെയോ..?
ആശംസകൾ...

ഗീത said...

കഥ വായിക്കാനെത്തിയ എല്ലാ കൂട്ടുകാരോടും സന്തോഷമറിയിക്കുന്നു.

പേര് എന്റെ സൃഷ്ടിയൊന്നുമല്ല. ആധുനികകാലത്തെ ഒരു പ്രശ്നം തന്നെയാണിത്. സദാ കൊണ്ടുനടക്കുന്ന ഒരു വസ്തു പെട്ടെന്ന് കാണാതാകുമ്പോൾ താൽകാലികമായി ഉണ്ടാകുന്ന ഒരു ചെറിയ മെന്റൽ പ്രോബ്ലം.

Geethakumari said...

മൊബൈല്‍ ഇന്ന് എല്ലാം തികഞ്ഞ ഒരു പ്രതിനായകന്‍ ആണ് .അവസാനം നായകന്‍ ഇവനെ കീഴ്പ്പെടുത്തുക തന്നെ ചെയ്യും എന്ന് നമുക്ക് പ്രത്യാശിക്കാം ആശംസകള്‍

Anya said...

Hi Geetha
we are back in blogging world
I hope all is well with you

hugs
Kareltje =^.^= Betsie >^.^<

Manu said...

ആദ്യായിട്ടാ ഇവിടെ..വായിച്ചപ്പോള്‍ ഇഷ്ടായീ..ഇനിയും വരും!!

മനു

Roshini Varma said...

Geetha aunty, ippola ariyane ingane kure paripadikal indennu... Enthu nalla kadha, mulmunayil aarunnu nomophobia ye patti ariyana vare :) Valare nannayirikkunu tto.. Ella kadhakalum vayikatte ini njan, puthiyathu ineem indavumennu pratheekshikunnu :)

നളിനകുമാരി said...

ആദ്യായിട്ടാണ് ഇവിടെ. തുടക്കം മുതല്‍ ഒടുക്കം വരെ സസ്പെന്‍സ് നില നിര്‍ത്തി.നന്നായി പറഞ്ഞു. ഇഷ്ടായീട്ടോ
ഇനിയും വരും.

VEERU said...

ezhuth nirthiyo..enthu pati?

Aman Shafeef M.A said...

Good Good...
Welldone