Thursday, November 26, 2009

സുകൃതികള്‍


കലെ വച്ചേ കണ്ടു, കാര്‍പോര്‍ച്ചില്‍ സ്റ്റേറ്റ്‌ കാര്‍ കിടപ്പുണ്ട്‌. അതായത്‌ സുധി വീട്ടിലുണ്ടെന്ന് അര്‍ത്ഥം. സുധിയെ കാര്യം അറിയിച്ചിട്ട്‌ വീട്ടിലേക്ക്‌ പോകാം.



തന്റെ വീടും കഴിഞ്ഞ്‌ രണ്ട്‌ വീടുകള്‍ക്കപ്പുറമാണ്‌ സുധിയുടെ വീട്‌.



സുധി എന്ന സുധീര്‍ കുമാര്‍ ഐ.എ.എസ്‌ തന്റെ സഹപാഠിയും ഇപ്പോള്‍ അയല്‍വാസിയും ആണ്‌. സുധിയെ അറിയിക്കേണ്ട കാര്യം തങ്ങളുടെ ഒരു പൂര്‍വ്വകാല അദ്ധ്യാപകനായ ശശാങ്കന്‍ സാര്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു എന്ന വിവരമാണ്‌.



പ്രതീക്ഷിച്ചതു പോലെ സുധി വീട്ടിലുണ്ടായിരുന്നു. സുധിയെ കാര്യം അറിയിച്ചു.



പൂര്‍വ്വകാല സുഹൃത്തുക്കളേയും അദ്ധ്യാപകരേയും സംബന്ധിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ എളുപ്പത്തില്‍ തനിക്കാണു ലഭിക്കുക. ആ വാര്‍ത്തകള്‍ തങ്ങളുടെ പൊതു സുഹൃത്തിനെ കുറിച്ചാണെങ്കില്‍ അതു സുധിക്കും കൈമാറും. ഇതിപ്പോള്‍ അത്തരമൊരു വാര്‍ത്തയാണ്‌. പി.ജി. ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകനായിരുന്നു ശശാങ്കന്‍ സാര്‍.



വാര്‍ത്ത കേട്ടതും സുധി വല്ലാതെ വികാരാധീനനാകുന്നത്‌ കണ്ടു. തീര്‍ച്ചയായും മനസ്സിനെ വിഷമിപ്പിക്കുന്ന വാര്‍ത്ത തന്നെയാണിത്‌. എന്നാലും...



അതും സുധിക്ക്‌ ഇത്രയധികം ദു:ഖം തോന്നത്തക്കവിധം?



ശ്യാമ പോയി സാറിനെ കണ്ടോ?

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ആകാംക്ഷയോടെ സുധി ചോദിച്ചു.

ഇല്ല. നാളെ കോളേജില്‍ നിന്ന് രണ്ടുമൂന്നുപേര്‍ പോകുന്നുണ്ടെന്നു കേട്ടു. അവരുടെ ഒപ്പം കൂടാം എന്നാ വിചാരിക്കുന്നത്‌. പോയാലും സാറിനെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല. ഐ.സി. യൂണിറ്റിലാണെന്നാ കേട്ടത്‌.

ഏതായാലും ഞാനൊന്നു പോയി അന്വേഷിച്ചു വരാം. ഇപ്പോള്‍ തന്നെ.

സുധി പോക്കറ്റില്‍ നിന്ന് മൊബെയില്‍ എടുത്തു ഡ്രൈവറെ വിളിച്ചു വരുത്താന്‍ തുനിഞ്ഞു.

സുധീ, നാളെ സമയം കിട്ടുമെങ്കില്‍ ഞങ്ങളോടൊപ്പം കൂടരുതോ?

വെറുതേ പറഞ്ഞു നോക്കി. ഒരു ഐ.എ.എസ്സുകാരന്റെ സമയം അയാള്‍ക്കു തന്നെ സ്വന്തമല്ലല്ലോ.

ഇല്ല ശ്യാമേ, ഞാനിന്നു തന്നെ പോകുന്നു.

ശരി എന്നാല്‍ പോയി വിവരം അറിഞ്ഞു വരൂ. വന്നിട്ട്‌ വിളിക്കാന്‍ മറക്കരുത്‌.

ഇല്ല.

സുധി ഒരിക്കല്‍ കൂടി മൊബൈല്‍ എടുക്കുന്നതു കണ്ടുകൊണ്ടാണ്‌ വീട്ടിലേക്കു നടന്നത്‌.


ശശാങ്കന്‍ സാറിനെ ഇന്നു തന്നെ പോയി കണ്ടേ തീരൂ എന്ന സുധിയുടെയാ ധൃതി കണ്ടപ്പോള്‍ ചെറിയൊരു അത്ഭുതം തോന്നാതിരുന്നില്ല.


പഴയ ആ കോളേജ്‌ ദിനങ്ങള്‍ ഓര്‍മ്മ വരുന്നു. പോസ്റ്റ്‌ ഗ്രാഡ്വേഷന്‍ ക്ലാസ്സിലാണ്‌ താനും സുധിയും സഹപാഠികളാകുന്നത്‌.


അന്ന് ശശാങ്കന്‍ സാര്‍ ചെറുപ്പക്കാരനും ഊര്‍ജ്ജസ്വലനുമായ ഒരദ്ധ്യാപകന്‍. പഠിപ്പിക്കുക എന്ന കര്‍മ്മം വളരെ കൃത്യനിഷ്ഠയോടേയും ആത്മാര്‍ത്ഥതയോടേയും നിര്‍വഹിച്ചിരുന്ന മാതൃകാദ്ധ്യാപകന്‍. കോളേജിനടുത്തു തന്നെ താമസവും.

കോളേജിനടുത്തു തന്നെ താമസക്കാരനായതിനാല്‍ മിക്ക ദിവസങ്ങളിലേയും ആദ്യപീരിയേഡ്‌ അദ്ദേഹം തന്നെയാവും എന്‍ഗേജ്‌ ചെയ്യുക. അദ്ധ്യാപകരില്‍ ആര്‍ക്കെങ്കിലും ഒന്‍പതരക്ക്‌ കോളേജില്‍ എത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ആദ്യപീരിയേഡ്‌ ശശാങ്കന്‍ സാറുമായിട്ടാണ്‌ അഡ്ജസ്റ്റ്‌ ചെയ്യുക.

ഒന്‍പതരയ്ക്കുള്ള ബെല്‍ മുഴങ്ങുന്നതും ശശാങ്കന്‍ സാര്‍ ക്ലാസ്സ്‌ മുറിയിലേക്കു പ്രവേശിക്കുന്നതും തമ്മില്‍ അണുവിട വ്യത്യാസമുണ്ടാകില്ല.


അദ്ധ്യാപകന്റെ ഈ കൃത്യനിഷ്ഠതക്ക്‌ നേര്‍ വിപരീതമായിട്ടായിരുന്നു അന്ന് ഈ സുധീര്‍ കുമാര്‍ എന്ന വിദ്യാര്‍ത്ഥി പെരുമാറിയിരുന്നത്‌.

ക്ലാസ്സിലെ സ്ഥിരം ലേറ്റ്‌കമര്‍. ഒന്‍പതരയ്ക്ക്‌ തുടങ്ങുന്ന ക്ലാസ്സിന്‌ സുധി എത്തുക മിക്കപ്പോഴും പത്തു മണി കഴിഞ്ഞാകും.

പലേ തവണ ഇതാവര്‍ത്തിച്ചപ്പോള്‍ ശശാങ്കന്‍ സാറിന്‌ വല്ലാത്ത ദേഷ്യം വന്നു.

പി.ജി.ക്ലാസ്സില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഇങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയാലോ‍?


അങ്ങനെ ലേറ്റായി വന്ന ഒരു ദിവസം, സാര്‍ സുധിയെ ക്ലാസ്സിലേക്കു കടന്നിരിക്കാനനുവദിക്കാതെ പിടിച്ചു നിര്‍ത്തി ചോദിച്ചു എന്താണിങ്ങനെ പതിവായി താമസിച്ചു വരാനുള്ള കാരണമെന്ന്.

