-ശാരീ നീയീ ചെയ്യുന്നത് ശരിയല്ല -
- നോക്കൂ, നീയെന്റെ ബെസ്റ്റ് ഫ്രണ്ടൊക്കെ തന്നെ, സമ്മതിച്ചു. എന്നു വച്ച് എല്ലാ കാര്യത്തിലും നിന്റെ ഉപദേശത്തിനനുസരിച്ച് ഞാന്‍ പ്രവര്‍ത്തിച്ചുകൊള്ളുമെന്ന് നീ കരുതരുത്-
ശാരി കയര്‍ത്തു.
- നിന്റെ ഇഷ്ടം -
എല്ലാവരും വിനയന്റെ വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങുന്നു. വാന്‍ അറേഞ്ച് ചെയ്തിട്ടുണ്ട്. അവള് വരുന്നില്ലെങ്കില്‍ വേണ്ട. തനിക്കു പോയേ പറ്റൂ. ബാഗുമെടുത്തു ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ശാരി റിട്ടയറിങ്ങ് റൂമിലേക്കു നടക്കുന്നതു കണ്ടു.
പറയാനുള്ളതു പറഞ്ഞു. ഇനി അവളുടെ ഇഷ്ടം പോലാവട്ടേ.
മറ്റുള്ളവരുടെ ഒപ്പം വാനില്‍ കയറി.
-ശാരി എന്തിയേ?
ആരോ ചോദിക്കുന്നതു കേട്ടു.
ചോദ്യം തന്നോടല്ല എന്ന മട്ടില്‍ മിണ്ടാതിരുന്നതേയുള്ളു.
വാന്‍ നിറഞ്ഞു കഴിഞ്ഞു. ഇനി വരുന്നവര്‍ക്ക് ഇരിക്കാനിടമില്ല. തന്റൊപ്പം സീറ്റിലിരുന്നത് ഓഫീസില്‍ മറ്റൊരു സെക്ഷനിലെ കുട്ടിയായിരുന്നു. ശാരിയെ കുറിച്ച് ചോദ്യങ്ങളൊന്നും അവളില്‍ നിന്നുമുണ്ടായില്ല.
ഡ്രൈവര്‍ കയറി. ഒരു നീണ്ട ഹോണ്‍ അടിച്ചു, വാന്‍ സ്റ്റാര്‍ട്ട് ചെയ്തു.
- ഹേ, ഒരു മിനിറ്റ് -
മുന്നിലാരോ വിളിച്ചു പറയുന്നതു കേട്ടു.
പുറത്തേയ്ക്കു നോക്കിയപ്പോള്‍,ദേ അതാ വരുന്നു അവള് - ശാരി.
മുഖം താഴ്ത്തിപ്പിടിച്ച് അലസമായ നടത്തയോടെയുള്ള ആ വരവു കണ്ടപ്പോള്‍ ഈ ദു:ഖസന്ദര്‍ഭത്തിലും ചിരിക്കാനാണു തോന്നിയത്. ഹോ എന്തൊരു ജാഡയായിരുന്നു.
വിനയന്റെ അഛന് മരിച്ചു, ഇന്നലെ രാത്രിയില്‍. മരണമന്വേഷിച്ച് ഓഫീസില്‍ നിന്ന് എല്ലാവരും വാന്‍ പിടിച്ച് പോകയാണ്.
ശാരിക്ക് ഒരേ വാശി. വിനയന്റെ വീട്ടിലേക്ക് പോകില്ല എന്ന്.
സെക്ഷനില്‍ ചിലര്‍ക്കൊക്കെ അറിയാം അവളും വിനയനും തമ്മിലുള്ള പോരിനെ കുറിച്ച്. എന്നാലും വാശിയും വൈരാഗ്യവും കാണിക്കാനുള്ള സന്ദര്‍ഭമല്ലല്ലോ ഇത്. താന്‍ എന്തൊക്കെ പറഞ്ഞിട്ടും ഒന്നും അവളുടെ തലയില്‍ കയറിയില്ല. പോരെങ്കില്‍ കയര്‍ക്കുകയും. പിന്നിപ്പോഴീ മനം മാറ്റമുണ്ടാവാനുള്ള പ്രേരണ എന്താണാവോ?
അവള് ബസ്സില്‍ കയറി. മുന്നിലെ തിരക്കിനിടയില്‍ തന്നെ നിന്നു. താന്‍ എവിടെയാണ് എന്ന് അന്വേഷിക്കാനുള്ള ശ്രമമൊന്നും നടത്തിയില്ല.
- ദേ ശാരിയും കയറി കേട്ടോ -
മുന്നിലാരോ അടക്കം പറയുന്നതു കേട്ടു.
ഓഫീസില്‍ മറ്റു സെക്ഷനുകളില്‍ ഉള്ള ചിലര്‍ക്കും അറിയാമെന്നു തോന്നുന്നു ശാരിയും വിനയനുമായുള്ള ഉടക്ക്.
