Sunday, October 25, 2009

കൂട്ടിലെ തത്ത.

ണ്ണു തുറന്നപ്പോള്‍ കുറ്റാക്കുറ്റിരുട്ട്‌. ഒന്നും മനസ്സിലായില്ല. താന്‍ എവിടെയാണ്‌?

മുറിയിലെ ഇരുട്ടുമായി പതുക്കെ പൊരുത്തപ്പെട്ടപ്പോള്‍ മനസ്സിലായി - അടുക്കളയോട്‌ ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയിലാണ്‌ താന്‍ കിടക്കുന്നത്‌. വെറും നിലത്ത്‌.

എന്താണ്‌ സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ ചില നിമിഷങ്ങള്‍ വേണ്ടിവന്നു. പിന്നെയെല്ലാം ഒരു ചിത്രത്തിലെന്നപോലെ തെളിഞ്ഞുവന്നു. കൂട്ടത്തിലൊരു ചിത്രം മനസ്സിനിത്തിരി കുളിര്‍മയുമേകി. തുറന്നുപിടിച്ച കിളിവാതിലിലൂടെ ഇരുമ്പഴിക്കൂട്ടിലെ അസ്വാതന്ത്ര്യത്തില്‍ നിന്ന് രക്ഷപ്പെട്ട് സ്വതന്ത്രതയുടെ അനന്തവിഹായസ്സിലേക്ക്‌ പറന്നകലുന്ന തത്തമ്മക്കിളിയുടെ ചിത്രം!

*** *** ***

തത്തകളെ വളരെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്‌. ഒരു തത്തയെ വളര്‍ത്തണം എന്ന് ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു.

ഓഫീസില്‍ നിന്ന് എത്താന്‍ വൈകിയ ഒരു നാള്‍, കുറേ തത്തക്കൂടുകളും ചുമന്നു കൊണ്ട്‌ ഒരു മുഷിഞ്ഞ വസ്ത്രധാരിയും അദ്ദേഹത്തിന്റെ പിന്നാലെ നടന്നു വരുന്നതു കണ്ടു.

ഇടവഴിയുടെ അങ്ങേത്തലയ്ക്കല്‍ എത്തിയപ്പോഴേ കണ്ടു ആ തത്തക്കൂടുകാരന്റെ കൈയിലെ വലിപ്പം കൂടിയ ഒരു കൂട്ടിനുള്ളില്‍ അഞ്ചാറു തത്തകള്‍. അയാളുടെ നടത്തയുടെ താളങ്ങള്‍ക്കൊത്ത്‌, തുലനാവസ്ഥ കൈവരിക്കാനായി ചിറകടിക്കുന്ന പാവങ്ങള്‍!

മിനുമിനുത്ത തൂവലുകളും ചുവന്ന കണ്ഠാഭരണവുമുള്ള അഴകാര്‍ന്നൊരു തത്തമ്മയെ തന്നെ അദ്ദേഹം തിരഞ്ഞെടുത്തു. അതിന്റെ വിലയായി പോക്കറ്റില്‍ നിന്ന്‌ 100 രൂപയുടെ മൂന്നു പുതുപുത്തന്‍ നോട്ടുകള്‍ എടുത്ത്‌ തത്തവില്‍പ്പനക്കാരന്റെ കൈയില്‍ വച്ചു കൊടുക്കുമ്പോള്‍ ആ മുഖത്ത്‌ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും ദര്‍ശിക്കാനായിരുന്നില്ല.

ഒരു നിമിഷം ഒന്നു ചിന്തിച്ചു പോയി.

മറ്റു വീട്ടാവശ്യങ്ങള്‍ക്കായി - അവ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെങ്കില്‍ പോലും- സ്വന്തം കൈയില്‍ നിന്ന് പച്ച നോട്ടുകള്‍ വിടപറയുമ്പോള്‍, ആ മുഖത്ത്‌ സാധാരണ പ്രത്യക്ഷപ്പെടാറുള്ള ആ വൈമനസ്യഭാവത്തെപ്പറ്റി-

ഡൈനിങ്ങ്‌ ഹാളിലെ ജനാലയ്ക്കരുകിലായി തത്തക്കൂട്‌ സ്ഥാനം പിടിച്ചു.