സുധി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതല്ലാതെ യാതൊരക്ഷരവും ഉരിയാടിയില്ല.

ചോദിച്ചതിന്‌ ഉത്തരം പറയാതെയുള്ള ആ നില്‍പ്പ്‌ കണ്ടപ്പോള്‍ സാറിന്‌ ദേഷ്യം ഇരട്ടിച്ചു.

ഇനിയിതാവര്‍ത്തിക്കയാണെങ്കില്‍ ക്ലാസ്സില്‍ കയറ്റില്ല എന്ന് കുറച്ച്‌ കടുപ്പിച്ചു തന്നെ താക്കീതു നല്‍കി.

സുധി ആ താക്കീത്‌ സര്‍വ്വഥാ ഏറ്റെടുക്കുന്നു എന്ന മട്ടില്‍ തലയാട്ടി സമ്മതിച്ചു.

ക്ലാസ്സില്‍ ഏറ്റവും പിന്നിലായാണ്‌ അയാള്‍ ഇരിക്കുക. വലിയ മിണ്ടാട്ടമൊന്നും ആരുമായും ഇല്ല. ബോയിസ്‌ എന്തെങ്കിലും ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഒരുത്തരം, അല്ലെങ്കില്‍ ഒരു നനുത്ത ചിരി. പെണ്‍കുട്ടികളോട്‌ യാതൊരു വിധമായ സല്ലാപത്തിനും അയാള്‍ മുതിരാറേയില്ല.

ഇതു നടന്നതിന്റെ തൊട്ടടുത്ത ദിവസം.

അന്നും ശശാങ്കന്‍ സാര്‍ തന്നെ ആദ്യപീരിയേഡില്‍.

പതിവു പോലെ സുധി വന്നപ്പോള്‍ മണി 10.10.

കുട്ടികള്‍ അടക്കി ചിരിക്കാന്‍ തുടങ്ങി. സാറിന്‌ കലശലായ ദേഷ്യവും വന്നു.

നോ, ഡോണ്ട്‌ സ്റ്റെപ്‌ ഇന്റു ദ ക്ലാസ്സ്‌!

അദ്ദേഹം അലറി.

സുധി ഒന്നറച്ചു നിന്നു. അദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കി. പിന്നെ പതിയെ പിന്‍വലിഞ്ഞ്‌ വാതില്‍ക്കല്‍ നിന്ന് മറഞ്ഞു.


പക്ഷെ തനിക്കു കാണാമായിരുന്നു, ക്ലാസ്സില്‍ കയറാനനുവദിച്ചില്ലെങ്കിലും സുധി എങ്ങോട്ടും പോയില്ല. സാറിന്റെ കണ്ണില്‍ പെടാതെ, വരാന്തയില്‍ ചുവരിനോട്‌ ചേര്‍ന്നു നില്‍ക്കുന്നു.

അദ്ധ്യാപകര്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയാല്‍ സാധാരണയായി ബോയിസ്‌ ചെയ്യുക, ഒന്നുകില്‍ നേരെ ക്യാന്റീനിലേക്ക്‌ പോകും അല്ലെങ്കില്‍ ക്യാമ്പസ്സില്‍ ചുറ്റിനടക്കും.

സുധിയാകട്ടേ എങ്ങും പോകാതെ അവിടെ തന്നെ നില്‍ക്കുന്നു. ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായി അയാള്‍ സാറിന്റെ ക്ലാസ്സ്‌ അവിടെ നിന്ന് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയാണ്‌. സാറ്‌ നോട്‌സ്‌ ഡിക്റ്റേറ്റ്‌ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ അതും എഴുതിയെടുക്കുന്നു!

അന്ന്‌, ക്ലാസ്സ്‌ തീര്‍ത്ത്‌ സാര്‍ പുറത്തിറങ്ങാന്‍ തുടങ്ങുന്നു എന്നു മനസ്സിലാക്കിയപ്പോള്‍, സാറിന്റെ കണ്ണില്‍ പെടാതിരിക്കാനായി സുധി ഓടി മാറുന്നത്‌ കണ്ടു.

ക്ലാസ്സ് കഴിഞ്ഞ് സ്റ്റാഫ്‌ റൂമിലേക്ക്‌ നടക്കുന്നതിനിടയില്‍ ശശാങ്കന്‍ സാര്‍ സുധി ഓടി മാറിയ ഭാഗത്തേക്ക്‌ ‍ നോക്കുന്നതും ഒരിടവേള ഒന്നു നില്‍ക്കുന്നതും കണ്ടു.

തനിക്കു മനസ്സിലായി സാര്‍ സുധിയെ കണ്ടു എന്ന്.

എന്നാലും ഒന്നും ഉരിയാടാതെ അദ്ദേഹം നടത്ത തുടരുകയാണ് ചെയ്തത്.

അന്നുച്ചയ്ക്ക്‌ ഇന്റര്‍വെല്ലിന്‌ സുധിയോട്‌ ചോദിച്ചു എന്തിനേ ഇങ്ങനെ താമസിച്ചു വരുന്നത്‌ എന്ന്.

പതിവു പോലെ ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.

നോക്കൂ നാളെ ഒരര മണിക്കൂര്‍ നേരത്തേ വീട്ടില്‍ നിന്ന് പുറപ്പെടണം കേട്ടോ.

ഒരുപദേശവും വച്ചു കാച്ചി.

അതിനൊരല്‍പ്പം ഫലമുണ്ടായോ? അടുത്ത ദിവസം പതിവിലും നേരത്തേ - അതായത്‌, ഒരു ഒന്‍പതേമുക്കാല്‍ കഴിഞ്ഞയുടനെ - സുധി എത്തി.

പക്ഷേ ആദ്യപീരിയേഡ്‌ ശശാങ്കന്‍ സാറിന്റേതല്ലാതിരുന്നതു കൊണ്ട്‌ അന്ന് പുറത്തു നില്‍ക്കേണ്ടി വന്നില്ല.

അതിനടുത്ത ദിവസം. വീണ്ടും ശശാങ്കന്‍ സാര്‍ തന്നെ ആദ്യപീരിയേഡില്‍. ക്ലാസ്സ്‌ തുടങ്ങി. മണി 9.50 കഴിഞ്ഞിരിക്കുന്നു. സുധി എത്തിയിട്ടില്ല ഇതുവരെ.

വീണ്ടും ഒരഞ്ചു മിനിറ്റ്‌ കൂടി കടന്നുപോയപ്പോള്‍ വരാന്തയുടെ അങ്ങേ തലയ്ക്കല്‍ അതാ പ്രത്യക്ഷപ്പെടുന്നു സുധി. വെപ്രാളത്തില്‍ നടന്നു വരികയാണ്‌.

ക്ലാസ്സില്‍ നിന്ന് ശശാങ്കന്‍ സാറിന്റെ ഘനഗാംഭീര്യസ്വരം ഒഴുകിയെത്തി ചെവിയില്‍ പതിഞ്ഞതും അയാള്‍ ബ്രേക്കിട്ട പോലെ നിന്നു.

പിന്നെ മുന്നോട്ട്‌ നടന്ന് വാതില്‍ക്കലേക്ക്‌ വന്നില്ല.

പകരം ആദ്യദിവസം പുറത്താക്കിയപ്പോള്‍ ചെയ്തതു പോലെ സാറിന്റെ ദൃഷ്ടിയില്‍ പെടാതെ ചുവരു ചാരി നിന്നു.

തന്റെ കണ്ണുകള്‍ അയാളുടെ മേല്‍ ആണെന്നു മനസ്സിലായപ്പോള്‍ മിണ്ടരുതേ എന്ന് വായ്‌ പൊത്തി ആംഗ്യം കാണിച്ചു.

അങ്ങനെ സുധി ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും താനിത്‌ ആരോടും വെളിപ്പെടുത്താനും ഉദ്ദേശിച്ചിരുന്നില്ല. തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരിയോട്‌ പോലും.

