Wednesday, August 31, 2011

അത്തപ്പൂക്കളം








ന്ന് ചിങ്ങമാസം പതിനഞ്ചാം തീയതി. അത്തം നാൾ. മുറ്റത്തൊരു പൂക്കളമെഴുതാനായി പൂവു തേടി പൂങ്കുരുന്നുകൾ തൊടികൾ തോറും കയറിയിറങ്ങുന്ന നാളുകളുടെ വരവായി.

തുമ്പപ്പൂവും തുളസിപ്പൂവും തെറ്റിപ്പൂവും കാക്കപ്പൂവും അരിപ്പൂവും പിന്നെ പേരറിയാത്തതും അറിയുന്നതും വലുതും ചെറുതുമായ സർവ്വ പൂക്കളും ചെറിയ വട്ടകകളിലും പാവാടത്തുമ്പിലും ഒക്കെയായി ശേഖരിച്ചു കൊണ്ടു വന്നിരുന്ന ആ കുട്ടിക്കാലദിനങ്ങൾ! എത്ര മനോഹരം! ഓണം എന്നും ആഹ്ലാദങ്ങളുടെ ഒരു ഓർമ്മപ്പൂക്കളം തന്നെയാവും ഏതൊരു മലയാളിയുടെയും മനസ്സിൽ വരച്ചിടുക.

അത്തം തുടങ്ങി പത്താം നാൾ തിരുവോണം. അണിഞ്ഞൊരുങ്ങുന്ന മലനാട്കന്യയെ കാണാനായി തിരുവോണത്തിൻ നാളിൽ എഴുന്നെള്ളുന്ന മാവേലി മന്നനെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങളിലൊന്നായി തിരുമുറ്റത്തൊരു പൂക്കളമൊരുക്കണം.

അങ്ങനെ എന്റെ വീട്ടുമുറ്റത്തും ചെറിയൊരു പൂക്കളമൊരുങ്ങി. സിറ്റിയിലെ അഞ്ചു സെന്റിന്റെ ‘ഠ’ വട്ടത്തിലൊതുങ്ങുന്ന വീട്ടിന്റെ ഇത്തിരിമുറ്റത്തെ ഓരത്തു നിൽക്കുന്ന ചെടികളിൽ നിന്നു തന്നെ ഇന്നത്തേക്ക് പൂ ശേഖരിച്ചു. തൊടിയില്ലാത്തതു കൊണ്ട് തുമ്പപ്പൂവും കാക്കപ്പൂവും അരിപ്പൂവും ഒന്നുമില്ല. അഞ്ചാറു പിച്ചിപ്പൂക്കളും നാലുമണിപ്പൂക്കളും തെറ്റിപ്പൂക്കളും പിന്നിത്തിരി ഇലകളും കൊണ്ടൊരു ചെറിയ പൂക്കളം. ഉള്ളതു കൊണ്ട് ഓണം പോലെ എന്നല്ലേ.

പൂ നുള്ളുന്നതിനിടയിൽ മോളു് പറഞ്ഞു ‘ അമ്മേ നാളത്തേക്കിനി പൂവു കാണില്ല’

‘സാരമില്ല നാളത്തേക്ക് പൂ വാങ്ങാം’

ഓണക്കാലത്ത് തീ വിലയാണ് പൂവിന്. എന്നാലും കുറച്ചു വാങ്ങാം. വാടാമല്ലിയും ചേമന്തിയും അരളിപ്പൂവും. വിശുദ്ധിയുടെ ഇത്തിരിച്ചെപ്പുകൾ പോലുള്ള വെൺ‌തുമ്പ മലരുകൾ ! അതുകൂടി ഇത്തിരി കിട്ടിയിരുന്നെങ്കിൽ! നഗരത്തിലെ ഓണപ്പൂക്കളങ്ങളിൽ തുമ്പക്കും തെറ്റിക്കും കാക്കപ്പൂവിനും അരിപ്പൂവിനും ഒന്നും സ്ഥാനമില്ല. വേണമെന്നാഗ്രഹിച്ചാലും കിട്ടാനുമില്ല.

