Wednesday, August 5, 2009

കള്ളി വെളിച്ചത്തായി.....

കള്ളിയാണ്‌ ഞാന്‍. പെരുങ്കള്ളി. ഭര്‍ത്താവറിയാതെ, മക്കളറിയാതെ പരമരഹസ്യമായിട്ടാണതു ചെയ്യുന്നത്‌. അടുക്കളയില്‍ വച്ച്‌. ആരുടെയെങ്കിലും കാല്‍പ്പെരുമാറ്റം കേട്ടാലുടന്‍ സാധനസാമഗ്രികളെല്ലാം പൂഴ്ത്തിവയ്ക്കും. അതിനു സഹായകമായി അടുക്കളയില്‍ തന്നെ സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തുവുണ്ട്‌. ഒരു തടിയന്‍ ഗ്രന്ഥം. ആധുനിക പാചകസഹായി. അതിനുള്ളില്‍ ആരും കാണാതെ എല്ലാം ഒളിപ്പിച്ചു വയ്ക്കാന്‍ സാധിക്കും. ഈ 'ആധുനിക പാചകസഹായി'ക്കൊണ്ട്‌ എനിക്കിതൊരൊറ്റ പ്രയോജനമേയുള്ളൂ. അല്ലാതെ എന്റെ പാചകത്തിനൊന്നും അത്‌ ഒരുവിധ സഹായകവുമാവാറില്ല. എനിക്കെന്നും അമ്മ പഠിപ്പിച്ചുതന്ന കുറേ വിഭവങ്ങളേ ഉണ്ടാക്കാനറിയൂ. സ്ഥിരം വിഭവങ്ങള്‍ തോരന്‍, മെഴുക്കുപുരട്ടി, അവിയല്‍. പിന്നെ സാംബാര്‍ അല്ലെങ്കില്‍ പരിപ്പ്‌, രസം, പുളിശ്ശേരി ഇത്യാദി. വല്ലപ്പോഴുമൊരു കിച്ചടി, പച്ചടി, ഓലന്‍. തീര്‍ന്നു എന്റെ പാചകവൈദഗ്ധ്യം. ഭക്ഷണപ്രിയരായ ഭര്‍ത്താവും മക്കളും എന്റെ പാചകനൈപുണ്യം കൊണ്ട്‌ വശം കെട്ടിരിക്കയാണ്‌. എന്റെ പുണ്യപുരാതനവിഭവങ്ങള്‍ കഴിച്ച്‌ കഴിച്ച്‌ തീരെ മടുത്തുപോകുമ്പോള്‍ അദ്ദേഹത്തിനൊരു അറ്റകൈ പ്രയോഗമുണ്ട്‌. അടുക്കളയിലേക്ക്‌ പ്രവേശിക്കും. പാചകസഹായി തുറന്നു വയ്ക്കും. അതില്‍ പറഞ്ഞിരിക്കുന്നത്‌ അക്ഷരം പ്രതി അനുസരിച്ച്‌ അത്യന്താധുനിക വിഭവങ്ങള്‍ ഉണ്ടാക്കും. വിഭവങ്ങളുടെ പേരു പറഞ്ഞുതന്നിട്ടുണ്ട്‌, എന്നാലും എന്നോടതു ചോദിക്കരുത്‌. കാരണം എന്റെ പഴചെവിയില്‍ ഇന്നു വരെ പതിഞ്ഞിട്ടില്ലാത്ത പേരുകളായതിനാല്‍, കേട്ടപാടെ അങ്ങിറങ്ങിപ്പോവുകയും ചെയ്തു. എന്റെ പഴനാക്കിനാണെങ്കില്‍ ഈ അത്യന്താധുനിക വിഭവങ്ങളില്‍ ചിലതിന്റെയൊന്നും സ്വാദ്‌ തീരെ പിടിക്കില്ല. പക്ഷേ അഛനും മക്കളും കൂടി അമൃതാണെന്ന ഭാവത്തില്‍ കഴിക്കുന്നതു കാണാം.

ആ, അപ്പോള്‍ പറഞ്ഞു വന്നതെന്താണ്‌ - ഈ പാചകസഹായിയെ കൊണ്ട്‌ എനിക്കുള്ള ഒരേ ഒരുപകാരം. ഒരു താല്‍ക്കാലിക ഒളിസങ്കേതം. അടുക്കളയില്‍ നിന്ന് നിഷ്ക്രമിക്കുമ്പോള്‍ ഗ്രന്ഥത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചതെല്ലാം എടുത്തുമാറ്റും. അതിന്‌ ഒരിക്കലും മറക്കാറില്ല. എപ്പോഴാണ്‌ അദ്ദേഹത്തിന്‌ ഒരു പാചകഭാവന ഉള്ളിലുണരുന്നതെന്നറിഞ്ഞുകൂടല്ലോ.