സുധി, ശശാങ്കന്‍ സാറിന്റെ ക്ലാസ്സ്‌ ശ്രദ്ധിക്കുകയും നോട്‌സ്‌ കുറിച്ചെടുക്കുകയും ചെയ്തു. പീര്യേഡ്‌ തീരാറായി എന്നു മനസ്സിലായപ്പോള്‍ ഓടി മാറുകയും ചെയ്തു.

ക്ലാസ്സില്‍ താനിരിക്കുന്ന പൊസിഷനില്‍ നിന്നു മാത്രം കാണാവുന്നതായിരുന്നു സുധിയുടെ ഈ വിക്രിയകള്‍ ഒക്കെ.

അയാളോട്‌ സഹതാപവും ഒപ്പം ദേഷ്യവും തോന്നിയിട്ടുണ്ട്‌. ഒരല്‍പ്പം നേരത്തേ വീട്ടില്‍ നിന്ന് പുറപ്പെടാന്‍ മിനക്കെട്ടിരുന്നെങ്കില്‍ ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ?


ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ.

അടുത്തൊരു ദിനം തന്നെ ഇതൊക്കെ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.

ആദ്യപീരിയേഡില്‍ ശശാങ്കന്‍ സാര്‍. താമസിച്ചെത്തിയ സുധി വരാന്തയില്‍ നിന്ന് ക്ലാസ്സ്‌ ശ്രദ്ധിക്കുന്നു.

അതങ്ങനെ പുരോഗമിക്കവേ പെട്ടെന്നാണ്‌ സാറിന്‌ ഒരു തുമ്മല്‍ വന്നത്‌. അതിനോടനുബന്ധമായി ഒരു മൂക്കു ചീറ്റലും.

മൂക്കു ചീറ്റാനായി സാര്‍ വരാന്തയിലേക്കിറങ്ങി.

സാര്‍ പറയുന്ന നോട്‌സ്‌ ശ്രദ്ധാപൂര്‍വ്വം കുറിച്ചെടുക്കുകയായിരുന്ന സുധിക്ക്‌ വരാന്‍ പോകുന്ന ഈ അപകടത്തെ കുറിച്ച്‌ യാതൊരു മുന്നറിയിപ്പും ഉണ്ടായിരുന്നില്ല.

പെട്ടെന്ന് വരാന്തയിലേക്ക്‌ ഇറങ്ങിയ സാറിനെ കണ്ട്‌ സുധി അന്ധാളിച്ചുപോയി.

നോട്ടുബുക്കും വായയും ഒരേപോലെ തുറന്നു പിടിച്ച്‌ അയാള്‍ അങ്ങനെ ചുവരില്‍ ചാരി നില്‍ക്കുന്നു...

ശശാങ്കന്‍ സാറാകട്ടേ, മൂക്കു ചീറ്റല്‍ കര്‍മ്മം നിര്‍വഹിക്കുന്നതിനു മുന്‍പ്‌ തന്നെ ചുവരും ചാരി നില്‍ക്കുന്ന ആ 'അഹങ്കാരിയെ' കണ്ടു കഴിഞ്ഞു.

തുമ്മലും ചീറ്റലും ഒക്കെ തീര്‍ത്ത്‌ സാര്‍ സുധിയുടെ നേരേ തിരിഞ്ഞു.

- താനിവിടെ എന്തെടുക്കാ?

സുധി ഒന്നും മിണ്ടുന്നില്ല. മുഖം താഴ്ത്തി നില്‍പ്പാണ്‌. വല്ലാത്തൊരു കുറ്റബോധം ആ മുഖത്തു നിഴലിച്ചു കാണാം. സാററിയാതെ സാറിന്റെ ക്ലാസ്സ്‌ കവര്‍ന്നെടുക്കുകയല്ലേ താന്‍ ചെയ്തതെന്ന കുറ്റബോധമാണോ?

അയാള്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതു കണ്ട്‌ സാര്‍ ആ നോട്ട്‌ ബുക്ക്‌ അയാളുടെ കയ്യില്‍ നിന്ന് വാങ്ങി. അതിലൂടെ കണ്ണോടിച്ച സാറിന്റെ മുഖത്ത്‌ മിന്നിമറഞ്ഞ ഭാവങ്ങള്‍ തനിക്ക് ‌ വ്യക്തമായി കാണാമായിരുന്നു.

ക്ലാസ്സില്‍ ഡിക്റ്റേറ്റ്‌ ചെയ്ത നോട്‌സ്‌ മുഴുവനും അതിലുണ്ടായിരുന്നല്ലോ.

പിന്നെ ഏറെ നേരം സാര്‍ സുധിയുടെ മുഖത്തേക്ക്‌ തന്നെ നോക്കി നില്‍ക്കുന്നത്‌ കണ്ടു.

സുധിയാകട്ടേ സാറിന്റെ മുഖത്തേക്ക്‌ നോക്കില്ല എന്ന വാശിയോടെന്നപോലെ നിലത്തേക്കു മാത്രം കണ്ണും നട്ടും.

ക്ലാസ്സിലെ കുട്ടികള്‍, ശശാങ്കന്‍ സാര്‍ ആരോടാണിത്‌ സംസാരിക്കുന്നത്‌ എന്നറിയാനുള്ള ആകാംക്ഷ മൂത്ത്‌ വരാന്തയിലേക്ക്‌ എത്തിനോക്കാന്‍ തുടങ്ങിയിരുന്നു.

ടുഡേ ഐയാം എന്‍ഡിംഗ്‌ ദ ക്ലാസ്സ്‌ ഹിയര്‍ - എന്നു വാതില്‍ക്കല്‍ തന്നെ നിന്നു പറഞ്ഞ്‌ സാര്‍ അന്നത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

പോകുന്ന പോക്കില്‍ തന്നെ ഫോളോ ചെയ്യാന്‍ സുധിയോട്‌ ആംഗ്യം കാണിക്കുന്നതും കണ്ടു.

അന്നേ ദിവസം പിന്നെ സുധിയെ കണ്ടില്ല.

കുട്ടികള്‍ക്കിടയില്‍ അന്നത്തെ സംസാര വിഷയം മുഴുവന്‍ സുധി തന്നെയായിരുന്നു. ഒന്നു മനസ്സിലായി, ആര്‍ക്കും തന്നെ സുധിയെ കുറിച്ച്‌ വളരെയൊന്നും അറിയില്ല.


പതിവുപോലെ ദിനങ്ങള്‍ വരുകയും കൊഴിയുകയും ചെയ്തുകൊണ്ടിരുന്നു.

സുധിയും പഴയതു പോലെ തന്നെ. മിക്ക ദിവസങ്ങളിലും ക്ലാസ്സില്‍ എത്തുന്നത്‌ 15, 20, 25 മിനിറ്റ്‌ ഒക്കെ വൈകി തന്നെ.

തമാശരൂപത്തില്‍ ഒരിക്കല്‍ ഒരു സഹപാഠി പറയുന്നത്‌ കേട്ടു - ഈ ലോകത്ത്‌ ഒരിക്കലും നടക്കാന്‍ സാദ്ധ്യതയില്ലാത്ത ഒരു കാര്യം എന്തെന്നാല്‍ സുധീര്‍ കുമാറിനെക്കൊണ്ട്‌ ഈ കോളേജിലെ ഫസ്റ്റ്ബെല്ലടി കേള്‍പ്പിക്കുക എന്നതാണ്‌. ഈ കമന്റിനേയും സുധീര്‍ കുമാര്‍ തന്റെ സ്വതസിദ്ധമായ നനുത്ത പുഞ്ചിരിയോടെ തന്നെ ഏറ്റുവാങ്ങി.


പക്ഷേ എന്തു മാജിക്‌ നടന്നു എന്നറിയില്ല, പിന്നൊരിക്കലും താമസിച്ചു വരുന്ന സുധിയെ ശശാങ്കന്‍ സാര്‍ ക്ലാസ്സില്‍ കയറ്റാതിരുന്നിട്ടില്ല.



