Sunday, March 14, 2010

ഉത്തമഭാരതപൌരന്‍

-------------------------------------------

( ഈ കഥ വായിച്ച ബഹുമാന്യരായ ചില ബ്ലോഗ്ഗര്‍മാരുടെ അഭിപ്രായം മാനിച്ച് ഒരു മുന്നറിയിപ്പ് :
ഉത്തമഭാരതപൌരന്‍ എന്ന ഈ കഥ 30 വയസ്സില്‍ താഴെയുള്ള -- അതായത് പക്വത എത്താത്ത -- ‍ യുവതീയുവാക്കള്‍ വായിക്കാന്‍ പാടുള്ളതല്ല. ഈ മുന്നറിയിപ്പ് വകവയ്ക്കാതെ ഇനി അഥവാ വായിച്ചുപോയാല്‍ -- ഡോണ്ട് ട്രൈ ദിസ്‌ അറ്റ്‌ ഹോം )


മയം പതിനൊന്നാകുന്നതേയുള്ളൂ. പുറത്ത്‌ പൊള്ളുന്ന വെയില്‍.

സിറ്റിയില്‍ പോയിരുന്ന മകന്‍ കാറ്റുപോലെയാണ്‌ അകത്തേക്ക്‌ പാഞ്ഞു വന്നത്‌. വന്നപാടെ അടുക്കളയിലേക്ക്‌ പോയി. തിരിച്ചു വന്നത്‌ കൈയില്‍ ഒരു കുപ്പിഗ്ലാസ്സുമായിട്ടായിരുന്നു. ഫ്രിഡ്ജിലെ കുപ്പിയില്‍ നിന്ന് ഐസ്‌വാട്ടര്‍ ഗുളുഗുളേന്ന് ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു. പിന്നെ മടമടാന്ന് ശബ്ദമുണ്ടാക്കി കുടിച്ചു. വീണ്ടും വെള്ളം പകര്‍ന്നു, കുടിച്ചു. ഒറ്റനില്‍പ്പിനു നാലഞ്ച്‌ ഗ്ലാസ്സ്‌ വെള്ളം അകത്താക്കി.

മകന്റെ ഈ പരവേശം കണ്ട്‌, പത്രവായന നിറുത്തി കണ്ണിമയ്ക്കാതെ അവനെത്തന്നെ നോക്കിയിരിക്കയാണ്‌ അച്ഛന്‍.

പിന്നെയല്ലേ പതറിപ്പോയത്‌.

വെള്ളം കുടി കഴിഞ്ഞ്‌ മകന്‍ ആ ഗ്ലാസ്സ്‌ ശക്തിയായി ഊണുമേശമേല്‍ ഇടിച്ചു. ഗ്ലാസ്സിന്റെ മുകള്‍ ഭാഗം പൊട്ടിച്ചിതറി. ബാക്കി ഭാഗം കൂര്‍ത്തുമൂര്‍ത്ത മുനകളുമായി മകന്റെ കൈയില്‍ !

വിറച്ചുപോയി.

എന്താണിവന്റെ ഉദ്ദേശം? തൊട്ടടുത്തിരിക്കുന്ന അച്ഛനെ... ?! അതോ സ്വന്തം കൈത്തണ്ടയിലേക്ക്‌...?? എന്തിനു വേണ്ടി??? എന്റെ ദൈവമേ !!

എന്തെങ്കിലും പറയാനാവും മുന്‍പ്‌ മകന്‍ അടുത്തുകിടന്ന ഒരു കസേരയുടെ മുകളിലേക്ക്‌ ചാടിക്കയറി.


- എല്ലാരും കേള്‍ക്കാനായി പറയുകയാണ്‌. എനിക്കിന്നുതന്നെ ഒരു ഐ.ടെന്‍ വാങ്ങിത്തരണം. വാങ്ങിത്തന്നേ പറ്റൂ..... ഇല്ലെങ്കില്‍.....

അവന്‍ പൊട്ടിയ ഗ്ലാസ്സ്‌ ഭീഷണമായ രീതിയില്‍ ചുഴറ്റിക്കൊണ്ടിരുന്നു.....