അവരുടെ കണ്ണില്‍, ധാര്‍ഷ്ട്യക്കാരനായ മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥയും തമ്മിലുള്ള പോര്. ഏത് ഓഫീസിലും ഉണ്ടാകാവുന്ന ഒരു സാധാരണ സംഭവം.
പക്ഷേ വെറും അഞ്ചു പേര് മാത്രമുള്ള തങ്ങളുടെ സെക്ഷനില്‍ ഇതിനെ പ്രതി ഒരു പക്ഷം പിടിക്കലിനോ പോരു മൂപ്പിക്കലിനോ ഉള്ള ശ്രമം ഒരിക്കലും ഉണ്ടായിട്ടില്ല. വനിതാ ഉദ്യോഗസ്ഥരായ തങ്ങള്‍ രണ്ടുപേരെ കൂടാതെ മൂന്നു പുരുഷന്മാരും, ഒരു പ്യൂണും, എല്ലാവരുടേയും മേധാവിയായി വിനയന് സാറും അടങ്ങിയതാണ് തങ്ങളുടെ സി. സെക്ഷന്‍. പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ക്ക് ഈ ഉള്‍പ്പോരിനെ കുറിച്ച് അറിയുമായിരുന്നെങ്കില്‍ കൂടി അവരതു ഭാവിച്ചതേയില്ല. ശാരിക്ക് എന്തിനേ ഇത്ര വിദ്വേഷം തങ്ങള്‍ക്കൊക്കെ സമ്മതനായ മേലുദ്യോഗസ്ഥനോട് എന്നൊരു ചോദ്യം അവരുടെയൊക്കെ മനസ്സുകളില്‍ ഉണ്ടായിരുന്നു താനും.
ശാരിയുടെ എരിപൊരി കൊള്ളുന്ന മനസ്സ് തനിക്കു കാണാന്‍ കഴിഞ്ഞതു പോലെ മറ്റുള്ളവര്‍ക്ക് ആയില്ല എന്നതും ഒരു ഭാഗ്യം.
ശാരിയുടെ അഭിപ്രായത്തില്‍ വിനയന് എന്ന മേലുദ്യോഗസ്ഥന് അഹങ്കാരിയും ഗര്‍വ്വിഷ്ഠനുമാണ്. അയാളുടെ ജാഡ അവള്‍ക്ക് അസഹ്യമാണത്രേ.
വാട്ട് ആന്‍ ആരൊഗന്റ് ഗൈ!
ഇതാണവളുടെ സ്ഥിരം പല്ലവി.
പക്ഷേ എന്നുതൊട്ടാണ് വിനയന് ശാരിയുടെ കാഴ്ചപ്പാടില്‍ 'ആരൊഗന്റ് ഗൈ' ആയി മാറിയത്?
വിനയന് ആദ്യമായി ഈ ഓഫീസില്‍ ചാര്‍ജ്ജ് എടുത്ത ദിവസം ഇന്നുമോര്‍മ്മയുണ്ട്. പുതിയ ഓഫീസറുടെ വരവ് ആകാംക്ഷയോടെ എല്ലാവരും പ്രതീക്ഷിച്ചിരിക്കയാണ്. വടക്കു നിന്നു വരുന്നയാളാണ് എന്നതല്ലാതെ മറ്റൊരറിവും പുതിയ ഓഫീസറെക്കുറിച്ച് ഇല്ലായിരുന്നു.
ആദ്യ ദിവസം ഏകദേശം പത്തുമുപ്പതോടു കൂടി വിനയന് എത്തി. സെക്ഷനിലുള്ളവരെല്ലാം സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ എതിരേറ്റു. സാമാന്യം നല്ല ഉയരം, വൃത്തിയായ വസ്ത്രധാരണം, ഇരുനിറം, സുമുഖന്‍ എന്നുതന്നെ പറയാം. എടുത്തുപറയേണ്ടത് ആ വശ്യമായ ചിരിയായിരുന്നു.
പുതുതായി വരാന്‍ പോകുന്ന മേലുദ്യോഗസ്ഥനെ പറ്റി കീഴുദ്യോഗസ്ഥര്‍ക്ക് സ്വഭാവികമായും ചില ആശങ്കകളൊക്കെ ഉണ്ടാകുമല്ലോ. മുരടനും മൊശടനും ബോറനും ഒക്കെ ആയിരിക്കുമോ അയാള്‍? അങ്ങനെയുള്ള ഒരാളിന്റെ കീഴില്‍ ദിവസത്തിന്റെ ഭൂരിഭാഗം എങ്ങനെ കഴിച്ചുകൂട്ടും?
വിനയന് എന്ന ഓഫീസര്‍ കടന്നു വന്ന നിമിഷം തന്നെ മിക്കവരുടേയും മനസ്സിലെ ആ വക ആശങ്കകള്‍ ഒക്കെ ഒഴിഞ്ഞു പോയി എന്നു തോന്നുന്നു. ആവശ്യമില്ലാത്ത ജാഡകളില്ല. പകരം സൗഹൃദത്തിന്റെ പ്രകാശം പരത്തുന്ന പുഞ്ചിരി.