അനുനിമിഷം, അസ്വതന്ത്രതയുടെ ഇരുമ്പ്‌ കമ്പികള്‍ തകര്‍ത്ത്‌, അനന്തതയിലേക്ക്‌ പറന്നുയരാന്‍ വെമ്പല്‍ പൂണ്ട്‌, അഴികള്‍ക്കിടയിലൂടെ ചുണ്ടു നീട്ടുകയും ചിലക്കുകയും, ചിറകിട്ടടിക്കുകയും ചെയ്യുന്ന തത്ത!

സഹതാപാര്‍ദ്രമായ മനസ്സോടേ തത്തയെ തന്നെ നോക്കി നിന്നു പോയി.

നോക്കി നോക്കി നില്‍ക്കവേ തത്തയുടെ ആ അസ്വസ്ഥത മുഴുവനും തന്നിലേക്ക്‌ ആവേശിച്ചതു പോലെ!

താനുമൊരു തത്തയല്ലേ? കൂട്ടിലെ തത്ത?

തത്തയ്ക്ക് ചിറകിട്ടടിച്ചും ചിലച്ചും പ്രതിഷേധം പ്രകടിപ്പിക്കയെങ്കിലും ചെയ്യാം. തനിക്കോ?

രാത്രി വന്നു.

ഉറങ്ങാന്‍ കഴിഞ്ഞില്ല.

മനസ്സു നിറയെ തത്ത.

കണ്മുന്നില്‍ തത്ത! കണ്ണടച്ചാല്‍ തത്ത!

സ്വാതന്ത്ര്യത്തിനു വേണ്ടി ചിറകിട്ടടിക്കുന്ന തത്തയുടെ ചിത്രം!

ആ ഒരൊറ്റ ചിത്രം മാത്രം!

തന്റെ ഓരോ അണുവിലും, പറിച്ചുമാറ്റാന്‍ കഴിയാത്തവിധം ആ ചിത്രം അങ്ങു ലയിച്ചു ചേര്‍ന്നപോലെ!



പിറ്റേ പുലരി.

പതിവുള്ള നിസ്സംഗഭാവത്തോടെ ആദിത്യന്‍ കിഴക്കു ദിക്കില്‍ ദര്‍ശനമരുളി.

ബെഡ്‌ കോഫിയെടുക്കുമ്പോഴായിരുന്നു ഡൈനിംഗ്‌ ഹാളില്‍ നിന്ന് 'ഇന്ദൂ' എന്ന് അലര്‍ച്ചയുടെ സ്വരത്തിലുള്ള വിളി മുഴങ്ങിയത്‌.

പ്രതീക്ഷിച്ചതായതു കൊണ്ട്‌ ഞെട്ടിയില്ല.

വല്ലാത്തൊരു ധൃതി അഭിനയിച്ച്‌ ഓടിച്ചെന്നു. അതിനു മുന്‍പായി, മുഖം നിറയെ നിഷ്കളങ്കത വാരിപ്പൂശുവാന്‍ മറന്നിരുന്നില്ല.

'തത്തയെ കാണുന്നില്ല. കൂടും തുറന്നു കിടക്കുന്നല്ലോ!'

പരിഭ്രമിച്ച സ്വരം.

'അതേയോ! അയ്യയ്യോ ആ വികൃതിപ്പൂച്ച പിടിച്ചിട്ടുണ്ട്‌. കഷ്ടം തന്നെ'

അമ്പരപ്പും വിഷാദവും കൂട്ടിക്കലര്‍ത്തി മറുപടി പറയുമ്പോള്‍, ഉള്ളിന്റെയുള്ളില്‍ അഭിമാനം തോന്നി - താനൊരൊന്നാന്തരം അഭിനേത്രി തന്നെ!

'ശ്ശോ എന്റെ മുന്നൂറു രൂപ വെള്ളത്തിലായി'

തലയ്ക്കടിച്ചു വിലപിച്ചു അദ്ദേഹം.