രണ്ടു വര്‍ഷം കണ്ണുചിമ്മുന്ന വേഗതയിലാണ്‌ കടന്നുപോയത്‌. ആര്‍ക്കും ആരെ കുറിച്ചും അന്വേഷിക്കാന്‍ നേരമില്ല - ഇന്റേര്‍ണല്‍സ്‌, പ്രാക്ടിക്കല്‍സ്‌, പ്രോജക്റ്റ്‌, തീസിസ്‌ അങ്ങനെ എന്തെല്ലാം ഗുലുമാലുകള്‍.


ഫൈനല്‍ ഈയര്‍ പരീക്ഷ കഴിഞ്ഞ്‌ രണ്ടു മാസത്തിനുള്ളില്‍ വിവാഹിതയായി താന്‍. ഭര്‍ത്താവിനൊപ്പം മറുനാട്ടിലേക്ക്‌ വണ്ടി കയറുകയും ചെയ്തു. പത്തു വര്‍ഷക്കാലത്തെ വിദേശവാസം. ആ കാലഘട്ടത്തില്‍ നാട്ടുവിശേഷങ്ങളൊന്നും അങ്ങനെയിങ്ങനെ അറിയാനും അറിയാനും കഴിഞ്ഞില്ല.

നീണ്ട 10 വര്‍ഷങ്ങള്‍ക്കു ശേഷം ഒരദ്ധ്യാപന ജോലിയും തരപ്പെടുത്തി നാട്ടില്‍ എത്തിയപ്പോഴാണ്‌ പഴയ കൂട്ടുകാരുടെയൊക്കെ വിശേഷങ്ങള്‍ വീണ്ടും അറിയുവാന്‍ തരപ്പെട്ടത്‌.

അതില്‍ ഏറ്റവും അല്‍ഭുതപ്പെടുത്തിയത്‌, പുതുതായി പണികഴിപ്പിച്ച സ്വന്തം വീടിന്‌ രണ്ടു വീടപ്പുറം കുടുംബസമേതം കഴിയുന്നത്‌ പഴയ സഹപാഠിയായ സുധീര്‍ കുമാറാണ് എന്നതും അയാള്‍ ഒരു ഐ.എ.എസ്സ്‌ ഓഫീസ്സര്‍ ആണ് എന്നതും ആയിരുന്നു. സത്യം പറഞ്ഞാല്‍ മനസ്സിനു വല്ലാത്തൊരു കുളിര്‍മ്മ തോന്നിയ ഒരവസരമായിരുന്നു അത്‌.

കാലങ്ങള്‍ കഴിഞ്ഞു കണ്ടപ്പോഴും സുധിയുടെ ആ പെരുമാറ്റത്തിന്‌ യാതൊരു മാറ്റവുമില്ല.

അയാളുടെ ചിരിക്ക്‌ ഇപ്പോഴും ആ പഴയ നനുനനുപ്പ്‌ തന്നെ. ഐ.എ.എസ്സിന്റെ പ്രൌഢഗാംഭീര്യമൊന്നും അതിനു കൈവന്നിട്ടില്ല.


*** *** ***


ചായ കുടിക്കുന്നതിനിടയില്‍ ശരത്തേട്ടനോട്‌ വിശേഷമെല്ലാം പറഞ്ഞു.

അതു കഴിഞ്ഞ്, അടുക്കളയിലെ പ്രിപ്പറേഷന്‍, അടുത്തദിവസത്തേയ്ക്കുള്ള നോട്‌സ്‌ പ്രിപ്പറേഷന്‍ ഇതിന്റെയൊക്കെ തിരക്കില്‍ തല്‍ക്കാലത്തേക്ക്‌ സുധിയും ശശാങ്കന്‍ സാറും ഒക്കെ മനസ്സില്‍ നിന്നിറങ്ങിപ്പോയി.

ഏകദേശം 8 മണി കഴിഞ്ഞുകാണും ഒരു ഫോണ്‍ വന്നു. ശരത്തേട്ടനാണ്‌ അറ്റന്‍ഡ്‌ ചെയ്തത്‌.

ഫോണ്‍ വച്ചു കഴിഞ്ഞ്‌ അദ്ദേഹം വിളിച്ചു.

ശ്യാമേ, ഇന്ന് സുധി ഹോസ്പിറ്റലില്‍ തങ്ങുകയാണത്രേ. ലക്ഷ്മിയും മോളും ഇവിടെയാണ്‌ കിടക്കുന്നത്‌.

ലക്ഷ്മി സുധിയുടെ ഭാര്യയാണ്‌.

ഇപ്പോള്‍ സാറിനെങ്ങനെയുണ്ടെന്നു പറഞ്ഞു?

അവസ്ഥ തീരെ മോശം ആണെന്നാ പറഞ്ഞത്‌.

എന്നാല്‍ ശരി, ശരത്തേട്ടന്‍ പോയി ലക്ഷ്മിയേയും മോളേയും കൂട്ടി വരൂ.

ശ്യാമ അവര്‍ക്കു വേണ്ടി മുകളിലത്തെ നിലയിലുള്ള ബെഡ്‌ റൂം ഒരുക്കാന്‍ പോയി.


ലക്ഷ്മിയും മോളും വന്നു.

- ലക്ഷ്മീ അത്താഴം കഴിഞ്ഞോ?

- കഴിഞ്ഞു ചേച്ചീ.

- സുധിക്ക്‌ ആ മാഷിനോട്‌ വല്ലാത്തൊരു അറ്റാച്‌മെന്റ്‌ ഉണ്ട്‌ അല്ലേ?

ശരത്തേട്ടന്‍ ലക്ഷ്മിയോട്‌ ചോദിച്ചു.

- സുധിയേട്ടന്‌ ശശാങ്കന്‍ സാര്‍ എന്നാല്‍ സര്‍വ്വസ്വമല്ലേ?

ലക്ഷ്മി അങ്ങനെ പറഞ്ഞതിന്റെ പൊരുള്‍ അത്ര പിടികിട്ടിയില്ല.

ലക്ഷ്മി തുടര്‍ന്നു

- കഴിഞ്ഞയാഴ്ച പോയി കണ്ടപ്പോള്‍ സാറിന്‌ അത്ര സുഖമില്ലെന്നു അറിഞ്ഞ്‌ സുധിയേട്ടന്‌ വല്ലാത്ത വിഷമമായിരുന്നു. പിന്നത്തെ നാലു ദിവസം യാത്ര. നാളെ സാറിനെ കാണാന്‍ പോകാന്‍ ഇരിക്കയായിരുന്നു. അപ്പോഴാണ്‌ ചേച്ചി വന്ന് വവരം പറഞ്ഞത്‌ -

അതിശയം തോന്നി. മാഷുമായിട്ട്‌ സുധി ഇത്ര അടുപ്പത്തിലോ? ഒരിക്കല്‍ പോലും സാറിനെ ഇങ്ങനെ സന്ദര്‍ശിക്കാറുണ്ടെന്ന കാര്യം തന്നോട്‌ പറഞ്ഞിട്ടില്ലല്ലോ!