*** *** *** *** ***


വൈകിട്ട്‌, കൂട്ടുകാരെ കുത്തിനിറച്ച്‌, മകന്റെ പളപളാ തിളങ്ങുന്ന ഇലക്ട്രിക് റെഡ് ഐ. ടെന്‍ സിറ്റിയില്‍ ചുറ്റിക്കറങ്ങി.

- എന്നാലും നീയിതിത്രവേഗം എങ്ങനെ ഒപ്പിച്ചെടേ?

- ഞാനൊരു ഉത്തമഭാരതപൗരനാണെന്ന് അച്ഛന്‌ ബോദ്ധ്യപ്പെട്ടു. അതിനു തന്ന സമ്മാനമാ -

- നീയോ ഉത്തമപൗരന്‍ ! ഹ ഹ ഹ... ജോക്ക്‌ ഓഫ്‌ ദി ഈയര്‍ ! മറ്റാരും ജീവിച്ചിരിപ്പില്ലെങ്കില്‍ !! ഹ ഹ ഹാ.....

- എടേയ്‌, ചിരി നിറുത്ത്‌. നിനക്കൊക്കെ എങ്ങനെ മനസ്സിലാവാന്‍ ! മുതിര്‍ന്നവരെ അനുസരിക്കുക, അവരുടെ കാലടിപ്പാടുകള്‍ പിന്‍തുടരുക എന്നൊക്കെയല്ലേ നമ്മുടെ അച്ഛനമ്മമാര്‍ എപ്പോഴും നമ്മളെ ഉപദേശിക്കുക. ഞാനാ ഉപദേശം കടുകിട തെറ്റിക്കാതെ അനുസരിച്ചു... അത്രതന്നെ.....

- എന്നാലും നീ ഇത്ര പെട്ടെന്നെങ്ങനെ ഒരു ഉത്തമപൗരന്‍ ആയീന്നാ മനസ്സിലാവാത്തത്‌...ആ ട്രിക്ക്‌ ഞങ്ങക്കും കൂടിയൊന്ന് പറഞ്ഞുതാ. ഒരു സ്കോഡ ഒക്റ്റേവിയയോ ഇന്നോവയോ ഒക്കെ തരപ്പെടുത്താന്‍ ഒക്കുമോന്ന് ഞങ്ങളും നോക്കട്ടേ.....


- ഡേയ്‌, സദാനേരവും പെണ്‍പിള്ളേരടെ പിറകേ വാലാട്ടി നടക്കാതെ വല്ലപ്പോഴുമൊന്ന് പത്രം വായിക്കയോ ടി.വി. കാണുകയോ ഒക്കെ ചെയ്യ്‌... ഈ ഇന്‍ഡ്യാമഹാരാജ്യം ഭരിക്കുന്ന, സമാദരണീയരായ, അനുകരണീയരായ, എന്തിനും പോന്നവരായ, നമ്മുടെ മുതിര്‍ന്ന ധീരനേതാക്കന്മാരില്‍ നിന്നും, എം.പി.മാരില്‍ നിന്നുമൊക്കെ നമ്മള്‍ യുവത്വത്തിന്‌ എന്തുമാത്രം പഠിക്കാനുണ്ടെന്നോ! അവരുടെ ചെയ്തികള്‍ ഒന്നു കണ്ടും കേട്ടും പഠിക്ക്‌.. എന്നിട്ടാ മാതൃക പിന്‍തുടര്‌... അങ്ങനെ ഒരു ഉത്തമഭാരതപൗരനാവാന്‍ ശ്രമിക്ക്‌ ! ദേ, ഈ എന്നെപ്പോലെ!


*** *** *** *** *** ***


വനിതാബില്ലിനെതിരേ പ്രതിഷേധിക്കാന്‍, വെള്ളം കുടിച്ച ഗ്ലാസ്സ്‌ അടിച്ചു പൊട്ടിച്ച്‌, കസേരമേല്‍ ചാടിക്കയറി "മാതൃകാപരവും അത്യന്താധുനികവുമായ" പെരുമാറ്റം കാഴ്ചവച്ച ‍ എം.പി.ക്ക്‌ നന്ദി.
------------------------------------------------------------------------


ഗീത.