കൈയിലുണ്ടായിരുന്ന ബാഗ് ക്യാബിനകത്തു വച്ച ശേഷം അദ്ദേഹം ആ വശ്യമനോഹരമായ പുഞ്ചിരിയുമായി തങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വന്നു, എല്ലാവരുമായും പരിചയപ്പെടുക എന്ന ഉദ്ദേശ്യവുമായി.
ആദ്യം വിനയന് തന്നെ സ്വയം പരിചയപ്പെടുത്തി. കണ്ണൂരാണ് വീട്. ഭാര്യയും ഒരു മകനും ഉണ്ട്. ഭാര്യ വീട്ടമ്മ. മകന് മൂന്നാം ക്ലാസ്സില്‍. അഛനും അമ്മയും ഒപ്പമുണ്ട്. അഛന് കണ്ണൂര്‍ക്കാരനാണെങ്കിലും അമ്മ ഈ നാട്ടുകാരി. അമ്മയുടെ വക ഒരു വീടും പറമ്പും ഇവിടുണ്ട്. ആ പഴയവീട് നന്നാക്കി ഇപ്പോള്‍ താമസസൗകര്യം ഒരുക്കിയിരിക്കുന്നു.
പിന്നെ സെക്ഷനിലുള്ള ഓരോരുത്തരെയായി പരിചയപ്പെട്ടു. ആ പരിചയപ്പെടല്‍ കൂടി കഴിഞ്ഞപ്പോള്‍ എല്ലാവരുടേയും മനസ്സുകളില്‍ ഒരു കുളിര്‍മഴ പെയ്തപോലെ.
എന്തെന്നറിയില്ല, ശാരി സ്വയം പരിചയപ്പെടുത്തിയപ്പോള്‍ അവളുടെ കണ്ണുകളില്‍ ഒരു പ്രത്യേക തിളക്കം ദര്‍ശിക്കാനായോ എന്നൊരു ചിന്ത എങ്ങനെയോ തന്റെ മനസ്സില്‍ കടന്നുകൂടി. അവള് വിനയന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടയായോ? കുറ്റം പറയാന്‍ പറ്റില്ല. ഇത്തിരി ആകര്‍ഷണീയതയൊക്കെയുണ്ടല്ലോ പുള്ളിക്കാരന്.
മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ വളരെ അനുഭാവപൂര്‍വം നോക്കിക്കാണുക - അധികമാരിലും കാണാന്‍ കഴിയാത്തൊരു സ്വഭാവ സവിശേഷതയാണത്. വിനയന് അത്തരമൊരു അപൂര്‍വ്വവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. മേലുദ്യോഗസ്ഥന് എന്ന നിലയില്‍ കീഴുദ്യോഗസ്ഥരുടെ മനം കവരുക തന്നെ ചെയ്തു അയാള്‍.
ശാരിയെ കുറിച്ച് ആദ്യദിനം തനിക്കു തോന്നിയ ആ സംശയം തീരെ അസ്ഥാനത്തായിരുന്നില്ല എന്ന് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചു. സ്വന്തം മനസ്സില്‍ വിനയനായി ഒരിടം അവള് നീക്കി വച്ചു.
പോട്ടെ, നല്ലവരായ മനുഷ്യരോട് ഇത്തിരി ആരാധന തോന്നിപ്പോകുന്നത് ഒരു തെറ്റാണെന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷേ ആ ആരാധനക്ക് മറ്റൊരു നിറം പകരരുത്.
ശാരിക്കതിനു കഴിഞ്ഞില്ല. അവളുടെ ആരാധന പല രൂപഭാവങ്ങളില്‍ പുറത്തേയ്ക്ക് പരന്നൊഴുകാന്‍ തുടങ്ങി.
ശാരി ഒരു നല്ല കുടുംബജീവിതത്തിന്റെ ഉടമയാണ്. ഉന്നതപദവിയിലിരിക്കുന്ന സ്നേഹധനനായ ഭര്‍ത്താവും ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന, മിടുക്കനായ മകനുമടങ്ങുന്ന കൊച്ചു കുടുംബം. ആവശ്യത്തിന് സാമ്പത്തികശേഷി. അല്ലലും അലട്ടുമില്ലാതെ ശാന്തസുന്ദരമായ നദി പോലെ ഒഴുകുന്ന ജീവിതം.
എന്നിട്ടും അവളെന്തേ ഇങ്ങനെ? അന്യനൊരാളിന് മനസ്സിലിടം നല്‍കുക? അയാള്‍ വിവാഹിതനാണെന്നറിഞ്ഞിട്ടും കൂടി? കുറച്ചൊക്കെ ഒരു യാഥാര്‍ത്ഥ്യബോധം വേണ്ടേ?
എല്ലാം നിശബ്ദമായി മനസ്സിലാക്കിക്കൊണ്ടിരുന്ന താന്‍, കാര്യങ്ങള്‍ അത്ര പന്തിയല്ലാത്ത രീതിയിലേക്ക് പോകുന്നു എന്നു കണ്ടപ്പോള്‍ അവളെ ഉപദേശിക്കാന്‍ ശ്രമിച്ചു.