ലക്ഷ്മിയില്‍ നിന്നാണ്‌ പിന്നെ ആ ചരിത്രമെല്ലാം താനറിഞ്ഞത്‌. പതിവായി വൈകിമാത്രം ക്ലാസ്സിലെത്തുന്ന അന്നത്തെ ആ വിദ്യാര്‍ത്ഥിയായ സുധിയെ കൊണ്ട്‌ ശശാങ്കന്‍ സാര്‍ മനസ്സു തുറപ്പിക്കുകതന്നെ ചെയ്തുവത്രേ. തന്റെ വൈകി വരലിന്റെ രഹസ്യം സുധി സാറിനോട്‌ പറഞ്ഞു. അന്നന്നത്തേയ്കുള്ള അന്നത്തിനു വക തേടാനായി ടാക്സിക്കാറുകളും ഓട്ടോറിക്ഷകളും മറ്റും കഴുകുകയും തുടയ്ക്കുകയും ഒക്കെ ചെയ്തിട്ടാണയാള്‍ കോളേജിലേക്ക്‌ വന്നിരുന്നത്‌. ഒരു ദിവസത്തേക്കുള്ള അരിയും മറ്റു സാധനങ്ങളും വാങ്ങാനുള്ള കാശ്‌ തികയുന്നതു വരെ അയാളീ ജോലി ചെയ്തേ പറ്റൂ. വീട്ടില്‍ അമ്മയും പത്തു വയസ്സോളം ഇളപ്പമുള്ള പെങ്ങളും മാത്രം. അഛനില്ല. കുടുംബപ്രാരാബ്ധം മുഴുവന്‍ തന്റെ ഇളം തോളുകളില്‍. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ ദൈവം തന്നിലര്‍പ്പിച്ച കര്‍മ്മങ്ങള്‍ സസന്തോഷം തന്നെ ഏറ്റെടുത്തു ചെയ്യുകയായിരുന്നു ആ ചെറുപ്പക്കാരന്‍. ആ പാവപ്പെട്ട വിദ്യാര്‍ത്ഥിയോട്‌ അറിയാതെയാണെങ്കിലും പരുഷമായി പെരുമാറിപ്പോയതില്‍ നല്ലവനായ ആ അദ്ധ്യാപകന്‍ മനസ്താപപ്പെട്ടു. രണ്ടു പെണ്‍മക്കളുടെ അഛനായ അദ്ദേഹം തനിക്കില്ലാത്തൊരു മകനായി സുധിയെ കണ്ടു. പഠനച്ചിലവുകള്‍ മുഴുവന്‍ വഹിച്ചു. സുധിയും സാറിനെ നിരാശപ്പെടുത്തിയില്ല. തേച്ചുരച്ചെടുത്താല്‍ പത്തരമാറ്റ്‌ തങ്കം തന്നെയാണ്‌ താനെന്ന് അയാളും തെളിയിച്ചു. സുധിയെ ഒരു ഐ.എ.എസ്സുകാരനാക്കി മാറ്റിയതിന്റെ പിന്നിലെ സകല പ്രേരക ശക്തിയും ശശാങ്കന്‍ സാര്‍ ഒരാള്‍ മാത്രമായിരുന്നത്രേ.


*** *** ***


പിറ്റേന്ന് കോളേജില്‍ എത്തിയപ്പോള്‍ എതിരേറ്റത്‌ ശശാങ്കന്‍ സാറിന്റെ നിര്യാണ വാര്‍ത്തയായിരുന്നു.

മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഭാര്യക്കും പെണ്‍‌മക്കള്‍ക്കും ഒപ്പം സുധീര്‍ കുമാര്‍ എന്ന മകനും ഉണ്ടായിരുന്നു.

സുകൃതിയായ ആ അദ്ധ്യാപകന്റെ ആത്മാവിന്‌ ഇതില്‍പരം ഒരു സന്തോഷമുണ്ടാകാനിടയുണ്ടോ?

---------------------------------------------------------


ഗീത.

Copy Right (C) 2009 K.C.Geetha.

46 comments:

വീകെ said...

ഇത്തരം ഗുരുക്കന്മാരെ
ഇന്നു കാണാൻ കിട്ടുമോ..?
ശിഷ്യനേയും ..

Anya said...

Hi
have a wonderful day my friend :-)

hugs from Kareltje =^.^=
greetings Anya :)

പാവപ്പെട്ടവൻ said...

അന്നന്നത്തേയ്കുള്ള അന്നത്തിനു വക തേടാനായി ടാക്സിക്കാറുകളും ഓട്ടോറിക്ഷകളും മറ്റും കഴുകുകയും തുടയ്ക്കുകയും ഒക്കെ ചെയ്തിട്ടാണയാള്‍ കോളേജിലേക്ക്‌ വന്നിരുന്നത്‌. ഒരു ദിവസത്തേക്കുള്ള അരിയും മറ്റു സാധനങ്ങളും വാങ്ങാനുള്ള കാശ്‌ തികയുന്നതു വരെ അയാളീ ജോലി ചെയ്തേ പറ്റൂ.

വളരെ മൃതുലമായി വരച്ച ഈ കഥ ഹൃദയത്തില്‍ ഒരു നോവ്‌ പകര്‍ന്നു എന്ന് പറഞ്ഞാല്‍ അധികമാവില്ല .അതില്‍ എന്‍റെ ഒരു ബാല്യചിത്രം കാണുന്നു. ആശംസകള്‍

ramanika said...

ഗുരു ശിഷ്യ ബന്ധം ഇതാണ്
എല്ലാ നല്ല ഗുരുക്കന്മാര്‍ക്കും പ്രണാമം
ഇവിടെ ഇത്ര മനോഹരമായി ഇത് തന്നതിന് നന്ദി!

VEERU said...

ഇഷ്ടായീ..സുധിയേയും ശശങ്കൻ സാറിനേയും പിന്നെ ഇതെഴുതി ഫലിപ്പിച്ച ആ ശൈലിയേയും ..
ആശംസകൾ !!

രാജീവ്‌ .എ . കുറുപ്പ് said...

അകലെ വച്ചേ കണ്ടു, കാര്‍പോര്‍ച്ചില്‍ സ്റ്റേറ്റ്‌ കാര്‍ കിടപ്പുണ്ട്‌. (ഒരു സിനിമയുടെ തുടക്കം പോലെ മനോഹരം)

ശശാങ്കന്‍ സാറിനെ ഇന്നു തന്നെ പോയി കണ്ടേ തീരൂ എന്ന സുധിയുടെയാ ധൃതി കണ്ടപ്പോള്‍ ചെറിയൊരു അത്ഭുതം തോന്നാതിരുന്നില്ല. (ഈ ഒരു അത്ഭുതം അവസാനം വരെ നിലനിര്‍ത്തി)

ക്ലാസ്സില്‍ താനിരിക്കുന്ന പൊസിഷനില്‍ നിന്നു മാത്രം കാണാവുന്നതായിരുന്നു സുധിയുടെ ഈ വിക്രിയകള്‍ ഒക്കെ. (മറ്റുള്ള കുട്ടികള്‍ എന്തുകൊണ്ട് കണ്ടില്ല എന്നാ എന്റെ ചോദ്യം ഈ വരികള്‍ തീര്‍ത്തു തന്നു, ഡാങ്ക്സ്)

അന്നന്നത്തേയ്കുള്ള അന്നത്തിനു വക തേടാനായി ടാക്സിക്കാറുകളും ഓട്ടോറിക്ഷകളും മറ്റും കഴുകുകയും തുടയ്ക്കുകയും ഒക്കെ ചെയ്തിട്ടാണയാള്‍ കോളേജിലേക്ക്‌ വന്നിരുന്നത്‌. (ഇത് പ്രതീക്ഷിച്ചിരുന്നു)

രണ്ടു പെണ്‍മക്കളുടെ അഛനായ അദ്ദേഹം തനിക്കില്ലാത്തൊരു മകനായി സുധിയെ കണ്ടു. (ദേ ദിത് പ്രതീക്ഷിച്ചില്ലാ)

തേച്ചുരച്ചെടുത്താല്‍ പത്തരമാറ്റ്‌ തങ്കം തന്നെയാണ്‌ താനെന്ന് അയാളും തെളിയിച്ചു. (എനിക്ക് ഏറ്റവും ഇഷ്ടപെട്ട സന്ദര്‍ഭത്തിന് ഉചിതമായ വരികള്‍, കൊട് കൈ)

സുകൃതിയായ ആ അദ്ധ്യാപകന്റെ ആത്മാവിന്‌ ഇതില്‍പരം ഒരു സന്തോഷമുണ്ടാകാനിടയുണ്ടോ? (സത്യം, ഇന്നത്തെ തലമുറകളില്‍ മഷിയിട്ടു നോക്കിയാല്‍ പോലും ഇതുപോലെ ഒരു ഗുരു ശിഷ്യ ബന്ധം കാണാന്‍ പറ്റില്ല എന്ന് മൂന്നരത്തരം)

ഗീതേച്ചി കിടിലന്‍, അല്ല കിക്കിടിലന്‍, താങ്കളുടെ പോസ്റ്റുകളില്‍ ഏറ്റവും മനോഹരമായ ഒന്ന്. മനോഹരമായ രചന ശൈലി, ഒറ്റ വരികളില്‍ പോലും ഇഴച്ചില്‍ അനുഭവപെടാതെ കണ്ണിനു മുന്നില്‍ ചിത്രങ്ങള്‍ ആയി തെളിഞ്ഞ ഗുരു ശിഷ്യ ബന്ധം. "പവിത്രം, അതുല്യം, അമൂല്യം".