Copy Right (C) 2010 K.C. Geetha.

24 comments:

പട്ടേപ്പാടം റാംജി said...

ഉത്തമഭാരതപൗരന്‍ കൊള്ളാം.

സമകാലീന സംഭവത്തെ ഉള്‍ക്കൊള്ളിച്ച് പറഞ്ഞ കൊച്ചു കഥ.

Anya said...

Hi Geetha

I hope you had a wonderful weekend

greetings
Kareltje =^.^=
Anya :-)

OAB/ഒഎബി said...

സത്യം പറഞ്ഞാ ഞാനൊന്ന് ഞെട്ടി. അതും ഈ പതിനൊന്നെ ഇരുപതിന്. പീന്നെയല്ലെ കഥ മനസ്സിലായത്.
നമ്മള്‍ അല്ല നമ്മുടെ മക്കള്‍ നാളത്തെ പൌരന്മാര്‍. എല്ലാം ഇപ്പഴേ കണ്ട് പഠിക്കട്ടെ..

ശ്രീ said...

കൊള്ളാം. ഇപ്പോഴത്തെ സന്ദര്‍ഭത്തിന് യോജിച്ച കഥ

പ്രയാണ്‍ said...

:):)

ഭായി said...

കൊള്ളാം ഇവനെയൊക്കെ കണ്ട് പഠിച്ച് ഉത്തമ പൌരന്മാര്‍ ആകാന്‍ ശ്രമിച്ചാല്‍ ഈ ഭാരതം ഒരു കോലത്തിലാകും.ഇപ്പോള്‍ തന്നെ ഒരു കോലത്തിലാ!

ഏതായാലും അങ് ഡല്‍ഹീന്ന് പഠിച്ചാല്‍ അത്രവലിയ കുഴപ്പം തോന്നുന്നില്ല! തമിഴ്നാട് നിയമസഭയിലേത് കണ്ട് പഠിക്കരുത്.അഛന്മാര്‍ക്ക് ചിലപ്പോള്‍ ഉടുമുണ്ട് കാണില്ല
:-)

നന്നായി ടീച്ചര്‍.

Kalavallabhan said...

ഇതിനു "(എ)" സർട്ടിഫിയ്ക്കറ്റ്‌ കൊടുക്കണം. കാരണം ഇത്‌ പിള്ളേർക്ക്‌ വായിക്കാനുള്ളതല്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ അത്തിഉത്തമ ഭാരതപൗരന്‍ കൊള്ളാം...
ഇതുവായിക്കുന്ന പിള്ളേരെ സൂക്ഷിക്കണേ...!

രാജീവ്‌ .എ . കുറുപ്പ് said...

ഹഹഹ തലകെട്ട് കണ്ടു ഞാനോര്‍ത്തു ഒരു നീണ്ട കഥ ആവുമെന്ന്, ഗ്ലാസ്‌ പൊട്ടിച്ചു മകന്‍ ചുഴറ്റി കൊണ്ടിരുന്നപ്പോള്‍ വീണ്ടും ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു. അപ്പോള്‍ സംഭവം "രാജ്യസഭ നാടകം ഓണ്‍ വനിതാ ബില്‍", എന്തായാലും ജോര്‍ ആയി പോസ്റ്റ്‌.

ഡോണ്ട് ട്രൈ ദിസ്‌ അറ്റ്‌ ഹോം എന്നാ മുന്നറിയിപ്പ് കൂടി കൊടുക്ക്‌ ഗീതേച്ചി

Manoraj said...

എന്തൊക്കെയോ തെറ്റിദ്ധരിച്ചു.. വനിത ബില്ലിന് ബൂലോകത്ത് നല്ല മാർക്കറ്റാണല്ലോ? ഗീതയുടെ വക തന്നെ രണ്ട് ബില്ല് പാസ്സാക്കി ഇപ്പോൾ.. സംവരണം 35% മാക്സിമമാ കേട്ടോ.. ഹ..ഹ..