അവളുടെ ആദ്യ പ്രതികരണം പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു പൊട്ടിത്തെറിയായിരുന്നു. പിന്നെ കരഞ്ഞു. അവസാനം അവള് സമ്മതിച്ചു, അവളുടെ മനസ്സ് താന്‍ ശരിയായി തന്നെയാണ് വായിച്ചിരുന്നതെന്ന്.
പക്ഷേ തന്റെ ആ ഉപദേശം ഗുണത്തേക്കാളേറെ ദോഷം ചെയ്തുവോ എന്നാണിപ്പോള്‍ സംശയം. എന്തായാലും അവളുടെ മനസ്സിലിരുപ്പ് കൂട്ടുകാരിയായ താന്‍ അറിഞ്ഞു കഴിഞ്ഞു. ഇനിയിപ്പോള്‍ ഒന്നും ഒളിക്കാനില്ലെന്ന മട്ടായതു പോലെ. വിനയനെ കുറിച്ചവള്‍ പലപ്പോഴും വാചാലയാവും. പലപ്പോഴും താന്‍ തീരെ ശ്രദ്ധിക്കുന്നില്ല എന്ന ഭാവം കാണിച്ചാലും അവള് നിറുത്തില്ല.
ഏറ്റവും അതിശയിപ്പിച്ചതും വേദന തോന്നിപ്പിച്ചതുമായ കാര്യം അവളില്‍ കുറ്റബോധത്തിന്റെ യാതൊരു ലാഞ്ചനയും ഉണ്ടായിരുന്നില്ല എന്നതാണ്.
മനുഷ്യമനസ്സുകള്‍ എത്ര വിചിത്രമായ വീഥികളിലൂടെയാണ് ചരിക്കുന്നത്!
ആദ്യമാദ്യം തന്നോടു മാത്രം തുറന്നു കാട്ടിയിരുന്ന വിനയനോടുള്ള ആരാധന മെല്ലെ മെല്ലെ അയാള്‍ക്കു മുന്‍പിലും പ്രകടമാക്കാന്‍ തുടങ്ങി അവള്. പല പല കാരണങ്ങള്‍ പറഞ്ഞ് ഇടയ്ക്കിടെ വിനയന്റെ ക്യാബിനിലേക്ക് കടന്നുചെല്ലുക ഒരു പതിവാക്കി. തന്റെ സാരോപദേശത്തിന് പുല്ലുവില പോലും കല്‍പ്പിച്ചില്ല.
രണ്ടു കുടുംബങ്ങളാണ് തകരാന്‍ പോകുന്നത് എന്ന സത്യം തന്നെ വല്ലാതെ അലട്ടിയിരുന്നു. പറഞ്ഞിട്ടെന്തു കാര്യം? ഒരിക്കലിതു പറഞ്ഞപ്പോള്‍ കുടുംബങ്ങള്‍ തകരാതെ താന്‍ നോക്കിക്കോളാം എന്നായി അവള്. സെക്ഷനിലുള്ള മറ്റുള്ളവര്‍ ഇതൊന്നും മനസ്സിലാക്കരുതേ എന്ന പ്രാര്‍ത്ഥന ആയിരുന്നു തന്റെ ഉള്ളില്‍.
പക്ഷേ ...
ഒരു ദിവസം ഉച്ചയ്ക്ക് മൂന്നര മണി കഴിഞ്ഞ നേരം. ശാരി വിനയന്റെ ക്യാബിന്റെ ഹാഫ് ഡോര്‍ തുറന്ന് കടന്നു ചെന്നു.
സഹപ്രവര്‍ത്തകരായ പുരുഷ ജീവനക്കാര്‍ ക്യാന്റീനില്‍ പോയിരിക്കയാണ്.
വിനയന്റെ ക്യാബിനിലിരുന്ന് ശാരി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. വാക്കുകള്‍ വ്യക്തമല്ല.
പെട്ടെന്നാണ് വിനയന്റെ ഒച്ച ഉയര്‍ന്നു കേട്ടത്.
- യു പ്ലീസ് ഗെ.. ഗോ ടു യുവര്‍ സീറ്റ്.
- ആന്‍ഡ് റിമംബര്‍. ഐ ആം നോട്ട് എക്സ്പെക്ടിങ്ങ് യു ഇന്‍ ദിസ് ക്യാബിന് -
ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ താനും പകച്ചിരുന്നു പോയി.
എല്ലാം പകല്‍ പോലെ വ്യക്തം. ശാരിയുടെ ഈ മുന്നേറ്റങ്ങള്‍ വിനയന് തീരെ അസഹ്യമായി തോന്നിയിട്ടുണ്ടാവണം. വിനയന് പൊട്ടിത്തെറിച്ചു പോയതാണ്.