ഇന്നും രാവിലെ ഞാനാ കൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു. പെട്ടെന്ന് അടിക്കുപിടിക്കാതിരിക്കാനായി ഇത്തിരി കൂടുതല്‍ വെളിച്ചെണ്ണയൊക്കെയൊഴിച്ച്‌ മെഴുക്കുപുരട്ടി അടുപ്പില്‍ വച്ചു. രണ്ടാമത്തെ അടുപ്പില്‍ ഇഡ്ഡലി. രണ്ടും വാങ്ങിവയ്ക്കാന്‍ ഒരല്‍പ്പം സമയം എടുക്കും. അതിനിടയില്‍ കിട്ടുന്ന ഇടവേളയില്‍ പണി പൂര്‍ത്തിയാക്കണം. അദ്ദേഹം പത്രം വായിക്കാന്‍ തുടങ്ങിയിട്ടേയുള്ളു. അപ്പോള്‍ ഈയിടെയ്ക്കൊന്നും ഇങ്ങോട്ടു വരാനുള്ള സാദ്ധ്യതയില്ല. മോളാണെങ്കില്‍ ഉറക്കം എണീറ്റതുപോലും ഇല്ലെന്നു തോന്നുന്നു.

ഗ്രന്ഥത്തിനുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന പണിയായുധങ്ങള്‍ പുറത്തെടുത്തു. കൊച്ചുസ്റ്റൂളില്‍ ഇരുന്നു പണി തുടങ്ങി. പണി തുടങ്ങിയാല്‍ പിന്നെ ഒരു പ്രശ്നമുണ്ട്‌, അതിലങ്ങു മുഴുകിപ്പോകും, ചുറ്റും നടക്കുന്നതൊന്നും അറിയാതെ.

ഒന്നൊന്നായി കുറിച്ചു.


- നീയാരെയാ ഈ നിറദീപവും നിറപറയുമൊക്കെ വച്ച്‌ സ്വീകരിക്കാന്‍ പോകുന്നേ? -

ഞെട്ടിത്തെറിച്ചുപോയി.പിന്നില്‍ നിന്ന് തീരെ അപ്രതീക്ഷിതമായ ചോദ്യം.

കയ്യില്‍ നിന്ന്‌ പേന ഊര്‍ന്നുവീണു. കടലാസ്സു കഷണം വിറച്ചു.

ഈശ്വരാ എല്ലാം കണ്ടുപിടിച്ചല്ലോ.

മോളുടെ പൊട്ടിച്ചിരി.

ദേഷ്യം ഭാവിച്ചു.

- ദേ, കൃഷ്ണേട്ടാ ഈ അടുക്കളയിലേക്കൊന്നും വരണ്ട. എല്ലാം റെഡിയാകുമ്പോള്‍ ഞാന്‍ വിളിച്ചോളാം -

- അടുക്കളയില്‍ നിന്നു എന്തോ കരിയുന്ന മണം വരുന്നു, നീ എന്തെടുക്ക്വാന്ന് നോക്കാനാ ഞാന്‍ വന്നത്‌ -

അപ്പോഴാണ്‌ അതു ശ്രദ്ധയില്‍ പെട്ടത്‌. ശരിയാ മെഴുക്കുപുരട്ടി അടിക്കുപിടിച്ചിരിക്കുന്നു. മണം വരുന്നുണ്ട്.

പെട്ടെന്ന് കടലാസ്സും പേനയും സ്ലാബില്‍ വച്ചിട്ട്‌ മെഴുക്കുപുരട്ടി ഇളക്കി വാങ്ങിവച്ചു.

കൊച്ചുമോള്‍ നൊടിയിടയില്‍ ആ കടലാസ്സു കൈക്കലാക്കി. എന്നിട്ട്‌ ഉറക്കെ വായിച്ചു.


- നിളയുടെ കുളിര്‍നീരില്‍

നീരാടിയെത്തുക നീ

നിറദീപമൊരുക്കി

നിറപറവച്ച്‌

സ്വീകരിച്ചീടാം -


- അതാരെയാ നീയീ സ്വീകരിക്കാന്‍ പോകുന്നതെന്നാ ചോദിച്ചേ -

ഇതിനു മുന്‍പത്തെ വരികള്‍ മറ്റൊരു കടലാസ്സുതുണ്ടില്‍ എഴുതി വച്ചത്‌ ആധുനികപാചകസഹായിയ്ക്കകത്തിരുന്നു ചിരിക്കയാവും.

ചമ്മല്‍ മറയ്ക്കാനായി വീണ്ടും ദേഷ്യം ഭാവിച്ചു.

- മോളേ നീയതു മര്യാദയ്ക്കിങ്ങു തന്നേ -

- അല്ല ആരെയാന്നു നീയൊന്നു പറയൂന്നേ -

ഉത്തരം പറയേണ്ടി വന്നു.

-ഓണപ്പൂങ്കാറ്റിനെ -


- ശ്ശോ, ഒരെഴുത്തുകാരിയെക്കൊണ്ട്‌ തോറ്റൂന്ന് പറഞ്ഞാ മതി. വായ്ക്കു രുചിയായി ഒന്നും കഴിക്കാനും മേലല്ലോ ഭഗവാനേ. ദേ,കാറ്റിനേയും വെളിച്ചത്തിനേയുമൊക്കെ സ്വീകരിക്കാന്‍ പോകുന്നു. സ്വീകരിച്ചില്ലെങ്കിലും അതൊക്കെയിങ്ങു വരുമെന്നേ -

ഓ, കള്ളി വെളിച്ചത്തായ വിഷമത്തിലിരിക്കുമ്പോഴാണ്‌ ഒരാളിന്റെയൊരു തമാശ......