രാജീവ്‌ കുറുപ്പ്

രാജേഷ്‌ ചിത്തിര said...

nannayi...paranju..ee kadha

ശ്രീ said...

കഥ നന്നായി, ചേച്ചീ... ശശാങ്കന്‍ സാര്‍ ഭാഗ്യവാന്‍ തന്നെ

Rare Rose said...

ഗീതേച്ചീ.,ഇഷ്ടായീ ട്ടോ.ഈ കൊച്ചു കഥയിലൂടെ ഗുരുശിഷ്യ ബന്ധത്തിന്റെ ശക്തി എത്ര നന്നായി വരച്ചു കാട്ടിയിരിക്കുന്നു..

ഗീത said...

വി.കെ., ആദ്യസന്ദര്‍ശനത്തിന് നന്ദി. അപൂര്‍വ്വമാണെങ്കിലും ഇന്നും അങ്ങനെയുള്ളവര്‍ ഉണ്ട് വീ.കെ.
Anya, Thanks again for this visit. I can hear the loud purr of Kareltje !!!

പാവപ്പെട്ടവന്‍, അത്തരം ഒരു നിലയില്‍ നിന്ന് സ്വപ്രയത്നം മൂലം ഉയര്‍ന്നു വരുമ്പോഴുള്ള ആ സംതൃപ്തി - അതൊന്നു വേറെ തന്നെയല്ലേ? എന്റെ ബാലകൌമാരസ്വപ്നങ്ങളിലും ഇന്നു കഴിയുന്ന രീതിയിലൊരു ജീവിതം ഒരിക്കലും ഉണ്ടായിരുന്നില്ല.

രമണിക, നല്ല ഗുരുക്കന്മാര്‍ നല്ല ശിഷ്യരെ വാര്‍ത്തെടുക്കും. തിരിച്ചും ശരിയാണ് - നല്ല ശിഷ്യന്മാര്‍ക്ക് ഗുരുമനസ്സിനേയും സ്വാധീനിക്കാന്‍ കഴിയും. വായിച്ചതില്‍ വളരെ സന്തോഷം.

വീരു, സന്തോഷമായി. ആ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

രാജീവ് കുറുപ്പ്, ഇത്ര വിശദമായ വായനക്കും അഭിപ്രായങ്ങള്‍ക്കും എങ്ങനെയാണ് നന്ദി പറയുക അനിയാ. ഈ കുറിപ്പ് "പവിത്രം, അതുല്യം, അമൂല്യം" എന്നീ വിശേഷണങ്ങളോടെ ഹൃദയത്തില്‍ സൂക്ഷിക്കും എക്കാലവും. നന്ദി എന്ന രണ്ടക്ഷരത്തില്‍ ഒതുക്കുന്നില്ല.

രാജേഷ്, സന്തോഷം വായിക്കാന്‍ വന്നതില്‍.

ശ്രീ, ശശാങ്കന്‍ സാറും അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാന്‍ കഴിഞ്ഞ സുധിയും ഭാഗ്യവാന്മാര്‍ തന്നെ. ശ്രീ സന്തോഷം.

റോസ്, ഗുരുശിഷ്യബന്ധത്തിന്റെ ശക്തി വളരെ വലുത് തന്നെയാണ്. ഒരു നല്ല ഗുരു ശിഷ്യന്റെ മനസ്സില്‍ ആജീവനാന്തം വസിക്കും തീര്‍ച്ച. (റോസിന്റെ അമ്മയെ പോലെ എന്റെ അമ്മയും ടീച്ചര്‍ ആയിരുന്നു കേട്ടോ. ഇപ്പോള്‍ എനിക്കുമുണ്ട് എന്റെ ഇരുതോളുകളിലും കയറിയിരുന്നെന്നപോലെ എന്നെ സ്നേഹിക്കുകയും, ഉപദേശിക്കുകയും ഈവന്‍ ശാസിക്കുകയും ചെയ്യുന്ന ശിഷ്യഗണങ്ങള്‍ !)

Sureshkumar Punjhayil said...

Pnnyam... Sukrutham...!

Manoharam, Ashamsakal...!!!

ഭൂതത്താന്‍ said...

സുകൃതിയായ ആ അദ്ധ്യാപകന്റെ ആത്മാവിന്‌ ഇതില്‍പരം ഒരു സന്തോഷമുണ്ടാകാനിടയുണ്ടോ?

Anil cheleri kumaran said...

പതിവ് പോലെ മനോഹരമായിട്ടെഴുതി.. ഉന്നത നിലവാരം പുലര്‍ത്തി... പ്രിന്റ് മീഡിയകളിലെ അയച്ച് കൊടുത്തു കൂടേ? കൂടുതല്‍ പേരു വായിക്കട്ടെ.

Manoraj said...

സുകൃതിയായ ആ അദ്ധ്യാപകന്റെ ആത്മാവിന്‌ ഇതില്‍പരം ഒരു സന്തോഷമുണ്ടാകാനിടയുണ്ടോ?

ethu thanneyanu Geetha oru adhyapakante ettavum valiya sambath...oru vidyarthiyude ettavum valiya katamayum... thudaruka...

vinus said...

വായിച്ചു കഴിഞ്ഞ് ലാപ്പ് അടച്ചു വെച്ച് കുറേ നേരം ഇരുന്നു കൂടുതൽ എന്തു പറയാൻ.ഓർമ്മയിൽ പല തരത്തിൽ നിന്ദിച്ച വേദനിപ്പിച്ച അദ്ധ്യാപകർ നിരനിരയായി തന്നെ വന്നു നിന്നു

ഒരു സാധാരണ സ്സൊഫ്റ്റ് ഫീലിങ്സ് ത്രെഡ് അതി മനൊഹരമായ കഥ ആയി മാറി

the man to walk with said...

ചില ബന്ധങ്ങള്‍ അങ്ങിനെയാണ് ..ഇവിടെ നിന്നാണ് തുടങ്ങുന്നത് എന്ന് പറയാനാവില്ല .നന്ദി ഈ കണ്ണ് നിറച്ച പോസ്റ്റിനു ആശംസകള്‍

Typist | എഴുത്തുകാരി said...

ഇതുപോലൊരു ശിഷ്യനെ കിട്ടിയ ആ ഗുരു സുകൃതി തന്നെ. ഇതുപോലൊരു ഗുരുവിനെ കിട്ടിയ ശിഷ്യന്‍ ഭാഗ്യവാനും.

പ്രദീപ്‌ said...

chechi ishtapettu ....

now ia m in my friend's house will write later .

Jayasree Lakshmy Kumar said...

കഥയാണല്ലേ ഗീതേച്ചീ. എന്നാലും കഥ പറഞ്ഞ് ആരെയും കരയിപ്പിക്കരുത് കെട്ടോ :((

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കഥയോ അനുഭവമോ എന്നു സംശയമുണ്ടാക്കുന്ന രചന. ഗുഡ്‌!

ബൈജു (Baiju) said...

ബന്ധങ്ങളുടെ ആര്‍ദ്രത.......
നന്നായിപ്പറഞ്ഞിരിക്കുന്നു...