Akbar said...

ഗീത- കഥ വായിച്ചു തുടങ്ങിയപ്പോ അത് രാജ്യ സഭയില്‍ എത്തുമെന്ന് കരുതിയില്ല. യുവ തലമു ഇവരെയൊക്കെ മാതൃകയാക്കിത്തുടങ്ങിയാലുള്ള സ്ഥിതി എന്താവും.

Shaiju E said...

ചേച്ചി കഥ സൂപ്പര്‍

ഒരു നുറുങ്ങ് said...

നമ്മളൊക്കെക്കൂടി മുള്‍കിരീടം അവന്മാരുടെ
തലേല്‍ വെച്ചുകെട്ടി,പാര്‍ലിമെന്‍റില്‍ പറഞ്ഞയച്ചത്
അവിടെ കിടന്നുറങ്ങാനല്ലല്ലോ...
ഈ മഹാപുരുഷന്മാര്‍ക്കവരുടെ ധീരവീര
പരാക്രമങ്ങള്‍ ചുമ്മാ റോഡീക്കിടന്ന് കാണിക്കാന്‍
പറ്റില്ല..മോനിപ്പോള്‍ തന്നെ പാര്‍ലിമെന്‍റിലേക്ക്
ഒരു ബര്‍ത്ത് ഉറപ്പായി...ഗ്ലാസ് ചീളുകള്‍ക്ക്
പകരം നമ്മുടെ ആ”ऽ“മാര്‍ക്ക് കത്തിയേര്‍ന്നു
പറ്റിയ ആയുധം..

ഗീതേ,കഥ ജോറായിട്ടുണ്ട്,ആശംസകള്‍.

sm sadique said...

കണ്ടുപടിക്കാന്‍ ഒരു ഉത്തമ കഥ .;അയ്യോ കണ്ടു പടിചേക്കല്ലേ.

ramanika said...

ഇനിയും പഠിക്കാന്‍ ധാരാളമുണ്ട്
സ്ഥിരമായിട്ട് പാര്‍ലിമെന്റ് നടപടികള്‍ വാച്ച് ചെയ്യുക .......

post gr8

പ്രദീപ്‌ said...

സന്ദര്‍ഭത്തിനു ചേരുന്നുണ്ട് .....

Unknown said...

HA THATS SUPER അങ്ങനെ നാമമുള് തെരഞ്ഞെടുത്തു വിട്ടിട്ടു നമ്മുല്ടെ ലോക സഭയില്‍ കിടന്നു അടി വെക്കുന്ന അവന്‍ മാര്‍ക്കെതിരെ നല്ല പോസ്റ്റ്‌

ഒഴാക്കന്‍. said...

ഉത്തമഭാരതപൗരന്‍ കൊള്ളാം.

വെള്ളത്തിലാശാന്‍ said...

പൌരന്‍ ആള് കൊള്ളാം.. :)

VEERU said...

അപ്പത്തൊടങ്ങിയല്ലേ..കലികാലം !!
ഇനി തിവാരിജിയുടേയും ഉണ്ണിത്താന്റെയും കാലടികൾ പിന്തുടരുന്ന ഒരു പുതുപുത്തൻ പൌരോദയം കൂടിയായാൽ പൂർണ്ണമാവും അല്ലേ..!!!

Unknown said...

30 വയസ്സില്‍ താഴെയുള്ള -- അതായത് പക്വത എത്താത്ത -- ‍ യുവതീയുവാക്കള്‍ വായിക്കാന്‍ പാടുള്ളതല്ല.what you mean by this ?? you are saying under 30 youths are not enough matured????

jyo.mds said...

ഉത്തമഭാരതപൌരന്‍-ഭാവി പൌരന്മാര്‍-കൊള്ളാം

ബഷീർ said...

പേടിപ്പിച്ച് കളഞ്ഞല്ലോ :(

അതാണ് മാതൃക !!

ഗംഭീരമായിരിക്കുന്നു. അഭിനന്ദനങ്ങൾ

Ajay said...

oh, great, I think all the teens will definitely read this
ajay