വല്ലാതെ ഇരുണ്ട മുഖവുമായി ശാരി ക്യാബിനില്‍ നിന്ന് തല കുനിച്ച് ഇറങ്ങി വരുന്നതു കണ്ടു.
പെട്ടെന്നു തന്നെ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത്, അകത്തു നടന്നതൊന്നും താനറിഞ്ഞതേയില്ല എന്നഭാവത്തില്‍ ജോലിയില്‍ മുഴുകിയിരിക്കുന്നതായി അഭിനയിച്ചു.
ആ സംഭവത്തിനു ശേഷം അടുത്ത 2 ദിവസങ്ങള്‍ അവള് ലീവ് എടുത്തു. ഒന്നുമറിയാത്ത ഭാവത്തില്‍ കാരണം ആരാഞ്ഞപ്പോള്‍ പനിയാണെന്നൊരു കള്ളത്തരവും തട്ടിവിട്ടു. പാവം, താന്‍ ഒന്നും അറിഞ്ഞിട്ടില്ല എന്നു തന്നെ അവള് വിശ്വസിച്ചോട്ടെ.
വിനയനാകട്ടേ ഇങ്ങനൊരു സംഭവം നടന്നതിന്റെ യാതൊരു സൂചനയും ആര്‍ക്കും നല്‍കിയില്ല.
അവധിയും അതിനെ തുടര്‍ന്നു വന്ന ഒരൊഴിവു ദിനവും കഴിഞ്ഞ് ഓഫീസില്‍ ഹാജരായ ശാരി മുഖത്ത് യാതൊരുവിധമായ ഭാവഭേദങ്ങളും വരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചതുപോലെ. എന്തൊക്കെ മുഖം മൂടി അണിഞ്ഞാലും അവളുടെ ഉത്സാഹക്കുറവ് തനിക്കു മനസ്സിലാവും. പക്ഷേ താനൊന്നും തന്നെ അറിഞ്ഞിട്ടുമില്ല കണ്ടിട്ടുമില്ല.
ആ ദിവസത്തിനു ശേഷം, വിനയന് എത്തിയതിനു ശേഷം മാത്രം ഓഫീസിലെത്താന്‍ ശാരി ശ്രദ്ധിച്ചു. അയാള്‍ കടന്നു വരുമ്പോള്‍ അയാളെ വിഷ് ചെയ്യുക എന്ന കര്‍മ്മം ഒഴിവാക്കാമല്ലോ.
വിനയനിലും വന്നു ചില മാറ്റങ്ങള്‍. വല്ലപ്പോഴുമൊക്കെ ക്യാബിനില്‍ നിന്നിറങ്ങിവന്ന് തന്റെ സബോര്‍ഡിനേറ്റ്സിനോടൊപ്പം ചില നിമിഷങ്ങള്‍ ചിലവഴിക്കുമായിരുന്നു നന്മയുള്ള ആ മേലുദ്യോഗസ്ഥന്. ആ രീതി അങ്ങു പാടേ ഉപേക്ഷിച്ചതു പോലെ.
പുറമേക്ക് എല്ലാം ശാന്തമെന്ന് ഭാവിക്കുന്നുണ്ടായിരുന്നെങ്കിലും ശാരിയുടെ മനസ്സ് അഗ്നിപര്‍വതം പോലെ പുകഞ്ഞുകൊണ്ടിരിക്കയാണെന്ന് തനിക്കറിയാമായിരുന്നു. നിരസിക്കപ്പെട്ട് മുറിപ്പെട്ട സ്ത്രീത്വത്തിന്റെ നോവ് അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. ആ അലട്ടല്‍ വിനയനു നേരെയുള്ള വെറുപ്പിന്റെ ലാവയായി അവളില്‍ നിന്നു പ്രവഹിക്കാന്‍ തുടങ്ങി.
തങ്ങള്‍ക്കെല്ലാം സുസമ്മതനായ വിനയന് സാറിനോട് ശാരിക്കു മാത്രം എന്തേ ഇത്ര ഈര്‍ഷ്യ എന്ന് ഒരു ചോദ്യം സഹപ്രവര്‍ത്തകരുടെ മനസ്സുകളില്‍ തത്തിക്കളിക്കുന്നുണ്ട് എന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
**********
വിനയന്റെ വീടെത്തി. വിശാലമായ പറമ്പില്‍, പഴമയുടെ ഗാംഭീര്യം വിളിച്ചോതി പ്രൗഢിയോടെ തല ഉയര്‍ത്തി നില്ക്കുന്ന ഒരു ഒറ്റനില കെട്ടിടം. എല്ലാവരും നിശ്ശബ്ദരായി വാനില്‍ നിന്നിറങ്ങി.
ദു:ഖം ഘനീഭവിച്ച മുഖത്തോടെ വിനയന്.
തങ്ങളുടെ വരവ് ചെറിയൊരു തലയാട്ടലിനാല്‍ അംഗീകരിച്ചു അയാള്‍.