SAJAN S said...

:)

Anya said...

Greetings from us
Kareltje =^.^=
Anya :)

ഏ.ആര്‍. നജീം said...

വായിച്ചുകഴിഞ്ഞ് ഈ കമന്റ് എഴുതാന്‍ ഒരു അല്പം ഇടവേള വേണ്ടിവന്നു എന്നതാ സത്യം. കാരണം എന്തോ മനസ്സില്‍ കൊണ്ടു.

മാതാ പിതാ ഗുരു ദൈവം..!

മാതാവ് പിതാവിനെ കാണിച്ചു തരുന്നു പിതാവ് ഗുരുവിനെയും ഗുരു ദൈവത്തേയും നമ്മുക്ക് കാണിച്ചു തരുന്നു (അറിവാണല്ലോ സല്‍‌സ്വഭാവത്തിന്റേയും അതുവഴി ദൈവത്തീലേക്കുമുള്ള പാത ). ഈ കഥയില്‍ സൂചിപ്പിച്ച പോലെ ചില സന്ദര്‍ഭങ്ങളില്‍ ഗുരു സ്വയം ദൈവമായി മാറും..

അഭിനന്ദനങ്ങള്‍...

mukthaRionism said...

അയാളുടെ ചിരിക്ക്‌ ഇപ്പോഴും ആ പഴയ നനുനനുപ്പ്‌ തന്നെ.

OAB/ഒഎബി said...

അടുത്ത ജന്മത്തിൽ ഞാനൊരു ശശാങ്കന്‍ സാറാവും.
അപ്പോൾ സുധിമാരുണ്ടാവുമൊ ആവൊ..

നല്ല കഥാ പോസ്റ്റ്.
അഭിനന്ദനങ്ങൾ..

ഭായി said...

എന്റെ എല്ലാ നല്ല ഗുരുക്കന്മാരെയും ഈ തിരക്കിനിടയിലും സ്മരിക്കാന്‍ അവസരമുണ്ടാക്കിതന്ന ടീച്ചര്‍ക്ക് നന്ദി..കടപ്പാട്.

Thabarak Rahman Saahini said...

മനസ്സിനെ വളരെയധികം സ്പര്‍ശിക്കുന്ന
അനുഭവക്കുറിപ്പ്. ഇതുവായിച്ചപ്പോള്‍
ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന
എന്റെ അധ്യാപകരായ സദാശിവന്‍ സാറിനെയും,
ജയകുമാര്‍ സാറിനെയും, വിദ്യാധരന്‍ സാറിനെയും
ഓര്‍മവന്നു. വളരെ നല്ല പോസ്റ്റ് . സുധിയുടെ ഫ്ലാഷ് ബാക്ക്
അല്പം നൊമ്പരം ഉണര്‍ത്തിയെങ്കിലും, നിലാവിനെ
ആസ്വദിക്കുന്ന ആര്‍ജവത്തോടുകൂടിയും,
കൌതുകത്തോടുകൂടിയും എനിക്കിത് വായിക്കാന്‍ കഴിഞ്ഞു .

നന്ദി, വീണ്ടും എഴുതുക.
സ്നേഹപൂര്‍വം
താബു

Irshad said...

കണ്ണു നനയിച്ചു ഈ ബന്ധത്തിന്റെ വര്‍ണ്ണന. പഴയ സ്നേഹമുള്ള അദ്ധ്യാപകരെല്ലാം മനസ്സിലൊന്നു മിന്നി മായുകയും ചെയ്തു.

നല്ല എഴുത്ത്.

ജോയ്‌ പാലക്കല്‍ - Joy Palakkal said...

അതിമനോഹരമായ കഥ!!
ഗുരുശിഷ്യബന്ധത്തിന്റെ ആഴങ്ങള്‍ തുറന്നുകാണിയ്ക്കുന്ന കഥ!!
മനസ്സിലൊരു വേദന പകര്‍ന്ന കഥ!!
അഭിനന്ദനങ്ങള്‍!!!

Areekkodan | അരീക്കോടന്‍ said...

ഗുരു ശിഷ്യ ബന്ധം അങനെയാണ്...അങനെയാവേണ്ടതാണ്,എന്നാല്‍ ഇന്ന് ????

പട്ടേപ്പാടം റാംജി said...

"അയാളുടെ ചിരിക്ക്‌ ഇപ്പോഴും ആ പഴയ നനുനനുപ്പ്‌ തന്നെ. ഐ.എ.എസ്സിന്റെ പ്രൌഢഗാംഭീര്യമൊന്നും അതിനു കൈവന്നിട്ടില്ല"ഓരോ വരിയിലും ചിത്രങ്ങള്‍ വളരെ വ്യക്തമാക്കിയിരിക്കുന്നു. നമ്മള്‍ അനുഭവിച്ച, ഇന്നത്തെ തലമുറയില്‍ കാണാന്‍ കഴിയാത്ത ബന്ധങ്ങള്‍ വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു.

ഗീത said...

സുരേഷ്, തീര്‍ച്ചയായും പുണ്യം തന്നെ.

ഭൂതത്താന്‍, അതങ്ങനെ തന്നെയല്ലേ?

കുമാരന്‍, ആ വലിയ പ്രോത്സാഹനത്തിന് എങ്ങനെയാണ് നന്ദി പറയേണ്ടത്? പണ്ട് അങ്ങനെ വാരികകള്‍ക്കൊക്കെ അയയ്ക്കുമായിരുന്നു. പിന്നെ ജീവിതത്തിരക്കുകള്‍ക്കിടയില്‍ എഴുത്തൊക്കെ നിന്നുപോയി. കുറേനാള്‍ പിന്നെ പാട്ടെഴുതലായി. ആര്‍ക്കും വേണ്ടാത്ത ആ പാട്ടുകള്‍ എന്റെ ഡയറിയുടെ താളുകളില്‍ സസുഖം ഉറങ്ങുന്നു.

മനോരാജ്, ഒരദ്ധ്യാപകന്റെ ഏറ്റവും വലിയ സമ്പത്ത് ശിഷ്യഗണങ്ങള്‍ തന്നെയാണ്. എന്റെ അമ്മയും ഒരു ടീച്ചര്‍ ആയിരുന്നു. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, പല ഓഫീസുകളിലും ചെല്ലുമ്പോള്‍ പല സീറ്റുകളില്‍ നിന്നും ആളുകള്‍ എഴുന്നേറ്റു നില്‍ക്കുമെന്ന്. എല്ലാം അമ്മയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. അവര്‍ എന്നും സഹായഹസ്തവുമായേ അണഞ്ഞിട്ടുള്ളൂ.

vinus, "ഓർമ്മയിൽ പല തരത്തിൽ നിന്ദിച്ച വേദനിപ്പിച്ച അദ്ധ്യാപകർ നിരനിരയായി തന്നെ വന്നു നിന്നു " - ഇതു വായിച്ചപ്പോള്‍ ഒരു സംശയം - ആര് ആരെയാണ് നിന്ദിച്ചതും വേദനിപ്പിച്ചതും? കാരണം, എന്റെ അനുഭവത്തില്‍, എന്നെ വേദനിപ്പിച്ച അദ്ധ്യാപകരുണ്ട്, എന്നെ നിന്ദിച്ച ശിഷ്യരും ഉണ്ട്. ഇവരേയും ഒരിക്കലും മറക്കില്ല. വായനക്ക് നന്ദി.

ഗീത said...

the man to walk with, ശരിയാണ് നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത വഴികളിലാവും ബന്ധങ്ങള്‍ തളിര്‍ത്തു തുടങ്ങുക.

എഴുത്തുകാരീ, തീര്‍ച്ചയായും.

പ്രദീപ്, വളരെ സന്തോഷം.

ലക്ഷ്മി, കരയിച്ചെങ്കില്‍ മാപ്പ്.

ജിതേന്ദ്ര, മുഴുവനും ഭാവനയല്ല കേട്ടോ.