പണ്ട് പൂവിളിപ്പാട്ടുകളുമായി തൊടിയിലെത്തി ചെടികൾക്ക് തെല്ലും നോവാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് മെല്ലെ പൂനുള്ളുമ്പോൾ തന്നെ അവയോട് പറഞ്ഞു വയ്ക്കും, നാളേക്ക് ഒരു വട്ടക കൂടുതൽ പൂവു തരണേയെന്ന്. പൂക്കളത്തിന്റെ വിസ്താരം ഓരോ ദിവസവും കൂട്ടണമല്ലോ. അപ്പറഞ്ഞതു കേട്ടതു പോലെ പിറ്റേന്നു തൊടിയിൽ ചെല്ലുമ്പോൾ കൂടുതൽ പൂക്കൾ ചിരിച്ചു നിൽക്കുന്നതു പോലെ. ഗ്രാമങ്ങളിൽ ചെന്നാൽ ഇപ്പോഴും ആ കാഴ്ചകളൊക്കെ കാണാനുണ്ടാവുമായിരിക്കും.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ നേരുന്നു. എല്ലാവർക്കും മുറ്റത്തല്ലെങ്കിൽ മനസ്സിലെങ്കിലും ആഹ്ലാദപ്പൂക്കളങ്ങൾ മെനയുവാനാകട്ടേ.

****************************************************************************

കെ.സി. ഗീത.


9 comments:

ramanika said...

ഓണാശംസകൾ !

sreee said...

നാട്ടിന്‍പുറം അതിന്റെ നന്മകള്‍ക്കൊപ്പം ഈ പൂവുകളെയും ഉപേക്ഷിച്ചു തുടങ്ങി.ഓണാശംസകള്‍.

ശ്രീനാഥന്‍ said...

നന്നായി.പൂക്കളം മനസ്സിൽ നിന്നു മാഞ്ഞിട്ടില്ലല്ലോ. ഓണാശസകൾ!

Manoraj said...

ഒട്ടേറെ നാളുകള്‍ക്ക് ശേഷം ഒരു പൂക്കളവുമായിട്ടെങ്കിലും ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. നാട്ടിന്‍പുറത്ത് വരെ പൂക്കള്‍ കിട്ടാനില്ലാത്ത അവസ്ഥയില്‍ നഗരത്തിലെ കാര്യം പറയാനുണ്ടോ.. ഓണാശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പൂവിന് യാതൊരുക്ഷാമമില്ലാത്തയിവിടെയിരുന്നുകൊണ്ട് , തിരുമുറ്റമില്ലെങ്കിലും അകതളത്തിൽ അത്തപ്പൂക്കളമിട്ട് ഞങ്ങളും വരവേറ്റു കേട്ടൊ ഈ ഓണത്തിനെ ...മാവേലിയെ കാണാൻ ഇത്തവണ നാട്ടിലേക്ക് പറക്കുമെങ്കിലും...

Kalavallabhan said...

ഓണാശംസകൾ
ഒരു പൂക്കളവും കവിതയും ഞാനും ഇട്ടിട്ടുണ്ട്

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചേച്ചീ......നല്ല പൂക്കളം.
സമാനമായ ചിന്ത .ഓണക്കാലമല്ലേ എല്ലാമനസ്സിലും നിറയെപ്പൂക്കൾ ആണല്ലേ.

സന്തോഷം നിറഞ്ഞ ഓണക്കാലം ആശംസിക്കുന്നു

ബഷീർ said...

നന്മയുടെ പൂക്കള്‍ വിരിയട്ടെ മാനവ മനസുകളില്‍... ഇപ്പോള്‍ പൂക്കളങ്ങളില്‍ പൂ വില്ലാതായ പോലെ മനുഷ്യമനസുകളില്‍ നന്മയുടെ പൂക്കളും വിരിയാതായി..

എങ്കിലും പ്രതീക്ഷകള്‍ കൈവെടിയുന്നില്ല.. ആശംസകള്‍

Anil cheleri kumaran said...

ഇവിടെ ആളനക്കം കണ്ട് കൊല്ലങ്ങളായല്ലോ.. :)