ശവസംസ്കാര ചടങ്ങുകള്‍ തുടങ്ങിയിരുന്നു. അഛന് കണ്ണൂര്‍ക്കാരനായിരുന്നെങ്കിലും അന്ത്യവിശ്രമം ഇവിടെത്തന്നെയാകട്ടെ എന്നു തീരുമാനിക്കയായിരുന്നു.
വിനയന് ഏക മകനായിരുന്നു. പരികര്‍മ്മി പറഞ്ഞുകൊടുക്കുന്നതിനനുസരിച്ച് ചടങ്ങുകള്‍ ചെയ്യുകയാണ് അയാള്‍. തൊട്ടു പിന്നിലായി ഒരല്‍പ്പം മുടന്തുള്ള ഒരു സ്ത്രീയും നില്‍പ്പുണ്ടായിരുന്നു.
ദു:ഖഭാരത്താല്‍ നടക്കാന്‍ പോലും കഴിയാതിരുന്ന വൃദ്ധസ്ത്രീ വിനയന്റെ മാതാവാണെന്ന് ഊഹിക്കാന്‍ പറ്റി.
ഏകദേശം വിനയന്റെ മുഖഛായയുള്ള ഏഴെട്ടു വയസ്സുകാരന് മകനാണെന്നും.
എന്നാല്‍ പുറകില്‍ നിന്നിരുന്ന സ്ത്രീകളില്‍ നിന്ന് വിനയന്റെ ഭാര്യ ഏതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
സംസ്കാരം കഴിഞ്ഞ് തിരിച്ച് ഓഫീസിലേക്ക് മടങ്ങുമ്പോളും ശാരി തന്റെ അരികില്‍ വന്നിരുന്നില്ല എന്നുമാത്രമല്ല, തന്റെ നേര്‍ക്കൊന്നു കണ്ണുയര്‍ത്തുകയോ ഒരക്ഷരം ഉരിയാടുകയോ ചെയ്തില്ല അവള്.
ഒന്നും കണ്ടില്ല കേട്ടില്ല എന്ന ഭാവത്തില്‍ തന്നെ താനും ഇരുന്നു.
വാനിലിരുന്ന് എല്ലാവരുടേയും സംസാര വിഷയം വിനയന് തന്നെ ആയിരുന്നു. അയാളെക്കുറിച്ച് നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ എല്ലാവര്ക്കും.
കൂട്ടത്തില്‍ സ്ത്രീസഹജമായ ജിജ്ഞാസയോടെ മേരി തോമസ് ചോദിച്ചു :
- അക്കൂട്ടത്തില്‍ വിനയന്റെ ഭാര്യയാരാണാവോ? -
ചോദിച്ചത് അടുത്തിരുന്ന ശോഭയോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞത് വിനയന്റെ അടുത്ത സുഹൃത്തായിരുന്ന, ബി. സെക്ഷനിലെ സൂപ്രണ്ട് ഐസക്ക് ആയിരുന്നു.
- അത് വിനയന്റെ ഒപ്പം നിന്നിരുന്ന, കാലിനല്‍പ്പം കുഴപ്പമുള്ള ആ സ്ത്രീയെ കണ്ടിരുന്നില്ലേ? അതാണ് വിനയന്റെ മിസ്സിസ്സ് -
കാതുകളെ വിശ്വസിക്കാനായില്ല. തനിക്കു മാത്രമല്ല പലര്‍ക്കും. പലരും അത്ഭുതം കൂറി.
ഇത്ര സുമുഖനും ഉയര്‍ന്ന ഉദ്യോഗസ്ഥനുമായ ഒരു ചെറുപ്പക്കാരന്റെ ഭാര്യ ഒരു വികലാംഗയെന്നോ?
പലരുടേയും മനസ്സുകളില്‍ തേട്ടിവന്ന ചോദ്യം. ആരും പക്ഷേ അതു പുറത്തേയ്ക്കു വിട്ടില്ല.
ഒരു മിനിറ്റെങ്കിലും എടുത്തുകാണും മേരി തോമസ്സിനു ഐസക്ക് നല്കിയ ഈ ഇന്‍ഫര്‍മേഷനോട് പ്രതികരിക്കുവാന്‍.
- ഓ, അതേയോ? -
സ്ത്രീകളുടെ ഇടയില്‍ അത് വലിയൊരു ചര്‍ച്ചാവിഷയമായി പടര്‍ന്നു, എങ്കിലും തീരെ പതിഞ്ഞ സ്വരത്തിലുള്ള കുശുകുശുപ്പുകളില്‍ മാത്രം ഒതുക്കിനിറുത്തി അവര്‍.
ഇപ്പോള്‍ തനിക്കും അയാളെ ഒന്നാരാധിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നുണ്ടോ?
ആ മനസ്സിന് ഇത്രവലിപ്പമോ?
ഇഹലോകജീവിതത്തില്‍ ഒരാള്‍ ആഗ്രഹിക്കുന്നതെല്ലാം അയാള്‍ക്കുണ്ട്. സാമ്പത്തികശേഷി, സൗന്ദര്യം, ആരോഗ്യം, നല്ലൊരു ഉദ്യോഗം.