ബൈജു, ചില ബന്ധങ്ങള്‍ക്ക് ആര്‍ദ്രതയേറും.

സാജന്‍, വന്ന് ആ സ്മൈലി തന്നതില്‍ സന്തോഷം.

മുക്താര്‍, ഉയര്‍ച്ചകളുടെ ഭാരത്താല്‍ ‍ വികലമാക്കപ്പെടാത്ത ചിരിയാണത്.

ഓഏബി, ആഗ്രഹിച്ചപോലെ നടക്കട്ടേ. അന്നും സുധിമാരുണ്ടാകും, തീര്‍ച്ച. ആ നല്ല മനസ്സിന് നന്ദി.

നജീം, മനുഷ്യനില്‍ നന്മ ഇപ്പോഴുമുണ്ട്. വായിച്ചതില്‍ വളരെ സന്തോഷം.

ഭായീ, ഗുരുസ്മരണ ഉണര്‍ത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

ഗീത said...

താബു, സ്മരണയിലെന്നും നിറഞ്ഞു നില്‍ക്കുന്ന അദ്ധ്യാപകരുടെ ശിഷ്യനാകാന്‍ കഴിയുക എന്നതും ഒരു ഭാഗ്യം തന്നെ. എന്റെ ഒരനുഭവം പറയട്ടെ. ഈ ബ്ലോഗിലൂടെ പരിചയപ്പെട്ട ഒരാള്‍ (കോഴിക്കോട്ടുകാരനാണെന്നു തോന്നുന്നു), ഞാന്‍ ടീച്ചര്‍ ആണെന്നറിഞ്ഞ്, തന്റെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയ ഒരു ടീച്ചറെ കുറിച്ച് എഴുതിചോദിച്ചു. എത്ര സ്നേഹവും ആദരവും നിറഞ്ഞ വാക്കുകളോടെയാണെന്നോ ആ ആള്‍ തന്റെ അദ്ധ്യാപികയെ കുറിച്ച് പറഞ്ഞത്. ഞാനാ ഭാഗ്യവതിയായ ടീച്ചറെ അന്വേഷിച്ചു കണ്ടുപിടിച്ചു. ഇങ്ങനെ ഒരു ശിഷ്യന്റെ അന്വേഷണത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടാളുടെയും കണ്ണുകള്‍ നിറഞ്ഞുപോയി.
ആ ആസ്വാദനത്തിന് നന്ദി താബു.

പഥികന്‍, സ്നേഹം കണ്ണീരും പകരുമല്ലോ. ആ ഗുരുസ്മരണം അനുഗ്രഹമാകും.

ജോയ്, ആ നല്ല വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

അരീക്കോടന്‍, തീര്‍ച്ചയായും അങ്ങനെ തന്നെ ആകണം ഗുരുശിഷ്യബന്ധം.

pattepadamramji, വളരെ സന്തോഷം. ഇതെഴുതുമ്പോള്‍ ഇതില്‍ നിന്നും കടകവിരുദ്ധമായ ഒരനുഭവവും ഓര്‍മ്മ വരുന്നു. ഒരദ്ധ്യാപികയുടെ ശിഷ്യ പില്‍ക്കാലത്ത് ഐ.ഏ.എസ് കാരിയായി അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ വന്ന് അവരുടേയും ഭരണാധികാരിയായി. ഒരവസരത്തില്‍ ആ അദ്ധ്യാപികക്ക് പറ്റിയ ഒരു പാളിച്ചയുടെ പേരില്‍, ആ ഐ.എ.എസ് കാരി പലരുടേയും മുന്നില്‍ വച്ച് അവരെ കഠിനമായി ശാസിച്ചു. അങ്ങനേയും ഉണ്ട് ആള്‍ക്കാര്‍.

Sabu Kottotty said...

ആത്മ സ്പര്‍ശിയായ കഥ.....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

നന്നായി കഥ പറഞ്ഞു.
ആശംസകൾ

Anya said...

I hope all is well

Have a nice weekend :-)

ചാണക്യന്‍ said...

ലളിതമായ ആഖ്യാന ശൈലികൊണ്ട് മനോഹരമായിരിക്കുന്നു ഈ കഥ....

ആശംസകൾ ചേച്ചീ....

Muralee Mukundan , ബിലാത്തിപട്ടണം said...

ഗീത,അനുഭവമായാലും,കഥയായാലും അതിമനോഹരമായി ആ ഗുരുശിഷ്യബന്ധം അവതരിപ്പിച്ചിരിക്കുന്നൂ...
ഏതെങ്കിലും വരികകളിൽ പ്രസിദ്ധീകരണത്തിനായി അയച്ചുകൊടുക്കൂ..കേട്ടൊ

pandavas... said...

സുകൃതിയായ ആ അദ്ധ്യാപകന്റെ ആത്മാവിന്‌ ഇതില്‍പരം ഒരു സന്തോഷമുണ്ടാകാനിടയുണ്ടോ?


സത്യം.

VEERU said...

സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെദൂരമുണ്ട് വണ്ടിയോടിച്ചു പോകാന്‍. ഏഴുമണി കഴിയും എന്തായാലും അവിടെ എത്തിപ്പറ്റാന്‍. ഡ്രൈവിങ്ങിന്റെ വിരസത അകറ്റാനായി അയാള്‍ ആ ചെറുകവലയില്‍ വണ്ടിനിറുത്തി. റോഡിന്റെ വലതു വ...
ഈ പോസ്റ്റെവിടെ??

ഗീത said...

കൊട്ടോട്ടിക്കാരന്‍, ആദ്യമായുള്ള ഈ വരവിന് സന്തോഷം. കഥ ഇഷ്ടമായതിലും.

പള്ളിക്കരയില്‍, വളരെ സന്തോഷം ഈ പ്രോത്സാഹനത്തിന്.

ബിലാത്തിപട്ടണം, വാരികകള്‍ ഇതൊക്കെ സ്വീകരിക്കുമോ? എന്തായാലും ഇനിയുമിനിയും എഴുതാന്‍ പ്രേരണ നല്‍കുന്ന ഈ വാക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.

ചാണൂ, കുറേ നാളായല്ലോ ഇങ്ങോട്ടൊക്കെ ഒന്നു വന്നിട്ട്? ഇടക്കൊക്കെ ഒന്നിങ്ങോട്ടും എത്തിനോക്കിക്കൂടേ?

പാണ്ഡവാസ്, ഇത്തരം പാവനമായ ഗുരുശിഷ്യബന്ധങ്ങളുമുണ്ട്. സന്തോഷം കേട്ടോ കഥ വായിക്കാന്‍ വന്നതില്‍.

വീരൂ, അതെഴുതിയിട്ട് കൊള്ളൂല്ലാന്ന് തോന്നി ഡ്രാഫ്റ്റാക്കി. ദേ പിന്നേം അതു പോസ്റ്റി.
വായിച്ചിട്ട് എന്നെ കൊന്നോളൂ...

Akbar said...

ഗീത ഈ പോസ്റ്റിനു ആശംസകള്‍ ആദ്യം തന്നെ
തുടക്കം മുതല്‍ അവസാനം വരെ പിടിച്ചിരുത്തുന്ന വളരെ ടച്ചിംഗ് ആയ എഴുത്ത്. ഇരുത്തം വന്ന ഒരു എഴുത്തുകാരെയേ ഈ പോസ്റ്റില്‍ കാണാം

ഗീത said...

അക്ബര്‍, ഇങ്ങനത്തെ കമന്റ് ഒക്കെ എഴുതിയാല്‍ പിന്നെ ഞാനാപ്പറഞ്ഞപോലൊക്കെത്തന്നെയങ്ങ് ആയിത്തീരും, പറഞ്ഞേക്കാം.
മനസ്സു നിറഞ്ഞ നന്ദി അക്ബര്‍.

Ajay said...

This story gives a pleasurable pain, noovinte sukham pole;
I liked the theme, and the people appearing in the canvas with a wide perspective

well done
ajay