ദേഷ്യം തോന്നി. ഒരു പാവം ജീവന്‍ പൊലിഞ്ഞതില്‍ ഒരു വിഷാദവുമില്ല. രൂപാ മുന്നൂറ്‌ പോയല്ലോ എന്നാണ്‌ വിഷമം.


ഒരാഴ്ച കഴിഞ്ഞില്ല, മറ്റൊരു തത്ത ആ കൂട്ടിനുള്ളില്‍ സ്ഥാനം പിടിച്ചു.

ഏതോ 'ദുര്യോഗം' വന്നുപെടാനും അങ്ങനെ കൂട്ടില്‍ നിന്ന്‌ അപ്രത്യക്ഷമാവാനും വിധിക്കപ്പെട്ട പാവം!

വിധി പോലെ തന്നെ നടന്നു!

പക്ഷേ ഇത്തവണ അദ്ദേഹത്തില്‍ നിന്നുണ്ടായ പ്രതികരണം വിഭിന്നമായിരുന്നു.

സംഭവിച്ച നഷ്ടത്തെക്കുറിച്ച്‌ തലക്കടിച്ചു വിലപിക്കുന്നതിനു പകരം, തന്റെ നേര്‍ക്ക്‌ ഒരു ഗര്‍ജ്ജനം!

'കൂട്ടിനുള്ളില്‍ നിന്ന് തത്തയെങ്ങനെ പോയി എന്നറിയില്ലെങ്കില്‍പ്പിന്നെ - താനൊക്കെയിവിടെ എന്തെടുക്ക്വായിരുന്നൂ?'

താനെന്തു ചെയ്യാനാണ്‌? എപ്പോഴും തത്തയെ തന്നെ നോക്കിയിരിക്കാന്‍ പറ്റ്വോ?

ഒരിക്കല്‍ ധൈര്യം സംഭരിച്ചു പറഞ്ഞു.

'എന്തിനീ പാവങ്ങളെ കൂട്ടിലിട്ടടയ്ക്കുന്നു? ആകാശവിതാനത്തില്‍ സ്വതന്ത്രമായി പറന്നു നടക്കേണ്ടവയല്ലേ ഈ കിളികള്‍! ഇവയെ ഇങ്ങനെ കൂട്ടിലടച്ചിടുന്നത്‌ ദ്രോഹമല്ലേ?'

പിന്നെ സഹതപിച്ചു.

'കഷ്ടം തന്നെ! എല്ലാം ആ കുന്നന്‍ പൂച്ചയ്ക്ക്‌ ഭക്ഷണമാവുകയും ചെയ്യുന്നു! വെറുതേ -'

ബാക്കി പറയാനായില്ല. ആ കണ്ണുകളില്‍ നിന്ന് പാഞ്ഞു വന്ന തീക്ഷ്‌ണമായ കോപാഗ്നിശരങ്ങളേറ്റ്‌ പുറത്തേക്ക്‌ വരാനാഞ്ഞ വാക്കുകള്‍ തൊണ്ടയില്‍ തന്നെയിരുന്ന് കരിഞ്ഞു ചാമ്പലായിപ്പോയി.

രണ്ടാം തത്തമ്മ അപ്രത്യക്ഷമായതിന്റെ മൂന്നാം പക്കം തന്നെ എത്തി മൂന്നാം തത്തമ്മ!

മുന്‍ഗാമികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥയായിരുന്നു ഇവള്‍. ചിറകടിച്ചോ നിറുത്താതെ ചിലച്ചോ അല്ല പ്രതിഷേധം പ്രകടിപ്പിച്ചത്‌. നിരാഹാരമായിരുന്നു അവള്‍ സ്വീകരിച്ച സമരമുറ.

പലനാള്‍ കട്ടാല്‍ ഒരു നാള്‍ പെടും!

അങ്ങനെ ഒരു നാള്‍ പെടുകതന്നെ ചെയ്തു!