-----------------
- Geetha -

13 comments:

ഗീത് said...

കഥയും ഇത്തിരി കാര്യവും.

ചാണക്യന്‍ said...

(((((((((ഠേ)))))))))))

തേങ്ങ്യാക്കൊക്കെ വല്യ വിലയാ എന്നാലും ഒന്നിരിക്കട്ടെ:):)
എന്നെ തല്ലല്ല് ഇപ്പോ വരാം വായിച്ചേച്ച്:):):)

വികടശിരോമണി said...

എഴുത്തുകാരികൾ നേരിടുന്ന ഓരോ വെല്ലുവിളികളേ!

കാപ്പിലാന്‍ said...

ഈ കൈപുണ്യം അനുഭവിച്ചറിഞ്ഞ ഒരു ഭാഗ്യവാന്‍ എന്ന നിലയില്‍ ഈ വിശുദ്ധ ഗ്രന്ഥം ഇല്ലാതെ തന്നെ എല്ലാം രുചികരമായി തോന്നിയിരുന്നു അന്ന് . അപ്പോള്‍ അടുക്കളയില്‍ വെച്ച ആ പാചകപുസ്തകം ഒരു ഒളിസങ്കേതം ആയിരുന്നു അല്ലേ കള്ളി :) . ഓണം വരവേല്‍ക്കാന്‍ തുടങ്ങിയല്ലോ . കൊള്ളാം .

അനിൽ@ബ്ലൊഗ് said...

ഈ പുസ്തകങ്ങള്‍ കൊണ്ടുള്ള ഓരോ പ്രയോജനങ്ങളെ !!
അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ്.
കൂടുതല്‍ വരവേല്‍പ്പ് ഗീതങ്ങള്‍ പോരട്ടെ.

പാമരന്‍ said...

ചേച്ച്യേ, നല്ല കിടിലന്‍ എഴുത്ത്‌.. പാട്ടിലും മെഴുക്കുപെരട്ടിയിലും ഒതുക്കി അതിനെ ഞെക്കൊക്കൊല്ലാതെ..

Rare Rose said...

ഗീതേച്ചീ..,അപ്പോള്‍ ഇതാണു കാര്യം അല്ലേ..അസ്സലായീ ട്ടാ..നല്ല രസ്യന്‍ എഴുത്ത്..അപ്പോള്‍ അടുക്കളയിലിരുത്തി വീര്‍പ്പുമുട്ടിക്കാതെ നമ്മുടെ ഓണപ്പൂങ്കാറ്റിനെ ഇങ്ങോട്ട് തുറന്നു വിട്ടേ..:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

വെറും യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടു തുടങ്ങിയ കഥ ഒടുവില്‍ വെറും ഭാവനയില്‍ (ഓണപ്പൂങ്കാറ്റ്‌) എത്തിയല്ലോ.


[തമാശ ക്ഷമിച്ചേക്കണേ. എഴുത്തിന്‍റെ ഒഴുക്ക്‌ ഇഷ്ടമായി കേട്ടോ. ഗൃഹാതുരത്വത്തിന്‍റെ മെഴുക്കു പുരട്ടിയും.]

ചാണക്യന്‍ said...

ചേച്ചീ,

സുന്ദരമായ എഴുത്ത്.....ഓണപ്പൂങ്കാറ്റ് ഇനിയും പാടട്ടെ....

ഓടോ: സര്‍ഗ്ഗാത്മക പ്രതിഭകളെ അടുക്കളയില്‍ തളച്ചിടുന്ന ആണ്‍‌വര്‍ഗ്ഗത്തിന്റെ കുടിലതകള്‍ക്കെതിരെ ഞാന്‍ ശക്തിയായി പ്രതിഷേധിക്കുന്നു:):):):)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പൂങ്കാറ്റിനോടും കിളികളോടും കളികൾ ചൊല്ലി ....

(കിളി എന്നിടത്ത് പ്യൂച്ചാസ് എന്നാക്കുക )

നല്ല അവതരണം ഗീതേച്ചീ‍ീ.. അഭിനന്ദനങ്ങൾ

വരവൂരാൻ said...

നല്ല അവതരണം ..നന്നായിരിക്കുന്നു ആശംസകൾ

അനൂപ്‌ കോതനല്ലൂര്‍ said...

അപ്പൊ ശരിക്കും ഈ പുസ്തകം നോക്കിയ പാചകം അല്ലെ
അന്ന് പാവം കാപ്പു അമേരിക്കായിൽ നിന്ന് വന്നപ്പോൾ
ഇതൊക്കെ ആണോ കഴിച്ചെ.
അയ്യോ ഞാൻ ഇവിടെ വന്നില്ലെ

അരുണ്‍ കായംകുളം said...

ഹ..ഹ..ഹ
എഴുത്തുകാരിയുടെ പാചകം കൊള്ളാം