നല്ലൊരു പെണ്‍കുട്ടിയെ അയാള്‍ക്ക് ഭാര്യയായി ലഭിക്കാതിരിക്കാനുള്ള കാരണമൊന്നും താന്‍ നോക്കിയിട്ടു കാണുന്നില്ല.
എന്നിട്ടും ഒരു വികലാംഗയെ സ്വന്തം ജീവിതത്തിലേക്ക് സഖിയായി കൈ പിടിച്ചു കൊണ്ടുവരാനുള്ള ആ ചേതോവികാരം എന്തായിരുന്നിരിക്കണം?
ഇനി വല്ല ലവ് മാര്യേജും? അതിനുള്ള സാദ്ധ്യതയും വലുതായി കാണുന്നില്ല. എന്നു പറഞ്ഞാല്‍, അത്ര വലിയ മുഖസൗന്ദര്യമൊന്നും ആ സ്ത്രീക്ക് ഉള്ളതായി തോന്നിയില്ല. പിന്നെ?
സ്വയം ചോദ്യങ്ങള്‍ ചോദിച്ച് സ്വയം തന്നെ ഉത്തരവും കണ്ടുപിടിച്ചുകൊണ്ടിരുന്നു മടക്കയാത്രയില്‍. മനുഷ്യ മനസ്സുകളുടെ പ്രയാണവീഥികള്‍!
ശാരിയുടെ പ്രതികരണം എന്താണാവോ?
ഓഫീസിന്റെ മുറ്റത്ത് വാന്‍ നിറുത്തിയപ്പോള്‍ മുന്നിലെവിടെയോ ഇരുന്നിരുന്ന ശാരി ഇറങ്ങുന്നതു കണ്ടു. അവള് തന്നെ കാത്തു നില്‍ക്കാനൊന്നും കൂട്ടാക്കാതെ നേരേ നടക്കുകയാണ്.
റൂമിലെത്തിയപ്പോള്‍ സീറ്റില്‍ അവളില്ല. റിട്ടയറിങ്ങ് റൂമിലാവും. തിരിച്ചു വന്നിട്ടാവട്ടെ, അവളുടെ പിണക്കം തീര്‍ക്കണം.
പത്തിരുപതു മിനിറ്റോളം കാത്തു. അവള് വന്നില്ല. ആകാംക്ഷയായി. പോയി നോക്കാം.
ഉണ്ട്. റിട്ടയറിങ്ങ് റൂമില്‍ അവളിരുപ്പുണ്ട്. രണ്ടു കൈകളും താടിക്കു കൊടുത്ത് ജനാലയിലൂടെ പുറത്തേയ്ക്കു നോക്കിയിരുപ്പാണ്. തന്റെ വരവ് അവള് അറിഞ്ഞില്ലെന്നു തോന്നുന്നു.
മെല്ലെ അടുത്തുചെന്ന് അവളുടെ തോളില്‍ കൈ വച്ചു.
ദേഷ്യത്തില്‍ കൈ തട്ടി മാറ്റുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതുണ്ടായില്ല.
ഒരു നിമിഷം കൂടി നിശ്ചലയായിരുന്നു അവള്.
പിന്നെ തിരിഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാന്‍ തുടങ്ങി.
മുടിയിഴകളിലൂടെ കൈവിരലുകളോടിച്ച് അവളെ സാന്ത്വനപ്പെടുത്താന്‍ ശ്രമിച്ചു. കരയട്ടേ. കരഞ്ഞ് മനസ്താപമെല്ലാം തീര്‍ക്കട്ടെ.
വീട്ടില്‍ തന്നെ മാത്രം സ്വപ്നം കണ്ടിരിക്കുന്ന ഒരു പാവം സ്ത്രീയെ, അവള് വികലാംഗയാണെങ്കില്‍ കൂടി, സ്വന്തം മനസ്സിന്റെ ഉള്ക്കോണില് കെടാവിളക്കായി പ്രതിഷ്ഠിച്ച്, അതിന്റെ ദീപപ്രഭയില്‍ മാത്രം മയങ്ങി, പുറം പ്രേരണകളെ ശക്തിയായി പ്രതിരോധിച്ച്, കാലിടറാതെ നില്ക്കുന്ന പുരുഷന് തീര്‍ച്ചയായും ആരാദ്ധ്യയോഗ്യന്‍ തന്നെ.
അയാളെ തൃഷ്ണ നിറഞ്ഞ കണ്ണുകളോടെയല്ല നോക്കേണ്ടത്, പകരം പരിശുദ്ധമായ മനസ്സോടെ പൂജനീയനായി കാണുകയാണ് വേണ്ടത് എന്ന സ്ത്രീപക്ഷ ചിന്ത ശാരിയുടെ മനസ്സില്‍ ഉറവെടുത്തു കഴിഞ്ഞിരുന്നു.
കണ്ണീര് ധാര ഒഴുക്കി മനസ്സിലെ അഴുക്കുകള്‍ മുഴുവന്‍ കഴുകി കളയട്ടെ അവള്.