മൂന്നാം തത്തമ്മ എത്തിയതിന്റെ മൂന്നാം ദിവസം രാത്രി.

പാതിരാവിന്റെ നിശ്ശബ്ദതയില്‍ ഭര്‍ത്താവിന്റെ കൂര്‍ക്കം വലി ഒരേ താളത്തില്‍ കേള്‍ക്കുന്നു എന്നുറപ്പിച്ച്‌, പതിഞ്ഞ കാലടികളുമായി തത്തക്കൂടിനരികിലെത്തി. കിളിവാതില്‍ മെല്ലെ തുറന്നു കൊടുത്തു. നിരാഹാരവ്രതത്താല്‍ തീരെ അവശയായിരുന്നെങ്കിലും വാതില്‍ തുറന്നപ്പോള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ അവള്‍ പറന്നകലുന്നത്‌ ഇരുട്ടില്‍ ഒരു മിന്നായം പോലെ ഒന്നു കണ്ടതേ ഓര്‍മ്മയുള്ളൂ-


പിന്നെ നടന്നതെല്ലാം ഒരു ദുസ്വപ്നത്തിലെ ചിത്രങ്ങള്‍ പോലെ-

പതുങ്ങി വന്ന് ഇരയുടെ മേല്‍ ചാടി വീഴാറുള്ള ആ കുന്നന്‍ പൂച്ചയെ പോലെ അദ്ദേഹം തന്റെ മേല്‍ ചാടി വീണത്‌ -

ദ്രോഹീ... ദുഷ്ടേ.. എന്നൊക്കെയുള്ള സംബോധനകള്‍ -

പിന്നെ അഗ്നിവര്‍ഷം പോലെ തന്നില്‍ വന്നു പതിച്ച ദണ്ഡനങ്ങള്‍-

കരയാതെ പിടിച്ചു നിന്നു. അത് അദ്ദേഹത്തിന്റെ ദേഷ്യമേറ്റി.

പിന്നെപ്പോഴോ ബോധം മറഞ്ഞിട്ടുണ്ടാവും.



ചെറിയ ജനാലയിലൂടെ വെളിച്ചത്തിന്റെ ആദ്യകീറ്‌ മുറിയിലേക്ക്‌ എത്തിനോക്കി.

നേരം പുലരാറായിരിക്കുന്നു!

അപ്പോള്‍ ഇന്നലത്തെ രാത്രി മുഴുവന്‍ താനീ മുറിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നുവെന്നോ?

ക്ലോക്കിലെ യന്ത്രപ്പക്ഷി കൂടു തുറന്ന് ആറു പ്രാവശ്യം ചിലക്കുന്നതു കേട്ടു. ഇനി കിടന്നാല്‍ പറ്റില്ല.

എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍‍ ദേഹമാസകലം വേദനിക്കുന്നു.

മുറിയുടെ വാതില്‍ തുറന്നു അടുക്കളയിലേക്ക്‌ പോകാനൊരുങ്ങി.

ങേ! എന്തായിത്‌?

വാതില്‍ തുറക്കുന്നില്ലല്ലോ!

ആഞ്ഞു വലിച്ചു നോക്കി. എന്നിട്ടും പറ്റുന്നില്ല.

അപ്പോഴാണ്‌ അതു മനസ്സിലായത്‌, മുറി പുറത്തു നിന്ന്‌ താഴിട്ടു പൂട്ടിയിരിക്കുന്നു!

താനുമൊരു തത്തയായി മാറിയിരിക്കുന്നു, അക്ഷരാര്‍ത്ഥത്തില്‍ തന്നെ!

കൂട്ടിലെ തത്ത !

കനത്ത ഭിത്തികളും താഴിട്ടു പൂട്ടിയ വാതിലുകളും കൊണ്ട്‌ നിര്‍മ്മിതമായ കൂട്ടിലെ, തത്ത.
-----------------------------------


ഈ കഥ വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് നിന്നിറങ്ങിയിരുന്ന ‘ആരാമം’ എന്ന വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By K.C. Geetha.

Cpyright (C) 2009 K.C. Geetha.