-----------------------------------------------------
ഗീത.
Subscribe to:
Post Comments (Atom)
15 comments:
കഥ കഥ പൈങ്കിളി കഥ തകര്‍ക്കുന്നല്ലോ .
നടക്കട്ടെ .ആശംസകള്‍
അതേ...ആരാധ്യപുരുഷന് തന്നെ....
അതെ, അദ്ദേഹം ആദരിക്കപ്പെടേണ്ടവന്‍ തന്നെ. ശാരിക്കും മനസ്സിലായല്ലോ അതു്.
ഗീതേച്ചീ.,നന്നായി എഴുതിയിരിക്കുന്നു മനസ്സിന്റെ വിചിത്രവീഥികള്‍..
നല്ല കഥ. ഇഷ്ടപ്പെട്ടു.
പോട്ടെ, നല്ലവരായ മനുഷ്യരോട് ഇത്തിരി ആരാധന തോന്നിപ്പോകുന്നത് ഒരു തെറ്റാണെന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷേ ആ ആരാധനക്ക് മറ്റൊരു നിറം പകരരുത്.
വളരെ മനോഹരമായി എഴുതി ഇഷ്ടപ്പെട്ടു ആശംസകള്‍
കഥയാണോ കാര്യമാണോന്ന് തോന്നിപോയി.വിനയന് എന്ന നല്ല മനുഷ്യന് ഇപ്പോള്‍ എന്റെ മനസിലും നിറഞ്ഞ് നില്ക്കുന്നു
കാപ്പൂ, ‘പൈങ്കിളി കഥ’ എന്നാണോ? :)
അരീക്കോടന്‍, സ്വാഗതം. കഥ വായിക്കാനെത്തിയതില്‍ വളരെ സന്തോഷം.
എഴുത്തുകാരീ, വൈകിയാണെങ്കിലും ശാരിയും അതു മനസ്സിലാക്കി.
റോസ്, മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയല്ലേ? വിവേകമെന്ന കടിഞ്ഞാണിട്ടു പൂട്ടിയില്ലെങ്കില്‍ അത് തോന്നിയ ദിശയിലേക്ക് പായും.
കുമാരന്, കഥവായിക്കാനിവിടെ വന്നതിലും ഇഷ്ടപ്പെട്ടതിലും വളരെ സന്തോഷം. ഇനിയും വരണം.
പാവപ്പെട്ടവന്, വളരെ വളരെ സന്തോഷം. ആ നല്ലവാക്കുകള്‍ക്ക് നന്ദി.
അരുണ്‍, കാര്യത്തില്‍ നിന്ന് കഥ മെനയാനാണ് കൂടുതല്‍ എളുപ്പം എന്ന്, ബൂലോകത്ത് കത്തിനില്‍ക്കുന്ന എഴുത്തുകാരനായ അരുണിനും അറിയാമായിരിക്കുമല്ലോ. വിനയനെ പോലുള്ളവരും ഈ ലോകത്തുണ്ട്. നന്മ നശിച്ചിട്ടില്ല.
അയ്യോ " ഒരു പൈങ്കിളിക്കഥ " അല്ല ചേച്ചി . തത്തമ്മ കഥ പറയുന്നു എന്ന് പറഞ്ഞതാണ് . ഇവിടെ തത്തമ്മയെ കൊണ്ടല്ലേ കഥ പറയിക്കുന്നത് ?
നല്ല കഥ അതിലും നന്നായി പറഞ്ഞിരിക്കുന്നു
:)
Koode koottunna katha chechy... !
Manoharam, Ashamsakal...!!!
എത്താൻ വൈകി...കഥയിലൂടെയെങ്കിലും ഇത്തരം നല്ല മനുഷ്യ മനസ്സു കാണിച്ചു തന്നതിനു നന്ദി !! നന്നായി എഴുതിയിട്ടുമുണ്ട് !!തുടരുക !!
ishtaayi...sambhavam
ഇവിടെ ആദ്യം ആണ് !! വാരികയില്‍ ഒക്കെ വരുന്ന ചെറുകഥ പോലെ തോന്നി !!!! ഇത് വെറും കഥയല്ല എന്ന് മനസ്സിലായി !! അന്വേഷിച്ചോ എന്തുകൊണ്ടാണ് വിനയന് സര് , ആ വൈകല്യമുള്ള സ്ത്രീയെ വിവാഹം കഴിച്ചതെന്ന് ??? എനിവേ , ഇനിയും നല്ല കഥകള്‍ എഴുതൂ !!
ടീച്ചറെ !!! എഴുത്തിട്ടതിനു മറുപടി കിട്ടിയ പോലെ ഒരു സന്തോഷം തോന്നി ,ടീച്ചറിന്റെ കമന്റ് കിട്ടിയപ്പോള്‍ . പ്രൊത്സാഹിപ്പിക്കുന്നതിനു നന്ദി . ഇനിയും എന്റെ ബ്ലോഗില്‍ വരണം കേട്ടോ
Post a Comment